സഖാക്കളേ, എന്താണ് നിങ്ങളുടെ സ്ത്രീപക്ഷ രാഷ്ട്രീയം? ഇത് അപഹാസ്യം

pva-sasi-t
SHARE

ഒടുവില്‍ സി.പി.എം സമ്മതിക്കുന്നു, ഞങ്ങള്‍ നിങ്ങള്‍ കരുതിയതുപോലൊരു പാര്‍ട്ടിയല്ല. പാര്‍ട്ടി എം.എല്‍.എയ്ക്കെതിരെ  ഒരു യുവതി നല്‍കിയ പരാതി പാര്‍ട്ടി പണ്ടേ അന്വേഷിച്ചു തുടങ്ങിയതാണെന്ന് വിശദീകരിച്ച് വാര്‍ത്താക്കുറിപ്പും വന്നു. മലക്കം മറിഞ്ഞ് മറിഞ്ഞ്, ഉരുണ്ടുവീണപ്പോഴാണ് സി.പി.എമ്മിന് നിലപാട് വ്യക്തമാക്കേണ്ടി വന്നത്. പ്രസ്ഥാനത്തിന്റെ അടിസ്ഥാന രാഷ്ട്രീയവിശ്വാസ്യത പോലും ചോദ്യം ചെയ്യപ്പെടും വിധം ഒരു വനിതാസഖാവിന്റെ പരാതി സി.പി.എം. കൈകാര്യം ചെയ്തതെന്തുകൊണ്ടാണ്? 

ഒരക്ഷരം വിശദീകരിക്കാന്‍ പോലുമാകാതെ മിണ്ടാട്ടം നഷ്ടപ്പെട്ടു പോയ, വനിതാനേതാക്കളും, യുവജനനേതാക്കളും വിളിച്ചുപറയുന്നത് ഒന്നു മാത്രമാണ്. സ്ത്രീസുരക്ഷയെന്ന രാഷ്ട്രീയം സി.പി.എമ്മിനും വര്‍ഗബഹുജനസംഘടനകള്‍ക്കും മുദ്രാവാക്യങ്ങളിലെ അലങ്കാരം മാത്രമാണ്. പി.കെ.ശശി, കുറ്റക്കാരനാണോ അല്ലയോ എന്നത് രണ്ടാമത്തെ പ്രശ്നം മാത്രമാണ്. വനിതാസഖാവിന്റെ പരാതി പാര്‍ട്ടി പരിഗണിച്ചതെങ്ങനെയെന്ന ചോദ്യമാകട്ടെ ഇനിയെന്നേക്കും ഇടതുരാഷ്ട്രീയത്തെ ഉത്തരം മുട്ടിക്കും. 

ഈ മുദ്രാവാക്യമുയര്‍ത്തുന്നത് സി.പി.എമ്മുകാര്‍ തന്നെയാണെങ്കില്‍, കൂടെ ഇന്‍ക്വിലാബുയര്‍ത്തുന്നത് DYFIക്കാര്‍ തന്നെയാണെങ്കില്‍ ഇതൊരു സുപ്രധാനമുഹൂര്‍ത്തമാണ്. കാപട്യത്തിന്റെയും ഇരട്ടത്താപ്പിന്റെയും രാഷ്ട്രീയത്തിന് ഇനി മറകള്‍ ആവശ്യമില്ലെന്ന പരസ്യപ്രഖ്യാപനമാണത്. വിപ്ലവം ജയിക്കട്ടെ എന്നു വിളിച്ചു പറഞ്ഞ അതേ നാവുകളാണ് പി.കെ.ശശി ജയിക്കട്ടെ എന്നു മുദ്രാവാക്യമുയര്‍ത്തുന്നത്. ആരോട് ജയിക്കട്ടെയെന്നാണ് , ശശി ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചു എന്നു പരാതിപ്പെട്ട സഹസഖാവിനോട് ജയിക്കട്ടെയെന്ന്. DYFI ആര്‍ക്കു വേണ്ടിയാണ് മുദ്രാവാക്യം വിളിച്ചതെന്ന് ചരിത്രം ഓര്‍ത്തുവയ്ക്കും. ആക്രമിക്കപ്പെട്ടുവെന്നു പാര്‍്ടടിക്കു മുന്നില്‍ പരാതി നല്‍കിയ DYFI ജില്ലാകമ്മിറ്റി അംഗത്തിനു  വേണ്ടിയല്ല. ആരോപണം നേരിടുന്ന പാര്‍ട്ടി നേതാവിനു വേണ്ടിയാണ്. 

ഇതിനൊപ്പം കാണേണ്ട മറ്റൊരു ദൃശ്യം കൂടിയുണ്ട്. പരാതി പുറത്തു വന്ന നാലാം തീയതി പാര്‍ട്ടി സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് എ.കെ.ജി സെന്‍ററിലെത്തിയ DYFI നേതാക്കള്‍ മാധ്യമങ്ങളുടെ ചോദ്യം ഒഴിവാക്കിപ്പോകുന്ന  ദൃശ്യങ്ങളാണിത്. DYFIയുടെ അഖിലേന്ത്യാപ്രസിഡന്റ്  മുഹമ്മദ് റിയാസും സംസ്ഥാന സെക്രട്ടറി എം.സ്വരാജും, സംസ്ഥാന പ്രസിഡന്റ് എ.എന്‍.ഷംസീറും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ കൂടിയാണ്. ഇപ്പോള്‍ ഈ പാര്‍ട്ടി പറയുന്നതു പോലെ ആഗസ്റ്റ് 31ന് തന്നെ DYFI വനിതാനേതാവിന്റെ പരാതിയില്‍ സി.പി.എം ഉചിതമായ നടപടി തീരുമാനിച്ചിട്ടുണ്ടെങ്കില്‍ ഈ നേതാക്കള്‍ അതു പോലും മിണ്ടാതെ വഴി മാറിയിറങ്ങി കാറില്‍ കയറി രക്ഷപ്പെട്ടതെന്തിനാണ്? 

സത്യമാണ്, മാധ്യമങ്ങള്‍ മാത്രമല്ല, രാഷ്ട്രീയബോധമുള്ള ആരും കരുതുന്ന പാര്‍ട്ടിയല്ല സി.പി.എം. അത്  ശശിക്കു വേണ്ടി സി.പി.എം തെളിയിച്ചു കഴിഞ്ഞു. പൊതുജനസമ്മര്‍ദവും ചോദ്യങ്ങളും ഉയരുമ്പോഴല്ല, നിലപാടുള്ള ഒരു പാര്‍ട്ടി നടപടികളിലേക്കു കടക്കേണ്ടത്. സ്ത്രീസുരക്ഷയ്ക്കും തുല്യതയ്ക്കും വേണ്ടി ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ആത്മാര്‍ഥമായിരുന്നില്ലെന്ന വിളിച്ചു പറയലാണ് ശശിക്കെതിരായ പാര്‍ട്ടി നടപടികളിലെ അമാന്തം. പാര്‍ട്ടി അന്വേഷിച്ചു നടപടിയെടുത്തു പരിഹരിക്കുമെന്ന് ഊറ്റം കൊള്ളുന്നവര്‍ക്കുള്ള അസല്‍ മറുപടി ബൃന്ദാ കാരാട്ട് തന്നെ നേരത്തെ പറഞ്ഞു വച്ചിട്ടുണ്ട്. ക്രിമിനല്‍ കുറ്റം ചെയ്തവര്‍ പശ്ചാത്തപിക്കേണ്ടത് ജയിലിനകത്തു കിടന്നാണ്. പക്ഷേ ആ പറഞ്ഞത് ബൃന്ദാകാരാട്ടിനെപ്പോലും ഓര്‍മിപ്പിക്കേണ്ടി വരുന്നുവെന്നതാണ് വിരോധാഭാസം

2013 നവംബറിലാണ്, വൃന്ദാകാരാട്ടിനും സി.പി.എമ്മിനും തന്നെ മാതൃകയാക്കാവുന്ന ചില പൂര്‍വകാലമാതൃകകള്‍ അവര്‍ തന്നെ ഉണ്ടാക്കിവച്ചത്. 

തെഹല്‍ക്ക മേധാവി തരുണ്‍ തേജ്പാലിനെതിരായ ലൈംഗികാതിക്രമ പരാതിയായിരുന്നു പശ്ചാത്തലം. തെഹല്‍ക്കയില്‍ തനിക്കു കീഴില്‍ ജോലി ചെയ്യുന്ന മാധ്യമപ്രവര്‍ത്തകയ്ക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു തേജ്പാലിനെതിരെ ഉയര്‍ന്ന ആരോപണം . താന്‍ പശ്ചാത്തപിക്കുന്നുവെന്നും മാപ്പു ചോദിക്കുന്നുവെന്നും തേജ്പാല്‍ നിലപാടെടുത്തു. തെഹല്‍ക്ക മാഗസിനാകട്ടെ, ആരോപണം അന്വേഷിക്കാന്‍ ഒരു ആഭ്യന്തരസമിതിയെ നിശ്ചയിച്ചിരിക്കുന്നുവെന്നും രണ്ടു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടിയെന്നും പ്രഖ്യാപിച്ചു. അന്ന് തെഹല്‍ക്കയുടെ മാനേജിങ് എഡിറ്റര്‍ ഷോമ ചൗധരിക്കെതിരെ വൃന്ദാകാരാട്ട് നടത്തിയ ഒരു പ്രസ്താവന മാത്രം ഇവിടെ ഓര്‍മിപ്പിക്കുന്നു. നിയമലംഘകര്‍ തന്നെ നടപടിയും തീരുമാനിക്കുകയാണെങ്കില്‍ പിന്നെ ഈ രാജ്യത്ത് നിയമങ്ങളും കോടതിയും എന്തിനാണ്? ഇത് സര്‍ക്കാര്‍ തന്നെ അന്വേഷിച്ചു നടപടിയെടുത്തേ പറ്റൂ.  നിയമവ്യവസ്ഥയാണ് ഈ കുറ്റത്തിനു ശിക്ഷ തീരുമാനിക്കേണ്ടത്. താന്‍ ഖേദിക്കുന്നുവെന്ന് ആവര്‍ത്തിച്ച തരുണ്‍ തേജ്പാലിനോടും വൃന്ദാകാരാട്ട് ഒന്നേ പറഞ്ഞിട്ടുള്ളൂ. സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തിയാല്‍ പശ്ചാത്തപിക്കേണ്ടത് ജയിലില്‍ കിടന്നാണ്. 

തരുണ്‍ തേജ്പാലിന്‍റെ ഖേദപ്രകടനം അന്ന് ഓഫിസിനകത്തെ സമ്മര്‍ദസാഹചര്യത്തില്‍ പരാതിക്കാരിക്കും അംഗീകരിക്കേണ്ടി വന്നിരുന്നു. അവര്‍ ആശയക്കുഴപ്പത്തിലും സമ്മര‍്‍ദത്തിലുമായിരുന്നു. ഞങ്ങളോട് പ്രശ്നം തീര‍്ന്നുവെന്നു നിലപാടെടുത്ത പരാതിക്കാരിയാണ് പുറത്തുപോയി നിയമസഹായം  തേടിയതെന്നാണ് തെഹല്‍ക്ക അന്ന് പരിഭവിച്ചത്. അതിക്രമത്തിനിരയായ പെണ്‍കുട്ടിയുടെ പരാതിയിലല്ല, അന്ന്  ഗോവ പൊലീസ് നടപടിയെടുത്തതെന്നതും ശ്രദ്ധേയമാണ്. ബി.ജെ.പിയുടെ രാഷ്ട്രീയതാല്‍പര്യങ്ങളും ആരോപിക്കപ്പെട്ടെങ്കിലും സംഭവം നടന്ന ഗോവയിലെ പൊലീസ് തേജ്പാലിനെതിരെ സ്വമേധയാ കേസെടുത്തു. ബലാല്‍സംഘശ്രമത്തിനും ലൈംഗികാതിക്രമത്തിനും മോശം പെരുമാറ്റത്തിനും  തേജ്പാലിനെതിരെ കുറ്റപത്രം നല്‍കി, വിചാരണാനടപടികള്‍ തുടരുകയാണ്. 

അതേ വൃന്ദാകാരാട്ടാണ് ഇതും. ലൈംഗികാതിക്രമങ്ങള്‍, സ്ത്രീകളുടെ അന്തസിനെ ഹനിക്കുന്ന പെരുമാറ്റങ്ങള്‍, ഇതെല്ലാം നിയമം മാത്രമാണ് കൈകാര്യം ചെയ്യേണ്ടതെന്ന് ഉറപ്പിച്ചു പറഞ്ഞ അതേ വൃന്ദാകാരാട്ട്.  വേട്ടക്കാരനും ഇരയും ഒരേ സ്ഥാപനത്തിലെ അധികാരഘടനയില്‍ നില്‍ക്കേണ്ടി വരുമ്പോള്‍ പരാതിക്കാരി നേരിടേണ്ടിവരുന്ന സമ്മര‍്ദങ്ങളെക്കുറിച്ച് രാജ്യത്തെ ഓര്‍മിപ്പിച്ച വൃന്ദാകാരാട്ട്, സ്വന്തം കൈയിലെത്തിയ സമാനസ്വഭാവമുള്ള പരാതി പക്ഷേ പാര്‍ട്ടിക്കു വിട്ടു . പാര്‍ട്ടി നടപടി മതിയെന്ന് അവര്‍ക്ക് ബോധ്യവുമുണ്ട്. 

പാര്‍ട്ടി ഒടുവില്‍ വാര്‍ത്താക്കുറിപ്പിറക്കി അവകാശപ്പെടുന്നു,  വളരെ നേരത്തേ നടപടി തുടങ്ങിയതാണെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ പാര്‍ട്ടിയെ തകര്‍ക്കാനാണെന്നും. എങ്കില്‍ പാര്‍ട്ടി പറയണം, പാര്‍ട്ടി പറയുന്നതാണോ സത്യം, നേരത്തെ നേതാക്കള്‍ പറഞ്ഞതാണോ സത്യം? 

‌എ.കെ.ബാലന്‍, പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി അംഗമാണ്.   എ.കെ.ബാലനെയും പി.കെ.ശ്രീമതി ടീച്ചറെയുമാണ്   പി.കെ.ശശിക്കെതിരായ ആരോപണം അന്വേഷിക്കാന്‍ ആഗസ്റ്റ് 31 ന് തന്നെ ചുമതലപ്പെടുത്തിയതാണെന്ന് സി.പി.എം വാര്‍ത്താക്കുറിപ്പില്‍ അവകാശപ്പെട്ടത്. ഇനി എ.കെ.ബാലന്‍ ഈ മാസം നാലിന് നടത്തിയ പ്രതികരണം കാണുക

ആഗസ്റ്റ് 31 മുതല്‍ പരാതി അന്വേഷിച്ചുവരുന്ന എ.കെ.ബാലനാണ് സെപ്റ്റംബര്‍ നാലിനും ഞാനൊന്നും അറിഞ്ഞിട്ടില്ലെന്ന് ആവര്‍ത്തിച്ച് സാക്ഷ്യപ്പെടുത്തിയത്

ഇപ്പോള്‍ സി.പി.എം പറയുന്നതാണ് ശരിയെങ്കില്‍, എ.കെ.ബാലന്‍ ഒരു മടിയുമില്ലാതെ ജനങ്ങള്‍ക്കു മുന്നില്‍ അസത്യം പറഞ്ഞു.  ആ നേതാവാണ് ഇനി പരാതിയുടെ സത്യം അന്വേഷിച്ചു കണ്ടെത്തേണ്ടത്. സംസ്ഥാനത്തെ നിയമമന്ത്രിയെത്തന്നെ അന്വേഷണത്തിനു ചുമതലപ്പെടുത്തിയതെന്തിനാണെന്ന് സംസ്ഥാന സെക്രട്ടറിയുടെ ആദ്യപ്രതികരണത്തിലും വ്യക്തമാണ്. 

ഇത്രയും ഉത്തരവാദിത്തത്തോടെയുള്ള ഒരു പ്രതികരണം ഒരു സ്ത്രീയുടെ പരാതിയിലും നമ്മള്‍ കേട്ടിട്ടുണ്ടാകില്ല. ബൃന്ദാകാരാട്ടിനു പോലും നിലപാടുകളില്‍ മലക്കം മറിയേണ്ടിവന്നതിന്റെ യഥാര്‍ഥ കാരണവും സംസ്ഥാനനേതാക്കളുടെ പ്രതികരണങ്ങളിലുണ്ട്. ലൈംഗികാതിക്രമം മാത്രമല്ല,  പാര്‍്ടിട നേതാക്കള്‍ തന്നെ ഒത്തുതീര്‍പ്പിന് പണവും പദവികളും വാഗ്ദാനം ചെയ്തുവെന്ന പരാതി കൂടിയാണ് പാര്‍ട്ടിയുടെ പരിഗണനയിലെത്തിയതെന്നോര്‍ക്കണം. സംസ്ഥാനം പരിഗണിച്ചു പരിഗണിച്ച് നീതി കിട്ടുമെന്നുറപ്പായതോടെയാണല്ലോ പരാതിക്കാരി ജനറല്‍സെക്രട്ടറിയെ സമീപിച്ചത്

സീതാറാം യെച്ചൂരിയുടെ ഈ പ്രതികരണമില്ലായിരുന്നെങ്കില്‍ ശശി മാത്രമല്ല,  സിപിഎമ്മും എ.കെ.ബാലന്റെ നിലപാട് ആവര്‍ത്തിച്ചേനെ. ഏതു പരാതി, ആരുടെ പരാതി. പരാതി മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നതിനു ശേഷമാണ്, പാലക്കാട് ജില്ലാകമ്മിറ്റി, ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങളില്‍ പി.കെ.ശശി അധ്യക്ഷത വഹിച്ചത്. ഞാനൊന്നും അറിഞ്ഞിട്ടില്ലെന്നും എന്തും നേരിടുമെന്നും പാര്‍ട്ടി ഒപ്പമുണ്ടെന്നും വെല്ലുവിളിച്ചത്. 

സി.പി.എം വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്, പരാതിയില്‍ പരാമര്‍ശിച്ച പി.കെ.ശശിയെ എ.കെ.ജി.സെന്ററില്‍  വിളിച്ചു വരുത്തി വിശദീകരണം കേട്ടു എന്നാണ്. അതും ആഗസ്റ്റ് 31നു മുന്‍പു തന്നെ. അതാണ് സത്യമെങ്കില്‍ പൊതുജനമധ്യത്തില്‍ പച്ചക്കള്ളം ആവര്‍ത്തിച്ച് പാര്‍ട്ടിക്ക് അപകീര്ത്തിയുണ്ടാക്കിയ ശശിക്കെതിരെ നടപടിയെടുക്കാന്‍ തയാറുണ്ടോ സി.പി.എം.?

ആരോപണവിധേയനായ ശശി  സത്യം പറയുന്നതെങ്ങനെയെന്നു ചോദിക്കാം. പക്ഷേ പാലക്കാട് ജില്ലാെസക്രട്ടറിയടക്കമുള്ളവര്‍, സംസ്ഥാനകമ്മിറ്റിയംഗമടക്കമുള്ളവരെല്ലാം നിരന്നു നിന്നു കള്ളം പറയുന്നവരാണോ? 

പാര്‍ട്ടി നടപടിയെടുക്കുന്നുണ്ടായിരുന്നു, പക്ഷേ എല്ലാ സത്യങ്ങളും അങ്ങനെ തുറന്നു പറയാന്‍ പറ്റില്ലല്ലോ എന്നാണെങ്കില്‍ അതു തന്നെയാണ് പ്രശ്നം? ഈ പരാതി പാര്‍ട്ടി അങ്ങനെ ഒളിച്ചു വച്ചതെന്തിനാണ്? സുതാര്യമായും മാതൃകാപരമായും കൈകാര്യം ചെയ്യേണ്ട ഒരു സാഹചര്യത്തില്‍ സി.പി.എം ഇങ്ങനെ അപഹാസ്യമായത് എന്തിനു വേണ്ടിയാണ്? പുറത്തറിഞ്ഞപ്പോള്‍ മാത്രമാണ്, പാര്‍ട്ടി നടപടി തുടങ്ങിയത്. അകത്തൊതുക്കാന്‍ കഴിയാതെ വന്നപ്പോള്‍ മാത്രമാണ് സി.പി.എം പോലൊരു പാര്‍ട്ടി ലൈംഗികാതിക്രമമെന്ന പരാതി പരിഗണിക്കുന്നതെങ്കില്‍ ദയനീയാവസ്ഥയാണത്. 

സ്ത്രീപക്ഷ രാഷ്ട്രീയത്തില്‍ സി.പി.എമ്മിനും ഡി.വൈ.എഫ്.ഐയ്ക്കും തൂവല്‍ ചാര്‍ത്തുന്ന മറ്റൊരു സംഭവം കൂടി ഇതിനിടെയുണ്ടായി. ഇരിങ്ങാലക്കുടയില്‍ DYFI പ്രാദേശികനേതാവിനെതിരെ  പൊലീസ് ലൈംഗികാതിക്രമത്തിന് കേസെടുത്തു. ആദ്യം പരാതി പറഞ്ഞത് പാര്‍ട്ടിയോടാണെന്നും പാര്‍ട്ടിയും നേതാക്കളും പ്രശ്നം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചതുകൊണ്ടാണ് പൊലീസിനെ സമീപിക്കേണ്ടി വന്നതെന്നും പെണ്‍കുട്ടിയും കുടുംബവും തുറന്നു പറഞ്ഞു. അടിയുറച്ച സി.പി.എം കുടുംബത്തിനാണ് ഈ അനുഭവമുണ്ടായത്. പൊലീസ് കേസും വാര്‍ത്തയുമായതോടെ പാര്‍ട്ടി ആരോപണവിധേയനായ ജീവന്‍ലാലിനെ പുറത്താക്കി മുഖം രക്ഷിക്കാന്‍ ശ്രമിച്ചു. ആ പാര്‍ട്ടിയാണ്  സ്ത്രീകളെ അപമാനിക്കുന്ന പരാതികള്‍ ഉയര്‍ന്നു വന്ന അപൂര്‍വം സന്ദര്‍ഭങ്ങളില്‍ കര്‍ശനമായ നടപടിയാണ് പാര്‍ട്ടി സ്വീകരിച്ചതെന്ന് അഭിമാനപൂര്‍വം വാര്‍ത്താക്കുറിപ്പിറക്കിയത്. സമാനസന്ദര്‍ഭങ്ങളില്‍ മറ്റു പാര്‍ട്ടികളെപ്പോലെയല്ല സി.പി.എം. എന്ന അവകാശവാദം പാര്‍ട്ടി തന്നെ ഒന്നു സ്വയം പരിശോധിക്കേണ്ടതാണ്. ആരോഗ്യപരമായ കാരണങ്ങളാല്‍ ആറു വര്‍ഷം പാര്‍ട്ടിയില്‍ നിന്നു മാറ്റിനിര്‍ത്തിയ നേതാക്കളടക്കം തിരികെയെത്തിയ സാഹചര്യത്തില്‍ പ്രത്യേകിച്ചും

സ്ത്രീകള്‍ അപമാനിക്കപ്പെട്ടു എന്ന പരാതി ഒളിച്ചു കൈകാര്യം ചെയ്യുന്നതിന്റെ ലക്ഷ്യമെന്താണ്? എന്തിനാണ് നിയമം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കര്‍ശനമായി കൈകാര്യം ചെയ്യുന്ന വ്യവസ്ഥകളുണ്ടാക്കിവച്ചിരിക്കുന്നത്? വ്യത്യസ്തമായ പാര്‍ട്ടി, നടപടിയെടുത്തിരുന്നു, കാരണം പറഞ്ഞില്ലെന്നേയുള്ളൂ എന്നു വിശദീകരിക്കുമ്പോള്‍ ചോദിക്കാതെ വയ്യ. സ്ത്രീകളെ അപമാനിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കിയിരിക്കുന്നത് എന്തിനാണെന്നാണ് ഈ പാര്‍ട്ടി ധരിച്ചു വച്ചിരിക്കുന്നത്?

പെണ്‍കുട്ടിയുടെ വ്യക്തിത്വം പുറത്താകുമെന്നതുകൊണ്ടാണ് പൊലീസിനു കൈമാറാതിരുന്നതെന്നു പറയുന്നത് രാജ്യത്ത് സ്ത്രീകളുടെ പ്രശ്നങ്ങളിലെ മുന്നണിപ്പോരാളിയാണ്.  നീ പുറത്തു വരൂ, ആക്രമിച്ചയാളാണ് അപമാനം നേരിടേണ്ടത് എന്നു സ്വന്തം പാര്‍ട്ടിയിലെ സഖാവിനോട് പറയാനുള്ള രാഷ്ട്രീയബോധമില്ലാത്ത നേതാവാണോ ബൃന്ദാകാരാട്ട് എന്നത് ഇനിയെന്നും ഒരു ചോദ്യചിഹ്നമായി നിലനില്‍ക്കും. കുറ്റം ചെയ്തുവെങ്കില്‍ കുറ്റക്കാരനാണ് ശിക്ഷിക്കപ്പെടേണ്ടത്. പരാതി വ്യാജമാണെങ്കില്‍ പരാതിക്കാരിക്കെതിരെയും നടപടിയെടുക്കാന്‍ നിയമസാധ്യതയുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമം ഒരു കുറ്റത്തിന് ശിക്ഷ വ്യവസ്ഥ ചെയ്യുന്നത് എന്തിനാണ്? ഭരണഘടനയുടെ 21ാം അനുഛേദമനുസരിച്ച് ഇന്ത്യക്കാരന് അന്തസോടെ ജീവിക്കാന്‍ അവകാശമുണ്ട്. അത് ഉറപ്പുവരുത്താനുള്ള ബാധ്യത സ്റ്റേറ്റിനാണ്.  രാജ്യത്തെ ഓരോ നിയമനിര്‍മാണവും നടക്കുന്നത് അതുറപ്പു വരുത്താനും കൂടുതല്‍ മെച്ചപ്പെടുത്താനുമാണ്.  പൗരന്റെ ജീവന്‍, സ്വകാര്യത, സാമൂഹ്യജീവിതം എന്നിവയെല്ലാം സുഗമമായി സാധ്യമാകുന്നുവെന്ന് ഉറപ്പു വരുത്താനാണ് ഓരോ നിയമവും.  ഇന്ത്യന്‍ ശിക്ഷാനിയമവും ഉറപ്പു വരുത്തുന്നത് പൗരന്‍റെ അന്തസോടെയുള്ള ജീവിതമാണ്. ഓരോ കുറ്റത്തിനും വ്യവസ്ഥ ചെയ്യുന്ന ശിക്ഷയ്ക്കു പോലും ഓരോ ഉദ്ദേശലക്ഷ്യങ്ങളുണ്ട്.  ലൈംഗികാതിക്രമങ്ങളില്‍ ശിക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇനി അത്തരമൊരു കുറ്റകൃത്യം ആവര്‍ത്തിക്കാതിരിക്കാനാണ്. അത് കുറ്റവാസനയുള്ളവര്‍ക്കുള്ള താക്കീതാണ്. സ്ത്രീകള്‍ക്കു സുരക്ഷിതത്വബോധമുണ്ടാക്കാനാണ്. അവരുടെ അന്തസും അഭിമാനവും സംരക്ഷിക്കാനാണ്. ഒരു വനിതാസഖാവ് താന്‍ പാര്‍ട്ടിയില്‍ ആക്രമിക്കപ്പെടുന്നുവെന്ന പരാതിയുമായി മുന്നില്‍ വന്നു നിന്നിട്ടും എന്തു ചെയ്യണമെന്നറിയാതെ പതറുന്ന രാഷ്ട്രീയമാണ് ഇക്കാലമത്രയും സംസാരിച്ചതെന്ന് സി.പി.എമ്മാണ് തിരിച്ചറിയേണ്ടത്. അത് ഈ പ്രസ്ഥാനത്തെ എത്രമാത്രം ചെറുതാക്കിക്കളയുന്നുവെന്ന് പാര്‍ട്ടിക്കും നേതൃത്വത്തിനും മനസിലാകുന്നില്ലെങ്കില്‍ അണികളെങ്കിലും ബോധ്യപ്പെടുത്തണം. കമ്യൂണിസ്റ്റ് ആരോഗ്യം എന്ന ഒരു പുതിയ പ്രയോഗം ശശി സി.പി.എമ്മിനു സംഭാവന ചെയ്തിട്ടുണ്ട്.

പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെ അടക്കം വിവരദോഷികളെന്നു ധ്വനിപ്പിച്ച പി.കെ.ശശിയെ നേരിടാനുള്ള കമ്യൂണിസ്റ്റ് ആരോഗ്യമെങ്കിലും സി.പി.എമ്മിനുണ്ടോ എന്ന ചോദ്യത്തിനും ലോകം മറുപടി കാത്തിരിക്കും. 

ലോകം ശ്രദ്ധിക്കുന്ന ഒരു ദൃശ്യം കൂടി ഇന്ന് കേരളത്തില്‍ നിന്നുണ്ടായിരിക്കുന്നു. ബിഷപ്പിനെതിരെ ലൈംഗികപീഡനക്കേസ് നല്‍കിയ കന്യാസ്ത്രീസമൂഹം നീതിക്കായി സമരം തുടങ്ങിയിരിക്കുന്നു. പീഡന പരാതിയിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ജംങ്ഷനിലാണ് നിരാഹാര സമരം. പരാതിക്കാരിയായ കന്യാസ്ത്രീയുടെ കുടുംബാംഗങ്ങളും കുറവിലങ്ങാട് മഠത്തിലെ അഞ്ചു കന്യാസ്ത്രീകളും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. സഭയിൽ നിന്നും സർക്കാരിൽ നിന്നും നീതി ലഭിക്കാത്തതു കൊണ്ടാണ് പരസ്യ പ്രതിഷേധവുമായി രംഗഞ്ഞെത്തിയതെന്ന് കന്യാസ്ത്രീകൾ പറഞ്ഞു. 

നീതി തേടി കന്യാസ്ത്രീകള്‍ പോലും നിയമത്തിനു മുന്നിലും പിന്നീട് സമൂഹത്തിനു മുന്നിലുമെത്തേണ്ട സാഹചര്യം  ഇടതുസര്‍ക്കാരിന് അടുത്ത പൊന്‍തൂവലാണ്. സംശയമില്ല. സഭാവിശ്വാസികള്‍ പോലും നീതി നടത്തേണ്ടത് ഭരണകൂടമാണെന്നു പറയുമ്പോള്‍  നീതി  പാര്‍ട്ടി  നടത്തട്ടെയെന്നു പറയുന്നവരും പുതിയൊരു കൂട്ടം അന്ധവിശ്വാസികളെയാണ് വെളിപ്പെടുത്തുന്നത്. 

പി.കെ.ശശി ചെയ്ത കുറ്റമെന്താണ് എന്നു വിധിക്കാനോ, തീരുമാനമെടുക്കാനോ നമുക്കാര്‍ക്കും അവകാശമില്ല. പക്ഷേ തെറ്റുകാരനാണോയെന്നു പറയാനുള്ള അവകാശം നിയമത്തിനു മാത്രമാണ്. അങ്ങനെയാണെന്ന് ഈ രാജ്യം തീരുമാനിച്ചു വച്ചിരിക്കുന്നതിന് കൃത്യമായ ഉദ്ദേശലക്ഷ്യങ്ങളുണ്ട്. രാഷ്ട്രീയമാണ് ജനങ്ങള്‍ക്കു വേണ്ടി അത്തരം തീരുമാനങ്ങള്‍ ഉണ്ടാക്കിവച്ചിരിക്കുന്നതും. ഫലത്തില്‍ സി.പി.എം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്, സ്വന്തം രാഷ്ട്രീയ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന നിലപാടാണ്. ഇനിയും ഏതു സാങ്കേതികന്യായവും പറയാം. രാഷ്ട്രീയം സാങ്കേതികന്യായങ്ങളുടേതല്ല. മാനവികതയെ അടിസ്ഥാനമാക്കി, വിശാലമായ നിലപാടെടുക്കാന്‍ കഴിയുന്ന, തുറന്ന സാധ്യതകളുള്ള ഒന്നാണ് രാഷ്ട്രീയം. വിശ്വാസ്യതയില്ലാത്ത ഒരു ന്യായവും കാലം അംഗീകരിച്ചിട്ടില്ലെന്ന പാഠവും ചരിത്രം രേഖപ്പെടുത്തിവച്ചിട്ടുണ്ട് എന്നു മാത്രം ഓര്‍മിപ്പിച്ചു നിര്‍ത്തുന്നു. 

MORE IN PARAYATHE VAYYA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.