സിബിഐ "കഴുകി വെളുപ്പിച്ചെടുക്കുന്നു"; ലക്ഷ്യം പോക്കറ്റിലാക്കുകയെന്ന അജൻഡ

parayatha-vayya-cbi
SHARE

സിബിഐയില്‍ ഉദ്യോഗസ്ഥരുടെ തമ്മിലടിയാണ്. സ്വന്തം ഉദ്യോഗസ്ഥര്‍ തന്നെ പരസ്പരം അഴിമതിയാരോപണങ്ങളുമായി രംഗത്തുവരുന്നു. തുടര്‍ന്ന് കാണുന്നതോ,   റെയ്ഡും കേസും അറസ്റ്റുമെല്ലാമായി ഒരു സിബിഐ സിനിമാ പരമ്പരയിലേതുപോലെ നാടകീയതകളുടെ കുത്തൊഴുക്ക്.  അതിന്റെ ക്ലൈമാക്സിലാകട്ടെ കേന്ദ്രസര്‍ക്കാര്‍ ഒരു പാതിരാനീക്കത്തിലൂടെ രംഗപ്രവേശനം ചെയ്യുന്നു. ഉദ്ദേശം ശുദ്ധികലശം. ഉദ്യോഗസ്ഥരെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയും അവധിയില്‍ പറഞ്ഞുവിട്ടും എന്തിന് ആന്‍ഡമാനിലേക്ക് വരെ പറപ്പിച്ചും രാജ്യത്തെ പരമോന്നത അന്വേഷണ ഏജന്‍സിയെ കറകഴുകി വെളുപ്പിച്ചെടുക്കുന്നു. അവസാനം സിബിഐയുടെ വിശ്വാസ്യത നിലനിര്‍ത്തേണ്ടതിനെക്കുറിച്ച് അരുണ്‍ ജയ്റ്റലിയുടെ  പഞ്ച് ഡയലോഗും. തീര്‍ച്ചയായും കയ്യടിക്കേണ്ട ക്ലൈമാക്സെന്ന് തോന്നാം. എന്നാല്‍ ശരിക്കും സിബിഐയില്‍ സംഭവിക്കുന്നതെന്താണ്? ഉദ്യോഗസ്ഥതര്‍ക്കമെന്ന പൊതിഞ്ഞുകെട്ടല്‍ ഇളക്കിനോക്കിയാല്‍ അറിയാനാകും കേന്ദ്രസര്‍ക്കാര്‍ സിബിഐയേയും ഇല്ലാതാക്കുകയാണ്. ബിജെപി വിഴുങ്ങുന്ന സ്ഥാപനങ്ങളുടെ പട്ടികയിലേക്ക് സിബിഐ കൂടി എത്തുന്നു.  അസ്താനമാരിലൂടെ അവസാനിക്കുന്നത് സിബിഐ തന്നെയാണ്.

അലോക് വര്‍മ,  22ാം വയസില്‍ സിവില്‍ സര്‍വീസില്‍, 1979 ഐപിഎസ് ബാച്ച് ഓഫിസര്‍, മുന്‍ ഡല്‍ഹി പൊലീസ് കമ്മിഷണര്‍, തിഹാര്‍ ജയില്‍ ഡിജിപിയായും സേവനം,  2017 ല്‍ സിബിഐയുടെ 27ാമത് ഡയറക്ടറാകുന്നു.  

സിബിഐയിലേക്ക് ഏതാനും ഐപിഎസ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന വര്‍മയുടെ നിര്‍ദേശം തള്ളുന്നിടത്താണ് പ്രശ്നങ്ങളുടെ തുടക്കം. തൊട്ടുപിന്നാലെ സര്‍ക്കാരിന്റെ അടുപ്പക്കാരന്‍  രാകേഷ് അസ്താനയെ സ്പെഷല്‍ ഡയറക്ടറാക്കാന്‍ നീക്കംനടക്കുന്നു. 

രാകേഷ് അസ്താനയുടെ പ്രൊഫൈല്‍ ഇങ്ങനെ, 1984 ഐപിഎസ് ബാച്ച് ഓഫിസര്‍, ഗുജറാത്ത് കേഡറില്‍നിന്ന് സിബിഐയിലേക്ക്, ഗോധ്രാ കലാപസമയം വഡോദര ഐജി, കാലിത്തീറ്റ കുംഭകോണക്കേസിലൂടെ ദേശീയശ്രദ്ധയിലേക്ക്, 

അഗസ്റ്റ വെസ്റ്റ്ലാന്‍ഡിലും അന്വേഷണച്ചുമതല വഹിച്ച ഉദ്യോഗസ്ഥന്‍. 

എന്നാല്‍ സ്റ്റെര്‍ലിങ് ബയോടെക്ക് അഴിമതിയില്‍ അസ്താനയ്ക്ക് ബന്ധമെന്ന് ആരോപിച്ച് സിബിഐയിലേക്കുള്ള വരവ് തടയാന്‍ അലോക് വര്‍മ ശ്രമിക്കുന്നു.  വര്‍മയുടെ അസാന്നിധ്യത്തില്‍ അസ്താനയെ രണ്ടാമനെന്ന നിലയില്‍ പരിഗണിക്കരുതെന്നും സിബിഐ ആവശ്യപ്പെടുന്നു. തുടര്‍ന്ന് അസ്താന വര്‍മക്കെതിരെ 10 ആരോപണങ്ങളുമായി കാബിനറ്റ് സെക്രട്ടറിക്ക് കത്തെഴുതുന്നു. ലാലുപ്രസാദ് യാദവ് ഉള്‍പ്പെട്ട കേസിലടക്കം വര്‍മ കൈകടത്തുന്നു എന്ന് അസ്താന കത്തില്‍ ആരോപിക്കുന്നു. സിബിഐ തന്നെ അന്വേഷിക്കുന്ന കേസില്‍ അസ്താനക്ക് പങ്കുള്ളതായി വര്‍മ മറുആരോപണം ഉയര്‍ത്തുന്നു. ആരോപണ-പ്രത്യാരോപണങ്ങള്‍ ഒടുവില്‍ പരസ്യമാകുകയും അത് കേന്ദ്രമിടപെട്ട് ഇരുവരേയും നീക്കി നാഗേശ്വര്‍ റാവുവെന്ന പുതിയ ഓഫിസറെ നിയമിക്കുന്നതിലേക്ക് എത്തുന്നു. സിബിഐയുടെ വിശുദ്ധിയും വിശ്വാസതയും വീണ്ടടെക്കുമെന്ന് അരുണ്‍ ജെയ്റ്റ്ലി വാചാലനാകുന്നു

ഒപ്പം ഒന്നും സര്‍ക്കാര്‍ വരുത്തിവച്ചതല്ലാത്തതിനാല്‍ ഒന്നും സര്‍ക്കാര്‍ അന്വേഷിക്കില്ലെന്നും  അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കി. സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷനാണ് തീരുമാനമെടുക്കേണ്ടതെന്ന് വിശദീകരിച്ച് മന്ത്രി എഴുന്നേല്‍ക്കുകയും ചെയ്തു. എന്നാല്‍ തൊട്ടുപിറകേ അലോക് വര്‍മ സുപ്രീംകോടതിയിലെത്തിയപ്പോള്‍ കേന്ദ്രത്തിന്റെ മുഖം നഷ്ടമായി. രണ്ടാഴ്ചയ്ക്കം സിബിഐയിലെ വിവാദങ്ങളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനും പുതിയ ഡയറക്ടര്‍ നയപരമായ ഒരു തീരുമാനവും കൈക്കൊള്ളരുതെന്നും കോടതി വ്യക്തമാക്കി

സിബിഐക്ക് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ എന്നതിനേക്കാള്‍ കോണ്‍ഗ്രസ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ എന്നതാണ് ഉചിതമായ പേരെന്ന് ബിജെപിയുടെ പരിഹാസമുയര്‍ന്നത് കുറച്ച് നാളുകള്‍ക്ക് മുന്‍പാണ്. അന്ന് ഭരണം കോണ്‍ഗ്രസിന്റെ കയ്യില്‍. അതേ കാലത്താണ് സിബിഐ കൂട്ടിലടച്ച തത്തയാണെന്നും യജമാനന്റെ ശബ്ദമാണെന്നും ഇന്നാട്ടിലെ  പരമോന്നത നീതിപീഠം വിമര്‍ശിച്ചതും. എന്നാല്‍ കോണ്‍ഗ്രസ് ഇടപെടലുകള്‍ മറയത്ത് നിന്നുകൊണ്ടായിരുന്നെങ്കില്‍ ഇന്ന് ബിജെപി സിബിഐയെ പൂര്‍ണമായും ഹൈജാക്ക് ചെയ്യുക തന്നെയാണ്. 

ബിജെപി സിബിഐ ഭരിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. സൊഹ്റാബുദ്ദീന്‍ ഷേയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ രാഷ്ട്രീയകാരണങ്ങളാലാണ് തന്നെ സിബിഐ പ്രതിചേര്‍ത്തതെന്ന അമിത് ഷായുടെ വാദങ്ങള്‍ അംഗീകരിച്ച് സിബിഐ പ്രത്യേക കോടതി അദ്ദേഹത്തെ വെറുതെ വിട്ടിരുന്നു. കൊല്ലപ്പെട്ടവരെ ഇല്ലാതാക്കാന്‍ ഗൂഢാലോചന നടത്തിയവരിലെ മുഖ്യകക്ഷി ബിജെപി അധ്യക്ഷനാണെന്ന്  സിബിഐ നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നെന്ന് ഓര്‍ക്കണം. പിന്നീട് എല്ലാംവിഴുങ്ങിയ സിബിഐ മുഖ്യസൂത്രധാരന്റെ കുപ്പായം ഷായില്‍ നിന്ന് ഊരിമാറ്റി കൊടുത്തു. വിടുതല്‍ ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ എവിടേയും ഇത് പരാമര്‍ശിക്കാന്‍ സിബിഐ തയാറായില്ല. എന്തിന് ഷായുടെ അഭിഭാഷകര്‍ മൂന്നുദിവസം നടത്തിയ വാദങ്ങള്‍ക്ക് സിബിഐയുടെ മറുപടി  ജൂനിയര്‍ അഭിഭാഷകന്റെ പതിനഞ്ച് മിനിറ്റ്  എതിര്‍വാദമായിരുന്നു. തീരുന്നില്ല സിബിഐ നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥരേറെയും ബിജെപിയുടെ സ്വന്തക്കാര്‍ തന്നെയാണ്. മോദിയുടെ നിര്‍ദേശപ്രകാരം ഒരു യുവതിയെ നിരീക്ഷിക്കാനിറങ്ങി അമിത് ഷാ പുലിവാലുപിടിച്ച കാലത്ത് ഇന്റലിജന്‍സ് ഐജിയായിരുന്ന എ.കെ.ശര്‍മയടക്കം പിന്നീട് ഗുജറാത്തിറങ്ങി ഡല്‍ഹിയില്‍ സിബിഐയിലെത്തി. അസ്താനയുടെ വരവും സമാനമാണ്. ഗോധ്രാകലാപകാലത്തെ വഡോദര ഐജിയായ, ഗുജറാത്തിലെ ഹവാല ഇടപാടുകാരന്റെ ഡയറില്‍ പേരുണ്ടായിരുന്ന അസ്താനയുടെ നിയമനം സിബിഐക്കുള്ളിലെ കാവിവല്‍ക്കരണത്തിന്റെ ഭാഗം തന്നെയായിരുന്നു. വിജയ്മല്യയുടെ കേസാകട്ടെ, അഗസ്റ്റ വെസ്റ്റ്ലന്‍ഡ് അഴിമതിയാകട്ടെ, രാജസ്ഥാന്‍ ആംബുലന്‍സ് വിവാദങ്ങളാകട്ടെ   ചുരുങ്ങിയ കാലയളവില്‍ അസ്താന അവസാനിച്ചതും അവസ്താന തുടങ്ങിവച്ചതുമായ കേസുകളുടെ ചരിത്രം മാത്രംമതി സിബിഐയിലെ അഴിച്ചുപണി ആരുടെ താല്‍പര്യമായിരുന്നുവെന്ന് അറിയാന്‍. അരവിന്ദ് കേജ്രിവാളിന്റെ ഓഫീസ് അടച്ചുപൂട്ടിയതും രേഖകള്‍ പിടിച്ചുകൊണ്ടുപോയതുമെല്ലാം ഇക്കാലയളവില്‍ തന്നെ നാംകണ്ടതുമാണ്. എന്തിന് ഏറ്റവുമൊടുവില്‍ പുതിയ ഡയറക്ടറായ നാഗേശ്വരറാവു ആദ്യം ചെയ്തത് അസ്താനയുടെ കേസ് അന്വേഷിച്ചവരെ സ്ഥലം മാറ്റുകയായിരുന്നു. അപ്പോള്‍ എന്തെല്ലാം സംരക്ഷിക്കപ്പെടാനും ആരെയെല്ലാം ആക്രമിക്കാനുമാണ് ഈ സംവിധാനം ഇന്ന് ഉപയോഗിക്കപ്പെടുന്നുവെന്ന ചോദ്യം ബലപ്പെടുക തന്നെയാണ്. ഒപ്പം സംഘപരിവാര്‍ നിലപാടുകളോട് അങ്ങേയറ്റം വിധേയപ്പെട്ടുകിടക്കുന്ന നാഗേശ്വര്‍ റാവുവിനെപ്പോലുള്ളവരെ അവരോധിച്ച് എന്തുമാറ്റമാണ് ഇവര്‍ സിബിഐയില്‍ കൊണ്ടുവരുന്നതെന്നുകൂടി നമ്മള്‍ മനസിലാക്കണം. ബീഫ് നിരോധനമടക്കമുള്ള വിഷയങ്ങളില്‍ സംഘസംഘടനകളെ തുണക്കുന്ന റാവുമാരുടെ അവരോഹണം സിബിഐ പോക്കറ്റിലാക്കുകയെന്ന അജന്‍ഡയുടെ ഭാഗം തന്നെ.

ഒപ്പം പുതിയ ആരോപണങ്ങളും ഉയരുന്നുണ്ട്. റഫാലില്‍ അന്വേഷണ ഉദ്ദേശത്തോടെ കേസ് രേഖകള്‍ അലോക് വര്‍മ തേടിയതായും ആ വിപത്തില്‍ നിന്ന് സര്‍ക്കാരിനെ രക്ഷിക്കാനുള്ള ഉത്തരവാദിത്തം അസ്താനക്കായിരുന്നുവെന്നും പ്രതിപക്ഷമടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. വര്‍മയുടെ ഹര്‍ജിയിലും സുപ്രധാനമായ ഏഴുകേസുകളുടെ അന്വേഷണത്തിനിടെയാണ് മാനദണ്ഡങ്ങളേതും പാലിക്കാതെ തന്നെ നീക്കാനുള്ള നടപടിയെത്തുന്നതെന്ന് എടുത്തുപറയുന്നുണ്ട്. 

പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റിസും ചേര്‍ന്ന സമിതിയാണ് അലോക് വര്‍മയെ സിബിഐ ഡയറക്ടറായി ശുപാര്‍ശ ചെയ്യുന്നത്. അങ്ങനെയാണ് കേന്ദ്രകാബിനറ്റ് അത് അംഗീകരിക്കുന്നതും. എന്നാല്‍ വര്‍മ മാറി നാഗേശ്വര്‍ റാവുവിലേക്കെത്തുമ്പോള്‍ ആരും ഒന്നുംതന്നെ അറിയുന്നില്ല. സിബിഐയെ സ്വതന്ത്രസ്വഭാവമുള്ള സംവിധാനമായി നിലനിര്‍ത്താനുള്ള ഉപാധികളൊന്നുംതന്നെ മോദി സര്‍ക്കാരിന് ബാധകമല്ലെന്ന് ചുരുക്കം. അതുകൊണ്ടുതന്നെയാണ് നിയമയുദ്ധത്തിന്റെ ആദ്യപടിയില്‍ അലോക് വര്‍മ അനായാസം വിജയിക്കുന്നതും കേന്ദ്രം അടിതെറ്റി വീഴുന്നതും. ഒപ്പം നടപടിക്ക് പിന്നാലെ വര്‍മയുടെ വീടിന്റെ പരിസരത്ത് നിന്ന് നാലു ഇന്റലിജന്‍റ്സ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യപ്പെട്ട വാര്‍ത്തയും ഇതൊടൊപ്പം വായിക്കണം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് ഇക്കൂട്ടരെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സിബിഐ കാലോചിതമായി പരിഷ്കരിക്കപ്പെടണമെന്ന ആവശ്യമുയരുന്ന കാലത്താണ് രാഷ്ട്രീയമുക്തവും സ്വയംഭരണാവകാശവുമുള്ള ഏജന്‍സിയായി അതുമാറണമെന്ന ആവശ്യമുയരുന്ന കാലത്താണ് ഇങ്ങനെ ചാരക്കണ്ണുകള്‍ അതിനെ വലയം ചെയ്യുന്നതെന്ന് ഓര്‍ക്കണം. അതിനാല്‍ ഉദ്യോഗസ്ഥ തര്‍ക്കമെന്നെല്ലാം വ്യാഖ്യാനിച്ച് ഭരണഘടനാസ്ഥാനപങ്ങളെമേല്‍ നടത്തുന്ന ഈ മിന്നലാക്രമണങ്ങളെ ശക്തമായി ചെറുക്കുക തന്നെ വേണം. ഇനി അസ്താന ഉയര്‍ത്തുന്ന വര്‍മക്കെതിരായ ആരോപണങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ അതും അന്വേഷിക്കപ്പെടുക തന്നെവേണം. 

തെളിയാത്ത കേസുകള്‍ അന്വേഷിക്കാന്‍ സിബിഐ എത്തണമെന്ന ആവശ്യം ഇന്നും പലകേസുകളിലും പല പേരറിയാപൗരസമിതികള്‍പോലും ഉയര്‍ത്തുന്നത് കേള്‍ക്കാം. അതായത് വിശുദ്ധ പശുവല്ലെങ്കിലും ജനം ഇന്നും വിശ്വസിക്കുന്ന സ്ഥാപനമാണ് ഈ അന്വേഷണ ഏജന്‍സി. അതിനാല്‍ അധികാരസംരക്ഷണത്തിന് അതിനെയെല്ലാം അപ്പാടെ വിഴുങ്ങുന്ന സമീപനങ്ങളോട് വലിയ പ്രതിരോധം തീര്‍ക്കണം.  അധികാരികള്‍ക്കുള്ള പ്രതിരോധച്ചട്ടയല്ല സിബിഐ. കള്ളംപുറത്തുകൊണ്ടുവരേണ്ടവരെ കൂട്ടിയുള്ള കള്ളക്കള്ളികള്‍ അവസാനിക്കുക തന്നെ വേണം.

MORE IN PARAYATHE VAYYA
SHOW MORE