സഭയും സർക്കാരും കണ്ണടച്ച സമരം

pva-franko-t
SHARE

സഭയെ നാണം കെടുത്താന്‍ കന്യാസ്ത്രീകള്‍ നടത്തിയ സമരത്തിനൊടുവില്‍ സഭയ്ക്കു തിരുത്തേണ്ടി വന്നിരിക്കുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ചുമതലകള്‍ ഒഴിഞ്ഞു. സഭ കൈവിട്ട സ്ഥിതിക്ക് ഇനി സര്‍ക്കാരിന്റെ പേടിയും മാറിയേക്കും.  അനന്തമായി നീളുന്ന അന്വേഷണം പൊടുന്നനെ വേഗം കൂടിയേക്കും, അറസ്റ്റും തുടര്‍നടപടികളും പ്രതീക്ഷിക്കാം.  പക്ഷേ   നിസഹായയായ ഒരു കന്യാസ്ത്രീയോട് സഭയും സര്‍ക്കാരും സ്വീകരിച്ച സമീപനം അവിശ്വസനീയമാണ്.  പക്ഷേ  സര്‍ക്കാരിനോടും സഭയോടും വിശ്വാസിസമൂഹത്തിന്റെ നിസംഗതയോടും പൊരുതി നില്‍ക്കുന്ന ആ കന്യാസ്ത്രീകള്‍ പ്രചോദനവും ആത്മവിശ്വാസവുമാണ്. 

ഒന്നേകാല്‍ വര്‍ഷമായി  ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ച പരാതിയിലാണ് ഒടുവില്‍ സഭയൊന്നനങ്ങിയത്. സ്വമേധയാ ആയിരുന്നില്ല, നീതിബോധമുണര്‍ന്നതുകൊണ്ടുമല്ല. അവഗണിക്കാനാകാത്ത വിധം സാമൂഹ്യസമ്മര്‍ദം രൂപപ്പെട്ടപ്പോള്‍ സ്വീകരിക്കേണ്ടി വന്ന നടപടിയാണ്. ചുമതലകളില്‍ നിന്ന് മാറിനില്‍ക്കേണ്ടിവരുമ്പോഴും തനിക്കു വേണ്ടി പ്രാര്‍ഥിക്കണമെന്ന് വിശ്വാസികളോട് ആവശ്യപ്പെടാനും വൈകാരികസമ്മര്‍ദമുണ്ടാക്കാനും ഫ്രാങ്കോ മുളയ്ക്കലിന് അവസരം നല്‍കി സഭ. പക്ഷേ നീതിക്കായുള്ള പോരാട്ടം അവിടെ അവസാനിക്കുന്നതാണോ?

സമരം നീതിക്കായാണ്.  കന്യാസ്ത്രീകള്‍ ലോകത്തിനു മുന്നില്‍ സമരമിരുന്നത് കഴിഞ്ഞയാഴ്ചയാണെന്നു മാത്രം. ഒരു വര്‍ഷമായി അവര്‍ സഭയ്ക്കുള്ളില്‍ നീതി തേടിയവരാണ്. മൂന്നു മാസമായി സര്‍ക്കാരിനും നിയമത്തിനും മുന്നില്‍ നീതിക്കായി സമരം ചെയ്യുകയാണ്. സഭ തലകുനിക്കുമ്പോള്‍ സര്‍ക്കാര്‍ തലയുയര്‍ത്തിയേക്കും. അറസ്റ്റ് അടക്കമുള്ള നടപടികളില്‍ ഇനി തീരുമാനമുണ്ടാകും. പക്ഷേ വോട്ട് ബാങ്ക് തൃപ്തിപ്പെടുത്തലിന്റെയും സഭാവിധേയത്വത്തിന്‍റെയും ലജ്ജാകരമായ പാടുകള്‍ അത്രയെളുപ്പം മായ്ക്കാവുന്നതല്ല. 

നിങ്ങളുടെ നീതിബോധത്തിന്‍റെ അടിസ്ഥാനം ഹൈക്കോടതിയിലാണോ? കോടതിയിലോ നിയമത്തിലോ ന്യായീകരണങ്ങളിലോ ആണോ? ഭരിക്കുന്ന പാര്‍ട്ടി ഏതെന്നും ഭരണാധികാരി ആരെന്നും നോക്കി ഉണരുന്നതാണോ നിങ്ങളുടെ നീതിബോധം? എങ്കില്‍ നിശബ്ദത പാലിക്കുക. പക്ഷേ മനഃസാക്ഷിയും മനുഷ്യത്വവുമാണ് നീതിബോധത്തെ തീരുമാനിക്കുന്നതെങ്കില്‍, കന്യാസ്ത്രീകളുടെ സമരം നിങ്ങളെ പിടിച്ചുലയ്ക്കും. നമ്മുടെ സമൂഹവും വ്യവസ്ഥയും ഇപ്പോഴും സ്ത്രീകളോട് പെരുമാറുന്നതെങ്ങനെ എന്നതിന്റെ ദയനീയചിത്രമാണ്  കന്യാസ്ത്രീയുടെ നീതിക്കായുള്ള സമരം തുറന്നു വച്ചത്.

കോടതി ഉത്തരവിട്ടത് കാത്തിരിക്കാനാണ്. അനുസരിച്ചേ മതിയാകൂ. പക്ഷേ നീതിയും നിയമവും  ഒന്നു തന്നെയാകുന്ന അവസരങ്ങള്‍ അപൂര്‍വമാണ്.  ഈ സമരം നീതിക്കായല്ലെന്ന് പറയാന്‍  അധികാരഭീതിക്കു മാത്രമേ കഴിയൂ. ചോദ്യം നീതിയെവിടെയെന്നാണ്. നീതിയല്ലാതെ മറ്റൊന്നും അതിന് ഉത്തരമാവുകയുമില്ല. 

സമരമിരിക്കുന്ന കന്യാസ്ത്രീകള്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യിക്കാന്‍ വന്നിരിക്കുകയാണെന്നും അറസ്റ്റ് മാത്രമാണ് അവരുടെ നീതി ആവശ്യത്തിന്റെ ലക്ഷ്യമെന്നും വ്യാഖ്യാനിച്ചാണ് ഹൈക്കോടതി പോലും പെരുമാറിയത്. ഈ സമരക്കാര്‍ ഉന്നയിക്കുന്ന നീതിയെന്നാല്‍ അറസ്റ്റ് മാത്രമാണെന്നത് എത്ര സങ്കുചിതമായ വിധിക്കലാണ്?

നീതി വേണമെന്ന് ലൈംഗികാതിക്രമം നേരിടേണ്ടി വന്ന ഒരു സ്ത്രീ ആവശ്യപ്പെടുമ്പോള്‍ പ്രതിയുടെ അറസ്റ്റും ജയിലും മാത്രമാണ് അവര്‍ക്കുള്ള നീതിയെന്നു ധരിക്കുന്നവരാണ് ഇന്നും  നമ്മളില്‍ ഭൂരിപക്ഷം. നിയമനടപടികള്‍ നീതിയുടെ ചെറിയൊരു ഭാഗം മാത്രമേ നിര്‍വഹിക്കുന്നുള്ളൂ. കുറ്റം തിരിച്ചറിഞ്ഞതു മുതല്‍ സമൂഹവും സമുദായവും സഹജീവികളും നിര്‍വഹിക്കേണ്ട നീതിയുടെ കൂടി കടുത്ത നിഷേധമാണ് കന്യാസ്ത്രീ നേരിടുന്നത്. 

2017 ജൂണി‍ല്‍  അതായത്, ഒന്നേകാല്‍ വര്‍ഷം മുന്‍പാണ് കന്യാസ്ത്രീ ജലന്തര്‍ ബിഷപ്പിനതെിരെ പരാതിയുമായി സഭാധികാരികളെ ആദ്യം സമീപിക്കുന്നത്. 2014 മുതല്‍ രണ്ടു വര്‍ഷമായി താന്‍ നേരിടുന്ന ലൈംഗികപീഡനത്തെക്കുറിച്ച് കുറവിലങ്ങാട് പള്ളി വികാരിയെയും പാലാ ബിഷപ്പിനെയുമാണ് ആദ്യം സമീപിക്കുന്നത്. തൊട്ടടുത്ത മാസം അതായത് 2017 മെയില്‍ തന്നെ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കും കത്തിലൂടെ പരാതി നല്‍കി. ഉജ്ജയിന്‍ ബിഷപ്പ് വഴിയാണ് കത്ത് നല്‍കിയത്. പരാതിയില്‍ ചെറുവിരലനക്കം കാണാതെ വന്നതോടെ കഴിഞ്ഞ നവംബറില്‍ കര്‍ദിനാളിനെ നേരില്‍ കണ്ട് പരാതി അറിയിച്ചു. ഡല്‍ഹിയിലെ വത്തിക്കാന്‍ പ്രതിനിധിയുമായി കൂടിക്കാഴ്ചയ്ക്ക് സൗകര്യമൊരുക്കാന്‍ ആവശ്യപ്പെട്ടു. പക്ഷെ അനുകൂല നടപടി ഉണ്ടായില്ല. 2017 ഒക്ടോബറില്‍ പ്രതിനിധി കൊച്ചിയിലെത്തുമ്പോള്‍ കാണാനുള്ള സൗകര്യം ഒരുക്കാമെന്ന് അറിയിച്ചെങ്കിലും അതും  നടന്നില്ല.

കന്യാസ്ത്രീ നീതിക്കായി  സഭയുടെ അധികാരകേന്ദ്രങ്ങളുടെ കരുണയ്ക്കായി കാത്തിരിക്കുമ്പോഴാണ് ബിഷപ്പ് പ്രതികാരനടപടികള്‍ തുടങ്ങുന്നത്. നവംബര്‍ 30ന് പരാതിക്കാരിയായ കന്യാസ്ത്രീക്കും ഒപ്പമുള്ള സിസ്റ്റര്‍ അനുപമയ്ക്കുമെതിരെ ജലന്തര്‍ രൂപതയുടെ പിആര്‍ഒ പീറ്റര്‍ കാവുംപുറം പരാതി നല്‍കുന്നു. ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് ബിഷപ്പിനെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. പഞ്ചാബ് പൊലീസിലാണ് പരാതി നല്‍കിയത്. തുടര്‍ന്നും ബിഷപ്പും ജലന്തര്‍ രൂപതയും ഇവര്‍ക്കെതിരെ പലതരത്തില്‍ നടപടികള്‍ തുടര്‍ന്നു. ഒരു സഭയും അനങ്ങിയില്ല. ഇടപെട്ടില്ല. തുടര്‍ന്ന് ഈ വര്‍ഷം ജനുവരിയില്‍ വത്തിക്കാന്‍ പ്രതിനിധിക്ക് ലൈംഗിക പീഡനം ഉള്‍പ്പെടെ ചൂണ്ടികാട്ടി വിശദമായ കത്ത് നല്‍കി. ഭഗല്‍പൂര്‍ ബിഷപ്പ് കുര്യന്‍ വലിയകണ്ടത്തില്‍ മുഖേനയാണ് കത്ത് കൊടുത്തുവിട്ടത്. ബംഗ്ലൂരില്‍ നടന്ന യോഗത്തില്‍ കത്ത് കൈമാറി. അഞ്ചു മാസത്തിനു ശേഷവും  അനക്കമില്ലാതെ വന്നതിനെത്തുടര്‍ന്ന് മെയ് മാസത്തില്‍ റോമിലേക്ക് നേരിട്ട് പരാതി നല്‍കി. മെയ് 18ന് കത്ത് റോമില്‍ ലഭിച്ചതായി സ്ഥിരീകരിച്ചു. 

‌‌‌‌

അതായത് ഇന്നിടപെടുന്ന വത്തിക്കാനും എത്തിയിരുന്നു നാലു മാസം മുന്നേ പരാതി. നടപടിയുണ്ടായില്ലെന്നു മാത്രമല്ല, കന്യാസ്ത്രീക്കെതിരെ ബിഷപ്പ് പ്രതികാരനടപടികള്‍ കടുപ്പിച്ചിട്ടും സഭയോ ബിഷപ്പുമാരോ അനങ്ങിയില്ല. ഇപ്പോള്‍ സമരം അവഗണിക്കാവുന്നതിലും അപ്പുറത്തേക്കു വളര്‍ന്നതോടെ സഭ ഇടപെടുന്നു. സഭാധികാരികള്‍ എങ്ങനെയാണ്, ഏതര്‍ഥത്തിലാണ് ഇനിയും നീതിയെക്കുറിച്ചും ധാര്‍മികതയെക്കുറിച്ചും സംസാരിക്കുക?  കൂട്ടുപ്രതിയാണ് സഭ. ഈ കുറ്റകൃത്യത്തില്‍, നീതിനിഷേധത്തില്‍ ആഗോളകത്തോലിക്കാസഭയ്ക്കു കൈ കഴുകാനാകില്ല. 

റോമിലേക്കു പരാതി നല്‍കിയ ശേഷമാണ് ജൂണില്‍ ജലന്തര്‍ രൂപതയുടെ പിആര്‍ഒ കന്യാസ്ത്രീയുടെ സഹോദരനെതിരെ പരാതി നല്‍കിയത് . ബിഷപ്പിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നായിരുന്നു ഈ പരാതി. ഒരു മാസത്തിനു ശേഷം 

വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദിനാള്‍ പീറ്ററോ പരോലിന്‍ സെഗ്രറ്റേറിയോ ഡി സാറ്റോയ്ക്ക് പരാതി അയക്കുന്നു.  പരാതി ജൂണ്‍ 25ന് ലഭിച്ചതായി സ്ഥിരീകരിച്ചു. നടപടി ഉണ്ടായില്ലെന്ന് എടുത്തു പറയണം.

 വ്യാജപരാതികൾ കണ്ട് ഞാനും കുടുംബവും പേടിച്ചു. ഡൽഹി മേഖല ആർച്ച് ബിഷപ്പിന്റെ കുറവിലങ്ങാട് സന്ദർശനവേളയിൽ സംഭവങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് വ്യാജപരാതികളുടെ പത്രവാർത്തകളുൾപ്പെടെ വത്തിക്കാനിലെ മാർപ്പാപ്പയുടെ പ്രതിനിധിക്ക് മെയിലയച്ചത്.

ഞങ്ങൾക്കെതിരായ നിയമനടപടികൾ നിർത്തിവെക്കാൻ ബിഷപ്പിനോട് സഭ ആവശ്യപ്പെടും എന്നാണ് കരുതിയത്. എന്നാൽ നീതിക്കും സത്യത്തിനും വേണ്ടിയുള്ള എന്റെ പോരാട്ടത്തിനുനേരെ സഭാനേതൃത്വവും കണ്ണടച്ചു. തുടർന്നാണ് ബിഷപ്പിനെതിരെ പൊലീസിൽ പരാതി നല്‍കാൻ തീരുമാനിച്ചത്. പണവും രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ച് ആ അന്വേഷണത്തെയും ബിഷപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. കന്യാസ്ത്രീ ഏറ്റവുമൊടുവില്‍ വത്തിക്കാന് അയച്ച കത്തില്‍ നിന്നുള്ള വാചകങ്ങളാണിത്. 

അതു മാത്രമാണോ, നിയമത്തിനു മുന്നിലെത്തിയിട്ടും മൂന്നു മാസമായി. നീതിയെവിടെ? നടപടികള്‍ തുടരുകയാണ്. നിയമത്തെ സമീപിച്ചതിന്റെ  പേരില്‍ മാത്രം കന്യാസ്ത്രീ നേരിട്ട അപമാനമോ? പി.സി.ജോര്‍ജ് മുതല്‍, സഭയും സ്വന്തം സന്യാസിനീസമൂഹവും വരെ കന്യാസ്ത്രീയെ അപമാനിക്കുന്നതു  നോക്കിനില്‍ക്കുന്നു കേരളം. എന്നിട്ടും ക്ഷമയോടെ കാത്തിരിക്കൂവെന്ന് അവരോട് പറയാന്‍ തൊലിക്കട്ടി കാണിക്കുന്നവരെ പരിശോധനയ്ക്കു വിധേയരാക്കേണ്ടതാണ്. സത്യത്തില്‍ ഇനിയേതു നീതിയാണ് ആ കന്യാസ്ത്രീക്കു നമ്മള്‍ ചെയ്യുന്ന പരിഹാരമാകുക?

ഇനിയുണ്ടാകുന്ന ഏതു നടപടിയാണ് പരിഹാരമാകുക  എന്ന ചോദ്യം കേരളം സ്വയം ആവര്‍ത്തിച്ചു ചോദിക്കേണ്ടതാണ്. അത്രമേല്‍ നിക്ഷിപ്തതാല്‍പര്യക്കാരുടെ വിചാരണയ്ക്ക് അവരെ വിട്ടുകൊടുത്തു വൈകിയ നിയമനടപടികള്‍. മിഷനറീസ് ഓഫ് ജീസസ് എന്ന സന്യാസിനി സമൂഹത്തില്‍ പരാതിക്കാരി ചേരുന്നത് 1994ലാണ്. കാല്‍നൂറ്റാണ്ട് സേവനമനുഷ്ഠിച്ച അതേ സന്യാസിനീ സമൂഹമാണ് പരാതിക്കാരിയെ സ്വഭാവഹത്യ നടത്താന്‍ മുന്നില്‍ നിന്നത്. ഏറ്റവുമൊടുവില്‍ ഹൈക്കോടതി കൂടി കാത്തിരിക്കൂവെന്നാണ് അവരോട് പറയുന്നതെന്ന് തിരിച്ചറിഞ്ഞ ആത്മവിശ്വാസത്തിലാണ് ഈ സന്യാസിനീസഭ പരാതിക്കാരിയുടെ ചിത്രം വാര്‍ത്താക്കുറിപ്പിലൂടെ പുറത്തു വിടാന്‍ ധൈര്യം കാണിച്ചത്. ആ നടപടിക്കെതിരെ മിഷനറീസ് ഓഫ് ജീസസിനെതിരെ പൊലീസ് നടപടിയെടുത്താല്‍ കന്യാസ്ത്രീക്കുണ്ടായ അപമാനം എത്ര ശതമാനം പരിഹരിക്കാനാകും? പി.സി.ജോര്‍ജ് ഖേദം പ്രകടിപ്പിച്ചിട്ടോ, നിയമനടപടി നേരിട്ടതുകൊണ്ടോ കന്യാസ്ത്രീക്കുണ്ടായ അപമാനത്തിനും മാനസികപീഡനത്തിനും പരിഹാരമാകുമോ? ആരോപണവിധേയനായ ബിഷപ്പിനു തന്നെ പരസ്യമായി രംഗത്തു വന്ന് പരാതിക്കാരെയും സമരക്കാരെയും വെല്ലുവിളിക്കാന്‍ ധൈര്യം നല്‍കിയത് നടപടികളിലെ അമാന്തമല്ലാതെ മറ്റെന്താണ്?

ആരോപണവിധേയരും തല്‍പരകക്ഷികളും മാത്രമല്ല, കേരളാപൊലീസും പരാതിക്കാരിയെ നിരന്തരം അപമാനിച്ചു. പത്തിലേറെ തവണയാണ് പരാതിക്കാരിയില്‍ നിന്ന് കേരളാപൊലീസ് തെളിവെടുക്കാനെത്തിയത്. എന്നിട്ടും ഏറ്റവുമൊടുവില്‍ വരെ പരാതിക്കാരിയുടെ മൊഴിയിലെ വൈരുധ്യങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിച്ചുകൊണ്ടേയിരുന്നു. ആരോപണവിധേയന്‍ സ്വതന്ത്രനായി വിഹരിച്ചു തന്നെ പൊലീസിന്റെ വാദങ്ങള്‍ ഏറ്റുപറഞ്ഞു. ചരിത്രത്തിലാദ്യമായാകണം, പൊലീസിന്റെയും സര്‍ക്കാരിന്റെയും പ്രതിരോധത്തിനു വേണ്ടി ഒരു ലൈംഗികാതിക്രമക്കേസിലെ പ്രതി രംഗത്തെത്തുന്നത്. 

ബിഷപ്പ് ഫ്രാങ്കോ ആദ്യം മുതലേ സ്വീകരിക്കുന്ന നിലപാടുകളിലെ പൊരുത്തക്കേടുകള്‍ പൊലീസിന് ബോധ്യപ്പെട്ടിരുന്നുവെന്ന് പൊലീസ് ഹൈക്കോടതിയില്‍ നല്‍കിയ ആദ്യസത്യവാങ്മൂലത്തില്‍ വ്യക്തമാണ്. പക്ഷേ പൊലീസ് കാത്തിരുന്നത്, കാത്തിരുന്നുകൊണ്ടേയിരുന്നത് സഭയ്ക്കു കൂടി അത് ബോധ്യപ്പെടാനാണെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ദുരന്തമാണത്. കേരളത്തിലെ സ്ത്രീപക്ഷരാഷ്ട്രീയത്തിനാകെയേല്‍ക്കുന്ന രാഷ്ട്രീയദുരന്തം. 

വൈകിയെത്തുന്ന നീതി, നീതിനിഷേധം തന്നെയാണെന്ന് നമുക്ക് ആവര്‍ത്തിക്കേണ്ടി വരുന്നു. ഒരു സ്ത്രീക്ക്, താന്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടു എന്നു പൊലീസിന് പരാതി നല്‍കി, 100 ദിവസത്തോളം കാത്തിരിക്കേണ്ടി വന്നു എന്നിടത്ത് അവസാനിക്കുന്ന ഒന്നുണ്ട്. കേരളമെന്ന അഹങ്കാരം. നമ്പര്‍ വണ്‍ കേരളത്തിലാണ് ഈ നീതിനിഷേധമുണ്ടായതെന്നിടത്ത് അവസാനിക്കണം അഹങ്കാരം. അത് തിരിച്ചറിയുന്നവരാണ് സമരപ്പന്തലില്‍  ഓരോ ദിവസവും വന്നു ചേര്‌ന്ന് അവഗണിക്കാനാകാത്ത ഒരാള്‍ക്കൂട്ടമായി വളരുന്നത്. സഭയുടെ തീരുമാനത്തിനു ശിരസു കുനിച്ച് കാത്തിരുന്ന ഇടതുസര്‍ക്കാര്‍ ചരിത്രത്തിലേക്ക് സ്വയം സ്വീകരിച്ചത് ഒരു കോടതിവിധിക്കും മായ്ക്കാനാകാത്ത കളങ്കമാണ്. ലജ്ജാകരമാണ് അതെന്ന് പറയാതെ വയ്യ. 

MORE IN PARAYATHE VAYYA
SHOW MORE