തുല്യനീതിയെന്ന് തലയുയർത്തി പറയാമോ ?

Thumb Image
SHARE

ലൈംഗികന്യൂനപക്ഷങ്ങളോടുള്ള സമീപനത്തില്‍ ആഗോളശ്രദ്ധ നേടിയിട്ടുള്ള സംസ്ഥാനമാണ് നമ്മുടെ കേരളം. ട്രാന്‍സ്ജന്‍ഡര്‍ നയം രൂപീകരിച്ച സംസ്ഥാനമെന്ന അഭിമാനം ആവര്‍ത്തിച്ചു പ്രകടിപ്പിക്കുന്ന സംസ്ഥാനം. അതേ കേരളത്തില്‍ ഈ കഴിഞ്ഞ ദിവസങ്ങളിലും ട്രാന്‍സ്ജെന്‍ഡറുകള്‍ ക്രൂരമായി ആക്രമിപ്പിക്കപ്പെട്ടു. സാമൂഹ്യവിരുദ്ധരല്ല, ഇതേ കേരളത്തിന്റെ സ്വന്തം പൊലീസാണ് അക്രമം നടത്തിയത്. പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തെങ്കിലും ഇത് ആവര്‍ത്തിക്കില്ലെന്നുറപ്പാക്കേണ്ട ഉത്തരവാദിത്തവും സര്‍ക്കാരിനുണ്ട്. പ്രഖ്യാപനങ്ങളിലെ പൊങ്ങച്ചങ്ങളില്‍ ഒതുങ്ങരുത് കേരളത്തിന്റെ ട്രാന്‍സ്ജെന്‍ഡര്‍ നയം. 

കുറ‍ഞ്ഞ പക്ഷം നിയമപാലകരെങ്കിലും അറിഞ്ഞിരിക്കണം കേരളത്തിന്റെ ട്രാന്‍സ്ജെന്‍ഡര്‍ നയമെന്ന് ഓര്‍മിപ്പിക്കുന്നു കോഴിക്കോട്ടു കണ്ട നരനായാട്ട്. കലോല്‍സവത്തിനുള്ള പരിശീലനം കഴിഞ്ഞ് പുലര്‍ച്ചെ താമസസ്ഥലത്തേയ്ക്ക് മടങ്ങിയ ട്രാന്‍സ്ജെന്‍ഡേഴ്സിനു നേരെയാണ് പൊലീസ് അതിക്രമമുണ്ടായത്. മോഷണശ്രമത്തിനിടെ നടപടിയെന്ന പൊലീസിന്റെ വാദം ഡി.സി.പിയുടെ റിപ്പോര്‍ട്ടില്‍ തന്നെ ചോദ്യം ചെയ്യുന്നുണ്ട്. നിയമലംഘനം സംശയിച്ചാല്‍ സ്വീകരിക്കേണ്ട നിയമപരമായ നടപടികളുണ്ട്. പക്ഷേ ലൈംഗികന്യൂനപക്ഷങ്ങളില്‍ െപട്ടവരെങ്കില്‍ പൊലീസിന് പ്രത്യേക നയവും സമീപനവുമാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുന്നു കോഴിക്കോട്ടെ സംഭവം. 

സമൂഹത്തില്‍ മാന്യമായി ജീവിക്കാനുള്ള തുല്യാവകാശവും സ്വാതന്ത്ര്യവും ഏതു മനുഷ്യനുമുണ്ട്. ലൈംഗികന്യൂനപക്ഷങ്ങളില്‍പെട്ടവര്‍ക്കും തുല്യാവകാശമാണ്. പക്ഷേ പൊലീസിനും സമൂഹത്തിനും അതംഗീകരിക്കാന്‍ പ്രയാസമുണ്ടാകുന്നതെങ്ങനെയാണ്? സങ്കീര്‍ണമായ ജീവിതാവസ്ഥകള്‍ നേരിടുന്നവരെ മുഖ്യധാരയിലെത്തിക്കാന്‍ ശ്രമിക്കുന്നുവെന്ന സര്‍ക്കാര്‍ വാഗ്ദാനം, അതേ സര്‍ക്കാരിന്റെ ഏജന്‍സികള്‍ക്ക് മനസിലാകാത്തതെന്തുകൊണ്ടാണ്? 

സമൂഹത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നവര്‍, ലൈംഗികതൊഴിലിലേര്‍പ്പെടുന്നവര്‍ എന്ന ഒറ്റമുന്‍വിധിയില്‍ ഈ ജനവിഭാഗത്തെ ഒതുക്കിനിര്‍ത്തുന്ന സമീപനമാണ് ചോദ്യം ചെയ്യപ്പെടേണ്ടത്. 

ട്രാൻസ്ജെൻഡർ നയത്തിന്റെ ഭാഗമായി സാക്ഷരതാമിഷന്റെ നേതൃത്വത്തിൽ ട്രാന്‍സ്ജെന്‍ഡറുകളുടെ ഇടയിൽ പ്രത്യേക സർവേ നടത്തിയിരുന്നു ഇടതുസര്‍ക്കാര്‍. ആ സര്‍വേയില്‍ തെളിഞ്ഞുവരുന്ന ട്രാന്‍സ്ജന്‍ഡര്‍ ജീവിതചിത്രം സമൂഹത്തിന്റെ കണ്ണു തുറപ്പിക്കേണ്ടതാണ്. സ്കൂളുകളിൽനിന്നു കൊഴിഞ്ഞുപോകുന്ന ട്രാൻസ്‌ജെൻഡറുകളുടെ എണ്ണം കൂ‌ടുതലാണെന്നു റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 37.5 ശതമാനം വ്യക്തികൾക്കു ജനനരേഖ ലഭ്യമല്ല. 4.2 ശതമാനം വ്യക്തികൾക്ക് ഒരു വിധ തിരിച്ചറിയൽ രേഖകളുമില്ല. 2.76 ശതമാനം വ്യക്തികൾ പല ഇടങ്ങളിലെ ഷെൽട്ടർ ഹോമുകളിൽ താമസിക്കുന്നു. 20.35 ശതമാനം വ്യക്തികൾ തൊഴിൽരഹിതരായിരിക്കുകയും 16.70 ശതമാനം പേർ സ്വകാര്യ തൊഴിലിടങ്ങളിൽ ജോലിയെടുക്കുകയും ചെയ്യുന്നു. സ്ഥിരവരുമാനമുള്ള 1.65 ശതമാനംപേർ സർക്കാർജോലിയിൽ ഉണ്ട്. 5.86 ശതമാനം അർധസർക്കാർ സ്ഥാപങ്ങളിലും ജോലിനോക്കുന്നു. 6.85 ശതമാനം പേർ ഭിക്ഷാടനവും 8.51 ശതമാനം പേർ ലൈംഗികവൃത്തിയും കൊണ്ട് ഉപജീവനം കഴിക്കുന്നു. 49.77 ശതമാനത്തിന്റെയും പ്രതിമാസവരുമാനം ആയിരം രൂപയിൽ താഴെയാണ്. എന്നുവച്ചാല്‍ മുഖ്യധാരയിലെത്തിക്കാനുള്ള ഉത്തരവാദിത്തം ലാഘവത്തോടെ കൈകാര്യം ചെയ്യാവുന്ന ഒന്നല്ലെന്നു ചുരുക്കം. 

ലൈംഗികന്യൂനപക്ഷത്തിന്റെ ജീവിതാവസ്ഥകളുടെ കാരണമൊക്കെ നമുക്കറിയാം. പഠനകാലത്തേ സങ്കീര്‍ണമാകുന്ന ജീവിതാവസ്ഥകളുടെ പരിണിതഫലമാണെന്നുമറിയാം. നടപടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട് കേരളം. ആരോഗ്യവിദ്യാഭ്യാസ തൊഴില്‍ പദ്ധതികള്‍ക്കു തുടക്കമിട്ടിട്ടുണ്ട്. സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നുമുണ്ട്. പക്ഷേ കൂടുതല്‍ വേഗം വേണം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കെങ്കിലും. സമൂഹത്തിന്റെ മനസിലുണ്ടൊരു രോഗാവസ്ഥ. അതിനുള്ള ചികില്‍സയ്ക്കും വേഗം വേണം. പരിഷ്കൃതരെന്നു സ്വയം വിളിക്കണമെങ്കില്‍ തുടക്കമിട്ടു ഞങ്ങളെന്ന അവകാശവാദത്തില്‍ നിന്ന് തുല്യനീതി യാഥാര്‍ഥ്യമാക്കിയെന്നു തന്നെ തലയുയര്‍ത്തി പറയാന്‍ കഴിയണം. 

അവസാനചോദ്യത്തിലേക്കു വരാം. ആണും പെണ്ണും എന്നതിനപ്പുറമുള്ള ലിംഗവൈവിധ്യം അംഗീകരിക്കാന്‍ നമ്മളിലെത്രപേര്‍ മനസാ തയാറായിട്ടുണ്ട്? ൈലംഗികന്യൂനപക്ഷങ്ങളെ നമ്മളിലൊരാളായി അംഗീകരിക്കാന്‍ നമ്മിലെത്രപേര്‍ക്കു കഴിയുന്നുണ്ട്? അവരിപ്പോഴും അവരാണ്. അവരോട് അനുതാപവും കാരുണ്യവുമാണ് നമുക്കിപ്പോഴും. അവര്‍ നമ്മളാകുന്ന കാലത്തേ ഈ കണ്ണീരിനവസാനമുണ്ടാകൂവെന്ന് അവനവനോടും കൂടെ പറഞ്ഞു പഠിക്കാന്‍ തുടങ്ങാം. അര്‍ഹിക്കുന്നത് തുല്യനീതിയാണ്. ഔദാര്യത്തില്‍ നിന്ന് തുല്യനീതിയിലേക്കു കൂടെക്കൂട്ടാന്‍ നമുക്കു കൂടെ പഠിക്കാം

MORE IN PARAYATHE VAYYA
SHOW MORE