അധികാരത്തില്‍ അമരാന്‍ നുണകളല്ല സാര്‍ ശരണം; കുനിയുന്നത് ഇന്ത്യയുടെ ശിരസ്സ്

Thumb Image
SHARE

ഒരു സംസ്ഥാനത്ത് ഭരണം പിടിക്കാന്‍ ഇന്ത്യ മഹാരാജ്യത്തിന്‍റെ ഭരണാധികാരിക്ക് എത്ര നുണകള്‍ പറയാം? അസത്യങ്ങളുടെ അവിശ്വസനീയ പരമ്പരയാണ് നമ്മുടെ പ്രധാനമന്ത്രി അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ചരിത്രവും രേഖകളും ആ അസത്യങ്ങളെ തകര്‍ത്തെറിയുമ്പോള്‍ തലയറഞ്ഞു ചിരിച്ചു ക്ഷീണിച്ചു പോകരുത്.  നുണകള്‍ ഒരു രാഷ്ട്രീയആയുധമാണെന്ന് തിരിച്ചറിയാതിരുന്നാല്‍ ആപത്ത് നമ്മുടെ രാജ്യത്തിനാണ്. ജനാധിപത്യത്തിനാണ്. ഇന്ത്യയെയും ഇന്ത്യയുടെ ചരിത്രത്തെയും ഈ നുണകള്‍ക്കു വിട്ടുകൊടുക്കാതിരിക്കാന്‍ അതീവരാഷ്ട്രീയജാഗ്രത ആവശ്യമാണ്.  

അവിശ്വസനീയമാണ് ഈ ചോദ്യം.  ഇന്ത്യ എന്ന വലിയ രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് ഇങ്ങനെ പച്ചയ്ക്ക്, അസത്യം പറയാന്‍ ധൈര്യം നല്‍കുന്നതെന്താണ്? ബഹുമാനപ്പെട്ട പ്രധാനമന്ത്രി, രാഷ്ട്രീയനേട്ടങ്ങള്‍ക്കു വേണ്ടി അങ്ങ് ചരിത്രം വളച്ചൊടിക്കുമ്പോള്‍ നാണിച്ചു തലതാഴ്ത്തുന്നത് ഈ മഹത്തായ രാജ്യമാണ്. ദയവായി ഇന്ത്യയെ അപമാനിക്കരുത്. 

സ്വാതന്ത്ര്യസമരസേനാനിയായി ജയില്‍ കിടക്കുന്ന ഭഗത് സിങിനെയും സഹപോരാളികളെയും ഏതെങ്കിലുമൊരു കോണ്‍ഗ്രസുകാരന്‍ സന്ദര്‍ശിച്ചിരുന്നോ എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചോദിച്ചത്. അതും മുന്നിലുള്ള ലക്ഷക്കണക്കിന് സാധാരണ മനുഷ്യരോട്. അവര്‍ ആര്‍ത്തു വിളിക്കുന്നുണ്ട് ഇല്ലായെന്ന്. രാജ്യത്തിന്റെ പ്രധാനമന്ത്രി ഒരു സംസ്ഥാനതിരഞ്ഞെടുപ്പ് ജയിക്കാന്‍ അവരെ തെറ്റിദ്ധരിപ്പിക്കുമെന്ന് ആ പാവങ്ങള്‍ സ്വപ്നത്തില്‍ പോലും കരുതുന്നുണ്ടാകില്ല. രാഹുല്‍ഗാന്ധി അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ലാലു പ്രസാദ് യാദവിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചതിനെ വിമര്‍ശിക്കാനാണ് പ്രധാനമന്ത്രി ഭഗത് സിങിനെ അവഗണിച്ച കോണ്‍ഗ്രസ് എന്ന ആരോപണം ഉയര്‍ത്തിയത്.  

എന്താണ് പ്രധാനമന്ത്രി ഉന്നയിച്ച ആരോപണത്തിന്റെ സത്യം? ഏതെങ്കിലുമൊരു കോണ്‍ഗ്രസുകാരനല്ല, സാക്ഷാല്‍ ജവഹര്‍ലാല്‍ നെഹ്റു തന്നെ ഭഗത് സിങിനെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നുവെന്ന് ചരിത്രം രേഖകള്‍ സാക്ഷ്യപ്പെടുത്തി സമര്‍ഥിക്കുന്നു. 1929 ആഗസ്റ്റ് 8ന് ലാഹോര്‍ സെന്‍ട്രല്‍ ജയിലിലെത്തി ഭഗത് സിങിനെയും കൂട്ടരെയും സന്ദര്‍ശിച്ച അനുഭവം സ്വന്തം ആത്മകഥയില്‍ നെഹ്റു വിശദീകരിക്കുന്നുണ്ട്.  ആ ധീരദേശാഭിമാനികളുമായുള്ള കൂടിക്കാഴ്ച അങ്ങേയറ്റം പ്രചോദനമായതായും രാഷ്ട്രീയഭിന്നതകള്‍ക്കപ്പുറം പ്രകടിപ്പിച്ച ഐക്യദാര്‍ഢ്യത്തെക്കുറിച്ച് നെഹ്റു വിവരിച്ചിട്ടുണ്ട്. Toward Freedom എന്ന ആത്മകഥയുടെ അധ്യായം  23, പേജ് 144 വായിക്കുക.   

കൂടിക്കാഴ്ചയുടെ രേഖകള്‍ ഇന്ന് നാഷനല്‍ ആര്‍ക്കൈവ്‍സിന്‍റെ തന്നെ ഭാഗമാണെന്ന് ചരിത്രഗവേഷകരും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും തന്നെ ചൂണ്ടിക്കാണിക്കുന്നു. 

ഒരൊറ്റ ഗൂഗിള്‍ സെര്‍ച്ചില്‍ വ്യക്തമാകുന്ന വസ്തുതതയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി കന്നഡ ജനതയ്ക്കു മുന്നില്‍ വളച്ചൊടിച്ച് അവതരിപ്പിച്ചത്. ആദ്യം പോയി ചരിത്രം പഠിക്കൂവെന്ന് പ്രധാനമന്ത്രിയോട് പൊട്ടിത്തെറിച്ചത് രാജ്യം ആദരിക്കുന്ന ചരിത്രകാരന്‍മാരിലൊളായ പ്രഫ.ഇര്‍ഫാന്‍ ഹബീബാണ്. അതുമാത്രമല്ല, 

ഭഗത് സിങിനൊപ്പം സവര്‍ക്കറുടെ പേരു കൂടി തിരുകിച്ചേര്‍ത്തു പ്രധാനമന്ത്രിയെന്നതും സൂക്ഷ്മമായി തന്നെ കാണേണ്ടതാണ്. 

ഇന്ത്യന്‍ പ്രധാനമന്ത്രിക്കും അബദ്ധങ്ങള്‍ പറ്റിയേക്കാം. പക്ഷേ കന്നഡമണ്ണില്‍ പ്രധാനമന്ത്രി ഒന്നിലേറെ തവണ ചരിത്രമെന്ന പേരില്‍ അസത്യങ്ങള്‍ അവതരിപ്പിച്ചത് അബദ്ധമാകില്ലെന്നു തിരിച്ചറിയേണ്ടത് നമ്മളാണ്. സ്വന്തമായൊരു സ്വാതന്ത്ര്യസമരചരിത്രം പറയാനില്ലാത്ത രാഷ്ട്രീയമാണ് പ്രധാനമന്ത്രി പിന്തുടരുന്നത. ആറു പതിറ്റാണ്ടുകൊണ്ട് ലോകശക്തികളിലൊന്നായി വളര്‍ന്ന രാഷ്ട്രത്തിന്റെ നിര്‍മിതിയിലും ആ രാഷ്ട്രീയത്തിന് ഒരു പങ്കാളിത്തവും അവകാശപ്പെടാനില്ലെന്നോര്‍ക്കണം. അധികാരത്തിലെത്തും വരെ രാഷ്ട്രം ഭരിച്ചവരെ ആക്ഷേപിക്കാമായിരുന്നു. ഇനിയെന്തു ചെയ്യും? ചരിത്രം വളച്ചൊടിച്ചു തിരുത്തുകയല്ലാതെ? 

എത്ര തെളിവുകള്‍ നിരത്തി വ്യക്തമാക്കിയാലും, എത്ര രേഖകള്‍ ഉയര്‍ത്തി വിവരിച്ചാലും തിരുത്താന്‍ പ്രധാനമന്ത്രി തയാറേയല്ല. പറഞ്ഞത് നുണയാണെന്ന് പകല്‍ പോലെ വ്യക്തമായിട്ടും അസത്യത്തിന്റെ ഇരുട്ടാണ് തനിക്ക് വെളിച്ചമെന്ന് പ്രഖ്യാപിക്കുന്ന അഹങ്കാരമാണത്. കുട്ടികള്‍ എങ്ങനെ പഠിക്കണമെന്നും വളരണമെന്നും പുസ്തകമെഴുതി ഉദ്ബോധിപ്പിക്കുന്ന ആളാണ് നരേന്ദ്ര മോദി. എന്താണ് മോദി ജീ താങ്കളില്‍ നിന്ന് രാജ്യത്തെ കുട്ടികള്‍ പഠിക്കേണ്ടത്. തല്‍ക്കാല നേട്ടത്തിന് കള്ളം പറയാമെന്നോ. ചരിത്രം തോന്നും പടി തിരുത്താമെന്നോ..?  

ഫീല്‍ഡ് മാര്‍ഷല്‍ കരിയപ്പയെയും ജനറല്‍ തിമ്മയ്യയെയും നെഹ്റു അവഹേളിച്ചുവെന്നും പ്രധാനമന്ത്രി മോദി പ്രസംഗിച്ചു. ജനറല്‍ കെ.എസ്.തിമ്മയ്യയെക്കുറിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസ്താവന ഇന്ത്യ കേട്ടതാണ്.  

1948ല്‍ പാക്കിസ്ഥാനെതിരായ യുദ്ധം ജയിച്ചത് ജനറല്‍ തിമ്മയ്യയുടെ നേതൃത്വത്തിലാണ്. എന്നാല്‍ കശ്മീരിനെ രക്ഷിച്ച  വീരനായകനെ അന്നത്തെ പ്രധാനമന്ത്രി നെഹ്റുവും പ്രതിരോധമന്ത്രി വി.കെ.കൃഷ്ണമേനോനും തുടരെത്തുടരെ അപമാനിച്ചു. ആ  അപമാനം സഹിക്കാനാകാതെ ജനറല്‍ തിമ്മയ്യയ്ക്ക് രാജി വച്ചൊഴിയേണ്ടിവന്നുവെന്ന് കര്‍ണാടകയിലെ പുതുതലമുറയോട് ഞാന്‍ പറയുന്നുവെന്നാണ് നമ്മുടെ പ്രധാനമന്ത്രി പറഞ്ഞത്.  

പക്ഷേ സത്യം എന്താണ്? 1948ല്‍ ജനറല്‍ തിമ്മയ്യ സൈനികമേധാവിയേ ആയിരുന്നില്ല. നെഹ്റു പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ തന്നെയാണ് 1957ല്‍ തിമ്മയ്യയെ കരസേനാമേധാവിയാക്കിയത്. 1961 വരെ സേനാമേധാവിയായി തുടര്‍ന്ന തിമ്മയ്യ രാജിവച്ചല്ല കാലാവധി . മാത്രമല്ല, 1948ല്‍ കൃഷ്ണമേനോനായിരുന്നില്ല ഇന്ത്യയുടെ പ്രതിരോധമന്ത്രി. സര്‍ദാര്‍ ബല്‍ദേവ് സിങ് ആയിരുന്നു. ഇതൊക്കെ ആരോട് പറയാനാണ്? പറഞ്ഞിട്ട് എന്തു കാര്യമാണ്? 

പ്രധാനമന്ത്രി നരേന്ദ്രമോദി എഴുതിവായിച്ചതാണ്, പറഞ്ഞപ്പോള്‍ സംഭവിച്ച  ഓര്‍മപ്പിശകല്ല. കന്നഡയുടെ പുത്രനായ തിമ്മയ്യയെ നെഹ്റു അപമാനിച്ചുവെന്നു പറഞ്ഞ പ്രധാനമന്ത്രി 1954ല്‍ നെഹ്റു ഭരണകൂടമാണ് തിമ്മയ്യയെ പത്മഭൂഷണ്‍ ബഹുമതി നല്‍കി ആദരിച്ചതെന്ന വസ്തുതയും വിട്ടുകളഞ്ഞു.  1962ലെ ഇന്ത്യാ ചൈനയുദ്ധത്തിനു നേതൃത്വം നല്‍കിയ ഫീല്‍ഡ് മാര്‍ഷല്‍ കരിയപ്പയെയും നെഹ്റു അപമാനിച്ചുവെന്നായിരുന്നു അടുത്ത പ്രഖ്യാപനം. 

1962ല്‍ യുദ്ധം നയിച്ച് അപമാനിക്കപ്പെട്ടുവെന്ന് നരേന്ദ്രമോദി വിലപിച്ച ഫീല്‍ഡ് മാര്‍ഷല്‍ കരിയപ്പ 1953ല്‍ സൈന്യത്തില്‍ നിന്നു തന്നെ വിരമിച്ചിരുന്നുവെന്നതാണ് സത്യം. നെഹ്റുവുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നത് 1951ല്‍. കരിയപ്പയെ ഇന്ത്യന്‍ സൈന്യത്തിലെ ആദ്യ  കമാന്‍ഡര്‍ ഇന്‍ ചീഫാക്കിയത് നെഹ്റു ഗവണ്‍മെന്റ്.  ഇതേ കരിയപ്പയെ 1986ല്‍ ഫീല്‍ഡ് മാര്‍ഷല്‍ റാങ്ക് നല്‍കി ആദരിച്ചത് കോണ്‍ഗ്രസിന്റെ രാജീവ് ഗാന്ധി ഗവണ്‍മെന്റ്.  

നമ്മള്‍ ചിരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഈ അസത്യങ്ങള്‍ ചേര്‍ത്തു വച്ച് അവര്‍ സമാന്തരചരിത്രം സൃഷ്ടിക്കുകയാണ്. അധികാരത്തിനു തിരുത്താന്‍ കഴിയാത്ത ചരിത്രമില്ലെന്ന ഒരൊറ്റ ആത്മവിശ്വാസത്തിലേക്കാണ് അറിഞ്ഞുകൊണ്ടാവര്‍ത്തിക്കുന്ന ഈ അബദ്ധങ്ങള്‍ ചേര്‍ത്തു കെട്ടുന്നത്. ചരിത്രം തിരുത്താനുള്ള അധികാരം കൂടിയാണ് ഓരോ വോട്ടെടുപ്പിലും അവര്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് അറിയാതെ പോകരുത് പ്രബുദ്ധജനത. തെറ്റിപ്പോയാല്‍ ജാള്യം തോന്നി തിരുത്തുന്ന രാഷ്ട്രീയമല്ല പ്രധാനമന്ത്രി നരേന്ദ്രമോദി പിന്തുടരുന്നെതെന്ന് പുതിയ ബോധ്യം ആവശ്യമുണ്ടോ രാജ്യത്തിന്? ഗുജറാത്ത് തിരഞ്ഞെടുപ്പ് സമയത്ത് നമ്മുടെ പ്രധാനമന്ത്രി രാജ്യത്തിനു മുന്നില്‍ ഉയര്‍ത്തിയ ആരോപണം മറക്കാന്‍ നേരമായോ?  

ഗുജറാത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞ് ആറുമാസം കഴിഞ്ഞു. ബഹുമാനപ്പെട്ട പ്രധാനമന്ത്രി പിന്നീട് അതേക്കുറിച്ച് മിണ്ടിയിട്ടില്ല. ഒടുവില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി സഭയില്‍ ഇങ്ങനെ പറഞ്ഞു തടിയൂരി.  ഇതേ പ്രധാനമന്ത്രി തന്നെയാണ് യു.പി.തിരഞ്ഞെടുപ്പിനു മുന്‍പ് അഖിലേഷ് യാദവ് ഭരിക്കുന്ന കാലത്ത്, ഈദിനു വൈദ്യുതി ഇഷ്ടം പോലെ, അത് ദീപാവലിക്കില്ലാത്തതെന്ത് എന്ന അസത്യം അന്നാട്ടുകാരോടു പറഞ്ഞത്. 

യു.പിയിലെ വൈദ്യുതി വിഭാഗം കണക്കുകള്‍ സഹിതം ജനസമക്ഷമെത്തിയപ്പോള്‍  ദീപാവലിക്കാണ് കൂടുതല്‍ വൈദ്യുതി ലഭ്യമാക്കിയിരുന്നത് എന്നായിരുന്നു സത്യം എന്നു പക്ഷേ ആരറിയുന്നു. അങ്ങനെ ഓരോ സംസ്ഥാനതിരഞ്ഞെടുപ്പിലും പ്രധാനമന്ത്രി പറന്നുവന്ന് അസത്യങ്ങളും അര്‍ധസത്യങ്ങളും ജനതയെ വിശ്വസിപ്പിച്ചു തിരികെ മടങ്ങുകയാണ്. കര്‍ണാടകയിലെത്തിയപ്പോള്‍ അസത്യങ്ങളുടെ എണ്ണം കൂടുന്നത് അടിത്തറയിളകിയിരിക്കുന്നുെവന്ന ഭീതിയില്‍ തന്നെയാണ്.  

നമുക്ക് അസ്വസ്ഥത തോന്നിയേക്കാം. ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. 125 കോടി ജനങ്ങളെ നയിക്കാന്‍ നിയോഗിക്കപ്പെട്ട നേതാവാണ്. പ്രധാനമന്ത്രി തെറ്റു വരുത്തുമ്പോള്‍ കുനിയുന്നത് ആ 125 കോടി ശിരസുകള്‍ കൂടിയാണെന്നു നിങ്ങള്‍ക്കു തോന്നിയേക്കാം. നിങ്ങള്‍ക്കു ലജ്ജയും ജാള്യതയും തോന്നിയേക്കാം. പക്ഷേ അത്തരത്തിലുള്ള വികാരങ്ങളൊന്നും ബാധകമല്ലാത്ത  രാഷ്ട്രീയമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടേത്. അത്  ഇനിയും മനസിലാകാത്ത ഭൂരിപക്ഷമുള്ള നാട്ടില്‍ നമ്മള്‍ ഇതര്‍ഹിക്കുന്നവരാണ്. വര്‍ത്തമാനകാലത്തിന്റെ മൂര്‍ച്ചയുള്ള ചോദ്യങ്ങള്‍ നമ്മള്‍ ഓര്‍ക്കാതിരിക്കാന്‍ തന്നെയാണ് മറവികളിലേക്ക് പ്രധാനമന്ത്രി നമ്മളെ ക്ഷണിക്കുന്നത്. ചോദിക്കേണ്ട ചോദ്യങ്ങള്‍ നമ്മള്‍ ചോദിക്കാതിരിക്കാന്‍ കൂടിയാണ് ചര്‍ച്ചകളുടെ ശ്രദ്ധ മാറ്റുന്നത്.   

ഒന്നോര്‍ത്തു നോക്കൂ, ചരിത്രത്തില്‍ മുങ്ങിത്തപ്പുകയല്ലാതെ മറ്റെന്തു ചെയ്യും ഇന്നത്തെ ഇന്ത്യയുടെ ഭരണാധികാരി. ഇതാണ് ഞാന്‍ പറഞ്ഞ അച്ഛാ ദിന്‍ എന്നു പറയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കഴിയുമോ?  നുണകള്‍ക്കു പിന്നാലെ പതിറ്റാണ്ടുകള്‍ക്കു പിന്നിലേക്കോടാന്‍ ജനതയെ പ്രേരിപ്പിക്കുകയല്ലാതെ 2014 മുതല്‍ രാജ്യത്തു താന്‍ നടപ്പാക്കിയ പരിഷ്കാരങ്ങളെക്കുറിച്ച് മിണ്ടാനാകുമോ? ചരിത്രസത്യങ്ങളും നേട്ടങ്ങളും  കൈവശമില്ലാത്ത രാഷ്ട്രീയം അസത്യങ്ങള്‍ സൃഷ്ടിക്കുകയല്ലാതെ മറ്റെന്തു ചെയ്യും? അക്കമിട്ടു ചോദിക്കാന്‍ കാത്തിരിക്കുന്നുണ്ട് ജനത, ആ ചോദ്യങ്ങളെ ഭയന്നു തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചരിത്രത്തിലേക്കു മുങ്ങാങ്കുഴിയിടുന്നത്. നോട്ട് നിരോധനം എന്ന ചരിത്രവിഡ്ഢിത്തത്തിന്റെ പേരില്‍ ഈ രാജ്യത്തിന് എന്തു നേട്ടമുണ്ടായി? നഷ്ടത്തിന്റെ കണക്കെത്രയാണ്. തിരിച്ചെത്തിയ നോട്ടുകളുടെ കണക്കെത്രയാണ്. കള്ളപ്പണത്തെ അതെത്രമാത്രം സ്വാധീനിച്ചു? മറുപടിയുണ്ടോ പ്രധാനമന്ത്രിക്ക്? രാജ്യാന്തരവിപണിയില്‍ ഇന്ധനവില ഏറ്റവും കുറഞ്ഞ സമയത്തു പോലും ഇന്ത്യന്‍ ജനതയെ കൊള്ളയടിച്ചതെന്തിനാണ്? കര്‍ണാടക തിരഞ്ഞെടുപ്പിന്റെ അവസാന 15 ദിവസങ്ങളില്‍ മാത്രം ഇന്ധനവില പിടിച്ചുകെട്ടിയതാരാണ്? ഉന്നാവിലും കഠ്‍വയിലുമടക്കം പിച്ചിച്ചീന്തപ്പെട്ട പെണ്‍കുഞ്ഞുങ്ങളുടെ ജീവിതത്തിന്  മറുപടി പറയേണ്ടതാരാണ്? ഓര്‍ഡിനന്‍സിലൊതുങ്ങുമോ മോദി സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ? 

നിരവ് മോദിമാര്‍ കൊള്ളയടിച്ച, മോദി സര്‍ക്കാര്‍ വിശ്വാസ്യത തകര്‍ത്ത ബാങ്കിങ് സംവിധാനത്തെ ആരു രക്ഷിക്കും? ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്ക്കും രാജ്യവ്യാപകമായി നേരിടേണ്ടി വന്ന പീഡനങ്ങള്‍ക്കു മറുപടി പറയേണ്ട രാഷ്ട്രീയമേതാണ്?  

ഇന്നത്തെ ഇന്ത്യയെ ഗുരുതരമായി ബാധിക്കുന്ന ഈ ചോദ്യങ്ങളിലേതെങ്കിലും ഒന്നിന് നമ്മുടെ പ്രധാനമന്ത്രി മറുപടി പറയുന്നത് നിങ്ങള്‍ കര്‍ണാടകയില്‍ കേട്ടോ? ഇന്ത്യയോട്, ഒറ്റക്കെട്ടായി ജീവിച്ചിരുന്ന ഇവിടത്തെ മനുഷ്യരോട് ഈ രാഷ്ട്രീയം എന്താണ് ചെയ്തതെന്ന ചോദ്യത്തിനുണ്ടോ മറുപടി? വിശ്വാസ്യതയോടെ ജനാധിപത്യത്തിന്റെ നെടുംതൂണായിരുന്ന ഇന്ത്യന്‍ ജുഡീഷ്യറിയോട് നിങ്ങള്‍ എന്തു ചെയ്തുവെന്ന ചോദ്യത്തിനുണ്ടോ മറുപടി? ഒന്നിനു പോലും ഉത്തരമില്ലാത്തതുകൊണ്ടു തന്നെയാണ് പ്രധാനമന്ത്രി അങ്ങ് ചരിത്രത്തിന്റെ ശവക്കല്ലറകള്‍ തോണ്ടിയെടുക്കുന്നത്. പക്ഷേ ഞങ്ങള്‍ ഓര്‍ക്കും , നിങ്ങള്‍ മറക്കാനാഗ്രഹിക്കുന്ന ഓരോ ചോദ്യവും.  

എന്താണ് നമ്മുടെ രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്.  രാജ്യം ഭരിക്കുന്ന കക്ഷിയുടെ നേതാക്കള്‍ സത്യം പറയുന്നത് അല്‍ഭുതമാകുന്ന

അവസ്ഥ. ഔചിത്യത്തോടെയോ പ്രതിപക്ഷബഹുമാനത്തോടെയോ സംസാരിക്കുന്നു എന്നു കണ്ടാല്‍ നമ്മള്‍ അതിശയിക്കേണ്ടി വരുന്ന അവസ്ഥ.  

സൂക്ഷ്മമായ ഒരു പ്രക്രിയ നടപ്പാക്കപ്പെടുകയാണ്. സാധാരണത്വങ്ങള്‍ അവസാനിക്കുകയാണ്. പൊതുജീവിതത്തിന്, രാഷ്ട്രീയസംവാദങ്ങള്‍ക്ക് അന്തസും സത്യസന്ധതയും ആവശ്യമേയില്ലാത്ത അവസ്ഥ. ദേശാഭിമാനത്തിലും വൈകാരികതയിലും സാമുദായികതയിലും ആള്‍ക്കൂട്ടങ്ങള്‍ ആര്‍ത്തുവിളിക്കുന്ന അവസ്ഥ. മാനവികതയുടെ അടിസ്ഥാനതത്വങ്ങള്‍ പൂര്‍ണമായും അട്ടിമറിക്കപ്പെടുന്ന അവസ്ഥ. അത് അങ്ങനേയങ്ങ് സ്ഥാപിക്കപ്പെടുകയാണ്. അതാവുകയാണ് പുതിയ ഇന്ത്യയുടെ മുഖമുദ്ര. അങ്ങനെ ആക്കിത്തീര്‍ക്കുകയാണ്. ഭരണപക്ഷനേതാക്കള്‍ ആവര്‍ത്തിക്കുന്ന മണ്ടത്തരങ്ങളില്‍ നമ്മള്‍ ആര്‍ത്തു ചിരിക്കുമ്പോള്‍ ഒരു പുതിയ സാമൂഹ്യക്രമം സൃഷ്ടിക്കപ്പെടുകയാണ്. ചരിത്രത്തിന് വിലയില്ലാതാകുന്നു. വസ്തുതകള്‍ക്കും പുല്ലുവിലയാണ്.  

യുക്തിക്കും വിശകലനത്തിനും ശാസ്ത്രത്തിനുമൊന്നും വിലയില്ലാതാകുന്ന ഒരു സാമൂഹ്യക്രമം സൃഷ്ടിക്കപ്പെടുകയാണ്. അതും പോരാതെ ഈ നാട്ടില്‍ ജനിച്ചു വളര്‍ന്ന നമ്മുടെ ദേശാഭിമാനം നിശ്ചയിക്കാനുളള സര്‍ട്ടിഫിക്കറ്റും അവരുടെ കൈയിലാണെന്ന് അവര്‍ നമ്മളോട് പറയുകയാണ്. അവരുടെ പ്രതിലോമരാഷ്ട്രീയം അംഗീകരിക്കാത്തവരോട് ഈ നാട്ടു വിട്ടുപോകാന്‍, നമ്മുടെ നാടു വിട്ടുപോകാന്‍ ആജ്ഞാപിക്കുകയാണ്. 

ചെറുക്കേണ്ടതുണ്ട്. നമ്മുടെ ഇന്ത്യയോട് ഈ തലമുറയുടെ ബാധ്യതയാണത്. 

കര്‍ണാടകയില്‍ ബി.ജെ.പിക്കു മുന്‍തൂക്കമുണ്ട് എന്നതു സത്യമാണ്. അസത്യങ്ങളിലൂടെയാണ് അടിത്തറയൊരുക്കിയതെന്നത് അധികാരത്തിനു ശേഷം അപ്രസക്തമായിപ്പോകും. പക്ഷേ നമ്മള്‍ചെറുക്കേണ്ടതുണ്ട് ഈ നുണകളുടെ രാഷ്ട്രീയം. പ്രധാനമന്ത്രിയുടെ നുണകളില്‍ നിന്നാണ് 

നമ്മുടെ രാജ്യത്തെ രക്ഷിച്ചെടുക്കേണ്ടത് എന്നത് നമ്മുടെ ഗതികേടാണ്. നിവൃത്തികേടാണ്.   

വസ്തുതകള്‍ക്കു മുന്നില്‍ ഉത്തരം മുട്ടുമ്പോള്‍ ഇത് ചെറിയ കളിയല്ലെന്നു ഭീഷണിപ്പെടുത്തുന്നവരോട് ഒന്നേ പറയാനുള്ളൂ. അതു കേട്ടു പേടിക്കാന്‍ വേറെ ആളെ നോക്കണം. അല്ലെങ്കില്‍ സത്യം പറയുന്നവരെ തൂക്കിക്കൊല്ലാന്‍ നിങ്ങളൊരു നിയമമുണ്ടാക്ക്. പ്രധാനമന്ത്രി സത്യം പറഞ്ഞുവെന്നത് വാര്‍ത്തയാകുന്ന നാട്ടില്‍ അതു വേണ്ടി വരും. പക്ഷേ   വെറുപ്പും വിദ്വേഷവും നുണകളും സമാസമം ചേര്‍ന്ന സംഘപരിവാര്‍ മിശ്രിതമല്ല, ഈ രാജ്യത്തെ ബഹുഭൂരിപക്ഷത്തിന്‍റെയും തലയിലെന്നു നിങ്ങള്‍ മനസിലാക്കണം. ഇത് നല്ല മനുഷ്യരുടെ നാടാണ്.  ഇത് ഞങ്ങളുടെ രാജ്യമാണ്. ചരിത്രത്തിലും വര്‍ത്തമാനത്തിലും വിഷം കലര്‍ത്തി പാവങ്ങളെ തെറ്റിദ്ധരിപ്പിച്ച് തിരഞ്ഞെടുപ്പുകളില്‍ ഇനിയും നിങ്ങള്‍ ജയിച്ചേക്കാം. പക്ഷേ ജനാധിപത്യത്തിന് തെറ്റുകള്‍ തിരുത്താനുള്ള കഴിവുണ്ടെന്ന് ചരിത്രം തരുന്ന ഒരു ആത്മവിശ്വാസമുണ്ട്.   ഉറപ്പിച്ചു പറയുന്നു, ഒരല്‍പം വൈകിയാലും ഇന്ത്യ ഈ ഹീനമായ രാഷ്ട്രീയത്തെ അതിജീവിക്കും. 

MORE IN PARAYATHE VAYYA
SHOW MORE