പണക്കൊഴുപ്പിനൊപ്പം നീങ്ങുന്ന ഇടതുപക്ഷം

pva-medical-pinarayi-t
SHARE

സ്വാശ്രയവിദ്യാഭ്യാസക്കച്ചവടത്തിന് കുട പിടിക്കുന്ന ഇടതുപക്ഷസര്‍ക്കാരിനും അതിനു പൂര്‍ണമായി ഒത്താശ ചെയ്യുന്ന പ്രതിപക്ഷത്തിനും മാപ്പു നല്‍കാനാകുമോ കേരളത്തിന്കൂടുതല്‍ പണമുള്ളവര്‍ക്ക് ഡോക്ടറാകാമെന്നു തീരുമാനിച്ച രണ്ടു മാനേജ്മെന്റുകള്‍ക്കു വേണ്ടി കേരളത്തിന്റെ സമരചരിത്രം തന്നെ ഒറ്റുകൊടുത്തത് ആര്‍ക്കു വേണ്ടിയാണ്?കുട്ടികളുടെ ഭാവിയെക്കരുതിയെന്ന ന്യായം എന്തൊരു അന്യായമാണ്? പണത്തിന്‍റെ ബലത്തില്‍ നിയമം മറികടക്കാനായി ഇടതുപക്ഷവും പ്രതിപക്ഷവും ഒന്നിച്ചു കൈകോര്‍ത്തതിന്റെ പാപക്കറ രാഷ്ട്രീയകേരളത്തിന് മായ്ക്കാനാകില്ലെന്നു പറയാതെ വയ്യ. ഏതു വിധേന നിയമം പാസാക്കിയെടുത്താലും ഇത് അനീതിയാണ്, അന്യായമാണ്. 

എന്നിട്ട് ആ നിയമലംഘനം സാധുവാക്കാന്‍ കൊണ്ടു വന്ന ഓര്‍ഡിനന്‍സ് സുപ്രീംകോടതി സ്റ്റേ ചെയ്തപ്പോള്‍, സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചപ്പോള്‍ ഇടംവലം ന്യായീകരണത്തിനു തിരിയുന്നു ഇടതുപക്ഷം. കുട്ടികളുടെ ഭാവിയെന്നു ന്യായീകരിക്കുന്നു. പ്രതിപക്ഷം പറഞ്ഞിട്ടാണെന്ന്, ബി.െജ.പിയും കത്തു തന്നിട്ടുണ്ടെന്ന്. നാണമില്ലേ ഇടതുസര്‍ക്കാരേ എന്നു ചോദിക്കുന്നില്ല. പക്ഷേ എന്നു മുതലാണ് സ്വാശ്രയഅന്യായം നിങ്ങള്‍ക്കു ന്യായമായിത്തുടങ്ങിയതെന്നു കേരളത്തോടു പറയണം. അതിന്റെ യഥാര്‍ഥ കാരണമെന്താണെന്നു പറയണം.  എന്നു മുതലാണ് യു.ഡി.എഫ് നിങ്ങള്‍ക്കു സ്വാശ്രയമാതൃകയായതെന്നു വ്യക്തമാക്കണം. നിങ്ങള്‍ ഒറ്റിക്കൊടുത്ത സ്വാശ്രയസമരങ്ങളില്‍, ഇന്നും ജീവിക്കുന്ന രക്തസാക്ഷികളായ നിങ്ങളുടെ സഖാക്കളോട് പറയണം, ഈ അനീതി ഏതു ന്യായത്തിലിട്ടാണ് നിങ്ങള്‍ നീതീകരിക്കുക? 

നിയമവിരുദ്ധവിദ്യാര്‍ഥിപ്രവേശനം ക്രമപ്പെടുത്താന്‍ ശ്രമിച്ചു തിരിച്ചടി നേരിട്ടപ്പോള്‍ ഇടതുസര്‍ക്കാരും വലതുപ്രതിപക്ഷവും കൈകോര്‍ത്തു തന്നെ നമ്മളോടു ചോദിക്കുന്നു. കുട്ടികളെങ്ങാനും ആത്മഹത്യ ചെയ്താല്‍ നിങ്ങള്‍ ഞങ്ങളെ ക്രൂശിക്കുമായിരുന്നില്ലേയെന്ന്. മനസിലായില്ലേ, നിയമവിരുദ്ധമായി പ്രവേശനം നേടിയ കുട്ടികളോട് തെറ്റു തിരുത്തി അടുത്ത വഴി നോക്കാന്‍ ആവശ്യപ്പെടാതെ അവര്‍ക്കു വേണ്ടി കേരളത്തോട് ആത്മഹത്യാഭീഷണി മുഴക്കുകയാണ് നമ്മുടെ രാഷ്ട്രീയനേതൃത്വം. ഓര്‍മയില്ലേ, സ്വാശ്രയത്തില്‍ നീതി പുലര്‍ത്താത്ത കോടതി ജഡ്ജിമാരെ നാടുകടത്തിയ ധീരസഖാക്കളുമുണ്ട് ഈ കൂട്ടത്തില്‍. ഒടുവില്‍ കോടതി നീതിക്കൊപ്പം നില്‍ക്കുമ്പോള്‍ അതു വേണ്ട, പണക്കാര്‍ക്കു പുതിയ നിയമമുണ്ടാക്കാന്‍ നെട്ടോട്ടമോടുകയാണവര്‍.

180 കുട്ടികള്‍ അനധികൃതമായി പ്രവേശനം നേടിയെന്നു വച്ചാല്‍ അര്‍ഹരായ 180 കുട്ടികള്‍ക്ക് അവസരം നിഷേധിക്കപ്പെട്ടുവെന്നു കൂടിയാണ് അര്‍ഥം. ആ 180 പേരെക്കുറിച്ച് ഒരൊറ്റ പാര്‍ട്ടിയും വേദനിച്ചിട്ടില്ല. അവരുടെ ജീവിതത്തെയോര്‍ത്ത് പിണറായി വിജയനും കെ.കെ.ശൈലജയ്ക്കും ഉമ്മന്‍ചാണ്ടിക്കും രമേശ്ചെന്നിത്തലയ്ക്കും പി.കെ.കുഞ്ഞാലിക്കുട്ടിക്കും കുമ്മനം രാജശേഖരനും

ഉറക്കം നഷ്ടപ്പെട്ടിട്ടില്ല. കാരണം അവര്‍ പണമില്ലാത്തവരാണ്. ഏതുവിധേനയും ഡോക്ടറാക്കണം എന്നു തീരുമാനിച്ചുറപ്പിച്ച് ലക്ഷങ്ങള്‍ വാരിയെറിയാന്‍ ശേഷിയില്ലാത്ത അച്ഛനമ്മമാരുടെ മക്കളാണ്. അവര്‍ക്ക് ജീവിതവുമില്ല. അവകാശങ്ങളുമില്ല. 

നമ്മളാണ് വിഡ്ഢികളായത്. നാളിതുവരെ നടന്ന സ്വാശ്രയ സമരങ്ങളില്‍ അല്‍പമെങ്കിലും വിശ്വാസമര്‍പ്പിച്ചുപോയ സാദാ കേരളീയർ. കണ്ണീര് കണ്ട് അലിഞ്ഞു പോയതാണത്രേ. മെറിറ്റും അട്ടിമറിക്കാം, തലവരിപ്പണവും കൊടുക്കാം, നിയമവിരുദ്ധമായി പ്രവേശനം നേടി, കഷ്ടപ്പെട്ടു പഠിച്ച വിദ്യാര്‍ഥികളുടെ ജീവിതം തന്നെ അട്ടിമറിക്കാം. എല്ലാം ശരിയാക്കാന്‍, സ്വാശ്രയകണ്ണീരിൽ അലിയുന്ന കരുത്തനായ ഭരണാധികാരിയും കണ്ണീരോർത്തു മാത്രം കൈകോർക്കുന്ന പ്രതിപക്ഷവുമുണ്ടായാൽ മതി. കേരളത്തിന്റെയാകെ  നീതിബോധത്തെയും രാഷ്ട്രീയബോധ്യത്തെയും ലജ്ജിപ്പിച്ചുകൊണ്ടാണ് ഈ അനീതി കേരളനിയമസഭ പാസാക്കിയെടുത്തത്. 

കുട്ടികളുടെ കണ്ണീരിന്‍റെ ന്യായവും മുഖ്യമന്ത്രി, താങ്കള്‍ക്കു ചേരില്ല. കേരളത്തിലങ്ങളോമിങ്ങോളം താങ്കളുടെ ഭരണകൂടം വികസനത്തിന്റെ പേരില്‍ വീഴ്ത്തുന്ന കണ്ണീരു കാണാത്ത മുഖ്യമന്ത്രി, പണക്കാര്‍ക്കു മാത്രമുള്ളതല്ല കണ്ണീരും സ്വപ്നങ്ങളും. ഭൂമിയുടെ അവകാശികളെ തല്ലിച്ചതച്ചൊതുക്കിയേ വികസനത്തിനു വഴിവെട്ടാനാകൂവെന്നു വിശ്വസിക്കുന്ന താങ്കള്‍ ദയവായി അനുതാപത്തിന്റെ കണക്കു പറയരുത്. കോടികള്‍ വാരിയെറിയാന്‍ ശേഷിയുള്ള മനുഷ്യരെ മാത്രം മാത്രം ബാധിക്കുന്നതല്ല ഭാവിയുെട ആശങ്കകള്‍

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തോടു കൂടിയാണ് ഈ നിയമസഭ അനീതി ചെയ്തത്. ഭൂപരിഷ്കരണമടക്കം രാജ്യം പ്രകീർത്തിച്ച നിയമനിർമാണം നടത്തിയ അതേ സഭയാണ് നിയമം ലംഘിച്ച സ്വാശ്രയവിദ്യാര്‍ഥികളെ രക്ഷിക്കാന്‍ ഏതു വഴിയും നോക്കി  രാജ്യത്തിനു മുന്നിൽ തലകുനിക്കുന്നത്.. മാനുഷിക പരിഗണനയുടെ പേരിൽ പോരാടി ധീരചരമം പ്രാപിച്ചവരെന്നു മേനി നടിക്കാന്‍ ശ്രമിക്കരുത്. നിയമസഭയുടെ അടിസ്ഥാന തത്വങ്ങള്‍ പോലും മറന്ന് അബദ്ധജടിലമായ ഒരു നിയമ നിർമാണം നടത്തി മൂക്കുകുത്തി വീണവരെന്നാണ് പതിനാലാം നിയമസഭയെ കേരളചരിത്രം അടയാളപ്പെടുത്തുക, അതിനി എന്തെല്ലാം ഭേദഗതികള്‍ വരുത്തി ഈ നിയമത്തെ  രക്ഷിച്ചെടുത്താലും, സ്വാശ്രയപ്രശ്നത്തില്‍ കേരളത്തിലെ ഭരണപ്രതിപക്ഷങ്ങളുടെ തനിനിറം ലോകം കണ്ടു കഴിഞ്ഞു. കേരളത്തിന്റെ ഉന്നതമായ നീതിബോധത്തെയാണ് സാമാജികരേ നിങ്ങൾ ഒറ്റുകൊടുത്തത്. 

MORE IN PARAYATHE VAYYA
SHOW MORE