പ്രശ്നങ്ങളാണ് ചിലരുടെ ലക്ഷ്യം; പുണ്യഭൂമിയെച്ചൊല്ലി കേരളം തോൽക്കരുത്

parayathavayya-main
SHARE

ശബരിമലയെന്ന സമാധാനഭൂമിയെച്ചൊല്ലി കേരളം തോല്‍ക്കാന്‍ പാടില്ല.  ശബരിമലയുടെ പേരില്‍ കലാപമുണ്ടാക്കാനുള്ള ആസൂത്രിതശ്രമങ്ങളെ കേരളം പക്വതയോടെ ചെറുത്തുതോല്‍പിക്കണം. യുവതീപ്രവേശനം അനുവദിച്ചത് സുപ്രീംകോടതിയാണ്. സുപ്രീം കോടതിവിധിയുടെ പേരില്‍ രാഷ്ട്രീയമുതലെടുപ്പിനുള്ള കെണിയില്‍ നമ്മള്‍ വീണുപോകരുത്. ഉന്നം ശബരിമലയോ, വിശ്വാസസംരക്ഷണമോ അല്ല. കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷം കലുഷിതമാക്കി അധികാരമുറപ്പിക്കുകയാണെന്നു നമ്മള്‍ തിരിച്ചറിയണം. സാമൂഹ്യനീതിയാണ് സുപീംകോടതി ഉറപ്പിച്ചത്. അതു മാത്രമാണ് സമൂഹത്തിന്റെയും ലക്ഷ്യമെന്ന ബോധ്യത്തോടെ കരുതലോടെ നീങ്ങാനുള്ള ബാധ്യത നമുക്കുണ്ട്. ചോദ്യങ്ങളും ഉത്തരങ്ങളും ഒന്നുകൂടി വ്യക്തമാക്കിയെടുക്കേണ്ട ചരിത്രപരമായ ഉത്തരവാദിത്തമാണ് ഇന്നു കേരളത്തിനു മുന്നിലുള്ളത്.

ആര്‍ത്തവമുള്ള സ്ത്രീകള്‍ക്കു കൂടി ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കണമെന്ന് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചു. ഇന്ത്യന്‍ ഭരണഘടനപ്രകാരം വിവേചനം അനുവദനീയമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് വിധി. ശബരിമലയിലെ പ്രത്യേക ആചാരമെന്ന വാദം നിലനില്‍ക്കില്ലെന്നും ആരാധിക്കാനുള്ള വിശ്വാസികളുടെ അവകാശത്തില്‍ വിവേചനം പാടില്ലെന്നുമാണ് കോടതിവിധിയുടെ അന്തഃസത്ത. 

പുരോഗമനപരമായ വിധിയെന്ന് സംസ്ഥാനം ഭരിക്കുന്ന സി.പി.എം നിലപാടെടുത്തു. സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് സംസ്ഥാന സര്‍ക്കാരും. കോണ്‍ഗ്രസ് ദേശീയ തലത്തില്‍ ചരിത്രവിധിപ്രഖ്യാപനമെന്നു പ്രതികരിച്ചപ്പോള്‍ സംസ്ഥാനനേതൃത്വത്തിന്റെ നിലപാട് ഇതുവരെ അജ്ഞാതമാണ്. സുപ്രീംകോടതി വിധിയില്‍ വിശ്വാസികള്‍ക്കൊപ്പം എന്നാണ് ആകെ ഇതുവരെ പറഞ്ഞിരിക്കുന്നത്. ഏതു പക്ഷം വിശ്വാസികള്‍ക്കൊപ്പം എന്നു പറഞ്ഞിട്ടില്ല.  പ്രവൃത്തി കൊണ്ട് വിധിയെ എതിര്‍ക്കുന്ന പക്ഷം വിശ്വാസികള്‍ക്കൊപ്പം എന്നു മനസിലാക്കാം. സുപ്രീംകോടതി വിധിയില്‍ കേരളത്തിലെ കോണ്‍‌ഗ്രസിന് സ്വന്തമായ നിലപാടില്ല എന്നു ചുരുക്കം. 

ബി.െജ.പിയുടെ പ്രതികരണം അതിവിചിത്രം. വിധിക്കു മുന്‍പ് കാലങ്ങളായി, ആര്‍.എസ്.എസ്. സംശയമേതുമില്ലാതെ യുവതികള്‍ക്കും പ്രവേശനം വേണമെന്ന് ശക്തമായ നിലപാടെടുത്തിരുന്നു. ബി.ജെ.പി. നേതാക്കളും ഇതേ നിലപാട് ആവര്‍ത്തിച്ചു. വിധി വന്ന ശേഷവും സ്വാഗതം ചെയ്യുന്നുവെന്നാണ് ആര്‍.എസ്.എസും ബി.ജെ.പിയും നിലപാടെടുത്തത്.

മനസിലാക്കേണ്ടത് ബി.ജെ.പി എന്ന രാഷ്ട്രീയപാര്‍ട്ടിയുടെയും നിലപാട് ദുരൂഹമാണ് എന്നതാണ്. കാരണം ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കരുത് എന്ന് വ്യക്തമായി   അവര്‍ പ്രഖ്യാപിച്ചിട്ടില്ല. കോണ്‍ഗ്രസും പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ അവര്‍ പ്രതിഷേധിക്കുന്ന വിശ്വാസികള്‍ക്കൊപ്പമാണ്. ബി.ജെ.പിക്കും കോണ്‍ഗ്രസിനും സ്വന്തമായൊരു നിലപാടില്ലെന്നു വ്യക്തമായി മനസിലാക്കണം. അപ്പോള്‍ പ്രതിഷേധിക്കുന്ന വിശ്വാസികള്‍ നിലപാടു മാറ്റിയാല്‍ ബി.ജെ.പിയും കോണ്‍ഗ്രസും സുപ്രീം കോടതിവിധിക്കൊപ്പം നില്‍ക്കുമോ? ആ ചോദ്യം അസംബന്ധമാണ്. കാരണം, ബി.െജ.പിയുെടയും കോണ്‍ഗ്രസിന്റെയും  ലക്ഷ്യമെന്താണെന്നതില്‍ ആരും, അവര്‍ പോലും തര്‍ക്കമുന്നയിച്ചിട്ടില്ല. പക്ഷേ ആ ലക്ഷ്യമറിഞ്ഞും അതിന് എരിതീ പകരാന്‍ ശ്രമിക്കുന്നവരില്‍ നിന്നു കൂടിയാണ് കേരളം ഇപ്പോള്‍ രക്ഷ തേടുന്നത്. സംസ്ഥാനസര്‍ക്കാര്‍ മുതല്‍ ആക്റ്റിവിസ്റ്റുകള്‍ വരെ അത് കൃത്യമായി മനസിലാക്കി ഇടപെടേണ്ടതുണ്ട്. 

ബി.ജെ.പി. നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ കേരളസര്‍ക്കാരിനയച്ച സര്‍ക്കുലര്‍ ആണ് ഇത്. സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയിലെ സംഘര്‍ഷസാഹചര്യം കണക്കിലെടുത്ത് കൃത്യമായ സുരക്ഷ ഉറപ്പാക്കണമെന്നാണ് കേന്ദ്രനിര്‍ദേശം. സുപ്രീംകോടതി വിധി നടപ്പാക്കരുതെന്നല്ല, സ്ത്രീകള്‍ക്കും സുരക്ഷ ഒരുക്കണമെന്നാണ് ബി.ജെ.പി. സര്‍ക്കാരിന്റെ നിര്‍ദേശം. ഇവിടെ ചോരപ്പുഴയൊഴുകിയാലും വിശ്വാസം സംരക്ഷിക്കുമെന്നു നിലപാടെടുത്തു നില്‍ക്കുന്ന അതേ ബി.ജെ.പിയുടെ കേന്ദ്രസര്‍ക്കാര്‍. 

ഇത്രമേല്‍ ഇരട്ടത്താപ്പും കടകംമറിച്ചിലും സ്വന്തമായുള്ള ഒരു രാഷ്ട്രീയപാര്‍ട്ടിയാണ് വിശ്വാസികളെ വഞ്ചിച്ച് അവര്‍ക്കൊപ്പമെന്നും അവര്‍ക്കു വേണ്ടിയെന്നും സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ശബരിമലയില്‍ എന്തുകൊണ്ട് യുവതികളെ പ്രവേശിപ്പിക്കണമെന്ന് പരമ്പരകള്‍ പ്രസിദ്ധീകരിച്ച ആര്‍.എസ്.എസാണ് ഇപ്പോള്‍ സുപ്രീംകോടതി വിധി ശരിയായില്ലെന്നും വിശ്വാസിസമൂഹത്തിന്റെ വികാരം മനസിലാക്കിയില്ലെന്നും കീഴ്മേല്‍ മറിഞ്ഞിരിക്കുന്നത്. വിധി വന്ന ശേഷമുള്ള ആര്‍.എസ്.എസിന്റെ വാര്‍ത്താക്കുറിപ്പ് നോക്കുക.  വിധി മാനിക്കുന്നു. ബോധവല്‍ക്കരണവും സമന്വയവും വേണമെന്നു മാത്രമാണ് ആവശ്യം. ബോധവല്‍ക്കരണവും സമന്വയവും നടത്താനാണോ പിന്നീട് ആര്‍.എസ്.എസും ബി.െജ.പിയും നേതൃത്വം നല്‍കിയത്? ഇപ്പോഴും ആ നിലപാടുണ്ടോ? 

നിന്ന നില്‍പില്‍ നിലപാടു മാറ്റാന്‍ ഒരു ലജ്ജയുമില്ലാത്ത പ്രതിപക്ഷരാഷ്ട്രീയപ്രസ്ഥാനങ്ങളേക്കാള്‍ പക്ഷേ ചോദ്യങ്ങള്‍ക്കു മറുപടി പറയേണ്ടത് സംസ്ഥാനസര്‍ക്കാരാണ്. സര്‍ക്കാര്‍ പുരോഗമനിലപാടില്‍ ഉറച്ചു നിന്നുവെന്നത് അനുമോദനം അര്‍ഹിക്കുന്നു. പക്ഷേ എതിര്‍പക്ഷത്തിന്റെ തന്ത്രങ്ങള്‍ കൂടി മുന്‍കൂട്ടി കാണാനോ, ക്ഷേത്രാചാരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെ വിശ്വാസത്തിലെടുക്കാനോ സര്‍ക്കാര്‍ ശ്രമിച്ചില്ല. കുല്‍സിതനീക്കങ്ങള്‍ക്കു മുന്നില്‍  നേര്‍വഴി നിലപാടുകൊണ്ടു മാത്രം പിടിച്ചു നില്‍ക്കാനാകില്ലെന്ന് സര്‍ക്കാര്‍ തിരിച്ചറിഞ്ഞില്ല. വികാരത്തെ വിവേകം കൊണ്ടു മാത്രമേ മറികടക്കാനാകൂവെന്ന് കേരളത്തിനു വേണ്ടിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ തിരിച്ചറിയണമായിരുന്നു

സുപ്രീംകോടതി വിധി പുരോഗമനപരമാണെന്നും സ്ത്രീകളെന്ന പേരില്‍ വിവേചനം പാടില്ലെന്നും നേരേചൊവ്വേ പറഞ്ഞ ഒരേയൊരു രാഷ്ട്രീയപ്രസ്ഥാനമാണ് സി.പി.എം. സ്ത്രീകളെന്ന പ്രത്യേക വിഭാഗമായി ഒരു വോട്ട് ബാങ്ക് കേരളരാഷ്ട്രീയചരിത്രം അടയാളപ്പെടുത്തിയിട്ടില്ലെന്നു തിരിച്ചറിഞ്ഞു തന്നെ. 

പക്ഷേ നിലപാടിലെ സ്ഥൈര്യം കൊണ്ടു മാത്രം കൈകാര്യം ചെയ്യാവുന്ന ഒന്നല്ല വിശ്വാസമെന്ന് സര്‍്കകാര്‍ ഇനിയെങ്കിലും തിരിച്ചറിയണം. തെരുവിലിറങ്ങിയവരെല്ലാം ബി.ജെ.പിക്കാരല്ല. വിശ്വാസികളുണ്ട്. കല്ലെറിഞ്ഞവര്‍ ക്രിമിനലുകളാണ്, പക്ഷേ വഴി തടയുന്നവരെല്ലാം ആര്‍.എസ്.എസോ കോണ്‍ഗ്രസോ അല്ല. വിശ്വാസം മുതലെടുക്കാന്‍ പ്രതിഷേധസമരങ്ങള്‍ക്കു കഴിയുന്നുണ്ട് എന്നു തിരിച്ചറിയണം. സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സ്വീകരിച്ച നിലപാടിനുണ്ടായിരുന്ന തന്ത്രപരമായ സമീപനം വിധിക്കു ശേഷവും ആവശ്യമായി വന്ന ഘട്ടങ്ങളുണ്ട്. ആചാരവുമായി ബന്ധപ്പെട്ടവരെ ഉള്‍പ്പെടുത്തി തന്നെ വിധി നടപ്പാക്കാന്‍ ശ്രമം നടത്താമായിരുന്നു. ദേവസ്വം ബോര്‍ഡിനെക്കൊണ്ടു തന്നെ മുള്ളുകള്‍ കൈകാര്യം ചെയ്യാമായിരുന്നു.  ക്ഷേത്രത്തിലെത്തിയ വിശ്വാസികളായ സ്ത്രീകള്‍ക്കു പോലും മതിയായ സുരക്ഷ ഒരുക്കാനും സര്‍ക്കാരിന് കഴിഞ്ഞില്ല. മുതലെടുപ്പിനുള്ള നിലമൊരുക്കല്‍ മുന്‍കൂട്ടി കാണുന്നതും നേതൃപാടവത്തിന്റെ ഭാഗമാണ്. വര്‍ത്തമാനകാലഇന്ത്യയില്‍ അത് കേരളമെന്ന രാഷ്ട്രീയസമൂഹത്തോട് കാണിക്കേണ്ട ഉത്തരവാദിത്തം കൂടിയാണ്. 

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാമോ എന്നു സുപ്രീംകോടതി ഒന്നു കൂടി വ്യക്തമാക്കും. ആ തീരുമാനം അംഗീകരിക്കുമോയെന്ന് , എതിര്‍ക്കുന്ന ഒരു രാഷ്ട്രീയപാര്‍ട്ടിയും ഇതുവരെ വ്യക്തമാക്കിയിട്ടുമില്ല.  ബി.െജ.പി സുപ്രീംകോടതിയില്‍ റിവ്യൂഹര്‍ജി നല്‍കാനും മുതിര്‍ന്നിട്ടില്ല. കേന്ദ്രത്തിന് ഓര്‍ഡിനന്‍സ് കൊണ്ടു വന്ന് സുപ്രീം കോടതി വിധിയെ മറികടക്കാമെന്ന് നിയമവിദഗ്ധരെല്ലാം ചൂണ്ടിക്കാട്ടിയിട്ടും ബി.െജ.പി ഊളിയിട്ടു മുങ്ങുകയാണ്. സമൂഹം മനസിലാക്കേണ്ടത് ഈ പ്രശ്നത്തിലെ പരിഹാരം  കോണ്‍ഗ്രസിന്റെയോ ബി.െജ.പിയുടെയോ ലക്ഷ്യമേയല്ല എന്നാണ്. പ്രശ്നം മാത്രമാണ്  പ്രതിപക്ഷത്തിനാവശ്യം. പരിഹാരം രാഷ്ട്രീയഅജന്‍ഡകളില്ലാത്ത, സാമൂഹ്യനീതി ആഗ്രഹിക്കുന്ന സമൂഹത്തിന്റെ ആവശ്യമാണ്. 

തിരുച്ചിറപ്പള്ളിയില്‍ നിന്ന് കെട്ടുനിറച്ചെത്തിയ അന്‍പത്തിരണ്ടുകാരിയെ പ്രതിഷേധക്കാര്‍ തടഞ്ഞുവച്ചു. പ്രായം തെളിയിക്കാനാവശ്യപ്പെട്ട് തുടരെ തുടരെ അപമാനിച്ചു. പേടിച്ചും വിറച്ചുമാണ് അവര്‍ക്ക് ശബരിമലയില്‍ ദര്‍ശനം നടത്താനായത്. ശബരിമലയില്‍ ഈ സ്ത്രീയുടെ കണ്ണീര്‍ വീഴ്ത്തിയത് ആരുടെ വിശ്വാസം സംരക്ഷിക്കാനാണ്? വ്രതമെടുത്ത്, ഭക്തിയോടെ മാത്രം ധരിക്കുന്ന അയ്യപ്പവേഷം പ്രതിഷേധക്കാരുടെ പ്രച്ഛന്നവേഷമാക്കിയതാരാണ്? ആചാരങ്ങളില്‍ അണുവിട മാറ്റം പാടില്ലെന്നു ശഠിക്കുന്നവര്‍ തന്നെ പതിനെട്ടാംപടിക്കു കീഴില്‍ പ്രതിഷേധമിരുന്നത് ഏത് കീഴ്‍വഴക്കം കാക്കാനാണ്? യുവതികള്‍ പ്രവേശിച്ചാല്‍ നട അടച്ചിടുമെന്നത് ഏത് ആചാരമാണ്? 

കല്ലേറു നടത്തിയ അക്രമികളെ പൊലീസ് നേരിട്ടതിന് മഹാനവമി ദിനത്തില്‍ കേരളത്തെ സ്തംഭിപ്പിച്ച് ഹര്‍ത്താല്‍ നടത്തിയത് ഏതു സമൂഹത്തിന്റെ വിശ്വാസം സംരക്ഷിക്കാനാണ്? ഒരല്‍പം വൈകിയാലും ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടി വിശ്വാസിസമൂഹം തന്നെ തേടിത്തുടങ്ങുമെന്നുറപ്പാണ്. 

വിശ്വാസത്തിനുള്ളിലും സാമൂഹ്യനീതിയെന്ന വലിയ സന്ദേശമാണ് സുപ്രീംകോടതി വിധി ഉയര്‍ത്തിയത്. മതാധിഷ്ഠിതമായി ജീവിക്കുന്ന വലിയൊരു വിഭാഗം ജനങ്ങളുടെ സമൂഹത്തില്‍ മതങ്ങള്‍ക്കുള്ളില്‍ തുല്യനീതിയെന്നത് വിപ്ലവകരമായ മാറ്റമുണ്ടാക്കും. സ്ത്രീജീവിതങ്ങളില്‍ പ്രത്യേകിച്ചും. ആ സാമൂഹ്യനീതിയാണ് ശബരിമല വിധിയില്‍ പൊതുസമൂഹത്തിന്റെ താല്‍പര്യം. അത് വിശ്വാസത്തെ മാനിക്കുന്നില്ലെന്ന കലാപസാധ്യതയിലാണ് പ്രതിപക്ഷപാര്‍ട്ടികളുടെ താല്‍പര്യം. സാമൂഹ്യനീതിക്കും രാഷ്ട്രീയമുതലെടുപ്പുകള്‍ക്കുമിടയില്‍ ചരിത്രത്തോട് നീതി പുലര്‍ത്തുകയെന്നത് നൂല്‍പ്പാലത്തിലൂടെയുള്ള യാത്രയാണ്.  ആക്റ്റിവിസ്റ്റുകളുടെ ആവേശമോ, രാഷ്ട്രീയ മുദ്രാവാക്യങ്ങളുടെ അകമ്പടിയോ ഇല്ലാതെ തന്നെ ജാഗ്രതയോടെയും അത് നടപ്പാക്കാനാകും. ഇടതുസര്‍ക്കാരിനു മുന്നിലുള്ളത് ചരിത്രം  ഉയര്‍ത്തുന്ന ചോദ്യത്തിനുള്ള മറുപടിയാണ്. കോലാഹലങ്ങള്‍ക്കിടയില്‍ ശ്രദ്ധ പതറിപ്പോകരുത്. 

പ്രളയം നേരിട്ട ജനതയാണ് നമ്മള്‍. ചെറുത്തു തോല്‍പിച്ചവര്‍. ഇത് വൈകാരികതയുടെ കുത്തൊഴുക്കാണ്. നല്ല മനുഷ്യരും  അതില്‍ പെട്ടു പോയിട്ടുണ്ട്. അവരെക്കൂടി ബോധ്യപ്പെടുത്തി  തന്നെ വേണം മുന്നോട്ടു പോകാന്‍. പ്രകൃതി സൃഷ്ടിച്ച വെല്ലുവിളിയേക്കാള്‍ വലിയ ഭീഷണിയാണിത്. നേരിട്ടേ പറ്റൂ.സാമൂഹ്യനീതിയില്‍ വിട്ടുവീഴ്ച പാടില്ല.  ഏതു വിശ്വാസത്തിലെയും അനീതി തിരുത്തപ്പെടുക തന്നെ വേണം. പക്ഷേ അത് കേരളത്തിന്റെ മതനിരപേക്ഷസ്വഭാവത്തെ ബലി കഴിച്ചുകൊണ്ടാകരുതെന്നുറപ്പാക്കാനും ജാഗ്രത വേണം. ലക്ഷ്യത്തിലെത്താനുള്ള മാര്‍ഗത്തിലും ശ്രദ്ധ വേണം. 

ചരിത്രപരമായ സുപ്രീംകോടതിവിധി ചരിത്രത്തിനു പരുക്കേല്‍പിക്കാതെ നടപ്പാക്കാന്‍ കഴിയണം. ഭരണഘടന അവകാശങ്ങള്‍ മാത്രമല്ല, വലിയ ഉത്തരവാദിത്തങ്ങളും നമ്മളെ ഏല്‍പിച്ചിട്ടുണ്ട്.

MORE IN PARAYATHE VAYYA
SHOW MORE