
നവകേരളത്തിലേക്ക് നടക്കുകയാണ് നമ്മള്. അസാധ്യമെന്നു തോന്നിച്ച ഒരു പ്രളയകാലത്തെ അതിജീവിച്ചു കഴിഞ്ഞിരിക്കുന്നു. ഇനി ജീവിതങ്ങളുടെ പുനര്‍നിര്‍മാണത്തിന്റെ ഉത്തരവാദിത്തമേല്ക്കുകയാണ് നമ്മള്. ഒത്തൊരുമിച്ച്, ഒരാള്‍ പോലും ഒറ്റപ്പെട്ടുപോകാതെ അതു പൂര്‍ത്തിയാക്കുമെന്ന് കേരളം തീരുമാനിച്ചിട്ടുണ്ട്. സമഗ്രമായ പുനരുദ്ധാരണത്തിനായി ഓരോ ചുവടും കരുതലോടെ വയ്ക്കുമ്പോള്‍ അവഗണിക്കാനാകാത്ത ചില ചോദ്യങ്ങളുണ്ട്. പുതിയ കേരളത്തിലേക്ക് കരുതലിന്റെ കരുത്താകേണ്ട ചില ചോദ്യങ്ങള്‍.
ഈ അതിജീവനമാണ് ഇന്നു നമ്മുടെ ആത്മവിശ്വാസം. അമൂല്യമായ ജീവനുകള്‍ മാത്രമാണ് നമുക്ക് തിരിച്ചെടുക്കാനാകാത്തതായി നഷ്ടമായത്. വെള്ളവും മണ്ണുമെടുത്ത മറ്റെന്തും തിരിച്ചു പിടിക്കാനാകുമെന്ന് ഇന്ന് നമുക്കറിയാം. സൂക്ഷ്മതയോടെയും അതീവജാഗ്രതയോടെയും ഓരോരോ ജീവിതങ്ങളായി നമ്മള് പുനര്‍നിര്‍മിക്കുകയാണ്.
അസാധാരണമായ സാഹചര്യത്തെയാണ് കൊച്ചു കേരളം കരുത്തോടെ നേരിട്ടത്. പിഴവുകളുണ്ടായിട്ടുണ്ട്. പക്ഷേ മനഃപൂര്‍വമായിരുന്നില്ല, പരിചിതമേയല്ലാത്ത, അപ്രതീക്ഷിത സാഹചര്യത്തെയാണ് നേരിട്ടതെന്നോര്ക്കാതെ നമുക്കാരെയും കുറ്റപ്പെടുത്താനാകില്ല. ഈ പ്രളയകാലം സര്‍ക്കാരിനു മാത്രം കൈകാര്യം ചെയ്യാന്‍ കഴിയുന്നതായിരുന്നില്ല. കേരളം സര്‍ക്കാരിനെ കാത്തുനിന്നതുമില്ല. എക്കാലവും മാതൃകയാക്കാവുന്ന ഐക്യകേരളമാണ് പ്രളയത്തില്‍ മുങ്ങിത്താഴുമ്പോഴും നമ്മുടെ പ്രത്യാശയായി മുന്നില്‍ നിന്നത്. ദുരിതം കടക്കുമ്പോള്‍ പക്ഷേ ഇനി നമുക്ക് ഒഴികഴിവുകള്‍ പറയാനാകില്ല. പിഴവുകളില്ലാത്ത ദുരിതാശ്വാസവും പുനരധിവാസവും ഉറപ്പാക്കാനുള്ള നേതൃപരമായ ഉത്തരവാദിത്തം ഭരണകൂടത്തിനു തന്നെയാണ്. മുഖ്യമന്ത്രി പിണറായി വിജയനും എൽ.ഡി.എഫ് സര്‍ക്കാരും ഇതുവരെ അക്കാര്യത്തില്‍ പുലര്‍ത്തിയ നേതൃശേഷി പ്രതീക്ഷാവഹമാണെന്നും പറയാതെ വയ്യ
സര്‍ക്കാരോ കെ.എസ്.ഇ.ബിയോ മനഃപൂര്‍വം ദുരന്തം വരുത്തി വച്ചുവെന്ന് ആര്‍ക്കും പറയാനാകില്ല. എന്നാല്‍ വരാനിരിക്കുന്ന അപകടത്തെ ശരിയായി മനസിലാക്കിയില്ലെന്ന് സര്‍ക്കാരിനും സമ്മതിക്കേണ്ടി വരും. അതെന്തുകൊണ്ട് സംഭവിച്ചുവെന്നു സര്‍ക്കാര്‍ തന്നെ മനസിലാക്കുകയാണ് വേണ്ടത്.
ഡാം ദുരന്തം സര്ക്കാരുണ്ടാക്കിയതാണെന്ന ആരോപണത്തില്‍ പ്രതിപക്ഷം ഉറച്ചു നില്‍ക്കുകയാണ്. ദുരന്തമുണ്ടാക്കിയ സര്‍ക്കാര്‍ തന്നെ രക്ഷകന്റെ വേഷവും കെട്ടുന്നുവെന്നാണ് പ്രതിപക്ഷാരോപണം.
പ്രതിപക്ഷത്തിന്റെ പ്രധാന വാദം, കാലാവസ്ഥാമുന്നറിയിപ്പുകള്‍ പരിഗണിക്കാതെ ഡാമുകള്‍ കൈകാര്യം ചെയ്തതാണ് ദുരന്തം ഇത്രമേല്‍ സങ്കീര്‍ണമാക്കിയതെന്നാണ്. മുഖ്യമന്ത്രിയുടെ മറുപടി വസ്തുതകളും രേഖകളും ഉദ്ധരിച്ചുകൊണ്ടായിരുന്നു.
പക്ഷേ മുഖ്യമന്ത്രിയുടെ മറുപടിയില്‍ പ്രതിപക്ഷം തൃപ്തരല്ല. സാമാന്യയുക്തിയില്‍ പോലും സംശയങ്ങള്‍ ബാക്കിയാണെന്ന് നമുക്കുമറിയാം.
ഡാമുകള്‍ തുറക്കുന്ന മുന്നറിയിപ്പിനെക്കുറിച്ച് ചോദ്യങ്ങളുന്നയിച്ചത് ഭരണപക്ഷം തന്നെയാണെന്നു മറക്കാനാകില്ല. രക്ഷാപ്രവര്‍ത്തനത്തില്‍ ഗുരുതരമായ പാളിച്ചയെന്നു നിലവിളിച്ചതും ഭരണപക്ഷ എം.എല്‍.എയാണ്.
മറുപടികള്‍ അവര്‍ക്കു മാത്രമുള്ളതല്ല, കേരളത്തിനാകെയുള്ളതാകണം. പ്രളയദുരന്തം മനുഷ്യനിര്‍മിതമാണെന്ന പ്രതിപക്ഷവാദത്തിന് സുതാര്യമായ, ശാസ്ത്രീയമായ, കക്ഷിരാഷ്ട്രീയതാല്പര്യങ്ങളില്ലാത്ത മറുപടി കേരളത്തിനു മുന്നില്‍ അവതരിപ്പിക്കാനുള്ള ഉത്തരവാദിത്തവും ഇടതുസര്‍ക്കാര്‍ ഏറ്റെടുക്കണം. ആരോപണം അടിസ്ഥാനരഹിതമാണെന്ന് ആത്മവിശ്വാസമുണ്ടെങ്കില്‍ ശാസ്ത്രീയമായ ഒരു അന്വേഷണത്തിന് സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുക്കണം. അതില്‍ രാഷ്ട്രീയം കാണേണ്ടതില്ല, കലര്ത്തേണ്ടതുമില്ല.
നൂറ്റാണ്ടിലെ പ്രളയമാണ്. രാഷ്ട്രീയമായ വിശദീകരണങ്ങളില്‍ ഒതുക്കേണ്ടതല്ല, മറുപടി. പ്രളയകാരണങ്ങള്‍ അറിയാതെ അതിജീവനം എന്ന വെല്ലുവിളി ഒരിക്കലും പൂര്ണമാകുകയുമില്ല. ശാസ്ത്രീയമായ , സമഗ്രമായ ഒരന്വേഷണത്തിന് സര്‍ക്കാര്‍ മടിക്കരുത്. വരും കേരളത്തിന്റെ ആത്മവിശ്വാസത്തിന്റെ കൂടി അടിസ്ഥാനരേഖയാകണം, ആ അന്വേഷണറിപ്പോര്‍ട്ട്. പ്രളയം ആവര്‍ത്തിക്കാതിരിക്കാനും, വെള്ളമൊഴുകിയെത്തിയാല്‍ തന്നെ അത് നേരിടാനുള്ള വഴികളും തെളിഞ്ഞു രേഖപ്പെടുത്തപ്പെടണം ആ റിപ്പോര്‍ട്ടില്‍. നവകേരളത്തിനു മുതല്ക്കൂട്ടാകണം അത്. പക്ഷേ അപ്പോഴും പ്രതിപക്ഷത്തിന്റെ ആശങ്കകള്‍ ഡാം മാനേജ്മെന്റില്‍ മാത്രമാണ് ഒതുങ്ങിനില്ക്കുന്നതെന്നത് അവഗണിക്കാനാവില്ല. ഈ കാലവര്‍ഷകാലത്ത് കൂടുതല്‍ ജീവനെടുത്ത മണ്ണിടിച്ചിലിനെക്കുറിച്ചും ഭൂവിനിയോഗത്തെക്കുറിച്ചും സംസാരിക്കാന്‍ പ്രതിപക്ഷത്തിനു പോലും വേണ്ടത്ര താല്പര്യമുണ്ടായില്ലെന്നത് യാഥാര്‍ഥ്യമാണ്.
തല്ക്കാലം മുഖ്യമന്ത്രിക്കെങ്കിലും വ്യക്തതയുണ്ട്. ഭൂവിനിയോഗത്തിലടക്കം വേണ്ട മാറ്റങ്ങളെക്കുറിച്ച് മുഖ്യമന്ത്രി സംസാരിക്കുന്നുണ്ട്. പക്ഷേ പ്രതിപക്ഷത്തിന്റെ ഊന്നല്‍ മുഴുവന്‍ ഡാം മാനേജ്മെന്റിലാണ്. അത് ഒളിച്ചോടല്‍ കൂടിയാണ്. ഈ ഘട്ടത്തില്‍, കേരളത്തിന്റെ മണ്ണിനോട്, ഭൂമിയോട് മുന്‍ ഭരണകൂടങ്ങളെല്ലാം സ്വീകരിച്ചിരുന്ന സമീപിച്ചിരുന്ന സമീപനമെന്നത് സത്യസന്ധമായ കുറ്റസമ്മതം അര്‍ഹിക്കുന്ന അവസരമാണിത്. കേരളത്തിന്റെ, ഇടതുപക്ഷത്തിന്റേതടക്കമുള്ള വികസനനയത്തില്‍ മാറ്റങ്ങള്‍ വേണം.
സംഭവിച്ചിരിക്കുന്ന ദുരന്തത്തെ സമഗ്രമായി വിലയിരുത്തുകയും അതാവര്‍ത്തിക്കാതിരിക്കാനുള്ള സമഗ്രപദ്ധതിക്ക് സര്‍ക്കാരിനെ നിര്‍ബന്ധിക്കുകയുമാണ് വേണ്ടത്. രാഷ്ട്രീയഭേദമില്ലാതെ അടിയന്തരദുരിതാശ്വാസമെത്തണം. വെള്ളത്തില്‍ മുങ്ങിപ്പോയ ഓരോ വീടിനെയും സാധാരണ ജീവിത്തതിലേക്ക് എത്തിക്കാന്‍ ചെയ്യാന്‍ കഴിയുന്നതൊക്കെ ഓരോ കേരളീയനും ചെയ്യേണ്ടതുണ്ട്.
പുനര്‍നിര്‍മാണത്തിന് വ്യക്തമായ പദ്ധതികളുണ്ടാക്കാന്‍, ദിശാബോധം നല്കി സര്‍ക്കാരിനെ സഹായിക്കാന്‍ കേരളം ഒപ്പമുണ്ടാകണം. .കൃത്യവും സുതാര്യവുമായ പദ്ധതികള്‍ കേരളത്തെ ബോധ്യപ്പെടുത്തി സര്‍ക്കാര്‍ മുന്നോട്ടു പോകണം. നിരാശയും ദുഃഖഭാവവും വെടിഞ്ഞ് കേരളം കുതിച്ചുയരണം. നമ്മള് നേടിയെടുത്ത നേട്ടങ്ങള്് കരുത്താകണം. നൂറ്റാണ്ടുകളിലൂടെ നമ്മളാര്‍ജിച്ച ഉറപ്പില്‍ ഇടറാതെ കേരളം മുന്നോട്ടു പോകണം. പുനര്‍നിര്‍മാണം പോലും ആഘോഷമാക്കാന്‍ നമുക്കു കഴിയണം. തകര്‍ന്നു പോയതൊന്നും നഷ്ടമായതല്ലെന്ന് നമ്മള് ഉറപ്പിക്കും. ഇതുവരെ നമ്മളാര്‍ജിച്ച പുരോഗതി അടിസ്ഥാനശിലയാക്കി, ദുരന്തമുഖത്തും പുതിയ വഴിക ള്ഉയര്ത്തി നമ്മള് മാതൃകയാകണം.
നമ്മള് തെളിയിച്ചിട്ടുണ്ട്. നമ്മള് ഒരൊറ്റ ജനതയാണ്. ആരെല്ലാം കൈപിടിച്ചാലും ഇല്ലെങ്കിലും നമ്മള് കരകയറും. നമ്മള് അതിജീവിക്കും. ഇനിയേതു പ്രളയം വന്നാലും ഈ ഐക്യത്തിന്റെ ഓര്മ തരുന്ന ആത്മവിശ്വാസം മതിയാകും കര കയറാന്‍. മനുഷ്യന് മനുഷ്യനെ തിരിച്ചറിഞ്ഞുവെങ്കില്‍ ഈ പ്രളയജലത്തോടും കേരളത്തിന് ക്ഷമിക്കാനാകും.