നമ്പി നാരായണന് നീതി കിട്ടുമ്പോൾ

pva-nambi-narayanan-t
SHARE

കനലായി കിടന്നിരുന്ന ചാരക്കേസ് വീണ്ടും കത്തിജ്വലിക്കുന്നു. ഏറെ വൈകിയെങ്കിലും നീതി സൂര്യനെപ്പോലെ ജ്വലിച്ചുയരുകതന്നെ ചെയ്യും എന്ന് വിളിച്ചുപറയുന്ന ഉന്നതനീതിപീഠത്തിന്‍റെ വിധിവാചകം ലോകം കേട്ടു. നമ്പി നാരായണന്‍ എന്ന പ്രതിഭാശാലിയായ ശാസ്ത്ര‍ജ്ഞന്‍റെ  പോരാട്ടത്തിന്‍റെ വിജയം മനുഷ്യാവാകാശത്തിനുവേണ്ടിയുള്ള എക്കാലത്തെയും പോരാട്ടങ്ങളുടെ മുന്‍നിരയില്‍ത്തന്നെ ഇടംപിടിക്കുകയാണ്.

നമ്പിനാരായണന്‍. ലോകം കണ്ട മികച്ച  ബഹിരാകാശ ശാസ്ത്രജ്ഞരില്‍ ഒരാള്‍. പി.എസ്.എല്‍.വിയിലൂടെയും ജി.എസ്.എല്‍.വിയിലൂടെയും ഇന്ത്യയുടെ അഭിമാനം ബഹിരാകാശത്തിലെത്തോളമെത്തിച്ച പ്രതിഭ. ഐ.എസ്.ആര്‍.ഒയുടെ സാങ്കേതികവിദ്യ വിദേശരാജ്യങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തുവെന്ന ഗുരുതരമായ കുറ്റം ആരോപിച്ച് കാല്‍നൂറ്റാണ്ടുമുന്‍പ് കേരള പൊലീസ് തുറങ്കിലടച്ചപ്പോള്‍ അദ്ദേഹത്തിനു നഷ്ടപ്പെട്ടതെല്ലാം ആര്‍ക്ക് തിരിച്ചുനല്‍കാനാകും.? ഈ ചോദ്യത്തിനുള്ള പൂര്‍ണമായ ഉത്തരം ഒരിക്കലും കിട്ടില്ല. പക്ഷേ നമ്പി നാരായണന്‍റെ ഹര്‍ജിയില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി അതിനുള്ള ഉത്തരംതേടലാണ്.

സിബി മാത്യൂസിന്‍റെ നേതൃത്വത്തില്‍ കേരള പൊലീസ് നടത്തിയ അന്വേഷണത്തില്‍ രൂപപ്പെട്ട ചാരക്കേസ് കെട്ടുകഥയായിരുന്നുവെന്ന് സി.ബി.ഐ കണ്ടെത്തിയത് രണ്ട് പതിറ്റാണ്ടുമുന്‍പാണ്. നമ്പിനാരായണനെയും ആരോപണവിധേയരായ മറ്റ് വ്യക്തികളെയും കുറ്റവിമുക്തരാക്കിയ ആ റിപ്പോര്‍ട്ടില്‍, ചാരക്കേസിനുത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉചിതമായ നടപടിവേണമെന്നും സിബിഐ നിര്‍ദേശിച്ചു. പക്ഷേ ആ നിര്‍ദേശം രണ്ട് പതിറ്റാണ്ട് ചാരംമൂടിക്കിടന്നു.  നമ്പിനാരായണന് അന്‍പതുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി നിശ്ചയിക്കാന്‍ മുന്‍സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ സമിതിയെ നിയോഗിച്ചുകൊണ്ടും സുപ്രീംകോടതി പുറപ്പെടുവി്ച്ച വിധിക്ക് ചാരക്കേസിനപ്പുറം മനുഷ്യാവാകാശപോരാട്ടത്തിന്‍റെ ചരിത്രത്തില്‍ സവിശേഷമായ ഒരു പ്രാധാന്യമുണ്ട്.

ജനാധിപത്യവ്യവസ്ഥയില്‍ നീതിനിര്‍വഹണത്തിന് ചുമതലപ്പെട്ട പൊലീസ്   നിരപരാധികളെ തുറുങ്കിലടച്ചും ഉരുട്ടിക്കൊന്നും വ്യാജ ഏറ്റുമുട്ടലുകള്‍ നടത്തിയും നീതിയുടെ അന്തകരായി മാറുന്നത് രാജ്യം പലതവണ കണ്ടിട്ടുണ്ട്. പക്ഷേ നീതിക്കുവേണ്ടി പോരാടിയ ഇരകള്‍  പാതിവഴിയില്‍ തളര്‍ന്നുവീണതാണ് മിക്കപ്പോഴും നാം കണ്ടത്.  നമ്പി നാരാണണന്‍ എന്ന മനുഷ്യന്‍റെ പോരാട്ടവിജയം അവര്‍ക്കുവേണ്ടിക്കൂടിയുള്ളതാണ്. 

പൊലീസ് ഉദ്യോഗസ്ഥര്‍ ചെയ്ത തെറ്റ് സുപ്രീംകോടതി നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തട്ടെ. പക്ഷേ, ഐ.എസ്.ആര്‍.ഒ ചാരക്കേസ് എന്ന പ്രഹേളികയ്ക്ക് സമ്പൂര്‍ണമായ ഉത്തരം അതുകൊണ്ടും ലഭിക്കുമോ? രാജ്യാന്തരബന്ധങ്ങള്‍വരെ ആരോപിക്കപ്പെട്ട കേസിനു പിന്നില്‍ എന്തായിരുന്നുവെന്ന് വെളിപ്പെടുമോ? കേരളരാഷ്ട്രീയത്തിലെ അന്തര്‍നാടകങ്ങള്‍ ചാരക്കേസിനെ സ്വാധിനിച്ചതെങ്ങനെയെന്ന ചോദ്യത്തിന് ഉത്തരം കിട്ടുമോ? ചോദ്യങ്ങള്‍ നിരവധിയാണ്.

ഐ.എസ്.ആര്‍.ഓ ചാരക്കേസും കേരളത്തിലെ കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയവും കെട്ടുപിണഞ്ഞുകിടക്കുന്നു. 1995ല്‍  ‍ കെ.കരുണാകരന്‍റെ രാജിയിലേക്ക് നയിച്ച കോണ്‍ഗ്രസിലെ അന്തര്‍നാടകങ്ങള്‍. ചാരക്കേസ് ആയുധമാക്കി എ ഗ്രൂപ്പ് കരുണാകനെതിരെ നടത്തിയ കരുനീക്കങ്ങള്‍ . ചിലര്‍ പിന്നീട് തെറ്റ് ഏറ്റുപറഞ്ഞു.

ചാരക്കേസ് മുന്‍നിര്‍ത്തി കരുണാകരനെതിരെ നടത്തിയ നീക്കങ്ങള്‍ തെറ്റായിപ്പോയെന്ന് പറയേണ്ടവരെല്ലാം ഏറ്റുപറയുമോ? ഇതുവരെ ഉണ്ടായിട്ടില്ല.

ഉണ്ടാകാനുമിടയില്ല എന്ന് പറയേണ്ടിവരും. ചാരക്കേസ് കരുവാക്കി ദേശീയതലത്തില്‍ കോണ്‍ഗ്രസില്‍ നടന്ന രാഷ്ട്രീയനീക്കങ്ങളും എക്കാലവും സംശയത്തിന്‍റെയും നീഗൂഢതകളുടെയും നിഴലില്‍ത്തന്നെ. എഴുതപ്പെട്ട രാഷ്ട്രീയചരിത്രങ്ങളിലും ആത്മകഥകളിലും ഇനിയും വെളിപ്പെട്ടിട്ടില്ലാത്ത സത്യങ്ങള്‍ ചാരംമൂടിക്കിടക്കുകതന്നെയാണ്. 

ചാരക്കേസ് കോണ്‍ഗ്രസിന്‍റെ ഗ്രൂപ്പ് രാഷ്ട്രീയത്തിന് ആയുധമായപ്പോള്‍ ഇടതു രാഷ്ട്രീയത്തില്‍ എന്താണ് സംഭവിച്ചത്? ചാരക്കേസിനോട് ഇടതുപക്ഷം സ്വീകരിച്ച നിലപാട് കൂടി പറയാതെ അതിന്‍റെ രാഷ്ട്രീയചിത്രം പൂര്‍ണമാകുന്നില്ല. 

ചാരക്കേസില്‍ പൊലീസുണ്ടാക്കിയ കെട്ടുകഥയില്‍ കഥയറിയാതെ വിശ്വസിച്ചവരും കഥയറിഞ്ഞിട്ടും ബോധപൂര്‍വം നിക്ഷിപ്തതാല്‍പര്യത്തിനുവേണ്ടി അതിനെ ഉപയോഗപ്പെടുത്തിയവരുമുണ്ട്.  1996 മെയ് 1ന്   ചാരക്കേസില്‍ നമ്പി നാരായണന്‍ ഉള്‍പ്പെടെ ആറ് പ്രതികളെ കുറ്റവിമുക്തരാക്കിയപ്പോള്‍ അതുവരെ പൊലീസിനെ വിശ്വസിച്ചിരുന്ന ഭൂരിപക്ഷവും നിശബ്ദരായി.  ചാരക്കേസ് മുതലെടുത്ത് അധികാരത്തിലേറിയ ഏ.കെ.ആന്‍റണിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം പോലും സിബിഐ റിപ്പോര്‍ട്ടിനെ നിയമപരമായി ചോദ്യം ചെയ്യാന്‍ മുതിര്‍ന്നില്ല. പക്ഷേ തുടര്‍ന്ന് അധികാരത്തിലേറിയ ഇ.കെ.നായനാര്‍ മന്ത്രിസഭ സിബി.ഐ റിപ്പോര്‍ട്ട് സ്വീകാര്യമല്ലെന്ന നിലപാടെടുത്തു. കേസന്വേഷണം സിബി.ഐയ്ക്കു വിടാന്‍ മുന്‍പ് കെ.കരുണാകരന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം  റദ്ദുചെയ്തു. ഡി.ഐ.ജി ടിപി സെന്‍കുമാറിന്‍റെ നേതൃത്വത്തില്‍ പുതിയ അന്വേഷണത്തിനും ഉത്തരവിട്ടു. നമ്പിനാരായണനടക്കം ഹൈക്കോടതിയിലും പിന്നെ സുപ്രീംകോടതിയിലും പോയി. നായനാര്‍ സര്‍ക്കാരിന്‍റെ തീരുമാനം സുപ്രീംകോടതി റദ്ദുചെയ്തു. നിയമം നടപ്പാക്കാന്‍ ബാധ്യതയുള്ള ഭരണകൂടത്തിനുചേര്‍ന്ന നടപടിയല്ല ഇതെന്ന അതിരൂക്ഷമായ വിമര്‍ശനത്തോടെ. ആരോപണവിധേയര്‍ക്ക് കോടതി ച്ചെലവ് സര്‍ക്കാര്‍ നല്‍കാനും ഉത്തരവിട്ടു. എതിരാളികളെ വിമര്‍ശിക്കുമ്പോള്‍ സി.പി.എം.നേതാക്കള്‍ ഇതൊക്കെ  പക്ഷേ സൗകര്യപൂര്‍വം മറക്കുന്നു.

പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിവേണമെന്ന 96ലെ സിബിഐ നിര്‍ദേശത്തെ  നിരാകരിച്ചത് എ.കെ.ആന്‍റണി, ഉമ്മന്‍ ചാണ്ടി സര്‍ക്കാരുകള്‍ മാത്രമല്ല, 

ഇ.കെ.നായനാര്‍, വി.എസ് സര്‍ക്കാരുകളുമുണ്ടെന്ന് ഇടതുപക്ഷം മറക്കരുത്. ഒടുവില്‍ നമ്പി നാരായണന് നീതിനല്‍കിയ സുപ്രീംകോടതിയിലെ വ്യവഹാരത്തില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം എന്തായിരുന്നു എന്നുകൂടി പറയണം. സര്‍ക്കാരിന് ഒരുപക്ഷവുമില്ല, കോടതി തീരുമാനിക്കെട്ടെ എന്ന എവിടെയും തൊടാത്ത നിലപാട്. 

പിഴവുകള്‍ തിരുത്തുകയെന്നത് സജീവമായ ജനാധിപത്യവ്യവസ്ഥയുടെ ഉള്‍ക്കരുത്താണ് പ്രകടമാക്കുന്നത്. നിയമനിര്‍മാണ, ഭരണനിര്‍വഹണ, നീതിന്യായ സംവിധാനങ്ങള്‍ക്കുമാത്രമാണ് നാലാംതൂണായ മാധ്യമങ്ങള്‍ക്കുമുണ്ട് ഉത്തരവാദിത്തം. ചാരക്കേസില്‍ മാധ്യമങ്ങളെടുത്ത നിലപാടുകളും വിമര്‍ശനവിധേയമാക്കുക തന്നെ വേണം.   പുതിയ അന്വേഷണങ്ങള്‍ പുതിയ വസ്തുതകള്‍ കണ്ടെത്തുമ്പോള്‍ അത് അംഗീകരിക്കുകയും ലോകത്തെ അറിയിക്കുകയും ചെയ്യുകയെന്ന  ഉത്തരവാദിത്തം മാധ്യമങ്ങള്‍ക്കുമുണ്ട്. 

ഐ.എസ്.ആര്‍. ഒ ചാരക്കേസിന് പിന്നില്‍ പ്രവര്‍ത്തിച്ചത് അമേരിക്കന്‍ ഇടപെടലാണെന്നതടക്കം രാജ്യാന്തരമാനങ്ങളുള്ള ഒട്ടേറെ വാദങ്ങളും എതിര്‍വാദങ്ങളും ഇപ്പോഴും അന്തരീക്ഷത്തില്‍ സജീവമായി നിലനില്‍ക്കുന്നു. ഇനിയും ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങള്‍ ഇന്നും ചാരത്തിനടിയില്‍ തന്നെയാണ്. അവയും നീതിയുടെ ഭ്രമണപഥത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കാം.

MORE IN PARAYATHE VAYYA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.