ചുവപ്പിന് ഇനി പിണറായിത്തുരുത്ത് മാത്രം

pva-tripura-t
SHARE

25 വര്ഷം ചെങ്കോട്ടയായി ഉറച്ചു നിന്ന ത്രിപുര നിറം മാറുമ്പോള് സി.പി.എമ്മിന് സ്വന്തം പ്രസക്തിയെക്കുറിച്ച് ആശങ്ക തോന്നുന്നില്ലെങ്കില്, തിരുത്തേണ്ട വഴികള് തെളിയുന്നില്ലെങ്കില് ഇന്ത്യന് രാഷ്ട്രീയം ഇനിയെന്തിന് ആ പാര്ട്ടിയില് പ്രതീക്ഷയര്പ്പിക്കണം?. രാഷ്ട്രീയം തിരഞ്ഞെടുക്കാന് ആവശ്യപ്പെട്ടപ്പോഴെല്ലാം സി.പി.എമ്മിനെ വിശ്വസിച്ച കേരളത്തിനോടെങ്കിലും മറുപടി പറയാന് ആ പാര്ട്ടിക്ക് ബാധ്യതയുണ്ട്. എന്തിനു വേണ്ടി, എന്തിനുള്ള പ്രത്യാശയില് ഇനി ഇന്ത്യയിലെ ബഹുജനം സി.പി.എമ്മിനൊപ്പം നില്‍ക്കണം. സി.പി.എമ്മിനെ കാത്തിരിക്കണം? 

ന്യായീകരിക്കാന് ഇനിയും കാരണങ്ങള് കണ്ടെത്താന് അവസരങ്ങളുണ്ട്.  സി.പി.എമ്മിന്റെ വോട്ടുശതമാനത്തില് വന് ഇടിവുണ്ടായിട്ടില്ല. പലയിരട്ടി ചുരുങ്ങിയൊതുങ്ങിയ കോണ്ഗ്രസാണ് ത്രിപുരയില് ബി.ജെ.പിയായി മാറിയത്. തോല്വിയുടെ കുന്തമുനയില് കോണ്ഗ്രസാണ് ഇല്ലാതെയയായത്. കണക്കുകളും അതു സാധൂകരിക്കും. പക്ഷേ കോണ്ഗ്രസിന് എന്തു സംഭവിക്കുന്നുവെന്നല്ല ത്രിപുര പറഞ്ഞത്. ഇന്ത്യയുടെ ഭൂപടത്തില് നിന്ന് ചുവപ്പ് മാഞ്ഞു മാഞ്ഞ് ഇങ്ങേയറ്റം കേരളത്തിലെ ചെറിയ വട്ടത്തിലേക്കൊതുങ്ങിയിരിക്കുന്നുവെന്ന യാഥാര്ഥ്യം കോണ്ഗ്രസിനെയുമല്ല പേടിപ്പിക്കേണ്ടത്. 

സി.പി.എം യാഥാര്‍ഥ്യബോധത്തിലേക്കെത്തുമോ? അവസാനിച്ച അഹങ്കാരങ്ങളിലൊന്ന് ഞങ്ങളുള്ളിടത്ത് ബി.ജെ.പി. വളരില്ലെന്നാണല്ലോ. തിരഞ്ഞെടുപ്പുകളുടെ അടിസ്ഥാനത്തിലല്ല രാഷ്ട്രീയനയനിലപാടെന്നു ഇനിയും വിശദമായി വിസ്തരിക്കാം. പക്ഷേ എന്താണ് ഇടതുപക്ഷത്തിന്റെ പ്രസക്തി എന്ന ചോദ്യത്തിന്  ഏതു സംസ്ഥാനത്തെ  ചൂണ്ടിയാണ് ഇനി  നിങ്ങള്‍ ഉത്തരം പറയുക? ഇടതുരാഷ്ട്രീയം ശരിയാണെന്ന് തെളിയിക്കാന്‍ അധികാരത്തിന്റെ പ്രാധാന്യം തള്ളിക്കളഞ്ഞുകൊണ്ട്, ഏതു വഴി എത്ര ദൂരം സി.പി.എമ്മിനു മുന്നോട്ടു പോകാനാകും?

ബി.ജെ.പിക്ക് ഒരു പ്രത്യയശാസ്ത്രത്തിന്റെയും ഒരു  നിലപാടിന്റെയും ബാധ്യതയില്ല. ഒരു രാഷ്ട്രീയത്തിന്റെയും ബാധ്യതയില്ലാത്ത പാര്‍ട്ടിയാണത്. വിജയവും അധികാരവും എല്ലാം സാധൂകരിക്കുമെന്ന പുത്തന്‍ രാഷ്ട്രീയകാഴ്ചപ്പാടിന്റെ പകര്‍പ്പവകാശി.  ആ രാഷ്ട്രീയത്തെ നേരിടാന്‍ എന്താണ് നിങ്ങളുടെ പരിപാടിയെന്നു ചോദിക്കുമ്പോള്‍, കണ്ടില്ലേ കോണ്‍ഗ്രസിന്റെ പതനമെന്ന് സ്വയം പരിഹസിക്കരുത്. ഈ രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന രാഷ്ട്രീയവെല്ലുവിളികള്‍ക്കനുസരിച്ച്  സി.പി.എമ്മിന് സ്വയം പരുവപ്പെടാന്‍ കഴിയുമോ? സി.പി.എമ്മിന്റെ പ്രസക്തി സി.പി.എമ്മിന്റെ മാത്രം ചോദ്യമായി മാറാന്‍ ഇനി ഏറെ കാലം കാത്തിരിക്കേണ്ടി വരില്ലെന്നു പറയാതെ വയ്യ. 

സഖ്യങ്ങളില്ലാതെ മുന്നോട്ടു പോകാനാകില്ലെന്നത് സി.പി.എം അംഗീകരിക്കുമോ എന്നതാണ് ചോദ്യം. കേരളാകോണ്‍ഗ്രസിനു വേണ്ടി ചുവന്ന പരവതാനി വിരിച്ചു കാത്തു നില്‍ക്കുന്ന കേരളാ സി.പി.എമ്മാണ്  കോണ്‍ഗ്രസ് സഖ്യത്തിലെ അധാര്‍മികതയും ഉയര്ത്തിപ്പിടിച്ച്  ശ്വാസം മുട്ടിക്കുന്നത്. രാഷ്ട്രീയധാര്‍മികതയെക്കുറിച്ച് കവലപ്രസംഗം നടത്തുന്നത്  മാണിവിരുദ്ധവികാരത്തിന്റെ പേരില്‍ അധികാരത്തിലേറി, അന്നു മുതല്‍ കെ.എം.മാണിയെ പരിശുദ്ധനാക്കാന്‍ വെമ്പല്‍ കൊള്ളുന്ന അതേ സി.പി.എമ്മാണ്. ആഞ്ഞു വീശിയാല്‍ ഉലഞ്ഞു പോകുന്ന ഉറപ്പേ ഇരട്ടത്താപ്പുകള്‍ക്കുമേല്‍ പണിതുയര്‍ത്തിയ കേരളത്തിലെ ചെങ്കോട്ടയ്ക്കുള്ളൂ. 

രാഷ്ട്രീയം മാറിക്കഴിഞ്ഞിരിക്കുന്നു. അടിമുടി മാറ്റമെന്ന് ത്രിപുര വിളിച്ചു പറയുന്നു. ഇന്ത്യക്കാരനെന്ന അടിസ്ഥാനമേല് വിലാസത്തില് സി.പി.എമ്മിനെ ഇനിയെന്തിന് ആശ്രയിക്കണം എന്ന ചോദ്യത്തിന് ഇനി ഉത്തരം കാത്തിരിക്കുന്നത് മലയാളിയാണ്. മലയാളികള് തന്നെയാണ് ആ ചോദ്യത്തിനുത്തരം തീരുമാനിക്കാന് പോകുന്നതും. എന്തിനെന്ന് ഇടര്ച്ചയില്ലാത്ത മറുപടി മുന്നോട്ടു വയ്ക്കാന് സി.പി.എമ്മിനു കഴിയുന്നില്ലെങ്കില് നഷ്ടം സി.പി.എമ്മിനു മാത്രമല്ലായിരിക്കാം. പക്ഷേ രാഷ്ട്രീയവും ചരിത്രവും ഒരിക്കലും ആര്‍ക്കു വേണ്ടിയും കാത്തിരിക്കില്ലെന്നറുപ്പാണ്. 

MORE IN PARAYATHE VAYYA
SHOW MORE