ഒരു മധുവിനും ഇനി വിശപ്പുമൂലം മോഷ്ടിക്കേണ്ടി വരില്ലെന്ന് ഉറപ്പു പറയാനാകുമോ?

madhu
SHARE

മധുവിനെ തല്ലിക്കൊന്നാണ് ജീവനെടുത്തതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ഉറപ്പിച്ചു പറഞ്ഞു. ശരിക്കും നമ്മളാരാണ്? കൊലക്കുറ്റം ചുമത്തപ്പെട്ട പതിനഞ്ചു പേരില്‍ തീരില്ല കൊലയാളികളെന്നു സമ്മതിക്കാന്‍ നമുക്ക് കഴിയുന്നില്ലെങ്കില്‍ പിന്നെന്തിനാണീ കോലാഹലങ്ങള്‍?  നമ്മൾ കൊലയാളികളായിരിക്കുന്നു. അട്ടപ്പാടിയിൽ നമ്മളെ നോക്കിനിന്ന, ദൈന്യതയാര്‍ന്ന ജീവന് ഇനിയൊരിക്കലും  നമ്മുടെ തൊണ്ടക്കുഴിയിൽ നിന്ന് ഇറങ്ങിപ്പോകില്ല. മനുഷ്യത്വക്കുറിച്ചു സംസാരിക്കാന്, ഇനിയെങ്ങനെയാണ് നമ്മൾ യോഗ്യരായിരിക്കുക? കൊലയാളികള്‍ക്കെതിരെ ആക്രോശിച്ചു പിരിഞ്ഞു പോകരുത്. വെറുപ്പിന്റെ, പകയുടെ, വിവേചനത്തിന്റെ ആള്ക്കൂട്ടഹിംസയില് നമുക്കെല്ലാം പങ്കുണ്ട്. നമ്മളോരോരുത്തരും കുറ്റവാളികളാണ്.

മുക്കാലി ജംഗ്ഷനിൽ, വനാതിർത്തിയോടു ചേർന്ന ഒരു പാറക്കെട്ടിനടുത്തു നിന്നു പിടികൂടി. മുക്കാലി മുതൽ താവളം വരെ ഒട്ടേറെ ചെറുകടകളിൽ നിന്ന് സാധനങ്ങൾ മോഷണം പോകുന്നതായി പരാതിയുണ്ടായിരുന്നു. മധുവെന്ന് സി.സിടി.വി ദൃശ്യങ്ങളില് നിന്ന് നാട്ടുകാർക്കു ബോധ്യപ്പെട്ടുവത്രേ. മുക്കാലി അങ്ങാടിയിൽ കൊണ്ടു വന്ന് ആള്ക്കൂട്ട വിചാരണയും നടത്തി. മർദിച്ചതിന് ശേഷമാണ് നാട്ടുകാര് പൊലീസുകാർക്ക് കൈമാറിയതെന്നാണ് പരാതി. പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടു പോകും വഴി, ജീപ്പില് വച്ച് തുടർച്ചയായി ഛർദിച്ച മധു ആശുപത്രിയിൽ എത്തിക്കും മുന്നേ മരണത്തിനു കീഴടങ്ങിയിരുന്നു. 

പാവമെന്നതിന് അമ്മയുടെ സാക്ഷ്യം പോലും വേണ്ട. ആൾക്കൂട്ട വിചാരണ നടത്തിയവർ തന്നെ സെൽഫിയായും ദൃശ്യങ്ങളായും കാണിച്ചു തന്നിട്ടുണ്ട്. ദൈന്യരൂപം പൂണ്ട ഒരു ചെറുപ്പക്കാരന്. മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നുവെന്ന് നാട്ടുകാരും ബന്ധുക്കളും.  അവന് മോഷ്ടിച്ചുവെന്ന് ഇവര് തന്നെ ആരോപിക്കുന്നത് ഭക്ഷണസാധനങ്ങളാണ്. വിശപ്പടക്കാനുള്ള അരിയും പലചരക്കുസാധനങ്ങളുമാണ് അവര് പിടിച്ചു വാങ്ങിയ സഞ്ചിയിൽ നിന്ന് കണ്ടെടുത്തത്. 

വിശപ്പ് സഹിക്കാതെ മോഷ്ടിച്ചുവെന്നാരോപിച്ച് ആൾക്കൂട്ടം ഒരാളെ തല്ലിക്കൊന്നു. എനിക്ക് തലയുയർത്താൻ പ്രയാസമുണ്ട്. നമുക്കോരോരുത്തർക്കും പ്രയാസമുണ്ടാകണം. വിശപ്പിനോടു പൊറുക്കാനറിയാഞ്ഞ ചിലരിലൊതുങ്ങില്ല യഥാര്ഥ അപമാനമെന്നും തിരിച്ചറിയണം. ആൾക്കൂട്ടത്തിലെത്തുമ്പോൾ ഉന്മാദികളാകുന്ന, ഹിംസയുടെ വക്താക്കളാകുന്ന പുതിയ തരം മനുഷ്യരായി മാറുന്ന മലയാളികളെ തിരിച്ചറിയണം. അടിക്കാന് കൈയുയർത്തിയിട്ടില്ലെന്നു പറഞ്ഞൊഴിയരുത്. ഹിംസയുടെ മനഃശാസ്ത്രം പ്രചരിപ്പിക്കുന്നതില് നമുക്കെല്ലാം മറുപടി പറയാൻ ബാധ്യതയുണ്ട്. സമൂഹമാധ്യമങ്ങളിലെ സംഘടിതആക്രമണങ്ങളില് പോലും തെളിഞ്ഞു നിഴലിക്കുന്നുണ്ട് മലയാളിയുടെ ഹിംസാത്മകമനസ്. നമുക്കാരുടെയെങ്കിലും ജീവനെടുക്കണം, നേരില് കഴിഞ്ഞില്ലെങ്കില് വെര്ച്വല് സ്പേസിലെങ്കിലും നമ്മള് ആള്ക്കൂട്ടവിചാരണയും അക്രമവും തുടര്ന്നുകൊണ്ടേയിരിക്കുകയാണ്. 

പല മട്ടില്, പല ഭാവത്തില് നമ്മള് നമ്മളെത്തന്നെ അക്രമികളായി കാണേണ്ട കാലമായിരിക്കുന്നു. സംഘടിതരാഷ്ട്രീയത്തിന്റെ പേരില് നാട്ടുകാരനെ വെട്ടിനുറുക്കുമ്പോള്,  ഭിക്ഷാടന മാഫിയയെന്ന പേരില് ആളുകളെ തല്ലിക്കൊല്ലാറാക്കുമ്പോള്, മോഷ്ടാവെന്ന പേരില് ഓടിച്ചിട്ടു പിടിക്കുമ്പോള്, ട്രാന്സ്ജന്ഡര് എന്ന ഒറ്റക്കാരണത്തില് മനുഷ്യനെ ആക്രമിക്കുമ്പോള്, സദാചാരത്തിന്റെ സൂക്ഷിപ്പുകാരെന്ന വേഷം കെട്ടി ആണിനെയും പെണ്ണിനെയും തല്ലിയോടിക്കുമ്പോഴെല്ലാം ഈ ആള്ക്കൂട്ടഅതിക്രമങ്ങള് നമ്മള് കണ്ടുകൊണ്ടേയിരിക്കുകയാണ്. നിസംഗമായി നോക്കിനില്ക്കുകയാണ്. ഒറ്റയ്ക്കൊറ്റയ്ക്ക് അക്രമിയാകാത്തവനെയും ഉന്മാദിയാക്കുന്ന ആത്മവിശ്വാസം തരുന്ന ആള്ക്കൂട്ടങ്ങളിലേക്കെത്താനാണ് ഇന്ന് മലയാളി ധൃതിപിടിച്ചോടുന്നത്. 

ആള്ക്കൂട്ടത്തിന്റെ ഉന്മാദം അപമാനിച്ചവരില് അശാന്തനുണ്ട്, വടയമ്പാടിയിലെ ദളിതരുണ്ട്. പേരറിയാത്ത പലരുമുണ്ട്. അതേ ആള്ക്കൂട്ടത്തിന്റെ മനഃശാസ്ത്രത്തിനൊപ്പം അധികാരത്തിന്റെ ബലം കൂടി ചേര്ന്ന് നിസഹായരായ മനുഷ്യരുടെ ജീവിതം ചവിട്ടിയരച്ചു കളയുന്ന പൊലീസുണ്ട്. ആ പൊലീസാണ് കേരളത്തില് ട്രാന്സ്ജെന്ഡേഴ്സിനെ തെരുവില് തല്ലിച്ചതച്ച് കൊല്ലാക്കൊല ചെയ്യുന്നത്. വിനായകന്റെ ജീവനെടുത്തത്. ആ പൊലീസിന്റെ മനോവീര്യം ചോര്ന്നുപോയാലോ എന്നു ഭയന്ന്ന ഒരക്ഷരം മിണ്ടാത്ത  മുഖ്യമന്ത്രിയാണ് മധുവിന് നീതി ഉറപ്പാക്കുമെന്ന് വാക്കു തന്ന് നമ്മളെ പിന്നെയും കളിയാക്കുന്നത്. 

കര്ശനമായ നടപടി  സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി. ആവര്ത്തിക്കാതിരിക്കാന് നടപടിയെടുക്കുമത്രേ. എന്തിനാണിത്രമേല് ആത്മാര്ഥതയില്ലാത്ത വാക്കുകള് ചവച്ചരച്ചു തുപ്പുന്നത്   ഭരണാധികാരി? എന്തു നടപടിയെടുത്തു നമ്മള്? നിസഹായരായ മനുഷ്യനെ മരണവൃത്തത്തിലേക്ക് തള്ളിയിടുന്ന ആള്ക്കൂട്ടബലം താങ്കളുടെ പൊലീസ് കാണിച്ചിട്ടില്ലേ? എങ്ങനെ തിരുത്തി താങ്കള്? പൊലീസിന്റെ ഹിംസയെങ്കിലും നിയന്ത്രിക്കാന് താങ്കള്ക്ക് കഴിയുമല്ലോ? എന്തു ചെയ്തു? ആള്ക്കൂട്ടത്തിലേക്കെത്തുമ്പോള് മനുഷ്യനല്ലാതായിപ്പോകുന്നവന് നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലുണ്ട്. ഹിംസ തല്ലിക്കൊല്ലുന്നതു മാത്രമല്ല.  വയലന്സിനെ അപലപിക്കാന് മരണമെന്ന കാരണവും വേണ്ടി വരരുത്. ഹിംസാത്മകമായ സമൂഹമായി മാറിക്കഴിഞ്ഞിരിക്കുന്നു നമ്മള്. നമുക്കുള്ളിലുണ്ട് കടുത്ത അസഹിഷ്ണുത. വെറുപ്പിന്റെ ഹിംസ 

എന്താണ് മാതൃകാപരമായ നടപടി?

മാതൃകാപരം പോയിട്ട്, കൈക്കൊള്ളേണ്ട മിനിമം നടപടി പോലുമെടുക്കാതെയാണ് പൊലീസ് മന്ത്രിയും ഇടതുഭരണകൂടവും വലിയ വായില്‍ വര്‍ത്തമാനം പറയുന്നത്. ആള്‍ക്കൂട്ടം നിയമം കയ്യിലെടുത്ത് അഴിഞ്ഞാടുന്ന സംഭവങ്ങള്‍ വര്‍ധിക്കുമ്പോഴും പൊലീസ് നോക്കുകുത്തിയായെന്നതിന് വ്യക്തമായ കണക്കുകള്‍ സാക്ഷ്യം പറയും. മൂന്ന് മാസത്തിനിടെ ഇരുപതിലേറെ സംഭവങ്ങളുണ്ടായിട്ടും പ്രതികളെ പിടിച്ചത് നാലെണ്ണത്തില്‍ മാത്രം. ദൃശ്യങ്ങളുണ്ടായിട്ടു പോലും തെളിവില്ലെന്ന പേരില്‍ അന്വേഷണം അവസാനിപ്പിക്കുന്നതാണ് അട്ടപ്പാടിയിലേത് പോലുള്ള ദാരുണസംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം. കണ്ണൂരില്‍  ആള്‍ക്കുട്ടം വളഞ്ഞിട്ട് ആക്രമിച്ചത് ഇതരസംസ്ഥാന തൊഴിലാളിയെ. തിരുവനന്തപുരം വലിയതുറയില്‍ ട്രാന്‍സ്ജെന്ററെ വസ്ത്രംവലിച്ച് കീറി മര്‍ദിച്ചതിന് നാട്ടുകാര്‍ ന്യായം പറഞ്ഞത് കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് . വൈപ്പിനില്‍ സ്ത്രീകള്‍ തന്നെയാണ് സ്ത്രീയെ തല്ലിച്ചതച്ചത്.

മനസാക്ഷിയില്ലാത്ത മര്‍ദനങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ കേസെടുത്ത് അവസാനിപ്പിക്കുക മാത്രമാണ് പൊലീസ് ചെയ്യുന്നത്. മൂന്ന് മാസത്തിനിടെയുണ്ടായ അക്രമങ്ങളില്‍ പ്രതിയെ പിടിച്ചത്  നാല് കേസുകളില്‍ മാത്രം. ക്രൂരമര്‍ദനത്തിന് ദൃശ്യങ്ങള്‍ തെളിവായ കണ്ണൂരിലെയും തിരുവനന്തപുരത്തെയും കേസുകളില്‍ പോലും പ്രതികള്‍ക്ക് സ്റ്റേഷന്‍ ജാമ്യം നല്‍കി പൊലീസ് രക്ഷപെടുത്തി. 

ഇതരസംസ്ഥാന തൊഴിലാളികളും മാനസിക വിഭ്രാന്തിയുള്ളവരുമടക്കം ചോദിക്കാനും പറയാനും ആരുമില്ലാത്തവരാണ് ആള്‍ക്കുട്ടത്തിന്റെ ഇരകള്‍. അവര്‍ പരാതി നല്‍കുന്നില്ലെന്നും സാക്ഷിപറയാന്‍ ആരും തയാറാകുന്നില്ലെന്നൊക്കെയാണ് അറസ്റ്റ് ചെയ്യാത്തതിന് പൊലീസിന്റെ ന്യായം. 

സ്വമേധെയാ കേസെടുത്ത് മാതൃക ശിക്ഷ നല്‍കി ഇത്തരം അക്രമങ്ങള്‍ക്ക് തടയിടാമെന്നിരിക്കെയാണ് നിയമം കയ്യിലെടുക്കരുതെന്ന പതിവ് ഉപദേശം നല്‍കി പൊലീസ് നോക്കുകുത്തിയാകുന്നത്.

 കൂട്ടം കൂടുമ്പോള് തല്ലിക്കൊല്ലുന്നവരാകുന്നതെങ്ങനെയാണ് എന്ന ചോദ്യത്തിന് അട്ടപ്പാടിയിലെ 15 പേരില് നിന്നു കിട്ടുമോ ഉത്തരം. ആഴത്തില് ചികഞ്ഞാല് നമ്മളിലാരാണ് പ്രതിക്കൂട്ടില് കയറാതിരിക്കുക. അപരന്മാരെ വെറുക്കാന് പഠിച്ചു പോയിരിക്കുന്നു നമ്മള്. നമ്മളല്ലാത്തതെല്ലാം അപരനാണ്. അപരനെ സംശയമാണ്. വെറുപ്പാണ്, പകയാണ്. എവിടെ കിട്ടിയാലും എന്തെങ്കിലുമൊരു കാരണം കണ്ടെത്തി അവനെ ഹിംസിക്കാന് കാത്തിരിക്കുന്നവരായിരിക്കുന്നു നമ്മള്. ദുര്ബലരായ ആരെ കണ്ടാലും കൈ തരിക്കുന്നവര്. സമൂഹമാധ്യമങ്ങളില് കാണുന്നതും അതു തന്നെ. ഇതുവരെ തലകുനിഞ്ഞു നിലത്തിഴഞ്ഞ് ജീവിച്ചവരില് ആരെങ്കിലും തലയുയര്ത്തിയാല് ഉടനേ അടിച്ചു വീഴ്ത്തണം. അത് സ്ത്രീയാണെങ്കിലും ദളിതനാണെങ്കിലും വീണ്ടും തലകുനിച്ചു തരും വരെ ഹിംസാത്മകമായ ഭാഷ കൊണ്ട് അടിച്ചു വീഴ്ത്താന് ആള്ക്കൂട്ടങ്ങള് പെട്ടെന്നു രൂപപ്പെടും. ഒരേ മനഃശാസ്ത്രം അവരെ ഒന്നിപ്പിക്കും. ആള്ക്കൂട്ടമായിക്കഴിഞ്ഞാല് പിന്നെ മനുഷ്യനില്ല. 

മധുവിന്റെ മരണം ഒറ്റപ്പെട്ടതായി തോന്നുന്നതാണ് അപകടം.. മധു മര്‍ദനമേറ്റ് മരിച്ചുവെന്നതിന് നമുക്കൊരു ന്യായവും കണ്ടെത്താന്‍ കഴിയാത്തതുകൊണ്ടാണ് നമുക്കിത്രമേല്‍ കുറ്റബോധമേല്‍ക്കുന്നത്.  മധുവിന്റെ നിസഹായതയില്‍ മാത്രമാണ് നമുക്കിത്രമേല്‍ പൊള്ളലേറ്റതെങ്കില്‍ സ്വയം പരിശോധിക്കണം. ഇത്തരത്തില്‍ ദാരുണാന്ത്യമേറ്റ മറ്റനേകം മനുഷ്യരോട് നമുക്കീ കാരുണ്യവും കണ്ണീരും തോന്നിയില്ലെങ്കില്‍ നമ്മുടെ മനഃസാക്ഷിക്ക് ചികില്‍സ വേണം. സംഘടിതരുടെ ശക്തിയോടേറ്റുമുട്ടി നില്‍ക്കാനാകാതെ മരണത്തിന് കീഴടങ്ങിയ അനേകം മനുഷ്യര്‍ നമ്മുടെ ജനാധിപത്യസങ്കല്‍പത്തിലെ  ചോദ്യചിഹ്നങ്ങളാണ്. ആള്‍ക്കൂട്ടങ്ങള്‍ക്കു മുന്നില്‍ കീഴടങ്ങിയ എല്ലാ മനുഷ്യരും നീതി അര്‍ഹിക്കുന്നവരാണ് . മധുവിനു വേണ്ടി പൊഴിക്കുന്നത് മുതലക്കണ്ണീരല്ലെന്നുറപ്പാക്കേണ്ടത് ഇനിയൊരിക്കലും ഒരു മനുഷ്യന്‍ നിറത്തിന്റെ പേരില്, ജാതിയുടെ പേരില്‍ വര്‍ഗത്തിന്റെ പേരില്‍ മര്‍ദനമേല്‍ക്കില്ലെന്നുറപ്പിച്ചു കൊണ്ടാണ്. 

മലയാളികള്‍ക്കിടയില്‍ അതിശക്തമായി വേരൂന്നിനില്‍ക്കുന്ന വംശീയതയും ജാതീയതയും യാഥാര്‍ഥ്യമാണെന്നംഗീകരിക്കാതെ മധുവിനുള്ള നീതി പൂര്‍ണമാകില്ല. നിറം കുറഞ്ഞവനെ, അധികാരം കുറഞ്ഞവനെ, ബലം കുറഞ്ഞവനെ കൊന്നു കളയാമെന്ന ബോധമുണ്ടാകുന്നത് വംശീയതയില്‍ നിന്നു തന്നെയാണെന്ന് സമ്മതിക്കേണ്ടതുണ്ട്., സ്വയമെങ്കിലും. അതിന്റെ വേരുകള്‍ അവനവനില്‍ ഏതെല്ലാം ആഴം വരെ വേരൂന്നിയുണ്ടെന്നും ഐക്യദാര്‍ഢ്യക്കാര്‍ കൂടി പരിശോധിക്കുന്നത് നന്നായിരിക്കും. 

വംശീയതയും വെറുപ്പും സമാസമം ചേര്‍ത്താണ് കൊലയാളികള്‍ മധുവിന്‍റെ ജീവനെടുത്തത്. വെറുപ്പുയത്തുന്ന അപകടം രാഷ്ട്രീയചോദ്യമായിത്തന്നെ മുന്നിലുണ്ടെന്നു  നമ്മള് മറക്കാതിരിക്കണം. അധികാരക്കച്ചവടത്തിലെ ഏറ്റവും ഫലപ്രദമായ വിപണനച്ചരക്കാണ് ഇന്ന് വെറുപ്പ്. വെറുപ്പില് നിന്നു കൂട്ടങ്ങള് രൂപപ്പെടുകയാണ്. ആ വെറുപ്പ് രാജ്യത്തെയും അധികാരത്തെയും നിയന്ത്രിക്കുന്ന, മനുഷ്യത്വത്തെയും ജനാധിപത്യത്തെയും അട്ടിമറിക്കുന്നതിനുള്ള അനിവാര്യചേരുവയായിരിക്കുന്നു. വെറുപ്പിനെ ചെറുക്കേണ്ടതെങ്ങനെയെന്നാണ് ഇന്ന് കേരളം പഠിക്കേണ്ടത്. മലയാളികള് പഠിക്കേണ്ടത്. വെറുക്കാന് പഠിപ്പിക്കുന്നവരെ, വെറുപ്പ് പരത്തുന്ന ഏതു രാഷ്ട്രീയത്തെയും നമ്മള് ചെറുക്കേണ്ടതുണ്ട്. അത് സംഘടനകളുടെ പേരിലായാലും സംഘടിതരുടെ പേരിലായാലും. 

അതുകൊണ്ട് വെറുപ്പിന്റെ ആള്ക്കൂട്ടരാഷ്ട്രീയവും മധുവിന്റെ ജീവിതാവസ്ഥയും രണ്ടായിത്തന്നെ ചര്ച്ച ചെയ്യേണ്ടതുണ്ട്. എന്തുകൊണ്ടാണ് മധുവിനു നേരെ കൈ ഉയര്ത്താന് പൊതുസമൂഹത്തിനു പേടിയില്ലാതെ പോയത്. നാലു കിലോമീറ്റര് ദൂരം മര്ദിച്ചിഴച്ചുവലിച്ചവര്ക്ക് സര്ക്കാര് വാഹനത്തി്ല അകമ്പടി സേവിക്കാന് വനംവകുപ്പുദ്യോഗസ്ഥര്ക്ക് ധൈര്യമുണ്ടായതെങ്ങനെയാണ്. ആദിവാസിയുടെ ജീവിതാവസ്ഥ ചോദ്യചിഹ്നമായാല് തലകുനിക്കേണ്ടി വരാത്ത ഏതു രാഷ്ട്രീയപാര്ട്ടികളുണ്ട് കേരളത്തിൽ.

ആദിവാസിയോട്  ചെയ്തതെന്ത് എന്ന ചോദ്യത്തിനു കൂടി മറുപടി തേടാന് ഈ അവസരത്തില് കേരളത്തിനു ശേഷിയുണ്ടാകുമോ. പ്രഖ്യാപനങ്ങളുടെയും കോടിക്കണക്കുകളുടെയും പെരുമഴ നനഞ്ഞാണ് മധു പാറക്കൂട്ടത്തില് ജീവിച്ചിരുന്നതെന്ന ബോധമുണ്ടെങ്കില് 10 ലക്ഷത്തിന്റെ നഷ്ടപരിഹാരം വലിച്ചു വീശുന്ന രാഷ്ട്രീയനേതൃത്വത്തിന് ഒരല്പം കുറ്റബോധമെങ്കിലും തോന്നേണ്ടതാണ്. ആദിവാസികളുടെ പേരില് കേന്ദ്രസംസ്ഥാന സര്ക്കാരുകള് പ്രഖ്യാപിക്കുന്ന കോടികളുടെ കണക്കൊന്ന് മനസിലോര്ത്ത് ഒറ്റത്തവണ അവര് ജീവിക്കുന്ന ഊരുകളൊന്നു കണ്ടാല് മതി, ഈ നിലവിളികളുടെ പൊള്ളത്തരം മനസിലാകാന്. 

പ്രായശ്ചിത്തത്തിനായി തലകുനിക്കേണ്ടവര് ഔദാര്യത്തിന്റെ ഔദ്യോഗികപ്രഖ്യാപനങ്ങള് തുടരുകയാണ്. ആദിവാസികള്ക്ക് തിരിച്ചുകൊടുക്കേണ്ട ഭൂമി മുതല് തുടങ്ങുന്ന അവകാശലംഘനങ്ങളുടെ പട്ടികയില് ചവിട്ടി നിന്നാണ് മധുവിന്റെ പേരില് കേരളം കണ്ണീരൊഴുക്കുന്നത്. 

അതുകൊണ്ട് ഐക്യദാര്ഢ്യപ്പെടലുകള് അവസാനിച്ചുകഴിയുമ്പോഴെങ്കിലും നമുക്കൊരു പ്രതിജ്ഞയെടുക്കാം. ഇനി ഒരു മധുവിനും വിശപ്പടക്കാന് മോഷ്ടിക്കേണ്ടി വരില്ലെന്ന്. അട്ടപ്പാടിയില് ഒരു കുഞ്ഞിനും പോഷകാഹാരക്കുറവ് മൂലം ജനിക്കുന്നതേ മരണത്തിലേക്കു പോകേണ്ടിവരില്ലെന്ന്. വാക്കുകള് നടപ്പാക്കാന് ഇത്തിരി പ്രയാസമാണെന്നറിയാം. പക്ഷേ അതിനു കഴിയുന്നില്ലെങ്കില് ഈ കണ്ണീരെങ്കിലും ആവര്ത്തിക്കാതിരിക്കാനുള്ള അന്തസ് നമുക്ക് കാണിക്കാമല്ലോ. 

MORE IN PARAYATHE VAYYA
SHOW MORE