പിടിച്ചുവാങ്ങേണ്ടതോ വിയർപ്പിന്റെ കൂലി ?

pva-ksrtc-t
SHARE

കെ.എസ്.ആര്‍.ടി.സി. പ്രതിസന്ധിയിലാണ്. പുതിയ വാര്‍ത്തയൊന്നുമല്ല. കുറേക്കാലങ്ങളായി അതുതന്നെയാണ് അവസ്ഥ. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഇങ്ങനെ ഏറെ ഓടാനാകില്ലെന്ന് ചുരുക്കം. പറയാനുദ്ദേശിക്കുന്നത് ഇത് ക്ലച്ചുപിടിക്കാനുള്ള വഴിയെ കുറിച്ചൊന്നുമല്ല. പറയാനുള്ളത് ഒന്നുമാത്രം. നല്ലകാലം മുഴുവന്‍ കെ.എസ്.ആര്‍.ടി.സിയെ സേവിച്ച ഒരു വലിയ വിഭാഗം വലിയ ദുരിതത്തിലാണ്. അതിനാല്‍ കെഎസ്ആര്‍ടിസിയുടെ കിതപ്പ് കണ്ടില്ലെങ്കിലും കെ.എസ്.ആര്‍.ടി.സി പെന്‍ഷനെ ആശ്രയിക്കുന്നവരുടെ ആത്മഹത്യാകോളങ്ങള്‍ കൂടിവരുന്നുവെന്നത് ഇനിയും കാണാതിരിക്കരുത്. 

പ്രതിഷേധം കനക്കുമ്പോള്‍ ഇടപെടലുണ്ടാകുന്നുണ്ട് എന്നത് കാണാതിരിക്കുന്നില്ല. ഫണ്ട് വകമാറ്റിയും കടമെടുത്തുമെല്ലാം കൊടുത്തുതീര്‍ക്കാനുള്ള ശ്രമങ്ങളുണ്ട്. എന്നാല്‍ അത് കടലില്‍ കായം കലക്കുന്നതുപോലെയെന്ന് മാത്രം. ഏറ്റവുമൊടുവിലുണ്ടായ ആത്മഹത്യയും അതുതന്നെയാണ് കാണിക്കുന്നത്. ഒന്നും എവിടെയുമെത്തുന്നില്ല. ഒരു പതിനായിരത്തിന്റെ പതിവ് തെറ്റുന്നിടത്ത് പതറുന്നത് പതിനായിരങ്ങളാണ്. 

ഇവിടെ വരവുചിലവും ലാഭനഷ്ടവും അളന്നുള്ള ഇടപെടലിനപ്പുറം മാനുഷികമായ ഇടപെടലുണ്ടായേ പറ്റൂ. പെന്‍ഷന്‍കാരില്‍ കിടപ്പുരോഗികളുടേയും മാരക രോഗങ്ങള്‍ ബാധിച്ചവരുടേയും കണക്കെടുത്ത് കുടിശിക വിതരണം ചെയ്യാനുള്ള നടപടികളെയെല്ലാം അതുകൊണ്ട് തന്നെ വലിയ ഇടപെടലായി കണ്ട് കയ്യടിക്കാനാകില്ല. കോടിച്ചിലവില്‍ ലോകകേരളസഭയുടെ മേലാപ്പുകള്‍ തുന്നുന്നവര്‍ ഇങ്ങനെ ജീവിതം തുന്നിപിടിപ്പിക്കാന്‍ പെടാപ്പാടുപെടുന്നവരുടെ കൂടി ലോകമാണ് ഇതെന്ന് തിരിച്ചറിയണം. 

പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍ ദിനംപ്രതി മൂന്നുവട്ടം ഭരണപക്ഷത്തിന്റെ അനാസ്ഥ പറയാന്‍ ഒരു കെഎസ്ആര്‍ടിസി വേണമെന്ന ശാഠ്യത്തിനപ്പുറം ഒരുരാഷ്ട്രീയപാര്‍ട്ടിക്കും ഈ കോര്‍പറേഷന്‍ ആവശ്യമില്ലെന്നതാണ് സത്യം. കുറേ ജീവിതങ്ങളെ ഇങ്ങനെ പട്ടിണിയുടെ പൊരിവെയിലത്ത് നിര്‍ത്താന്‍ എന്തിനാണ് സാര്‍ ഒരു കോര്‍പ്പറേഷന്‍.? ഈ വകുപ്പിന് മന്ത്രിയില്ലാതായിട്ട് മാസങ്ങളായി. നാഥനില്ലാത്ത ആ കളരിക്കകത്തും പുറത്തും വീഴുന്ന കണ്ണീരിന് ഈ സര്‍ക്കാര്‍ അത്ര വിലയേ നല്‍കുന്നുള്ളൂ എന്ന് ചുരുക്കം. മാധ്യമങ്ങളില്‍ അവിടവിടെ തെളിയുന്ന നെഞ്ചുപൊട്ടുന്ന വാക്കുകളും വിങ്ങിപ്പൊട്ടലും കാണുന്ന ഏതെങ്കിലും ഒരു മന്ത്രിക്ക്, രാഷ്ട്രീയക്കാരന് ഹൃദയം എന്നൊന്ന് ഉണ്ടായിരുന്നെങ്കില്‍ ഇത് ഇനിയും ഇങ്ങനെയൊന്നും ആകരുത്. അത്രമാത്രം പറയട്ടെ. 

MORE IN PARAYATHE VAYYA
SHOW MORE