അതിരുവിടുന്ന ആൾക്കൂട്ടോന്മാദം; നിയമംകൊണ്ട് പൂട്ടേണ്ട പരാക്രമം

pva-social-media-t
SHARE

ആള്‍ക്കൂട്ടക്കൊലകളെക്കുറിച്ച് ഒരുപാടു പറഞ്ഞിട്ടുണ്ട് പറയാതെ വയ്യയില്‍. ആള്‍ക്കൂട്ടത്തിന്റെ ആക്രമണങ്ങളില്‍ മൃതപ്രായരാകുന്ന മനുഷ്യരെക്കുറിച്ച് ഒരിക്കല്‍കൂടി പറഞ്ഞേ പറ്റൂ. ഹനാന്‍ എന്ന കൊച്ചുപെണ്‍കുട്ടിയെക്കുറിച്ച്. ഏതു മനുഷ്യനെയും കൈയില്‍ കിട്ടിയാല്‍ ഒരു കാരണം പോലുമില്ലാതെ വിചാരണ ചെയ്ത് തല്ലിക്കൊല്ലുന്ന ആള്‍ക്കൂട്ടങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ഉയര്‍ത്തുന്ന സാംസ്കാരികഭീഷണി  അവഗണിക്കാവുന്നതിലുപ്പുറത്തേക്കു വളരുകയാണ്.  പ്രബുദ്ധകേരളത്തില്‍ ഈയൊരാഴ്ച നടന്നെതന്തെല്ലാമാണ്? ഒരു പെണ്‍കുട്ടിയെ കൊല്ലാക്കൊല ചെയ്തു. ഒരെഴുത്തുകാരനെക്കൊണ്ട് നോവല്‍ പിന്‍വലിപ്പിച്ചു. ജോലിക്കിടെ മരിച്ചുപോയ രണ്ടു മനുഷ്യരെ അപഹസിച്ചു വീണ്ടും വീണ്ടും കൊന്നുകള‍ഞ്ഞു. എന്തുകൊണ്ടാണ് ആള്‍ക്കൂട്ടത്തിലാകുമ്പോള്‍ മനുഷ്യര്‍ ഇങ്ങനെ അക്രമാസക്തരാകുന്നത്? 

ശത്രുക്കളോടോ, സാമൂഹ്യദ്രോഹികളോടോ ഒന്നുമല്ല, പ്രതിസന്ധികളോട് പൊരുതി അഭിമാനത്തോടെ ജീവിക്കുന്ന  ഒരു ചെറിയ പെണ്‍കുട്ടിയോട് മലയാളികളില്‍ ചിലര്‍ സംസാരിച്ച ഭാഷയാണിത്. അവള്‍ ചെയ്ത തെറ്റെന്താണ്?

ഹനാനെക്കുറിച്ച് വന്ന ആദ്യവാര്‍ത്ത ഇതാണ്. വസ്തുതാപരമായ ഒരു തെറ്റും ഈ വാര്‍ത്തയിലുണ്ടായിരുന്നില്ല. വാര്‍ത്ത തെറ്റാണെന്നാരോപിച്ച്, ആ പെണ്‍കുട്ടിയെ ക്രൂശിച്ചവരാരും അതിന് ഒരു തരി തെളിവു പോലും പറഞ്ഞിരുന്നുമില്ല. പക്ഷേ ആ പെണ്‍കുട്ടി സമൂഹത്തെ വഞ്ചിക്കുകയാണെന്ന് ആരോപിച്ച് ക്രൂരമായ വിചാരണയുണ്ടായി. തെളിവുകളുടെ ഒരു പിന്‍ബലവുമില്ലാത്ത ആരോപണങ്ങളുമായി സൈബര്‍ ലോകത്ത് ഒരു കൂട്ടം പൊടുന്നനെ രൂപപ്പെട്ടു.  ഹനാന്റെ പ്രായമോ, ജീവിതാവസ്ഥയോ പരിഗണിക്കാതെ സ്വകാര്യതയിലേക്ക് അതിക്രമിച്ചു കയറുന്ന ചോദ്യോത്തരങ്ങളും വിധിപ്രഖ്യാപനങ്ങളുമുണ്ടായി. ഒടുവിലെന്താണ് നമ്മള്‍ കണ്ടത്?

ഒന്നോര്‍ത്തുനോക്കൂ, ഹനാന്‍ ആരോടും ഒരു സഹായവും ആവശ്യപ്പെട്ടിരുന്നില്ല. അവള്‍ അധ്വാനിച്ച് പണം കണ്ടെത്തി ജീവിക്കുകയായിരുന്നു. ആ വാര്‍ത്തയും ആരോടും സഹായിക്കാനാവശ്യപ്പെട്ടിരുന്നില്ല. പക്ഷേ  ആള്‍ക്കൂട്ടങ്ങള്‍ക്ക് ചിന്താശേഷിയില്ല. മനുഷ്യത്വമില്ല. ക്ഷമയോ, സഹിഷ്ണുതയോ ഒട്ടുമില്ല. ഒന്നുകില്‍ പരിലാളന, അല്ലെങ്കില്‍ ഹിംസ. ഇതിനിടയില്‍ മറ്റൊന്നുമില്ല. 

ഒരു ഔദാര്യത്തിനും ഹനാന്‍ കൈ നീട്ടിയിരുന്നില്ല. പിന്തുണയ്ക്കാന്‍ തീരുനിച്ചാല്‍ പോലും അതൊരു സാമൂഹ്യഉത്തരവാദിത്തമാണെന്ന ബോധ്യവുമില്ല. ഔദാര്യമാണ്. ആ ഔദാര്യം കാണിക്കാന്‍ സ്വയമങ്ങ് തീരുമാനിച്ചാല്‍ ആ മനുഷ്യരോട് ഏതുപാധിയും ഏതു ചോദ്യവുമാകാമെന്ന മലയാളികളുടെ മനോഭാവം നേരത്തെയും പല തവണ നമ്മള്‍ കണ്ടിട്ടുണ്ട്. പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മയുടെ മെച്ചപ്പെട്ട ജീവിതത്തിനു മുന്നില്‍ ആ മാനസികവൈകൃതം പുറത്തുവന്നിട്ടുള്ളതാണ്. പിന്നീടും പല സാഹചര്യങ്ങളിലും നമ്മള്‍ അത് കണ്ടു. ദാരിദ്ര്യമെന്നാല്‍ കുനിഞ്ഞ ശിരസാകണമെന്നാണ് മധ്യവര്‍ഗത്തിന്റെ മനോഭാവം. ദരിദ്രരായ മനുഷ്യര്‍, ജീവിക്കാന്‍ പോരാടുമ്പോള്‍ ചിരിക്കാന്‍ പാടില്ല. അവര്‍ക്ക് ആത്മവിശ്വാസവും ആഗ്രഹങ്ങളുമുണ്ടാകാന്‍ പാടില്ല. 

അതിജീവനത്തിനായി പോരാടുന്നവര്‍ കൈനീട്ടിനില്‍ക്കണമെന്നാണ് കീഴ്‍വഴക്കം. അല്ലാത്തവര്‍ ഈ മട്ടില്‍ വിചാരണ ചെയ്യപ്പെടും. വിധിക്കപ്പെടും. 

ഹനാന്‍ മാത്രമായിരുന്നില്ല, ആള്‍ക്കൂട്ടവിചാരണയുടെ ഇര. എഴുത്തുകാരന്‍ എസ്.ഹരീഷ് മീശ എന്ന ആദ്യനോവല്‍ തന്നെ പിന്‍വലിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടതും ഈ വിചാരണയുടെയും ആക്രമണത്തിന്റെയും ഫലമായിത്തന്നെയാണ്. അതിനേക്കാള്‍ ഹീനമായിരുന്നു, അപകടത്തില്‍പ്പെട്ടു മരിച്ച മാധ്യമസംഘത്തില്‍പെട്ട രണ്ടു മനുഷ്യരോടു കാണിച്ച അവഹേളനവും. തുടങ്ങാനൊരാള്‍ മതിയെന്ന മട്ടില്‍ കാത്തിരിക്കുന്ന ഹിംസാത്മക മനസുകളാണ് ഈ സൈബര്‍ലോക വിചാരണയില്‍ വെളിപ്പെട്ടുകൊണ്ടേയിരിക്കുന്നത്. വെറുപ്പും വിദ്വേഷവും വാരിയെറിയാന്‍ ഒരു മടിയുമില്ലാത്ത ഈ മനുഷ്യരെക്കൂടി ചേര്‍ത്താണ് നമ്മള്‍ പ്രബുദ്ധകേരളമെന്ന് അവകാശപ്പെട്ടുകൊണ്ടേയിരിക്കുന്നതെന്ന് ഓര്‍ക്കണം

എന്തുകൊണ്ടാണ് ആള്‍ക്കൂട്ടങ്ങള്‍ ഈ തരത്തില്‍ ഒറ്റപ്പെട്ട മനുഷ്യരെ ആക്രമിച്ചു വിധിക്കുന്നത്? ഈ ആള്‍ക്കൂട്ടം രൂപപ്പെടുന്നതെങ്ങനെയാണ്? പ്രമുഖ ന്യൂറോസയന്റിസ്റ്റ് സുമയ്യ ഷെയ്ഖ് ഒരു ലേഖനത്തിലൂടെ ഇത് വിവരിക്കുന്നുണ്ട്. മനുഷ്യന്റെ അരക്ഷിതാവസ്ഥയെയോ അപകര്‍ഷതാബോധത്തെയോ മുതലെടുത്ത് മനഃപൂര്‍വം സൃഷ്ടിക്കപ്പെടുന്നതാണ് ഈ ആള്‍ക്കൂട്ടമെന്ന്  അവര്‍ ചൂണ്ടിക്കാണിക്കുന്നു. വ്യക്തികളെ ആക്രമിക്കുകയും ഒറ്റപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്യാനുള്ള ഒരു കൂട്ടത്തിന്റെ മാനസികാവസ്ഥയാണത്. കൂട്ടത്തിലാണ് എന്നതാണ് ബലവും ആത്മവിശ്വാസവും. ആക്രമിക്കാനുള്ള കാരണമോ, യുക്തിയോ ഒന്നും പ്രസക്തമല്ല.  മിക്കവാറും ഊഹാപോഹങ്ങളെ മാത്രം അടിസ്ഥാനമായിരിക്കും ഇത്തരം ആള്‍ക്കൂട്ടആക്രമണങ്ങളും നടക്കുന്നത്. സൈബര്‍ ലോകത്ത് സംഭവിക്കുന്നതും മറ്റൊന്നല്ല. 

സമൂഹമാധ്യമങ്ങളുടെ കാര്യം മാത്രമെടുത്താലും ഈ ആക്രമണം നടത്തുന്നത് ന്യൂനപക്ഷമല്ലേ എന്ന ചോദ്യമുണ്ടാകും. അപ്പോള്‍ മനസിലാക്കണം. ഒരു തെറ്റും ചെയ്യാതെ ആള്‍ക്കൂട്ടവിചാരണയ്ക്കു വിധേയരാക്കപ്പെടുന്ന മനുഷ്യര്‍ക്ക് മാനസികമായി സംഭവിക്കുന്നതെന്താണെന്ന്. ജീവിതകാലം മുഴുവന്‍ ആ ഭീതി അവരെ വേട്ടയാടുമെന്ന് പഠനങ്ങള്‍ പറയുന്നു. നമ്മുടെ ജീവിതസാഹചര്യങ്ങള്‍ വച്ച് മറ്റു മനുഷ്യരെ വിലയിരുത്തരുത്. അതിജീവിക്കുന്നവരുടെ വ്യക്തിത്വത്തെപ്പോലും ഈ കൂട്ടായ ആക്രമണം ബാധിക്കുമെന്നു തിരിച്ചറിയണം. പേടിക്കരുതെന്നും പിന്‍മാറരുതെന്നും ആവര്‍ത്തിച്ചാല്‍ മാത്രം മതിയാകില്ല.  നമ്മള്‍ ഇടപെടുന്ന ഒരു ഇടത്ത് നിസഹായരായ ഒറ്റ മനുഷ്യരെ അങ്ങനെ വേട്ടയാടുന്നത് നോക്കി നില്‍ക്കുന്നത് കടുത്ത അനീതിയാണ്. സമൂഹമാധ്യമങ്ങളിലെ ആള്‍ക്കൂട്ടക്കൊലകള്‍ തടയാന്‍ ആ മാധ്യമത്തില്‍ നീതിയോടെ ഇടപെടുന്ന എല്ലാവര്‍ക്കും ബാധ്യതയുണ്ട്. 

ഞാന്‍ പറയുന്നത് എന്റെ അഭിപ്രായമല്ലേയെന്ന് സംശയിക്കുന്നവരുണ്ടാകാം. അഭിപ്രായവും വിയോജിപ്പും ചോദ്യങ്ങളും എല്ലാം  ഓരോരുത്തരുടെയും അവകാശമാണ്. പക്ഷേ ചോദ്യം ചെയ്യുകയെന്നാല്‍ അധിക്ഷേപിക്കാനുള്ള അവകാശമല്ല. വിയോജിക്കുന്നതും ആക്രമിക്കുന്നതും തമ്മിലുള്ള വ്യത്യാസം മനസിലാക്കേണ്ടതുണ്ട്. വസ്തുതയില്ലാത്ത പ്രചാരണങ്ങള്‍ തെറ്റു മാത്രമല്ല, കുറ്റകരവുമാണ്. 

എസ്.ഹരീഷിന്റെ നോവലില്‍ ഒരു കഥാപാത്രം മറ്റൊരു കഥാപാത്രത്തോട് പറയുന്ന ഒരു അഭിപ്രായം വായിച്ച് കേരളത്തില്‍ ഒരു മതവിശ്വാസിയുടെയും വികാരം ഒറ്റയ്ക്ക് വ്രണപ്പെടുകയല്ല ചെയ്യുന്നത് എന്നു സൂക്ഷ്മമായി വിലയിരുത്തുമ്പോള്‍ വ്യക്തമാകും. മറിച്ച് ഇത് വികാരം വ്രണപ്പെടേണ്ട സന്ദര്‍ഭമാണെന്നത് ഒരു തീരുമാനമായി മാറുകയാണ്. ഒരു കൂട്ടമായി ആളുകള്‍ രൂപപ്പെട്ട് പ്രതിഷേധത്തിലേക്കും, പിന്നീട് സൈബര്‍ ആക്രമണങ്ങളിലേക്കും നീങ്ങുകയാണ്. 

സിനിമയില്‍ സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടിയവരെങ്ങനെ ഹരീഷിന്റെ ആവിഷ്കാരസ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുമെന്ന ചോദ്യത്തില്‍ ഒരുപാട് മറുപടികള്‍ കൂടി ഒളിഞ്ഞിരിക്കുന്നുണ്ട്. ഒന്നാമത്തെ കാര്യം, സ്വയം നിലനില്‍ക്കാത്ത വികാരത്തിന് താരതമ്യങ്ങളുടെ ഉദാഹരണം വേണമെന്നത് വിളിച്ചുപറയുന്നു. അന്ന് അങ്ങനെ ചെയ്തില്ലേ, അവര്‍ അങ്ങനെ വ്രണപ്പെടുന്നവരല്ലേ, ഞങ്ങളുടെ മതത്തെ മാത്രം പറയുന്നതെന്താ, ധൈര്യമുണ്ടെങ്കില്‍ അവരെ പറഞ്ഞുനോക്ക് എന്നീ വാദങ്ങളെല്ലാം വിളിച്ചു പറയുന്നത് അപകര്‍ഷബോധം തന്നെയാണ്. ഞങ്ങളുടെ ശക്തിപ്രകടനമാണിത് എന്ന സംഘബലം. രണ്ടാമത്തെ കാര്യം കസബയിലെയോ പുലിമുരുകനിലെയോ സ്ത്രീവിരുദ്ധത ചൂണ്ടിക്കാണിച്ചവരാരും ആ സിനിമയുടെ സ്രഷ്ടാക്കളെ കൂട്ടം ചേര്‍ന്ന് ആക്രമിച്ചിട്ടില്ല. തിയറ്ററുകള്‍ ആക്രമിക്കുകയോ പുസ്തകങ്ങള്‍ കത്തിക്കുകയോ ചെയ്തിട്ടില്ല. വിയോജിപ്പുകള്‍ ആവര്‍ത്തിച്ചാവര്‍ച്ച് പറയാനുള്ളതാണ്. നിശബ്ദരാക്കാനുള്ള ഒളിയമ്പുകളല്ല. 

സ്ത്രീവിരുദ്ധതയ്ക്കെതിരായ സമരമെന്ന പേരിലാണ് ആ സാഹിത്യകാരന്റെ ഭാര്യയും കുടുംബവും കടുത്ത അധിക്ഷേപങ്ങള്‍ നേരിടേണ്ടി വന്നത് എന്നുകൂടിയോര്‍ക്കണം. സ്ത്രീവിരുദ്ധതയ്ക്കെതിരായിരുന്നില്ല ആ പ്രതിഷേധം. മതവികാരത്തിന്റെ പേരിലുമായിരുന്നില്ല. സത്യം അതുതന്നെയാണ്. ആള്‍ക്കൂട്ടത്തിന്റെ അപകര്‍ഷബോധം. നിലവിലെ രാഷ്ട്രീയസാഹചര്യങ്ങള്‍ ആ അരക്ഷിതാവസ്ഥയെ ആളിക്കത്തിക്കുകയും ആള്‍ക്കൂട്ടഅതിക്രമങ്ങള്‍ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നതാണ്. ദേശീയതലത്തില്‍ സുപ്രീംകോടതി ഇടപെടും വരെ കാര്യക്ഷമമായി ഇടപെടാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായില്ല. രാജ്യമാകെ പശുവിന്റെ പേരില്‍ ജീവനെടുക്കാന്‍ ആള്‍ക്കൂട്ടങ്ങള്‍ മടിക്കുന്നില്ല. രാഷ്ട്രീയമായി എതിരഭിപ്രായം പറയുന്നവരെ സൈബര്‍ലോകത്ത് അധിക്ഷേപിച്ചാക്രമിച്ചില്ലാതാക്കാന്‍ രാഷ്ട്രീയക്വട്ടേഷന്‍ സംഘങ്ങള്‍ വരെ തയാറാണ്. 

ഹനാനെതിരെ സൈബര്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു. ആക്ഷേപത്തിന് തുടക്കമിട്ട യുവാവ് അറസ്റ്റിലായി. പക്ഷേ പ്രഖ്യാപനങ്ങളിലും പേരിനുള്ള നടപടികളിലും ഒതുങ്ങരുത് ഭരണകൂടത്തിന്റെ സമീപനം. ഏറ്റവുമൊടുവില്‍ സാംസ്കാരികപ്രവര്‍ത്തക സജിതാമഠത്തില്‍ ഫേസ്ബുക്കില്‍ നിന്നു പിന്‍മാറുന്നതായി അറിയിക്കേണ്ടിവന്നതും ഇതേ ആള്‍ക്കൂട്ടആക്രമണത്തിന്റെ പേരിലാണ്. ചെറിയ ചില തിരുത്തലുകളെങ്കിലും കൊണ്ടുവരാന്‍ സ്വാധീനമുള്ളവരുണ്ട്, പ്രമുഖ താരങ്ങളും രാഷ്ട്രീയനേതാക്കളും. അവരൊന്നും അവരുടെ പേരില്‍ നടക്കുന്ന ആക്രമണങ്ങള്‍ ഒന്നുകില്‍ കണ്ടില്ലെന്നു നടിക്കുന്നു, അല്ലെങ്കില്‍ എതിര്‍ക്കുന്നവര്‍ വേട്ടയാടപ്പെടട്ടെയെന്ന് അവര്‍ ആഗ്രഹിക്കുന്നുവെന്നു പറയേണ്ടി വരും. 

താരരാജാക്കന്‍മാരുടെ സൈബര്‍സേനകളുടെ ആക്രമണം താങ്ങാവുന്നതിലേറെയായിരിക്കുന്നുവെന്നു ചൂണ്ടിക്കാണിച്ചാണ് സജിതാമഠത്തില്‍ ഫേസ്ബുക്കില്‍ നിന്ന് പിന്‍വാങ്ങിയിരിക്കുന്നത്. നാട്ടുകാരെ സാമൂഹ്യപ്രതിബദ്ധത പഠിപ്പിക്കുന്ന ഒരൊറ്റ സൂപ്പര്‍താരവും സ്വന്തം പേരില്‍ ആരാധകര്‍ നടത്തുന്ന ആള്‍ക്കൂട്ട ആക്രമണത്തെ തടുക്കില്ല. ഒരു വാക്കു കൊണ്ടു പോലും തിരുത്തില്ല. എന്നു വച്ചാല്‍ ബിംബങ്ങള്‍ അറിഞ്ഞോ അറിയാതെയോ ഈ ആള്‍ക്കൂട്ടആക്രമണങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക തന്നെയാണ്. ക്വട്ടേഷന്‍ സംഘങ്ങളെപ്പോലെ പ്രവര്‍ത്തിക്കുന്ന ആള്‍ക്കൂട്ടങ്ങള്‍ ഹനാന്റെ കേസിലേതു പോലെ പൊടുന്നനെ രൂപപ്പെടുന്നതുമല്ല. സംഘടിതമായി റോന്തു ചുറ്റുന്ന ക്വട്ടേഷന്‍ കാവല്‍ക്കാരാണ് അക്കൂട്ടര്‍. ഹനാന് പിന്തുണ പ്രഖ്യാപിക്കാന്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടി നേതാക്കളുമുണ്ടായിരുന്നു. 

സഖാവ് കോടിയേരി, താങ്കള്‍ കൂട്ടിച്ചേര്‍ക്കണം, സി.പി.എമ്മിന്റെ പേരിലും ഒരാളും സൈബര്‍ വേട്ടയ്ക്കിറങ്ങരുതെന്ന്. വിമര്‍ശനവും സംവാദവും സംഘടിതആക്രമണങ്ങളായി മാറ്റിയെടുക്കുന്ന സൈബര്‍ സഖാക്കളെ തള്ളിപ്പറയാന്‍ താങ്കള്‍ക്കു കഴിയുമോ? ഒരു വിഭാഗത്തിന്റെയെങ്കിലും മനോഭാവം മാറ്റിയെടുക്കാന്‍ കഴിയുന്നവര്‍, അതിനു തയാറാകാത്തത് സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കാതെയാണോ, അതോ ചിലപ്പോഴെങ്കിലും സൈബര്‍ ലിഞ്ചിങിന്റെ സൗകര്യം ആവശ്യമുള്ളതുകൊണ്ടാണോ?

ഏതെങ്കിലുമൊരു രാഷ്ട്രീയപാര്‍ട്ടി, സൈബര്‍ ലോകത്തെ ഈ അനീതിക്കെതിരെ പ്രചാരണമോ, ഇരയായവര്‍, പ്രത്യേകിച്ചു സ്ത്രീകള്‍ക്കു വേണ്ടി ആത്മാര്‍ഥമായ  ഒരു പ്രതിരോധം തീര്‍ക്കുന്നതു കണ്ടിട്ടുണ്ടോ? സാധാരണക്കാരന്റെ അവകാശമായ സമൂഹമാധ്യമങ്ങള്‍ സ്വതന്ത്രമായി നിലനിര്‍ത്താനെങ്കിലും ഇടപെടേണ്ടേതുണ്ട്.നിയമക്കുരുക്കുകളും അനാവശ്യനിയന്ത്രണങ്ങളും സമൂഹമാധ്യമങ്ങളെ ശ്വാസം മുട്ടിക്കാതിരിക്കാന്‍ സ്വയം നിയന്ത്രണത്തിനു മുന്‍കൈയെടുക്കേണ്ട ബാധ്യത രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും സാമൂഹ്യപ്രവര്‍ത്തകര്‍ക്കും മാത്രമല്ല, ഓരോ സമൂഹമാധ്യമഉപയോക്താവിനുമുണ്ട്. 

ഒരു വ്യക്തിയെയും അധിക്ഷേപിക്കാന്‍ അവകാശമില്ലെന്ന് മനസിലാക്കാത്തവര്‍ നിയമനടപടിയിലൂടെ അതു മനസിലാക്കട്ടെ. പക്ഷേ ഒരേ നീതി ഹരീഷിനു നേരെയുമുണ്ടാകണം. മരണപ്പെട്ട മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ചവര്‍ക്കു നേരെയുമുണ്ടാകണം. രാഷ്ട്രീയമായ വിയോജിപ്പിന്റെ പേരില്‍ മാത്രം ആക്രമിക്കപ്പെട്ടകെ.കെ.രമയ്ക്കും ആ നീതിയെത്തിയെത്തികക്ണം. ആത്മവിശ്വാസമുള്ള ഒരു മനുഷ്യനും ഒരു വ‌‍ിമര്‍ശനത്തിന്റെ  പേരില്‍ വികാരം വ്രണപ്പെടില്ല. സഹജീവികളെ ബഹുമാനിക്കുന്നവരാരും മറ്റുള്ളവര്‍ക്കു നേരെ അധിക്ഷേപവാക്കുകള്‍ തൊടുക്കില്ല. ശരിയായ മനുഷ്യരായിരിക്കുന്നതിനേക്കാള്‍ ശരിയായ ഒരു രാഷ്ട്രീയവുമില്ലെന്ന് പറയാതെ വയ്യ. 

MORE IN PARAYATHE VAYYA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.