ഓഖിയുടെ തീരത്ത് വീഴ്ച എന്ന മഹാസത്യം

ockhi-cyclone-affected
SHARE

ഓഖി ചുഴലിക്കാറ്റ് കേരളം ഈ നൂറ്റാണ്ടില്‍ നേരിട്ട ഏറ്റവും വലിയ ദുരന്തമായി കടന്നു പോവുകയാണ്. ഇതുവരെ മരിച്ചുവെന്നുറപ്പിച്ചത് 38 പേര്‍. ഇപ്പോഴും കടലില്‍ കാണാതായ 260 പേരെ കാത്തിരിക്കുകയാണ് കേരളം. ദുരന്തത്തിന്റെ വ്യാപ്തി എത്ര വലുതാണെന്ന് മാത്രം സൂചിപ്പിച്ചതാണ്. ഓഖി ഒരു പാട് പാഠങ്ങള്‍ പഠിപ്പിക്കുന്നുണ്ട് കേരളത്തെ, അതെല്ലാം ഉള്‍ക്കൊള്ളുകയും തിരുത്തുകയും വേണം. എന്നാല്‍ ഓഖി കേരളത്തിനു മുന്നില്‍ തുറന്നു കാണിക്കുന്ന ഏറ്റവും പേടിപ്പിക്കുന്ന വസ്തുത നമ്മുടെ സര്‍ക്കാരിന്റെ മനോഭാവമാണ്. മുന്നറിയിപ്പ് കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങളിലുണ്ടായ  ഗുരുതരമായ വീഴ്ചയേക്കാള്‍ വലുതായി കാണണം, ഒരു വീഴ്ചയും പറ്റിയില്ലെന്നു സ്ഥാപിക്കാന്‍ നമ്മുടെ മുഖ്യമന്ത്രിയും അനുഭാവികളും നടത്തുന്ന ശ്രമം. പൂര്‍ണ ഉത്തരവാദിത്തത്തോടെ, പൂര്‍ണ ബോധ്യത്തോടെ ഉറപ്പിച്ചു പറയുന്നു. മുന്നറിയിപ്പ് കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാനസര്‍ക്കാരിന് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ട്. 

cyclone-Ockhi-11

പോയിത്തുലയൂ കള്ളമാധ്യമങ്ങളേ എന്നാക്രോശിക്കുന്ന സി.പി.എം അനുഭാവികളോട് ഒന്നേ പറയാനുള്ളൂ. മനസുണ്ടെങ്കില്‍ മനസിരുത്തി കേള്‍ക്കുക. ശാസ്ത്രം പറയുന്നതെന്താണെന്ന്. അതല്ല, ഞങ്ങളുടെ മുഖ്യമന്ത്രി പിണറായി വിജയന് തെറ്റു പറ്റില്ലെന്ന മുദ്രാവാക്യത്തില്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍  നിങ്ങളെ ആര്‍ക്കും  രക്ഷിക്കാനാകില്ല. പക്ഷേ പിണറായി ഭക്തിയുടെ പേരില്‍ ഈ നാടിനെ കൊലയ്ക്കു കൊടുക്കരുത്. നിങ്ങളെത്ര ആക്ഷേപിച്ചാലും ആട്ടിപ്പുറത്താക്കാന്‍ ശ്രമിച്ചാലും സത്യം സത്യമായിത്തന്നെ നിലനില്‍ക്കും.  

pinarayi-vijayan

അന്യായമായി ചില ന്യായങ്ങള്‍

ഓഖിക്കു ശേഷംമുഖ്യമന്ത്രി ആവര്‍ത്തിച്ചുറപ്പിക്കുന്നത് ഒരേയൊരു കാര്യം. ഓഖി ദുരന്തം കൈകാര്യം ചെയ്യുന്നതില്‍  സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ല. അതിന് മുഖ്യമന്ത്രി പറയുന്ന ന്യായമെന്താണെന്ന് കേട്ടില്ലേ, ചുഴലിക്കാറ്റ് മുന്നറിയിപ്പ് കിട്ടിയത് ഓഖി വീശിയടിച്ച 30ന് ഉച്ചയ്ക്ക് 12 മണിക്കു മാത്രമാണ് എന്ന്.  മുഖ്യമന്ത്രി പറഞ്ഞത്, മുഖ്യമന്ത്രിയെക്കൊണ്ട് പറയിച്ചത് കാലാവസ്ഥാശാസ്ത്രമറിയാവുന്ന ഒരാള്‍ക്കു മുന്നില്‍ ശുദ്ധമായ മണ്ടത്തരമാണ്. ന്യൂനമര്‍ദം രൂപപ്പെട്ടുവെന്ന് 28ന് ലഭിക്കുന്ന ആദ്യബുള്ളറ്റിന്‍ മുതല്‍ കേരളത്തിന് കിട്ടിയത് ചുഴലിക്കാറ്റ് മുന്നറിയിപ്പാണ്.

pinarayi-2

ചുഴലിക്കാറ്റിന്റെ വേഗമനുസരിച്ച് തരം തിരിച്ചിരിക്കുന്ന പ്രധാന ഘട്ടമാണ് സൈക്ലോണ്‍ പ്രഖ്യാപനം.  ചുഴലിക്കാറ്റ് മുന്നറിയിപ്പ് കിട്ടിയില്ലെന്ന് ആവര്‍ത്തിക്കുന്ന മുഖ്യമന്ത്രീ,  ഒന്നുകില്‍ പ്രകൃതിദുരന്തങ്ങളെക്കുറിച്ച് അടിസ്ഥാനവിവരം പോലുമില്ലാത്തവരാണ് താങ്കളെക്കൊണ്ട് ഇതു പറയിക്കുന്നത്. അല്ലെങ്കില്‍ മനഃപൂര്‍വം സ്വന്തം വീഴ്ചകള്‍ ന്യായീകരിക്കാന്‍ താങ്കളെ ആരോ മറയാക്കുകയാണ്. ഉപദേശികള്‍ക്കിടയില്‍ നിന്ന് ശ്വാസം കിട്ടുമ്പോള്‍ ഒരല്‍പനേരം, 10 മിനിറ്റ് അജന്‍ഡകളില്ലാത്ത ശാസ്ത്രത്തിനു ചെവി കൊടുത്താല്‍ താങ്കള്‍ ഇതാവര്‍ത്തിക്കില്ല.   

nasa-ockhi

ഇത്രയും നാള്‍ കാലാവസ്ഥാവിഭാഗം കൈകാര്യം ചെയ്ത വിദഗ്ധര്‍ക്ക് അവിശ്വസനീയമാണ്, ചുഴലിക്കാറ്റ് മുന്നറിയിപ്പ് കിട്ടിയില്ലെന്ന മുഖ്യമന്ത്രിയുടെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനം. പൊതുസമൂഹത്തിനു മുന്നിലുമുണ്ട്  കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ് ബുള്ളറ്റിനുകള്‍.  ന്യൂനമര്‍ദം രൂപപ്പെട്ടിരിക്കുന്നുവെന്നും കാലാവസ്ഥാമാറ്റത്തില്‍ ജാഗ്രതവേണമെന്നും സംസ്ഥാനത്തോടാവശ്യപ്പെടുന്ന ആദ്യ ബുള്ളറ്റിന്‍ കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തില്‍ നിന്നു ലഭിക്കുന്നത് നവംബര്‍ 28നാണ്.  ഉപയോഗിച്ചിരിക്കുന്ന വാക്ക്  ഡിപ്രഷന്‍. ആവശ്യപ്പെട്ടിരിക്കുന്നത് മല്‍സ്യത്തൊഴിലാളികള്‍‍ ജാഗ്രത പാലിക്കണം. കാലാവസ്ഥയില്‍ കാര്യമായ മാറ്റമില്ലാത്ത സാധാരണദിവസങ്ങളില്‍ മൂന്ന് ദൈനംദിന ബുള്ളറ്റിനാണ് കാലാവസ്ഥാകേന്ദ്രം അയയ്ക്കുന്നത്.  കലുഷിതമായ 29ന് രാവിലെ 11.15 മുതല്‍ ഓഖി പ്രഖ്യാപിച്ച 30 ഉച്ച വരെ ആറ് പ്രത്യേക മുന്നറിയിപ്പ്  ബുള്ളറ്റിനുകള്‍ അയച്ചു. ഇതു മാത്രം സാഹചര്യത്തിന്റെ അടിയന്തരപ്രാധാന്യം പ്രഖ്യാപിക്കുന്ന നടപടിയാണ്.  ഇനി 29ാം തീയതി ഉച്ചയ്ക്ക് 2.30ന് കിട്ടിയ ബുള്ളറ്റിനിലെ മുന്നറിയിപ്പ് കൂടി ശ്രദ്ധിക്കണം. 

ദയവായി മനസ്സിലാക്കേണ്ട ചിലത്

ockhi-8

എന്താണ് ചുഴലിക്കാറ്റ്? ചുഴിയുണ്ടാക്കി വീശുന്ന കാറ്റാണ് ചുഴലിക്കാറ്റ്. ചുഴിഞ്ഞെറിയുന്ന കാറ്റാണത്.  ന്യൂനമര്‍ദം രൂപപ്പെട്ടു കഴിഞ്ഞാലുണ്ടാകുന്ന കാറ്റെല്ലാം ശാസ്ത്രത്തിന്  ചുഴലിക്കാറ്റ് തന്നെയാണ്. തീവ്രതയ്ക്കനുസരിച്ച് അതിനെ കാലാവസ്ഥാശാസ്ത്രം, ഡിപ്രഷന്‍, ഡീപ് ഡിപ്രഷന്‍, സൈക്ലോണ്‍, സിവിയര്‍ സൈക്ലോണ്‍, സൂപ്പര്‍ സൈക്ലോണ്‍ എന്നു വേര്‍തിരിച്ചിരിക്കുന്നു. ഒന്നുകൂടി വിശദീകരിക്കാം. ന്യൂനമര്‍ദം രൂപപ്പെട്ടു കഴിഞ്ഞാല്‍ മണിക്കൂറില്‍ 31 കിലോമീറ്റര്‍ മുതല്‍ 49 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശുന്ന കാറ്റിനെക്കൂടിയാണ് ഡിപ്രഷന്‍ എന്ന പ്രഖ്യാപനം അടയാളപ്പെടുത്തുന്നത്.

ockhi-3

ഡീപ് ഡിപ്രഷനാകുമ്പോള്‍ ചുഴലിക്കാറ്റിന്റെ വേഗം മണിക്കൂറില്‍ 50 വകിലോമീറ്റര്‍ മുതല്‍ 61 കിലോമീറ്റര്‍ വരെ വര്‍ധിക്കും. ആ വേഗം ഒരൊറ്റ കിലോമീറ്റര്‍ കൂടുമ്പോള്‍, 62 എന്ന സംഖ്യ തൊടുമ്പോള്‍ മുതല്‍ സൈക്ലോണ്‍ എന്ന് പ്രഖ്യാപിക്കപ്പെടും. സൈക്ലോണ്‍ വേഗം 62  കിലോമീറ്റര്‍ മുതല്‍ 88 കിലോമീററര്‍ വേഗമാര്‍ജിക്കുമ്പോള്‍ സിവിയര്‍ സൈക്ലോണ്‍ എന്നു പ്രഖ്യാപിക്കും. മുന്നറിയിപ്പില്‍ ഡിപ്രഷനും ഡീപ് ഡിപ്രഷനും എന്നേ കിട്ടിയുള്ളൂ എന്നു ന്യായം പറയുമ്പോള്‍ നമ്മള്‍ തിരിച്ചറിയണം. ഡീപ് ഡിപ്രഷനും സൈക്ലോണും തമ്മിലുള്ള വ്യത്യാസം വെറും ഒരു കിലോമീറ്റര്‍ വേഗത്തിലാണ്. 

എന്നുവച്ചാല്‍ നമ്മുടെ മുഖ്യമന്ത്രിയെക്കൊണ്ട് ആസ്ഥാനവിദ്വാന്‍മാര്‍ പറയിപ്പിക്കുന്നതിന്റെ ശാസ്ത്രീയവിവര്‍ത്തനം ഇതാണ്. ശക്തമായ കാറ്റുണ്ടാകുമെന്ന് നമുക്ക് മുന്നറിയിപ്പു കിട്ടിയിരുന്നു.  28ാം തീയതി മുതല്‍ തുടരെത്തുടരെ. പക്ഷേ അത് മണിക്കൂറില്‍ 61 കിലോമീറ്റര്‍ വരെ വേഗത്തില്‍ ആഞ്ഞുവീശുമെന്ന അറിയിപ്പേ നമുക്ക് കിട്ടിയുള്ളൂ. അത് 62 ആയാല്‍, വെറും ഒരു  കിലോമീറ്റര്‍ കൂടി വേഗം കൂടിയാല്‍ സൈക്ലോണാണെന്നും നമുക്കറിയാമായിരുന്നു. ആ ഒരു കിലോമീറ്റര്‍ വേഗം കൂടുന്നു എന്ന പ്രഖ്യാപനം വരാത്തതുകൊണ്ടാണ് നമ്മള്‍ ഒന്നും ചെയ്യാതെ നോക്കിയിരുന്നത്. സൈക്ലോണും ഡീപ് ഡിപ്രഷനും തമ്മിലുള്ള വ്യത്യാസം വെറും രണ്ടേ രണ്ടു കിലോമീറ്റര്‍ വേഗം മാത്രമാണ് മുഖ്യമന്ത്രീ. ഒറ്റനോട്ടത്തില്‍ കൊച്ചുകുട്ടികള്‍ക്കു പോലും മനസിലാകുന്ന ആ പട്ടികയുടെ വ്യത്യാസത്തില്‍ ഇനിയും വീഴ്ചയെ ന്യായീകരിക്കരിക്കരുത്. അത് താങ്കളുടെ വീഴ്ചയല്ലെന്നും മുന്നറിയിപ്പ് മനസിലാകാതെ പോയവരുടെ വീഴ്ചയാണെന്നെങ്കിലും ദയവായി മനസിലാക്കണം. ഒരു ഭരണാധികാരി അശാസ്ത്രീയമായി സംസാരിക്കുന്നത് കേള്‍ക്കേണ്ടിവരുന്നത് ഖേദകരമാണ്.  

ockhi-gujarat

29ാം തീയതി ഉച്ചയ്ക്ക് ഐഎംഡി സംസ്ഥാനത്തിനയച്ച ബുള്ളറ്റിനില്‍ തന്നെ വ്യക്തമാക്കുന്നുണ്ട് . ഡിപ് ഡിപ്രഷനായി വളരാനുള്ള വ്യക്തമായ സാധ്യതാപ്രഖ്യാപനം. 29ാം തീയതി വൈകിട്ട് ഇന്ത്യന്‍ സമയം അഞ്ചു മണിക്ക് ഐഎംഡി വെബ്സൈറ്റില്‍ തന്നെ പ്രസിദ്ധീകരിച്ച മുന്നറിയിപ്പില്‍ സൈക്ലോണ്‍ ആകാനുള്ള സാധ്യത പോലും വ്യക്തമായി ചൂണ്ടിക്കാട്ടി. അന്നു രാതി 1.30നു പോലും അയച്ച മുന്നറിയിപ്പ് സംസ്ഥാനദുരന്തനിവാരണ അതോറിറ്റിക്ക് കിട്ടിയന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം ഡയറക്ടര്‍ നേരിട്ടാണ്. സാഹചര്യത്തിന്‍റെ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ടുണ്ടായ നടപടി. എന്തു ചെയ്തു നമ്മുടെ സംസ്ഥാനം? ആ മുന്നറിയിപ്പുകളില്‍ എന്തു കൂടിയാലോചനകള്‍ നടന്നു? എന്തു വിലയിരുത്തലുകളുണ്ടായി? എന്തു നടപടിയുണ്ടായി? 

വീഴ്ചയുണ്ടായിട്ടില്ലെന്ന് ആവര്‍ത്തിച്ചു പറയുന്നതിലെ അപഹാസ്യത സ്വയം തിരിച്ചറിയൂ. കാറ്റിന്റെ വേഗം നിര്‍ണയിക്കുന്ന സാങ്കേതികപ്രഖ്യാപനത്തിനു കാത്തിരിക്കുകയായിരുന്നു നമ്മളെന്ന് ഇനിയെങ്കിലും ആവര്‍ത്തിക്കാതിരിക്കൂ. ആ നാടകീയപ്രഖ്യാപനത്തിനു മുന്‍പ് വന്നുകൊണ്ടിരുന്ന മുന്നറിയിപ്പുകള്‍ കേരളത്തിലെ കരയില്‍ സുരക്ഷിതമായിരിക്കുന്ന കോടിക്കണക്കിനാളുകള്‍ക്കു വേണ്ടിയുള്ളതായിരുന്നില്ല, കടലില്‍ ജീവന്‍ പണയം വച്ച് തൊഴിലെടുക്കുന്ന മല്‍സ്യത്തൊഴിലാളികള്‍ക്കു വേണ്ടിയായിരുന്നു. കടലില്‍ അസാധാരണകാലാവസ്ഥ രൂപപ്പെട്ടുകൊണ്ടേയിരിക്കുന്നുവെന്ന് 28 മുതല്‍ തുടരെത്തുടരെ മുന്നറിയിപ്പുകള്‍ കിട്ടിയിട്ടും അത് മല്‍സ്യത്തൊഴിലാളികളെ അറിയിക്കാന്‍ ജാഗ്രതയുണ്ടായില്ല.

മാധ്യമങ്ങളിലൂടെ അറിയിച്ചുവെന്നാണ് ന്യായീകരണം. ഓര്‍ക്കണം, കടല്‍ പ്രക്ഷുബ്ധമാകുമെന്ന സാധാരണ അറിയിപ്പില്‍ പോലും തീരത്തെ പള്ളികളിലൂടെയും മൈക്ക് അനൗണ്‍സ്മെന്റുകളിലൂടെയും അറിയിപ്പ് മല്‍സ്യത്തൊഴിലാളികള്‍ക്ക് കൈമാറുന്ന ജാഗ്രത കാണിക്കാറുണ്ട് ഭരണകൂടം. ഇത് ഏതു നിമിഷവും സൈക്ലോണാകുമെന്നു പ്രതീക്ഷിക്കേണ്ട ചുഴലിക്കാറ്റ് ഉള്‍ക്കടലില്‍ രൂപം കൊള്ളുന്നുവെന്ന ആവര്‍ത്തിക്കുന്ന മുന്നറിയിപ്പുകള്‍  വായിച്ചവര്‍ക്ക് മനസിലാകാത്തതിന് കേരളം കൊടുക്കേണ്ടി വരുന്ന വിലയാണീ ദുരന്തത്തിന്റെ വ്യാപ്തി.  

ockhi

ഡീപ് ഡിപ്രഷന്‍ പോലും കടലില്‍ എത്ര വലിയ പ്രതിസന്ധിയെന്നു തിരിച്ചറിയാതെ പോയവരാണ് നമ്മുടെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥസ്ഥാനങ്ങള്‍ കൈകാര്യം ചെയ്യുന്നതെങ്കില്‍ ഇനി ഒരു നിമിഷം അവര്‍ക്കവിടെ തുടരാന്‍ യോഗ്യതയുണ്ടോ? ചുഴലിക്കാറ്റിന്റെ ഔദ്യോഗികപ്രഖ്യാപനം വന്നാലേ നടപടിയെടുക്കാനാകൂവെന്ന് കടലില്‍ പൊരുതുന്നവരോട് പറയാന്‍ ധൈര്യം കാണിക്കുന്നവര്‍ ഇനി നമ്മുടെ ദുരന്തനിവാരണത്തിന് നേതൃത്വം കൊടുക്കാമോ·? കാറ്റിന്റെ ദിശ, കന്യാകുമാരിക്കപ്പുറത്തെന്നു കണ്ടതുകൊണ്ടാണ് അനങ്ങാതിരുന്നതെന്നു പ്രഖ്യാപിക്കുന്നവര്‍ ഇനിയും നമ്മുടെ ഉദ്യോഗസ്ഥ സംവിധാനത്തിന് നേതൃത്വം നല്‍കാന്‍ യോഗ്യരാണോ? ഇതിനൊക്കെയപ്പുറം, വീഴ്ച വന്നു പോയി എന്നു മുഖ്യമന്ത്രിയോടെങ്കിലും തുറന്നു പറയാതെ, അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കുന്നവരെ വിശ്വസിച്ചാണോ ഇനിയും ഭരണം തുടരേണ്ടതെന്ന് ആരാണ് ചിന്തിക്കേണ്ടത്?

ockhi-wind

വീഴ്ചയില്ലെന്ന തനിയാവര്‍ത്തനം

‌ഒന്നോര്‍ത്തുനോക്കൂ, 28 മുതലുള്ള മുന്നറിയിപ്പുകള്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി കൃത്യമായി പിന്തുടര്‍ന്നിരുന്നുവെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു? കടലിലെ അസാധാരണസാഹചര്യത്തെക്കുറിച്ച് ഉള്‍ക്കടലിലുള്ളവര്‍ക്കു പോലും വിവരമെത്തിക്കാമായിരുന്നു. 29ന് ഉച്ചയ്ക്കു ശേഷം ചെറുവള്ളങ്ങളില്‍ മല്‍സ്യത്തൊഴിലാളികള്‍ കലുഷിതമായ കടലിലേക്കു പോകുമായിരുന്നില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന കാണാതായവരുടെ കണക്കിലുള്ള 96 പേരും ഇത്തരത്തില്‍ ചെറുവള്ളങ്ങളില്‍ 29നു ശേഷം കടലില്‍ പോയവരാണെന്നുമോര്‍ക്കുക. മരിച്ച 38 പേരും ദുരന്തത്തിലേക്ക് തുഴഞ്ഞുപോയത് അവര്‍ക്കു വേണ്ടി മാത്രമായി നല്‍കിയിരുന്ന മുന്നറിയിപ്പുകള്‍ അറിയാതെയാണ്. അവരെ മുന്നില്‍ വച്ച് നമുക്ക് ന്യായീകരിക്കാനാകുമോ ഈ വീഴ്ച? മുന്നറിയിപ്പ് കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചയുണ്ടായില്ലെന്ന് ആര്‍ക്കു വേണ്ടിയാണ് മുഖ്യമന്ത്രി അങ്ങ് ആവര്‍ത്തിക്കുന്നത്? ആരാണത് താങ്കളെക്കൊണ്ട് പറയിക്കുന്നത്? 

ockhi-cyclone7-12

ഒരു വികാരവും ആളിക്കത്തിക്കാനല്ല, ഒരു രാഷ്ട്രീയമുതലെടുപ്പിനുമല്ല. പക്ഷേ മനസിലാക്കണം യഥാര്‍ഥത്തില്‍ വീഴ്ചയുണ്ടായതെവിടെയെന്ന്. മനസിരുത്തിയൊന്നു വായിച്ചുനോക്കുകയെങ്കിലും വേണം, കിട്ടിയ പ്രത്യേക മുന്നറിയിപ്പുകള്‍ ഒന്നു മുതല്‍ ആറു വരെ.  ഇവിടെ വന്ന വീഴ്ചയുടെ ആഘാതമറിയണമെങ്കില്‍  ഇതേ മുന്നറിയിപ്പുകളുടെ പേരില്‍ തമിഴ്നാട് സ്വീകരിച്ച മുന്നൊരുക്കങ്ങളെങ്കിലും കേള്‍ക്കണം. മനസിലാക്കണം.ഇപ്പോള്‍ തമിഴ്നാട്ടില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ ത ചൂണ്ടിക്കാട്ടി മേനി നടിച്ചൊഴിഞ്ഞുമാറാം. പക്ഷേ സാഹചര്യം വിലയിരുത്തുന്നതില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ ആദ്യമുന്നറിയിപ്പുകളില്‍ കേരളവും തമിഴ്നാടും പ്രതികരിച്ചതെങ്ങനെയെന്ന വ്യത്യാസം മനസിലാക്കണം. മല്‍സ്യബന്ധനമേഖലകളിലെല്ലാം അനൗണ്‍സ്മെന്റ് നടത്താന്‍ പ്രേരിപ്പിച്ചതെന്തെന്നു ചോദിച്ചു മനസിലാക്കണം. സ്കൂളുകള്‍ക്ക തലേദിവസമേ അവധി പ്രഖ്യാപിച്ചതെന്തുകൊണ്ടെന്ന് അറിയാന്‍ ശ്രമിക്കണം. 

ഈ വീഴ്ചയെക്കുറിച്ച് സംസാരിക്കുന്നതിനാണ് സി.പി.എം അനുഭാവികള്‍ മാധ്യമങ്ങള്‍ക്കെതിരെ സംഘടിച്ച് ആക്രമണം നടത്തുന്നത്. നിങ്ങളോടുമുണ്ട് ചോദ്യം, വരുന്നതെന്തെന്നു തിരിച്ചറിയാന്‍ കഴിയാതെ പോയവരുടെ വീഴ്ചയ്ക്ക് മാധ്യമങ്ങളെ നിശബ്ദരാക്കിയാല്‍ പ്രായശ്ചിത്തമാകുമോ? കൊടുക്കാനാകാതെ പോയ ഒരു മുന്നറിയിപ്പിന്‍റെ വില 25 ലക്ഷത്തില്‍ ഒതുങ്ങുമോ? രക്ഷാപ്രവര്‍ത്തനം ചൂണ്ടി ഗെറ്റ് ലോസ്റ്റ് എന്ന് ആക്രോശിക്കുന്നവരോടും ഇതേ ചോദ്യം ആവര്‍ത്തിക്കുന്നു. ഈ ദുരന്തത്തിന്റെ ആഘാതമില്ലാതാക്കാന്‍ കഴിയുമായിരുന്ന ആ മുന്നറിയിപ്പിന്റെ അനാസ്ഥ എന്തുകൊണ്ടാണ് നിങ്ങളെ അസ്വസ്ഥരാക്കാത്തത്? ശാസ്ത്രീയ അവബോധത്തില്‍ ഉറച്ചു വിശ്വസിക്കുന്ന ഇടതുപക്ഷത്തോടും അതേ ചോദ്യം, ഡിപ്രഷന്‍ മാത്രം പ്രഖ്യാപിച്ചതുകൊണ്ട്, പിന്നാലെയെത്തുന്നത് ചുഴലിക്കാറ്റെന്ന് അറിയുമായിരുന്നില്ല എന്ന ന്യായം നിങ്ങള്‍ക്ക് മനഃസമാധാനം നല്‍കുമോ? തെറ്റിനെ തെറ്റെന്നു ചൂണ്ടിക്കാണിക്കാന്‍ ശേഷിയില്ലാത്ത രാഷ്ട്രീയത്തിലാണോ നിങ്ങള്‍ അഭിമാനം കൊള്ളുന്നത്? 

ഇനിയെങ്കിലും ഈ കുറ്റപ്പെടുത്തല്‍ അവസാനിപ്പിച്ചുകൂടേ എന്നാണ് മാധ്യമവിമര്‍ശകര്‍ ഉയര്‍ത്തുന്ന പ്രധാന ചോദ്യം. ഓറ‍ഞ്ച് അലര്‍ട്ട് കിട്ടിയ ഉടന്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലേ, രക്ഷാപ്രവര്‍ത്തനത്തിന് സാധ്യമായതെല്ലാം ചെയ്യുന്നില്ലേ. നഷ്ടപരിഹാരം പ്രഖ്യാപിച്ചില്ലേ? മുഖ്യമന്ത്രി കേന്ദ്രത്തിനു മുന്നിലെത്തിയില്ലേ? സര്‍വകക്ഷിയോഗം വിളിച്ചില്ലേ? എല്ലാത്തിനും കൂടി ഒറ്റ മറുപടിയേയുള്ളൂ. ദുരന്തത്തിനു ശേഷമുള്ള നടപടികളല്ല ദുരന്തനിവാരണം. നിവാരണം ചെയ്യാന്‍ കഴിയുമായിരുന്ന ദുരന്തമായിരുന്നോ ഇത് എന്ന ചോദ്യമാണ് ആവര്‍ത്തിക്കുന്നത്. ഇനിയൊരിക്കലും ഇങ്ങനെയൊരു സാഹചര്യം ആവര്‍ത്തിക്കില്ലെന്നുറപ്പിക്കാന്‍ ആദ്യം വേണ്ടത് തെറ്റുകള്‍ തിരിച്ചറിയുകയാണ്. അത് മറക്കരുത്. 

നമ്മുടെ മുന്നില്‍ കരയുന്നവര്‍ കാത്തിരിക്കുന്നത് മനുഷ്യജീവനുകളെയാണ്. ഉത്തരം കിട്ടും വരെ അതെത്ര വേദനിക്കുന്നതാണെങ്കില്‍ പോലും തീരത്ത് പ്രതിഷേധം തുടരും. അവര്‍ക്കൊപ്പം നില്‍ക്കുകയേ മനുഷ്യര്‍ക്കു നിവൃത്തിയുള്ളൂ. മുഖ്യമന്ത്രി രാജിവയ്ക്കേണ്ട, റവന്യൂമന്ത്രി വാ തുറക്കേണ്ട, സര്‍ക്കാര്‍ തെറ്റ് ഏറ്റുപറയുന്നത് കുറച്ചിലാകുമെങ്കില്‍ അതും വേണ്ട. പക്ഷേ മനഃസാക്ഷിക്കു മുന്നിലെങ്കിലും ഉറപ്പുള്ള ഒരുത്തരം കരുതിവയ്ക്കണം. മല്‍സ്യത്തൊഴിലാളികളുടെ ജീവനും മനുഷ്യന്‍റെ വില തന്നെയാണെന്നത് ഓര്‍മയിലുണ്ടെങ്കില്‍ അതുണ്ടാകണം.  

MORE IN PARAYATHE VAYYA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.