പാട്ടിന്റെ രാഷ്ട്രീയം, വയലാറിന്റെയും

Thumb Image
SHARE

മനുഷ്യനും മതങ്ങളും ദൈവങ്ങളും ചേര്‍ന്ന് മനസ്സും മണ്ണും പങ്കുവെച്ചുവെന്ന് ഉറക്കെപ്പാടിയ വയലാര്‍. ഗുരുവായൂര്‍ അമ്പലനടയില്‍ ഒരു ദിവസം ഞാന്‍ പോകുമെന്ന് എഴുതിയതും ഇതേ വയലാര്‍ തന്നെ. സമീപകാലത്ത് യേശുദാസിന്റെ ക്ഷേത്രപ്രവേശന വാര്‍ത്തകളുമായി ബന്ധപ്പെട്ടും വയലാറിന്റെ പാട്ടുകള്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു.  

ഈ സാഹചര്യത്തില്‍ അച്ഛന്റെ നിലപാടുകളും പാട്ടും തന്റെ ജീവിതത്തെ എങ്ങനെ പിന്തുടര്‍ന്നുവെന്ന് പാട്ടെഴുത്തുകാരന്‍ കൂടിയായ മകന്‍ വയലാര്‍ ശരത്ചന്ദ്രവര്‍മ പറയുന്നു. വയലാറിന്റെ രാഷ്ട്രീയം, അച്ഛന്‍ ബാക്കിവെച്ചുപോയ ഓര്‍മകള്‍, മനുഷ്യന്‍ എന്ന പരിവേഷം സ്വന്തമാക്കിയ വയലാറിന്റെ ജീവിതയാത്രയിലെ അപൂര്‍വതകളും ഈ മകന്‍ തുറന്നുപറയുന്നു. ഒപ്പം പുതിയകാലത്ത് പാട്ടെഴുത്ത് നേരിടുന്ന പ്രശ്നങ്ങള്‍, സംഗീതരംഗത്തെ കോക്കസുകള്‍, വയലാറിനെ സംഘപരിവാര്‍ കവിയെന്ന ആക്ഷേപത്തിനുള്ള മറുപടി. 

അഭിമുഖത്തിന്റെ പൂർണരൂപം 

വയലാര്‍ എന്ന വലിയ പേരിന്‍റെ പ്രഭയില്‍ എങ്ങനെയാണ് സ്വയം അടയാളപ്പെടുത്തേണ്ടത്  എന്നൊരു സംശയം ശരത്തിനുണ്ടായിരുന്നോ ? 

ജീവിതത്തില്‍ നമുക്കൊരാളെ   അച്ഛാ എന്നു വിളിക്കാന്‍ പറ്റുകയുള്ളു, വേറൊരാളെ  വിളിക്കാന്‍      പറ്റുകയില്ല, എനിക്ക് അത് കൊതി തീരുവോളം വിളിക്കാന്‍ പറ്റിയിട്ടുമില്ല. അതുകൊണ്ട് വയലാറിന്‍റെ മകന്‍ എന്ന് പറയുമ്പോള്‍ അച്ഛാ എന്ന് വിളിക്കുന്ന ഒരു സുഖമുള്ളതുകൊണ്ട് അങ്ങനെ അറിയപ്പെടാനാണ് എനിക്കിഷ്ടം. 

ശരത്തിനെ മലയാളവും സംസ്കൃതവും ആദ്യം പഠിപ്പിക്കാതിരുന്നത് കവിയും സാഹിത്യകാരനും ആകണമെന്ന് അച്ഛന്‍ ആഗ്രഹിക്കാതിരുന്നതുകൊണ്ടാണോ ? 

അച്ഛനുണ്ടായ ദുരനുഭവം ആയിരിക്കാം അച്ഛനെക്കൊണ്ട് അന്ന് അങ്ങനെ പറയിപ്പിച്ചത്. വിളിച്ചാല്‍ ചെല്ലും ചോദിച്ചാല്‍ ഉത്തരം പറയും എന്നല്ലാതെ ഒരു കൂട്ടുകാരന്‍ എന്ന നിലയില്‍ അച്ഛനെ അന്ന് കാണാന്‍ പറ്റിയിട്ടില്ല. സാമ്പത്തികമായും അല്ലാതെയും ഒരുപക്ഷേ അച്ഛന് തിക്താനുഭവം ഉണ്ടായിക്കാണും. 

വയലാറിന് രാഷ്ട്രീയം ഉണ്ടായിരുന്നു, മകനില്‍ അതിന്‍റെ തുടര്‍ച്ച കാണുന്നില്ല, താങ്കളുടെ ഒരു പരാമര്‍ശം വലിയ വിവാദമായതുകൊണ്ടാണോ രാഷ്ട്രീയം അപകടമേഖലയായി തിരിച്ചറിഞ്ഞത് ? 

എനിക്ക് കൃത്യമായും വ്യക്തമായും രാഷ്ട്രീയമുണ്ട്. അച്ഛന്‍ മരിക്കുമ്പോള്‍ ഉണ്ടായിരുന്ന 450 രൂപ എങ്ങനെ എട്ട് ലക്ഷം രൂപയായി വര്‍ധിച്ചു, ചിറകറ്റ മൂന്ന് സഹോദരിമാരെയും അമ്മയെയും മുത്തശ്ശിയെയും 15 വയസ്സുള്ള ഞാനും എങ്ങനെ ഈ നിലയില്‍ എത്തി, അങ്ങനെ ഞങ്ങളെ നോക്കിയതിനുപിന്നില്‍ എല്ലാ രാഷ്ട്രീയക്കാരുമുണ്ട്. അതുകൊണ്ടാണ് ഒരു പരിധിക്കപ്പുറം രാഷ്ട്രീയം പ്രകടമാക്കാന്‍ പറ്റാത്തത്. എന്നിരുന്നാലും അച്ഛന്‍ പറഞ്ഞ ഒരു രാഷ്ട്രീയപാത എന്‍റെ മനസ്സില്‍ എന്നുമുണ്ട്. എവിടെച്ചെന്നാലും ഇടം കിട്ടുന്ന രാഷ്ട്രീയം ആണത്. അച്ഛന്‍ ഒരു കമ്യൂണിസ്റ്റുകാരന്‍ ആയിരുന്നു എന്നത് സത്യമാണ്. കമ്യൂണിസ്റ്റുകാരന്‍ നിരീശ്വരവാദിയായിരിക്കണം എന്നതിനോട് യോജിപ്പില്ല. പള്ളിയിലേക്കും മോസ്ക്കിലേക്കും അമ്പലത്തിലേക്കും കയറിച്ചെല്ലാനുള്ള മനസ്സും മനുഷ്യത്വവും അച്ഛനുണ്ടായിരുന്നു. ഒരു മനുഷ്യന്‍റെ പരിവേഷം വയലാര്‍ അണിഞ്ഞിരുന്നു, അതിന്‍റെ തുടര്‍ച്ചയാണ് ഞാന്‍. 

ഏത് ആരാധനാലയത്തിലേക്കും കയറിച്ചെല്ലാനുള്ള മനസ്സുണ്ടാവുകയാണ് വേണ്ടത് എന്ന് പറഞ്ഞല്ലോ, യേശുദാസിന് ഇപ്പോഴുള്ളതും ആ ഒരു മനസ്സല്ലേ, മനസ്സുണ്ടായാല്‍ മാത്രം എല്ലാ വാതിലും തുറക്കപ്പെടുമോ ? 

ദാസേട്ടനോട് ഇക്കാര്യം ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്, എനിക്കുമുന്‍പേ ക്ഷേത്രത്തില്‍ കയറണ്ടേവര്‍ ഉണ്ടെന്നാണ്. അതിനുശേഷം എന്നെ അനുവദിച്ചാല്‍ ഞാന്‍ കയറും എന്നാണ് പറഞ്ഞത്. ക്ഷ‌േത്രത്തില്‍ കയറുക എന്നത് ദാസേട്ടന്‍റെ മാത്രം ആഗ്രമല്ല അത് വയലാറിന്‍റെ കൂടെ ഒരു ആഗ്രഹമാണ്. 

ഗാനരചനാരംഗത്ത് അച്ഛന്‍റെ പേര് താങ്കളെ തുണയ്ക്കും എന്ന് കരുതിയിട്ടുണ്ടോ ?

അതേ, അങ്ങനെ കരുതിയിട്ടുതന്നെയാണ് ഞാന്‍ ഈ രംഗത്തേക്ക് വരുന്നത്. എന്‍റെ ആദ്യത്തെ പാട്ട് തരംഗിണിക്ക് അയച്ച 'വോളിയം 10' എന്ന ഗാനമാണ്. അത് അയച്ചുകൊടുക്കുമ്പോള്‍ ഞാന്‍ ആരുമല്ല, ഒരു പാട്ടുപോലും എഴുതിയിട്ടില്ല. അവിടെ ഒരു അവസരം എനിക്ക് തന്നത് യേയുദാസ് അദ്ദേഹത്തിന്‍റെ സ്ഥാപനത്തിലൂടെയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ഗായകന്‍ എന്‍റെ വരികള്‍ അംഗീകരിച്ചു. ഇതിന് വയലാറിന്‍റേതുപോലെയുള്ള ഒരു തുടര്‍ച്ചയുണ്ടാകാതിരുന്നത് കാലഘട്ടത്തിന്‍റെ മാറ്റമാണ്. 

ആശയത്തെ ആശയം കൊണ്ട് നേരിടേണ്ടതിന് പകരം ശാരീരികമായി നേരിടുന്നത് പുതിയ കാലഘട്ടത്തിന്‍റെ പ്രത്യേകതയാണോ ? 

വായനയില്ലാത്തതാണ് ഇതിന്‍റെ പ്രധാനകാര്യം. പണ്ട് ആശയപരമായ സംവാദങ്ങള്‍ നടന്നിരുന്നു, അതുകൊണ്ട് അന്ന് ആരും ആയുധം എടുത്തിട്ടില്ല. ഇന്ന് വയലാറിന് പോലും ദൈവത്തെ വിമര്‍ശിച്ചുകൊണ്ടുള്ള വരികള്‍ എഴുതാന്‍ പറ്റില്ലായിരുന്നു. പഴയ നക്സലൈറ്റ് മുദ്രാവാക്യംപോലെ വാക്കിനെ ഒരിക്കലും തകര്‍ക്കാന്‍ പറ്റില്ല, തോക്കിനെ തോക്കുകൊണ്ട് തന്നെവേണം ഉത്തരം എന്ന തീരുമാനം ഇപ്പോള്‍ വന്നു. 

മരുന്ന് മാറി കുത്തിവച്ചതുകൊണ്ടാണ് അച്ഛന്‍ മരിച്ചത് എന്ന വിവാദം താങ്കളെ കൂടുതല്‍ വേദനിപ്പിക്കുകയാണോ ചെയ്തത് ? 

തീര്‍ച്ചയായും ആ വിവാദം എന്നെ കൂടുതല്‍ വേദനിപ്പിക്കുകയാണ് ചെയ്തത്. അച്ഛന്‍ മരിച്ച് 20  വര്‍ഷങ്ങള്‍ക്കുശേഷമാണ് ഞങ്ങള്‍ അറിയുന്നത് ഇത്തരമൊരുകാര്യം. മുത്തശ്ശിയുടെ ആഗ്രഹപ്രകാരം ആത്മവിന്‍റെ ശാന്തിക്കായി പ്രത്യേക പൂജ ചെയ്തു. പൂജയ്ക്കിടെ വിളക്കിന്‍റെ തിരി കെട്ടപ്പോള്‍ പൂജാരി സൂചിപ്പിച്ചു, ഇത് സാധാരണ മരണമല്ല, അപകടമരണമാണെന്ന്. അതുകൊണ്ട് ഒരു വിങ്ങലായി ഈ വാര്‍ത്ത അവശേഷിക്കുന്നു. അതുകൊണ്ടുതന്നെ ഞാന്‍ പറഞ്ഞു വയലാര്‍ മരിച്ചു എന്നറിയുന്നതാണ് എനിക്കിഷ്ടം വയലാര്‍ കൊല്ലപ്പെട്ടു എന്നറിയുന്നതിനോട് താല്‍പ്പര്യമില്ല. വീട്ടുകാരുടെ നിര്‍ബന്ധം കൊണ്ടും എല്ലാം ഞാന്‍ തീരുമാനിച്ചത് ഇത് കൂടുതല്‍ വിവാദമാക്കേണ്ടെന്നാണ്. 

ഭാസ്കരനെപ്പോലെ എഴുതാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഒ.എന്‍.വി. പറഞ്ഞിട്ടുണ്ട്, ഇതേപോലെ സ്നേഹം കലര്‍ന്ന അസൂയ ശരത്തിനുള്ളത് ആരോടാണ് ?

റഫീഖ്, സന്തോഷ് വര്‍മ, അനില്‍ പനച്ചൂരാന്‍ എന്നിവരോടാണ് എനിക്ക് അത്തരത്തില്‍ അസൂയ തോന്നിയിട്ടുള്ളത്. ബി.ആര്‍.പ്രസാദ് വളരെ കഴിവുള്ള ആളാണ് അദ്ദേഹം ശരിക്കും പറ​ഞ്ഞാല്‍ ജനിക്കേണ്ടിയിരുന്നത് വയലാറിന്‍റേയോ ഒ.എന്‍.വിയുടെയോ ഒക്കെ കാലത്താണ്. കാലം തെറ്റി ജനിച്ചവനാണ് പ്രസാദ്. അത്രയും അറിവുള്ള ആളാണ്, പക്ഷേ അത്രയും അറിവ് ഇന്ന് ആവശ്യമില്ല. 

MORE IN NERE CHOVVE
SHOW MORE