കാട്ടുതീ പോലെ മീ ടൂ; തലകുനിച്ച് ചൂഷകർ

parayatha-vayya
SHARE

ലോകമെമ്പാടും ഒരു കാട്ടുതീ പടരുകയാണ്. മീ ടൂ എന്നാണ് അതിന്റെ പേര്. നയിക്കുന്നത് സ്ത്രീകളാണ്. ഒരിക്കല്‍ ഇരകളായവര്‍. തകര്‍ന്നു വീഴുന്നത് വേട്ടക്കാരായ പുരുഷന്‍മാരുടെ മുഖംമൂടികളാണ്, അവരില്‍ പലരും സമൂഹം ആദരിച്ചിരുന്നവരും, മാതൃകയായി കണ്ട് പിന്തുടരുന്നവരുമായിരുന്നു. ആ മനുഷ്യരാണ്, മനുഷ്യരെയാകെ തലകുനിപ്പിക്കുന്ന ചൂഷകരായിരുന്നുവെന്ന് ഇന്ന് തിരിച്ചറിയുന്നത്. ഈ കാട്ടു തീ പടരേണ്ടതുതന്നെയാണ്. സ്ത്രീവിരുദ്ധത ചുട്ടെരിക്കാതെ ലോകത്തിന് മുന്നോട്ടു പോകാനാകില്ല. 

മനുഷ്യന് പലപ്പോഴും അസൗകര്യമുണ്ടാക്കുന്നുണ്ടെങ്കിലും കാട്ടുതീ പ്രകൃതിയുടെ ഒരു നീതിയാണെന്ന് ചിലപ്പോഴെങ്കിലും ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്. പ്രകൃത്യായുണ്ടാകേണ്ട ഒരു ശുദ്ധീകരണം നടത്തും അത്. മീ ടൂ ക്യാംപെയിനും സമാനമാണ്. ആ ശുദ്ധീകരണത്തില്‍ ചില മനുഷ്യര്‍, ലൈംഗികാതിക്രമം നടത്തിയ ചില പുരുഷന്‍മാര്‍ തുറന്നുകാണിക്കപ്പെടുകയാണ്. ചിലര്‍ ദശാബ്ദങ്ങള്‍ക്കു മുന്‍പേ ചെയ്ത ക്രൂരകൃത്യങ്ങള്‍. ചിലര്‍ ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്ന ലൈംഗികാതിക്രമങ്ങള്‍. പല കാരണങ്ങളാല്‍ നിശബ്ദരാക്കപ്പെട്ട സ്ത്രീകള്‍, അവര്‍ക്കു നേരിടേണ്ടി വന്ന ലൈംഗികകുറ്റകൃത്യം തുറന്നു പറയുകയാണ്. ചിലര്‍ ഇതുവരെ അടിച്ചമര്‍ത്തി വയ്ക്കപ്പെട്ട ചോദ്യങ്ങള്‍ ഉറക്കെയുറക്കെ ആവര്‍ത്തിച്ചു ചോദിക്കുകയാണ്. സ്ത്രീകള്‍ നീതി അര്‍ഹിക്കുന്നവരാണെന്നും ഇനിയും അവരുടെ ചോദ്യങ്ങള്‍ അമര്‍ത്തിയൊതുക്കി വയ്ക്കാനാകില്ലെന്ന് ഉറപ്പിക്കുകയാണ്. അന്തസോടെ, തുല്യതയോടെ ജീവിക്കാനുള്ള അവകാശമുണ്ടെന്ന് അവര്‍ തലയുയര്‍ത്തി പറയുകയാണ്. 

പട്ടിക നീണ്ടു നീണ്ടു പോകുകയാണ്. ഇന്ത്യയിലെ രാഷ്ട്രീയ, സാംസ്കാരികമേഖലയിലെ ഒട്ടനവധി പ്രമുഖര്‍ മുഖം നഷ്ടപ്പെട്ട് അപമാനിതരായി നില്‍ക്കുന്നു. വിദേശകാര്യസഹമന്ത്രി എം.ജെ.അക്ബര്‍ മുതല്‍, രാജ്യം കണ്ട മികച്ച അഭിനേതാക്കളില്‍പെട്ട നാനാപടേക്കര്‍  അടക്കമുള്ളവര്‍ ചോദ്യങ്ങളുടെ വാള്‍മുന നേരിടുന്നു. തെന്നിന്ത്യയില്‍ പേരെടുത്ത ഗാനരചയിതാവ് വൈരമുത്തു, മലയാളത്തില്‍ നടന്‍ മുകേഷ്, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍‌. ഏറ്റവുമൊടുവില്‍ അമിതാഭ് ബച്ചനെതിരെ പോലും ചോദ്യമുനകള്‍ നീളുകയാണ്. 

ആദരിക്കപ്പെട്ടിരുന്നവര്‍, സമൂഹം ബഹുമാനിച്ചിരുന്നവരാണ് കുറ്റവാളികള്‍ കൂടിയായിരുന്നുവെന്ന് ലോകം കാണുന്നത്. പ്രതിക്കൂട്ടില്‍ കയറുന്നവരുടെ നിര ലോകത്തെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. അതുകൊണ്ടാകണം, ആക്രമിക്കപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കേണ്ടവര്‍ പോലും മറുചോദ്യങ്ങളില്‍ പ്രതിരോധത്തിനുള്ള പാഴ്ശ്രമം തുടരുകയാണ്. പതിവുചോദ്യങ്ങളാണ്. എന്തുകൊണ്ടിത്രയും വൈകി? എന്താണുദ്ദേശം? അന്നെന്തുകൊണ്ട് പരാതി പറഞ്ഞില്ല? ഓര്‍ക്കുക ഈചോദ്യങ്ങള്‍ക്കൊക്കെ വ്യക്തമായ ഉത്തരങ്ങളുണ്ട്. എന്നിട്ടും നിങ്ങളാ ചോദ്യങ്ങള്‍ ആവര്‍ത്തിക്കുന്നുവെങ്കില്‍ പ്രശ്നം നിങ്ങള്‍ക്കാണ്. നിങ്ങള്‍ക്കു മാത്രമാണ്. 

മീടൂവില്‍ വെളിപ്പെടുത്തല്‍ നടത്തിയ സ്ത്രീകളോടൊക്കെ, ആകെ  വിരണ്ടുപോയ മനുഷ്യര്‍ തിരിച്ചു ചോദിക്കുന്ന ആദ്യത്തെ ചോദ്യം ഒന്നു തന്നെയാണ്. എന്തുകൊണ്ട് അന്നേ പറഞ്ഞില്ല?

ഇതു നമുക്കും അറിയാത്തതല്ലല്ലോ, നമ്മുടെ കണ്‍മുന്നിലൂടെ പോലും എത്രയെത്ര ചൂഷകര്‍ നിശബ്ദരായി വേട്ട തുടര്‍ന്നിട്ടുണ്ട്. നമ്മളത് കണ്ടില്ലെന്നു നടിക്കുകയോ, തീര്‍ത്തും അവഗണിക്കുകയോ ചെയ്തിട്ടുണ്ട്?തൊഴില്‍മേഖലയില്‍ നേരിടേണ്ടി വരുന്ന ഒരു ലൈംഗികാതിക്രമം ഒരു സ്ത്രീയെ എങ്ങനെയാണ് ബാധിക്കുകയെന്ന്, അതനുഭവിക്കാത്തവര്‍ക്ക് ഊഹിക്കാനാകുമോ?

ലൈംഗികാതിക്രമം ഒരു സ്ത്രീയെ എങ്ങനെയാണ് ബാധിക്കുകയെന്നു മനസിലാക്കണമെങ്കില്‍ ആദ്യം, ലൈംഗികാതിക്രമം എന്താണെന്നു മനസിലാക്കണം. ശാരീരികമായ ആക്രമണം മാത്രമല്ല ലൈംഗികാതിക്രമം. അത് ഒരു സ്ത്രീയുടെ വ്യക്തിത്വത്തെ, ജീവിതത്തെ അടിമുടി തകര്‍ക്കുന്നതും സ്വാധീനിക്കുന്നതുമാണ്. ശാരീരികാവസ്ഥ കൊണ്ടു മാത്രം, അരക്ഷിതരായിപ്പോകേണ്ടിവരുന്ന, ആധികളിലേക്ക് ജീവിതം ചുരുങ്ങിപ്പോകുന്ന ഒരു മനുഷ്യന്റെ ദയനീയവസ്ഥയാണത്. അതുകൊണ്ട് മീ ടൂ എന്നത് ഒരു തമാശയാക്കിച്ചിരിക്കുന്ന ഓരോ മനുഷ്യനും, ഓരോ പുരുഷനും, ഓരോ സ്ത്രീയും മനസിലാക്കണം. പൊള്ളുന്ന ജീവിതങ്ങളെയാണ് നിങ്ങള്‍ നിസാരമായി ചിരിച്ചു തള്ളുന്നത്. അതും അതിക്രമമാണ്.

മീ ടൂ വില്‍ തുറന്നു പറച്ചിലുകള്‍ കേട്ടാസ്വദിച്ച്, വിശകലനങ്ങളും വിമര്‍ശനങ്ങളുമെഴുതി ഗാലറിയില്‍ നില്‍ക്കേണ്ട ദൗത്യമല്ല സമൂഹത്തിന്റേത്. പ്രശ്നം ലൈംഗികമായ ആക്രമണം മാത്രമല്ലെന്നു ശരിയായി മനസിലാക്കേണ്ടതുണ്ട്.  ആയുധം അധികാരമാണ്.  പദവിയാണ്. നിസഹായത മുതലെടുത്തുള്ള ചൂഷണമാണ്. മേധാവിത്തം വച്ച് ഒരു മനുഷ്യനെ ബന്ദിയാക്കി നടത്തുന്ന ആക്രമണം തന്നെയാണത്. വര്‍ഷങ്ങള്‍ കഴിഞ്ഞതുകൊണ്ട്, ആക്രമണകാരിയുടെ ജീവിതാവസ്ഥ മാറിയെന്നതുകൊണ്ടു കുറ്റകൃത്യത്തിന്റെ തീവ്രത കുറച്ചു കാണാവുന്നതല്ല.

അതുകൊണ്ട് വൈകിപ്പോയി എന്ന ന്യായം മാറ്റിവയ്ക്കുക. ഒട്ടും താമസിക്കാതെ നിങ്ങള്‍ക്കു മുന്നിലെത്തിയ പരാതികളില്‍ എന്തായിരുന്നു നിലപാടെന്ന് സ്വയം ഒന്ന് ഓര്‍ത്തുനോക്കുക. നടി ആക്രമിക്കപ്പെട്ടപ്പോള്‍, പി.കെ.ശശിക്കെതിരെ സഹപ്രവര്‍ത്തക പരാതി നല്‍കിയപ്പോള്‍ കാലതാമസക്കുറ്റമുണ്ടായിരുന്നില്ലല്ലോ. എന്നിട്ടെന്തു സംഭവിച്ചു? ഒന്നുകില്‍ എന്താണ് ആക്രമിക്കപ്പെടുന്ന സ്ത്രീകള്‍ നേരിടുന്നതെന്ന് ഒരു കാലത്തും നിങ്ങള്‍ക്കു മനസിലാകുന്നില്ല. അല്ലെങ്കില്‍ ഇനിയും മനസിലാക്കാന്‍ ഉദ്ദേശിക്കുന്നതേയില്ല. പക്ഷേ സ്ത്രീകള്‍ ഇനിയൊരിക്കലും നിശബ്ദരായിരിക്കില്ലെന്ന താക്കീത് മനസിലായാലും മതി. അവിടെ തന്നെ മീടൂ വിജയിച്ചു കഴിഞ്ഞു

വൈകിപ്പോയതെന്തേ എന്ന ചോദ്യത്തിനുള്ള ഏറ്റവും വ്യക്തമായ മറുപടിയാണ്, നടി ആക്രമിക്കപ്പെട്ട കേസില്‍ സിനിമാസംഘടന പുലര്‍ത്തിയ സമീപനം. തിരുത്താന്‍ ആരുണ്ടായി? സര്‍ക്കാരോ രാഷ്ട്രീയപാര്‍ട്ടികളോ ഒരു ന്യായീകരണവുമില്ലാത്ത ആ സമീപനത്തെ ചോദ്യം ചെയ്യാന്‍ തുനിഞ്ഞോ? 

അവള്‍ക്കൊപ്പം എന്നു പറഞ്ഞു തുടങ്ങിയതാണ്, ഇന്ന് അവള്‍ക്കൊപ്പം ഇവര്‍ മാത്രമാണ്. സിനിമയിലെ സ്ത്രീകളില്‍ ഒരു ചെറിയ ശതമാനം മാത്രം. അവര്‍ വാദിക്കുന്നത്, പ്രതിഷേധിക്കുന്നത് അവള്‍‌ക്കു വേണ്ടി മാത്രമല്ലെന്ന് സിനിമയിലെ സ്ത്രീകള്‍ക്കു പോലും മനസിലായിട്ടില്ല. 

ഉടനേയറിഞ്ഞാലും നീതിയോട് മുഖം തിരിക്കുന്നതിന് അടുത്ത ഉദാഹരണം സി.പി.എമ്മിന്റെ സംഘടനാചട്ടക്കൂടില്‍ ഭദ്രമാണ്. യുവജനസംഘടനാനേതാവ് പാര്‍ട്ടിയിലെ ഉന്നതനായ എം.എല്‍.എയ്ക്കെതിരെ നല്‍കിയ പരാതിക്കും കാലതാമസത്തിന്റെ കുറ്റമില്ല. പക്ഷേ ഒന്നരമാസമായി പാര്‍ട്ടി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. നേതാവ് പദവിയില്‍ തുടരുന്നു. പരാതിക്കാരി മുഖം പോലുമില്ലാതെ നീതി കാത്തിരിക്കുന്നു. ടാറ്റാ മോട്ടോര്‍സ് എന്ന കോര്‍പറേറ്റ് സ്ഥാപനം പോലും HR മേധാവിക്കെതിരെ ലൈംഗികാരോപണപരാതി കിട്ടിയപ്പോള്‍ അദ്ദേഹത്തോട് അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ട ശേഷമാണ് ആഭ്യന്തരഅന്വേഷണം തുടങ്ങിയത്. ഇവിടെ പി.കെ.ശശി, ഇപ്പോഴും എം.എല്‍.എയാണ്. ഇനിയും എം.എല്‍.എ ആയിരിക്കും എന്നാണ് സൂചനകളും. 

പക്ഷേ മുന്‍ സഹപ്രവര്‍ത്തകരോട് ലൈംഗികാതിക്രമം കാണിച്ച എം.ജെ.അക്ബര്‍ ഉടന്‍ രാജിവയ്ക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടിട്ടുണ്ട്. പി.കെ.ശശിയുടെ കാര്യം  സി.പി.എം. സൗകര്യം പോലെ തീരുമാനിക്കും. മുകേഷിന്റെ കാര്യം പരാതിക്കാരി നിയമവഴിയിലൂടെ നീങ്ങട്ടെയെന്ന ഉദാരസമീപനവും സി.പി.എം സ്വീകരിച്ചിട്ടുണ്ട്. സ്ത്രീപക്ഷനിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന് ഉറക്കെപ്പറയുന്ന സി.പി.എമ്മിന്റെ സമീപനം ഇതാണെങ്കില്‍, പിന്നെ പരാതികള്‍ വൈകിപ്പോയെന്ന് ആരോടാണ് സമൂഹം കുറ്റപ്പെടുത്തുക. നിയമമല്ല, എപ്പോഴും ശിക്ഷ വിധിക്കേണ്ടത്, തിരുത്തലുകള്‍ ഉറപ്പിക്കേണ്ടത്. അത് സമൂഹത്തിന്റെ കൂടി ഉത്തരവാദിത്തമാണ്. 

ലൈംഗികാതിക്രമം ഏതു നിലയ്ക്കും കുറ്റകൃത്യമാണ്. ഇത്രയും കാലം പുറത്തുവന്നില്ലെന്നതുകൊണ്ട് ഒരു കുറ്റവും കുറ്റമല്ലാതാകുന്നില്ല. ശിക്ഷ വിധിക്കാന്‍ ചിലപ്പോള്‍ നിയമം നിസഹായമായേക്കാം. പക്ഷേ സമൂഹം നിസഹായമാകാന്‍ പാടില്ല. നിശബ്ദരാകാന്‍ പാടില്ല. 

അവര്‍ക്കൊപ്പം നില്‍ക്കുക എന്നതുമാത്രമല്ല, അവിടെ തീരുന്നില്ല, സമൂഹത്തിന്റെ ഉത്തരവാദിത്തം. മീ ടൂ തുറന്നുവച്ച, തുറന്നുകാട്ടലുകളുടെ തുടര്‍ച്ചയുണ്ടാകണം. ഒപ്പം പരിഹാരങ്ങളിലേക്കുള്ള സൂക്ഷ്മസാധ്യതകള്‍ സമൂഹം തിരയേണ്ടതുണ്ട്. പുരുഷാധിപത്യലോകത്തിന്റെ വെല്ലുവിളികള്‍ നേരിടാന്‍ പെണ്‍കുട്ടികളെ പഠിപ്പിക്കുന്നതുപോലെ തന്നെ വേട്ടക്കാരാകാതിരിക്കാന്‍ ആണ്‍കുട്ടികളെയും പഠിപ്പിക്കണം. 

എങ്ങനെയാണ് പുരുഷന്‍ ലൈംഗികാതിക്രമം നടത്തുന്നവനാകുന്നത്? വ്യക്തിപരവും സാമൂഹ്യവും രാഷ്ട്രീയവുമായ കാരണങ്ങളുണ്ട്. ഏറ്റവും അടിസ്ഥാനപ്രശ്നം ഗുരുതരമായ വ്യക്തിത്വവൈകല്യമാണ്. അധികാരസ്വഭാവം, ചൂഷണമനോഭാവം, നിയന്ത്രിക്കാന്‍ തീരുമാനിച്ചിട്ടില്ലാത്ത ലൈംഗികാസക്തി ഇതിനൊപ്പം പ്രശ്നമാണ് വൈകാരികമായ സങ്കീര്‍ണാവസ്ഥയും. 

ആണ്‍കുട്ടികളെയും വൈകാരികഭാവങ്ങള്‍ ശരിയായ അര്‍ഥത്തില്‍ പ്രകടിപ്പിക്കാന്‍ പരിശീലിക്കുകയാണ് ഒരു പരിഹാരമാര്‍ഗമെന്ന് ആഴത്തിലുള്ള രാജ്യാന്തരപഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. കരയുന്നത് മോശമല്ലെന്ന് ആണ്‍കുട്ടികള്‍ പഠിക്കണം. വൈകാരികസമ്മര്‍ദങ്ങള്‍ തുറന്നു പറയാനും ചര്‍ച്ച ചെയ്യാനും അവരെ ശരിയായി പഠിപ്പിക്കണം. ആണ്‍ എന്നത് സ്വാഭാവികമായ ഒരു മേല്‍ക്കോയ്മയല്ലെന്ന് അപ്പോഴേ കുട്ടിക്കാലം മുതല്‍ അവര്‍ക്കു മനസിലാകൂ. പെണ്ണിനേക്കാള്‍ മുകളിലാണെന്ന് അറിഞ്ഞോ അറിയാതെയോ കുത്തിവയ്ക്കുന്നതു മുതലാണ് അധീശത്വത്തിന്റെയും അധികാരത്തിന്റെയും ആദ്യഭാവങ്ങള്‍ ആണ്‍കുട്ടിയില്‍ രൂപപ്പെടുന്നത് എന്നാണ് പഠനങ്ങള്‍. തിക്തമായ ജീവിതാനുഭവങ്ങളോ, സങ്കീര്‍ണമായ കുട്ടിക്കാലമോ , പരസ്പരബഹുമാനമില്ലായ്മയോ ഒക്കെ, സ്വാഭാവികമായ അധീശത്വം സാധ്യമാക്കുന്ന ആദ്യഅവസരത്തില്‍ തന്നെ അക്രമകാരിയായ ആണിനെ പുറത്തുകൊണ്ടുവന്നേക്കാം. വ്യക്തിത്വവൈകല്യമുള്ള പുരുഷന്റെ ആദ്യ ഇര, സ്വാഭാവികമായും നിസഹായാവസ്ഥയിലുള്ള സ്ത്രീയാകും. ചെറുത്തുനില്‍പുണ്ടാകുന്നില്ലെങ്കില്‍ ആ കുറ്റവാളി സമൂഹത്തിനും സ്ത്രീസമൂഹത്തിനാകെയും ഒരു ഭീഷണിയായി വളരുകയും ലൈംഗികാതിക്രമങ്ങള്‍  തുടരുകയും ചെയ്യും. കാലങ്ങളേറെക്കഴിഞ്ഞ് മീ ടൂവില്‍ ഒരാള്‍ക്ക് ധൈര്യം കിട്ടുമ്പോഴേക്കും നിരവധി സ്ത്രീകള്‍, ഇരകളായിത്തീര്‍ന്നിരിക്കും. അതുകൊണ്ട് ലക്ഷണങ്ങള്‍ തിരിച്ചറിയുമ്പോഴേ, പശ്ചാത്തലം മനസിലാക്കുമ്പോഴേ തിരുത്തിക്കൊണ്ടുവരാനുള്ള ഉത്തരവാദിത്തം സമൂഹത്തിനുണ്ട്. ലൈംഗികാതിക്രമം സമൂഹത്തിനെതിരെയുള്ള കുറ്റകൃത്യമാണ്. 

വേട്ടക്കാരായി വിരാജിക്കുന്ന മനുഷ്യരെ ഒന്നു പേടിപ്പിച്ചു നിര്‍ത്താനെങ്കിലും മീ ടൂവിന് കഴിയുമെന്നുറപ്പാണ്. ഒരിക്കല്‍ തുറന്നു കാണിക്കപ്പെടുമെന്ന്, അപമാനിതരാകേണ്ടി വരുമെന്ന ഭയം പോലും ശിക്ഷയാണ്. പക്ഷേ സ്ത്രീകളുടെ ലക്ഷ്യം അതു മാത്രമല്ലല്ലോ. അടുത്ത തലമുറയിലെ സ്ത്രീകള്‍ക്ക് ഈ അരക്ഷിതാവസ്ഥ പോലും നേരിടേണ്ടി വരരുത്. മീ ടൂ അതിനുവേണ്ടിയുള്ള കൈകോര്‍ക്കലായി മാറണം. ഉറപ്പിച്ചോളൂ, മീ ടൂവിനെ കൂവിത്തോല്‍പിക്കാനാകില്ല.

MORE IN PARAYATHE VAYYA
SHOW MORE