ഇടതുമുന്നണിയുടെ രാഷ്ട്രീയം ചാണ്ടിയുടെ തീരുമാനത്തിന് വിട്ടു കൊടുത്തതാരാണ്?

Thumb Image
SHARE

ഇടതുമുന്നണിയുടെ രാഷ്ട്രീയം തോമസ് ചാണ്ടിയുടെ തീരുമാനത്തിന് വിട്ടു കൊടുത്തതാരാണ്? മുന്നണിയെ അപഹാസ്യമാക്കിയ രാജിവിവാദത്തില്‍ ഏറ്റവും പ്രസക്തമായ ചോദ്യം അതല്ലേ·? സി.പി.ഐയുടെ ബഹിഷ്കരണത്തില്‍ പ്രതിഷേധിക്കും മുന്‍പ് സി.പി.എം മറുപടി പറയേണ്ടത് ആ ചോദ്യത്തിനല്ലേ? തോമസ് ചാണ്ടി എന്ന ധനാഢ്യനു മുന്നില്‍ ഇടതുമുന്നണിയുടെ രാഷ്ട്രീയം തല കുനിച്ചതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണ്? സിപിഐയോട് കലഹം കൂടി, ചാണ്ടിയെസംരക്ഷിക്കാന്‍ കാട്ടിയ വെപ്രാളങ്ങളെ മറച്ചുപിടിക്കാമെന്ന് സിപിഎം കരുതുന്നുവെങ്കില്‍ അത് മൗഢ്യമാണെന്ന് ആദ്യമേ പറയട്ടെ. തോമസ് ചാണ്ടി ഏറ്റുവാങ്ങിയ പുതുമുന്നണിമര്യാദകളും ഉദാരതകളും കണ്ട് അമ്പരന്നിരിക്കുകയാണ് രാഷ്ട്രീയ കേരളം. ഒപ്പം മറ്റുചിലതുകൂടിയുണ്ട്, കലങ്ങിയ കായലില്‍ രാഷ്ട്രീയ മുതലെടുപ്പിനായി മുങ്ങിത്തപ്പിയെന്ന അപഖ്യാതി സി.പി.ഐ ഏറ്റെടുക്കണം. എല്ലാം കഴിഞ്ഞപ്പോള്‍ നിലം നഷ്ടപ്പെട്ട ജാള്യത പ്രതിപക്ഷവും ചുമന്നേപറ്റൂ.

തോമസ് ചാണ്ടി ഇടതുപക്ഷരാഷ്ട്രീയത്തിനാരായിരുന്നുവെന്ന ചോദ്യത്തിനാണ് മുന്നണി മറുപടി പറയേണ്ടത്. മുഖ്യമന്ത്രി മറുപടി നല്‍കേണ്ടത്. ഭൂമി വിവാദംഉയര്‍ന്നപ്പോള്‍, അന്വേഷണം പോലും നടക്കും മുന്‍പ് തോമസ് ചാണ്ടിയെ സംരക്ഷിക്കാന്‍ തീരുമാനിച്ചതാരാണ്? അന്നു മുതലിന്നോളം, തോമസ് ചാണ്ടി രാജിവച്ച പകലില്‍ പോലും മുഖ്യമന്ത്രി സ്വീകരിച്ച സൗമ്യമായ കരുതലിനെ വിളിക്കേണ്ട പേരാണോ രാഷ്ട്രീയ മര്യാദ? താന്‍ നയിക്കുന്ന സര്‍ക്കാരിനെതിരെ കോടതിയെ സമീപിച്ച മന്ത്രിയുടെ തീരുമാനത്തിനായി വിശാലമനസ്കനായ മുഖ്യമന്ത്രി കാത്തിരുന്നത് സമയപരിധിയില്ലാതെയാണെന്നോര്‍ക്കണം . ഈ മുഖ്യമന്ത്രിയെയാണ് തോമസ് ചാണ്ടിയുടെ കാര്യം തീരുമാനിക്കാന്‍ ചുമതലപ്പെടുത്തിയെന്ന് ഇടതുമുന്നണി കൈകഴുകിയത്. ഹൈക്കോടതി പോലും രാജിവച്ചേ മതിയാകൂവെന്ന് കടുത്ത ഭാഷയില്‍ താക്കീത് നല്‍കിയ മന്ത്രി, സുപ്രീംകോടതിയിലേക്കു കുതിക്കാന്‍ ഡല്‍ഹിക്ക് ടിക്കറ്റ് ബുക്ക് ചെയ്തപ്പോഴും 

മുന്നണിമര്യാദയുടെ പേരില്‍ കാത്തിരിക്കുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. ഹൈക്കോടതി തന്റെ വഴിക്കു വരുമെന്ന പണക്കൊഴുപ്പിന്റെധാര്‍ഷ്ട്യത്തില്‍ ഇടതുസര്‍ക്കാരിന്‍റെ നടപടികളെ പരസ്യമായി വെല്ലുവിളിച്ച് മുന്നേറിയ തോമസ് ചാണ്ടിക്കു മുന്നില്‍ നിശബദ്ത പാലിച്ചതിനും പേര് മുന്നണി മര്യാദയെന്നാണ്. ഉറപ്പാണ്. ചെറിയൊരു പഴുതെങ്കിലുമുണ്ടായിരുന്നെങ്കില്‍ സുപ്രീംകോടതി വരെ ചാണ്ടിക്കായി കാത്തിരിക്കാന്‍ തയാറായിരുന്നു മുഖ്യമന്ത്രി. പിണറായി വിജയനപ്പുറം ഒരു ചോദ്യവുമുണ്ടായിരുന്നില്ല സി.പി.എമ്മിനും. കണക്കുക്കൂട്ടലുകള്‍ തെറ്റിച്ചത് ഹൈക്കോടതിയുടെ കനത്ത പ്രഹരമാണ്. തക്കം പാര്‍ത്തിരുന്ന സി.പി.ഐയുടെ മന്ത്രിസഭാ ബഹിഷ്കരണമാണ്. കേരളത്തിലെ ഇടതുപക്ഷത്തിന് തോമസ് ചാണ്ടി ഇത്രമേല്‍ അനിവാര്യനായതെങ്ങനെയെന്ന ചോദ്യത്തിന് 

ഒരു മുന്നണിമര്യാദയും ഉത്തരമായി തികയില്ല. ഭൂമികയ്യേറ്റവും നിയമലംഘനങ്ങളും ഈ സര്‍ക്കാര്‍ നിയോഗിച്ച കലക്ടര്‍ കണ്ടെത്തിയ അന്ന് മന്ത്രിസ്ഥാനമൊഴിയേണ്ട തോമസ് ചാണ്ടിയെയാണ് സി.പി.എം ചുമന്ന് ഹൈക്കോടതി വരെ എത്തിച്ചത്. കലക്ടറുടെ കണ്ടെത്തലിനെതിരെ നിയമപരമായ പ്രതിരോധം തീര്‍ക്കാന്‍ തോമസ് ചാണ്ടിക്കെന്നല്ല ഏതു വ്യക്തിക്കും അവകാശമുണ്ട്. പക്ഷേ മന്ത്രിസ്ഥാനം രാജിവച്ചതിനു ശേഷമെന്ന് ചൂണ്ടിക്കാണിക്കാന്‍ കരുത്തുള്ളൊരു രാഷ്ട്രീയവും ഇടതുമുന്നണിക്കുണ്ടായില്ലെന്ന് ചരിത്രം രേഖപ്പെടുത്തി വയ്ക്കും. സ്വന്തം സര്‍ക്കാരിനെതിരെ മന്ത്രി ജയിക്കാന്‍ ഭരണമുന്നണി കാത്തിരുന്നൊരു ചരിത്രവും ഇതുവരെയുണ്ടായിട്ടുമില്ല. തോറ്റു കൊടുക്കാന്‍ തയാറായിരുന്നു പിണറായി വിജയന്‍ സര്‍ക്കാര്‍. പക്ഷേ ഹൈക്കോടതിക്കുണ്ടായി, ഇടതുമുന്നണിക്ക് ഇല്ലാതെ പോയ രാഷ്ട്രീയ ജാഗ്രത. ഭരണഘടനാലംഘനമാണെന്നു പറയാന്‍ കോടതിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. രാജിവച്ചു പുറത്തുപോകൂവെന്നു കോടതി വിധിക്കുന്നതു തടയാന്‍ രാഷ്ട്രീയം മറന്നും വാദിക്കാനെത്തിയ കോണ്‍ഗ്രസ് എം.പിക്കും കഴിഞ്ഞില്ല. തൊട്ടടുത്ത നിമിഷം രാജി ആവശ്യപ്പെടേണ്ടതാണ് മുഖ്യമന്ത്രി. പക്ഷേ മുന്നണി മര്യാദയുെട തണലില്‍ തോമസ് ചാണ്ടി വീണ്ടും കേരളത്തെ വെല്ലുവിളിച്ചു.

ഹൈക്കോടതിയില്‍ നിന്ന് കുറ്റവിമുക്തനായി തിരിച്ചെത്തുന്ന തോമസ് ചാണ്ടിയെ കാത്തിരുന്ന മുഖ്യമന്ത്രിക്ക് ഗത്യന്തരമില്ലാതെ വാര്‍ത്താസമ്മേളനം വിളിക്കേണ്ടി വന്നിട്ടു പോലും ഉറപ്പിച്ചൊരു വാക്കു പറയാനായില്ലെന്നത് ഏതു മര്യാദയുടെ കണക്കില്‍ എഴുതിവയ്ക്കും ഇടതുരാഷ്ട്രീയം·? ആ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ മുഖത്ത് നിഴലിച്ച നിസ്സഹായത, അത് സത്യമെങ്കില്‍, ഇടതുരാഷ്ട്രീയത്തെ ആകെ പേടിപ്പിക്കേണ്ടതാണ്. ഓര്‍ക്കണം, ഈ നിമിഷം വരെയും ശക്തനായ മുഖ്യമന്ത്രിയോ സി.പി.എമ്മോ തോമസ് ചാണ്ടിക്കെതിരെ ഒരക്ഷരം മിണ്ടിയിട്ടില്ല. ഹൈക്കോടതി ഭരണഘടനാലംഘനം നടത്തിയെന്നു തീര്‍പ്പെഴുതിയ തോമസ് ചാണ്ടിക്കെതിരെ സുദീര്‍ഘമായി വാര്‍ത്താസമ്മേളനം നടത്തിയ സി.പി.എമ്മിന്റെ രാഷ്ട്രീയത്തിനു കഴിഞ്ഞിട്ടില്ല. 

അതു മാത്രമല്ല, മന്ത്രിസ്ഥാനം ഒഴിച്ചിട്ട് കാത്തിരിക്കുന്നത് ഇതേ തോമസ് ചാണ്ടി സുപ്രീംകോടതിയില്‍ നിന്ന് അനൂകൂലവിധിയുമായെത്താനാണ്. സി.പി.എമ്മിനു ചോദ്യങ്ങളുള്ളത് സി.പി.ഐയോടു മാത്രമാണ്. മന്ത്രിസഭാബഹിഷ്കരണമാണ് രാജിതീരുമാനമാക്കിയതെന്ന് സി.പി.ഐയ്ക്ക് അവകാശപ്പെടാം. പക്ഷേ ആ മാതൃക അനുകരണീയമല്ല. സി.പി.ഐ തുറന്നു വച്ചത് രാഷ്ട്രീയ ഇച്ഛാശക്തിയുടെ വഴിയല്ലെന്ന് പറയാതെ വയ്യ. തോമസ് ചാണ്ടിയുടെ രാജിയുടെ പേരില്‍ കൈക്കൊണ്ട പരസ്യനിലപാടുകളിലൂടെ ‍ഞങ്ങള്‍ക്ക് ഈ മുന്നണിയില്‍ ഒരുത്തരവാദിത്തവുമില്ലെന്നാണ് സി.പി.ഐ പറഞ്ഞുവച്ചത്. തീരുമാനങ്ങള്‍ സി.പി.എമ്മിന്റേതാണ്. മുഖ്യമന്ത്രിയുടേതാണ്. നിങ്ങളെടുക്കുന്ന തീരുമാനങ്ങള്‍ ഞങ്ങള്‍ നോക്കിയിരിക്കും, ശരിയാണെങ്കില്‍ മിണ്ടാതെ അനുസരിക്കും, തെറ്റാണെങ്കിലും അവിടെ മിണ്ടാതെ പുറത്തിറങ്ങി വന്ന് പ്രതിഷേധിക്കും. സി.പി.ഐ കാലാകാലമായി തുടരുന്ന രീതി ഇതാണ്. അത്ഇടതുമുന്നണിയിലാണെങ്കിലും മന്ത്രിസഭയിലാണെങ്കിലും. രാഷ്ട്രീയമായി കൃത്യമായി പങ്കാളിത്തമുള്ള മുന്നണിയില്‍ വിയോജിപ്പുകള്‍ അവതരിപ്പിക്കാനും തീരുമാനങ്ങള്‍ എടുപ്പിക്കാനുമുള്ള ആര്‍ജവമാണ് സി.പി.ഐ കാണിക്കേണ്ടത്. വിവാദ ദിവസവും മന്ത്രിസഭായോഗത്തില്‍ പങ്കെടുത്ത് ഉറച്ച നിലപാടെടുക്കാനുളള ധൈര്യമാണ് സി.പി.ഐ കാണിക്കേണ്ടിയിരുന്നത്. അതുമല്ലെങ്കില്‍ മന്ത്രിസഭായോഗം മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെടണമായിരുന്നു. മറ്റൊരു മുറിയില്‍ മാറിയിരുന്ന്, തോമസ്ചാണ്ടി യോഗത്തിനെത്തിയെന്ന് ഉറപ്പുവരുത്തിയ ശേഷം കുറിപ്പ് കൊടുത്തയക്കാന്‍ അത്ര വലിയ രാഷ്ട്രീയശേഷിയൊന്നും ആവശ്യമില്ല. തീരുമാനമെടുക്കാനുള്ള അധികാരമെല്ലാം മുഖ്യമന്ത്രിക്കാണെന്ന്, മുഖ്യമന്ത്രിക്കു മാത്രമാണെന്ന് വിധേയപ്പെട്ടു കൊടുക്കലാണ് മന്ത്രിസഭാബഹിഷ്കരണത്തിലൂടെ നിങ്ങളും ചെയ്തത്.

സി.പി.ഐ മനസിലാക്കണം, മന്ത്രിസഭായോഗം ബഹിഷ്കരിച്ചതിനുള്ള ആ കൈയടി ഒരു രാഷ്ട്രീയ അധ്വാനവുമില്ലാതെ നിങ്ങള്‍ നേടിയതാണ്. മറിച്ച് യോഗത്തില്‍ പങ്കെടുത്ത് തോമസ് ചാണ്ടിയെക്കൊണ്ട് രാജിവയ്പിക്കാനുള്ള ആര്‍ജവമൊന്നും നിങ്ങള്‍ക്കുണ്ടായിരുന്നില്ലെന്നു സമ്മതിക്കണം. മുന്നണിയിലും മന്ത്രിസഭയിലുമുള്ള സ്വന്തം രാഷ്ട്രീയ സ്വാധീനത്തെക്കുറിച്ച് ഇത്രയേ ഉള്ളൂ ആത്മവിശ്വാസമെങ്കില്‍ ഇനി ആ മന്ത്രിസഭായോഗത്തില്‍ തിരിച്ചു കയറരുത്. നിങ്ങള്‍ അവിശ്വാസം രേഖപ്പെടുത്തിയ ഒരു മന്ത്രിസഭയില്‍ തുടര്‍ന്നു പോകുന്നത് നിങ്ങളെ തുറന്നു കാണിക്കുന്നുണ്ട്. ഞങ്ങളുടെ വേറിട്ട രാഷ്ട്രീയം എന്ന സി.പി.ഐ അവകാശവാദങ്ങളും വിലയിരുത്തപ്പെടാതെ പോകരുത്.സി.പി.എമ്മും സി.പി.ഐയും തമ്മില്‍ ഭരണതലത്തിലുള്ള കടുത്ത വിയോജിപ്പുകള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇ.എം.എസ് മന്ത്രിസഭയുടെ കാലത്തു തന്നെ സി.പി.ഐയുടെ പ്രമുഖ മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്കരിച്ച ചരിത്രമുണ്ട്. 1969ൽ ഇഎംഎസ് സർക്കാരിന്റെ മന്ത്രിസഭായോഗം എം.എൻ.ഗോവിന്ദൻ നായരും ടി.വി.തോമസും ബഹിഷ്കരിച്ചത് ബി. വെല്ലിങ്ടണെതിരെയുള്ള അഴിമതി ആരോപണം അന്വേഷിക്കാനില്ലെന്ന നിലപാട് ഇഎംഎസ് സ്വീകരിച്ചപ്പോഴാണ്. എന്നാല്‍ ബഹിഷ്കരണത്തിനുള്ള തീരുമാനമോ കാരണമോ അന്ന് സി.പി.ഐ പരസ്യമായി പ്രഖ്യാപിച്ചിരുന്നില്ല. ഒന്നിച്ചു നില്‍ക്കുമ്പോഴും സി.പി.എമ്മും സി.പി.ഐയും ഒറ്റ തിരിഞ്ഞ് അന്യോന്യമുള്ള ആക്രമണം അന്നോളമിന്നോളം കേരളം കണ്ടുകൊണ്ടിരിക്കുകയാണ്. 91 സീറ്റിന്റെ തിളക്കവുമായി ഇടതുസര്‍ക്കാര്‍ അധികാരമേറ്റ ശേഷവും അധികം വൈകാതെ സി.പി.ഐ ചോദ്യങ്ങള്‍ ഉയര്‍ത്തിത്തുടങ്ങി. ഇടതുരാഷ്ട്രീയത്തിലെ തിരുത്തല്‍ ശക്തിയാണ് തങ്ങളെന്നു സ്ഥാപിക്കാന്‍ കിട്ടുന്ന ഒരവസരവും സി.പി.ഐ ഇതു വരെ പാഴാക്കിയിട്ടുമില്ല.

മുന്നണിയുടെ തിരഞ്ഞെടുപ്പു പ്രകടനപത്രികയിൽ പരാമർശിക്കാത്തതും മുന്നണി കൂട്ടായി ചർച്ച ചെയ്യാത്തതുമായ വിഷയങ്ങൾ ഏകപക്ഷീയമായി നടപ്പാക്കാൻ ചിലർ ശ്രമിക്കുന്നുവെന്നു സി.പി.ഐ വിമര്‍ശിച്ച അനേകം സന്ദര്‍ഭങ്ങള്‍ ഈ ഒന്നര വര്‍ഷത്തിനിടെയുണ്ട്. മാര്‍ക്സിസം ഉള്‍ക്കൊള്ളുന്നവര്‍ പ്രകൃതിയെ നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കില്ലെന്ന് സി.പി.ഐ, സി.പി.എമ്മിനെ ഒളിഞ്ഞു കുത്തിയത് അതിരപ്പിള്ളിയിലാണ്. രാഷ്ട്രീയകൊലപാതകങ്ങളുടെ പേരില്‍ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയ ഗവര്‍ണറെ സി.പി.എം ന്യായീകരിച്ചപ്പോള്‍ അതു ശരിയല്ലെന്ന് സി.പി.എമ്മിനെ തിരുത്തിയതും സി.പി.ഐയാണ്. മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കലില്‍ കഴിഞ്ഞ വി.എസ്.സര്‍ക്കാരിന്റെ കാലത്ത് പ്രതിക്കൂട്ടിലായിരുന്ന സി.പി.ഐ ഇത്തവണ സി.പി.എമ്മിനെ മുള്‍മുനയില്‍ നിര്‍ത്തി.കെ.എം.മാണിയുമായി ഒളിഞ്ഞും തെളിഞ്ഞും കൈകോര്‍ക്കാന്‍ തുടങ്ങിയ സി.പി.എമ്മിനെ പരസ്യമായി വിമര്‍ശിച്ച സി.പി.ഐയുടെ വെപ്രാളം മുന്നണിയിലെ സുരക്ഷിതസ്ഥാനമാണെന്നു വിമര്‍ശിക്കപ്പെട്ടു. പക്ഷേ തിരിച്ചുപറയാന്‍ സി.പി.ഐയും എന്നുമൊരു സുരക്ഷിതകാരണം ഉറപ്പുവരുത്തിയിരുന്നു. സ്വീകരിക്കുന്ന നിലപാടുകൾ ന്യായമായതുകൊണ്ട് സമൂഹത്തിന്റെ അംഗീകാരമുണ്ടെന്ന ആത്മവിശ്വാസത്തില്‍ ഭരണത്തില്‍ ഒപ്പമിരുന്നു തന്നെ സി.പി.ഐ വിമര്‍ശനം തുടരുകയാണ്. 

ജനങ്ങള്‍ക്കു മുന്നില്‍ പറയുന്ന ഉറച്ച നിലപാടുകള്‍ മുന്നണിയോഗത്തിലോ മന്ത്രിസഭയിലോ കൈക്കൊള്ളാറുണ്ടോ എന്നു ചോദ്യം വന്നാല്‍ പരുങ്ങുന്നതും ഇതേ സി.പി.ഐയാണ്. വിമര്‍ശനമാണ് സി.പി.ഐയുടെ മേഖല, തിരുത്തലില്‍ നിര്‍ബന്ധങ്ങളില്ല.ദേശീയ രാഷ്ട്രീയത്തിലേക്കു ചര്‍ച്ചകളെത്തുമ്പോഴും ആരാണ് മുഖ്യശത്രുവെന്ന ചോദ്യത്തിലും സി.പി.ഐ ചോദ്യം ചെയ്യുന്നത് സി.പി.എം. നിലപാടിനെയാണ്. പിണറായിയും കോടിയേരിയും കോണ്‍ഗ്രസ് സഖ്യത്തെ ശക്തമായി തള്ളിക്കളഞ്ഞപ്പോള്‍ കാലഘട്ടത്തിന്റെ അനിവാര്യതയെന്നു പറഞ്ഞു വച്ചിട്ടുണ്ട് സി.പി.ഐ. ബി.ജെ.പിയാണ് മുഖ്യശത്രുവെന്നു കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മറക്കരുതെന്നു പറഞ്ഞു വച്ചതും കാനം.

ഈ സര്‍ക്കാര്‍ വന്ന ശേഷം വീണു കിട്ടുന്ന എല്ലാ അവസരങ്ങളിലും സി.പി.ഐ സി.പി.എമ്മിനെതിരെ തിരി‍ഞ്ഞു. പക്ഷേ ഓരോ തവണയും എവിടെ വരെ നിലപാടില്‍ ഉറച്ചു നിന്നുവെന്നോ, തീരുമാനം തിരുത്തിച്ചുവെന്നോ ചോദിക്കരുത്. അങ്ങനെ ചോദിച്ചാല്‍ ലോ അക്കാദമി സമരത്തിന്റെ നാടകാന്ത്യത്തില്‍ കരണം മറിഞ്ഞതുപോലെ, മറിയേണ്ടിവരും സി.പി.ഐയ്ക്ക്. ഒന്നുറപ്പാണ്. ഓരോ തവണയും ജനങ്ങളുടെ താല്‍പര്യം ഉറപ്പിക്കാനായില്ലെങ്കിലും, പാര്‍ട്ടി പ്രതിഛായയുടെ തിളക്കം ഉറപ്പിക്കാന്‍ സി.പി.ഐയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അതു മാത്രമായിരുന്നില്ല ഉന്നമെന്ന് സി.പി.ഐ ഇനിയും കേരളത്തിനു മുന്നില്‍ തെളിയിക്കേണ്ടിയിരിക്കുന്നു. പ്രവര്‍ത്തിച്ചു തെളിയിക്കേണ്ടിയിരിക്കുന്നു.സി.പി.എം പ്രായോഗികരാഷ്ട്രീയമെന്നു ഒത്തുതീര്‍പ്പിനിറങ്ങുമ്പോഴെല്ലാം , ജനപക്ഷ ഇടതുരാഷ്ട്രീയം മുറുകെ പിടിക്കുന്നുവെന്നാണ് സി.പി.ഐ ഉണ്ടാക്കിയ പ്രതീതി. അങ്ങനെ സി.പി.ഐ തിളങ്ങിയ ഒരു സന്ദര്‍ഭമാണ് തിരുവനന്തപുരത്തെ ലോ അക്കാദമി സമരം. സമരത്തോട് തുടക്കം മുതല്‍ നിഷേധാത്മകമായ  നിലപാട് സ്വീകരിച്ച പിണറായി സര്‍ക്കാരിനെ പരസ്യമായി ചോദ്യം ചെയ്തു സി.പി.ഐ.

ഒടുവില്‍ ആരോപിതയായ പ്രിന്‍സിപ്പലിനെ തല്‍സ്ഥാനത്തു നിന്നു മാറ്റി സമരം ഒത്തുതീര്‍ന്നു. സി.പി.ഐ അനുഭാവമുള്ള വിദ്യാര്‍ഥി പ്രവര്‍ത്തകനാണ് സമരത്തിന്റെ മൂലകാരണങ്ങളിലൊന്നായ ജാതി അധിക്ഷേപത്തിനെതിരെ പൊലീസിന് പരാതി നല്‍കിയിരുന്നതു്. അതേ വിദ്യാര്‍ഥി, സമരത്തിനു ശേഷം പരാതി പിന്‍വലിച്ചു. ഭൂമി തിരിച്ചുപിടിക്കുന്നതടക്കം സി.പി.ഐ കൈയടി നേടി പ്രഖ്യാപിച്ച നിലപാടുകളും കാറ്റില്‍ പറന്നു. മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍ നടപടി വി.എസിന്റെ കാലത്ത് അകാലമരണമടഞ്ഞത് ഇതേ സി.പി.ഐയുടെ ഓഫിസിന്റെ നേര്‍ക്ക് നടപടിയുണ്ടായപ്പോഴാണെന്ന് സി.പി.ഐ മറന്നാലും നമ്മളോര്‍ക്കണം. ഇത്തവണ മൂന്നാര്‍ കയ്യേറ്റത്തില്‍ നടപടിയെടുക്കാന‍് ആത്മാര്‍ഥത കാണിച്ച ദേവികുളം സബ്കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് തുടക്കത്തില്‍ വന്‍പിന്തുണ പ്രഖ്യാപിച്ചു റവന്യൂ വകുപ്പ്. അതേ ശ്രീറാമിനെ സ്ഥലംമാറ്റി പ്രമോഷന്‍ കൊടുത്ത സി.പി.എം നീക്കത്തിന് കൈയടിച്ച് ഓടിയൊളിച്ചതും ഇതേ സി.പി.ഐയാണ്. അന്നു ന്യായം ഭരണപരമായ നടപടി. 

മുന്നണിയുടെ കൂട്ടുത്തരവാദിത്തം. സ്വാശ്രയഫീസ് കൊള്ളയില്‍ ഈ സര്‍ക്കാര്‍ നടപ്പിലാക്കിയ കടുത്ത അന്യായത്തിനെതിരെ സി.പി.ഐ മിണ്ടുന്നതോ നിലപാടെടുക്കുന്നതോ കേരളം കണ്ടിട്ടില്ല. ആരോഗ്യകേരളം പനി ബാധിച്ചു മരണക്കിടക്കയിലായപ്പോള്‍ സി.പി.ഐയ്ക്ക് പൊള്ളിയിട്ടില്ല. റേഷന്‍ പ്രശ്നം അതിരൂക്ഷമായപ്പോള്‍ സ്വന്തം വകുപ്പിനെതിരെയും ധാര്‍മിക രാഷ്ട്രീയം ഉയര്‍ന്നില്ല. റോഡുകള്‍ തരിപ്പണമായി ജനത്തിന്‍റെ നടുവൊടിഞ്ഞപ്പോഴും സി.പി.ഐയ്ക്ക് വേദനിച്ചില്ല. ചുരുക്കത്തില്‍ സി.പി.ഐയ്ക്ക് രാഷ്ട്രീയനേട്ടമുണ്ടാക്കാന്‍ സാധ്യതയില്ലാത്ത ജനകീയ പ്രശ്നങ്ങളില്‍ യഥാര്‍ഥ ഇടതുപക്ഷത്തെ മഷിയിട്ടു നോക്കിയാലും കാണില്ല കേരളം.

അതായത് ഇടതുപക്ഷ ധാര്‍മികതയുമായി സി.പി.ഐ എപ്പോള്‍ വരുമെന്നും, അതേ ആദര്‍ശപാര്‍ട്ടി മുന്നണി രാഷ്ട്രീയത്തിന്റെ ന്യായീകരണങ്ങളിലേക്ക് എപ്പോള്‍ തലപൂഴ്ത്തുമെന്നും പ്രവചനാതീതമാണ്. ഒരു കാര്യം അംഗീകരിക്കേണ്ടി വരുന്ന നിവൃത്തികേടുണ്ട് കേരളത്തിനിപ്പോള്‍. പ്രതിപക്ഷം നിലവിലുണ്ടോയെന്നു സംശയം തോന്നുമ്പോള്‍ ചിലപ്പോഴെങ്കിലും ആശ്വാസമാകുന്നത് സി.പിഐയുടെ ചോദ്യങ്ങളുമാണ്. ഈ ചോദ്യങ്ങളുടെ ലക്ഷ്യം എവിടേക്കാണെന്നതിലാണ് വ്യക്തത വേണ്ടത്. ദേശീയ ബദല്‍ കോണ്‍ഗ്രസാണെന്ന നിലപാടിലേക്കാണോ സി.പി.ഐ ഈ ചോദ്യങ്ങള്‍ സ്വരുക്കൂട്ടുന്നത്? യഥാര്‍ഥ ഇടതുപക്ഷം എന്ന അവകാശവാദങ്ങള്‍ വലതുപക്ഷത്തേക്കുള്ള ചായ്‍വിനായി ഒരുക്കുന്നതാണോ? ഒറ്റയ്ക്കെടുത്താല്‍ രാഷ്ട്രീയമായി സി.പി.ഐ ശരിയാണോ?· തോമസ്ചാണ്ടി ഇടതുമുന്നണിക്കേല്‍പിച്ച പരുക്കുകള്‍ ഭേദമാകുമ്പോള്‍ സി.പി.എമ്മിനെയും സി.പി.ഐയെയും കാത്തിരിക്കുന്നത് ഈ ചോദ്യമാണ്. രാഷ്ട്രീയമായ ശരി ഉയര്‍ത്തിപ്പിടിക്കുന്നത് സി.പി.എമ്മാണോ സി.പി.ഐ ആണോ? ആ ചോദ്യത്തിനുള്ള ഉത്തരത്തിലേക്കാണ് തോമസ് ചാണ്ടി

കുഴിച്ചു വച്ച വഴിയിലൂടെ കേരളം നടന്നെത്തേണ്ടത്.

----------------------------------------------------------------------

സിനിമ. സിനിമയാണ്. കൊലവിളിക്ക് ഉള്ളതല്ല

ഒരു സിനിമ എന്തുപറയണം? അത് തീരുമാനിക്കപ്പെടുന്നത് എവിടെനിന്നാണ്? ലളിതമാണ് ഉത്തരം. അത് അതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരുടെ കൂടിയാലോചനകളില്‍ കെട്ടഴിഞ്ഞുവരുന്നതാണ്. സെന്‍സര്‍ ബോര്‍ഡ് ഓഫീസിന്റെ വട്ടമേശയിലെ വെട്ടിമാറ്റലുകള്‍ക്കപ്പുറം സമ്പാദ്യമെടുത്ത് സമയം നല്‍കി തീയേറ്ററില്‍ എത്തുന്ന പ്രേക്ഷകന് പോലും ഇത് എന്നെ തൃപ്തിപ്പെടുത്തുന്നില്ലെന്ന് പരിഭവപ്പെടാമെന്നല്ലാതെ പരാതി പറയാന്‍ ഒരു പരിധിക്കപ്പറും പറ്റില്ല. എന്നാല്‍ ഇന്ന് അതാണോ സ്ഥിതി? സിനിമ കാണാന്‍ കാത്തുനില്‍ക്കാന്‍ പോലും ക്ഷമയില്ലാത്ത ആള്‍ക്കൂട്ടത്തിന്റെ വിചാരങ്ങളെ, വിചാരണകളെ, അവരേല്‍പ്പിക്കുന്ന ആഴത്തിലുള്ള പരുക്കകളെ സിനിമാപ്രവര്‍ത്തകര്‍ക്ക് പേറേണ്ടി വരുന്നു. ആലോചനകളേതുമില്ലാതെ വ്യവസ്ഥിതികളും അതിന് ഒപ്പം നില്‍ക്കുന്നു.

പത്മാവതിയെ ചൊല്ലിയാണ് പുതിയ പതിപ്പ്. ഇക്കുറി വ്രണപ്പെടുന്നത് ക്ഷത്രിയവംശത്തിന്റെ വികാരങ്ങളാണ്. ചിത്രത്തില്‍ റാണി പത്മിനിയും അലാവുദ്ദീന്‍ ഖില്‍ജിയും തമ്മിലുള്ള പ്രണയരംഗങ്ങളുണ്ടെന്നും അത് അവഹേളനമാണെന്നുമുള്ള വാദങ്ങള്‍ മുന്‍നിര്‍ത്തിയാണ് സിനിമയും സിനിമാപ്രവര്‍ത്തകരും വേട്ടയാടപ്പെടുന്നത്. രജപുത്രകര്‍ണിസേനയാണ് മുന്നില്‍. സെറ്റ് തീവച്ച് നശിപ്പിക്കുകയും സംവിധായകനെ കയ്യേറ്റം ചെയ്യുകയും ചെയ്തു. എന്നാല്‍ കേട്ടുകഥകളെ കെട്ടിയെഴുന്നള്ളിച്ച് വരുന്നവരോട് മറുപടിയില്ലെന്നും ഞങ്ങള്‍ക്ക്, അല്ല ഏതൊരു സിനിമാപ്രവര്‍ത്തകര്‍ക്കും സെന്‍സര്‍ ബോര്‍ഡിന് മാത്രം മറുപടി നല്‍കിയാല്‍ മതിയെന്നും കിട്ടിയവേദികളിലെല്ലാം വിളിച്ചുപറഞ്ഞ് സിനിമ ചിത്രീകരണം പൂര്‍‌ത്തിയാക്കി. അപ്പോള്‍ റിലീസ് തടയണമെന്നതായി പ്രതി·ഷേധക്കാരുടെ ആവശ്യം. തലയെടുക്കല്‍ പ്രസംഗങ്ങളിലൂടെ വഴിതടയില്‍ പ്രഖ്യാപനങ്ങളിലൂടെ അവരത് സജീവമായി നിര്‍ത്തുന്നുണ്ട്. എഴുത്തും തിരയെഴുത്തുമെല്ലാം മുറിപ്പെടുത്തുന്നുണ്ടെന്നുപറഞ്ഞ് ആള്‍ക്കൂട്ടമിങ്ങനെയിറങ്ങുന്നതൊന്നും പുതിയകാഴ്ചകളേയല്ല. എന്നാല്‍ ഹിന്ദുത്വത്തില്‍ അധിഷ്ഠിതമായ ഒരു രാഷ്ട്രീയ സദാചാര ബോധം കലയെ സസൂക്ഷ്മം നിരീക്ഷിച്ച് പിന്തുടരുന്നതാണ് കാണുന്നത്. അതേ ആശയധാരകളെ താലോലിക്കുന്ന ഭരണവര്‍ഗത്തിന്റെ ആശീര്‍വാദങ്ങള്‍ അവരുടെ ആര്‍ജവമേറ്റുന്നുവെന്നതും സെന്‍സര്‍ബോര്‍ഡുപോലുള്ള സ്ഥാപനങ്ങള്‍ അതിനെ അതേപടി തലയിലേറ്റുന്നുവെന്നതും കാണാതെപോകരുത് ഹിന്ദുത്വ ഗ്രൂപ്പുകളുടെ ഈ ഭീഷണി കാണാന്‍ പത്മാവതിയിലേക്ക് എത്തിനോക്കേണ്ടതില്ല,റോട്ടര്‍ഡാം രാജ്യന്തര ചലച്ചിത്രമേളയില്‍ മികച്ച ചിത്രമായി തിരഞ്ഞെടുത്ത സനല്‍കുമാര്‍ ശശിധരന്റെ സെക്സിദുര്‍ഗയും സമാനമായി ക്രൂശിക്കപ്പെട്ടു. ഹിന്ദുസ്വാഭിമാന്‍ സംഘ് എന്ന സംഘടനയാണ് പുരസ്കാരമെല്ലാമേറ്റി തിരിച്ചെത്തുമ്പോള്‍ ഭാരതീയ സംസ്കാരമെന്തെന്ന് സനല്‍കുമാറിനെ പഠിപ്പിക്കാമെന്ന് പ്രഖ്യാപിച്ചെത്തിയത്.

പുരസ്കാരത്തിന്റെ വലുപ്പം വച്ചുനോക്കിയാല്‍ പരവതാനി വിരിച്ച് വരവേല്‍ക്കേണ്ടതായിരുന്നുവെങ്കിലും പടകൂട്ടി പഞ്ഞിക്കിടാനാണ് ആലോചനകളുണ്ടായത്. തീരുന്നില്ല, ഐ.എഫ്.എഫ്.ഐയിലേക്ക് ഇന്ത്യന്‍ പനോരമ തിരഞ്ഞെടുത്ത ചിത്രത്തെ ഐ ആന്‍ഡ് ബി മന്ത്രാലയം അവസാനലിസ്റ്റില്‍ നിന്ന് വെട്ടിമാറ്റുകയും ചെയ്തു. ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികള്‍ എന്താണോ ആഗ്രഹിച്ചത് അതിനെ അതുപോലെ പ്രാവര്‍ത്തികമാക്കുകയായിരുന്നു സ്മൃതി ഇറാനിയുടെ ഓഫിസ്. മറാത്തി ചിത്രമായ നൂഡും സമാനമായി കശാപ്പ് ചെയ്യപ്പെട്ടു. പ്രമുഖസംവിധായകന്‍ സുജോയ്ഘോഷിന്റെ നേതൃത്വത്തിലുള്ള 13 അംഗജൂറിയുടെ 21 അംഗ പട്ടികയില്‍ നിന്നാണ് സംഘപരിവാര്‍ സംഘടനകളുടെ വിമര്‍ശനത്തെ മുന്‍നിര്‍ത്തി ഉള്ളടക്കമെന്തെന്ന് പോലും പരിശോധിക്കാതെ മതിയായ വിശദീകരണം പോലും നല്‍കാതെ ഈ ചിത്രങ്ങളെ വെട്ടിമാറ്റിയത്. നൂഡ് ഉദ്ഘാടനചിത്രമായി പരിഗണിക്കപ്പെട്ട ചിത്രമായിരുന്നുവെന്നതും കൂടി ചേര്‍ത്തുവായിക്കുമ്പോള്‍ മുറിച്ചുമാറ്റപ്പെടുന്നതിന് പിന്നില്‍ മുറവിളികള്‍ മാത്രമെന്ന് ആര്‍ക്കും ഊഹിക്കാം. പത്മാവതിയില്‍ പ്രചരിച്ച കഥകളാണ് തമ്പടിച്ച് തീകൊളുത്താന്‍ പ്രേരിപ്പിച്ചതെങ്കില്‍ ഇവിടെ ചിത്രത്തിന്റെ പേരാണ് പ്രകോപനം. ഓര്‍ക്കണം രണ്ടുചിത്രങ്ങളും പൊതുസമൂഹത്തിന് മുന്നിലേക്ക് ഇനിയുമെത്തിയിട്ടില്ലെന്നത്. കാണാതെ കേള്‍ക്കാതെ തീരുമാനിക്കപ്പെടുന്ന അജന്‍ഡകള്‍ വിശ്വാസസംരക്ഷണങ്ങള്‍ക്കപ്പുറം വര്‍ത്തമാനകാല നവഹിന്ദുത്വവാദികളുടെ ഭിന്നിപ്പിന്റെ രാഷ്ട്രീയക്കടത്ത് തന്നെയാണ്. മത രാഷ്ട്രീയ നേതാക്കളും അതിന് ഒത്താശപ്പാടുമ്പോള്‍ ഈ 

പ്രതിരോധം ദുര്‍ബലമെന്നും തിരിച്ചറിയുക തങ്ങളുടെ ചിന്തകളെ ഭാവനകളെ മാത്രം ആവിഷ്കരിച്ചാല്‍ മതിയെന്ന നിര്‍ബന്ധത്തിന്റെ നടത്തിപ്പാഘോഷം കൂടിയാണ് അരങ്ങേറുന്നത്. അതിനപ്പുറം ഒരു മതാചാരപരിപാലനപരിപാടിയുമല്ല. പാക് താരങ്ങളെ അഭിനയിപ്പിച്ച കരണ്‍ ജോഹറും ദേശീയഗാനം തീയേറ്ററുകളിലോ എന്ന് ചോദിച്ച കമലും ജി.എസ്.ടി വിനയായില്ലേയെന്ന് വിളിച്ചുപറഞ്ഞ വിജയിയും തെക്കും വടക്കുമുള്ളവരെ തേടിപ്പിടിച്ച് പേടിപ്പിക്കുന്നത് കാവിക്കടത്തിന് വേണ്ടി തന്നെയാണ്. അപ്പോള്‍ പ്രതിരോധം ദുര്‍ബലമാകുകയേ ചെയ്യരുത്. സെക്സി ദുര്‍ഗക്കൊപ്പം തഴയപ്പെട്ട നൂഡിന് വേണ്ടി മറാത്തികളൊന്നായി ഐഎഫ്എഫ്ഐ ബഹിഷ്കരിക്കുന്നുവെന്ന് സനല്‍കുമാര്‍ ശശിധരന് ഫെയ്സ്ബുക്കിലൂടെ പങ്കുവക്കേണ്ടി വരുന്നത് ഒറ്റക്ക് പ്രതിരോധമുയര്‍ത്തേണ്ടി വരുമ്പോഴാണ്. നല്ല സിനിമയുടെ നവവഴിവെട്ടിയെത്തുമ്പോള്‍ നമ്മളെന്തേ കൂടെനില്‍ക്കാതത്ത് എന്ന് തന്നെയാണ് സനല്‍ ചോദിക്കുന്നത്. 

ചില ചെറുപ്പക്കാരുടെ സംയുക്തപ്രസ്താവനക്കപ്പുറം ഒരു സമരമുഖംതുറക്കാന്‍ ആരുംതന്നെ തയാറാകുന്നില്ല. മെര്‍സല്‍ വിവാദം കത്തിയപ്പോള്‍ നടന്‍ വിജയിയുടെ മതം തിരഞ്ഞ് ജോസഫ് വിജയ് ഇതിലപ്പുറവും പറയുമെന്ന് മുറവിളിക്കൂട്ടിയവര്‍ക്ക് യേശുരക്ഷിക്കുന്നുവെന്ന് കുറിച്ച ലെറ്റര്‍ പാഡില്‍ മറുപടി നല്‍കിയ താരമാണ് വിജയ്. തമിഴനെന്ത് രാഷ്ട്രീയം എന്ന് നാം പരിഹസിക്കുമ്പോഴാണ് കമല്‍ഹാസനും ചിമ്പുവുമെല്ലാം മുഖത്തടിക്കുന്ന രാഷ്ട്രീയം പറഞ്ഞ് ഈ ദേശസ്നേഹികളെ നേരിടുന്നത്. പ്രകാശ് രാജ് ഗൗരി ലങ്കേഷിനെ കാണാനിറങ്ങുമ്പോള്‍, കമല്‍ ആരാധകരെ കണ്ട് രാഷ്ട്രീയം പറയുമ്പോള്‍ നമ്മുടെ സിനിമ ജനപ്രിയനാകരെ രക്ഷിച്ചെടുക്കുന്ന ആലോചനകളില്‍ മയങ്ങുകയാണ്. ഐഎഫ്എഫ്കെയില്‍ നിന്ന് പോലും സനല്‍കുമാര്‍ ശശിധരന്‍റെ ചിത്രത്തിന് 

ഒഴിഞ്ഞുപോകേണ്ടിവന്നെന്നതും ഈ മുഖ്യധാരമൗനത്തിനൊപ്പം തന്നെ കാണേണ്ടതാണ്.ചരിത്രം പറഞ്ഞ് സ്വസ്ഥമായുറങ്ങുന്ന സമൂഹത്തെ അസ്വസ്ഥമാക്കുന്നതാണ് സംഘപരിവാറിന്‍റെ പുതിയ രീതി. പത്മാവതിയിലേക്കെല്ലാം പകരുന്നതും അതേ എണ്ണതന്നെയാണ്. ആളിക്കത്തിച്ച് ആളെക്കൂട്ടി അധികാരം നിര്‍ത്തുന്നരീതി. ഒരുസിനിമാസംഭാഷണത്തില്‍ ഇടി‍ഞ്ഞുവീഴുന്നതല്ല ഒരു വിശ്വാസവുമെന്ന സമചിത്തത നമുക്കാവാം എന്നേ പറയാനുള്ളൂ. സിനിമ. സിനിമയാണ്. കണ്ടുമറക്കാം, കൊണ്ടുനടക്കാം. കൊലവിളിക്ക് ഉള്ളതല്ല.

MORE IN PARAYATHE VAYYA
SHOW MORE