പെൺശബ്ദങ്ങളെ പേടിക്കുന്നത് എന്തിന് ?

pva-reema-t
SHARE

ഒരു മീന്‍മുള്ള് തൊണ്ടയില്‍ തറച്ചതായി തോന്നുന്നുണ്ടോ? റിമ കല്ലിങ്കലിെന കളിയാക്കിയിട്ടും കൂക്കിവിളിച്ചിട്ടും ആ ‍മുള്ള് തൊണ്ടയില്‍ നിന്നിറങ്ങുന്നേയില്ലെന്നു തോന്നുന്നുണ്ടോ? ഉണ്ടെങ്കില്‍ മനസിലാക്കാം, തൊണ്ടയില്‍ കുടുങ്ങിയത് മുള്ളല്ല, റിമയുയര്‍ത്തിയ ചോദ്യമാണ്. 

ഒരു പൊരിച്ച മീന്‍ മതി, ലിംഗനീതിയെക്കുറിച്ചുള്ള പൊള്ളുന്ന ചോദ്യങ്ങളെറിയാന്‍. അതു തന്നെ ധാരാളമാണ്. കേള്‍ക്കുന്ന ആളുകള്‍ക്ക് അതു മനസിലാക്കാനുളള ശേഷിയാണ് പ്രശ്നം. ‌മലയാളിയുടെ അടുക്കളയിലും ഊണുമേശയിലും മാത്രമല്ല, തുല്യതയുണ്ടെന്ന് നിങ്ങള്‍ക്കവകാശപ്പെടാന്‍ കഴിയുന്ന ഒരു മേഖല ചൂണ്ടിക്കാണിക്കൂ. നമ്മുടെ ഭരണാധികാരികളില്‍ സ്ത്രീകളുടെ പ്രാതിനിധ്യം എത്രയാണ്·? രാഷ്ട്രീയനേതാക്കളില്‍? നഴ്സിങ്, അധ്യാപനം പോലുള്ള അപൂര്‍വം തൊഴില്‍ മേഖലകളിലൊഴികെ എന്തു പ്രാതിനിധ്യമുണ്ട്? നേതൃതലത്തില്‍ മരുന്നിനു പോലും സ്ത്രീകള്‍ തീരുമാനങ്ങളെടുക്കുന്ന പദവികള്‍ എത്രയുണ്ട്? മറുപടി ഇടറും. തുടങ്ങുന്നത് വീടിനകത്തു തന്നെയാണ്. ആ വിവേചനത്തിന്റെ ഇരയും ആ വിവേചനം പാചകം ചെയ്തെടുക്കുന്നതും സ്ത്രീ തന്നെയാകുന്നതും വ്യവസ്ഥയുടെ ക്രൂരമായ ഒരു ഫലിതവും. 

സ്ത്രീയും പുരുഷനും ചൂഷണം ചെയ്യപ്പെടരുത്. തുല്യമായ ഉത്തരവാദിത്തം, തുല്യമായ അംഗീകാരം. എല്ലാ മനുഷ്യര്‍ക്കും എല്ലാ പരിഗണനകളും ഒരുപോലെ. അത്രമേല്‍ ലളിതമാണ് പ്രശ്നം, അത്രമേല്‍ സങ്കീര്‍ണവും. ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ സ്ത്രീയെ പ്രാപ്തയാക്കാന്‍ ആദ്യം പൊട്ടിക്കേണ്ടത്, സ്ത്രീവിരുദ്ധതയുടെ ചങ്ങലപ്പാടുകള്‍ തന്നെയാണ്. അതിലേക്കു നയിക്കുന്ന ശബ്ദങ്ങളെങ്കിലും ഒന്നൊന്നായി മുഴങ്ങുമ്പോള്‍ തിരി‍ഞ്ഞു നിന്നു കല്ലെറിയാതിരിക്കാനെങ്കിലുമുള്ള സാമാന്യബോധം കൂവിയാര്‍ക്കുന്ന തലച്ചോറുകള്‍ക്കുണ്ടാകട്ടെ. 

ഒറ്റ ശബ്ദങ്ങള്‍ ഉറച്ചു പോയ കൂട്ടങ്ങളെ, ശീലങ്ങളെയാകെ അധികാരത്തെയാകെ പിടിച്ചു കുലുക്കുന്നത് കാണുന്നത് എന്തൊരു പ്രതീക്ഷയാണ്. ആ മീന്‍മുള്ള് തൊണ്ടയില്‍ കുടുങ്ങിയെങ്കില്‍ അവിടെയിരിക്കട്ടെ. അത് അവിടെത്തന്നെയിരിക്കേണ്ടതാണ്. 

MORE IN PARAYATHE VAYYA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.