ജലം ഒഴുകിയ വഴികളിലൂടെ തിരിച്ചു നടക്കാം; പ്രതിക്കൂട്ടിൽ നമ്മളാണ്

പ്രകൃതിക്കു മുന്നില്‍ മനുഷ്യന്‍ എത്ര നിസഹായനും നിരായുധനുമാണെന്ന് കേരളം തിരിച്ചറിയുകയാണ്. ഇത്രമേല്‍ തീവ്രശേഷിയോടെ പ്രകൃതി ആഘാതമേല്‍പിച്ചൊരു കാലം സമീപചരിത്രത്തിലില്ല.  നമുക്ക് ചെയ്യാനുളളത് ഒന്നുമാത്രം കരുത്തോടെ, ഒറ്റക്കെട്ടായി ഈ ദുരിതകാലത്തെ നേരിടുക. മഴയൊരുക്കിയ ഒരു പാഠവും മറക്കാതെ പഠിച്ചുവയ്ക്കുക. ആശ്വാസത്തിന്റെ കരകളിലിരുന്ന് ദുരിതബാധിതരെയും രക്ഷാപ്രവര്‍ത്തകരെയും ഉപദേശിക്കാതിരിക്കുക എന്നതും ഒരു പ്രധാനദൗത്യമാണ്. എല്ലാം കഴിഞ്ഞ ശേഷം മാത്രം വെള്ളം കയറിയിറങ്ങിയ അതേ വഴികളിലൂടെ ഒന്നുകൂടി കയറിയിറങ്ങാം. വെള്ളം കാണിച്ചു തന്ന വഴികള്‍ ഇനിയൊരിക്കലും മറന്നുപോകില്ലെന്ന് മനസിലുറപ്പിക്കാം. 

ഒന്നിച്ചു നില്‍ക്കുകയല്ലാതെ ഒന്നും ചെയ്യാനില്ലാത്ത ദുരിതകാലമാണ് മഴ കേരളത്തിനു നല്‍കിയത്. അവിചാരിതമായ ആഘാതമേല്‍പിച്ചു ഈ മഴക്കാലം. ഇത്തവണ കാലവര്‍ഷം വെറുതേയങ്ങ് പെയ്തൊഴിഞ്ഞു പോകുകയില്ലെന്ന് ആദ്യമേ അതിന്റെ രൗദ്രഭാവം സൂചിപ്പിച്ചിരുന്നു. തുടക്കം മുതല്‍ക്കേ അസാധാരണസൂചനകളുണ്ടായി. ഇപ്പോഴും കലിപൂണ്ട് തുടരുകയാണ് പേമാരി. 

വയനാട് മുതല്‍ ഇടുക്കി വരെയുള്ള മേഖലകളെ ഒന്നാകെ മഴ തകര്‍ത്തു കളഞ്ഞു. രണ്ടു ദിവസത്തിനിടെ മുപ്പതിലധികം ജീവനുകള്‍ നഷ്ടമായി. പ്രദേശങ്ങളെയും വീടുകളെയും ചുഴറ്റിയെറിഞ്ഞായിരുന്നു സംഹാരയാത്ര. വ്യാപകമായി ഉരുള്‍പൊട്ടലുണ്ടായി. കുടുംബങ്ങള്‍ അപ്പാടെ ജീവിതത്തില്‍ നിന്നേ മാഞ്ഞുപോയി. വയനാട്ടിലും നിലമ്പൂരും പാലക്കാടും ഇന്നുവരെ കണ്ടിട്ടില്ലാത്ത വെള്ളപ്പൊക്കങ്ങളുണ്ടായി. 

ഇങ്ങനെയൊരു പ്രളയകാലത്ത് രക്ഷാദൗത്യം സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്തമാണെന്നു കരുതരുത്. സുരക്ഷ സര്‍ക്കാരിന്റെ മാത്രമല്ല, സമൂഹത്തിന്റെയാകെ ഉത്തരവാദിത്തമാണെന്ന് സ്വയം ഉറപ്പിക്കുക. 

സ്വയം സുരക്ഷിതരാവുക എന്നതാണ് ഓരോരുത്തര്‍ക്കും ചെയ്യാന‍് കഴിയുന്ന ഏറ്റവും വലിയ ദൗത്യം.  നമ്മുടെ സുരക്ഷിതത്വം കൂടി പാടു പെടുന്ന രക്ഷാപ്രവര്‍ത്തകരുടെ ബാധ്യതയാക്കാതിരിക്കുക. 

ആശ്വാസത്തിന്റെ കരയിലിരുന്ന് ദുരന്തം കണ്ടവരെക്കൂടി കരയിച്ച ചില മനുഷ്യരെ കണ്ടു നമ്മളീ  കെടുതിക്കിടെ. ചെറുതോണിയില്‍ കുത്തിയുയരുന്ന വെള്ളത്തിനു മുന്നിലൂടെ കുഞ്ഞിനെയുമായി ഓടിക്കടന്ന ബിഹാറുകാരന്‍ കനയ്യ കുമാര്‍ ദുരന്തനിവാരണസേനാംഗമാണ്. മധ്യപ്രദേശില്‍ നിന്നു വില്‍ക്കാനെത്തിയ പുതപ്പുകളെല്ലാം ദുരിതബാധിതര്‍ക്കു നല്‍കിയ വിഷ്ണു ആരുടെയും തല താഴ്ത്തിക്കും. ഇവരെല്ലാം ചേര്‍ന്നാണ് ഈ ദുരന്തത്തെ അതിജീവിക്കാന്‍ നമുക്ക് കരുത്തു പകരുന്നത്. 

കേരളത്തില്‍ ഇപ്പോള്‍ രണ്ടു വിഭാഗം മനുഷ്യരേയുള്ളൂ എന്നാണ് അവസ്ഥ. ദുരിതബാധിതരും അല്ലാത്തവരും. മറ്റെല്ലാം അപ്രസക്തമായി, ജാതിയും മതവും വിഭാഗീയതയും.  മനുഷ്യന്‍ മനുഷ്യന്‍ മാത്രമായി. സര്‍ക്കാരും ദുരന്തനിവാരണഅതോറിറ്റിയും നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പിന്തുടരുകയും അനുസരിക്കുകയും ചെയ്യുകയെന്നത് സമൂഹത്തിന്റെയാകെ ഉത്തരവാദിത്തമാണ്.

മതപരമായ ചടങ്ങുകളുടെ പേരിലോ, ഒഴിവാക്കാന്‍ കഴിയുന്ന കാരണങ്ങളാലോ ദുരിതബാധിതമേഖലകളിലേക്കു പോകാതിരിക്കുക. ദുരിതമേഖലകളിലേക്ക് വിനോദസഞ്ചാരം നടത്താന്‍ തോന്നുന്ന മനുഷ്യത്വവിരുദ്ധതയെ നിരുല്‍സാഹപ്പെടുത്തുക. വെള്ളത്തിന്റെ കുത്തൊഴൊക്കിലേക്ക് സെല്‍ഫിയും മീന്‍പിടിത്തവുമായി സ്വയം ദുരന്തമായി മാറാതിരിക്കുക. 

സര്‍ക്കാര്‍ സാധ്യമായ എല്ലാ രീതിയിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണ്. പരാതികളുടെയോ കുറ്റപ്പെടുത്തലുകളുടെയോ നേരമല്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സാധ്യമായ സഹായമെത്തിക്കാം. സാഹചര്യം അസാധാരണവും അപ്രതീക്ഷിതവുമാണ്. സര്‍ക്കാരിന് മാത്രം പരിഹരിക്കാവുന്ന നഷ്ടങ്ങളല്ല കേരളത്തിനുണ്ടായിരിക്കുന്നതെന്ന് നാമോരോരുത്തരും തിരിച്ചറിയേണ്ടതുണ്ട്. ദുരിതാശ്വാസത്തില്‍ 

നമ്മളോരൊരുത്തരും പങ്കാളികളാകേണ്ടതുണ്ട്.

ഒറ്റപ്പെട്ടുപോയിരിക്കുന്നു ചില പ്രദേശങ്ങളാകെ, അവിടുത്തെ ജനതയാകെ. വയനാട് ഒന്നാകെ ലോകത്തില്‍ നിന്ന് മുറിഞ്ഞു പോയ അവസ്ഥയാണ്. വയനാട്ടിലേക്കുള്ള നാലു ചുരങ്ങളും തകര്‍ന്നിരിക്കുന്നു. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും വലയുകയാണ് ജനത. സാധ്യമായ സഹായങ്ങള്‍ ഒരു നിമിഷം പോലും വൈകാതെ അവിടെയെത്തേണ്ടതുണ്ട്. 

വയനാട്ടില്‍ മാത്രമല്ല, ഓരോ ദുരിതബാധിതപ്രദേശത്തും സാഹചര്യം സമാനമാണ്. നമ്മുടെയെല്ലാം പിന്തുണ ആവശ്യമായ രൂപത്തില്‍ അവിടേക്കെല്ലാമെത്തണം. ശുദ്ധജലം പോലും വിലപ്പെട്ട സംഭാവനയായി മാറുന്ന സാഹചര്യമാണ്. ആവശ്യമായ വിഭവങ്ങളും പണവും സമാഹരിക്കുകയും അത് സര്‍ക്കാര്‍ സംവിധാനങ്ങളിലേക്കു കൈമാറുകയും ചെയ്യുന്നതാകും ഉചിതം

ദുരിതാശ്വാസമെന്നത് തല്‍ക്കാലസഹായങ്ങളില്‍ പൂര്‍ണമാകുന്നതുമല്ല. പതിനായിരങ്ങളുടെ ജീവിതസമ്പാദ്യവും വീടുകളും ആകെയാണ് നഷ്ടമായത്. അവര്‍ ജീവിതത്തിലേക്ക് തിരിച്ചെത്തും വരെ ഒപ്പം നില്‍ക്കുകയെന്നത് നമ്മുടെയാകെ ഉത്തരവാദിത്തമാണ്. 

ദുരിതാശ്വാസം തന്നെയാകണം ആദ്യപരിഗണന. അതിനൊപ്പം തന്നെ മഴ സംഹാരതാണ്ഡവമാടിയ വഴികളിലൂടെ കേരളത്തിന്റെ മനസും സഞ്ചരിക്കണം. ഈ കാലവര്‍ഷം എന്തായിരുന്നുവെന്ന് ശാസ്ത്രീയമായി വിലയിരുത്തണം. വിശകലനം ചെയ്യണം. മഴ ദുരിതമായതെങ്ങനെയെന്ന് മനസിലാക്കുകയെന്നതും കേരളത്തിന്റെ ഉത്തരവാദിത്തമാണ്. 

സത്യത്തില്‍ ഇത്തവണ പെയ്ത മഴയുടെ ആകെ അളവില്‍ 20 ശതമാനം വര്‍ധനയേ ഉണ്ടായിട്ടുള്ളൂ. പക്ഷേ അത് ആകെയുള്ള കണക്കാണ്. പ്രാദേശികമായി ചില മേഖലകളില്‍ അതിതീവ്രമായ, അസാധാരണമായ മഴയുണ്ടായി. 

മഴ തന്നെ അത്രയേറെ തീവ്രമായി പെയ്തുവെന്ന് അര്‍ഥം. സാധാരണഗതിയില്‍ കേരളത്തില്‍ പെയ്തു വീഴുന്ന മഴയ്ക്കെന്താണ് സംഭവിച്ചിരുന്നത്?

ആകെ മഴയുടെ കണക്കില്‍ അസാധാരണസാഹചര്യമുണ്ടായിട്ടില്ല. പക്ഷേ അത് കേരളത്തിന് അസാധാരണസാഹചര്യമായി മാറി.  വൃഷ്ടിപ്രദേശങ്ങളില്‍ പെയ്ത മഴയുടെ സിംഹഭാഗവും നേരെ ഡാമുകളിലേക്കൊഴുകുന്ന സാഹചര്യമുണ്ടായി. 

അങ്ങനെയാണ് ഇടുക്കിയടക്കമുള്ള അണക്കെട്ടുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടായത്. കേരളത്തില്‍ ആകെയുള്ള 61 അണക്കെട്ടുകളില്‍ പ്രധാനപ്പെട്ട 26 അണക്കെട്ടുകള്‍ തുറക്കേണ്ടി വന്ന അസാധാരണ സാഹചര്യമാണ് നമുക്കുണ്ടായത്. 

വെള്ളമൊഴുകിയ വഴികള്‍ അടയാളപ്പെടുത്തിവയ്ക്കുകയെന്നതു മാത്രമാണ് അടിയന്തരമായി ചെയ്യാനുള്ളത്. പ്രകൃതിയുടെ റൂട്ട് മാപ്പാണത്. ആ വഴികളില്‍ നിന്ന് ജനതയുടെ ജീവന്‍ രക്ഷപ്പെടുത്തിയെടുക്കാനുള്ള ശാസ്ത്രീയമായ പുനരവലോകനം അനിവാര്യമാണ്.  ഈ ദുരന്തസാഹചര്യത്തില്‍ നിന്ന് നമുക്കൊരു ദിശാബോധമുണ്ടാകണം. ആ ദിശാബോധത്തിനുണ്ടാകേണ്ട രൂപരേഖ വെള്ളം വരച്ചു തന്നിരിക്കുന്നു. ശാസ്ത്രീയമാണത്, അവഗണിക്കാതെ ഉള്‍ക്കൊള്ളാം.

അശാസ്ത്രീയമായ ഭൂവിനിയോഗമെന്നത് ഇപ്പോള്‍ വിലപിക്കുകയോ വിമര്‍ശിക്കുകയോ അപഹസിക്കുകയോ ചെയ്യാനുള്ള ഒന്നല്ല. കയ്യേറ്റക്കാരെന്നും അനുഭവിക്കാനുള്ളവരെന്നും ദുരിതബാധിതരെ നിന്ദിക്കുന്നത് ക്രൂരതയല്ലാതെ മറ്റൊന്നുമല്ല. കേരളത്തിലെ ഭൂപ്രകൃതിക്കുണ്ടായ മാറ്റങ്ങളില്‍ ഒറ്റയ്ക്ക് ഉത്തരവാദികള്‍ ആരുമില്ല. എല്ലാവര്‍ക്കുമുണ്ട് അതില്‍ പങ്കാളിത്തം. 

അന്ന് അങ്ങനെ ചെയ്തിരുന്നെങ്കില്‍, അങ്ങനെ ചെയ്യാതിരുന്നെങ്കില്‍ എന്നൊരു സാധ്യത ഇന്നില്ല. ഇനി മുന്നോട്ടുള്ളതില്‍ പക്ഷേ ഈ അപായസൂചനകള്‍ അവഗണിക്കാവുന്നതുമല്ല. 

സുരക്ഷിതമായ ജീവനും, ജീവിതവുമാകണം പ്രഥമപരിഗണനയെന്ന് ഈ കെടുതികള്‍ നമ്മുടെ വികസനനയത്തെ ഓര്‍മിപ്പിക്കണം. 

മാതൃകാപരമായ രക്ഷാപ്രവര്‍ത്തനവും ഏകോപനവുമാണ് ഈ ദുരന്തഘട്ടത്തില്‍ സര്‍ക്കാരില്‍ നിന്നുണ്ടായത്. പക്ഷേ ദുരന്തനിവാരണമെന്നതില്‍ 10 ശതമാനം മാത്രമാണ് ദുരന്തം സംഭവിച്ചു കഴിഞ്ഞ ശേഷം ചെയ്യാവുന്നത് എന്നത് നമ്മളോര്‍ക്കണം. ദുരന്തം ഒഴിവാക്കാനുള്ള 90 ശതമാനം പ്രവര്‍ത്തനങ്ങളും അതിനു മുന്നേ ചെയ്യേണ്ടതാണ്. അടുത്ത 30 വര്‍ഷത്തേക്ക് നമ്മുടെ ഒന്നാം പരിഗണന എന്തായിരിക്കണമെന്നു കൂടി പറഞ്ഞു തരുന്നുണ്ട് ഈ കാലവര്‍ഷം

ദുരന്തമുഖത്ത് ചെയ്യാവുന്നതെല്ലാം ചെയ്തു കേരളം. സര്‍ക്കാര്‍ അതിനു ജാഗ്രതയോടെ നേതൃത്വം നല്‍കി. പക്ഷേ ദുരന്തമുഖത്ത് മനുഷ്യന് പരിമിതികളുണ്ട്. ഏതെല്ലാം തിരുത്തലുകള്‍ വരുത്തിയാലാണ് ജനങ്ങളുടെ ജീവന്‍ ഭദ്രമാക്കാന്‍ കഴിയുകയെന്ന് മഴക്കെടുതി വിലയിരുത്തിയ ശേഷം ആലോചിച്ചു തുടങ്ങണം

ഒഴിവാക്കാന്‍ കഴിയാത്ത പരുക്കുകള്‍ പരിസ്ഥിതിക്കേല്‍പിക്കേണ്ടി വരും. പക്ഷേ അത് അവിടെ ജീവിക്കുന്ന മനുഷ്യന് തന്നെ ഭീഷണിയാകുന്നതാണെങ്കില്‍ തിരുത്തുക തന്നെ വേണം 

പരിസ്ഥിതി ലോലമേഖലകളിലെ നിര്‍മിതികള്‍ വിലയിരുത്തപ്പെടണം, പ്രാദേശികമായ കാലാവസ്ഥാപഠനങ്ങളും നിരന്തര ജാഗ്രതയും വേണം. എല്ലാത്തിനുമപ്പുറം തടുക്കാന്‍ കഴിയാത്ത ദുരന്തങ്ങള്‍ക്ക് ഒഴുകിപ്പോകാന്‍ വഴിയൊരുക്കണം നമ്മള്‍.

ജലപാതകളെന്നാല്‍, നമുക്കുപയോഗിക്കാനുള്ള പാതകളല്ല, ജലത്തിനു പോകാനുള്ള പാതകളെന്നു തന്നെ കേള്‍ക്കണം. ഈ ദുരന്തം കേരളത്തെ തന്നെ ഒന്നു പഠിക്കാന്‍ നമ്മളെ പ്രേരിപ്പിക്കണം. ആദ്യം ദുരിതകാലം മറികടക്കാം. പിന്നെ അത് ആവര്‍ത്തിക്കാനുള്ള കരുതലെടുക്കാം. കൈകോര്‍ത്തു നില്‍ക്കുന്ന മനുഷ്യര്‍ക്ക് അതിജീവിക്കാനാകാത്ത ദുരന്തങ്ങളില്ലെന്നത് പ്രത്യാശയാകട്ടെ.