ഐക്യപ്പെടാത്തവർ അഴിക്കുള്ളിലേക്ക്

മഹാപ്രളയകാലത്ത് കേന്ദ്രം കേരളത്തോട് ശത്രുവിനെപോലെ പെരുമാറിയോ? വിദേശസഹായത്തില്‍ തുടങ്ങിയ ആ വാദപ്രതിവാദങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ട്. തുടരട്ടെ, പറഞ്ഞുവരുന്നത് നമ്മളെ മുക്കിയ വെള്ളത്തിലും അവര്‍ വെറുപ്പിന്റെ രാഷ്ട്രീയം ചേര്‍ത്തോ എന്ന ആ ചര്‍ച്ചയുടെ തുടര്‍ച്ചയല്ല. പക്ഷേ വെറുപ്പ് വിതച്ചുള്ള ആ രാഷ്ട്രീയത്തെക്കുറിച്ച് തന്നെയാണ്. വിയോജിച്ചാല്‍ ശത്രുവാക്കുന്ന, രാഷ്ട്രീയമായി എതിര്‍ത്താല്‍ രാജ്യദ്രോഹിയാക്കുന്ന സമീപനം അതിന്‍റെ ഉച്ഛസ്ഥായിയില്‍ തുടരുകയാണ്. രാജ്യത്തിന്റെ പലകോണുകളില്‍ നിന്നുള്ള മനുഷ്യാവകാശപ്രവര്‍ത്തകരെ വായടപ്പിക്കാന്‍‍ വീട്ടുതടങ്കലില്‍ ഇരുത്തുന്ന പുതിയ നടപടികള്‍ തീര്‍ത്തും അപലപനീയമാണ്.  അടിയന്തരാവസ്ഥയുടെ ഓര്‍മപ്പെടുത്തലും

പുതിയ രാജ്യദ്രോഹികളുടെ പട്ടിക പരിചയപ്പെടുത്തി തുടങ്ങാം, അവര്‍ അഞ്ചുപേരുണ്ട്

ഒന്ന്-സുധാ ഭരദ്വാജ്. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകയും അഭിഭാഷകയുമാണ്. മുപ്പതുവര്‍ഷത്തോളമായി അരികുവല്‍ക്കരിക്കപ്പെട്ട ആള്‍ക്കൂട്ടത്തിനൊപ്പം ഇവരുണ്ട്.   ഛത്തീസ്ഗഡില്‍ വ്യവസായലോബിയാല്‍ കൊല്ലപ്പെട്ട  ശങ്കര്‍ ഗുഹാ നിയോഗിക്കൊപ്പം  മുക്തി മോര്‍ച്ചയിലൂടെ തുടങ്ങിയ കോര്‍പ്പറേറ്റുകളോടും കോര്‍പ്പറേറ്റുകളുടെ ഭരണകൂടങ്ങളോടുമുള്ള കലഹം ഇന്നും തുടരുന്നു. ഡല്‍ഹി നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയില്‍ വിസിറ്റിംങ് പ്രൊഫസറായും പിയുസിഎല്ലിന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 

രണ്ട്-ഗൗതം നവലാഖ. പത്രപ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനും. പിപ്പീള്‍സ് യൂണിയന്‍ ഫോര്‍ ഡെമോക്രാറ്റിക്ക് റൈറ്റിസിന്റെ സെക്രട്ടറിയായിരുന്നു. ഒപ്പം കശ്മീരിലെ സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിച്ച വ്യക്തി.  2010 ല്‍ കശ്മീരില്‍ കടക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയായിരുന്നു ഭരണകൂടത്തിന്റെ ആദ്യ പ്രതികാരം. റാഫേല്‍ ഇടപാടിലെ സുതാര്യതയേയും ഇക്കോണമിക്ക് ആന്റ് പൊളിറ്റിക്കല്‍ വീക്കിലിയുടെ എഡിറ്റോറിയല്‍ കണ്‍സല്‍ട്ടന്റ് കൂടിയായ നവാക്കല ചോദ്യംചെയ്യുന്നുണ്ട്.

മൂന്ന്-വെര്‍നോണ്‍ ഗോണ്‍സാല്‍വെസ്. അഭിഭാഷകന്‍. രാജ്യത്തിന്റെ പലകോണുകളില്‍ തടവില്‍കഴിയുന്ന  മനുഷ്യാവകാശ പ്രവര്‍ത്തകരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് രൂപീകരിക്കപ്പെട്ട കമ്മിറ്റിയംഗം. മാവോയ്സ്റ്റ് ബന്ധത്തിന്‍റെ പേരില്‍ 2007 മുതല്‍ അഞ്ചുവര്‍ഷം ജയിലിലടക്കപ്പെട്ടു. ഭാര്യ സുസന്‍ അബ്രഹാമും മനുഷ്യാവകാശ പ്രവര്‍ത്തക. 

നാല്-അരുണ്‍ ഫെരേര. മനുഷ്യാവകാശ പ്രവര്‍ത്തകന്‍. സിപിഐ മാവോയിസ്റ്റുമായി ബന്ധമുണ്ടെന്നാരോപിച്ച് UPA കാലത്തടക്കം അറസ്റ്റ് ചെയ്യപ്പെട്ട ഫെരേരെയെ പിന്നീട് കുറ്റക്കാരനല്ലെന്ന് കണ്ടെത്തി അഞ്ച് വര്‍ഷത്തെ തടവിന് ശേഷം മോചിപ്പിച്ചു. കളേഴ്സ് ഓഫ് എ കേജ് എന്ന ജയിലോര്‍മകുറിപ്പുകള്‍ രാജ്യത്ത് ഏറെ ചര്‍ച്ചയായി.

അഞ്ച്-വരവരറാവു. കവിയും മനുഷ്യാവകാശ പ്രവര്‍ത്തകനും. ഇടതുപക്ഷപ്രവര്‍ത്തകന്‍. റവല്യൂഷണറി റൈറ്റേഴ്‌സ അസോസിയേഷന്‍ പ്രസിഡന്റ്. 1986 ല്‍ രാം നഗര്‍ ഗൂഡാലോചന കേസില്‍ അറസ്റ്റ് ചെയ്തതിന് ശേഷം കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയക്കുകയായിരുന്നു. 

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 ന് നടന്ന ഭീമ കൊരേഗാവ് അനുസ്മരണത്തിന്‍റെ തുടര്‍ച്ചയാണ് ഇന്ന് നാം കാണുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീട്ടിലെ റെയ്ഡുകളും കസ്റ്റഡിയിലെടുക്കലും അറസ്റ്റുകളുമെല്ലാം. ഇവര്‍ക്കെല്ലാം മാവോയ്സറ്റ്/ നക്സല്‍ സംഘടനകളുടെ സാമ്പത്തിക പിന്തുണയടക്കം കിട്ടുന്നുണ്ടെന്നതാണ് പൊലീസ് വാദം.  അതിനാല്‍ ഇവരെ അര്‍ബന്‍ മാവോയ്സറ്റുകളെന്ന/ അര്‍ബന്‍ നക്സലുകളെന്ന ഒരൊറ്റ ടാഗില്‍ കെട്ടിയാണ് തിരഞ്ഞുപിടിക്കുന്നത്.

മോദി സര്‍ക്കാര്‍ ലാസ്റ്റ് ലാപ്പിലാണ്. രാജ്യമാകെ നില നിന്ന അഴിമതി വിരുദ്ധതയുടെ ചിറകേറി നടന്ന അധികാരലബ്ധിയുടെ കാലാവധി കഴിയാറാകുന്നു. വീമ്പുപറഞ്ഞ പ്രഖ്യാപനങ്ങളൊന്നുംതന്നെ നടപ്പാക്കാനായിട്ടില്ല. നടപ്പാക്കിയതാകട്ടെ ബൂമറാങ്ങായി തിരികെയെത്തിനില്‍ക്കുന്നു. നോട്ടുനിരോധനത്തിന്റെ അവസാനകണക്കുകളുമെത്തുമ്പോള്‍ പിടിച്ചുനിന്ന പിടിവള്ളികളെല്ലാം പൊട്ടിവീഴുന്നതുകാണാം. രാജ്യം ഇന്ധനവിലയില്‍ പൊറുതിമുട്ടുമ്പോള്‍ തുച്ഛമായ വിലക്ക് പെട്രോളും ഡീസലും കയറ്റുമതി ചെയ്യുന്നുവെന്ന വിവാരാകാശരേഖയും ഒടുവില്‍ മോദി സര്‍ക്കാരിന്റെ ജനദ്രോഹനയത്തിന്റെ തുറന്നുകാട്ടലുകളാകുന്നു. പശുവും പാലും പ്രതിമകളും പ്രസംഗങ്ങളും അണികള്‍ക്കിടയില്‍ പഴയതുപോലെത്തന്നെ ചിലവാകുന്നുണ്ടെങ്കിലും അതുമാത്രം മതിയാകില്ല 2019ലെന്ന ചിന്ത പരിഭ്രാന്തി കൂട്ടുന്നുണ്ട്. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പിനരികെ ഇതെല്ലാം പ്രതീക്ഷിക്കാം. മുന്‍പും ഇതുപോലെ പരിഭ്രാന്തരാകപ്പെട്ട സര്‍ക്കാര്‍  രാജ്യദ്രോഹികളെ സൃഷ്ടിക്കുന്നത് നമ്മള്‍ കണ്ടതാണ്.  വിശദീകരണങ്ങളേതും തരാതെ, തങ്ങള്‍ക്ക് മുന്നില്‍ വളഞ്ഞുനില്‍ക്കുന്ന മാധ്യമങ്ങളെ ഒപ്പംകൂട്ടി  വ്യാജപ്രചാരണങ്ങള്‍ ചമച്ച് ജെഎന്‍യുവില്‍ കനയയ്കുമാറിനേയും ഉമര്‍ഖാലിദിനേയുമെല്ലാം തേടിപ്പോയ അതേ പൊലീസ് തന്നെയാണ് ഇന്ന് ഈ വീടുകളില്‍ റെയ്ഡുമായെത്തുന്നത്. 

ആവശ്യം ശ്രദ്ധതിരിക്കലാണ്.  എന്തുചെയ്തുതന്നെന്ന ചോദ്യത്തിന്റെ ഉത്തരം പറയേണ്ടിവരുന്ന സാഹചര്യങ്ങളെ ഒഴിവാക്കാന്‍ അതിലുംവലിയ അപരാധംചെയ്യുന്ന രാജ്യദ്രോഹികളുണ്ടാകണം. അത് പണ്ട് പാക്കിസ്ഥാനില്‍ നിന്നാണ് കണ്ടെത്തിയിരുന്നതെങ്കില്‍ ഇന്ന് നമുക്കിടയില്‍ നിന്നാണ്.  അപ്പോള്‍ രണ്ടുണ്ട് കാര്യം.  വിമതശബ്ദങ്ങളെ ഇല്ലാതാക്കാനും വിഷയത്തിന്റെ ശ്രദ്ധതിരിച്ചുവിടാനും ഒരുപോലെ സാധിക്കും.

മോദിയുടെ നയങ്ങളോടുള്ള വിയോജിപ്പ് കൊണ്ട് യോജിപ്പില്ലെത്തിയ ആയിരങ്ങള്‍ രാജ്യത്തിന്റെ പലകോണുകളിലുണ്ട്. അക്കാഡമീഷ്യന്‍മാര്‍, ആക്ടിവിസ്റ്റുകള്‍, അഭിഭാഷകര്‍ ആ കൂട്ടത്തില്‍ അങ്ങനെ പലരുമുണ്ട്. പ്രഖ്യാപിതസംഘടനകളൊന്നുമില്ലെങ്കിലും പലയിടങ്ങളിലായി പലകുറി അവര്‍ പ്രതിരോധമുയര്‍ത്തി ഒന്നിക്കുന്നുണ്ട്. പശുപാലനത്തിന്റെ പേരില്‍ നടക്കുന്ന പിന്നോക്കവിഭാഗ വേട്ടക്കെതിരെ, നോട്ടുനിരോധനംപോലുള്ള വികലമായ ഭരണകൂടനയങ്ങള്‍ക്കെതിരെ ഭരണസംവിധാനങ്ങളിലെ ഒളിച്ചുകടത്തലിനെതിരെ അവര്‍ ഉയര്‍ത്തുന്ന ഐക്യദാര്‍ഢ്യത്തിന്റെ ശബ്ദം നല്‍കുന്ന പ്രതീക്ഷകള്‍ ചെറുതല്ല. ഉനപ്രക്ഷോഭമാകട്ടെ, ഭീം ആര്‍മിയകാട്ടെ, രോഹിത് വെമുല മൂവ്മെന്റ് ആകട്ടെ അങ്ങനെ ഉയര്‍ന്നുകേട്ട ശബ്ദങ്ങളെല്ലാം ഇന്ന് ഭരണകൂടത്തിന് മാവോ/നക്സല്‍ മുദ്രാവാക്യങ്ങളാണ്.  അവരാണ് കൂട്ടത്തോടെ അറസ്റ്റുചെയ്യപ്പെടുന്നത്. പ്രധാനമന്ത്രിയെ അപായപ്പെടുത്താന്‍ ശ്രമിച്ചവരെന്ന കുറ്റംവരെ ഇവര്‍ക്കുമേല്‍ചാര്‍ത്തപ്പെട്ടുകഴിഞ്ഞു. ഭീമാ കൊറേഗാവ് സംഘര്‍ഷത്തിന്റെ ഉത്തരവാദികളെന്ന് വിരല്‍ചൂണ്ടപ്പെടുന്ന സനാതന്‍ സനസ്ഥപോലുള്ള സംഘടനകളെല്ലാം സൈര്യവിഹാരം നടത്തുന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം

എഴുത്തോ വരയോ ശബ്ദമോ എന്തോആകട്ടെ അത് കേന്ദ്രകീര്‍ത്തനമായില്ലെങ്കില്‍ അവര്‍ നമ്മളേയും തേടിയെത്തുന്നകാലം വിദൂരമല്ല.  ഭിന്നാഭിപ്രായമാണ് ജനാധിപത്യത്തിന്റെ സുരക്ഷാവാല്‍വെന്ന് പരമോന്നതകോടതിവരെ ചൂണ്ടിക്കാട്ടുന്നകാലത്താണ് ഐക്യപ്പെട്ടില്ലെങ്കില്‍ അറസ്റ്റുവരിക്കൂയെന്ന ഈ ആഹ്വാനം. അത്  ചെറുത്തുതോല്‍പ്പിക്കേണ്ടതുതന്നെയാണ്. ഭയത്തിനപ്പുറം ഉറച്ച് നിന്ന് ജനാധിപത്യത്തെ തിരിച്ചുപിടിച്ചേ മതിയാകൂ.