അപ്രഖ്യാപിത ഹർത്താലിന് പിന്നിലെ കലാപലക്ഷ്യം കേരളം എങ്ങനെ കാണണം? പറയാതെ വയ്യ

Thumb Image
SHARE

കേരളത്തില്‍ വര്‍ഗീയധ്രുവീകരണമുണ്ടാക്കാന്‍ ഒരൊറ്റ വാട്സ്ആപ്പ് സന്ദേശം മതിയെന്നു കേരളാപൊലീസ്. കഴിഞ്ഞയാഴ്ച കേരളത്തില്‍ നടന്ന അപ്രഖ്യാപിതഹര്‍ത്താലിനു പിന്നില്‍ കലാപലക്ഷ്യം കൂടിയുണ്ടായിരുന്നുവെന്ന് പൊലീസ് തന്നെ വെളിപ്പെടുത്തുന്നതിനെ എങ്ങനെ കാണണം? അത്യന്തം ജാഗ്രതയും പ്രതിരോധവും ആവശ്യപ്പെടുന്നുണ്ട് കേരളത്തില്‍‌ ഇന്നുള്ള സാഹചര്യം. 

കഠ്‍വയില്‍ എട്ടുവയസുകാരി ക്ഷേത്രത്തിനുള്ളില്‍ പീഡനത്തിനിരയായി ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ ഏറ്റവും രോഷത്തോടെ പ്രതികരിച്ച സമൂഹമാണ് കേരളത്തിലേത്. സംഘടനകളുടെ നേതൃത്വത്തിലും അല്ലാതെയും കൂട്ടായ്മകള്‍ തെരുവുകളിലിറങ്ങി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കഠ്‍വ സംഭവത്തില്‍ മനഃസാക്ഷിയെ ഞെട്ടിച്ച ഹിന്ദുത്വവര്‍ഗീയതയുടെ പങ്കാളിത്തത്തിനെതിരെയും രാഷ്ട്രീയപ്രബുദ്ധതയോടെ കേരളം വിമര്‍ശനമുയര്‍ത്തി. ആരുടെയും പ്രേരണയോ, രാഷ്ട്രീയസംഘാടനമോ ഇല്ലാതെ തന്നെ കേരളം ഒറ്റക്കെട്ടായി പ്രതികരിച്ചു. എന്നാല്‍ ആ രോഷത്തെ വര്‍ഗീയമായി മുതലെടുക്കാനുള്ള ശ്രമങ്ങളുണ്ടായി എന്ന പൊലീസ് വെളിപ്പെടുത്തല്‍ സൂക്ഷ്മമായ ജാഗ്രതയോടെ വിലയിരുത്തപ്പെടേണ്ടതാണ്. 

തിങ്കളാഴ്ചയാണ് പ്രഖ്യാപിക്കപ്പെട്ടിട്ടില്ലാത്ത ഒരു ഹര്‍ത്താല്‍ കേരളത്തില്‍ അരങ്ങേറിയത്. ഹര്‍ത്താലെന്ന വിവരം പ്രചരിക്കപ്പെട്ടത് സമൂഹമാധ്യമങ്ങളില്‍. പ്രഖ്യാപനത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തില്ല. ജനകീയ ഹര്‍ത്താലെന്ന വിചിത്രമായ ന്യായവുമായി വടക്കന്‍ ജില്ലകളില്‍ ആസൂത്രിതമായ അക്രമങ്ങളാണ് കേരളം കണ്ടത്. മലപ്പുറം, കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ പലയിടത്തും അപ്രതീക്ഷിതമായി വാഹനങ്ങള്‍ ആക്രമിക്കപ്പെട്ടു. ജനജീവിതം സ്തംഭിപ്പിക്കാന്‍ അക്രമികള്‍ അഴിഞ്ഞാടി. മലപ്പുറത്തും കോഴിക്കോട്ടും വ്യാപകമായി കടകള്‍ ആക്രമിക്കപ്പെട്ടു.

***************************************************

കഠ്‍വ സംഭവത്തില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്യാന്‍ ആര്‍ക്കും അവകാശമുണ്ട്. പക്ഷേ അതേറ്റെടുക്കാനുള്ള ധൈര്യം കാണിക്കണം. ആരും ആഹ്വാനം ചെയ്യാത്ത ഹര്‍ത്താല്‍ എന്നത് കൗതുകമല്ല, ദുരൂഹത തന്നെയാണ്. പ്രത്യേകിച്ചും അന്നുണ്ടായ അക്രമങ്ങള്‍ക്കു പിന്നിലെ ഉദ്ദേശമെന്തായിരുന്നു എന്ന ചോദ്യം വരുമ്പോള്‍. വര്‍ഗീയവേര്‍തിരിവുണ്ടാക്കാന്‍ ശ്രമിച്ചു എന്നു പറയുന്ന പൊലീസ് അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കൃത്യമായ നടപടി സ്വീകരിക്കാന്‍ വൈകുന്നതെന്തുകൊണ്ടാണ്? പലയിടത്തും അക്രമങ്ങളിലേക്ക് കാര്യങ്ങളെത്തിച്ചത് SDPIയുടെ ആസൂത്രിതമായി ഇടപെടലായിരുന്നുവെന്ന് പൊലീസ് പറയുന്നു. എങ്കില്‍ SDPIയെ കേരളാപൊലീസ് പേടിക്കുന്നതെന്തിനാണ്?

ഹര്‍ത്താല്‍ അതിക്രമങ്ങളില്‍ വ്യാപകമായ അറസ്റ്റുണ്ടായി. മൂവായിരത്തോളം യുവാക്കള്‍ വിവിധ സ്ഥലങ്ങളിലായി അറസ്റ്റിലായി. അക്രമികളില്‍ എല്ലാ പാര്‍ട്ടിക്കാരുടെയും സാന്നിധ്യമുണ്ട്. ഭരണകക്ഷിയായ സി.പി.എം. പ്രവര്‍ത്തകര്‍ മുതല്‍, മുസ്‍ലിംലീഗ്, SDPI പ്രവര്‍ത്തകര്‍ വരെ അറസ്റ്റിലായവരിലുണ്ട്. മലപ്പുറത്തെ പല പ്രദേശങ്ങളിലും ഹര്‍ത്താലിനിടെ സാമുദായിക സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമമുണ്ടായെന്ന് സ്ഥിരീകരിച്ചത് മന്ത്രി കെ.ടി.ജലീല്‍ തന്നെയാണ്. മന്ത്രിയുടെയും ഡി.ജി.പിയുടെയും പ്രഖ്യാപനം പക്ഷേ ഏറ്റവുമധികം കൊണ്ടാടിയത് കേരളത്തിലെ ബി.ജെ.പി. സംഘപരിവാര്‍ നേതാക്കളാണ്. 

*************************************

എന്നാല്‍  ഏറ്റവുമൊടുവില്‍ ഈ പ്രതിഷേധഹര്‍ത്താല്‍ എന്ന ആശയത്തിന് തുടക്കമിട്ടതിന് പിടിയിലായത് ഹൈന്ദവസമുദായാംഗങ്ങളാണെന്ന് പൊലീസ് സ്ഥിരീകരിക്കുന്നു. അവരില്‍ ചിലര്‍ സംഘപരിവാര്‍ ആശയങ്ങള്‍ക്കൊപ്പം ചേര്‍ന്നുനിന്നിരുന്നവരാണെന്നും. അപ്പോള്‍ കേരളത്തിലെ ബി.ജെ.പി. നേതാക്കള്‍ എന്തു പറയും. അവരെന്തും പറഞ്ഞേക്കാം. പക്ഷേ കേരളം സത്യസന്ധമായി മനസിലാക്കേണ്ട വസ്തുത ഒന്നുമാത്രമാണ്. ഹര്‍ത്താലിന് തീ കൊളുത്തിയവര്‍ ഹിന്ദുക്കളല്ല. അത് കത്തിച്ചെടുത്തു കേരളെ ചാമ്പലാക്കാന്‍ ശ്രമിച്ചത് മുസ്‍ലിങ്ങളുമല്ല. വര്‍ഗീയത എന്ന ഒറ്റ മതമാണ് അവരുടേത് അവരെയും ഇവരെയും നമ്മള്‍ തീവ്രവാദികള്‍ എന്ന ഒറ്റപ്പേരിലാണ് വിളിക്കേണ്ടത് . ഒരൊറ്റ മനസോടെയാണ് നേരിടേണ്ടതും. 

ഹര്‍ത്താലിന്റെ പേരില്‍ ഇവിടെ  മുസ്‍ലിങ്ങള്‍ മതധ്രുവീകരണത്തിന് ശ്രമിച്ചിട്ടില്ല. ശ്രമിച്ചത് SDPI അടക്കമുള്ള മതതീവ്രനിലപാടുകള്‍ പുലര്‍ത്തുന്ന സംഘടനകളാണ് . ഹിന്ദുക്കള്‍ അതു മുതലെടുക്കാനും ശ്രമിച്ചിട്ടില്ല. ശ്രമിച്ചത് ഹിന്ദുത്വതീവ്രനിലപാട് മുതലെടുക്കാന്‍ ശ്രമിക്കുന്നവരാണ്. മലപ്പുറത്തെ താനൂരിലും മറ്റും ഹിന്ദുക്കളുടെ കടകള്‍ തിരഞ്ഞുപിടിച്ച് ആക്രമിച്ചത് വര്‍ഗീയധ്രുവീകരണം ലക്ഷ്യമിട്ട തീവ്രനിലപാടുകാരാണ്. തീവ്രവാദികളെ തീവ്രവാദികള്‍ എന്നു തന്നെ വിളിക്കണം. പക്ഷേ വിളിക്കുന്നത് അവരെ മാത്രമാകണം. അവരെത്തന്നെയാകണം. മറിച്ച് മുസ്‍ലിം സമുദായത്തെ പ്രതിസ്ഥാനത്തു നിര്‍ത്തരുത്. സാമുദായികധ്രുവീകരണം നടന്നതിന്റെ പേരില്‍ മലപ്പുറത്തെ മുസ്‍ലിം സമുദായം പശ്ചാത്തപിക്കണമെന്ന ന്യായം സര്‍ക്കാരുയര്‍ത്തരുത്. മു‍സ്‍ലിം സമുദായം പ്രായശ്ചിത്തം ചെയ്യേണ്ടവരാണെന്ന പ്രതീതി സൃഷ്ടിക്കുന്നത് രാഷ്ട്രീയമായി വലിയ തെറ്റാണ്. 

വര്‍ഗീയധ്രുവീകരണത്തിനു ശ്രമിച്ചവരെയാണ്  നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ടത്. കുറ്റക്കാരെ തിരഞ്ഞുപിടിച്ച് നിയമത്തിനു മുന്നില്‍ കൊണ്ടുവരികയാണ് വേണ്ടത്. വര്‍ഗീയധ്രുവീകരണം ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ ഗുരുതരമായ തെറ്റാണ്. ആ തെറ്റിനുള്ള ശിക്ഷ കുറ്റവാളികള്‍ക്കു കിട്ടുന്നുവെന്നുറപ്പു വരുത്തുന്നതാണ് സര്‍ക്കാരിന്റെയും പൊലീസിന്റെയും ബാധ്യത.  വ്യാജമായി ഒരു ഹര്‍ത്താല്‍ സൃഷ്ടിക്കപ്പെട്ടിട്ടും അതിന്‍റെ പേരില്‍ അക്രമം അഴിഞ്ഞാടിയിട്ടും നിസഹായരായി നിന്ന ഭരണകൂടവും പേടിയുണ്ടാക്കുന്ന തിരിച്ചറിവാണ്. വെറുമൊരു വാട്സ്ആപ്പ് സന്ദേശത്തിന്റെ പേരില്‍ കേരളത്തിന്റെ സ്വൈരജീവിതം തകര്‍ക്കാന്‍ വര്‍ഗീയശക്തികള്ക്ക് കഴിയുന്നത്ര അരാജകത്വം നിലനില്‍ക്കുന്നു കേരളത്തില്‍ എന്ന തിരിച്ചറിവ് ഗൗരവമായി കാണേണ്ടതാണ്.

*********************************

MORE IN PARAYATHE VAYYA
SHOW MORE