E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

More in Parayathe Vayya

ജനാധിപത്യം ജയിക്കുന്ന നേരം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അധികാരമാണ് എല്ലാം എന്ന ആത്മവിശ്വാസത്തിനേറ്റ ഒരൊറ്റ അടിയും രാജ്യം കണ്ടു ഈയാഴ്ച. അതും ആ വിശ്വാസത്തിന്റെ ഈറ്റില്ലമായ ഗുജറാത്തില്‍ നിന്നു തന്നെ. അല്‍ഭുതങ്ങളൊന്നും സംഭവിച്ചുവെന്നല്ല, പക്ഷേ അവിചാരിതമായും അനിവാര്യമായും ചില തിരിച്ചടികള്‍ കാലം കാത്തുവച്ചിരിക്കുന്നുവെന്ന ശുഭപ്രതീക്ഷയാണ് ഗുജറാത്തിലെ ആ രാജ്യസഭാസീറ്റ്. പ്രതിരോധിക്കാനാകാത്ത അശ്വമേധമാണ്, വഴിപ്പെടുകയല്ലാതെ വഴിയില്ല എന്ന അലസന്യായത്തില്‍ നിന്ന് പ്രതിപക്ഷത്തെ ഉണര്‍ത്താനെങ്കിലും പട്ടേലിന്റെ രാജ്യസഭാസീറ്റ് സഹായിക്കുമെങ്കില്‍ നമ്മുടെ ജനാധിപത്യം മുന്നോട്ടു തന്നെ പോകും.

ഗുജറാത്ത് രാജ്യസഭാതിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുണ്ടായിരുന്നത് ഒറ്റ ഉദ്ദേശമെന്നു വ്യക്തം. ജനാധിപത്യപരമായി കോണ്‍ഗ്രസിന് അവകാശപ്പെട്ട ഒരേയൊരു സീറ്റ് നിഷേധിക്കുക. അതിനായി ഏതറ്റം വരെയും പോകാന്‍ ബി.ജെ. പി തയാറായി. അര്‍ഹിച്ച രണ്ടു സീറ്റുകള്‍ക്കപ്പുറത്തേക്ക് കോണ്‍ഗ്രസിന്റെ സീറ്റിനും പിടിവലി കൂടാന്‍ ബി.ജെ.പി തയാറായത് അധികാരത്തിന്റെ മാത്രം ബലത്തിലാണ്. വിലപേശിയുറപ്പിച്ച പണാധിപത്യത്തിന് ലജ്ജയേതുമില്ലാതെ പാതിരാത്രിക്കും കാവലിരുന്ന അമിത് ഷായ്ക്ക് കിട്ടിയ അപ്രതീക്ഷിത തിരിച്ചടിയാണ് ഗുജറാത്ത് കാണിച്ചു തന്നത്. ശരിയായ ജനാധിപത്യത്തിന് ശുഭസൂചനയാണ്. ബി.ജെ.പി വലവീശിപ്പിടിച്ച രണ്ട് എം.എല്‍.എമാരുടെ ബുദ്ധിമോശം മാത്രമാണ് സത്യത്തിലുണ്ടായതെങ്കിലും. ഭരണകക്ഷിയുടെ സമ്മര്‍ദം അതിജീവിച്ച് ഭരണഘടനയുടെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച തിരഞ്ഞെടുപ്പു കമ്മിഷനും വീണു കിട്ടിയ അവസരം പിഴവുകളില്ലാതെ വിനിയോഗിച്ച കോണ്‍ഗ്രസ് നേതാക്കളും പരാമര്‍ശമര്‍ഹിക്കുന്നു.

മറുപുറത്ത് കോണ്‍ഗ്രസ് നിസഹായരും നിരാലംബരുമായിരുന്നോ? അധികാരത്തിന്റെ ത്രാസിലെ തൂക്കക്കുറവില്‍ മാത്രം. വിലപേശല്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് നിഷ്ക്കളങ്കത അവകാശപ്പെടാന്‍ മാത്രം കാലപ്പഴക്കമായിട്ടില്ല രാഷ്ട്രീയചരിത്രത്തിനും. പക്ഷേ ചില കാലങ്ങള്‍ അങ്ങനെയാണ്, കോണ്‍ഗ്രസിന്റെ കഴിഞ്ഞ കാലം മറന്നും പട്ടേലിന്റേത് ജനാധിപത്യവിജയമെന്ന് നമുക്ക് പറയേണ്ടി വരുന്നത് ഈ കാലത്തിന്റെ നിവൃത്തികേടു തന്നെയാണ്. ഈ വിജയം ജനാധിപത്യവിശ്വാസികളുടെയാകെയാണെന്ന് ആശ്വസിക്കുമ്പോഴും ചവിട്ടി നില്‍ക്കുന്ന യാഥാര്‍ഥ്യം കണ്ണു തുറപ്പിക്കേണ്ടതാണ്.

ഗുജറാത്തിലെ ഒരൊറ്റ സീറ്റിനായി കോണ്‍ഗ്രസ് ഉപയോഗിച്ചതും അധികാരത്തിന്റെ ശക്തി തന്നെയാണ്. 44 എം.എല്‍.എമാരെ കാത്തുസൂക്ഷിക്കാനേല്‍പിച്ച കര്‍ണാടകത്തിലും തുണ അധികാരം തന്നെയായിരുന്നുവെന്നത് മറക്കാനാകില്ല. പക്ഷേ കോണ്‍ഗ്രസ് ഊര്‍ധശ്വാസം വലിക്കുകയായിരുന്നു, ഒരു ആശ്വാസനിശ്വാസം അഹമ്മദ് പട്ടേലില്‍ നിന്നു കിട്ടിയെന്നതു സത്യം. ആ പാര്‍ട്ടിക്ക് ജീവന്‍ വേണം. ഊര്‍ജം വേണം. ഗുജറാത്തില്‍ വീണു കിട്ടിയ വിജയത്തില്‍ നിന്ന് അതു കണ്ടെത്താന്‍ കോണ്‍ഗ്രസിനു കഴിയട്ടെ. പ്രതിപക്ഷം ശക്തമായി നിലനില്‍ക്കുകയെന്നത് ജനാധിപത്യത്തിന്റെ ആവശ്യമാണ്. കോണ്‍ഗ്രസ് മുക്തഭാരതമെന്ന മുദ്രാവാക്യത്തിന് പ്രതിപക്ഷമുക്തഭാരതമെന്നും അര്‍ഥമുണ്ടെന്ന് തിരിച്ചറിയാന്‍ മാത്രം ഉദാഹരണങ്ങള്‍ ബി.ജെ.പി. നിരത്തിക്കഴിഞ്ഞു. ജനാധിപത്യമെന്ന പേരില്‍, ജനാധിപത്യവിരുദ്ധമായ അധികാരക്കളികള്‍ തുടരുന്ന ബി.ജെ.പിക്ക് ഈ താക്കീത് ഒരു പാഠമാകേണ്ടതാണ്. പക്ഷേ അങ്ങനെ പ്രതീക്ഷിക്കാന്‍ മാത്രമുള്ള ബഹുമാനം ജനങ്ങളോട് ഇതുവരെ ബി.ജെ.പി. കാണിച്ചിട്ടില്ല. ഗോവയില്‍ തുടങ്ങി, മണിപ്പൂരിലും ഒടുവില്‍ ബിഹാറിലും എല്ലാം ജനഹിതം അട്ടിമറിക്കാന്‍ ഒരല്‍പം പോലും ലജ്ജ തോന്നാത്തത് അധികാരം എല്ലാ മാര്‍ഗങ്ങളെയും ന്യായീകരിക്കുമെന്ന ഹുങ്കില്‍ തന്നെയാണ്. ജനാധിപത്യത്തെ മാനിക്കുന്ന അധികാരത്തെയേ അംഗീകരിക്കാനാകൂവെന്ന് ബി.ജെ.പിയെ രാജ്യം ഇനിയും പഠിപ്പിക്കേണ്ടതുണ്ട്.

ഇന്ത്യയുടെ അധികാരമെന്നത്, ഇന്ത്യയുടെ ഔന്നത്യത്തെ പ്രതിനിധീകരിക്കുന്നതല്ലെന്ന് ബി.ജെ.പി. ഏറ്റവുമൊടുവില്‍ തെളിയിച്ചത് പക്ഷേ ഗുജറാത്തിലല്ല. പത്തു വര്‍ഷത്തെ സേവനത്തിനു ശേഷം പടിയിറങ്ങിയ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിക്കു നല്‍കിയ ഏറ്റവും മോശമായ യാത്രയയപ്പിലാണ്. ഇന്ത്യയിലെ മുസ്‍ലിങ്ങള്‍ അരക്ഷിതാവസ്ഥ നേരിടുന്നുണ്ടെന്നു തുറന്നു പറഞ്ഞതാാണ് എല്ലാ ജനാധിപത്യമര്യാദകളും മറന്ന് അദ്ദേഹത്തെ ആക്രമിക്കാനുള്ള കാരണമായത്. അസഹിഷ്ണുത അധികാരത്തില്‍ ഉന്‍മത്തരായ ജനക്കൂട്ടങ്ങള്‍ക്കു മാത്രമല്ലെന്ന് തെളിയിച്ചത് പ്രധാനമന്ത്രി മുതലുള്ളവര്‍ നേരിട്ട് അണിനിരന്നാണ്. ഹാമിദ് അന്‍സാരി പൂര്‍ണ അഭിപ്രായസ്വാതന്ത്ര്യമുള്ള ഒരു ഇന്ത്യന്‍ പൗരനല്ലെന്നു വരെ ഒളിഞ്ഞു തെളിഞ്ഞും പറഞ്ഞു വച്ച ആ പ്രതിരോധം വിളിച്ചു പറയുന്നുണ്ട്, ആത്മവിശ്വാസത്തില്‍ ആരാണ് അരക്ഷിതാവസ്ഥയിലെന്ന്.

‌10 വര്‍ഷമെന്ന റെക്കോര്‍ഡ് കാലയളവ് പൂര്‍ത്തിയാക്കി ഉപരാഷ്ട്രപതി പദവിയില്‍ നിന്നു പടിയിറങ്ങുമ്പോഴാണ് ഹാമിദ് അന്‍സാരി രാജ്യത്തു നിലനില്‍ക്കുന്ന രാഷ്ട്രീയസാഹചര്യത്തെക്കുറിച്ച് സ്വന്തം നിരീക്ഷണങ്ങള്‍ തുറന്നുപറഞ്ഞത്.

ഇന്ത്യയില്‍ മുസ്‍ലിങ്ങള്‍ അരക്ഷിതാവസ്ഥ നേരിടുന്നുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭീതിയും അന്യതാബോധവും നിലനില്‍ക്കുന്നുണ്ടെന്ന്. ഇന്ത്യന്‍ പൗരന്‍മാര്‍ എല്ലാവരും ഒരേ അവകാശങ്ങളുള്ളവരാണെന്നും ആരും സ്വന്തം ദേശസ്നേഹം പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിക്കപ്പെടേണ്ടവരല്ലെന്നും. ഈ പരാമര്‍ശങ്ങള്‍ എങ്ങനെയാണ് ഭരണകക്ഷിയായ ബി.ജെ.പിയെ പ്രകോപിപ്പിക്കുന്നത്. യാത്രയയപ്പ് വേളയില്‍ പോലും അദ്ദേഹത്തെ നിന്ദിക്കാനും പരിഹസിക്കാനും പ്രധാനമന്ത്രിയെ വരെ പ്രേരിപ്പിക്കുന്നതെന്താണ് അദ്ദേഹത്തിന്റെ വാക്കുകളിലുണ്ടായത്?

ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കും മുസ‍്‍ലിങ്ങള്‍ക്കും അരക്ഷിതാവസ്ഥയുണ്ടെന്ന് പടിയിറങ്ങുന്ന ഉപരാഷ്ട്രപതി പറയുമ്പോള്‍ ബി.ജെ.പി നേതൃത്വം എന്തിന് അസ്വസ്ഥരാകണം. പേരെടുത്തു പറയാതെയുള്ള വിമര്‍ശനങ്ങള്‍ പോലും കേള്‍ക്കുമ്പോള്‍ അത് ഞങ്ങളെയാണ്, ഞങ്ങളെത്തന്നെയാണ് എന്ന് ബി.ജെ.പിക്കു തോന്നുന്നത് നിലപാടുകള്‍ നിഷ്ക്കളങ്കമല്ലെന്ന സ്വയം വെളിപ്പെടുത്തല്‍ തന്നെയാണ്. പദവി മറന്ന് പ്രത്യാക്രമണം നടത്തിയ പ്രധാനമന്ത്രി വിളിച്ചു പറയുന്നുണ്ട്, ജനാധിപത്യമര്യാദകള്‍ക്ക് ബി.ജെ.പി. നല്‍കുന്ന വിലയെത്രയെന്ന്.

ഒരു ദശാബ്ദക്കാലം ഇന്ത്യയുെട ഉപരാഷ്ട്രപതിയായിരുന്ന, ഉന്നത പദവിയില്‍ നിന്നിറങ്ങിപ്പോകുന്ന വ്യക്തിയെയാണ്, രാജ്യത്തെ നാണം കെടുത്തിയെന്നാരോപിച്ച് ബി.ജെ.പി. ആക്ഷേപിച്ചത്. അതോ അതേ ഉന്നതപദവിയിലേക്കു പടി കയറും വഴി വെങ്കയ്യനായിഡു തന്നെ ആ കടമ നിര്‍വഹിച്ചു.

എന്തിനാണീ അസഹിഷ്ണുത? ഉപരാഷ്ട്രപതി സ്വന്തം നിരീക്ഷണം പങ്കുവയ്ക്കുമ്പോള്‍ എല്ലാ ജനാധിപത്യ മര്യാദകളും മറന്ന് അതിനെ ചോദ്യം ചെയ്യാന്‍ ബി.ജെ.പിയെ പ്രേരിപ്പിക്കുന്ന അസഹിഷ്ണുതയെന്താണ്·? പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭയില്‍ നടത്തിയ യാത്രയയപ്പ് പ്രസംഗം ചരിത്രം രേഖപ്പെടുത്തി വയ്ക്കും, ഇങ്ങനെയും നില മറന്ന് സഭയില്‍ പെരുമാറിയവര്‍ ഇന്ത്യയെ നയിച്ചിരുന്നുവെന്ന്.

കുത്തുവാക്കുകളായിരുന്നു നമ്മുടെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിലുടനീളം. പ്രശംസയില്‍ പൊതിഞ്ഞെടുത്ത പരിഹാസവാചകങ്ങള്‍. ഹാമിദ് അന്‍സാരിയുടെ ദീര്‍ഘകാലനയതന്ത്ര സേവനത്തെയാകെ മുസ്‍ലിംരാജ്യങ്ങളിലെ അനുഭവപരിചയമാക്കി ഒതുക്കാന്‍ പ്രധാനമന്ത്രി വസ്തുതകള്‍ പോലും മറന്നു. യു.എന്നിലെ ദീര്‍ഘസേവനവും ഇന്ത്യയേല്‍പിച്ച നയതന്ത്ര ചുമതലകളും മറന്നു കൊണ്ടാണ് പ്രധാനമന്ത്രി അദ്ദേഹത്തെ പരിമിതവൃത്തങ്ങളിലെ അനുഭവത്തിന്റെ തടവുകാരനാക്കിയത്. ഖേദകരമാണത്, അഭിപ്രായം പറയുന്നവരോട്, ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരോട് നിങ്ങള്‍ ആരായിരുന്നുവെന്നു സ്വത്വസൂചനകള്‍ മാത്രമുള്ള മറുചോദ്യം ഉന്നയിക്കുന്നത്. ബി.ജെ.പി നേതാക്കള്‍ സഭയ്ക്കു പുറത്തും നേരിട്ടു തന്നെ അദ്ദേഹത്തെ ആക്രമിച്ചതും അതേ ശൈലിയിലാണ്. തിരുത്താന്‍ ആരുമുണ്ടായില്ലെന്നല്ല, അപമാനിക്കല്‍ മാത്രമാണ് മറുപടിയെന്നത് കൂട്ടായ തീരുമാനമായിരുന്നുവെന്ന് വ്യക്തം. ഹാമിദ് അന്‍സാരി എന്ന ഇന്ത്യന്‍ പൗരന്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് വസ്തുനിഷ്ഠമായി മറുപടി പറയാം. വസ്തുനിഷ്ഠമായി മറുചോദ്യങ്ങളാകാം. പക്ഷേ സംഭവിച്ചത് അതല്ല. നന്ദിയില്ലാത്ത ന്യൂനപക്ഷക്കാരനെന്ന് സമൂഹമാധ്യമങ്ങളില്‍ ഹാമിദ് അന്‍സാരിയെ വിധിയെഴുതാന്‍ പ്രേരിപ്പിച്ച പൊതുബോധം, ഇന്ത്യ സമീപകാലത്ത് കണ്ട ഏറ്റവും അശ്ലീലമായ രാഷ്ട്രീയയുക്തിയാണ്.

ഉപരാഷ്ട്രപതി പറഞ്ഞതുകൊണ്ടാണ് തിരിച്ചുകേള്‍ക്കേണ്ടി വന്നതെന്ന് ന്യായം പറയരുത്. ചോദ്യങ്ങള്‍ക്കു മറുപടി ഉത്തരമാണ്. ആക്ഷേപമല്ല. ഞങ്ങളുടെ ഇന്ത്യയില്‍ നിങ്ങള്‍ സുരക്ഷിതനായിരുന്നുവെന്ന ഔദാര്യം ഓര്‍മപ്പെടുത്തലാണ് പ്രധാനമന്ത്രി പോലും നിര്‍വഹിച്ചത് എന്നതിലുണ്ട് ഹാമിദ് അന്‍സാരിയുടെ ചോദ്യത്തിനുള്ള മറുപടി. മറക്കുന്നത് ഇന്ത്യയെയാണെന്ന്, ഇന്ത്യയുടെ ജനാധിപത്യമാണെന്ന് ആരാണ് ഈ അധികാരബുദ്ധിയെ ഓര്‍മിപ്പിക്കുക? ഇഷ്ടമില്ലാത്ത ചോദ്യങ്ങള്‍ക്കും മറുപടി പറയേണ്ടി വരും പ്രധാനമന്ത്രി. ഭരണനിര്‍വഹണം മാത്രമല്ല, ആശങ്കകള്‍ക്ക് മറുപടി പറയാനുള്ള കടമ കൂടിയാണ് ഇന്ത്യന്‍ ഭരണഘടന താങ്കളെ ഏല്‍പിച്ചത്. പ്രധാനമന്ത്രി എന്ന ഔന്നത്യത്തിലേക്കു വളരാന്‍, സംയമനത്തിലേക്കു പാകമാകാന്‍ ഇനിയെത്ര കാലം കൂടി ഇന്ത്യ കാത്തിരിക്കണം? അതുകൂടി എടുത്തോളൂ, ഒളിച്ചോടുന്ന ചോദ്യങ്ങളുടെ കൂട്ടത്തിലേക്ക്.