ശ്രീചക്രയിൽ ഉരുണ്ട് ചക്രശ്വാസം വലിക്കുന്ന സർക്കാർ

Untitled-4
SHARE

ഇനി ഇടതുമുന്നണി ഭരിക്കട്ടേയെന്ന് ജനം തീരുമാനമെടുത്തതിന്റെ പ്രധാനകാരണങ്ങളിലൊന്നായിരുന്നു കെ.എം.മാണിയുടെ രാജിയില്‍ അവസാനിച്ച ബാര്‍ക്കോഴ. നാളുകള്‍ക്കിപ്പുറം ഇടതുസര്‍ക്കാരും മദ്യത്തെച്ചുറ്റിപ്പറ്റിയുള്ള വിവാദച്ചുഴിയിലേക്ക് എടുത്തെറിയപ്പെട്ടിരിക്കുന്നു. ബാറുകള്‍ തുറന്നുകൊടുക്കാനായി കോഴ വാങ്ങി എന്നതായിരുന്നു അന്നത്തെ ആരോപണമെങ്കില്‍ ബാറുകളില്‍ വില്‍ക്കുന്ന മദ്യം നിര്‍മിക്കുന്നതിന് വിവിധ കമ്പനികള്‍ക്ക് നല്‍കിയ അനുമതിയെച്ചൊല്ലിയാണ് ഇന്നത്തെ വിവാദം. സര്‍ക്കാര്‍ സംശയനിഴലിലാകുന്ന ചോദ്യങ്ങളേറെ അതില്‍ നുരഞ്ഞുപൊന്തുന്നുണ്ട്.

തീര്‍ത്തും രഹസ്യമായി,  മന്ത്രിസഭയിലോ മുന്നണിയിലോ ആലോചിക്കാതെ,  നടപടിക്രമങ്ങളേതും തന്നെ പാലിക്കാതെ,  സംസ്ഥാനത്ത് മൂന്ന് ബിയര്‍ ഉല്‍പാദന കമ്പനികളും ഒരു മദ്യനിര്‍മാണശാലയും അനുവദിച്ചിരിക്കുന്നുവെന്നതാണ് ആരോപണം. സുതാര്യതയില്ലാതെ നടന്ന  ബ്രൂവറി/ ഡിസ്റ്റിലറി ഇടപാടില്‍ വന്‍ അഴിമതിയുണ്ടെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു

ആരോപണം ഉന്നയിക്കുന്നതില്‍ പ്രതിപക്ഷത്തിന് രാഷ്ട്രീയമുണ്ടാവുക സ്വാഭാവികം. പക്ഷേ, ഉന്നയിക്കപ്പെട്ട വസ്തുതകള്‍  സാമാന്യജനങ്ങളിലും സംശയമുണ്ടാക്കുന്നതുതന്നെയെന്ന്  പറയാതെ വയ്യ. ഈ ഇടപാടുകളിലുണ്ടായ നീക്കുപോക്കുകള്‍ സര്‍ക്കാരിനെ വെട്ടിലാക്കുന്നത് തന്നെയാണ്. അതിനെല്ലാം വിശദമായ ഉത്തരങ്ങള്‍ നല്‍കിയില്ലേ എന്നതാണ് മറുപടിയെങ്കില്‍ ആ ചോദ്യങ്ങളിലേക്കും ഉത്തരങ്ങളിലേക്കുംതന്നെ  പോയി വരാം. 

ഇപ്പോള്‍ ബാറുകളില്‍ വില്‍ക്കുന്ന എട്ടുശതമാനം മദ്യവും നാല്‍പ്പതുശതമാനം ബിയറും മറ്റുസംസ്ഥാനങ്ങളില്‍ നിന്നാണ് എത്തുന്നത്. അത് സംസ്ഥാനത്തിനകത്തുതന്നെ നിര്‍മിക്കാനാണ് പുതിയ തീരുമാനം. വന്‍‍വരുമാനവര്‍ധനയും സമാന്തരമായി തൊഴിലവസരസൃഷ്ടിയുമുണ്ടാകുമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. അതെല്ലാം അംഗീകരിച്ചാലും നടക്കുന്നവിധമാണ് സര്‍ക്കാരിനെ സംശയമുനയില്‍ നിര്‍ത്തുന്നത്. 

ചോദ്യങ്ങളും മുഖ്യമന്ത്രിയുടെ മറുപടികളും ഇങ്ങനെ.

ചോദ്യം ഒന്ന്. സംസ്ഥാനത്തിനകത്ത് പുതിയ മദ്യനിര്‍മാണശാലകള്‍ വേണ്ടെന്നത് 1999 ലെ മന്ത്രിസഭാതീരുമാനമാണല്ലോ? അത് തിരുത്തുകയാണോ?

മുഖ്യമന്ത്രി - 1999 ലെ തീരുമാനം ഇനി ഒരു സ്ഥാപനവും തുടങ്ങേണ്ടതില്ല എന്നല്ല. അത് അന്നത്തെ അപേക്ഷകളിലെടുത്ത തീരുമാനം മാത്രമാണ്. 

ചോദ്യം രണ്ട്. 19 വര്‍ഷങ്ങള്‍ക്കിപ്പുറം ആ തീരുമാനം തിരുത്തുന്നത് മന്ത്രിസഭ കൂടിയല്ലല്ലോ. എക്സൈസ് വകുപ്പ് അനുമതി നല്‍കുകയാണല്ലോ ചെയ്തത്

മുഖ്യമന്ത്രി- 1967ലെ ബ്രൂവറി റൂള്‍സില്‍ വകുപ്പിന് തന്നെ അനുമതി നല്‍കാമെന്ന് പറയുന്നുണ്ട്. അതുമതിയല്ലോ.

ചോദ്യം മൂന്ന്. അപ്രകാരം അനുമതി ലഭിച്ച സ്ഥാപനങ്ങളെ തിരഞ്ഞെടുത്തപ്പോള്‍ പത്രപ്പരസ്യം നല്‍കാത്തത് എന്തുകൊണ്ടാണ് ? 

മുഖ്യമന്ത്രി- പത്രക്കുറിപ്പോ, പത്രപരസ്യമോ നല്‍കി തിരഞ്ഞെടുക്കുന്ന കീഴ്‍വഴക്കം നാളിതുവരെ ഈ കാര്യത്തില്‍ ഇല്ല. 

ചോദ്യം നാല്. അനുമതി ലഭിച്ച സ്ഥാപനങ്ങളെ പറ്റി യാതൊരുവിധ പരിശോധനകളും നടന്നിട്ടില്ലായെന്ന ആരോപണമുണ്ടല്ലോ

മുഖ്യമന്ത്രി- പരിശോധനകള്‍ പിന്നീടാണ്. അത്തരം പരിശോധനകള്‍ക്ക് ശേഷം യോഗ്യതയില്ലെങ്കില്‍ 

ലൈസന്‍സ് നല്‍കാതിരിക്കാമല്ലോ? 

ചോദ്യം അഞ്ച്. മദ്യനിര്‍മാണശാലകള്‍ക്ക് പ്രവര്‍ത്തിക്കാനവശ്യമായ  പാരിസ്ഥിതിക അന്തരീക്ഷമാണോ ഇന്നുള്ളത്. ജലദൗര്‍ലഭ്യമടക്കം പരിശോധിക്കപ്പെടേണ്ടേ?

മുഖ്യമന്ത്രി- വെള്ളമൂറ്റിയെടുത്ത് ഒരു കമ്പനിയേയും വളരാന്‍ അനുവദിക്കില്ല. അതിനൊത്ത തീരുമാനം മാത്രമേ ഉണ്ടാകൂ.

‍‌

ഒപ്പം എല്ലാംവിശദീകരിച്ച വാര്‍ത്താസമ്മേളനത്തിലെ ഒരു ഉത്തരംകൂടി

മുഖ്യമന്ത്രി- ആടിനെ പട്ടിയാക്കാന്‍ സമ്മതിക്കില്ല

അതുതന്നെയാണ് തിരിച്ചുചോദിക്കാനുള്ളത് ആരാണ് ഇവിടെ ആടിനെ പട്ടിയാക്കുന്നത്? ഉയരുന്ന ചോദ്യങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ ഉത്തരങ്ങള്‍ കേട്ടാല്‍ ഒന്നുമാരേയുമറിയിച്ചില്ലേലും ഒന്നും സര്‍ക്കാരിന് ഒളിച്ചുവെക്കാനില്ലെന്ന് തോന്നും. എന്നാല്‍ പുകമറ നീങ്ങുന്നില്ല എന്നതാണ് സത്യം.

വിനോദ് റോയ്, ജോണ്‍ മത്തായി, അമിതാഭ് കാന്ത്, യോഗേഷ് ഗുപ്ത എന്നിവരുള്‍പ്പെട്ട സമിതിയുടെ ശുപാര്‍ശപ്രകാരമാണ് 1999ല്‍ പുതിയ മദ്യശാലകള്‍ വേണ്ടെന്ന് മന്ത്രിസഭ തീരുമാനമെടുക്കുന്നത്. അത് അന്നത്തെ അപേക്ഷകളുടെ മുകളില്‍ ഉണ്ടായ തീരുമാനമല്ലേയെന്ന് എളുപ്പത്തില്‍ കൈകഴുകി ആരേയുമറിയിക്കാതെ വകുപ്പുതലത്തില്‍ പുതിയ തീരുമാനമെടുക്കാന്‍ ഒരു സര്‍ക്കാരിനുമാകില്ല. വീണ്ടും മന്ത്രിസഭാതീരുമാനത്തിലൂടെ മാത്രമേ മറിച്ചുതീരുമാനിക്കാവുയെന്ന് റൂള്‍സ് ഓഫ് ബിസിനസ് സെക്ഷന്‍ ട്വന്റിയില്‍ വ്യക്തമാക്കുന്നുണ്ട്. മദ്യനിര്‍മാണശാലകളുടെ ലൈസന്‍സ് പ്രശ്നം കഴിഞ്ഞ 19 വര്‍ഷത്തിനിടെ പലതവണ കോടതികയറിയ വിഷയവുമാണ്. 1999ലെ തീരുമാനം സര്‍ക്കാരിന്‍റെ നയം എന്നാണ് അപ്പോഴെല്ലാം സര്‍ക്കാരുകള്‍ എടുത്ത നിലപാട്. കണ്ടത്ത് ഡിസ്റ്റിലറിയുടെ നിയമയുദ്ധം  2013ല്‍ സുപ്രീംകോടതിയിലെത്തിപ്പോഴും 99ലെ ഉത്തരവ് നയമാണെന്ന സര്‍ക്കാര്‍ നിലപാടിന്‍റെ പേരിലാണ് കോടതി അനുമതി നിഷേധിച്ചത്. അപ്പോള്‍ മന്ത്രിസഭചേരാതെ ഘടകക്ഷികള്‍പോലുമറിയാതെയെടുത്ത ഒരു പുതിയ തീരുമാനപ്പിറവി എങ്ങനെയാണ് സാധ്യമാകുന്നത്? 

തീരുന്നില്ല,  ഇനി കമ്പനികളുടെ തിരഞ്ഞെടുപ്പില്‍ ഇഷ്ടക്കാര്‍ക്ക് ഒന്നുംവച്ചുനീട്ടിയില്ല എന്നവാദവും നിലനില്‍ക്കാത്തത് തന്നെയാണ്. നാളിതുവരെ പത്രപരസ്യത്തിലൂടെ ക്ഷണിച്ചല്ല മദ്യനിര്‍മാണ കമ്പനികള്‍ക്ക് അനുമതി നല്‍കിയതെന്ന് പറയുമ്പോഴും ഒടുവില്‍ അപേക്ഷ സമര്‍പ്പിച്ച കണ്ണൂര്‍‌ ജില്ലയിലെ വാരത്ത് ശ്രീധരന്‍ ബ്രൂവറി പ്രൈമറി ലിമിറ്റഡിന്  ആദ്യം അനുമതി നല്‍കിയത് എങ്ങനെയാണ്?  പെരുമ്പാവൂര്‍ ആസ്ഥാനമായ ശ്രീചക്ര ഡിസ്റ്റിലറീസ് പ്രൈവറ്റ് ലിമിറ്റഡിന് തൃശൂരില്‍ ഇരിങ്ങാലക്കുടയില്‍ എവിടെ വേണമെങ്കിലും തുടങ്ങാമെന്ന മട്ടില്‍ അനുമതി നല്‍കിയിരിക്കുന്നത് എന്തുണ്ട് ന്യായം?എറണാകുളത്ത് ബ്രൂവറിക്കായി കിന്‍ഫ്രാ വ്യവസായ പാര്‍ക്കില്‍ സ്ഥലം അനുവദിച്ച് നല്‍കിയതിലും  തീരാ ചോദ്യങ്ങള്‍ ബാക്കി.

ഇതുവരെ പിറക്കാത്ത ജിയോ ഇന്‍സ്റ്റിറ്റ്യൂട്ട്,  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എമിനന്‍സ് ആയി ഉയര്‍ത്തപ്പെട്ട മോദി മാജിക്കിന് സമാനമാണ് മദ്യനിര്‍മാണത്തിന് അനുതി ലഭിച്ച ശ്രീചക്ര ഡിസ്റ്റിലറീസ് പ്രൈവറ്റ് ലിമിറ്റഡിന്റെയും കാര്യം. അനുമതിപത്രം മാത്രമാണല്ലോ നല്‍കിയതെന്നും മറ്റുനടപടിക്രമങ്ങള്‍ക്കനുസരിച്ച്,  പരിശോധനകള്‍ക്കനുസരിച്ച് അത് റദ്ദാക്കാന്‍ വരെ അനുമതിയുണ്ടല്ലോ എന്നൊന്നും ദയവുചെയ്ത് പറഞ്ഞുവരരുത്. കണ്ണടച്ച് നടത്തിയ കള്ളത്തരം കയ്യോടെ പിടിക്കപ്പെട്ടപ്പോഴുള്ള കൊഞ്ഞനംകുത്തല്‍ മാത്രമാണത്. ഇതൊന്നും പുറത്തുവന്നിരുന്നില്ലെങ്കില്‍ സകലതിന്റേയും അനുമതിക്ക് ഈ അനുമതിപത്രം മാത്രം മതിയായിരുന്നു

പേരിനുപോലും ഒരു പേരെഴുതിവെക്കാത്ത ഈ കടമുറിയാണ് ശ്രീചക്ര ഡിസ്റ്റിലറിയുടെ മേല്‍വിലാസം. കമ്പനീസ് ഓഫ്  റജിസ്ട്രേഷൻ ചട്ടങ്ങൾക്ക് പുറത്ത് നില്‍ക്കുന്ന കമ്പനിക്ക് പേരിനൊരു ഡയറക്ടർപോലുമില്ല. തീരുന്നില്ല അനുമതി ലഭിച്ച് രണ്ടരമാസം കഴിഞ്ഞിട്ടും ഡിസ്റ്റിലറിക്കായി എവിടെയാണ് സ്ഥലം കണ്ടെത്തിയിരിക്കുന്നതെന്ന് വെളിപ്പെടുത്താന്‍ കമ്പനി ഉടമകള്‍ തയ്യാറായിട്ടില്ല. ഇനി ഉടമ പറഞ്ഞില്ലെങ്കിലും ഉത്തരവില്ലെങ്കിലും എല്ലാം ഫയലിലുണ്ടെന്ന മന്ത്രിയുടെ മറുപടിയുടെ പുറകേപോയാലും ദുരൂഹതമാത്രം. തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട എന്നു പറയുന്നുണ്ടെങ്കിലും സ്ഥലത്തിന്‍റെ സര്‍വേ നമ്പരോ മറ്റു വിശദാംശങ്ങളോ സെക്രട്ടറിയേറ്റിലെ ഫയലിലുമില്ല. വിശദാംശങ്ങളില്ലാത്ത ഈ ഫയലിലാണ് എക്സൈസ് മന്ത്രിയും മുഖ്യമന്ത്രിയും ഒപ്പുവച്ചത്. അതും വകുപ്പിലെ ഏറ്റവും  ഉയര്‍ന്ന ഉദ്യോഗസ്ഥരായ ഡെപ്യൂട്ടി സെക്രട്ടറിയും അഡീ.ചീഫ് സെക്രട്ടറിയുംവരെ വിയോജനക്കുറിപ്പെഴുതിയ ഫയലില്‍. ഒപ്പം കമ്പനികളുടെ ഉദ്ദേശം കയറ്റുമതിയാണെന്ന വെളിപ്പെടുത്തലും സര്‍ക്കാരിന്റെ വാദങ്ങളെ പൊളിച്ചടുക്കുന്നു. ബ്രൂവറിക്കായി ഒരുദിവസം 2.76 ലക്ഷം ലിറ്റര്‍ വെള്ളംവരെ വേണമെന്നിരിക്കേ കിഴക്കന്‍ പാലക്കാട്ടെ വരള്‍ച്ചാമോഖലകളില്‍ ഉള്‍പ്പടെ അനുമതി നല്‍കിയിരിക്കുന്നത് എന്ത് മുന്‍ ആലോചനകളിലാണെന്ന ചോദ്യവും ബാക്കി. കോക്കോകോളയ്ക്കെതിരെ സിപിഎമ്മിന്റെ വിപ്ലവവീര്യംകണ്ട മണ്ണിലാണ് ജലമൂറ്റാന്‍ അതേ പാര്‍ട്ടിയുടെ സര്‍ക്കാര്‍ തന്നെ ആവേശംകാണിക്കുന്നത്. 

എന്ത് ഇഴകീറി പരിശോധിച്ചാലും പ്രതിരോധത്തിലാകാനുള്ള പഴുതുകള്‍ ഈ ഇടപാടിലുണ്ടെന്ന് സാരം. വസ്തുതകളുടെ പിന്‍ബലം ഇപ്പോഴും മുഖ്യമന്ത്രിയുടെ ഉത്തരങ്ങളിലേക്കാള്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളില്‍ തന്നെയാണ്. ഇനിയും തിരുത്തിയില്ലെങ്കില്‍ ശ്രീചക്രകള്‍ ചക്രശ്വാസം വലിപ്പിക്കുക തന്നെ ചെയ്യും സര്‍.

MORE IN PARAYATHE VAYYA
SHOW MORE