മാറാതെ മുഖ്യമന്ത്രിയുടെ ‘മീഡിയാഫോബിയ’

Thumb Image
SHARE

മുഖ്യമന്ത്രി പിണറായി വിജയന്‍, കേരളത്തിന്റെ മാധ്യമചരിത്രം തിരുത്തിക്കുറിക്കാനൊരുങ്ങുകയാണ്. രാജ്യത്താകെ ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ കാവലാളുകളായ ഇടതുപക്ഷം കേരളത്തില്‍ മാധ്യമനിയന്ത്രണത്തിനുള്ള പുതിയ വഴികള്‍ക്കായുള്ള ഗവേഷണത്തിലാണ്. മുഖ്യമന്ത്രി പറഞ്ഞതില്‍ അംഗീകരിക്കാവുന്ന ചിലതുണ്ട്, മാധ്യമപ്രവര്‍ത്തനത്തില്‍ നിയന്ത്രണങ്ങള്‍ ആവശ്യപ്പെടുന്ന സാഹചര്യങ്ങളുണ്ട്. പക്ഷേ വഴിതെറ്റിപ്പോകുന്ന മാധ്യമപ്രവര്‍ത്തനത്തെ തിരുത്തുകയാണ് ഉദ്ദേശമെങ്കില്‍ അതിന്റെ വഴി ഇതല്ല, ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍. ഒന്നു കൂടി, മാറിനില്‍ക്കങ്ങോട്ട് എന്നാക്രോശിക്കാന്‍ താങ്കളെ പ്രേരിപ്പിക്കുന്നത് അധികാരമാണെങ്കില്‍ ഒന്നോര്‍ക്കുക. ഒരു മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് എന്നല്ല, ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനോട് പെരുമാറാന്‍ പാടില്ലാത്ത വിധമാണത്. ഖേദകരവും അപലപനീയവുമാണ് മുഖ്യമന്ത്രിയുടെ പെരുമാറ്റരീതിയെന്നു പറയാതെ വയ്യ.

ഈ സ്പീക്കര്‍ക്ക് അവിശ്വസനീയമായി തോന്നുമോ, ഇക്കഴിഞ്ഞ 21ാം തീയതി കേരളത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ , മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. ഏതു പൗരനും കടന്നു ചെല്ലാന്‍ അവകാശമുള്ള സെക്രട്ടേറിയറ്റിന്റെ ഗേറ്റുകള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ അടച്ചിട്ടു. മാധ്യമപ്രവര്‍ത്തകരെ ഗേറ്റില്‍ തടഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള നിര്‍ദേശമാണെന്നു സുരക്ഷാഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് അന്നേ ദിവസം മുഴുവന്‍ ഒരു വിശദീകരണവും മാധ്യമങ്ങള്‍ക്കു ലഭിച്ചില്ല. പിറ്റേദിവസം ആന്‍റണി കമ്മിഷന്‍ റിപ്പോര്‍ട്ടി്ന്റെ വിശദാംശങ്ങള്‍ വിവരിക്കാനെത്തിയ മുഖ്യമന്ത്രി നിഷ്ക്കളങ്കമായി വിശദീകരിച്ചതിങ്ങനെ

വേണമെങ്കില്‍ പരിശോധിക്കാമെന്ന മുഖ്യമന്ത്രിയുടെ ആശ്വാസവചനത്തില്‍ തൃപ്തിപ്പെടണം മാധ്യമലോകം. പക്ഷേ ഇതേ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങള്‍ അര്‍ഹിക്കുന്നതെന്താണ് എന്നതില്‍ സ്വന്തം കാഴ്ചപ്പാട് മുഖ്യമന്ത്രി വ്യക്തമായി അവതരിപ്പിച്ചു.

മുഖ്യമന്ത്രി പറയുന്ന കാര്യങ്ങളില്‍ മാധ്യമലോകം തിരുത്തേണ്ട ചിലതുണ്ട്. മാധ്യമങ്ങളുടെ പ്രത്യേകിച്ച് ഞങ്ങള്‍ ഉള്‍പ്പെടുന്ന ദൃശ്യമാധ്യമങ്ങളിലെ ചില പ്രവണതകളോട് ശക്തമായ വിമര്‍ശനം ഉയര്‍ന്നു വരുന്നുണ്ട്. അതില്‍ കൂട്ടായ ആലോചനകളും തിരുത്തലുകളുമുണ്ടാകണം. സ്വയംവിമര്‍ശനമായി ഏറ്റെടുത്തു തന്നെ പറയട്ടെ. മാധ്യമപ്രവര്‍ത്തനത്തിലെ തെറ്റായ പ്രവണതകള്‍ തിരുത്തപ്പെടണം. സര്‍ക്കാരിനും മീഡിയാഅക്കാദമിക്കുമെല്ലാം കൂടിയാലോചനകള്‍ക്കു നേതൃത്വം നല്‍കാം. പക്ഷേ മാധ്യമങ്ങളിലെ ഗുണപരമായ മാറ്റം മാത്രം ഉദ്ദേശിക്കുന്ന ആത്മാര്‍ഥതയാണോ മുഖ്യമന്ത്രിയില്‍ കാണുന്നത്. ആദ്യം സ്വയം തിരുത്തേണ്ടതിനെക്കുറിച്ചു തന്നെ പറയാം. പക്ഷേ മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമവിരോധം മറകളില്ലാതെ പുറത്തു വന്നുകൊണ്ടിരിക്കുന്നുവെന്നത് ചൂണ്ടിക്കാണിക്കാതിരിക്കാനാകില്ല.

തര്‍ക്കങ്ങളില്ലാതെ അംഗീകരിക്കാവുന്നതാണ് രണ്ടാമത്തെ നിര്‍ദേശം. ആശുപത്രികളില്‍ മാധ്യമങ്ങളുടെ കടന്നുകയറ്റം അംഗീകരിക്കപെടേണ്ടതല്ല. അവിടെ മാത്രമല്ല, പൊതുസമൂഹത്തെ ബാധിക്കുന്നില്ലാത്തിടത്തോളം വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറാനും മാധ്യമങ്ങള്‍ കടന്നു ചെല്ലാന്‍ പാടില്ല. തിരുത്തേണ്ട പ്രവണതകള്‍ ഇനിയുമേറെ ചൂണ്ടിക്കാണിക്കാനാകും.

കേരളത്തില്‍ 8 മുഴുവന്‍ സമയവാര്‍ത്താചാനലുകളുണ്ട്. വാര്‍ത്ത കൂടി സംപ്രേഷണം ചെയ്യുന്ന വിനോദചാനലുകളുടെ എണ്ണം 14 . ആകെ 25 മലയാളം ചാനലുകളാണ് മലയാളി പ്രേക്ഷകര്‍ക്കു മാത്രമായി പ്രവര്‍ത്തിക്കുന്നത്. അതു കൂടാതെ ഭൂതല ചാനലുകളും, പ്രാദേശികചാനലുകളും വേറെ. ദേശീയചാനലുകള്‍ക്കും കേരളത്തിലെ പ്രധാന നഗരങ്ങളില്‍ പ്രതിനിധികളുണ്ട്. തലസ്ഥാനത്ത് വാര്‍ത്താഏജന്‍സികളുടേതടക്കമുള്ള ലേഖകരുടെ എണ്ണം കൂടിയെടുക്കുമ്പോള്‍ ഒരു ചെറിയ ജനക്കൂട്ടം തന്നെയാണ് വാര്‍ത്തകള്‍ ശേഖരിക്കാന്‍ അധ്വാനിക്കുന്നതെന്നു മനസിലാക്കേണ്ടതുണ്ട്. അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന ഒരു വ്യവസായമേഖല കൂടിയാണിത്. മാധ്യമങ്ങളുടെ എണ്ണം കൂടുന്നത് ഒരു സമൂഹത്തിന്റെ പുരോഗമനസ്വഭാവത്തില്‍ പ്രതീക്ഷയര്‍പ്പിച്ചാണെന്നു പറയുമ്പോള്‍ തന്നെ അതുണ്ടാക്കുന്ന മല്‍സരബുദ്ധിയും കോലാഹലങ്ങളും പ്രകടമാണ്. ഇവിടെയാണ് മാധ്യമങ്ങളുടെ പെരുമാറ്റത്തെക്കുറിച്ച് വേവലാതി പ്രകടിപ്പിക്കുന്ന മുഖ്യമന്ത്രിയോടും സര്‍ക്കാരിനോടുമുള്ള ചോദ്യം. പെട്ടെന്നു വളര്‍ന്നു വലുതായ ഒരു തൊഴില്‍മേഖലയെ ഭരണകൂടം എങ്ങനെയാണ് സമീപിക്കുന്നത്? സര്‍ക്കാരിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണല്ലോ എല്ലാം.

മാധ്യമസംസ്കാരത്തെക്കുറിച്ച് വ്യാകുലപ്പെടുന്ന മുഖ്യമന്ത്രി എപ്പോഴെങ്കിലും ഇക്കാര്യങ്ങളിലെ പ്രായോഗികപ്രശ്നങ്ങള്‍ ക്രിയാത്മകമായി ചൂണ്ടിക്കാണിച്ചിട്ടുണ്ടോ? സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ തേടി മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത മാധ്യമമേധാവികളുടെ യോഗത്തില്‍ മുഖ്യമന്ത്രി ഇത്തരത്തില്‍ നിര്‍ദേശങ്ങള്‍ വച്ചിട്ടുണ്ടോ?· ആ ചോദ്യത്തിനുത്തരം കിട്ടുമ്പോള്‍ മനസിലാകും മുഖ്യമന്ത്രിക്ക് മാധ്യമപ്രവര്‍ത്തകരുടെ തെറ്റുകള്‍ തിരുത്തുന്നതിലല്ല ആത്മാര്‍ഥതയെന്ന്.

ഏതു മാധ്യമപ്രവര്‍ത്തകര്‍ക്കാണ് മുഖ്യമന്ത്രി, താങ്കള്‍ക്കു പിന്നാലെ മൈക്കുമായോടുന്നതില്‍ അഭിമാനമുണ്ടാകുക? ഉന്നതവിദ്യാഭ്യാസവും പ്രത്യേക മാധ്യമപരിശീലനവും നേടി മാധ്യമപ്രവര്‍ത്തകരായതിനു ശേഷം മന്ത്രിമാരുടെയും നേതാക്കളുടെയും പ്രതികരണം കാത്ത് വെയിലത്തു നില്‍ക്കുന്നതില്‍ സന്തോഷിക്കുന്ന ഏതു മനുഷ്യരാണുണ്ടാകുക? എന്തുകൊണ്ടാണവര്‍ക്ക് കിട്ടുന്നിടങ്ങളില്‍ വച്ച് താങ്കള്‍ക്കു നേരെ മൈക്ക് നീട്ടേണ്ടിവരുന്നതെന്ന് മനസിലാകുന്നുണ്ടോ?

അപ്പോള്‍ മുഖ്യമന്ത്രി പറയുന്നത് ന്യായമല്ലേ? അദ്ദേഹം പ്രതികരിക്കാന്‍ ആഗ്രഹിക്കാത്തപ്പോള്‍ നിര്‍ബന്ധിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അര്‍ഹതയുണ്ടോ·? ആ ചോദ്യത്തിനുത്തരമായി വസ്തുതകള്‍ കൂടി ഒന്നു പരിശോധിക്കാം. കഴിഞ്ഞ മൂന്നു മാസത്തെ മാത്രം വിവരങ്ങളാണ്. കാത്തുകെട്ടിക്കിടന്ന് മൈക്ക് നീട്ടിയപ്പോള്‍ മുഖ്യമന്ത്രി വച്ചുനീട്ടിയ ഉത്തരങ്ങള്‍

ഇതേ മൂന്നു മാസം മുഖ്യമന്ത്രി അവഗണിച്ച ചോദ്യങ്ങളും കൂടിയറിയണം

മുഖ്യമന്ത്രി മാറിനില്‍ക്കങ്ങോട്ട് എന്നു കല്‍പിച്ചതിനു തൊട്ടടുത്ത ദിവസമാണ് മേയര്‍ക്കു നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് ഒരു അസഹിഷ്ണുതയുമില്ലാതെ അദ്ദേഹം പ്രതികരിച്ചത് എന്നു കൂടി മനസിലാക്കണം

അപ്പോള്‍ വ്യക്തമാകുന്നത് ഒന്നു മാത്രമാണല്ലോ, ചോദ്യങ്ങളല്ല, ഇഷ്ടമില്ലാത്ത ചോദ്യങ്ങളാണ് പ്രശ്നം. മറുപടി പറയാന്‍ പ്രയാസമുള്ള ചോദ്യങ്ങള്‍. ആ ചോദ്യങ്ങളാണ് മുഖ്യമന്ത്രിയുടെ മുഖത്തു തട്ടുന്നത്, അബദ്ധത്തില്‍ ഉയര്‍ന്നു പൊങ്ങിയ മൈക്കല്ല. പരിഹാരത്തിനു വഴിയുണ്ട് മുഖ്യമന്ത്രി, ഇന്നത്തെ പരിപാടികളെക്കുറിച്ച് താങ്കളുടെ ഓഫിസിലെ മാധ്യമവിഭാഗം നല്‍കുന്ന അറിയിപ്പുകളില്‍ ഇന്നു പ്രതികരിക്കാന്‍ താല്‍പര്യമുള്ള ചോദ്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തണം. പിന്നെ മംഗളം ചാനല്‍ ചെയ്ത ക്രിമിനല്‍ കുറ്റത്തിന്റെ പേരില്‍ കേരളത്തിലെ ദൃശ്യമാധ്യമങ്ങളെയാകെ നിയന്ത്രിക്കാനുള്ള നിയമമുണ്ടാക്കാന്‍ ആവേശം കൊള്ളും മുന്‍പ് താങ്കളുടെ പാര്‍ട്ടി ദേശീയ തലത്തില്‍ മാധ്യമസ്വാതന്ത്ര്യത്തിനായി നടത്തുന്ന പോരാട്ടങ്ങള്‍ കൂടി ഒന്നു സ്മരിക്കുന്നത് നല്ലതാണ്.

മന്ത്രി ശശീന്ദ്രന്‍റെ വ്യക്തിപരമായ ദൗര്‍ബല്യം ചൂഷണം ചെയ്ത് അദ്ദേഹത്തെ ഫോണ്‍കെണിയില്‍ കുരുക്കിയ മംഗളം ചാനലിന്റെ നടപടിയെ കേരളത്തിലെ മാധ്യമലോകമാകെ ഒറ്റക്കെട്ടായി തള്ളിക്കളഞ്ഞതാണ്. ഇതല്ല, ഞങ്ങള്‍ പുലര്‍ത്തുന്ന മാധ്യമസംസ്കാരമെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കിയതാണ്. ഇന്ന് അതേ സംഭവത്തെക്കുറിച്ചന്വേഷിച്ച കമ്മിഷന്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍്ടടില്‍ ഇടതുസര്‍ക്കാരിനെ ആവേശം കൊള്ളിക്കുന്നത് മാധ്യമനിയന്ത്രണത്തിനായുള്ള ശുപാര്‍ശകള്‍.

ദൃശ്യമാധ്യമങ്ങള്‍ വരുത്തുന്ന തെറ്റുകള്‍ക്ക് നടപടിയെടുക്കാന്‍ പര്യാപ്തമായ വ്യവസ്ഥകള്‍ നിലവിലുള്ള നിയമങ്ങളിലെല്ലാമുണ്ട് എന്നറിയാതെയാവില്ല കമ്മിഷനും സര്‍ക്കാരും പുതിയ നിയമത്തിനായി കേന്ദ്രത്തോട് അഭ്യര്‍ഥിക്കുന്നത്. അതും ഇടതുസര്‍ക്കാര്‍ മാധ്യമനിയന്ത്രണത്തിനായി അപേക്ഷ കൊടുക്കുന്നത് ഏതു സര്‍ക്കാരിനാണെന്നു കാണണം. അധികാരമേറ്റശേഷം ഒരൊറ്റ ചോദ്യത്തിനു പോലും മുഖം കൊടുക്കാത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സര്‍ക്കാരിന്. രാജ്യത്തെ ദേശീയമാധ്യമങ്ങളെയെല്ലാം വരുതിയിലാക്കിയിട്ടും പിടി തരാത്ത എന്‍.ഡി.ടി.വിയെ അധികാരദുര്‍വിനിയോഗത്തിലൂടെ നിശ്ബദരാക്കാന്‍ ഒരു മടിയും കാണിക്കാതിരുന്ന മോദി സര്‍ക്കാരിന്റെ കനിവിനായി കാത്തിരിക്കുകയാണ് ഇടതുമുന്നണിയുടെ പിണറായി സര്‍ക്കാര്‍

ഒന്നുകൂടി വ്യക്തമായി ആവര്‍ത്തിക്കട്ടെ. മാധ്യമങ്ങള്‍ തിരുത്തേണ്ടതുണ്ട്, അത് വ്യക്തമായി ചൂണ്ടിക്കാണിക്കണം. ആവര്‍ത്തിക്കാന്‍ പാടില്ലാത്ത തെറ്റുകള്‍ നിശിതമായി വിമര്‍ശിക്കപ്പെടണം. തൊഴിലിടങ്ങളിലെ അനാശാസ്യമായ പ്രവണതകളില്‍ ഇടപെടലും പരിഹാരവുമുണ്ടാകണം. പക്ഷേ അതിനൊക്കെ മുകളില്‍ റിപ്പോര്‍ട്ട് ചെയ്യാതെ പോകുന്ന വാര്‍ത്തകളുടെ പേരിലാണ് മാധ്യമങ്ങള്‍ ചോദ്യം ചെയ്യപ്പെടേണ്ടത്. ചോദിക്കാതെ പോകുന്ന ചോദ്യങ്ങളുടെ പേരിലാണ് ചര്‍ച്ചകള്‍ വിമര്‍ശിക്കപ്പെടേണ്ടത്. ശക്തമായ, അര്‍ഥവത്തായ ചോദ്യങ്ങള്‍ ഉയരുന്ന ഇടങ്ങളിലാണ് ജനാധിപത്യം പൂര്‍ണതയെത്തുന്നത്. ചോദ്യങ്ങളില്‍ അസ്വസ്ഥരാകുന്ന ഭരണാധികാരികളുടെ മാധ്യമവിമര്‍ശനം ജനാധിപത്യവിരുദ്ധമാണ്. അതിന് കൈയടിക്കുന്നവര്‍, മാധ്യമങ്ങള്‍ക്ക് ഇതു കിട്ടേണ്ടതാണെന്ന് ആവേശം കൊള്ളുന്നവര്‍ ഒന്നോര്‍ക്കുക. വിധേയത്വമാണ് ഈ ഭരണകൂടസ്വഭാവം ആവശ്യപ്പെടുന്നത്. അത് മാധ്യമങ്ങളില്‍ നിന്നു മാത്രമാകില്ലെന്നു കൂടി മനസിലാക്കാന്‍ ഉത്തരം കിട്ടാതെ പോകുന്ന ചില ചോദ്യങ്ങള്‍ സഹായിക്കും.

ഈ കഴിഞ്ഞ വാരത്തിനിടയില്‍ പിണറായി സര്‍ക്കാരിനു നേരെ ഉയര്‍ന്ന, മറുപടി കിട്ടാതെ പോയ ചോദ്യങ്ങള്‍ കൂടി നോക്കാം. കേരളത്തിലെ ഒരു ഇടതുപക്ഷ എം.പിയുടെ ഭൂമി കൈയേറ്റമെന്നു കണ്ടെത്തി ഇടതുസര്‍ക്കാര്‍ പട്ടയം റദ്ദാക്കി. തുടര്‍ന്ന് നടന്നതെന്താണ്? ഈ സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സി.പി.എം നടപടിയുണ്ടായ മൂന്നാര്‍ മേഖലയില്‍ ഹര്‍ത്താല്‍ നടത്തി.മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് മുന്‍ ഇടതുസര്‍ക്കാര്‍ തന്നെ പ്രഖ്യാപിച്ച കുറിഞ്ഞി ഉദ്യാനം വീണ്ടും അളന്ന് അതിര്‍ത്തി നിര്‍ണയിക്കാന്‍ തീരുമാനിച്ചു. ജനങ്ങള്‍ക്കു വേണ്ടിയെന്ന പേരിലുള്ള ഈ നടപടി ജോയ്സ് ജോര്‍ജ് എം.പിക്കും മറ്റു കൈയേറ്റക്കാര്‍ക്കും വേണ്ടി മാത്രമുള്ളതല്ലേയന്ന ചോദ്യത്തിന് ആരു മറുപടി തരും. എവിടെപ്പോയി ചോദിക്കും? തിരുവനന്തപുരത്ത്

മേയര്‍ ആക്രമിക്കപ്പെട്ടു. മുഖ്യമന്ത്രി തന്നെ ഗുരുതരമെന്നു സാക്ഷ്യപ്പെടുത്തി. തുടര്്‍നടപടികള്‍ എന്തായി.? പൊലീസ് ഒരാളെപ്പോലും അറസ്റ്റ് ചെയ്തില്ല. ആരോടു പോയി ചോദിക്കണം കേരളം?

തലസ്ഥാനത്ത് സി.പി.എം ഓഫിസിനു നേരെ ബി.ജെ.പിയുടെ കല്ലേറ് നോക്കി നിന്ന പൊലീസിനെ താങ്കളുടെ പാര്‍ട്ടി നേതാക്കള്‍ വിമര്‍ശിച്ചു. എവിടെ മറുപടി? എവിടെ വിശദീകരണം? DYFI പ്രവര്‍ത്തകനെ പൊലീസ് അതിക്രൂരമായി മര്‍ദിച്ചു. വിശദീകരണമുണ്ടോ? മലപ്പുറത്ത് വാക്സിനേഷന്‍ സംഘത്തെ വാക്സിന്‍ വിരുദ്ധര്‍ ആക്രമിച്ചു. വാക്സിനേഷന്‍ പ്രവര‍്ത്തകര്‍ക്ക് ആത്മവിശ്വാസമേകുന്ന നടപടികള്‍ വേണം, പ്രഖ്യാപനമുണ്ടാകണം. ആരോടു ചോദിക്കണം കേരളം·?

അപ്പോള്‍ നമുക്ക് മാധ്യമങ്ങള്‍ക്ക് പുതിയ നിയന്ത്രണങ്ങളാണ് അത്യാവശ്യം. അലോസരമുണ്ടാക്കുന്ന ചോദ്യങ്ങള്‍ ആദ്യം അവസാനിപ്പിക്കണം. പറയാന്‍ കനിവുണ്ടാകുമ്പോള്‍ ഭരണാധികാരി അറിയിപ്പുകള്‍ പുറപ്പെടുവിക്കും. രാജ്യതലസ്ഥാനത്തു നിന്നു മാത്രമല്ല, തിരുവനന്തപുരത്തു നിന്നും മന്‍കി ബാത്തിനായി നമുക്ക് ചെവിയോര്‍ക്കാം. തെറ്റു പറ്റാത്ത, തെറ്റുകളില്ലാത്ത മാധ്യമലോകം എന്ന ഇടതുസര്‍ക്കാരിന്റെ പ്രതിബദ്ധതയില്‍ പ്രതീക്ഷയര്‍പ്പിച്ചു കൊണ്ടു തന്നെ ഒരു കാര്യം കൂടി പറയാതെ വയ്യ, മാധ്യമങ്ങളോടുള്ള ഈ അസഹിഷ്ണുത ഒരു രോഗമായി വളരും മുന്‍പ് ചികില്‍സിച്ചു മാറ്റണം. ജനാധിപത്യത്തെ ഭരണാധികാരിയുടെ അസ്വസ്ഥത കൊണ്ട് മുറിപ്പെടുത്തരുത്.

MORE IN PARAYATHE VAYYA
SHOW MORE