പ്രത്യാശ തന്നെയാ‌ണ് ആ മതേതര കോളങ്ങൾ

pva-cast-t
SHARE

എനിക്ക് മതമില്ലെന്നു പ്രഖ്യാപിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം ഒന്നല്ല, ഒരായിരമായാലും ഒരു ലക്ഷമായാലും ആ പ്രഖ്യാപനത്തിന്റെ കരുത്തിന് എന്താണ് വ്യത്യാസം?

ഒരു കുഞ്ഞിന്റെ മതമേത് എന്ന ചോദ്യത്തിന് മതമില്ല എന്നെഴുതാന് ഒരു മനുഷ്യനുണ്ടായിരിക്കേണ്ട ഉത്തരവാദിത്തം എത്രമാത്രം വലുതായിരിക്കണം. ഒരു ജീവിതത്തെ, ഒരു വ്യക്തിത്വത്തെ നിര്ണയിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന, അതിബൃഹത്തായ ഉത്തരവാദിത്തമാണത്.  മതത്തിന്റെ അതിപ്രസരമുള്ള ഒരു സമൂഹത്തില് ജീവിക്കുന്നവരെന്ന നിലയില് കേരളത്തിലൊക്കെ ഇപ്പോഴത് സാഹസികമായ ഒരു തീരുമാനം കൂടിയാണ്. മക്കള്ക്ക് മതമില്ലെന്ന് രേഖകളാല് സാക്ഷ്യപ്പെടുത്തുന്ന രക്ഷിതാക്കള്ക്കൊപ്പമില്ലെങ്കിലും അവരുടെ കണക്കെടുക്കുന്ന വിദ്യാഭ്യാസമന്ത്രിക്ക് ആ പദവിയുടെയെങ്കിലും ഉത്തരവാദിത്തം കാണിക്കാനുള്ള ബാധ്യതയുണ്ട്. സംസ്ഥാനത്തെ സ്കൂളുകളില് ഒന്നേകാല്ലക്ഷം കുട്ടികള്ക്ക് ജാതിയും മതവും രേഖപ്പെടുത്തിട്ടില്ലെന്ന് തെറ്റായി പ്രഖ്യാപിച്ച വിദ്യാഭ്യാസമന്ത്രി  ഒരു വലിയ രാഷ്ട്രീയനിലപാടിനോടു കാണിച്ചത് ന്യായീകരണമില്ലാത്ത ഉത്തരവാദിത്തമില്ലായ്മയാണ്. 

മതം നിങ്ങളുടെ വ്യക്തിത്വവും അഭിമാനവുമൊക്കെയായി മാറുന്ന കാലത്ത് , എന്റെ കുഞ്ഞിന് ആ വ്യാജആത്മവിശ്വാസത്തിന്റെ ലേബല് വേണ്ട എന്നു തീരുമാനിക്കുന്നവര് പറയുന്ന രാഷ്ട്രീയം ലോകത്തെ മുന്നോട്ടു നയിക്കുന്ന വിശ്വാസമാണ്. അതുകൊണ്ട് ആ കുഞ്ഞുങ്ങളുടെ എണ്ണം അത് വെറും ഒന്നായാലും, ഒന്നേകാല്ലക്ഷമായാലും ഒരുപോലെ വലുതാണ്. പക്ഷേ ആ കണക്ക് അത്ര നിസാരമായങ്ങ് തെറ്റിക്കുന്നതും ഒട്ടും നിസാരമല്ലാത്ത ഒന്നു തന്നെയാണെന്ന് േകരളത്തിന്റെ വിദ്യാഭ്യാസമന്ത്രി തിരിച്ചറിയേണ്ടതുണ്ട്. 

പേടിക്കേണ്ടത്, മതം വേണ്ടെന്നു വച്ച തലമുറയുടെ അംഗസംഖ്യ എത്ര വലിയ രാഷ്ട്രീയപ്രഖ്യാപനമാണെന്നു പോലും മനസിലാക്കാത്ത വിദ്യാഭ്യാസമന്ത്രിയെയാണ്. കൈയില് കിട്ടിയ കണക്ക് ഒരുത്തരവാദിത്തവുമില്ലാതെ വായിച്ചു പോയ ആ മന്ത്രിയെ വിശ്വസിച്ചാണ് കേരളം വലിയ ചര്ച്ചകള്ക്ക് തുടക്കമിട്ടതെന്നോര്ത്ത് ലജ്ജിക്കണം. പക്ഷേ കണക്കിലെ തെറ്റുകള് ആഘോഷമാക്കി അത്രയൊന്നുമില്ലെന്ന് ആഹ്ലാദിക്കുന്നവരെ തിരിച്ചറിയാന് ഒരവസരം തന്നതിന് അതേ മന്ത്രിക്കു തന്നെ നന്ദി പറയുകയും വേണം. 

പ്രധാന വസ്തുത പക്ഷേ ഇതിനെല്ലാമിടയിലായിരുന്നുവെന്ന് ഓര്ത്തവര് വളരെ ചുരുക്കമാണ്.  മതം ഒരു പൗരന്റെ അടിസ്ഥാനയോഗ്യതയായി മാറുന്ന ഈ  രാഷ്ട്രീയകാലത്ത്  ഞങ്ങള്ക്കതു വേണ്ടെന്ന് ഉറപ്പിച്ചു പറയുന്ന മനുഷ്യര്, അവരെത്ര ചെറിയ കൂട്ടമായാലും, എത്ര പ്രിവിലേജുകള് അനുഭവിക്കുന്നവരായാലും അതൊരു പ്രഖ്യാപനമാണ്. ഏതു വിമര്ശനങ്ങള്ക്കിടയിലും അവഗണിക്കാനാകാത്ത അടിത്തറയുളള ഉറച്ച പ്രഖ്യാപനം. മതമില്ലെന്നോ വിശ്വാസമില്ലെന്നോ നിരീശ്വരവാദിയെന്നോ ഒന്നുമല്ല ആ പ്രഖ്യാപനം. മതത്തിന്റെ മേല്വിലാസം വേണ്ടെന്നാണ്. ആ രാഷ്ട്രീയം അപഹസിക്കപ്പെടേണ്ടതല്ല. 

മതവിശ്വാസത്തെ അപമാനിക്കാനോ, അനുഷ്ഠാനങ്ങളെ അവഹേളിക്കാനോ അല്ല, മതം രേഖപ്പെടുത്താത്ത കുട്ടികളുെട എണ്ണം ചര്ച്ചയായത്. മതത്തിന്റെ ആത്മീയതയല്ല ചര്ച്ചാകേന്ദ്രം, അധികാരത്തിന്റെ ആയുധമാകുന്ന വിശ്വാസമാണ്. രാഷ്ട്രീയാധികാരത്തിനുള്ള ഉപകരണമായിരിക്കുന്നു മതം. വിശ്വാസം മൂല്യങ്ങള് ബലപ്പെടുത്താനല്ല, അധികാരവഴിയിലേക്കുള്ള വിലപേശലിനുള്ള ഉപാധി മാത്രമാകുന്നതിനെക്കുറിച്ചാണ്. മനുഷ്യനെ വിഭജിക്കാനും പരസ്പരശത്രുതയും വിദ്വേഷവും വളര്ത്താനുള്ള ഏറ്റവും തീവ്രശേഷിയേറിയ ആയുധമാകുന്നതിനോടുള്ള പ്രതിഷേധമായാണ് ആ കണക്ക് ചര്ച്ചയാകേണ്ടത്. പക്ഷേ ആ രാഷ്ട്രീയമൊന്നും മനസിലാക്കാനുള്ള ശേഷി കേരളത്തിലെ ഇടതുസര്ക്കാരിനില്ലെന്ന് സമ്മതിക്കാതെ നിവൃത്തിയില്ല. കൈയില് കിട്ടിയ കണക്കെടുത്ത് ഒരു പരിശോധനയുമില്ലാതെ കേരളത്തിനു മുന്നിലേക്കിട്ടു തിരിഞ്ഞു നടന്നിരിക്കുന്നു വിദ്യാഭ്യാസമന്ത്രി. രേഖപ്പെടുത്തിയില്ല എന്നതും ജാതിയും മതവും ഇല്ലെന്നു തീരുമാനിച്ചു എന്നും വ്യാഖ്യാനിക്കപ്പെടുന്നതിന്റെ വ്യത്യാസം അറിയാത്തൊരാള് കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രിയായി തുടരണോ എന്നാണ് അടിയന്തരമായി ഉത്തരം കിട്ടേണ്ട ചോദ്യം. 

MORE IN PARAYATHE VAYYA
SHOW MORE