മാറിയത് മഴയല്ല, നമ്മൾ; പെരുംമഴ പറയുന്നത്

pva-rain-t
SHARE

ഇന്ത്യയിലെ ഒന്നാം നമ്പര്‍ സംസ്ഥാനം ഒരു പെരുമഴയില്‍ കുതിര്‍ന്നു തലകുനിക്കാനുള്ളതാണോ? മരിച്ചത് നൂറ്റിപ്പത്തിലേറെ പേര്‍. വീടും വെള്ളക്കെട്ടില്‍ മുങ്ങിപ്പോയത് പതിനായിരങ്ങള്‍. ഇങ്ങനെ മതിയോ? മഴയെ നോക്കി മൂക്കത്ത് വിരല്‍ വയ്ക്കുകയല്ലാതെ നമുക്കൊന്നും ചെയ്യാനില്ലേ? 

വിശദീകരണങ്ങള്‍ ആവശ്യമില്ലാത്ത നിസഹായാവസ്ഥ. ആഞ്ഞു പെയ്യുന്ന മഴയ്ക്കു മുന്നില്‍, കുതിച്ചയരുന്ന െവള്ളത്തിനു മുന്നില്‍ നമ്മളോരോരുത്തരും ഇതുപോലെ നിസഹായരാണ്. ഒരു വിശദീകരണവും ന്യായീകരണവും വിലപ്പോകില്ല. ജീവനുകളില്‍ ഒലിച്ചു പോകും. ജീവിതങ്ങള്‍ ശ്വാസം മുട്ടി പിടയും. വെയിലിനായി കാത്തിരിക്കുകയല്ലാതെ ഒന്നും ചെയ്യാന്‍ നിവൃത്തിയില്ലാത്ത മനുഷ്യരായി പരിഷ്കൃതസമൂഹം സ്വയം ചുരുങ്ങും. 

മനുഷ്യന്‍ ഇനി നേരിടാന്‍ പോകുന്ന ഏറ്റവും വലിയ സുരക്ഷാപ്രശ്നം യുദ്ധമോ, അധിനിവേശമോ ആയിരിക്കില്ലെന്നു വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കിയത് വര്‍ഷങ്ങള്‍ക്കു മുന്നേയാണ്. കാലാവസ്ഥാമാറ്റങ്ങളാണ് ഇനി നമ്മള്‍ നേരിടാന്‍ പോകുന്ന വലിയ സുരക്ഷാഭീഷണി. നേരിടാന്‍ തയാറെടുക്കുകയല്ലാതെ സാധ്യമാം വിധം സജ്ജരാകുകയല്ലാതെ മറ്റൊന്നും പരിഹാരമല്ല. വികസനം എന്ന തലക്കെട്ടിനേക്കാള്‍ ഒന്നാം പരിഗണന കാലാവസ്ഥയ്ക്കു നല്‍കുകയല്ലാതെ മറ്റു കുറുക്കുവഴികളൊന്നും തന്നെയില്ല. 

കാലാവസ്ഥാമാറ്റമെന്ന ആശ്വാസം പോലും പക്ഷേ ഈ കാലവര്‍ഷത്തില്‍ കേരളത്തെ തുണയ്ക്കില്ല. ശാസ്ത്രം പറയുന്നു, കേരളത്തിനിത് അസാധാരണമായ മഴയല്ല.  പഴിച്ചൊഴിയാന്‍ പതിവില്ലാത്ത പേമാരിയല്ല കേരളത്തില്‍ പെയ്തുവീഴുന്നത്. മഴയുടെ ചെറിയ ഏറ്റക്കുറച്ചിലുകളില്‍ പോലും അടിയറവു പറയുന്ന സാഹചര്യം അതുകൊണ്ട് കാലാവസ്ഥയില്‍ ചുമത്താന്‍ നിവൃത്തിയില്ല. ശരിയായ കാരണങ്ങള്‍ക്കു മുന്നില്‍ കണ്‍തുറക്കുകയല്ലാതെ മറ്റൊന്നിനും പരിഹാരമുണ്ടാക്കാനും കഴിയില്ല

60 വര്‍ഷത്തെ കാലവര്‍ഷം വിലയിരുത്തുന്ന വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നതിങ്ങനെ. കഴിഞ്ഞ അറുപതുവര്‍ഷമെടുത്താല്‍ 20 വര്‍ഷങ്ങളില്‍ മാത്രമാണ് കേരളത്തില്‍ സ്വാഭാവികമണ്‍സൂണ്‍ പോലും ലഭിച്ചത്. 70 ശതമാനം  മഴ കുറവായിരുന്നു. കഴിഞ്ഞ 18 വര്‍ഷമെടുത്താല്‍ 2007ലും 2013ലും മാത്രമാണ് കനത്ത കാലവര്‍ഷം കേരളത്തില്‍ കിട്ടിയത്. ഒന്നരപതിറ്റാണ്ടായി നമുക്ക് ഇത്രയും  മഴ പരിചയമില്ലെന്നേയുള്ളൂ. ഈ തീവ്രമായ താണ്ഡവം മഴയ്ക്ക് പുതുമയല്ലെന്നു സാരം. 

ഈയൊരൊറ്റ മഴക്കാലത്ത് പക്ഷേ മഴക്കൂടുതലിന്റെയും മഴകുറവിന്റെയും പരമാവധി തലങ്ങള്‍ നമ്മള്‍ കണ്ടുവെന്നതാണ് സത്യം. മണ്‍സൂണ്‍ മഴയില്‍ ഈ ഏറ്റക്കുറച്ചിലുകള്‍  സ്വാഭാവികമാണ്. 

അടുത്ത വര്‍ഷം ഈ പെയ്ത്ത് പെയ്യില്ലായിരിക്കുമെന്ന് വെറുതേ ആശ്വസിക്കാന്‍ ശാസ്ത്രീയമായ കാരണങ്ങളില്ലെന്നു ചുരുക്കം. മഴ ഇതേ തീവ്രതയിലോ, അതിലും കൂടിയോ കുറഞ്ഞോ പെയ്യാം, പെയ്യാതിരിക്കാം. ലഭിക്കുന്ന മഴയുടെ തീവ്രത മാത്രമല്ല, നമ്മളെ മഴക്കുഴിയില്‍ വീഴ്ത്തുന്നത്. കാലാവസ്ഥാമാറ്റങ്ങള്‍ ഇനിയും ഭയപ്പെടുത്തിയേക്കും,  ചിലപ്പോള്‍ കബളിപ്പിച്ചേക്കും. പക്ഷേ കരുതിയിരിക്കുകയെന്നതല്ലാതെ മറ്റൊരു സാധ്യത കേരളത്തിനു മുന്നിലില്ല

തെക്കും വടക്കും മേഖലകള്‍ അല്‍പം ഉയരത്തിലും, കരുനാഗപ്പള്ളി  മുതല്‍ പൊന്നാനി വരെ അല്‍പം താഴ്ന്ന ഭൂപ്രകൃതിയെന്നതാണ് കേരളത്തിന്റെ ശാസ്ത്രീയ ഭൂമിശാസ്ത്രമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. മധ്യകേരളത്തിലാണ് കൂടുതല്‍ വിസ്തൃതിയുള്ള വനങ്ങള്‍ എന്നതിനാല്‍ മധ്യകേരളത്തില്‍ കൂടുതല്‍ മഴ ലഭിക്കും. മധ്യകേരളം ആദ്യം വെള്ളത്തിനടിയിലാവും. തെക്കുവടക്കുമേഖലകളില്‍ വെള്ളപ്പൊക്കം നദീതടങ്ങളിലൊതുങ്ങും. കിഴക്കന്‍ ഭാഗത്ത് ഉരുള്‍പൊട്ടലും തീരദേശത്ത് കടലാക്രമണം ദുരിതം വിതയ്ക്കും. ഇത്രയും സ്വാഭാവികമാണ്. പക്ഷേ കേരളത്തില്‍ ഇപ്പോഴെന്താണ് സംഭവിക്കുന്നത്?

ഭൂമിയെ മറന്ന കേരളീയരുണ്ടാക്കിയ ദുരന്തമാണ് ഇപ്പോള്‍ സ്വയം അനുഭവിക്കുന്നത്. ഭൂമിയെ മാനിക്കാത്ത ആവാസവ്യവസ്ഥയാണ് നമ്മളുണ്ടാക്കിയത്. മനസിലാക്കി, തിരുത്താന്‍ മുന്നില്‍ നില്‍ക്കേണ്ടിയിരുന്ന സര്‍ക്കാരുകള്‍ വോട്ടുബാങ്കുകളുടെ ചുഴികളില്‍ മുങ്ങിപ്പൊങ്ങി. മലയോരപാതകളും തീരദേശപാതകളും പോലും കേരളത്തിന്റെ പരിസ്ഥിതിയെ എങ്ങനെ ബാധിക്കുമെന്ന് നമ്മള്‍ അന്വേഷിച്ചിട്ടില്ല. 

മാറിയത്  മഴയല്ല, കേരളമാണ്. വന്നുവീഴുന്ന മഴയെ ഉള്‍ക്കൊള്ളാനുള്ള കേരളത്തിന്റെ ശേഷിയാണ് മാറിയത്.  ഒരറ്റത്തു നിന്ന് കൈകൊട്ടിയാര്‍ത്തുവിളിക്കുന്ന വികസനത്തിന്‍റെ പ്രലോഭനങ്ങള്‍ക്കൊപ്പം നീങ്ങുമ്പോഴും ഓര്‍ക്കണം,  ഭൂമിയാണ് അടിസ്ഥാനം. ഭൂമിയെയും പ്രകൃതിയെയും നിയന്ത്രിക്കാന്‍ മാത്രം ശേഷി മനുഷ്യന്‍ കൈവരിച്ചിട്ടില്ല. 

ഭൂവൈവിധ്യത്താല്‍ അനുഗ്രഹിപ്പിക്കപ്പെട്ട കേരളത്തിന്റെ സവിശേഷതയും പരിമിതിയും അതു തന്നെയാണ്. കേരളത്തിനാകെ ഒരൊറ്റ വികസനപാറ്റേണ്‍ സാധ്യമല്ല.  കോഴിക്കോട്ടെ നിര്‍മിതികള്‍ ഇടുക്കിയില്‍ പറ്റില്ല. തിരുവനന്തപുരത്തെ വികസനസങ്കല്‍പം വിഴിഞ്ഞത്തിനു പോലും ചേര്‍ന്നതാവില്ല. ഏറ്റവും വലിയ ഉദാഹരണമാണ് ഈ മഴയിലും പാടേ മുങ്ങിപ്പോയ കൊച്ചി. കൊച്ചിയില്‍ ഒന്നരമീറ്ററിനടിയില്‍ വെള്ളമാണ്. ചുറ്റിനും മാത്രമല്ല ഭൂമിക്കടിയിലും വെള്ളത്തിനു നടുവിലാണ് കൊച്ചി ഈ വന്‍നഗരം കെട്ടിപ്പൊക്കിയിരിക്കുന്നത്. അതീവശ്രദ്ധയോടെ മൈക്രോലെവലില്‍, എന്നു വച്ചാല്‍ ഒരി‍ഞ്ചു സ്ഥലം പോലും ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട കൊച്ചിയില്‍ എന്താണ് നടക്കുന്നത്? 

ഈ കണ്ണും മൂക്കുമില്ലാത്ത വികസനത്തിന്റെ പ്രത്യാഘാതം അനുഭവിക്കുന്നതാരാണ്? എന്നും അരികുകളില്‍ ജീവിക്കാന‍് പൊരുതുന്ന പാവപ്പെട്ടവര്‍. 

കണ്ണും മൂക്കുമില്ലാതെ കെട്ടിപ്പൊക്കുന്ന കോണ്‍ക്രീറ്റ് കാടുകളില്‍ പ്രാദേശികഭരണകൂടങ്ങളുടെ ഗുരുതരമായ വീഴ്ചകളും സമാസമം ചേര്‍ന്നാണ് വെള്ളപ്പൊക്കങ്ങളുണ്ടാക്കുന്നത്. മഴക്കാലപൂര്‍വശുചീകരണം പോലും നടത്താത്ത അഴുക്കുചാലുകളോട് പെരുമഴയത്ത് പരിഭവിച്ചിട്ടെന്തു കാര്യം.അതിനുമപ്പുറം കേരളത്തിന്റെ കാലവര്‍ഷമേ പരിഗണിക്കാത്ത റോഡ് നിര്‍മാണവും  ഓട നികത്തലും ചേരുമ്പോള്‍ ജീവിതം പൂര്‍ണമായും വെള്ളത്തിലാകും. ഒപ്പം നികത്തിയ തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും കണ്ണീര്‍ശാപമായി മായുകയും ചെയ്തിരിക്കുന്നു. 

ഇനി ഇതിലൊക്കെ എന്തു ചെയ്യാനാണ് എന്നു തോന്നുന്നുണ്ടോ? മഴക്കെടുതിയില്‍ പോലും ശീലമായിപ്പോയ ഒരു നിസംഗതയില്‍ സ്വയം തണുത്തുപോകുന്നുണ്ടോ? തെറ്റാണത്. മഴ പെയ്തു തോരാന്‍ പോലും കാത്തുനില്‍ക്കാതെ നമുക്കും ചെയ്യാനുണ്ട് ചിലത്. ആരും ആരെയും കാത്തിരിക്കാതെ ഈ മഴയത്തു നിന്നു തന്നെ നല്ല പാഠങ്ങള്‍ പെറുക്കിയെടുക്കണമെന്നു മാത്രം. 

പഞ്ചായത്തിലേക്കും, പൊതുമരാമത്തിലേക്കും ചൂണ്ടുവിരല്‍ നീട്ടി മിണ്ടാതിരിക്കേണ്ടവരല്ല നമ്മളോരോരുത്തരും. നമ്മുടെ വീട്ടുമുറ്റത്തെ മണ്ണിനോളം മൂല്യമുള്ള ഒരു പ്രതിരോധപദ്ധതിയില്ല മഴയ്ക്ക് എന്നറിയാമോ? മണ്ണാണ് പെയ്തുവീഴുന്ന ഓരോ മഴത്തുള്ളിയെയും ഉള്ളിലൊതുക്കുന്നത്. പരമാവധി വെള്ളം വഹിച്ച്, താഴേയ്ക്കൊഴുക്കി, മണ്‍തരികളുടെ ശേഷിക്കുമപ്പുറം നനഞ്ഞു കുതിരുമ്പോഴാണ് മഴവെള്ളം ഒഴുകിപ്പരക്കുന്നത്.  ഒഴുകിപ്പോകുമ്പോഴും ഏറ്റവുമടുത്തുള്ള തണ്ണീര്‍ത്തടത്തിലേക്കൊതുങ്ങും മഴവെള്ളം. അങ്ങനെ ഭൂഗര്‍ഭജലമെന്ന കരുതലിലേക്കു കാത്തിരിപ്പാകും. പക്ഷേ ഇന്ന് മണ്ണ് മണ്ണായി കിടക്കുന്ന എത്ര സ്ഥലങ്ങള്‍ നമ്മള്‍ വെറുതെ വിടുന്നുണ്ട്. മുറ്റങ്ങളിലെല്ലാം കോണ്‍ക്രീറ്റ് ടൈലുകള്‍ പാകി ഭദ്രമാക്കി, റോഡുകളിലും കൂടി ടൈലുകള്‍ നിരത്തി കോണ്‍ക്രീറ്റിനാല്‍ ബന്ധിപ്പിക്കുമ്പോള്‍ ഓര്‍ക്കണം, ഓടിച്ചു വിടുന്നത് മഴവെള്ളത്തെയാണ്. എവിടെയും എവിടെയും പോകാന്‍ ഇടമില്ലാത്ത ആ വെള്ളമാണ് പൊങ്ങിയുയര്‍ന്ന് നമ്മളെ കെടുതിയിലാക്കുന്നത്. വെള്ളത്തെയും മഴയെയും പഴിക്കാനാകില്ലെന്നത് വസ്തുതയാണ്. 

അതുകൊണ്ട് വീട്ടുമുറ്റത്തു നിന്നു തിരുത്തിത്തുടങ്ങേണ്ടതുണ്ട്. അതു നാട്ടുവഴികളിലേക്കിറങ്ങേണ്ടതുണ്ട്. ഗ്രാമപ്രദേശങ്ങളില്‍, അനിവാര്യമായ നീരൊഴുക്ക് തടസപ്പെടുന്നതെവിടെയെന്ന് കണ്ടു പിടിക്കണം. ഭീഷണിയാകുന്ന തടയണകളും അനധികൃതനി്ര‍മാണങ്ങളും ചോദ്യം ചെയ്യണം, ചെറുക്കണം. സാമൂഹ്യജീവിയെന്ന ഉത്തരവാദിത്തമെന്ന ഭാരമൊന്നും തോന്നേണ്ടതില്ല. അവനവന്റെ ജീവന്റെ സുരക്ഷയെന്നോര്‍ത്താല്‍ മതിയാകും. 

പ്രാദേശിക ഭരണകൂടത്തെയും സംസ്ഥാനസര്‍ക്കാരിനെയും ഇതേ ദിശയില്‍ നീങ്ങാന്‍ നിര്‍ബന്ധിക്കേണ്ടതുണ്ട്. ദുരന്തനിവാരണമെന്നാല്‍ രക്ഷാപ്രവര്‍ത്തനമല്ല. ദുരന്തം ഒഴിവാക്കുകയെന്നതാണ്. മഴയെയും വെള്ളത്തെയും കൂടുതല്‍ ഗൗരവത്തോടെ മനസിലാക്കാന്‍ സമൂഹത്തിനു കഴിയണം. അവനവന്‍ ജീവിക്കുന്ന പ്രദേശത്തെ നന്നായി മനസിലാക്കണം., ആ പ്രദേശത്തിനുണ്ടായ ഭൂമിശാസ്ത്രപരമായ  മാറ്റങ്ങള്‍ മനസിരുത്തി പഠിക്കുക തന്നെ വേണം. ആരെയും കാത്തിരിക്കേണ്ട, ചോദ്യങ്ങള്‍  അങ്ങോട്ടു ചോദിക്കാം, ഉത്തരങ്ങള്‍ക്കായി വാശി പിടിക്കാം. 

അടുത്ത മഴക്കാലത്ത്, ഇനിയൊരു ജീവന്‍ മഴയെടുക്കില്ലെന്ന് നമുക്ക് തീരുമാനിക്കാന്‍ കഴിയുമോ? ആ തീരുമാനം യാഥാര്‍ഥ്യമാക്കാന്‍ ഇച്ഛാശക്തിയോടെ പ്രവര്‍ത്തിക്കാന്‍ കഴിയുമോ? അടുത്ത കാലവര‍്ഷത്തില്‍ നമ്മുടെയൊന്നും ജീവിതം വെള്ളക്കെട്ടില്‍ മുങ്ങിപ്പോകില്ലെന്നുറപ്പിക്കാന്‍ കഴിയുമോ? മഴ ഏറിയും കുറഞ്ഞുമിരിക്കും. കാലാവസ്ഥാമാറ്റം പ്രവചനാതീതമാം വിധം ഭീഷണിയുയര്‍ത്തിയേക്കും. എന്തു സംഭവിച്ചാലും 

വെല്ലുവിളിയായെടുക്കാം. ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍, കേരളത്തിന്റെ അഭ്യര്‍ഥനയാണ്, പ്രകൃതിയുടെ വെല്ലുവിളി ഏറ്റെടുക്കൂ. േകരളത്തിന്റെ മുഖഛായ മാറ്റുമെന്ന പ്രഖ്യാപനത്തില്‍ ഈ മഴക്കെടുതിയുടെ മുഖം മാറ്റുമെന്ന നിശ്ചയദാര്‍ഢ്യം കൂടി പ്രകടിപ്പിക്കൂ. വികസനസങ്കല്‍പങ്ങളില്‍ ഒന്നാമത്തേത് പരിസ്ഥിതിയുടെ വികസനമെന്ന മാനുഷികമുഖം സ്വീകരിക്കൂ. കാലാവസ്ഥാമാറ്റങ്ങളില്‍ നഷ്ടപ്പെട്ടുപോകില്ല കേരളത്തിന്റെ ഭാവിയെന്നൊരു ഉറച്ച, ആത്മാര്‍ഥമായ പ്രഖ്യാപനം നടപ്പാക്കി തെളിയിക്കണമെന്ന അഭ്യര്‍ഥനയോടെ നിര്‍ത്തുന്നു. 

MORE IN PARAYATHE VAYYA
SHOW MORE