ചരിത്ര വിധിയിൽ വർഗീയ മുതലെടുപ്പും രാഷ്ട്രീയ ഒളിച്ചുകളിയും

Parayathavaya-sabarimala
SHARE

ശബരിമലയില്‍ യുവതികളെയും പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കണോ എന്നൊരു ചോദ്യം ആര്‍ക്കു മുന്നിലാണുള്ളത്? യുവതികളെ വിലക്കുന്ന ആചാരം ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീംകോടതി  തിരുത്തുമ്പോള്‍ ആരുടെ വിശ്വാസം ഹനിക്കപ്പെടുന്നുവെന്നാണ് ഹാലിളകുന്നവര്‍ പറയുന്നത്? വര്‍ഗീയ മുതലെടുപ്പു രാഷ്ട്രീയത്തിന്റെ ഹീനമായ മുദ്രാവാക്യങ്ങള്‍ക്കു മുന്നില്‍ പതറിപ്പോകരുത് കേരളം. വോട്ടുബാങ്കുകളെ പേടിക്കാതെ, പുരോഗമനനിലപാടില്‍ ഉറച്ചു നില്‍ക്കുന്നു കേരളാസര്‍ക്കാര്‍ എന്നത് പ്രത്യാശയാണ്. സ്ത്രീപക്ഷരാഷ്ട്രീയത്തിനു മാത്രമല്ല, മുന്നോട്ടാണ് നടക്കേണ്ടതെന്ന് വിശ്വസിക്കുന്ന ഓരോ മനുഷ്യനും. പക്ഷേ കോണ്‍ഗ്രസിനോട്, ബി.ജെ.പിയോടല്ല, കോണ്‍ഗ്രസിനോട് കേരളത്തിന് ചിലതു ചോദിക്കാനുണ്ട്. ക്ഷമിക്കാനാകാത്ത രാഷ്ട്രീയമുതലെടുപ്പാണ് ശബരിമല പ്രശ്നത്തില്‍ കോണ്‍ഗ്രസ് നടത്തുന്നതെന്ന് പറയാതെ വയ്യ

സുപ്രീംകോടതി വിധി ശബരിമലയിലേക്കു യുവതികള്‍ക്ക് പ്രവേശിക്കാമെന്ന ഒറ്റ വരി അന്തസത്തയില്‍ ഒതുങ്ങുന്നതേ ആയിരുന്നില്ല. വിവേചനം, എവിടെയായാലും, ആചാരങ്ങളുടെ മതില്‍ക്കെട്ടിനകത്തു പോലം അനുവദിക്കപ്പെടില്ലെന്ന സുദൃഢമായ പ്രഖ്യാപനമായിരുന്നു അത്. ആര്‍ത്തവം അയിത്തമല്ലെന്നു 2018ലും സുപ്രീംകോടതിക്ക് പറയേണ്ടി വന്നുവെന്നത് ലജ്ജാകരമാണ്. പക്ഷേ അത് പറയേണ്ടി വന്ന സാമൂഹ്യാവസ്ഥ സത്യവുമാണ്. യുവതികളുടെ ജീവിതത്തിന്, അന്തസിന് വലിയ ആത്മവിശ്വാസം പകരുന്ന വിധിയാണ് സുപ്രീംകോടതിയില്‍ നിന്നുണ്ടായത്.  എല്ലാ വനിതകളും ശബരിമലയില്‍ പോകണമെന്നല്ല സുപ്രീംകോടതി ആവശ്യപ്പെട്ടത്. ആഗ്രഹിക്കുന്നവരെ തടയാനാകില്ലെന്നു മാത്രമാണ്. അതേ നിലപാടാണ് സംസ്ഥാനസര്‍ക്കാരും സ്വീകരിച്ചത്. വോട്ടുബാങ്കുകളെ പേടിക്കാതെ ആര്‍ജവമുള്ള നിലപാടുയര്‍ത്തിപ്പിടിച്ചു സംസ്ഥാനസര്‍ക്കാര്‍ എന്നത് ചരിത്രം കൃത‍ജ്ഞതയോടെ രേഖപ്പെടുത്തും. 

അസാധാരണമായ വിധിയായിരുന്നു. പ്രതികരണങ്ങളും അസാധാരണമാകും. മാറ്റം എന്തിനെന്നും ചരിത്രം എന്തായിരുന്നുവെന്നും  വിശ്വാസികളെയും ക്ഷേത്രാധികാരികളെയും ഓര്‍മിപ്പിക്കാന്‍ വസ്തുതകള്‍ തന്നെയുണ്ട്. പക്ഷേ മുതലെടുപ്പിനിറങ്ങിയവരുടെ മുന്നണിയില്‍ കേരളം പ്രതീക്ഷിക്കാത്ത ചിലരുണ്ടെന്നത് ആശങ്കപ്പെടുത്തുന്നതാണ്. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനോടാണ്, ഇത് നിങ്ങള്‍ കേരളത്തോട് ചെയ്യാന്‍ പാടില്ലായിരുന്നു. രാജ്യം മുഴുവന്‍ ധ്രുവീകരണത്തിന്റെ കാറ്റില്‍ ഉലഞ്ഞുപോയപ്പോഴും ചെറുത്തുനിന്ന കേരളമാണ്. നിങ്ങള്‍ കൂടി പടുത്തുയര്‍ത്തിയ നവോത്ഥാനകേരളമാണ്. ഒരു തിരഞ്ഞെടുപ്പിലെ കുറച്ചു വോട്ടുകള്‍ക്കു വേണ്ടി ഈ കേരളത്തെ നിങ്ങള്‍ ഒറ്റുകൊടുക്കരുതായിരുന്നു. വിശ്വാസത്തിന്റെ വൈകാരികമുതലെടുപ്പ് തീക്കൊള്ളികൊണ്ട് തല ചൊറിയലാണെന്ന് കോണ്‍ഗ്രസ് ഇനിയും പഠിച്ചിട്ടില്ലെങ്കില്‍ കഷ്ടം എന്നേ പറയാനുള്ളൂ. പക്ഷേ ഒരു ചോദ്യത്തിന് നിങ്ങള്‍ മറുപടി പറയണം. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്  ഉയര്‍ത്തിപ്പിടിക്കുന്നത് ഇന്ത്യന്‍ ഭരണഘടനയോ ഒരു വിഭാഗം വിശ്വാസികളുടെ വികാരമോ? 

ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ കളങ്കമായി എഴുതിച്ചേര്‍ക്കപ്പെടും ഈ  നിലപാട്. സ്ത്രീകളോട് വിവേചനം പാടില്ലെന്ന് ഭരണഘടനയുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുത്ത ഒരു സുപ്രീംകോടതി വിധിക്കെതിരെ കോണ്‍ഗ്രസ് പാര്‍ട്ടി സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. സമരം നടത്തുന്നത് സര്‍ക്കാരിനെതിരാണെന്നാണ് പ്രഖ്യാപനമെങ്കിലും വിധി പുറപ്പെടുവിച്ചത് സുപ്രീംകോടതിയാണ്, അതും ഭരണഘടനയിലെ അടിസ്ഥാനതത്വം ചൂണ്ടിക്കാട്ടി. 

സമരത്തിന്റെ പേരില്‍ കോണ്‍ഗ്രസിന് രാഷ്ട്രീയനേട്ടങ്ങളുണ്ടായേക്കാം, ഉണ്ടാകാതിരിക്കാം. പക്ഷേ ചില വിശ്വാസികളുടെ വികാരമാണ് ഇന്ത്യന്‍ ഭരണഘടനയേക്കാള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത് എന്നാണ് കോണ്‍ഗ്രസിന്റെ നിലപാടെങ്കില്‍ അതിന്  കേരളവും കോണ്‍ഗ്രസും കൊടുക്കേണ്ടി വരുന്ന വില ഇപ്പോള്‍ ഊഹിക്കാന്‍ പോലും കഴിയില്ല. സ്ത്രീകള്‍ക്ക് തുല്യാവകാശമുണ്ട്, ഇന്ത്യയില്‍ എവിടെയായാലും എന്ന സുപ്രീംകോടതി വിധി ചരിത്രപരമാണ് എന്നാണ് അഖിലേന്ത്യാകോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചത്. ആ ചരിത്രവിധിക്കെതിരെ സമരം പ്രഖ്യാപിച്ചിരിക്കുന്ന കെ.പി.സി.സി ഇപ്പോഴും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ ഭാഗമാണോ?

പ്രാദേശികവികാരത്തിന്റെ അടിസ്ഥാനത്തില്‍ സ്ത്രീവിരുദ്ധതയുമാകാം എന്ന് ‍ഒഴിഞ്ഞു മാറുന്ന കോണ്‍ഗ്രസ് ദേശീയനേതൃത്വത്തോടു മാത്രമല്ല കേരളത്തിലെ കോണ്‍ഗ്രസിന്റെ പുതിയ നേതൃത്വത്തോടു കൂടിയാണ്  ചോദിക്കാനുള്ളത്. എന്തടിസ്ഥാനത്തിലാണ് വൈകാരികവിശ്വാസത്തെയാണ് മാനിക്കേണ്ടത് എന്നു നിങ്ങള്‍ നിലപാടെക്കുന്നത്?  വിശ്വാസത്തിന്റെ പേരിലായാലും ഒരു വിവേചനവും ഇന്ത്യയില്‍ അനുവദിക്കാനാകില്ലെന്ന് ഭരണഘടന ചൂണ്ടി സുപ്രീംകോടതി പറയുമ്പോള്‍ പറ്റില്ലെന്ന് സ്ത്രീകളോട് നിങ്ങളെങ്ങനെ പറയും? സ്ത്രീകളുടെ വിശ്വാസം നിങ്ങളുടെ പ്രശ്നമല്ലേ? പുരുഷന്‍മാരുടെ വിശ്വാസത്തെയും വികാരത്തെയും മാത്രം മാനിക്കുന്ന സ്ത്രീവിരുദ്ധ പാര്‍ട്ടിയാണോ കോണ്‍ഗ്രസ്? 

പുരോഗമനസമൂഹം എന്നു സ്വയം അവകാശപ്പെടാന്‍ കേരളത്തെ പ്രാപ്തമാക്കിയ സാഹചര്യങ്ങള്‍ക്ക് വലിയ സമരങ്ങളുടെ ചരിത്രമുണ്ട്. സ്ത്രീകളുടെ അവകാശനിഷേധങ്ങളുടെ ഇരുണ്ട കാലം കൂടി അതിജീവിച്ചാണ് കേരളം ആ സാമൂഹ്യമുന്നേറ്റം സാധ്യമാക്കിയത്. അതിലെവിടെയും  മാറ്റത്തിന്റെ മുദ്രാവാക്യങ്ങളുയര്‍ത്തിയ സമരചരിത്രമില്ലെങ്കിലും ഈ മട്ടില്‍ പുറന്തിരിഞ്ഞു നിന്നിട്ടില്ല കോണ്‍ഗ്രസ് പാര്‍ട്ടി. ഇന്ന് ആ പാര്‍ട്ടിയുടെ വര്‍ക്കിങ് പ്രസിഡന്റ് ഉന്നയിക്കുന്ന ചോദ്യം, ആര്‍ത്തവം അശുദ്ധി തന്നെയല്ലേ എന്നാണ്?

ഇന്ത്യാ മഹാരാജ്യത്ത് പകുതിയോളം സ്ത്രീകളാണ്. കൃത്യമായി പറ‍ഞ്ഞാല്‍ അവസാനകണക്കു പ്രകാരം 49 ശതമാനമത്തിനടുത്ത്. രാജ്യത്തെ പിന്തിരിപ്പന്‍ ആശയങ്ങളിലേക്കും മതധ്രുവീകരണത്തിലേക്കും കൊണ്ടുപോകുന്ന ബി.ജെ.പിയില്‍ നിന്ന് തിരിച്ചുപിടിക്കും എന്നാണ് കോണ്‍ഗ്രസ് ഇപ്പോള്‍ പറയുന്നത്. ജനാധിപത്യം തിരിച്ചുകൊണ്ടുവരുമെന്നാണ് രാഹുല്‍ഗാന്ധിയുടെ പ്രധാന മുദ്രാവാക്യം. 

 ഈ പിന്തിരിപ്പന്‍ നേതാക്കളില്‍ നിന്നു കോണ്‍ഗ്രസിനെ എങ്ങനെ തിരിച്ചുപിടിക്കുമെന്നാണ്  രാഹുല്‍ഗാന്ധി സ്ത്രീകളോട് പറയേണ്ടത്. മതേതരത്വം  എന്നും സമത്വമെന്നും ഇനി വിളിച്ചുപറയാന്‍ നല്ല കോണ്‍ഗ്രസുകാര്‍  ലജ്ജിക്കും. ശബരിമലയിലേത് ചരിത്രവിധിയാണെന്നു വിളിച്ചു പറഞ്ഞ വനിതാനേതാക്കള്‍ ഈ നിലപാടില്‍ അപമാനഭാരത്താല്‍ തല താഴ്ത്തുകയാണ്.  ദേവസ്വം ബോര്‍ഡിനെ സ്വതന്ത്രനിലപാടിനു വിടണമെന്നാവശ്യപ്പെടുന്ന കോണ്‍ഗ്രസ് നേതാക്കളോട് ഒരു ചോദ്യം, നിങ്ങളുടെ പാര്‍ട്ടിയിലെ വനിതാനേതാക്കളെ സ്വതന്ത്രമായ നിലപാട് പറയാന്‍ അനുവദിക്കാന്‍ ധൈര്യമുണ്ടോ?

വോട്ടുബാങ്കുകള്‍ക്കു മുന്നില്‍ രാഷ്ട്രീയം മറക്കുന്ന, പഞ്ചപുച്ഛമടക്കിനില്‍ക്കുന്ന കോണ്‍ഗ്രസ് സമകാലീന രാഷ്ട്രീയത്തില്‍ പോലും പുതിയ കാഴ്ചയൊന്നുമല്ല. പക്ഷേ അതിനു വേണ്ടി പരസ്യമായി, മതേതരഇന്ത്യയുടെ, അവര്‍ കൂടി ഊട്ടിയെടുത്തുറപ്പിച്ച ജനാധിപത്യമൂല്യങ്ങളെ വെല്ലുവിളിച്ച് സമരത്തിനിറങ്ങുന്നത് പുതിയ കാര്യമാണ്.  മുതലെടുക്കാനിറങ്ങുന്നവരെ പ്രതിരോധിക്കാനെന്ന ന്യായം ദയവായി മുന്നോട്ടു വയ്ക്കരുത്. വര്‍ഗീയപ്രീണനത്തിന് മല്‍സരിച്ചു ജയിക്കുന്നവരെയല്ല ജനാധിപത്യഇന്ത്യയും പുരോഗമനകേരളവും കാത്തിരിക്കുന്നത്. വര്‍ഗീയതയുെട വിളവെടുപ്പിന് നിലമൊരുക്കിക്കൊടുക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി. വിനാശം അനുഭവിക്കേണ്ടി വരിക, അവര്‍ മാത്രമാകില്ലെന്നതാണ് കേരളത്തിന്റെ പ്രതിസന്ധി.

വിശ്വാസം സംരക്ഷിക്കാനെന്നാണ് സകലസമരക്കാരുടെയും ന്യായം. ശരിയാണ് വിശ്വാസത്തെക്കുറിച്ച് പറയേണ്ടത് അതറിയുന്നവരും പിന്തുടരുന്നവരും കൂടിയാണ്.  അവരെന്താണ് നേരത്തെ പറഞ്ഞത്?ഇപ്പോള്‍ പറയുന്നത്? നേരിട്ടുള്ള ചോദ്യമാണ്. ആര്‍.എസ്.എസിന്റെ വിശ്വാസം എപ്പോഴാണ് മാറിയത്? അങ്ങനെ നൊടിയിടയില്‍ മാറിമറിയുന്ന വിശ്വാസം സംരക്ഷിക്കാനാണോ ജനത, ഇന്ത്യന്‍ ഭരണഘടനയെ വെല്ലുവിളിക്കേണ്ടത്?

ശബരിമലയില്‍ യുവതികളെയും പ്രവേശിപ്പിക്കണമെന്നത് ആര്‍.എസ്.എസിന്റെ സുവ്യക്തമായ നിലപാടായിരുന്നു, ഇപ്പോഴത്തെ ഈ മുതലെടുപ്പിനു കളമൊരുങ്ങും വരെ. ആര്‍.എസ്.എസ്. കോടതിവിധി വന്നു കഴിഞ്ഞും വിധിയെ സ്വാഗതം ചെയ്യുകയാണ് ചെയ്തതെന്നും മറക്കരുത്. വാര്‍ത്താക്കുറിപ്പില്‍ വ്യക്തമായി ആര്‍.എസ്.എസ് കേരളാഘടകം കുറിച്ചതാണ്. വിധി സ്വാഗതാര്‍ഹം. വിശ്വാസികള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തി നടപ്പാക്കണമെന്ന്. പുരുഷന് പ്രവേശനമുള്ള ഒരു ക്ഷേത്രത്തിലും സ്ത്രീയെ വിലക്കരുതെന്ന് വര്‍ഷങ്ങളായി പ്രചാരണം നടത്തുന്ന പ്രസ്ഥാനമാണ് ആര്‍.എസ്.എസ്. ശബരിമല മാത്രം കേന്ദ്രീകരിച്ചും നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. അവിടെ കാലോചിതമായ മാറ്റം കൊണ്ടുവരണമെന്നും യുവതികള്‍ക്കും പ്രവേശനം അനുവദിക്കണമെന്നും വ്യക്തമായ നിലപാട് പ്രഖ്യാപിച്ചവരാണ്. ഒരൊറ്റ ദിവസം കൊണ്ട് കെ.സുരേന്ദ്രനേക്കാള്‍ ദയനീയമായി നിലപാട് മാറ്റേണ്ടി വന്നു ആര്‍.എസ്.എസിന്. കാരണം ധ്രുവീകരണത്തിന് വലിയ സാധ്യതയുണ്ടെന്ന തിരിച്ചറിവു മാത്രം. വിശ്വാസത്തിലും നിലപാടിലുമൊന്നും ആര്‍.എസ്.എസിനു പിടിവാശിയില്ലെന്ന് സ്വാതന്ത്ര്യസമരചരിത്രം മുന്നിലുണ്ട്. ആര്‍.എസ്.എസും ബി.ജെ.പിയും ഈ നിലപാടെടുക്കുന്നതില്‍ ഒരു അല്‍ഭുതവും കേരളത്തിലെ രാഷ്ട്രീയപ്രബുദ്ധരായ മനുഷ്യര്‍ക്കു തോന്നില്ല. 

പക്ഷേ വിശ്വാസികളിലെ നിഷ്കളങ്കര്‍ അതു തിരിച്ചറിയണമെന്നില്ല. ബി.െജ.പിയുടെയും കോണ്‍ഗ്രസിന്റെയും രാഷ്ട്രീയമോഹങ്ങളിലെ ബലിയാടുകള്‍ മാത്രമായാണ് അവരെ തെരുവിലേക്കു ക്ഷണിക്കുന്നതെന്ന് അവര്‍ മനസിലാക്കണമെന്നില്ല.  ആ കുടിലതന്ത്രങ്ങള്‍ കൂടി മനസിലാക്കി നീങ്ങാനുള്ള ഉത്തരവാദിത്തം ഇടതുസര്‍ക്കാരിനുണ്ടായിരുന്നു. സംവാദമല്ല , സംഹാരമാണ് ഉദ്ദേശമെന്ന് തിരിച്ചറിഞ്ഞു തന്നെ ഇടപെടാനുളള കരുതല്‍ സര്‍ക്കാര്‍ കാണിക്കണം.  കോണ്‍ഗ്രസും ബി.ജെ.പിയും ഒരൊറ്റ ചോദ്യത്തില്‍ പരസ്പരം കുരുങ്ങിവീഴാവുന്നതേയുള്ളൂ. വിധി പ്രഖ്യാപിച്ചത് സുപ്രീംകോടതിയാണ്. വിശ്വാസസംരക്ഷണത്തിന് കേന്ദ്രം നിയമനിര്‍മാണം നടത്തണമെന്നാണ് കോണ്‍ഗ്രസ് ആവശ്യം. ബി.ജെ.പി. ആ വെല്ലുവിളി ഏറ്റെടുക്കുമോ? 

ക്ഷേത്രവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരുമായി കൂടിയാലോചിക്കാന്‍ വിധി വന്ന അന്നു തന്നെ സര്‍ക്കാര്‍ കരുതലെടുത്തിരുന്നുവെങ്കില്‍ ഈ കോലാഹലങ്ങള്‍ ഒഴിവാക്കാമായിരുന്നു. ഹൈന്ദവവികാരം മുതലെടുക്കാനും കുത്തിയിളക്കാനുമുള്ള കുല്‍സിതബുദ്ധികളുടെ നീക്കത്തിന് ഇടം കുറയുമായിരുന്നു. പക്ഷേ പ്രതീക്ഷിക്കാവുന്നതിനും കുടിലമായി നിലപാടെടുത്ത മുഖ്യധാരാരാഷ്ട്രീയപാര്‍ട്ടികളുടെ തനിനിറം തിരിച്ചറിയാന്‍ കേരളത്തിന് ഒരവസരം ലഭിക്കുമായിരുന്നില്ല. വലിയ വില കൊടുത്താണെങ്കിലും പിന്തിരിപ്പന്‍ മനോഭാവക്കാരുടെ നിര കേരളം തെളിഞ്ഞു കണ്ടു

തങ്ങളാരും നേതാക്കളല്ല, ആള്‍ക്കൂട്ടങ്ങളാല്‍ നയിക്കപ്പെടുന്നവര്‍ മാത്രമാണെന്നൊരു തുറന്നുപറച്ചില്‍ കൂടിയുണ്ട് ഈ ഭീഷണികളില്‍. സ്ത്രിവീരുദ്ധനിലപാടുകള്‍  ആഘോഷിക്കാന്‍ മടി തോന്നാത്ത, അടിസ്ഥാനരാഷ്ട്രീയബോധ്യം പോലുമില്ലാത്ത പാര്‍ട്ടികളെ സ്ത്രീകള്‍ തിരിച്ചറിയണം. നോക്കിവയ്ക്കണം. ഒപ്പം തെരുവിലിറങ്ങി വിശ്വാസം സംരക്ഷിക്കാന്‍ പോരാടുന്ന പാവം സ്ത്രീകളോട് കരുണയോടെ പറഞ്ഞു മനസിലാക്കണം. ലോകം മാറിയ വഴികളെക്കുറിച്ച്. ചരിത്രവും കേരളവും മാറിയ സമരങ്ങളെക്കുറിച്ച്. കീഴാളസ്ത്രീകള്‍ക്ക് മാറു മറയ്ക്കാനുള്ള അവകാശം നേടിയെടുത്ത സമരചരിത്രം അവര്‍ക്കറിയില്ലെന്നുറപ്പാണ്. ഒരാളുടെയും വിശ്വാസം ഹനിക്കാനോ മുറിപ്പെടുത്താനോ അല്ല സുപ്രീംകോടതിവിധിയെന്ന് അവര്‍ വ്യക്തമായി മനസിലാക്കട്ടെ. വിവേചനം നേരിട്ട സ്ത്രീകള്‍ക്കു കൂടി വിശ്വാസത്തിന്റെ ഭാഗമാകാനുള്ള അവസരം മാത്രമാണത്. അത് ഒരു വിശ്വാസിയുടെയും വിശ്വാസത്തെ തൊടുന്നതേയല്ല. ദൈവവിശ്വാസം സംരക്ഷിക്കാനിറങ്ങിയിരിക്കുന്നവരില്‍ ചിലരുടെ ഭാഷ ശ്രദ്ധിക്കുക. വെല്ലുവിളിയാണ്, ഭീഷണിയാണ്, നെഞ്ചത്തു ചവിട്ടിയേ സ്ത്രീകള്‍ക്കു കയറാനാകൂവെന്ന കൊലവിളിയാണ്. വിഭാഗീയതാണ്. വര്‍ഗീയതയാണ്. സ്നേഹമില്ല, കാരുണ്യവും കനിവുമില്ലാത്ത വിദ്വേഷഭാഷയാണ്. മനുഷ്യസ്നേഹം  മാത്രമല്ല,   എന്തിനു ൈദവത്തോടു പോലും സ്നേഹമില്ലാത്ത ഭാഷയാണത്. 

കേരളം ഈ വിദ്വേഷമുതലെടുപ്പിന് ഇടം കൊടുക്കരുത്. ഐക്യത്തോടെ, ഒരുമയോടെ, അവധാനതയോടെ കൂടിയാലോചിച്ച്  മുന്നോട്ടു പോകണം. എല്ലാ മതാചാരങ്ങളിലെയും വിവേചനങ്ങള്‍ ഇല്ലാതാക്കാന്‍, ലിംഗനീതി ഉറപ്പാക്കാന്‍ മാതൃകയായി മുന്നിട്ടിറങ്ങണം കേരളം. കാലോചിതമല്ലാത്ത ആചാരങ്ങള്‍ എല്ലാക്കാലവും സംരക്ഷിക്കാനല്ല, സ്വയമേവ തിരുത്താന്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം വിശ്വാസികള്‍. ഭക്തിയും യുക്തിയും ഒന്നിച്ചു പോകില്ല. എങ്കിലും സാധ്യമാകുന്നത്ര മനുഷ്യത്വപൂര്‍ണമാകട്ടെ വിശ്വാസത്തിന്റെ പരിസരങ്ങള്‍. ആള്‍ക്കൂട്ടവികാരങ്ങളല്ല, ജനതയെ നയിക്കേണ്ടത്. ജനാധിപത്യവും നീതിബോധവുമാണ്. അതുറപ്പുവരുത്താന്്‍ സമൂഹത്തിനാകെ ബാധ്യതയുണ്ട്. 

MORE IN PARAYATHE VAYYA
SHOW MORE