E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

More in Parayathe Vayya

അധികാരത്തിലെത്തുമ്പോൾ ഇടതുപക്ഷം ഏതു പക്ഷത്താണ്?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അധികാരത്തിലെത്തുമ്പോൾ ഇടതുപക്ഷം  ഏതു പക്ഷത്താണ്? ജിഷ്ണുവിന്റ അമ്മയോട് പിണറായി സര്‍ക്കാര്‍ പുലര്‍ത്തുന്ന സമീപനം ഉയർത്തുന്നത് ഈയൊരൊറ്റ ചോദ്യം തന്നെയാണ്. ജിഷ്ണുവിന്റെ അമ്മ നേരിട്ട പൊലീസ് നടപടിയിൽ തെറ്റില്ലെന്ന മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും  നിലപാട് മനുഷ്യപക്ഷത്തല്ലെന്ന് പറയാതെ വയ്യ. ഒരു പത്രപരസ്യത്തിനും  തെറ്റ് ശരിയാക്കാനാകില്ലെന്ന് ഇടതുപക്ഷരാഷ്ട്രീയം തിരിച്ചറിയാതത് ഖേദകരമാണ്. 

അമ്മയല്ല, ആർക്കും ഈ കിടപ്പ് കിടക്കേണ്ടി വരരുത്. ഈ വലിച്ചിഴക്കൽ നേരിടേണ്ടി വരരുത്. അതിനെ ന്യായീകരിക്കുന്നവര്‍  മനുഷ്യരാണെന്ന് അവകാശപ്പെടുകയുമരുത്. 

വികലന്യായങ്ങളും ആക്ഷേപവുമായി ഈ കാഴ്ചയെ നേരിടാനെത്തുന്നവർ ഇടതുപക്ഷമെന്നും അവകാശപ്പെടരുത്. എന്നും മനുഷ്യപക്ഷത്ത് എന്ന മുദ്രാവാക്യം ഇടതുപക്ഷം ഉപേക്ഷിച്ചിട്ടില്ലെങ്കിൽ ധാർഷ്ട്യത്തോടെ മാത്രം തലയുയർത്തുന്ന നേതാക്കളോട്, അതിനു മുന്നിൽ തലകുനിക്കേണ്ടി വരുന്ന കമ്മിറ്റികളോട്,  പറഞ്ഞുതിരുത്തണം.. സാങ്കേതികത്വവും ഭരണകൂടന്യായങ്ങളും ചോദ്യം ചെയ്യുന്നത് അടിസ്ഥാന രാഷ്ട്രീയത്തെ തന്നെയാണെന്ന് തിരിച്ചറിയുന്നില്ലെങ്കിൽ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുന്നത് പ്രസ്ഥാനം മാത്രമായിരിക്കില്ലെന്ന് തിരിച്ചറിയേണ്ടത് ജനാധിപത്യവിശ്വാസികൾ കൂടിയാണ്.  

വൈകാരികമായി മാത്രം കാര്യങ്ങൾ കാണരുതെന്ന് പറയുന്നു, സി.പി.എം.ആ പ്രസ്ഥാനം നേതൃത്വം നൽകുന്ന ഇടതുപക്ഷ സർക്കാർ. വികാരം മാറ്റിനിർത്തി  കണക്കെടുത്താലും ഈ സര്‍ക്കാരിനെങ്ങനെ ആത്മവിശ്വാസത്തോടെ പറയാനാകും ജിഷ്ണുവിന്റെ അമ്മയ്ക്കൊപ്പമായിരുന്നുവെന്ന്? നീതിക്കൊപ്പമായിരുന്നുവെന്ന്? സ്വാശ്രയഅനീതികൾക്കെതിരെ പോരാടുന്ന വിദ്യാർഥികൾക്കൊപ്പമായിരുന്നുവെന്ന്? 90 ദിവസത്തിലേറെയായി ഈ സർക്കാർ തുടർന്ന ഒളിച്ചുകളിയാണ് ഉറച്ച ഇടതുപക്ഷക്കാരിയായ ജിഷ്ണുവിന്‍റെ അമ്മയെ സമരത്തെരുവിലെത്തിച്ചതെന്ന് ആരറിഞ്ഞില്ലെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനറിയേണ്ടതല്ലേ?

  ചെയ്യാവുന്നതെല്ലാം ചെയ്തില്ലേ എന്നാണ് മുഖ്യമന്ത്രിയും അദ്ദേഹം പറയുന്നതെന്തും ഏറ്റുപാടുന്ന യുവജനവിദ്യാർഥി നേതാക്കളും ചോദിച്ചുകൊണ്ടേയിരിക്കുന്നത്.

എല്ലാം ചെയ്തുകഴിഞ്ഞിരുന്നുവെങ്കിൽ വീണ്ടും ഒരു പ്രത്യേകഅന്വേഷണസംഘം രൂപീകരിക്കാൻ തീരുമാനിച്ചതെന്തിനാണ്? ഒളിവിലുള്ള പ്രതികളെ കണ്ടെത്താൻ പാരിതോഷികം പ്രഖ്യാപിച്ചതെന്തിനാണ്? ജിഷ്ണുവിന്റെ അമ്മയുടെ സമരത്തിനു തൊട്ടുതലേന്ന് കൃഷ്ണദാസിനെ അറസ്റ്റു ചെയ്തതെന്തിനാണ്? രണ്ടാംപ്രതി സഞ്ജിത് വിശ്വാനാഥൻ അറസ്റ്റിലായതെങ്ങനെയാമ്ണ്? നീതിയെന്നത് പ്രഖ്യാപനങ്ങളിൽ തീരുന്നതാണെന്ന്  പ്രഖ്യാപനം കഴിഞ്ഞാൽ പിന്നെ മിണ്ടരുത് എന്ന നിലപാടടുക്കുന്ന മുഖ്യമന്ത്രിക്ക് വിശ്വസിക്കാം. പക്ഷേ 90 ദിവസമായിട്ടും പ്രതികളെവിടെയെന്ന ചോദ്യത്തിനു മുന്നിൽ, വരും വരാതിരിക്കില്ലെന്ന് ആശ്വസിക്കുന്ന എസ്.എഫ്.ഐ നേതാക്കൾക്ക് എങ്ങനെയാണ് എല്ലാം ചെയ്തില്ലേയെന്ന ചോദ്യം ഏറ്റുചൊല്ലാനാകുന്നത്? എല്ലാം ചെയ്തുവെന്ന് പറഞ്ഞപ്പോഴെല്ലാം അത് വസ്തുതാപരമായി തന്നെ തെറ്റായിരുന്നു മുഖ്യമന്ത്രി. ആ അമ്മ അലമുറയിട്ടപ്പോൾ മാത്രമാണ്, ഓരോ തവണയും പിന്തിരിയാതെ ചൂണ്ടുവിരൽ ഉയർത്തിയപ്പോള്‍ മാത്രമാണ് കേസിൽ തുടർനടപടികളുണ്ടായത്. വികാരമല്ല, വസ്തുതകൾ തന്നെ താങ്കളുടെ വാദങ്ങൾ തള്ളിക്കളയുന്നതാണ്.

ഒരു കാര്യം പ്രത്യേകം ഓർമിപ്പിക്കേണ്ടതുണ്ട്. മകന്റെ മരണത്തിടയാക്കിയവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ഒരമ്മ ആവശ്യപ്പെടുമ്പോൾ പത്തുലക്ഷം തന്നില്ലേയെന്ന് ഇനിയും കേരളത്തിന്റെ മുഖ്യമന്ത്രി ആവർത്തിച്ചു ചോദിക്കരുത്. കുടുംബം അത് അർഹിക്കുന്നുവെന്ന ബോധ്യത്തിലാണ് സർക്കാർ പത്തുലക്ഷം കൈമാറിയതെങ്കിൽ ഇനി ആ കണക്ക് പറയരുത്. പണം തന്നില്ലേ, ഇനി നാവടക്കണം എന്നു കൽപിക്കാൻ അത് സി.പി.എമ്മിന്റെ പാർട്ടിഫണ്ടിൽ നിന്ന് എടുത്തുകൊടുത്ത തുകയല്ലെന്ന് മുഖ്യമന്ത്രിയെ ഓർമിപ്പിക്കേണ്ടി വരരുത്. 

ജിഷ്ണു പ്രണോയ് ഇടതുപക്ഷമായിരുന്നു. ഹൃദയപക്ഷമാണതെന്ന് ഉറച്ചു വിശ്വസിച്ചവനായിരുന്നു. പിണറായി വിജയന്‍ എന്ന നേതാവും അങ്ങനെയെന്ന്  വിശ്വസിച്ചിരുന്നവനാണ്. ആ മുഖ്യമന്ത്രി നീതി ആവശ്യപ്പെടുന്ന കുടുംബത്തോട്, അവന്റെ അമ്മയോട് സ്വീകരിക്കുന്ന സമീപനം ശരിയാണെന്നു  ഇടതുപക്ഷത്തി്ൽ വിശ്വസിക്കുന്ന ആർക്കാണ് ഉറപ്പോടെ പറയാനാകുക? സി.പി.എമ്മിനു പറ്റുമോ? ഇടതുപക്ഷരാഷ്ട്രീയത്തിൽ വിശ്വസിക്കുന്ന ഒരാൾക്ക്, ഏതെങ്കിലും മനുഷ്യനു പറ്റുമോ?

 അമ്മയെന്ന വൈകാരികതയൊക്കെ മാറ്റിനിർത്തുക, പരാതിയുമായി മുന്നിൽ നിൽക്കുന്ന ഒരാള്‍ ഇങ്ങനെയാണോ കൈകാര്യം ചെയ്യപ്പെടേണ്ടത്? മാന്യവും മനുഷ്യത്വപരവുമായ സമീപനം അവർ അർഹിക്കുന്നില്ലേ? ഇത്തരത്തിൽ നേരിടാൻ അവർ എന്തുകുറ്റം ചെയ്തു? പൊതുമുതൽ നശിപ്പിച്ചോ? നിയമവിരുദ്ധപ്രവര്‍ത്തനങ്ങളിൽ ഏർപ്പെട്ടോ? 

സർക്കാരിന് പാളിയെങ്കിൽ തിരുത്താന്‍ ബാധ്യതയുള്ള പാർട്ടി സംവിധാനം, സി.പി.എം സെക്രട്ടേറിയറ്റ്, പറയുന്ന പ്രധാന ന്യായമാണ് വിചിത്രം. ജിഷ്ണു സംഭവം എൽ.ഡി.എഫ് സർക്കാരിന്റെ സൃഷ്ടിയല്ല. പ്രതികൾ കോൺഗ്രസ് ബന്ധമുള്ളവരാണ്. ബി.ജെ.പിയോടും ബന്ധമുണ്ടോയെന്നും സംശയമുണ്ട്. യു.ഡി.എഫ് ആയിരുന്നെങ്കിൽ കൃഷ്ണദാസിനെ അറസ്റ്റു ചെയ്യാനാകുമായിരുന്നില്ല. ആരും ചോദിച്ചു പോകും. ഇപ്പോൾ കേരളം ഭരിക്കുന്നതാരാണ്? കോൺഗ്രസാണോ, ബി.ജെ.പിയാണോ? 

ജിഷ്ണുവിനുണ്ടായ ദുരന്തം ഇടതുസർക്കാരിന്റെ സൃഷ്ടിയല്ല. ശരിയാണ്. പക്ഷേ ജിഷ്ണുവിന്റെ അമ്മയ്ക്കുണ്ടായ ദുരനുഭവം ഇടതുസർക്കാരിന്റെ മാത്രം സൃഷ്ടിയാണ്. സര്ക്കാരിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിയുടെ കൂടി സൃഷ്ടിയാണ്. അതിനോട് സി.പി.എം എന്ന പാർട്ടിക്കുള്ള സമീപനം തന്നെയാണോ ഈ കേൾക്കുന്നത്? 

എത്രമാത്രം ജനാധിപത്യവിരുദ്ധമായാണ് കേരളത്തിലെ ഇടതുസർക്കാർ ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് എന്നതും കാണാതെ പോകരുത്. ജിഷ്ണുവിന്റെ കുടുംബത്തിനൊപ്പം വന്നവ വിദ്ദ്യാഭ്യാസപ്രവർത്തകരെ വരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ജയിലിലടക്കുന്ന ഭരണകൂടം. ഉറക്കെപ്പറയുന്നു,  ഭരണകൂടഭീകരതയാണിത്.  ഇടതുപക്ഷത്തിന് എങ്ങനെയാണ് ഇങ്ങനെ ജനാധിപത്യവിശ്വാസികളുടെ തലയ്ക്കടിക്കാൻ കഴിയുന്നത്?

കെ.എം.ഷാജഹാൻ ചെയ്ത തെറ്റെന്താണ്? വിദ്യാഭ്യാസപ്രവർത്തകരായ ഷാജർഖാനും മിനിയും , അവിടെയുണ്ടായിരുന്ന ഹിമവൽ ഭദ്രാനന്ദയും ചെയ്ത തെറ്റെന്താണ്? അവർ കലാപമുണ്ടാക്കിയോ? പൊതുമുതൽ നശിപ്പിച്ചോ? സംഘർഷമുണ്ടാക്കിയോ? പൊലീസ് ആസ്ഥാനത്ത് അഹിതമായൊന്നും നടന്നിട്ടില്ലെന്ന് നാട്ടുകാരോട് വിളിച്ചു പറയുന്ന മുഖ്യമന്ത്രി വിശദീകരിക്കണം. പിന്നെന്തിനാണ് ഏതു തെറ്റിനാണ് ഈ സാമൂഹ്യപ്രവർത്തകരെ പിടിച്ചു ജയിലിലിട്ടത്? പാർട്ടിയിലെ ആഭ്യന്തരയുദ്ധത്തിൽ വി.എസിനെ ശിക്ഷിക്കാൻ പറ്റാത്തപ്പോള്‍ കെ.എം.ഷാജഹാനെതിനെതിരെ പുറത്താക്കി തൃപ്തിയടഞ്ഞതുപോലെയാണോ ഇത് ? ജിഷ്ണുവിന്റെ അമ്മയെ ജയിലിലടയ്ക്കാനാകാത്തതുകൊണ്ട് കൈയിൽ കിട്ടിയ ഷാജഹാനെ പാഠം പഠിപ്പിക്കുമെന്നാണോ? ഭരണകൂടം പ്രതികാരബുദ്ധിയോടെ പെരുമാറരുതെന്ന്  ആരാണ് ഈ സർക്കാരിനെ തിരുത്തുക? നിങ്ങള്‍ക്കിഷ്ടമില്ലാത്തവരെ ജയിലിൽ പിടിച്ചിടാൻ ഇത് ഏകാധിപത്യരാജ്യമല്ലെന്ന് മറക്കാതിരിക്കണം. ജനാധിപത്യവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമാണ് ഈ നടപടികളെന്ന് സ്വയം മനസിലാകുന്നില്ലെങ്കിൽ ഇടതുപക്ഷമെന്നു പറയുന്നതിൽ അർഥമുണ്ടോയെന്ന് സ്വയം ചോദിക്കുക. 

സാഹചര്യം ഇത്രമേൽ സങ്കീർണമാക്കിയതിൽ മുഖ്യമന്ത്രിയുടെ നിലപാടിനെക്കുറിച്ചു പ്രത്യേകം പറയാതിരിക്കാനാകില്ല. ഒരൊറ്റ ഖേദപ്രകടനത്തില്‍ തീരുമായിരുന്നു മുഖ്യമന്ത്രി. പൊലീസിന്റെ വീഴ്ചകൾ പോലും ഏറ്റുപറയേണ്ടിയിരുന്നില്ല. മരിച്ചു പോയ മകന് നീതി തേടിയെത്തിയ അമ്മയോട് ഈ  സംഭവങ്ങളിൽ ഖേദമുണ്ട് എന്ന ഒരൊറ്റപ്രസ്താവനയില്‍ തീരുമായിരുന്നു. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് അതു പറയാനുള്ള ബാധ്യതയുണ്ടായിരുന്നു. പിണറായി വിജയൻ എന്ന വ്യക്തിക്ക്  കേരളാമുഖ്യമന്ത്രി എന്ന ഉത്തരവാദിത്തം ഉൾക്കൊള്ളാനാകാതെ വരുമ്പോൾ ക്ഷീണിക്കുന്നത് താങ്കൾ കൂടി പോരാടി വളർത്തിയെടുത്ത രാഷ്ട്രീയമാണെന്ന് തിരിച്ചറിയാൻ കഴിയാത്തത് എന്തുകൊണ്ടാണ്?

എന്തുകൊണ്ട് മുഖ്യമന്ത്രി ജിഷ്ണുവിന്റെ അമ്മയെ സന്ദർശിച്ചില്ലെന്ന ചോദ്യം ആവർത്തിക്കുന്നില്ല. ഏതു സമീപനത്തിനും മുഖ്യമന്ത്രിക്കു സ്വാതന്ത്യമുണ്ട്. പൊലീസ് നടപടിയില്‍  പരുക്കേറ്റ് ആശുപത്രിയിൽ കിടക്കുന്ന, പൊലീസിനെതിരെ മാത്രമെന്നു പ്രത്യേകം പറഞ്ഞു തന്നെ സമരം തുടരുന്ന മഹിജയെ കാണാനെത്തുന്നില്ലെന്നും ചോദിക്കുന്നില്ല. അമ്മയോട് ഇത്തരത്തിൽ പെരുമാറിയ പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് നിരാഹാരമിരിക്കുന്ന പതിന‍ഞ്ചുകാരി അവിഷ്ണയെ എന്തുകൊണ്ട് ഒന്നു ഫോണിൽ പോലും വിളിക്കുന്നില്ലെന്നും ചോദിക്കുന്നില്ല. സ്വാതന്ത്യമാണ്, താങ്കളുടെ സ്വാതന്ത്ര്യം. ആർക്കും താങ്കളെ നിർബന്ധിക്കാൻ അവകാശമില്ല. പക്ഷേ കേരളത്തെ പ്രതിനിധീകരിക്കുന്ന മുഖ്യമന്ത്രിക്ക്, പൊലീസ് മോശമായി പെരുമാറിയ അമ്മയോട് ഖേദപ്രകടനം നടത്താൻ ബാധ്യതയുണ്ടായിരുന്നില്ലേ?

പാർട്ടി കുടുംബമാണ്, പാർട്ടി അനുഭാവിയാണ് മഹിജ. ഇപ്പോൾ പോലും അവർ താങ്കൾക്കെതിരെ സംസാരിക്കുന്നില്ല. എന്തിനു വേണ്ടിയാണ് താങ്കൾ അവരെ ശത്രുപക്ഷത്തു നിർത്തുന്നത്? സമരം ഗൂഢാലോചനയെന്ന് പറയുന്ന താങ്കളും സർക്കാരും പാർട്ടിയും ആരോടാണ് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്?

  ഈ നിർഭാഗ്യകരമായ പരമ്പര രാഷ്ട്രീയനേതാവ് എന്ന നിലയിലും എത്രവലിയ പരാജയത്തെയാണ് അടയാളപ്പെടുത്തുന്നത്? നിർണായകമായ രാഷ്ട്രീയസാഹചര്യത്തിൽ എതിര്പക്ഷത്തിന് സംഘടിക്കാൻ സാഹചര്യമുണ്ടാക്കിക്കൊടുത്തതിനേക്കാൾ വലിയ വീഴ്ചയേതാണ്? പൊതുവികാരമാകെ സർക്കാരിനും ഇടതുപക്ഷത്തിനും എതിരാക്കിയെടുക്കുന്നത് ഏതു രാഷ്ട്രീയദീർഘവീക്ഷണമാണ്? പൊലീസ് തിരുത്തേണ്ടതുണ്ടതെന്ന് പാർട്ടി പൊളിറ്റ്ബ്യൂറോയിൽ ഒപ്പമിരിക്കുന്ന എം.എ.ബേബി സൗമ്യമായി പറയുമ്പോൾ അദ്ദേഹത്തെ ആക്ഷേപിക്കാൻ കാണിക്കുന്ന തിടുക്കത്തിലും താങ്കൾ ഏതു പക്ഷത്താണ് നിൽക്കുന്നത്? 

ആരെ തോല്‍പിക്കാനാണ് ഈ യുദ്ധം ആഹ്വാനം ചെയ്യുന്നത്? 

മുഖ്യമന്ത്രി തിരുത്തേണ്ട, സർക്കാരും തിരുത്തേണ്ട, അധികാരം ഇടതുപക്ഷത്തെ മാറ്റുന്നതെങ്ങനെയെന്ന ചോദ്യത്തിന് ലോകം ഉത്തരം കണ്ടെത്തട്ടെ. പക്ഷേ അവസാനിപ്പിച്ചുകളയരുത് പ്രത്യാശകൾ. ന്യായീകരണത്തിനായി അണിനിരക്കുന്നവരെല്ലാം ചേർന്ന് ഇല്ലാതാക്കിക്കളയുന്നത് ജനാധിപത്യത്തോടും ഇടതുരാഷ്ട്രീയത്തോടുമുള്ള വിശ്വാസമാണെന്ന് തിരിച്ചറിയാതെ പോകരുത്. ശരിയാണോ ഇതെന്ന ചോദ്യത്തിന് സ്വയമെങ്കിലും ബോധ്യപ്പെടുന്ന ഒരുത്തരം കണ്ടെത്തണം. 

ഏതു തരത്തിലും പരസ്യം ചെയ്ത് സ്വയം ന്യായീകരിക്കാം സർക്കാരിന്. വിപ്ലവബഹുജനപ്രസ്ഥാനത്തിന്റെ ഗതികേടെന്നു പറയുന്നവരെയൊക്കെ തീർത്തും അവഗണിക്കാം. പക്ഷേ സമരം ചെയ്യേണ്ടതെങ്ങനെയെന്ന നിയമങ്ങളുമായി വരുന്ന വനിതാനേതാക്കൾ പേടിപ്പിക്കുന്നുണ്ട്. സമരത്തിനത്തിയവരുടെ രക്തബന്ധം പരിശോധിക്കുന്ന യുവജനവിദ്യാർഥിനേതാക്കൾ അപായസൂചന നൽകുന്നുണ്ട്.

പൊലീസ് ആസ്ഥാനത്തിന്റെ പരിശുദ്ധിയെക്കുറിച്ച് ക്ലാസെടുക്കുന്ന ഇടതുപക്ഷം ആധിയുണ്ടാക്കുന്നു. സർക്കാരിനെതിരായ സമരത്തിന് പിന്തുണ നൽകുന്നവരെല്ലാം ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ജയിലിൽ പോകേണ്ടിവരുന്നതിനെ ന്യായീകരിക്കുന്നവർ എല്ലാ ജനാധിപത്യവിശ്വാസവും തകർത്തുകളയുന്നു. 

ഇതാണ് ഇടതുരാഷ്ട്രീയമെങ്കിൽ എങ്ങനെയാണ് ഈ രാഷ്ട്രീയത്തിന് ഇനി ഫാസിസത്തിനെതിരായ പോരാട്ടം തുടരാനാവുക? രോഹിത് വെമുലയ്ക്കും നജീബിനും വേണ്ടി ശബ്ദമുയർത്താനാകുക? മോദി സർക്കാരിന്റെ നയങ്ങളെ ഭരണകൂടഭീകരതയെന്ന് ചോദ്യം ചെയ്യാനാകുക? ജനാധിപത്യത്തിന്റെ കാവലാളുകളെന്ന് സ്വയം വിശേഷിപ്പിക്കാനാകുക? ഈ  കെടുത്തിക്കളയുന്ന പ്രത്യാശകളുടെ വലുപ്പം ആരാണ് തിരിച്ചറിയുക? തെറ്റ് ഒരിക്കലും ശരിയാക്കാനാകില്ലെന്ന് ആരാണ് അവരോട് പറഞ്ഞുകൊടുക്കുക?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :