ഉയരത്തിൽ പറക്കുന്ന പരീക്ഷാലോബി

pva-question-paper-leak-t
SHARE

ചോദ്യപേപ്പര്‍‌ ചോര്‍ന്നു, പുതുക്കിയ പരീക്ഷാതീയതി പിന്നീട് അറിയിക്കും.  ഇതൊരു പുതുമയല്ലാതായി മാറിയിരിക്കുന്നുവെന്നത് സത്യം. പക്ഷേ രാഹുല്‍ഗാന്ധിയുടെ ട്വീറ്റുകളിലെ തമാശകളിലൊതുങ്ങുമോ രാജ്യത്തുണ്ടായിരിക്കുന്ന വിശ്വാസച്ചോര്‍ച്ച. പതിറ്റാണ്ടുകള്‍ കൊണ്ട് അടിത്തറയുറപ്പിച്ച  എല്ലാ  സംവിധാനങ്ങളുടെയും  വിശ്വാസ്യത  ചോര്‍ത്തിക്കളഞ്ഞ ഭരണസംവിധാനം മറുപടി പറയണം. രാജ്യത്തെ വളര്‍ന്നു വരുന്ന പൗരന്‍മാരുടെ ജീവിതത്തിന് അടിസ്ഥാനമാര്‍ക്കിടുന്ന സിബിഎസ്ഇ യില്‍ തുടങ്ങണം, വിശ്വാസ്യതയില്‍ പാസ്മാര്‍ക്ക് പോലുമില്ലാതാക്കിയ ഭരണകൂടത്തിന്റെ നിരുത്തരവാദത്തിനുള്ള മറുപടി . 

എന്നാല്‍ ഇന്ന് ഈ പരീക്ഷകള്‍ക്കെല്ലാം ഒടുവില്‍ എന്റെ രാജ്യം എനിക്ക് വച്ചുനീട്ടുന്നതെന്താണെന്ന് ഒരു വിദ്യാര്‍ഥി ചോദിച്ചാല്‍ പ്രധാനമന്ത്രിക്ക് ഉത്തരംമുട്ടും. നിങ്ങളുടെ വ്യവസ്ഥകള്‍ കെടുത്തിക്കളയുന്ന ഞങ്ങളുടെ ഊര്‍ജത്തിന്, നിങ്ങളുടെ വീഴ്ചകള്‍ ഞങ്ങളുടെ മുതുകത്ത് കെട്ടിവക്കുന്ന അധികസമ്മര്‍ദ്ദങ്ങള്‍ക്ക് എന്തുണ്ട് മറുപടിയെന്ന് ഒരു വിദ്യാര്‍ഥി ചോദ്യമുയര്‍ത്തിയാലും തന്റെ വിശ്വവിഖ്യാതമൗനത്തിലേക്ക് ഇറങ്ങിയിരിക്കുകയന്നതല്ലാതെ മറ്റൊരു സാധ്യത പ്രധാനമന്ത്രിക്ക് ഉണ്ടാകില്ല. കാരണം അത്രമേല്‍ ചോര്‍ന്നുപോകുന്നുണ്ട് വിശ്വാസ്യത.

ഏതുപരീക്ഷകളുടേയും ചോദ്യപേപ്പറുകള്‍ കരിഞ്ചന്തയില്‍ വാങ്ങാന്‍ ലഭിക്കുന്ന രാജ്യം, ഇനി വിലക്ക് വാങ്ങി തയാറെടുക്കാന്‍ മടിയാണെങ്കില്‍ അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് പരീക്ഷാഹാളുകളിലേക്ക് ഉത്തരങ്ങള്‍ ഒളിച്ചുകടത്തിതരുന്നവരുടെ രാജ്യം, പരീക്ഷഹാളില്‍ എത്താന്‍പോലും മടിയാണെങ്കില്‍ നിങ്ങള്‍ക്കായി മറ്റൊരാളെ ആള്‍മാറാട്ടത്തിലൂടെ പരീക്ഷാഹാളിലെത്തിക്കുന്നവരുടെ രാജ്യം. പരീക്ഷകളേ വേണ്ടെങ്കില്‍ ബിരുദസര്‍ട്ടിഫിക്കറ്റുകളെല്ലാം പണംനല്‍കിയാല്‍ കയ്യിലെത്തിക്കുന്ന രാജ്യം. അതുകൂടിയാണ് അതുകൂടിയാണ് ഇന്ന് ഇന്ത്യ

എക്സാം വാരിയേഴ്സ് എന്ന പുസ്തകം വായിച്ച് കേള്‍പ്പിക്കുന്നതും പരീക്ഷാ പേ ചര്‍ച്ച സംഘടിപ്പിക്കുന്നതുമെല്ലാം നല്ലതുതന്നെയാണ്. എന്നാല്‍ ആദ്യം വേണ്ടത് ഈ സംവിധാനങ്ങളുടെ വിശുദ്ധിയും വിശ്വാസതയും തിരിച്ചുപിടിക്കലാണ്. പണംകൊണ്ട് ഒരു പിന്‍വാതിലും മുട്ടിത്തുറക്കാനാകില്ലെന്ന് പ്രയത്നിച്ച് പഠിക്കുന്നവരെ ബോധ്യപ്പെടുത്താനാകണം. മാറിമാറിവന്ന എല്ലാസര്‍ക്കാരുകളും വളര്‍ത്തിയെടുത്ത ഈ വിദ്യാഭ്യാസവിപണിയെ തിരിച്ചുപിടിക്കലാണ്. എന്നാല്‍ സ്മൃതി ഇറാനിമാര്‍ ഇരുന്നിറങ്ങിപ്പോയ മാനവവിഭവശേഷിമന്ത്രാലയത്തിന് അതാകുമോ എന്നതാണ് ചോദ്യം

ചോദ്യചോര്‍ച്ചകളുടെ ഉത്തരവാദികള്‍ അധോലോക തൊഴില്‍-പരീക്ഷാവിപണികള്‍ തന്നെയാണ്. അതിനെ വളര്‍ത്തുന്നതില്‍ കച്ചവടക്കണ്ണുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും മല്‍സരബുദ്ധിമാത്രമുള്ള മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്നതിനേയും നിരാകരിക്കുന്നില്ല. ഒരുപക്ഷേ മികവുണ്ടായിട്ടും മുന്‍വാതില്‍മുട്ടി മടുത്ത ഗതികെട്ടവരും പിന്‍വാതിലിന് മുന്നിലേക്ക് എത്തുന്നുണ്ടാകും. എന്നാലും പ്രാഥമികഉത്തരവാദിത്തം സര്‍ക്കാരിന് തന്നെയാണ്.  വിശ്വാസതയില്ലാതെ അടിവസ്ത്രംവരെ ഊരിനോക്കി പരീക്ഷാഹോളിലേക്ക് കയറ്റാന്‍ കാണിക്കുന്നതിന്റെ ആവേശത്തിന്റെ പകുതിയെങ്കിലും അധികൃതരേ നിങ്ങള്‍ സ്വന്തംസ്ഥാപനത്തിന്റെ സുതാര്യത പരിശോധിക്കാന്‍ കാണിച്ചിരുന്നുവെങ്കില്‍ ഇന്ന് കുട്ടികള്‍ നിങ്ങളുടെ നേരെ കൈചൂണ്ടി നില്‍ക്കില്ലായിരുന്നു

MORE IN PARAYATHE VAYYA
SHOW MORE