ജനാധിപത്യ‌ം തെറ്റുകള്‍ തിരുത്തും; നെറികെട്ട രാഷ്ട്രീയം വീഴും: പ്രതീക്ഷാഭരിതം

pva-karnataka-t
SHARE

ജനാധിപത്യത്തിന് തെറ്റുകള്‍ തിരുത്താനുള്ള കഴിവുണ്ടെന്ന് ചരിത്രം തരുന്ന ഒരു ആത്മവിശ്വാസമുണ്ട്.   കഴിഞ്ഞ തവണ പറയാതെ വയ്യ അവസാനിച്ചത് ഇങ്ങനെയാണ്. കര്‍ണാടക ആ വിശ്വാസം ഉറപ്പിക്കുന്നു. കേന്ദ്രാധികാരത്തിന്റെ ബലത്തില്‍ 55 മണിക്കൂര്‍ മുഖ്യമന്ത്രിക്കസേരയിലിരുന്ന യെഡിയൂരപ്പ ഗതിയില്ലാതെ പടിയിറങ്ങി. കീഴ്‍വഴക്കങ്ങളും ചട്ടങ്ങളും ജനാധിപത്യ മര്യാദയും അട്ടിമറിച്ച ഭരണകൂട രാഷ്ട്രീയത്തെ ചെറുത്തു തോല്‍പിച്ചതിന് കോണ്‍ഗ്രസിനും ജെ.‍ഡി.എസിനും അഭിനന്ദനങ്ങള്‍. 

ഏതു പ്രഹരത്തെയും ചെറുത്തുതോല്‍പിക്കാന്‍ ആത്മവിശ്വാസമുറപ്പിക്കുന്ന ഇന്ത്യന്‍ ഭരണഘടനയ്ക്ക് അഭിവാദ്യങ്ങള്‍. രാഷ്ട്രീയമാകെ അശ്ലീലക്കാഴ്ചയാക്കിയ കര്‍ണാടകക്കസര്‍ത്ത് പ്രതിരോധം സാധ്യമാണെന്നൊരു സന്ദേശമെങ്കിലും ബാക്കിയിടുന്നുണ്ട്. അതിന്റെ ആയുസ് എത്രയാണെന്ന് ഇപ്പോള്‍ പറയവയ്യെങ്കിലും ചെറുക്കാനാകാത്ത അശ്വമേധമല്ല രാജ്യത്ത് നടമാടുന്നെതെന്ന പ്രത്യാശയാണത്.  ജനാധിപത്യം ലേലം വിളിക്കപ്പെടുന്ന കാലത്ത് അതിനെതിരായ ഓരോ കൈകോര്‍ക്കലും ജീവശ്വാസമാണ്. പക്ഷേ അന്യായം ചെറുക്കപ്പെടുന്നത് അന്യായം കൊണ്ടുതന്നെയെന്നത് ഇന്നത്തെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നിസഹായതയാണ്, നിവൃത്തികേടാണ്.  

ദേശീയ ഗാനത്തെ അനാദരിച്ചുള്ള ഇറങ്ങിപ്പോക്കിന്‍റെ ഈ ദൃശ്യങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയചരിത്രത്തില്‍ എന്നും ഓര്‍മിക്കപ്പെടേണ്ടതാണ്. ദേശീയതയുടെ കാവല്‍ക്കാരായ പാര്‍ട്ടി ഇന്ത്യയുടെ ദേശീയഗാനത്തെ അപമാനിച്ച് ഇറങ്ങിപ്പോകുകയാണ്. ജനാധിപത്യ തത്വങ്ങളെയാകെ അട്ടിമറിച്ചിട്ടും 

അധികാരം കൈവിട്ടുപോയ ഗദ്ഗദത്തില്‍ എന്തു ദേശീയഗാനം. ബി.ജെ.പിയുടെ കപടദേശീയതയുടെ തൊലിയുരിയുന്ന നിമിഷം കൂടിയാണിത്. ഇന്ത്യക്കാരെ ദേശീയത തല്ലിപ്പഠിപ്പിക്കുന്ന പാര്‍ട്ടിയുടെ യഥാര്‍ഥ മുഖമാണിത്. ദേശീയതയും അധികാരത്തിലേക്കുള്ള ഒരു കപടമുദ്രാവാക്യമായിരുന്നുവെന്നതിന് ഇതില്‍കൂടുതല്‍ എന്തു തെളിവു വേണം? ശരിയാണ്, സഹിക്കാനാകാത്ത നഷ്ടമാണ്. തോറ്റത് യെഡിയൂരപ്പ മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്രമോദിയും അദ്ദേഹത്തിന്റെ രാഷ്ട്രീയവും കൂടിയാണ്.  

കര്‍ണാടകത്തെ സേവിക്കാനാകാതെ പടിയിറങ്ങേണ്ടി വന്നതില്‍ വിങ്ങിപ്പൊട്ടി ഈ നാടകമാടും മുന്‍പ് യെഡിയൂരപ്പ തന്നെ നേരിട്ട് ലേലം വിളിച്ചു നോക്കിയതാണ്. തലനാരിഴയ്ക്ക് ജനാധിപത്യം തോല്‍പിച്ചു കളഞ്ഞു. നേരിട്ടു തന്നെ പ്രതിപക്ഷ എം.എല്‍.മാരെ വിളിച്ച് കോടികള്‍ക്കു തൂക്കിനോക്കിയതാണ്. വീഴ്ത്താന്‍ മതിയായ നേരം കിട്ടിയില്ല. കര്‍ണാടകയുെട ക്ഷേമത്തില്‍ തല്‍പരനായ പ്രധാനമന്ത്രിയും അമിത് ഷായും കണ്ണും നട്ടു കാത്തിരിക്കുന്നുണ്ടായിരുന്നു,  പക്ഷേ ജനാധിപത്യം അവസാനശ്വാസം വരെ പിടിച്ചു നിന്നു. തോറ്റുകൊടുത്തില്ല. ഒടുവില്‍  കടിച്ചു തൂങ്ങാന്‍ ഒരു വഴിയുമില്ലാതെ ഇറങ്ങിപ്പോകും മുന്‍പ് രക്തസാക്ഷി പരിവേഷവവുമായി മടങ്ങാനുള്ള ശ്രമം.  

സ്വയംസേവകനെന്ന അഭിമാനത്തിലുറങ്ങുന്ന രാഷ്ട്രപതിയുടെ നാട്ടില്‍, പ്രധാനമന്ത്രിയുടെ നാട്ടില്‍, അതേ അഭിമാനത്തില്‍ പുതച്ചുറങ്ങുന്ന എമ്പാടുമെമ്പാടും ഗവര്‍ണര്‍മാരുള്ള ഒരു നാട്ടില്‍   കേവലഭൂരിപക്ഷമില്ലാതിരിന്നിട്ടും ഒരു ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് കണ്ടാല്‍ അതില്‍ അമ്പരക്കാനൊന്നുമില്ല. നാലുവര്‍ഷം മുന്‍പ് ഇതേമാസം അധികാരം കൈവള്ളയില്‍ വന്നനാള്‍ മുതല്‍ ഇതെല്ലാംകൂടിയാണ് നമ്മുടെ ഇന്ത്യ. രണ്ടുമിത്രങ്ങളുടെ, അവര്‍ നയിക്കുന്ന പ്രസ്ഥാനത്തിന്റെ, അതിന്റെ പ്രത്യയശാസ്ത്രത്തിന്റെ ഒപ്പമുള്ള പരിവാരങ്ങളുടെ കാവിഭാരതക്കിനാവുകളുടെ മാത്രം വിളനിലം. അവിടെ ക്രമങ്ങളോ കീഴ്‌വഴക്കങ്ങളോ ഒന്നും ഒന്നും തന്നെ പ്രസക്തമല്ല. അവിടെ നുണകളെത്ര നട്ടാലും നാണംതോന്നാതെ നെഞ്ചുയര്‍ത്തി നില്‍ക്കാനുള്ള  56 ഇഞ്ചളവിലാണ് കാര്യം. അങ്കംകുറിച്ചനാള്‍ മുതല്‍ ഈസമയംവരെ കര്‍ണാടകയിലും കണ്ടത് അതുതന്നെയാണ്. ആദ്യം വെറുപ്പും വിദ്വേഷവും വ്യാജപ്രചാരണങ്ങളും മാത്രം കുത്തിനിറച്ച വോട്ടുതേടല്‍ കാലം.  പിന്നെ ജനം തിരിഞ്ഞുനിന്ന ജനവിധിക്ക് ശേഷം അവരെ കൊഞ്ഞനംകുത്തുന്ന കുതിരവ്യാപാരത്തിന്റെ നേരം.  

ഇത്രയുംകേട്ടാല്‍ തന്നെ ബി.ജെ.പി. ആരാധകര്‍ ആക്രോശത്തോടെ ചോദിക്കുന്ന ചോദ്യം കൂടി പറയാം. കര്‍ണാടകയില്‍ ഞങ്ങളല്ലേ ഒറ്റകക്ഷി? ജനവിധിവരെ ചെളിവാരിയെറിഞ്ഞ് ജനവിധിക്ക്ശേഷം ഒന്നിച്ച സഖ്യമല്ലേ ജനാധിപത്യത്തെ ഒറ്റുകൊടുത്തത്? ഗവര്‍ണര്‍ക്ക് വലിയ ഒറ്റകക്ഷിയെ ക്ഷണിക്കാന്‍ ഈ രാജ്യത്ത് അധികാരമില്ലേ? നീളും ചോദ്യനിര, അതിന്  ഉത്തരം ഒന്നുമാത്രം. കോണ്‍ഗ്രസും ജെ.ഡി.എസും കൈകോര്‍ത്തത് ജനങ്ങളുടെ മുന്നിലാണ്. സുതാര്യമായാണ്. ബി.െജ.പിയോ? ഏതു പിന്തുണയുടെ അടിസ്ഥാനത്തില്‍ ഭരണം അവകാശപ്പെട്ടു ബി.ജെ.പി? പണത്തിന്റെയും അധികാരത്തിന്റെയും മാത്രം ബലത്തില്‍ ജനാധിപത്യത്തെ വെല്ലുവിളിച്ചു ബി.െജ.പി. ജനതയുടെ സാമാന്യബോധത്തെ വെല്ലുവിളിച്ചു.  

കേന്ദ്രാധികാരത്തിന്റെ അഴിഞ്ഞാട്ടമാണ് ജനവിധിക്കു ശേഷം കര്‍ണാടകയില്‍ ബി.ജെ.പി. കാഴ്ച വച്ചത്.  ലേലം വിളിച്ചു നമ്മുടെ ജനാധിപത്യത്തെ. ഏറ്റവും വലിയ ഒറ്റക്കക്ഷി മാത്രമായിരുന്നു ബി.ജെ.പി., മറയും മടിയുമേതുമില്ലാതെ മറുപക്ഷത്തെ എം.എല്‍.എമാര്‍ക്കു വിലയിട്ടു. നൂറും നൂറ്റമ്പതും കോടികള്‍ വലിച്ചെറിഞ്ഞും എം.എല്‍.എമാരെ മറുകണ്ടം ചാടിക്കാന്‍ റെഡ്ഢിമാരും യെഡ്ഡിമാരും നേരിട്ടിറങ്ങി. അമിത് ഷാ കാത്തിരിക്കുന്നുവെന്ന് റെക്കോര്‍ഡ് ചെയ്യുമെന്നുറപ്പുള്ള ഫോണ്‍ കോളുകള്‍ കോണ്‍ഗ്രസ് എം.എല്‍.എമാരെ തേടിയെത്തി.   

അഴിമതിക്കെതിരെയെന്ന മന്ത്രം മാത്രം  ഉച്ചരിച്ചുറങ്ങിയെണീക്കുന്ന പ്രധാനമന്ത്രിയുടെ പാര്‍ട്ടിയാണെന്നോര്‍ക്കണം. ഈ ഗൂഢാലോചനയുടെ അങ്ങേത്തലയ്ക്കല്‍ കാത്തിരിക്കുന്ന ആ കാപട്യത്തെ വിശ്വസിച്ചാണ് അഴിമതിക്കെതിരെ ഇനിയും നമ്മള്‍ മുദ്രാവാക്യം വിളിക്കേണ്ടത്. മോദി ഇനിയും വരും, കള്ളപ്പണത്തിനെതിരെയും അഴിമതിക്കെതിരെയും ഘോരഘോരം വാചകക്കസര്‍ത്തുകള്‍ വായുവില്‍ അലിയും. ആശയവിനിമയം എം,എല്‍.എമാരിലെത്താതെ വന്നതുകൊണ്ടു മാത്രം പരാജയപ്പെട്ടു പോയ കുതിരക്കച്ചവടത്തില്‍ ചൂണ്ട കൊളുത്തിയതൊന്നും കള്ളപ്പണമെന്ന പേരില്‍ വിളിക്കപ്പെടില്ല. അധികാരത്തിനുവേണ്ടി ആയിരം കോടിയെറിയുന്നത് അഴിമതിക്കെതിരെ പോരാടാനാണല്ലോ എന്നോര്‍ത്തു നമുക്ക് സമാധാനിക്കാം. പ്രകടമായത് ഹുങ്ക് മാത്രമാണ്, ജനാധിപത്യമെന്ന പേരില്‍ ഇന്ത്യന്‍ രാഷ്ട്രീയം കണ്ട ഏറ്റവും വലിയ അശ്ലീലനാടകങ്ങളിലൊന്ന്. നേതൃത്വം നല്‍കിയത് രാജ്യം സംരക്ഷിക്കാന്‍, ഭരണഘടന സംരക്ഷിക്കാന്‍ സത്യവാചകം ചൊല്ലി അധികാരമേറ്റ പാര്‍ട്ടി. ഈ ജനാധിപത്യവിരുദ്ധനാടകത്തിന് മൗനാനുവാദം നല്‍കി ശുഭവാര്‍ത്ത കാത്തിരുന്നത് ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്നത് മറക്കാതിരിക്കണം നമ്മള്‍.  

ഈ കപടരാഷ്ട്രീയത്തില്‍ നിന്ന് ജനാധിപത്യത്തെ സംരക്ഷിക്കുന്നതെങ്ങനെയെന്ന ചോദ്യമാണ് കര്‍ണാടകയില്‍ നിന്ന് നമ്മള്‍ കേള്‍ക്കേണ്ടത്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് പൊരുതിയെന്നത് ശരിയാണ്. ഞൊ‍ടിയിടയില്‍ തീരുമാനങ്ങളുണ്ടായി. സുപ്രീംകോടതിയിലെ പാതിരാവാദത്തിലും വിധാന്‍സൗധയ്ക്കു മുന്നിലെ  സത്യഗ്രഹത്തിലും പതിവില്ലാത്ത സൂക്ഷ്മത പ്രകടമായി. പ്രതിപക്ഷരാഷ്ട്രീയം അതിന്റെ ചുമതലകള്‍ നിര്‍വഹിക്കുമ്പോള്‍ പോലും വിശ്വസിക്കാമോയെന്ന് അന്തിച്ചു നില്‍ക്കുന്നു ജനാധിപത്യം. അതും അപൂര്‍വമായി മാത്രം സംഭവിക്കുന്ന കാലമാണല്ലോ.  

ഗോവയിലും മണിപ്പൂരിലും മേഘാലയയിലും ഈ ചെറുത്തുനില്‍പുണ്ടായില്ല. നാഗാലാന്‍ഡിലും അരുണാചലിലും ഇതിലും ഹീനമായി ബി.െജ.പി. ജനാധിപത്യത്തെ കശാപ്പു ചെയ്തപ്പോഴും കോണ്‍ഗ്രസ് സംശയിച്ചു നിന്നു. ഇതാ കാണൂ ബി.ജെ.പിയുടെ ഇന്ത്യയെന്ന  ഗര്‍വിലേക്ക്  മോദിയും 

അമിത് ഷായും എഴുന്നേറ്റ് നില്‍ക്കുന്നത് ഇങ്ങനെയാണ്. ജനഹിതത്തിനപ്പുറം പണഹിതത്താല്‍ തീരുമാനിക്കപ്പെട്ട അല്ല അട്ടിമറിക്കപ്പെട്ട സര്‍ക്കാരുകളിലൂടെ. തൂക്കസഭകളെ ഏറെ കണ്ട ഇന്ത്യന്‍ ജനാധിപത്യത്തിന് ഇത്ര അത്രപുതുമയല്ലെങ്കിലും  ഇങ്ങനെ ജനവിധി റാഞ്ചുന്ന കഴുകന്‍ കൈകള്‍ കാണാനാകില്ല. അത് മോദി-അമിത് ഷാ സഖ്യത്തിന്റെ സംഭാവനയാണ്. അന്നുയര്‍ന്ന വിമര്‍ശനങ്ങള്‍ക്കെല്ലാം ചെവിപോലുംനല്‍കാതെ അതിനെയെല്ലാം ചാണക്യതന്ത്രമെന്ന ചരടില്‍ കെട്ടി കഴുത്തിലണിഞ്ഞ് നടന്നവരാണ് നിങ്ങള്‍.  അതിനാല്‍ വായടക്കാതെ നിങ്ങള്‍ക്ക് വേറെ വഴിയില്ല. കോണ്‍ഗ്രസിനോടു പറയാന്‍ നിങ്ങള്‍ക്ക് ന്യായമില്ല.  കോണ്‍ഗ്രസിന്റെ ദൗര്‍ബല്യം കൂടിയാണ് ബി.െജ.പിക്ക് അധാര്‍മിക രാഷ്ട്രീയം കീഴ്‍വഴക്കമാക്കാന്‍ ധൈര്യമേകിയതെന്നു കാണാതെ പോകാനാകില്ല. പക്ഷേ കര്‍ണാടകയില്‍ കോണ്‍ഗ്രസ് തെറ്റ് തിരുത്തി. തിരുത്തിയെന്നു മാത്രമല്ല, തെറ്റെന്നു വിളിക്കപ്പെട്ടേക്കാവുന്ന ഒരു നീക്കത്തിലൂടെ തന്നെ ബി.ജെപിയുടെ കുടിലതന്ത്രങ്ങള്‍ക്കെതിരെ ആദ്യനീക്കമുണ്ടായി. കര്‍ണാടകയെന്ന വലിയ സംസ്ഥാനത്തിന്റെ അധികാരത്തിന്‍റെ കടിഞ്ഞാണേന്താന്‍ വന്‍ത്യാഗമെന്ന മുഖഭാവവുമായി കുമാരസ്വാമി ഡീലിനു തയാറാവുകയും ചെയ്തു. 

കര്‍ണാടക മാതൃകയൊന്നുമല്ല. എന്നാല്‍ ശരിയും തെറ്റും എന്ന ദ്വന്ദ്വങ്ങളൊക്കെ ബി.ജെ.പി.  ഇല്ലാതാക്കിക്കഴിഞ്ഞിരിക്കുന്നു. ഒരു ധാര്‍മികതയും ബാധകമല്ലാത്ത, ഒരു പ്രത്യയശാസ്ത്രത്തിന്റെയും ബാധ്യതയില്ലാത്ത അധികാരമോഹികളുടെ കൂട്ടം മാത്രമായി ബി.ജെ.പി. ഇന്ത്യന്‍ രാഷ്ട്രീയത്തെ മാറ്റിയെടുക്കുകയാണ്. രാഷ്ട്രീയം തന്നെ ബാധകമല്ലാത്ത ആ പാര്‍ട്ടിയോട് ശരികള്‍ മാത്രം പയറ്റി ജയിക്കണമന്ന് വാശി പിടിക്കാനാകാത്ത നിവൃത്തികേടിലാണ് ഇന്ത്യന്‍ ജനാധിപത്യം.  

കേവലഭൂരിപക്ഷം കാണിക്കുന്ന ഒരുകണക്കും ഇവിടെ ബിജെപിയുടെ കൈവശമുണ്ടായിരുന്നില്ലെന്നതാണ്  സത്യം. വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്ന കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തെ നോക്കുകുത്തിയാക്കി, യെഡിയൂരപ്പയെക്കൊണ്ടു സര്‍ക്കാരുണ്ടാക്കിച്ചു ഗവര്‍ണര്‍. 15 ദിവസം കൊണ്ട് പിന്തുണ പുഷ്പകവിമാനത്തിലേറി വരുമെന്നു കരുതിയല്ല, ബി.ജെ.പി. കേന്ദ്രനേതൃത്വവും ഈ കളിക്കിറങ്ങിയത്.  അത് നീതിയല്ലെന്നു പാതിരായ്ക്കുണര്‍ന്നിരുന്ന സുപ്രീംകോടതിയും പറയാന്‍ തയാറായില്ല. അഭിഷേക് മനുസിങ്‍വിയും കപില്‍ സിബലുമടക്കം ഉന്നയിച്ച വാദങ്ങളിലെ വ്യക്തത കൊണ്ടു കൂടിയാണ് 15 ദിവസം ഒറ്റ ദിവസമായി ചുരുക്കാന്‍ സുപ്രീംകോടതിയും തയാറായത്. കോടതിയും എണ്ണം ചോദിച്ചില്ല, സത്യപ്രതിജ്ഞ തടഞ്ഞില്ല.  പിന്തുണ 

ഒപ്പിച്ചെടുത്തോളൂ എന്ന മൗനാനുവാദം ജനാധിപത്യത്തിന്റെ മരണമണിയാണെന്ന് കോടതി പോലും അവഗണിച്ചു. ചുരുക്കിപ്പറഞ്ഞാല്‍ ജയിക്കാനായിരുന്നുവെങ്കില്‍ യെദിയൂരപ്പയും ബി.ജെ.പിയും ശരിയാകുമായിരുന്ന ഒരു ഗെയിം മാത്രമാണ് കര്‍ണാടകയില്‍ നടന്നത്. വിലപേശലിനു നേരം കിട്ടിയില്ലെന്നതുകൊണ്ടു മാത്രം ബി.ജെ.പി. കൈവിട്ട കളി.  

ഈ ജനവിരുദ്ധരാഷ്ട്രീയം ചെറുക്കപ്പെടേണ്ടതു തന്നെയായിരുന്നു. സംശയമില്ല. പക്ഷേ ജനാധിപത്യമെന്താശ്വാസത്തിലാണ് സമാധാനമടയേണ്ടത്? കര്‍ണാടകയെ ഭരിക്കാന്‍ പോകുന്നതാരാണ്? 18 ശതമാനം വോട്ടുമാത്രം നല്‍കി അവര്‍ മൂന്നാമതിരുത്തിയ പാര്‍ട്ടിയോ? ആ ജനതയോട് , അവരിലൂടെ ആഹ്ലാദിച്ച ജനാധിപത്യവിശ്വാസികളോട് തലയുയര്‍ത്തി പറയാന്‍ ഏതു ന്യായമാണ് നമ്മള്‍ കണ്ടെത്തുക? ഒരു ധാര്‍മികതയും ബാധകമല്ലാത്ത സംഘപരിവാര്‍ രാഷ്ട്രീയത്തെ ചെറുക്കാനാകും എന്നതു മാത്രമാണ്, അതു മാത്രമാണ് കര്‍ണാടക പഠിപ്പിക്കേണ്ട പാഠം. വലിയ അലങ്കാരങ്ങള്‍ വേണ്ടെന്നു തന്നെ. കോണ്‍ഗ്രസും ജെ.ഡി.എസും ജയിക്കുമ്പോഴും ജനാധിപത്യം ജയിച്ചിട്ടില്ലെന്നു മറക്കാനാകില്ല.  

ജനവിധി ത്രിശങ്കുവിലെന്നു തെളിഞ്ഞയുടന്‍ കോണ്‍ഗ്രസ് സാമര്‍ഥ്യം കാണിച്ചുവെന്നതു സത്യം. ജെ.ഡി.എസിനു നേരെ കൈ നീണ്ടു. അധികാരം താലത്തിലെത്തിയതുകൊണ്ടു മാത്രമാണ് ജെ.ഡി.എസും കൈ കോര്‍ത്തതെന്നു മറക്കാതിരിക്കേണ്ടതുണ്ട്. ഇതൊക്കെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാനാണെന്ന് അവര്‍ അവകാശപ്പെട്ടാല്‍ തലകുലുക്കുകയേ നമുക്കും തല്‍ക്കാലം നിവൃത്തിയുള്ളൂ. പക്ഷേ കോണ്‍ഗ്രസ് അവസരോചിതമായി പ്രവര്‍ത്തിക്കുന്നതു തന്നെ അതിശയമായ കാലത്ത് ഇതും മുതല്‍ക്കൂട്ടാണ്. 2019ലെന്ത് എന്ന വലിയ ചോദ്യത്തിലേക്കുള്ള ചെറിയ ചെറിയ ചുവടുകളാണ്.  സാധ്യമായ എല്ലാ ജനാധിപത്യസഖ്യങ്ങളും സംഭവിക്കണം.  മതേതര ഇന്ത്യയുടെ സ്വത്വത്തോട് പ്രതിബദ്ധതയുളള എല്ലാ ചെറുകകക്ഷികളും സ്വാഭാവികമായി അണി ചേരുന്ന ഒരു രാഷ്ട്രീയമുന്നണി ഇന്ത്യയിലുണ്ടാകണം. ഞങ്ങളാണ് നേതൃത്വം നല്‍കേണ്ടതെന്ന ഗര്‍വില്‍ നിന്ന് കോണ്‍ഗ്രസ് പിന്‍മാറണം. മുന്നേറ്റമാണ് ആദ്യമുണ്ടാകേണ്ടത്. ചെറുത്തുനില്‍പ് യാഥാര്‍ഥ്യമായ ശേഷമേ നേതാവാര്, പ്രധാനമന്ത്രിയാര് എന്ന ചോദ്യങ്ങള്‍ക്കു പ്രസക്തിയുള്ളൂ. പരിമിതികളും പ്രധാന്യവും ഒരുപോലെ അംഗീകരിക്കുന്ന രാഷ്ട്രീയഉത്തരവാദിത്തം കോണ്‍ഗ്രസ് കാണിക്കേണ്ടതുണ്ട്.  

കണക്കിലെകളി വിട്ട് ഒരു പ്രധാന ചോദ്യം കൂടി കര്‍ണാടകയിലെ ജനവിധി ഉന്നയിക്കുന്നുണ്ട്. മോദി ബ്രാന്‍ഡ് ശരിക്കും സത്യമാണോ? മോദി തരംഗം നിലനില്‍ക്കുന്നുവെന്ന് ഇപ്പോഴും ബി.ജെ.പി. വിശ്വസിക്കുന്നുണ്ടോ? ഏതു തട്ടില്‍ തൂക്കിയാലാണ് മോദി തരംഗം കന്നഡ വിധി ശരിവയ്ക്കുക?  

ത്യെദിയൂരപ്പ തിരിച്ചുവന്നിട്ടും, അഴിമതിക്കറ പുരണ്ട ബെള്ളാരി സഹോദരന്‍മാരെ ആലിംഗനം ചെയ്തിട്ടും എല്ലാ വര്‍ഗീയ, പ്രാദേശികകാര്‍ഡുകളും എടുത്തു പ്രയോഗിച്ചിട്ടും ബി.ജെ.പി. 104ല്‍ നിന്നുവെങ്കില്‍ എവിടെയാണ് മോദി തരംഗം? 2008 ല്‍ മോദി ബ്രാന്‍ഡ് നിലവില്‍ ഇല്ലാത്തകാലത്ത് ബിജെപിയുടെ നില ഇതിലും മെച്ചമായിരുന്നില്ലേ? അന്നു 110 സീറ്റു വാരി ബി.െജ.പി. ഇന്ന് എല്ലാം അനുകൂലമായിരുന്നു. യെദിയൂരപ്പ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിത്തന്നെ തിരികെ വന്നു. ബെള്ളാരി സഹോദരന്‍മാര്‍ കോട്ട തീര്‍ത്തു. പോരാത്തതിന് കോണ്‍ഗ്രസ് സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരവും. ഇതിനെല്ലാം മീതെ കര്‍ണാടക ഇളക്കിമറിക്കാന്‍ പ്രധാനമന്ത്രിയുടെ 15 റാലികളിലായിരുന്നു ബി.ജെ.പി. പ്രതീക്ഷ. അതും തികയില്ലെന്നു തോന്നിയാകണം, അവസാന നിമിഷം അത് 21 റാലികളാക്കി ഉയര്‍ത്തി അമിത് ഷാ. അങ്ങനെ 21 ഇടങ്ങളില്‍, കര്‍ണാടകയില്‍ തലങ്ങും വിലങ്ങും പ്രധാനമന്ത്രി പറന്നു നടന്നു പ്രസംഗിച്ചു. വിധി വന്നപ്പോള്‍ ബി.ജെ.പി. കേവലഭൂരിപക്ഷം പോലും തൊട്ടില്ല. 104 സീറ്റുമായി വലിയ ഒറ്റക്കക്ഷിയായി ഇടിച്ച്, ഇടറിനിന്നു  പ്രധാനമന്ത്രിയുടെ പാര്‍ട്ടി. വോട്ടു ശതമാനം കോണ്‍ഗ്രസിനും  രണ്ടു ശതമാനം പിന്നില്‍ 36.2ലൊതുങ്ങി. 40 സീറ്റുമായി പ്രതിപക്ഷത്തൊതുങ്ങിയ 2013ല്‍ പോലും ബി.െജ.പിക്ക് 20 ശതമാനത്തിനടുപ്പിച്ച് വോട്ടുവിഹിതമുണ്ടായിരുന്നുവെന്നു കാണണം. അപ്പോള്‍ എവിടെ മോദി തരംഗം? സത്യസന്ധമായ വിശകലനം മോദി ആരാധകര്‍ക്കു വിടുന്നു.  

ജനം വിരിയിക്കാത്ത താമര പണംകൊടുത്ത് വിരിയിച്ച് ചാണക്യതന്ത്രമെന്ന പേരിട്ട് വാഴ്ത്തുന്ന നെറികെട്ടരാഷ്ട്രീയത്തിന് കിട്ടിയ കരണത്തടിയാണ് കര്‍ണാടക. ഏകാധിപത്യത്തേക്കാള്‍ ഭേദമാണ് റിസോര്‍ട്ടിലുറങ്ങുന്ന ജനാധിപത്യമെന്ന് പറയാതെ വയ്യ. അങ്ങനെ വിലയിരുത്തുമ്പോള്‍ ഇത് ചുവടുവയ്പാണ്. തുടങ്ങിയടത്ത് തന്നെ നിര്‍ത്തട്ടെ. ജനാധിപത്യത്തിന് തെറ്റുകള്‍ തിരുത്താനുള്ള കഴിവുണ്ടെന്ന് ചരിത്രം തരുന്ന ഒരു ആത്മവിശ്വാസമുണ്ട്. ഉറപ്പിച്ചു പറയുന്നു, ഒരല്‍പം വൈകിയാലും ഇന്ത്യ അതിജീവിക്കുന്ന നാള്‍ വരും. അതാണ് കര്‍ണാടക പഠിപ്പിക്കുന്ന പാഠം.

MORE IN PARAYATHE VAYYA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.