ബിജെപിയുടെ പട്ടേൽ പ്രേമം; ‘ചരിത്ര’മില്ലാത്ത പാർട്ടി അത് പണിയുമ്പോൾ

ParayathaVayya-2
SHARE

ലോകത്തിലെ ഏറ്റവും വലിയ പ്രതിമ ഏതാണ്?  അതിനുത്തരം ഇനി  ഗുജറാത്തിലെ സര്‍ദ്ദാര്‍ വല്ലഭായി പട്ടേലിന്റെ ഏകതാപ്രതിമ എന്നതാണ്. ആ പ്രതിമ ഉത്തരമാകുന്ന മറ്റുചില ചോദ്യങ്ങള്‍കൂടിയുണ്ട്. തലയെടുപ്പുള്ള വികസനമെന്നാല്‍  എന്താണ് എന്നതിന് ഒരു ഭരണകൂടവും ഭരണാധികാരിയും വച്ചുപുലര്‍ത്തുന്ന കാഴ്ചപ്പാട് എന്തെന്ന് ആ 182 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന പട്ടേല്‍ പ്രതിമ ഉത്തരം നല്‍കുന്നുണ്ട്.  ഒപ്പം  പറയാന്‍ ചരിത്രസംഭാവനകള്‍ ഇല്ലാത്ത ഒരു  രാഷ്ട്രീയപാര്‍ട്ടി ചരിത്രം ഉഴുതുമറിച്ച് തങ്ങള്‍ക്ക് അനുകൂലമാക്കുന്നത് എങ്ങനെയാണെന്നും ആ പ്രതിമ നമ്മെ ഓര്‍മിപ്പിക്കുന്നു

ഒരു രാജ്യം തലയെടുപ്പോടെ തന്നെ നില്‍ക്കണം. ഒട്ടും സംശയംവേണ്ട. ആ അവസരങ്ങള്‍ ആഘോഷരാവുകളുമാകണം. എന്നാല്‍ ഏകതാപ്രതിമ അതിനുള്ളതൊന്നും വിളമ്പുന്നില്ലെന്ന് ആദ്യമേ പറയട്ടെ. എന്തെന്നാല്‍ ഭരണകൂടമതാഘോഷിക്കുന്ന വേളയില്‍ അതിനുചുറ്റും ആയിരങ്ങള്‍ വിശന്നിരുന്നു പ്രതിഷേധിക്കുകയായിരുന്നു. രാജ്യത്തെ ഊട്ടുന്നവരെ ആട്ടിയിറക്കിയാണ് ആകാശംതൊടുന്ന പട്ടേല്‍ അവിടം കാലുറപ്പിച്ചിരുക്കുന്നത്. അഹമ്മദാബാദിൽനിന്ന് 200കിലോമീറ്റർ അകലെ, വഡോദര-നർമദഡാം ഹൈവേയ്ക്ക് സമീപം കെവാദിയയില്‍ ഇതിനായി വേരോടെ ഇളക്കിമാറ്റിയത് എഴുപത്തിയഞ്ചോളം ഗ്രാമങ്ങളെയാണ്. കേവലം 80 രൂപ മുതല്‍ 200 രൂപവരെയാണ് ഏക്കറുഭൂമിക്ക് സര്‍ക്കാര്‍ നീട്ടി നല്‍കിയത്. തീരുന്നില്ല, കര്‍ഷകന് പകരം വച്ചുനല്‍കിയതാകട്ടെ കൃഷിക്കൊട്ടും അനുയോജ്യമല്ലാത്ത സാഗ്ബാര പോലുള്ള വരണ്ട ഭൂമികളും. അതെല്ലാം തിളച്ച പ്രതിഷേധപ്പകലില്‍ ഒരു ബാനറിന് മൂന്ന്  പൊലീസ് വീതം കാവല്‍ നിന്നായിരുന്നു ഉദ്ഘാടന മാമാങ്കം. തണലുപോയ ആയിരങ്ങളെ കണ്ടില്ലെന്ന് നടിച്ചതുപോരാഞ്ഞിട്ട്  അവരുടെ സഹകരണമുണ്ടായിരുന്നുവെന്ന നുണയില്‍ മുക്കിയ നന്ദി പറച്ചിലും നാം അവിടെ ഉയര്‍ന്നു കേട്ടു.

ഒാര്‍ക്കണം ഗുജറാത്തിലെ കാര്‍ഷികസമൂഹത്തിന്റെ പ്രതിഷേധങ്ങള്‍ക്ക് പഴക്കം ചെറുതല്ല. കേളികേട്ട മോദിയുടെ ഗുജറാത്ത് മോഡലില്‍പോലും അതിന് പരിഹാരമുണ്ടായിട്ടില്ല എന്നുമാത്രമല്ല അതിന്റെ ആഴം അക്കാലത്ത് കൂടിയതും നാം കണ്ടതാണ്. അന്ന് പഞ്ചസാരമില്ലു പൂട്ടിച്ച മുഖ്യമന്ത്രി മോദിയോടും പിന്നീട് നോട്ടുനിരോധനം വഴി അടിമുടി വേരുപറിച്ച പ്രധാനമന്ത്രി മോദിയോടും സമരംചെയ്യുന്ന കര്‍ഷകര്‍ ഇന്നുമുണ്ട് ഗുജറാത്തില്‍. ഗുജറാത്തുകടന്ന് രാജ്യത്തെങ്ങെത്തിനോക്കിയാലും കര്‍ഷകരുടെ കണ്ണീരുകാണാം. നമ്മുടെ ഉള്ളുപൊള്ളിച്ചു കടന്നുപോയ കര്‍ഷക റാലികളുെട മാര്‍ച്ചുകളുടെ ധര്‍ണകളുടെ എണ്ണം എണ്ണിയെടുക്കാവുന്നതിലുമപ്പുറമാണ്. അവരാരും കോടികളുടെ ആവശ്യക്കാരല്ലെന്നിരിക്കേ, മൂവായിരംകോടിയുടെ പ്രതിമയിലേക്ക് നോക്കി ഇതാ കാണൂ തലയെടുപ്പുള്ള ഇന്ത്യയെന്ന ഗര്‍വിലേക്ക് ഉണരാന്‍ ആര്‍ക്കാണ് ഈ രാജ്യത്ത് സാധിക്കുക. 

പേരില്‍ തന്നെ പ്രതിഷ്ഠിച്ചവരെ കൊഞ്ഞനംകുത്തുന്നുമുണ്ട് ഈ പ്രതിമ. പട്ടേലിന്റെ സങ്കല്‍പ്പത്തിലെ ഇന്ത്യയുടെ ഏകതയല്ല ഇന്നത്തെ ഭരണകൂടരാഷ്ട്രീയം പറയുന്ന ഏകത. ചരിത്രത്തില്‍ മായാത്ത ഏടുകള്‍ എഴുതിച്ചേര്‍ത്താണ് അതികായനായ പട്ടേല്‍ കടന്നുപോയത്. ഭരണാധികാരിയുടെ നെഞ്ചളവില്‍ മാത്രം വോട്ടുവീഴില്ലെന്ന തിരിച്ചറിവുകൂടിയാണ്  പുതിയ 182 മീറ്റര്‍ തലയെടുപ്പിന്റെ ആഘോഷങ്ങള്‍.

ഇന്ത്യയുടെ തലയെടുപ്പെന്നതെല്ലാം പച്ചക്കള്ളംമാത്രമാണ്. സര്‍ദാര്‍ വല്ലഭായ്  പട്ടേല്‍ പ്രതിമയിലൂടെ തലയെടുപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നത് ബിജെപി തന്നെയാണ്.   ഭൂതകാലചേറുകളില്‍ നിന്ന് മുക്തി നേടാന്‍ ഒരു നേതാവിനെ അവര്‍ക്ക്  അത്യാവശമാണ്. ഹെഡ്ഗേവറോ, ഗോള്‍വാള്‍ക്കറോ, സവര്‍ക്കറോ, പ്രതിമയായാല്‍ ആ പ്രതിമയുടെ പാദത്തില്‍ എത്ര പൂക്കളെത്തുമെന്ന് അവര്‍ക്ക് നന്നായറിയാം. അതുകൊണ്ടാണ് പട്ടേലിനെ അവര്‍ കടംകൊള്ളുന്നത്. അപ്പോഴും അദ്ദേഹത്തിന്റെ മതേതരമുഖം മറച്ച് ഉരുക്കുമനുഷ്യനില്‍ ചിലനേരങ്ങളില്‍ കണ്ടിരുന്ന മൃദുഹിന്ദുത്വം മാത്രമാണ് ബിജെപി പുതിയ ഉരുക്കുകൂടിലേക്ക് പകരുന്നത്. ഒപ്പം കോണ്‍ഗ്രസിലെ നെഹ്റു കുടുംബവാഴ്ചയില്‍ പിന്തള്ളപ്പെട്ട ‘പട്ടേല്‍ ലെഗസിയെ’ കടംകൊള്ളുന്നതുവഴി നെഹ്റുവിന് സമാന്തരമായൊരു പ്രതീകപ്രതിഷ്ഠയും സാധ്യമാക്കുന്നുണ്ട് ബിജെപി. അതുകൊണ്ടുതന്നെയാണ് ആര്‍എസ്എസിനെ നിരോധിച്ച നേതാവെന്നത് അവര്‍ സൗകര്യപൂര്‍വം മറന്നുകളയുന്നതും. ചുരുക്കത്തില്‍ പട്ടേല്‍ പ്രേമത്തിനപ്പുറം ഇന്ത്യയുടെ തലയെടുപ്പിനുമപ്പുറം പാര്‍ട്ടിയുടെ സങ്കുചിത ലക്ഷ്യങ്ങള്‍ക്ക് കൂടിയാണ് കോടികള്‍ പൊടിച്ച് കൊട്ടാരസദൃശ്യമായ ചുറ്റുപാടുകള്‍ ഉണ്ടാക്കുന്നത്.  

പട്ടേല്‍ പ്രതിമകളുടെ പിന്നില്‍ മറ‍ഞ്ഞുപോകുന്നതിനെക്കൂടി കാണേണ്ടതുണ്ട്. ഐക്യരാഷ്ട്രസംഘടനയുടെ പുതിയ കണക്കുകളില്‍ ലോകത്തിലെ ഏറ്റവും മലിനമായ ഇരുപത് നഗരങ്ങളില്‍ പതിനാലും ഇന്ത്യയിലാണ്. മോദിയുടെ വാരണാസി അതില്‍ മൂന്നാംസ്ഥാനത്തുണ്ട്. എന്തിന് പ്രധാനമന്ത്രി തന്നെ ദത്തെടുത്ത മൂന്നുഗ്രാമങ്ങള്‍ ഇതുവരേയും സമ്പൂര്‍ണ ശൗചാലയ പദവിപോലും നേടിയിട്ടില്ലെന്ന കണക്കുകളുടെ കാലത്തുകൂടിയാണ് കോടികളുടെ ആള്‍രൂപ നിര്‍മിതികള്‍ ആകാശത്തുയരുന്നത്. 

കൗതുകകരമായ താരതമ്യങ്ങള്‍ ഏറെ കാണുന്നുണ്ട്. പട്ടേല്‍ പ്രതിമക്കായി ചിലവഴിച്ച തുകയാല്‍ അഞ്ച് ചൊവ്വാദൗത്യങ്ങളാകാമായിരുന്നു. അഞ്ചുലക്ഷത്തി തൊണ്ണൂറ്റിയെട്ടായിരം ഹൈടൈക്ക് സ്കൂളുകള്‍ നിര്‍മിക്കാമായിരുന്നു. എഴുനൂറ്റി ഇരുപത്തിയഞ്ച് ഗ്രാമങ്ങളെ ദത്തെടുക്കാമായിരുന്നു. കേരളത്തിന് പ്രളയദുരിതാശ്വാസമായി അനുവദിച്ചതിവന്റെ അഞ്ചിരട്ടി പണം നല്‍കാമായിരുന്നു. 5296 വിദ്യാര്‍ഥികളെ 21 വയസുവരെ പഠിപ്പിക്കാമായിരുന്നു. നീളുന്നുണ്ട് നിര. അതെല്ലാം വിട്ട് മേല്‍പ്പറഞ്ഞ കണക്കുകളെയെങ്കിലും ഗൗരവമായി കാണാന്‍ ഭരണകൂടത്തിനാകണം. മാലിന്യത്തിന്റെ കുന്നുകളും വിശക്കുന്ന വയറുകളും പെരുകുക തന്നെയാണ്.  കാര്‍ഷികനഷ്ടങ്ങളുടെ കണക്കുകള്‍ വേറെ. സാമ്പത്തികമേഖലയുടെ ഇടിച്ചിറങ്ങല്‍ അതിലുമപ്പുറം. അപ്പോഴും പുറത്തുവരുന്നതാകട്ടെ ആര്‍ബിഐയെപോലും വെടക്കാക്കി തനിക്കാക്കുന്ന കൈകടത്തലുകളുടെ കാണാക്കഥകള്‍. ഒരു പ്രതിസന്ധിയിലും ഒരു സര്‍ക്കാരും മുതിരാത്ത ഇടപെടലുകള്‍ക്കാണ് ധനമന്ത്രാലയമെല്ലാം കോപ്പുകൂട്ടികാണുന്നത്. അങ്ങനെ ഒരു ജനാധിപത്യരാജ്യത്തിന്റെ നെടുംതൂണുകളെ നെടുകെ പിളര്‍ത്തിയാണ് മറുവശത്ത് അംബരചുംബികളായ ഐക്യപ്രതിമകളുയരുന്നത്. 

പട്ടേല്‍ രാജഭരണത്തില്‍ നിന്ന് ജനാധിപത്യത്തിലേക്ക് നാടിനെ നടത്തിയ നേതാവൂകൂടിയാണ്. പട്ടേല്‍ സാമ്രാജ്യത്തെ പൊളിച്ച് സമത്വം നാട്ടിയ നേതാവൂകൂടിയാണ്. തല്‍പരകകക്ഷികള്‍ അതെല്ലാം  മറന്ന് അവര്‍ക്കുവേണ്ട പട്ടേലിനെ മാത്രം പ്രതിഷ്ഠിച്ചാലും അവഗണിക്കപ്പെടുന്ന ജനതയ്ക്ക് ആ പട്ടേല്‍ പ്രതിമ അങ്ങനെമാത്രമേ പ്രചോദനമാകുകയുള്ളൂ. ആ പ്രചോദനത്തില്‍ നിന്ന് അവര്‍,  അവരെ ആട്ടിയിറക്കുന്നവരെ അധികാരത്തില്‍ നിന്ന് ഇറക്കിവിടുക തന്നെ ചെയ്യും.  വളച്ചൊടിക്കാന്‍ തിരയുന്ന ചരിത്രത്തില്‍ അങ്ങനെ അധികാരം നഷ്ടമായവരുടെ ചരിത്രവും കാണാം. അതോര്‍ത്താല്‍ ഭരണാധികാരികള്‍ക്ക് നല്ലത്. 

MORE IN PARAYATHE VAYYA
SHOW MORE