അക്രമികളും വിശ്വാസികളും രണ്ടാണ്; ഇത് എങ്ങനെ ഹിന്ദു വേട്ടയാകും?

parayatha-vayya
SHARE

ശബരിമലയിലെ യുവതീപ്രവേശനത്തിനെതിരെ നടന്ന അക്രമസംഭവങ്ങളില്‍ മൂവായിരത്തോളം പേര്‍ക്കെതിരെ പൊലീസ് നടപടി. യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതിവിധി നടപ്പാക്കുമെന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ചുറപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല വിധി കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തെ ശക്തമായി സ്വാധീനിച്ചുവെന്നത് യാഥാര്‍ഥ്യമാകുന്നു. 

അക്രമികള്‍ക്കെതിരായ നടപടിയെ ഹിന്ദുവേട്ടയെന്നു വിളിക്കുന്ന ബി.ജെ.പി നേതാക്കളും തീക്കൊള്ളി കൊണ്ടു തലചൊറിയരുതെന്നു മുന്നറിയിപ്പു നല്‍കുന്ന കോണ്‍ഗ്രസ് നേതാക്കളും ആവശ്യപ്പെടുന്നതൊന്നു മാത്രം. സര്‍ക്കാര്‍ കള്ളക്കളി കളിക്കരുത്. കള്ളക്കളികള്‍ പ്രതിപക്ഷത്തിനു മാത്രം അവകാശപ്പെട്ടതാണെന്ന നിര്‍ലജ്ജമായ ഏറ്റുപറച്ചിലാണ് ശബരിമലയുടെ പേരില്‍ നടക്കുന്ന രാഷ്ട്രീയനാടകങ്ങള്‍ വെളിപ്പെടുത്തുന്നത്. ശരിയായ നിലപാട് സ്വീകരിക്കൂവെന്നല്ല, ആരും പരസ്പരം ആവശ്യപ്പെടുന്നതെന്ന് കേരളം തിരിച്ചറിയാതെ പോകരുത്. ശരികള്‍ക്കു വേണ്ടി വാശിപിടിക്കാന്‍ മതനിരപേക്ഷ മനസുള്ളവര്‍ ഒരുമിച്ചേ മതിയാകൂ.

 ശബരിമലയിലും നിലയ്ക്കലും പമ്പയിലുമായി തുലാമാസപൂജക്കാലത്ത് നടന്ന അക്രമങ്ങളില്‍ ചിലതിന്റെ ദൃശ്യങ്ങളാണിത്. കല്ലേറിലും കയ്യേറ്റസംഭവങ്ങളിലുമായി നിരവധിപേര്‍ക്ക് പരുക്കേറ്റു. പൊലീസും പ്രത്യാക്രമണം നടത്തി, ചിലയിടങ്ങളില്‍ ലാത്തിച്ചാര്‍ജും. ഒട്ടനവധി പൊതുവാഹനങ്ങള്‍ തകര്‍ക്കപ്പെട്ടു. മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമസ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്കു നേരെയും ആക്രമണമുണ്ടായി. പ്രതിഷേധക്കാരെന്ന പേരില്‍, തൊഴില്‍ ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ പോലും  ക്രൂരമായി ആക്രമിച്ചു പരുക്കേല്‍പിച്ചു. 

സരിത എസ്.ബാലന്‍, നടുവിനേറ്റ പരുക്കിനെത്തുടര്‍ന്ന് ചികില്‍സയിലാണ്. രണ്ടാഴ്ചയിലേറെ ചികില്‍സ വേണ്ടി വരുന്ന ഗുരുതരമായ പരുക്കാണ് പ്രതിഷേധക്കാരായി ചമഞ്ഞ അക്രമികള്‍ അവര്‍ക്കു മുകളിലേല്‍പിച്ചത്. ശബരിമലയിലേക്കെത്തിയ സ്ത്രീകളെ മാത്രമല്ല ആക്രമിച്ചതെന്നതും ഓര്‍ക്കണം. അവരുടെ വീടുകള്‍, തൊഴിലിടങ്ങള്‍, അഭയകേന്ദ്രങ്ങള്‍ എല്ലാം ആക്രമിക്കപ്പെട്ടു. ആസൂത്രിതമായി, സംഘടിതമായി സ്ത്രീകള്‍ ആക്രമിക്കപ്പെട്ടു. ഒളിവില്‍ പോകേണ്ടിവരുന്ന തരത്തില്‍ അവര്‍ വേട്ടയാടപ്പെട്ടു. 

സുപ്രീംകോടതി വിധിയോട് യോജിപ്പും വിയോജിപ്പുമുണ്ടാകുന്നത് സ്വാഭാവികമാണ്. എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ ഏതു മാര്‍ഗവും തിരഞ്ഞെടുക്കാം, നിയമവും ലംഘിക്കാം. പല സമരങ്ങളും നിയമം ലംഘിച്ചു തന്നെയാണ് നടന്നിട്ടുള്ളത്. പക്ഷേ അക്രമം നടന്നാല്‍ നടപടിയുണ്ടാകണം. മറ്റു മനുഷ്യരുെട ജീവനും സ്വത്തിനും സ്വൈരജീവിതത്തിനും നേരെ ആക്രമണമുണ്ടായാല്‍ നടപടി ഉറപ്പു വരുത്തേണ്ടത് ജനങ്ങള്‍ ഭരിക്കാന്‍ ഏല്‍പിച്ച സര്‍ക്കാരിന്റെ നിയമപരമായ ഉത്തരവാദിത്തമാണ്. ശബരിമലയില്‍  അക്രമം തടയാന്‍ കഴിയാതിരുന്ന സര്‍ക്കാര്‍, വൈകിയാണെങ്കിലും അക്രമികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമ്പോള്‍ വിറളി പിടിക്കുന്നത് ആര്‍ക്കൊക്കെയാണ്? 

കേള്‍ക്കുമ്പോള്‍ ആശയക്കുഴപ്പമുണ്ടാകരുത്. ഇത് ഏറ്റവുമൊടുവില്‍ സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനു നേരെയുണ്ടായ ആക്രമണങ്ങളോടുള്ള വിവിധ നേതാക്കളുടെ പ്രതികരണമാണ്. ശബരിമലയിലെ പ്രശ്നത്തിലെ ഇതേ നേതാക്കളുടെ ആഹ്വാനങ്ങളും പ്രതികരണങ്ങളും ഇനി വരുന്നതേയുള്ളൂ. 

അപ്പോള്‍ ശബരിമലയിലും പരിസരങ്ങളിലുമുണ്ടായ അക്രമസംഭവങ്ങളില്‍ യഥാര്‍ഥ പ്രതികള്‍ ഇപ്പോള്‍ അറസ്റ്റിലായവരല്ല എന്ന് നേതാക്കള്‍ വാദിക്കുന്നത് സത്യമല്ലേ. യഥാര്‍ഥ പ്രതികള്‍ അക്രമത്തിന് ആഹ്വാനം ചെയ്തവര്‍ കൂടിയാണ്. സുപ്രീംകോടതി വിധിയുടെ പേരില്‍, സര്‍ക്കാരിനെതിരെയെന്ന പേരില്‍ ശബരിമലയെ സംഘര്‍ഷഭൂമിയാക്കിയ ഓരോ രാഷ്ട്രീയനേതാവിനും അക്രമങ്ങളില്‍ ഉത്തരവാദിത്തമുണ്ട്. 

ആ ഉത്തരവാദിത്തം പക്ഷേ ഇപ്പോള്‍ ഇപ്പോള്‍ അവര്‍ തള്ളിക്കളയുകയാണെന്നത് തിരിച്ചറിയേണ്ടത് എടുത്തു ചാടി അക്രമത്തില്‍ ഏര്‍പ്പെട്ടവരാണ്. ചുടുചോറു വാരിച്ചു മാറിനില്‍ക്കുകയും പ്രസ്താവനകളിലൂടെ മാത്രം വിശ്വാസസംരക്ഷണം നടത്തുകയും ചെയ്യുന്ന സ്വന്തം നേതാക്കളെയാണ് അഴിക്കുള്ളിലേക്കു പോകുന്ന പ്രതിഷേധക്കാര്‍ മനസിലാക്കേണ്ടത്. ആശയത്തോടു സംവദിക്കാനാകാതെ അക്രമത്തിന് ആഹ്വാനം ചെയ്യുന്നവരെ സൂക്ഷിക്കുക. അത് എത്ര വലിയ നേതാവായാലും പാര്‍ട്ടിയായാലും. നിയമം നേരിടാനുറച്ചാല്‍ നടപടികളുണ്ടാകുമെന്നതാണ് സൈര്യമായി ജീവിക്കുന്ന മനുഷ്യരുടെ പ്രത്യാശ. ഒപ്പം ശബരിമല പ്രശ്നത്തിലെ പൊലീസ് നടപടിയെപ്പോലും വര്‍ഗീയമായി ചിത്രീകരിക്കുന്ന വ്യാജപ്രചാരണങ്ങളുടെ സത്യാവസ്ഥ തിരിച്ചറിയണം. 

ഹാദിയക്കേസിലെ ‌ഹൈക്കോടതിവിധിക്കെതിരെ മുസ്‍ലിം  ഐക്യവേദി ഹൈക്കോടതി മാര്‍ച്ച് നടത്തിയ കേസില്‍ 3000 പേര്‍ക്കെതിരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. ഇതുവരെ  SDPI നേതാക്കളടക്കം, 53 പേരെ അറസ്റ്റ് ചെയ്തു. അന്യായമായി സംഘം ചേരല്‍, കലാപശ്രമം, പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കു നേരെ ചുമത്തിയിരിക്കുന്നത്. ഇപ്പോഴും അറസ്റ്റ് നടപടികള്‍ തുടരുകയുമാണ്. അത് മുസ്‍ലിം വേട്ടയാണെന്ന് പറയാന്‍ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടി രംഗത്തു വന്നിരുന്നോ? അങ്ങനെയാരെങ്കിലും പറഞ്ഞു വന്നാല്‍ കേരളം അംഗീകരിച്ചു കൊടുക്കുമോ? സര്‍ക്കാര്‍ നടപടിയെടുക്കാതെ മാറി നിന്നാല്‍ അതു സമ്മതിച്ചുകൊടുക്കാനാകുമോ? 

ബോണക്കാട് കുരിശുമല യാത്രയിലുണ്ടായ സംഘര്‍ഷത്തിലും പൊലീസ് ആദ്യം  കേസെടുത്തത് രണ്ടായിരം പേര്‍ക്കെതിരെയാണ്. എല്ലാവരും ലത്തീന്‍ കത്തോലിക്ക സഭാംഗങ്ങളും ക്രിസ്തീയ വിശ്വാസികളുമായിരുന്നു. 68 പേര്‍ക്കെതിരെയാണ് കുറ്റം ചുമത്തി കേസെടുത്തത്. പൊലീസിനെ ആക്രമിക്കുക, സംഘടിത ആക്രമണം, കോടതിയലക്ഷ്യം, പൊതുമുതല്‍ നശിപ്പിക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തി. മൂന്നുപേര്‍ക്കൊഴികെ ബാക്കിയുള്ളവര്‍ക്ക് സ്റ്റേഷന്‍ ജാമ്യം കിട്ടി. ദൃശ്യങ്ങളില്‍ കല്ലേറും മറ്റും നടത്തിയെന്നു തെളിഞ്ഞ 3 പേരെ റിമാന്‍ഡ്  ചെയ്തു. രണ്ടാഴ്ച  മുതല്‍ 50 ദിവസം വരെ റിമാന്‍ഡില്‍ കിടന്ന പ്രതികളുണ്ട്. ഈ സംഘര്‍ഷവുമായി ബന്ധപ്പെട്ട മിക്കവാറും കേസുകളില്‍ നെയ്യാറ്റിന്‍കര ബിഷപ്പ് വിന്‍സന്റ് സാമുവലാണ് ഒന്നാംപ്രതി.  ഹൈക്കോടതിയില്‍ നിന്നാണ് ബിഷപ്പ് അടക്കമുള്ളവര്‍ മുന്‍കൂര്‍ജാമ്യം നേടിയത്.   അവിടെയും വിശ്വാസത്തിന്റെ പേരിലുള്ള പ്രതിഷേധത്തിന്റെ ആനുകൂല്യം പ്രതിഷേധക്കാര്‍ക്കു ലഭിച്ചില്ലെന്നതാണ് യാഥാര്‍ഥ്യം.

കേരളത്തെ അപ്രതീക്ഷിതമായി പ്രതിസന്ധിയിലാക്കിയ വാട്സ് ആപ്പ് ഹര്‍ത്താലിന്റെ പേരിലാണ് ഏറ്റവും വ്യാപകമായ അറസ്റ്റും നടപടികളുമുണ്ടായത്. അതും സമീപകാലത്ത്. രണ്ടായിരത്തോളം പേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പൊലീസ് അറസ്റ്റു ചെയ്തു. മലപ്പുറം ജില്ലയില്‍ മാത്രം ആയിരത്തിലേറെ കേസുകളില്‍ നടപടി തുടരുകയാണ്.  കത്‍വയിലെ പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ചെന്ന പേരില്‍ നടത്തിയ  അക്രമത്തിന്റെ പേരിലായിരുന്നു നടപടി. ഇനിയൊരിക്കലും ആവര്‍ത്തിക്കരുതെന്ന് നിര്‍ബന്ധബുദ്ധിയോടെ നിയമം ഇടപെടുക മാത്രമാണ് അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉചിതമായ നടപടിയെന്ന് ഇന്നു വിലപിക്കുന്ന കോണ്‍ഗ്രസ് ബി.െജ.പി. നേതാക്കള്‍ അന്ന് സര്‍ക്കാരിനെ നിര്‍ബന്ധിച്ചു കൊണ്ടേയിരുന്നതുമാണ്.

ശബരിമലയിലെ അക്രമസംഭവങ്ങളുടെ പേരിലുള്ള പൊലീസ് നടപടി ഗാലറിക്കു വേണ്ടിയുള്ള കളിയാകരുതെന്ന് ഹൈക്കോടതി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. അതുറപ്പാക്കേണ്ടത് സര്‍ക്കാരാണ്. അക്രമികള്‍ക്കെതിരായ നീക്കം  സര്‍ക്കാരിനെ പ്രതികാരനടപടികള്‍ക്ക് അനുവദിക്കില്ലെന്നുറപ്പു വരുത്തേണ്ടത്  ജനാധിപത്യസമൂഹത്തിന്റെ ബാധ്യതയാണ്. 

നിയമത്തെ വെല്ലുവിളിച്ച് അക്രമം നടത്തിയവരെ മാത്രമേ പൊലീസ് തേടിയെത്താവൂ. അതുറപ്പു വരുത്താന്‍ എല്ലാ പാര്‍ട്ടികള്‍ക്കും ബാധ്യതയുണ്ട്. പക്ഷേ നിയമവാഴ്ചയെ വെല്ലുവിളിക്കുന്നവര്‍ നടപടി നേരിടേണ്ടി വരുമ്പോള്‍ ഇരട്ടത്താപ്പ് കാണിക്കരുതെന്നു മാത്രമാണ് പറഞ്ഞുവന്നത്. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നാണ് ഇന്ത്യന്‍ ഭരണഘടന നമുക്കുറപ്പു തരുന്നത്. അതേ ഭരണഘടന മുന്‍നിര്‍ത്തിയാണ് സുപ്രീംകോടതി, മൗലികാവകാശങ്ങള്‍ സ്ത്രീക്കും പുരുഷനും തുല്യമാണെന്നും ശബരിമലയില്‍ വിശ്വാസത്തിന്റെ പേരില്‍ വിവേചനം അനുവദിക്കാനാകില്ലെന്നും വിധിയെഴുതിയത്. ആ വിധി സ്വീകാര്യമല്ലെങ്കില്‍, വിധി മാറ്റിയെഴുതാന്‍ സുപ്രീംകോടതിയോട് ആവശ്യപ്പെടുന്നതു മനസിലാക്കാം. വിധി സുപ്രീംകോടതി തിരുത്തിയാല്‍ അതു നടപ്പാക്കാനും ഈ സര്‍ക്കാരിനു തന്നെയാണ്് ബാധ്യതയെന്നതും മറക്കാതിരിക്കണം. 

ഇതും വിശ്വാസം സംരക്ഷിക്കാനെന്ന പേരിലാണ്.   ഗൂഢാലോചനകളും അക്രമവും വിശ്വാസസംരക്ഷണത്തിന്റെ പേരിലേക്ക് ഒരു വിശ്വാസിക്കും മുതല്‍ക്കൂട്ടാനാകില്ല. വിശ്വാസത്തിന്റെ ഏറ്റവും വലിയ പരിമിതി  അത് ചോദ്യം ചെയ്യപ്പെടില്ല എന്നതാണ്. പിന്തുടരുകയെന്നതു മാത്രമാണ് വിശ്വാസിക്കു മുന്നിലുള്ള വഴി. യുക്തിയോ ചിന്തയോ കനിവോ കാരുണ്യമോ മനുഷ്യസ്നേഹമോ ഒന്നും വിശ്വാസം അനുശാസിക്കുന്നില്ല. വിശ്വാസമെന്ന ലേബലുണ്ടെങ്കില്‍ അനീതി ചോദ്യം ചെയ്യപ്പെടില്ല. കേരളത്തിന്‍റെ പ്രത്യേകത വിശ്വാസികളായിരിക്കുമ്പോള്‍ പോലും മനുഷ്യര്‍ യുക്തിബോധവും വിശാലമാനവികതയും കൈവിട്ടു കളഞ്ഞിരുന്നില്ല എന്നതാണ്. 

വ്യക്തിപരമായ വിശ്വാസങ്ങള്‍ കാത്തുസൂക്ഷിക്കുമ്പോഴും കേരളീയര്‍ മതബോധത്തിന്റെ കടുത്ത നിയന്ത്രണങ്ങള്‍ക്കു തലവച്ചിരുന്നില്ല. മതബോധം, മനുഷ്യനെ സാംസ്കാരികമായി നവീകരിക്കാന്‍ അനുവദിക്കുന്നതേയല്ല. ശബരിമല വിഷയത്തില്‍ നിക്ഷിപ്തതാല്‍പര്യക്കാര്‍ ആവശ്യപ്പെടുന്നത് ആ മതബോധമാണ്. മതത്തിന്റെ മൂല്യങ്ങള്‍ അറിഞ്ഞ് സ്വയം നവീകരിക്കാനുള്ള സാധ്യതയെയാണ് സമരനേതൃത്വങ്ങള്‍ വഴി മുടക്കിക്കളയുന്നത്. വിശ്വാസത്തില്‍ ജനാധിപത്യബഹുമാനം കൂടി ഇഴചേരുന്ന അപൂര്‍വമായൊരു തീര്‍ഥാടനകേന്ദ്രമാണ് ശബരിമല. എല്ലാ ജാതിമതസ്ഥര്‍ക്കും പ്രവേശനമുള്ള ആരാധനാലയം. അവിടെ സ്ത്രീപുരുഷ പ്രായവ്യത്യാസമില്ലാതെ എല്ലാ മനുഷ്യരും കൂടി പ്രവേശിക്കട്ടെയെന്നേ ചരിത്രവും ആചാരവും പരിശോധിച്ച് സുപ്രീംകോടതി വിധിച്ചിട്ടുള്ളൂ.  

ഈ വിധി നടപ്പാക്കണമെന്നാണ് ആര്‍.എസ്.എസിന്റെ ആദ്യപ്രതികരണമെന്നത് ഇനിയൊരിക്കലും അമിത്ഷാ സമ്മതിച്ചു തരില്ല.  ശബരിമലയില്‍ യുവതീപ്രവേശനം അനുവദിക്കണമെന്ന് ഏറ്റവും ഉച്ചത്തില്‍ വാദിച്ചത് ആര്‍.എസ്.എസാണെന്ന് ബി.ജെ.പിയും ഇനിയൊരിക്കലും ഓര്‍മിക്കാന്‍ പോലും അനുവദിക്കില്ല. പക്ഷേ ശബരിമലയില്‍ മാത്രമല്ല, വിശ്വാസത്തിലാകെ  മതബോധത്തിനും മതാധിപത്യത്തിനും ഇടപെടാന്‍ സാധ്യതകള്‍ തേടുന്നവര്‍ക്കു മുന്നില്‍ തലവച്ചുകൊടുക്കരുത് യഥാര്‍ഥ വിശ്വാസികള്‍. മതബോധത്തിനാവശ്യം പിന്നോട്ടു പോക്കാണ്. വിശ്വാസം എല്ലാം തീരുമാനിക്കുന്ന ഘട്ടത്തില്‍ തിരിച്ചു വരുന്നത് നല്ലതൊന്നുമാകില്ലെന്ന് കേരളീയര്‍ മറക്കാതിരിക്കണം. ജാതിബോധവും ബ്രാഹ്മണ്യാധിപത്യവുമല്ല, ഇന്നത്തെ മലയാളിയെ സൃഷ്ടിച്ചെടുത്തതെന്ന് മറക്കാതിരിക്കേണ്ടത് തലമുറകളോടുള്ള കടമയാണ്. 

ഒന്നുകൂടി ആവര്‍ത്തിച്ചുറപ്പിക്കട്ടെ, ഇതു ശരിയാണോ എന്ന ചോദ്യത്തിന് ശരിയാണ് എന്ന മറുപടിക്കു വേണ്ടിത്തന്നെയാണ് വിശ്വാസികളും വാശി കാണിക്കേണ്ടത്. ഇതു ശരിയല്ല എന്നു പറയാന്‍ നമുക്കുണ്ടായിരുന്ന ആര്‍ജവമാണ് ഓരോ മലയാളിയും തിരിച്ചുപിടിക്കേണ്ടത്. മനുഷ്യത്വവും ജനാധിപത്യവും പുരോഗമനവും നവീകരണവും ഒന്നിച്ചു പരിഗണിക്കേണ്ടി വരുമ്പോള്‍ ശരി ഒരിക്കലും ആപേക്ഷികമാകില്ല.  വിശ്വാസം കാറ്റു കടക്കാത്ത ഇരുട്ടറകളല്ലെന്ന് മുതലെടുക്കാന്‍ വരുന്നവരോട് തിരിച്ചുപറയാന്‍ വിശ്വാസികളെയാണ് സജ്ജരാക്കേണ്ടത്. 

MORE IN PARAYATHE VAYYA
SHOW MORE