പുതുക്കി പണിയേണ്ട പൊലീസ് സംവിധാനം

pva-police-t
SHARE

പൊലീസ് സേവിക്കേണ്ടത് ആരെയാണ്. സംശയമില്ല ജനങ്ങളെ തന്നെ. എന്നാല്‍  ആ അഭിമാനത്തൊപ്പി ആത്മവിശ്വാസത്തോടെ അണിഞ്ഞ് വരുന്ന പൊലീസുകാരെ പട്ടിയെ കുളിപ്പിക്കാൻ മുതൽ മീൻ വാങ്ങാൻ വരെ ചുമതലപ്പെടുത്തുന്ന ഐപിഎസ് മേലാളന്‍മാരോട് എന്തുപറയണം. ഐപിഎസുകാര്‍ മാത്രമല്ല, പൊലീസുകാരെ ഇങ്ങനെ നിര്‍ലജ്ജം  അടിമവേല ചെയ്യിപ്പിക്കുന്നവരുടെ പട്ടികയില്‍ ന്യായാധിപന്‍മാരും രാഷ്ട്രീയ മേലാളന്‍മാരുമുണ്ട്. പറയാനുള്ളത് ഒന്നുമാത്രം. ഇതിനുള്ളതല്ല സര്‍ പൊലീസ്, ആത്മാഭിനത്തിന്റെ തൊപ്പി അവര്‍ക്ക് തിരിച്ച് നല്‍കണം. ഓര്‍ഡലി സമ്പ്രദായം. അതാണ് പിന്നെ സെക്യൂരിറ്റി ആയും പി.എസ്.ഒ അഥവാ പ്രൊട്ടക്റ്റീവ് സര്‍വീസ് ഓഫീസര്‍ ആയും പൊലീസില്‍ പരിണമിച്ചത്. തസ്തികയുടെ ഉദ്ദേശമൊന്നുമാത്രം തിരക്കേറിയ കൃത്യനിർവഹണത്തിൽ ഏർപ്പെട്ടിരിക്കുന്ന മേലുദ്യോഗസ്ഥനെ ജോലിയിൽ സഹായിക്കുക. എന്നാല്‍ ഇന്ന് ഗവാസ്കറെന്ന പൊലീസുകാരന് മര്‍ദ്ദനമേറ്റ വാര്‍ത്തയിലൂടെ പുറംലോകമറിഞ്ഞ ഒരു പ്രൊട്ടക്റ്റീവ് ഓഫിസര്‍ നിര്‍വഹിക്കുന്ന ചുമതലകള്‍ കേട്ടാല്‍ കേരളം നാണിച്ചു തലതാഴ്ത്തും. ഓഫിസര്‍മാരുടെ കുടുംബത്തെ പ്രഭാത സവാരിക്കെത്തിക്കുക, വീട്ടിലേക്കുള്ള പാലും പച്ചക്കറികളുമെത്തിക്കുക, അടുക്കളമാലിന്യം നീക്കം ചെയ്യുക, പട്ടിയെ കുളിപ്പിക്കുക അങ്ങനെ നീളും ആ കൃത്യ നിര്‍വഹണപട്ടിക. ഒന്നും സിനിമാക്കഥകളില്‍ നിന്ന് അടര്‍ത്തിയെടുത്ത അതിശയോക്തികളല്ല. എല്ലാം പൊലീസുകാര്‍ തന്നെ പരാതിപ്പെട്ടതാണ്.  നിവ‍ൃത്തികേടിന്റെ നെല്ലിപ്പലകയിലിരുന്ന് മറഞ്ഞും തെളിഞ്ഞും അവര്‍ മാധ്യമങ്ങളോട് തുറന്ന് പറഞ്ഞതാണ്. തിരുവനന്തപുരം പേരൂർക്കട എസ്എപി ക്യാംപിലെ ഉന്നത ഉദ്യോഗസ്ഥന്റെ വീട്ടിൽ ടൈൽസ് ജോലിക്ക് പോകേണ്ടിവന്നവര്‍, തൃശൂർ സ‍ിറ്റി പൊലീസ് കമ്മിഷണറായിരുന്ന യുവ ഐപിഎസ് ഓഫിസർക്ക് മദ്യം വാങ്ങി നല്‍കാന്‍ മാത്രം ചുമതലപ്പെട്ടവര്‍,   ഇടുക്കിയിലെത്തിയ പൊലീസ് ഉന്നതന്റെ ബന്ധുക്കൾക്കു ചൂടുവെള്ളം എത്തിക്കാൻ ആജ്ഞ ലഭിച്ചവര്‍, ഐപിഎസ് പ്രമാണി ജിംനേഷ്യത്തില്‍ വ്യായാമം ചെയ്യുമ്പോള്‍ ഇടത്തും വലത്തും നിന്ന് വെള്ളം നല്‍കേണ്ടിവന്നവര്‍, പച്ചക്കറിമാലിന്യം പൊതുവഴിയില്‍ കളയാനവശ്യപ്പെട്ട ഉന്നതന്റെ കുടുംബത്തോട് കലഹിച്ച് നടപടി നേരിട്ടവര്‍  ഈ നിരയങ്ങനെ നീളുന്നുണ്ട്. ഐപിഎസുകാരുടെ സേവനത്തിന് ആളെ നിർത്താൻ കേന്ദ്രസർക്കാർ അനുവദിക്കുന്ന പ്രതിമാസ അലവൻസ് പോക്കറ്റിലിട്ടാണ് ഏമാന്‍മാരുടെ ഈ ദാസ്യപ്പണിയെടുപ്പിക്കലെന്നും കാണണം. അടുക്കളപ്പണിയിലേക്ക് ഇവര്‍ തിരുമറിചെയ്യപ്പെടുന്നത് ജനത്തിന്റെ നികുതിപ്പണമാണ്. സുദേഷ് കുമാര്‍ ഒരു പേരല്ലെന്ന് ചുരുക്കം. കണക്കെടുത്താല്‍ തലപ്പത്തിരിക്കുന്നവരുടെ തലയൊരുപാട് എണ്ണിയെടുക്കാം. ഇതെല്ലാംകണ്ട് രോഷാകുലരാകുന്ന പ്രതിപക്ഷം അവര്‍ അധികാരത്തിലിരിക്കുമ്പോഴും ഇതുതന്നെയായിരുന്നു അവസ്ഥയെന്ന് ഓര്‍ത്താല്‍ കൊള്ളാം. അതുകൊണ്ട് ഇതെല്ലാം ഇന്നറിഞ്ഞതുപോലെയുള്ള അല്‍ഭുതനാട്യം, ആരും ആടരുത്. ശരിയാണ്, മുഖ്യമന്ത്രി മൂര്‍ച്ചയോടെ പറയുന്നുണ്ട് പൊലീസ് ഏമാന്‍മാരുടെ ഈ ഹുങ്ക് വച്ചുപൊറുപ്പിക്കില്ലെന്ന്. എന്നാല്‍ ഇതൊന്നും പൊലീസ് ഡിപ്പാര്‍ട്ട്മെന്റിലൊതുങ്ങുന്നില്ല എന്നതാണ്  വാസ്തവം. രാഷ്ട്രീയ നേതാക്കളും മത-സാമുദായിക നേതാക്കളും ഈ സുരക്ഷാ-സഹായ ആനുകൂല്യം ആവോളം ആസ്വദിക്കുന്നുണ്ട്. ഭീഷണിയുള്ളവര്‍ക്ക് സുരക്ഷയൊരുക്കുന്നതിനെ എതിര്‍ക്കേണ്ടതില്ലെങ്കിലും ഇതേ ആനുകൂല്യം പറ്റുന്ന ഭീഷണിയില്ലാത്തവരുമേറെ. ഇത്തരം നിയമന ഉത്തരവുകളുടെ കാലാവധിയോ നിയമിക്കപ്പെടുന്ന രീതികളോ ആരും തന്നെ പരിശോധിക്കാറില്ലെന്നതാണ് മറ്റൊരുയാഥാര്‍ത്ഥ്യം. ഇഷ്ടമുള്ളവരുടെ തിരഞ്ഞെടുപ്പും കാലാവധി കഴിഞ്ഞുള്ള ഉപയോഗപ്പെടുത്തലുമെല്ലാം സര്‍വസാധാരണം. നാട്ടിലെ വീട്ടുകാവലിന്  ഒരു പൊലീസുകാരനെപ്പോലും മുഖ്യമന്ത്രി  നിയോഗിച്ചിട്ടില്ലെങ്കിലും അതേ മുഖ്യമന്ത്രിയുടെ നാട്ടില്‍ ഇന്നലെ സിപിഎമ്മിലേക്കത്തിയവര്‍ക്കൊപ്പംപോലുമുണ്ട്  ഈ പൊലീസ് പട.  രണ്ടാണ്ട് മുന്‍പ് രാഷ്ട്രീയ അക്രമത്തിന്റെ പേരില്‍ പൊലീസ് തണലത്ത് കയറി നിന്നവര്‍ വരെ ഇന്നും ആ നില്‍പ്പ് തുടരുന്നുണ്ട്. തീരുന്നില്ല. ഇടത്തും വലത്തുമായെല്ലാം എണ്ണിയെടുക്കാന്‍ വേറെയുമുണ്ടൊത്തിരി. എ.കെ.ആന്റണിക്കൊപ്പമുള്ളത് ആറ് പേരാണ്.  എം.പിമാരായ വയലാര്‍ രവി, കെ.വി. തോമസ് മുല്ലപ്പള്ളി രാമചന്ദ്രന്‍, ശശി തരൂര്‍, കെ.സി.വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, എം.ഐ ഷാനവാസ്, ആന്റോ ആന്റണി തുടങ്ങിയവര്‍ക്കൊപ്പം സുരക്ഷാപാലകര്‍ രണ്ടുവീതം. എന്തിന് യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന് വരെയുണ്ട് പൊലീസ് അകമ്പടി. ചുരുക്കത്തില്‍ മന്ത്രിമാരടക്കം രാഷ്ട്രീയക്കാര്‍ കൈവശം വച്ചിരിക്കുന്നത് മുന്നൂറോളം പൊലീസുകാരെയാണ്. കൂടാതെ 87 ജഡ്ജിമാര്‍ക്കായി 146 പൊലീസുകാര്‍ അവരുടെ വീടുകളില്‍ ജോലി നോക്കുന്നു. മാതാ അമൃതാനന്ദമയിക്കായി ആറ് പേരെ നിയോഗിക്കുമ്പോള്‍ കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ക്കൊപ്പം രണ്ടു പൊലിസുകാരുണ്ട്. അടിയന്തരഘട്ടത്തിൽപോലും ജനത്തിനു പൊലീസിനെ കിട്ടാതെവരുന്ന കാലത്താണ് ഇങ്ങനെ  ഭരണനേതൃത്വം മുതൽ ഐപിഎസ് പദവിയുള്ളവർവരെ അധികാരവര്‍ഗം സ്വന്തം സേവനത്തിനായി പൊലീസുകാരെ പങ്കിട്ടെടുക്കുന്നത് കൂടി കണ്ടേപറ്റൂ  ഇങ്ങനെ വഴിവിട്ടനിയമനങ്ങളോടും വിനീതവിധേയ വീട്ടുജോലികളോടും എതിര്‍പ്പില്ലാത്ത പൊലീസുകാരുമുണ്ടെന്നതാണ് സത്യം. അധികാരത്തോട് ഒട്ടി നിന്നാല്‍ കിട്ടുന്ന വരങ്ങളില്‍ വളര്‍ച്ച കാണുന്നവര്‍ കൂടിയാണ് ആത്മാഭിമാനമുള്ള ഉദ്യോഗസ്ഥരെ ഇങ്ങനെ ഒറ്റുകൊടുക്കന്നതിന് ഉത്തരവാദികള്‍.  2016 നവംബറില്‍ പൊലീസ് അസോസിയേഷന്റെ സ്റ്റേറ്റ് കണ്‍വെന്‍ഷനില്‍ വച്ചായിരുന്നു മുഖ്യമന്ത്രിയുടെ ഈ പ്രസംഗം. പൊലീസിന്റെ മനോധൈര്യം കെടുത്താന്‍ ആരേയും അനുവദിക്കില്ലെന്ന ആഭ്യന്തരമന്ത്രികൂടിയായ പിണറായി വിജയന്റെ സാക്ഷ്യപ്പെടുത്തല്‍.  ഈ പ്രസംഗത്തെ ഇഴകീറും മുന്‍പ് മറവിയില്‍ മാഞ്ഞുപോകാന്‍ മാത്രം സമയമാകാത്ത ഒരു കുറിപ്പ് കൂടി കാണേണ്ടതുണ്ട്. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ പ്രൊബബേഷന്‍ എസ്ഐ ആയിരുന്ന ടി.ഗോപകുമാറിന്റെ ആത്മഹത്യക്കുറിപ്പ്. അത് ഇങ്ങനെ,"ഔദ്യോഗിക ജീവിതത്തില്‍ താങ്ങാന്‍ കഴിയാത്ത മാനസിക സമ്മര്‍ദ്ദത്തിലാണ്. നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ എച്ച്എസ്ഒ കെ.ജെ.പീറ്റര്‍, എസ്ഐ ബിപിന്‍ ദാസ് എന്നിവര്‍ ജീവിക്കാന്‍ അനുവദിക്കില്ലാത്ത വിധം സമ്മര്‍ദ്ദത്തിലാഴ്ത്തുകയാണ്. ഈ ഉദ്യോഗസ്ഥരുടെ കീഴില്‍ തുടരാനാകത്തതിനാലും മറ്റൊരിടം ഇല്ലാത്തതിനാലും മരണം മാത്രമാണ് ആശ്രയം. എന്റെ മക്കളെ അവസാനമായി കാണാന്‍ കഴിഞ്ഞില്ലെന്ന ദുഃഖം മാത്രം അവശേഷിക്കുന്നു."പീറ്റര്‍, ബിപിന്‍ ദാസ് അവന്മാരെ എന്റെ മൃതദേഹം കാണാന്‍പോലും അനുവദിക്കരുതെന്ന ആവശ്യവും എഴുതി ചേര്‍ത്താണ്  ആ കുറിപ്പ് അദ്ദേഹം അവസാനിപ്പിക്കുന്നത്. തിരിഞ്ഞുകൊത്തുന്ന എല്ലാസംഭവവികാസങ്ങളിലും ഒട്ടിച്ചുവക്കുന്ന ഒറ്റപ്പെട്ടസംഭവമെന്ന ടാഗ് എന്തായാലും ഗോപകുമാറിന്റെ ആത്മഹത്യയിലേക്കും ചേര്‍ത്തുവക്കാനാകില്ല. എന്തെന്നാല്‍ മൂന്നുകോടി ജനതയെ കാക്കുന്ന കാക്കിക്കൂട്ടത്തിലെ ആത്മഹത്യാകണക്കുകളെടുത്താല്‍ അത്ര വലുതാണ് അത്.  ഇവിടെയാണ് പൊലീസിന്റെ മനോധൈര്യം ചോര്‍ന്നുപോകുന്നതെങ്ങനയെന്ന് നമ്മള്‍ പഠിക്കാനെടുക്കേണ്ടത്. അത് പുറത്തുനിന്നുള്ള ഇടപെടലുകളേക്കാള്‍ അകത്തുനിന്നുള്ള  മുറിപ്പെടുത്തുന്ന സമീപനങ്ങളുടെ സൃഷ്ടി തന്നെയാണ്പൊലീസ് രക്തസാക്ഷികളെ അനുസ്മരിക്കുന്നുവെന്നതിനപ്പുറം പരസ്യമായി രാഷ്ട്രീയം പ്രകടമാക്കുന്ന തട്ടുകളൊരുക്കുന്നുവെന്നതായിരുന്നു ഈ അനുസ്മരണത്തിലെ അപകടം. ഏതുരാഷ്ട്രീയപാര്‍ട്ടിക്കും സ്വന്തക്കാരുള്ള ഇടമായി കേരളത്തിലെ പൊലീസ് സേനമാറുന്നുവെന്നതിന്റെ സൂചനകളെ നിസാരമായി കണ്ടൊഴിവാക്കാനാകില്ല. പുറമേ കാക്കിയില്‍ പൊതിഞ്ഞ പൊലീസ് ഇങ്ങനെ പലനിറം  കാണിക്കുന്ന കാലത്ത് അതിനൊപ്പം ചില കണക്കുകളും ചേര്‍ത്തുവക്കാം. 2015 ല്‍  654 ആണ് പൊലീസിലെ ക്രിമിനലുകളുടെ എണ്ണമെങ്കില്‍ മൂന്നുവര്‍ഷങ്ങള്‍ക്കിപ്പുറം 475 കൂടി അത് 1129 ലെത്തി. ഏത് മുന്നണി ഭരിച്ചാലും പൊലീസിന്കിട്ടുന്ന രാഷ്ട്രീയ രാഷ്ട്രീയേതര തലോടലാണ് ഈ ക്രിമിനല്‍ വളര്‍ച്ചക്ക് പിന്നില്‍. ഈ പട്ടികയില്‍ വിചാരണ ചെയ്യപ്പെടുന്നവര്‍ വിരളവുമാണെന്നിരിക്കേ അധികാരത്തിന്റെ ഒത്താശയുടെ തണലില്‍ തന്നെയാണ് ഈ ക്രിമിനല്‍വല്‍ക്കരണമെന്ന് സാരം. പൊതുജനത്തെ കൈവച്ചാലുമൊന്നുമില്ലെന്ന ധാര്‍ഷ്ട്യത്തിലേക്ക് എത്തുന്ന പൊലീസും രാഷ്ട്രീയക്കാരും ഇതിന്റെ ഉല്‍പന്നമാണ്. വഴിമാറാത്ത അമ്മയും മകനും അടിവാങ്ങാനുള്ളവരാണെന്നും വഴിപ്പെടാത്ത കീഴുദ്യോഗസ്ഥന് സ്ഥലംമാറ്റം എഴുതിവക്കപ്പെടുന്നതും ഇതിന്റെ തന്നെ സൃഷ്ടിയാണ്. അങ്ങനെ വാങ്ങിയും നല്‍കിയും വളരുന്ന സംവിധാനമാണ് ആത്മാഭിമാനമുള്ള പൊലീസിനെ മര്‍ദ്ദനത്തിലേക്കും ആത്മഹത്യയിലേക്കും തള്ളിവിടുന്നത്. ഔദ്യോഗികമായ അമിതജോലിഭാരത്തിന് പുറമേയാണ് ഈ ഉപചാപകസംഘം സ്വതന്ത്രമായി സുതാര്യമായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവരെ അതിന്  അനുവദിക്കാതെ ആത്മാഭിമാനം പണയപ്പെടുത്തി മുന്നോട്ട് പോകാന്‍ നിര്‍ബന്ധിക്കുന്നത്.  വലിയൊരളവിലുള്ള ആത്മാര്‍ത്ഥയോടെ സേവനമനുഷ്ഠിക്കുന്ന പൊലീസുകാരെ ബഹുമാനിക്കുമ്പോള്‍ തന്നെ ഈ വിഷവൈറസ് ബാധിച്ചവരുടെ കണക്കെടുക്കാതിരിക്കാനാകില്ല.മന്ത്രി ഐപിഎസുകാരനേയും ഐപിഎസുകാരന്‍ സാധാരണപൊലീസിനേയും അവര്‍ ജനത്തേയും വിഴുങ്ങുന്ന ഈ ഭക്ഷ്യശൃഖല അവസാനിപ്പിക്കേണ്ടത് തന്നെയാണ്.  ഇത് കോളോണിയല്‍ കാലമല്ല സര്‍. പൊലീസിലെന്നല്ല  ഇവിടെ എവിടേയും ആരും ആര്‍ക്കും അടിമകളാകേണ്ട

MORE IN PARAYATHE VAYYA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.