സ്വന്തം കുഴി തോണ്ടുന്ന കോൺഗ്രസ് നേത‍ൃത്വം

pva-udf-t
SHARE

രാഷ്ട്രീയമെന്നാല് അധികാരം മാത്രമാണെന്നു കരുതുന്ന നേതൃത്വം ഒരു പാര്ട്ടിയോടും അതിന്റെ അണികളോടും ചെയ്യുന്നതെന്താണ്? കേരളത്തിലെ കോണ്ഗ്രസിന്റെ നിലവിലെ അവസ്ഥ ശത്രുക്കളില് പോലും സഹതാപമുണ്ടാക്കുന്നതാണ്. വഞ്ചിക്കപ്പെട്ടുവെന്നു വിലപിക്കുന്ന കോണ്ഗ്രസുകാരോട്, നിങ്ങളെ ആരെങ്കിലും വഞ്ചിച്ചുവെങ്കില് അതു നിങ്ങളുടെ നേതാക്കളാണ്. ഉമ്മന്ചാണ്ടിയും രമേശ് എം.എം.ഹസനും തീരുമാനിക്കുന്നതാണ് കോണ്ഗ്രസിന്റെ രാഷ്ട്രീയമെന്നു വിട്ടുകൊടുത്ത നിങ്ങളെല്ലാവരും ആ വഞ്ചനയേറ്റു വാങ്ങാന് സര്വഥാ യോഗ്യരുമാണ്. രാജ്യം എവിടെ നില്ക്കുന്നു, കേരളം എവിടെ നില്ക്കുന്നു, രാഷ്ട്രീയം എവിടെ നില്ക്കുന്നുവെന്നു തിരിച്ചറിയുമ്പോഴേക്കും കോണ്ഗ്രസ് അവശേഷിക്കുമോയെന്ന ചോദ്യത്തിനെങ്കിലും ഉത്തരം കരുതിവയ്ക്കുക. തലയുയര്ത്തി നില്ക്കാന് ഒരല്പം ആത്മവീര്യമെങ്കിലും കോണ്ഗ്രസ് പ്രവര്ത്തകരില് ബാക്കിവയ്ക്കുക. 

തിരഞ്ഞെടുപ്പുകളില് ജയിക്കാന് വേണ്ടി മാത്രമുള്ള രാഷ്ട്രീയം. അധികാരം മാത്രമാണ് രാഷ്ട്രീയപ്രക്രിയയെന്നു തുറന്നു പറയാന് മടിയില്ലാത്ത രാഷ്ട്രീയം. ചെങ്ങന്നൂരിലെ കനത്ത തിരിച്ചടി കോണ്ഗ്രസിനെ പിടിച്ചുലയ്ക്കുമെന്നും തിരുത്താന് നിര്ബന്ധിതമാക്കുമെന്നും കരുതിയ പാര്ട്ടി പ്രവര്ത്തക ര്അതിനേക്കാള് കനത്ത പ്രഹരം രാജ്യസഭാസീറ്റിലുണ്ടാകുമെന്നു പ്രതീക്ഷിച്ചിരിക്കില്ല. രാഷ്ട്രീയം ഒരു സമീപനവും തുടര്പ്രക്രിയയുമാണെന്ന് കരുതുന്ന ഒരു വിഭാഗം പ്രവര്ത്തകരെങ്കിലും ആ പാര്ട്ടിയിലുണ്ടെങ്കില് ഇനി പ്രതീക്ഷവേണ്ടെന്ന സന്ദേശം തെളിച്ചു പറഞ്ഞിട്ടുണ്ട് നേതാക്കള്

തിരഞ്ഞെടുപ്പില് ജയിക്കാനാണെങ്കില് എന്തും ന്യായമാണെന്നു വിശദീകരിക്കാന് മടിയില്ലാത്ത നേതാക്കള്ക്കു കെ.എം.മാണിയെ സന്തോഷിപ്പിക്കാനുള്ള പാരിതോഷികം മാത്രമാണ് രാജ്യസഭാംഗത്വം. ഇന്ത്യന് പാര്ലമെന്റില് എന്താണ് സംഭവിക്കുന്നതെന്നോ, അവിടെ ഉയരുന്ന ഓരോ ശബ്ദത്തിനും എത്ര പ്രാധാന്യമുണ്ടെന്നതോ ഉമ്മന്ചാണ്ടിയെയും  ചെന്നിത്തലയെയും അലട്ടില്ലെന്നുറപ്പാണ്. പക്ഷേ ആത്മവീര്യവും ആത്മവിശ്വാസവും നഷ്ടപ്പെട്ടുപോകുന്ന പ്രവര്ത്തകരെ ആശ്വസിപ്പിക്കാനെങ്കിലും കോണ്ഗ്രസില് മാറ്റം അനിവാര്യമാണ്. ഈ പാര്ട്ടി മാറണം, ഈ നേതൃത്വം മാറണം. പാര്ട്ടിയെയും പ്രവര്ത്തകരെയും അറിയുന്ന നേതൃത്വം കേരളത്തിലെ കോണ്ഗ്രസുകാര് ഇന്ന് അര്ഹിക്കുന്നുണ്ട്. 

ഉമ്മന്ചാണ്ടിക്കും ചെന്നിത്തലയ്ക്കും അവരെ അനുകൂലിക്കുന്നവര്ക്കും ഇന്ത്യയേക്കാള് വലുതാണ് കേരളം. അല്ലെങ്കില് കേരളം മാത്രമാണ് തല്ക്കാലം പ്രധാനം. കേരളം പോലുമല്ല, അവരുടെ അധികാരം, അവര്ക്കു മുന്നിലുള്ള സാധ്യതകള്. അല്ലെങ്കില് കോണ്ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നിന്റ വക്കിലെത്തിനില്ക്കുമ്പോഴും ഇനി വരാനിരിക്കുന്ന രാജ്യസഭാസീറ്റുകള് വീതം വയ്ക്കുന്ന മലര്പ്പൊടിക്കാരനാകാനാകുന്നതെങ്ങനെ പ്രതിപക്ഷനേതാവിന്?

പറയാന് കഴിയുന്നത്രയും ചെങ്ങന്നൂര് യു.ഡി.എഫിനോടു പറഞ്ഞുകഴിഞ്ഞു. പരമ്പരാഗത രാഷ്ട്രീയവിശ്വാസങ്ങള് പോലും തുണച്ചില്ല. ന്യൂനപക്ഷവോട്ടുബാങ്കുകള് ഉപാധിരഹിതബാലന്സല്ലെന്ന് ഓരോ വിഭാഗവും ഒന്നൊന്നായി പറഞ്ഞു. പ്രതിപക്ഷത്തെ വിശ്വസിക്കുന്നില്ലെന്ന് ചെങ്ങന്നൂരിലെ ജനങ്ങള് സംശയമൊന്നും ബാക്കിവയ്ക്കാതെ പറഞ്ഞു. കോണ്ഗ്രസിന് സംഘടനയെന്നൊരു സംവിധാനം ബാക്കിയുണ്ടോയെന്ന് മൂര്ച്ചയുള്ള ചോദ്യം കൂടിയായിരുന്നു ചെങ്ങന്നൂര്. 

ആ പ്രതിസന്ധികള്ക്കെല്ലാമുള്ള അല്ഭുതശാന്തിയാണ് ഉമ്മന്ചാണ്ടിയും രമേശ്ചെന്നിത്തലയും കണ്ടെത്തിക്കൊണ്ടുവന്നിരിക്കുന്നത്. കെ.എം.മാണി. കോണ്ഗ്രസിലെ ആദര്ശധീരന്മാര്ക്കൊന്നും ആ തിരിച്ചുവരവ് ഒരല്പം പോലും അസ്വസ്ഥതയുണ്ടാക്കിയിട്ടില്ലെന്നതും പ്രത്യേകം ഓര്മിക്കേണ്ടതുണ്ട്. ചോദിക്കുന്നവര്ക്കും പറയുന്നവര്ക്കുമൊന്നും ഈ രാഷ്ട്രീയത്തെക്കുറിച്ചു വേവലാതിയില്ലെങ്കില് കോണ്ഗ്രസില് കലാപം, പൊട്ടിത്തെറിയെന്നൊക്കെ വിശേഷിപ്പിക്കുന്നവര്ക്കല്ലേ കുഴപ്പം?

ഇത്തരം പ്രതിസന്ധികള് കോണ്ഗ്രസില് പുതുമയൊന്നുമല്ല. ഘടകകക്ഷികളുടെ വെല്ലുവിളികളില് പതറിപ്പോയ, അവരെ സഹായിക്കുന്നുവെന്ന മട്ടില് കീഴടങ്ങേണ്ടിവന്ന സാഹചര്യങ്ങള് കേരളത്തിലെ കോണ്ഗ്രസിന് പുതുമയേ അല്ല.  ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം കോണ്ഗ്രസിനുണ്ടാക്കിയ നഷ്ടമെത്രയെന്ന് ആ പാര്ട്ടി കണക്കാക്കിയിട്ടേയില്ല. ഓരോ വിശ്വാസചോര്ച്ചയിലും ഒലിച്ചു പോയ അണികളുടെ മനോവീര്യമെത്രയെന്ന് നേതാക്കള്ക്കു പ്രശ്നവുമായിരുന്നില്ല. അവനവന് സാമ്രാജ്യങ്ങളില് നിന്നു പുറത്തിറങ്ങാത്ത മറ്റു നേതാക്കള് അതു ചോദ്യം ചെയ്തിട്ടുമില്ല. അതുകൊണ്ടാണ് ഞങ്ങളങ്ങ് തീരുമാനിച്ചു, ഇനിയും തീരുമാനിക്കുമെന്നു പറയാന് ഈ നേതാക്കള്ക്കു ഇപ്പോഴും ധൈര്യമുണ്ടാകുന്നത്. 

ഈ വെല്ലുവിളിയേക്കാള് വലിയ ഏതു വഞ്ചനയാണ് കോണ്ഗ്രസിനോട് കേരളാകോണ്ഗ്രസും ലീഗും ചെയ്തിട്ടുള്ളത്. ജനാധിപത്യമാണത്രേ. മൂന്നാള് ചേര്ന്നു തീരുമാനിക്കുന്ന ജനാധിപത്യം. അതൊക്കെ വേണ്ടിവരുമെന്ന വെല്ലുവിളിയും. എല്ലാം കഴിഞ്ഞ് ചായക്കോപ്പയില് ഒതുങ്ങുന്ന പതിവുകലാപമല്ലെന്നു ബോധ്യമായപ്പോള്  കെ.പി.സി.സി. പ്രസിഡന്റിന്റെ കുമ്പസാരം. 

എന്തിനു വേണ്ടിയായിരുന്നു ഈ ത്യാഗമെന്നാണ് വിശദീകരിക്കപ്പെട്ടത്? മുന്നണിക്കു വേണ്ടി. മുന്നണി ശക്തിപ്പെടും, യു.ഡി.എഫിന്റെ ശക്തി കൂടും. അപ്പോള് കോണ്ഗ്രസോ എന്ന ചോദ്യത്തിന് ഇവരാരെങ്കിലും മറുപടി നല്കിയോ? കോണ്ഗ്രസിന്റെ ശക്തി എന്നാണ് ഉമ്മന്ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും എം.എം.ഹസന്റെയുമൊക്കെ വേവലാതിയായിരുന്നത്?  കെ.എം.മാണിയുടെ മകന് ലോക്സഭയില് നിന്നു രാജ്യസഭയിലേക്കു ചാടാന് സ്വന്തം പാര്ട്ടിയുടെ മനോവീര്യം  തകര്ത്ത് കൈയില് വച്ചുകൊടുക്കുന്ന രാഷ്ട്രീയമാണ് ഇനി ഇടതുമുന്നണിയെയും ബി.ജെ.പിയെയും ചെറുക്കാന് പോകുന്നതത്രേ.

ഇടതുമുന്നണിയെ നേരിടാനെന്നാണ് ന്യായം. എന്താണ് നിലവിലെ യാഥാര്ഥ്യം? ഇടതുമുന്നണി,രാഷ്ട്രീയവും  സംഘടനാമികവും ഒരേ കരുത്തോടെ  ഉയര്ത്തിയാണ് കേരളത്തെ അഭിമുഖീകരിക്കുന്നത്. അധികാരത്തിന്റെ അപ്പക്കഷണങ്ങള്ക്കായുളള ആര്ത്തിയുദ്ധമല്ല, കേരളത്തിന്റെ വികസനവും രാഷ്ട്രീയവുമാണ്  പരിഗണനയെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാന് അവര്ക്കു കഴിയുന്നുണ്ട്. സര്ക്കാര് കൃത്യതയോടെ മുന്നോട്ടു പോകുമ്പോള് പൊലീസില് നിന്നും  വീണുകിട്ടുന്ന വീഴ്ചകള് പോലും ചോദ്യം ചെയ്യാന് ശേഷിയില്ലാതെ നിയമസഭയിലെ നടുത്തളത്തില് ഒതുങ്ങുകയാണ് പ്രതിപക്ഷവീര്യം. അവിടെയാണ് ഒളിഞ്ഞും തെളിഞ്ഞും മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിക്കാന് മടിയില്ലാത്ത കെ.എം.മാണിയുമായി കൈകോര്ത്ത് പ്രതിപക്ഷം ശക്തിയാര്ജിക്കാന് പോകുന്നത്. 

യു.ഡി.എഫും എല്.ഡി.എഫും ഊഴം വച്ചുമാറുന്ന അധികാരചക്രമല്ല ഇന്ന് കേരളരാഷ്ട്രീയമെന്ന് തിരിച്ചറിയുന്നവര് ആ പാര്ട്ടിയിലുമുണ്ട്. കേരളത്തില്  വളരാ 

ന് ഇച്ഛാശക്തിയോടെ തീരുമാനിച്ചിട്ടില്ലെന്നതുമാത്രമാണ് ബി.ജെ.പിക്കു മുന്നിലുള്ള പ്രതിബന്ധം . ഒറ്റപ്പെട്ട  ശബ്ദങ്ങളെന്നു തള്ളി ഇനിയും വ്യക്തികേന്ദ്രീകൃത, ഗ്രൂപ്പധിഷ്ഠിത രാഷ്ട്രീയത്തെ മുന്നോട്ടു പോകാന് അനുവദിച്ചാല് കോണ്ഗ്രസിനു വേണ്ടി കാത്തുനില്ക്കാവുന്ന അവസ്ഥയിലല്ല കേരളരാഷ്ട്രീയമെന്നു മനസിലാക്കണം കോണ്ഗ്രസ് രാഷ്ട്രീയത്തില് വിശ്വസിക്കുന്നവര്. 

രണ്ടു നേതാക്കളെ കോണ്ഗ്രസിന്റെ ജനാധിപത്യം തീരുമാനിക്കാന് ചുമതലപ്പെടുത്തിയതാരാണെന്ന് ചോദ്യമുയര്ത്തിയത് വി.ടി.ബല്റാമിനെപ്പോലെ അപൂര്വം ചിലര് മാത്രമാണ്. അതും ഒരൊറ്റ രാജ്യസഭാസീറ്റ് കൈവിട്ടുപോയതിന്റെ പ്രതിഷേധം മാത്രമാണെങ്കില് അതു വെറുതെയാണ്. കോണ്ഗ്രസിന്റെ അവസ്ഥ മനസിലാക്കിയുള്ള അപായമണിയാണ് മുഴങ്ങുന്നതെങ്കില് അത് വിപുലമായ തിരുത്തലിനാകണം. നേതൃത്വം മാത്രമല്ല, പാര്ട്ടിയുടെ സമീപനം തന്നെ മാറണം. ഒരു കാര്യം ഉറപ്പിച്ചു പറയാം. ഇപ്പോള് കാണുന്ന കലഹം സെലക്റ്റീവാണ്. പ്രതിഷേധവും ചോദ്യങ്ങളും സെലക്റ്റീവാണ്. പാര്ട്ടിയുടെയോ രാഷ്ട്രത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ നന്മയൊന്നും ഒരു ചോദ്യത്തിലും രോഷകാരണമായില്ല. വ്യക്തികളില് നിന്ന് പാര്ട്ടിയിലേക്കു വളരാന് കോണ്ഗ്രസ് ഇനിയുമെത്ര കാലം സഞ്ചരിക്കണമെന്നത് ഗ്രൂപ്പ് നേതാക്കള് മാത്രം മറുപടി നല്കേണ്ട ചോദ്യമല്ല. പുതുതലമുറയിലെ തിരുത്തല്വാദികള്ക്കും ആ ചോദ്യം സുഖകരമാകില്ല. 

പിന്നെ കേരളാകോണ്ഗ്രസ്. ലോക്സഭയായാലും  രാജ്യസഭയായാലും ഒരേയൊരു ജോസ് കെ.മാണി മാത്രമെന്ന തീരുമാനത്തിനു കൈയടിക്കേണ്ട ഗതികേടുള്ള ആ പാര്ട്ടിയോട് രാഷ്ട്രീയസംവാദം സാധ്യമാണോ? കോട്ടയം മണ്ഡലത്തിലെ ജനങ്ങളെ വഞ്ചിച്ചത് ശരിയാണോയെന്നു പോലും ആ പാര്ട്ടിയോട് ചോദിക്കാനാകുമോ ? രാഷ്ട്രീയധാര്മികത, സത്യസന്ധത എന്നതൊക്കെ ആ പാര്ട്ടിക്കു ബാധകമാണെന്ന് കേരളത്തിലാരെങ്കിലും എന്നെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ടോ? 

കേരളാകോണ്ഗ്രസിന്റെ രാഷ്ട്രീയസത്യസന്ധതയുടെ തെളിവുകള് കഴിഞ്ഞ ദിവസം തന്നെ വേണ്ടുവോളം അരങ്ങത്തെത്തിയതാണ്. 

താനും തന്റെ കുടുംബവുമല്ലാതെ മറ്റൊന്നും കെ.എം.മാണിയുടെ പരിഗണനയിലില്ലാത്തതുകൊണ്ടാണ്  കേരളാകോണ്ഗ്രസിനെ കേരളത്തിനു  പേടിക്കേണ്ടി വരാത്തത്. കുടുംബത്തിനപ്പുറത്തേക്കു വളരാന് ആ പാര്ട്ടി തന്നെ നന്നായി ശ്രദ്ധിക്കുന്നതുകൊണ്ട് തല്ക്കാലം ആശങ്ക വേണ്ട. പിന്നെ എല്ലാം കര്ഷകര്ക്കു വേണ്ടിയാണെന്ന ആ ക്ലാസ് ഡയലോഗിന്റെ തൊലിക്കട്ടി രാഷ്ട്രീയമൊന്നാകെ മാതൃകയാക്കേണ്ടതാണ്. 

മധ്യകേരളത്തിലെത്തുമ്പോള് രാഷ്ട്രീയം വഴുതുന്ന സി.പി.എം പോലും കെ.എം.മാണിക്കു മുന്നില് വിമര്ശനം മറക്കുമെന്ന് അവര്ക്കറിയാം.  യു.ഡി.എഫിലെ രാഷ്ട്രീയഅധാര്മികതകള്ക്കെതിരെ സി.പി.എം ആഞ്ഞടിക്കും, പക്ഷേ അതിന്റെയെല്ലാം മൂലകാരണമായാലും കെ.എം.മാണിക്ക് പ്രത്യേക ഇളവുണ്ട്. ആ പിന്തുണ,നിരുപാധികവും നിരാശയേല്ക്കാത്തതുമാണെന്നു ആവര്ത്തിച്ചോര്മിപ്പിക്കുന്നുണ്ട് ഈ സന്നിഗ്ധഘട്ടത്തിലും കോടിയേരി. 

സി.പി.എം കാത്തിരിപ്പു തുടരും. കെ.എം.മാണി അസാമാന്യ മെയ്വഴക്കത്തോടെ ഈ യാത്ര തുടരും.  ആര്ക്കും പോറല് പോലുമേല്ക്കില്ല. യു.ഡി.എഫിനും  ശക്തി വര്ധിക്കുകയേയുള്ളൂ. ഒന്നുമില്ലെങ്കിലും കോട്ടയത്തെ ജനങ്ങളുടെ മുന്നില് ഒരിക്കല്ക്കൂടി നില്ക്കാന് ധൈര്യമില്ലെന്ന് ജോസ്.കെ.മാണിയും കേരളാകോണ്ഗ്രസും സമ്മതിച്ചല്ലോ. ജനങ്ങളെ  പേടിയുണ്ടെന്നു സമ്മതിക്കുന്നത് നല്ല കാര്യമാണ്. ദേശീയരാഷ്ട്രീയത്തെ ശക്തിപ്പെടുത്താന് ഡല്ഹിക്കു പുറപ്പെട്ട കുഞ്ഞാലിക്കുട്ടിയും മുസ്ലിംലീഗും മുന്നണിയെക്കൂടി ശക്തിപ്പെടുത്താമെന്നു തീരുമാനിച്ചതിലും നീരസം തോന്നേണ്ടതില്ല. ജനങ്ങള്ക്കു മാത്രമാണ് തിരുത്താനുള്ള ശക്തി. 

അധികാരമാണ് രാഷ്ട്രീയം എന്ന ആപ്തവാക്യം ഇന്നുവരെ യു.ഡി.എഫില് ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. ലീഗ് ലീഗിന്റെ അധികാരഭാവി ഉറപ്പിക്കുമ്പോള് ഇടിഞ്ഞുവീഴുന്നത് കോണ്ഗ്രസിന്റെ അടിത്തറയാണെങ്കില് അത് മുസ്ലിംലീഗിന്റെ പ്രശ്നമാകണമെന്ന് വാശി പിടിക്കരുത്. 

ഒരൊറ്റ അപേക്ഷ മുന്നോട്ടു വയ്ക്കാന് അനുവദിക്കണം. ഈ കാണിച്ചു കൂട്ടുന്ന അശ്ലീലനാടകങ്ങളെ രാഷ്ട്രീയം, ജനാധിപത്യം എന്നീ വാക്കുകള് കൊണ്ട് വിശേഷിപ്പിക്കാതിരിക്കാനുള്ള കാരുണ്യം കേരളരാഷ്ട്രീയത്തോടു കാണിക്കണം. അത്രയും കരുണ കേരളത്തിലെ കോണ്ഗ്രസ് പ്രവര്ത്തകരെങ്കിലും അര്ഹിക്കുന്നുണ്ട്. പക്ഷേ കോണ്ഗ്രസിന് ജീവശ്വാസം വേണം. രണ്ടോ മൂന്നോ നേതാക്കന്മാരുടെ ഗ്രൂപ്പ് താല്പര്യങ്ങളില് ഒതുങ്ങിക്കിട്ടില്ല ഇന്നത്തെ കേരളാരാഷ്ട്രീയമെന്ന് തിരിച്ചറിയുന്നവര് ആ പാര്ട്ടിയെ തിരിച്ചുപിടിക്കണം. കോണ്ഗ്രസില് ജനാധിപത്യമുണ്ടാകണം. രാഷ്ട്രീയമുണ്ടാകണം. കോണ്ഗ്രസ് മുക്തഭാരതത്തിനായി അക്ഷീണം പ്രയത്നിക്കുന്ന സംഹാരരാഷ്ട്രീയത്തിന്റെ കാലത്ത് ഹൈക്കമാന്ഡിന്റെ ആജ്ഞകളില് നിശബ്ദമാകരുത് ചോദ്യങ്ങള്. പ്രതിഷേധങ്ങള്ക്ക്  പാര്ട്ടിയെ തിരുത്തലിന് നിര്ബന്ധിതമാക്കാന് കഴിയണം. പ്രകടനങ്ങളില് ഒതുങ്ങാത്ത ചൂണ്ടുവിരലുകള് കോണ്ഗ്രസില് ബാക്കിയുണ്ടോ എന്ന ചോദ്യത്തിനു കൂടിയാണ് ചരിത്രം ഉത്തരം കാത്തിരിക്കുന്നത്.  

MORE IN PARAYATHE VAYYA
SHOW MORE