ഞാൻ ഇനി ദുഃഖപുത്രിയല്ല

SHARE

അവിചാരിതമായ ഈ മൂന്നാം വരവിനെ വളരെ പ്രതീക്ഷയോടെയാണോ കാണുന്നത്?

തീര്‍ച്ചയായും ഞാന്‍ അങ്ങനെയാണ് കാണുന്നത്, ഞാന്‍ പ്രാര്‍ഥിക്കുന്നുണ്ട് വീണ്ടും ഇത് ഒരു തുടക്കമാകാന്‍. ഈ സിനിമയിലെ (ഞണ്ടുകളുടെ  നാട്ടില്‍ ഒരിടവേള) കഥാപാത്രം ഞാന്‍ ഇതുവരെ ചെയ്യാത്ത കഥാപാത്രമാണ്. ഈ സിനിമയിലെ കഥാപാത്രമായ ഷീല ചാക്കോ എന്റെ ഇന്നത്തെ ജീവിതവുമായി വളരെയേറെ ബന്ധപ്പെട്ടുക്കിടക്കുന്നു, പ്രത്യേകിച്ച് വളരെ ശക്തവും ഊര്‍ജ്ജസ്വലവുമായ ജീവിതമാണ് ഇപ്പോള്‍ എനിക്കുള്ളത്.

ഒത്തിരിവര്‍ഷത്തിനുശേഷം സെറ്റിലേക്ക് വന്നപ്പോള്‍ ഏറ്റവും പ്രകടമായ മാറ്റങ്ങള്‍ എന്തൊക്കെ ആയിരുന്നു, ഒപ്പം ആളുകളുടെ മനോഭാവത്തില്‍ വന്ന മാറ്റങ്ങളും എന്താണ് ? 

സാങ്കേതികവിദ്യയില്‍ വന്ന മാറ്റമാണ് ഏറ്റവും അവിചാരിതമായി തോന്നിയത്. പണ്ടത്തെപ്പോലെയുള്ള കാര്യങ്ങള്‍ അല്ല ഇന്നത്തെ സിനിമാ സെറ്റുകളില്‍, നമ്മള്‍ അഭിനയിച്ചതും  മറ്റും അപ്പോള്‍ തന്നെ സ്ക്രീനില്‍ നോക്കിക്കാണാനും മറ്റുമുള്ള സൗകര്യങ്ങള്‍ എന്നെ സംബന്ധിച്ച് പുതുമയായിരുന്നു. കാരവാന്‍ പോലുള്ള സൗകര്യങ്ങള്‍ പഴയ കാലത്തൊന്നും ഇല്ലായിരുന്നു. ഔട്ട് ഡോര്‍ ഷൂട്ടിനൊക്കെ കാരവാനുകള്‍ വളരെ ഉപകാരപ്രദമാണ്. 

മനോഭാവത്തെപ്പറ്റി പറയുകയാണെങ്കില്‍; പ്രായം കണക്കിലെടുക്കാതെ നമ്മളെയും അവര്‍ അവരുടെ സൗഹൃദക്കൂട്ടായ്മകളില്‍ ചേര്‍ക്കും. നമ്മള്‍ അവരോട് നന്നായിട്ടാണ് പെരുമാറുന്നതെങ്കില്‍ അവരും നമ്മളോട് നല്ലരീതിയില്‍ പെരുമാറും. ഈ സിനിമയിലെ എന്റെ ടീം എന്ന് പറയുന്നതില്‍ മിക്കവാറും ചെറുപ്പക്കാരാണ്. ഞാനും ലാലും മാത്രമെ മുതിര്‍ന്ന അഭിനേതാക്കളായിട്ടുള്ളു. ഞാന്‍ വളരെ സന്തോഷവതിയായിരുന്നു ഈ സിനിമയിലൂടെ നല്ല സുഹ‍ൃത്തുകളെ ലഭിച്ചെന്നതില്‍. 

ചില കാര്യങ്ങളില്‍ സമൂഹമാധ്യമങ്ങളോട് ശക്തമായി പ്രതികരിച്ചുകണ്ടു. സമൂഹമാധ്യമങ്ങളോടുള്ള പൊതുനിലപാട് അതാണോ ?

സമൂഹമാധ്യമങ്ങള്‍ നല്ല രീതിയില്‍ ഉപയോഗിക്കണം എന്ന പക്ഷക്കാരിയാണ് ഞാന്‍. സ്വാതന്ത്ര്യം ഉണ്ടെന്ന് കരുതി എന്തുവേണമെങ്കിലും ചെയ്യാനും പറയാനുമുള്ള മനോഭാവം ശരിയല്ല. സ്വാതന്ത്ര്യം എന്റെ ജന്‍മാവകാശമാണ് എന്ന് പറഞ്ഞ് എന്തുവേണെലും എഴുതും എന്ന് പറയുന്നതില്‍ കാര്യമില്ല, പകരം അത് മനഃസാക്ഷിയുള്ള നല്ല കാര്യങ്ങള്‍ക്കായി ഉപയോഗിക്കുക. നല്ല രീതിയില്‍ ഉപയോഗിക്കുകയാണെങ്കില്‍ സമൂഹമാധ്യമങ്ങള്‍ നല്ലതാണ്. സമൂഹമാധ്യമങ്ങളുടെ നല്ല വശങ്ങള്‍ എനിക്ക് നന്നായിട്ടറിയാം, പക്ഷേ ഞാന്‍ അതില്‍ ഒരിക്കലും സജീവമല്ല. ‌

പഴയ ആ, ശാന്തി കൃഷ്ണയുമായി ഇപ്പോള്‍ ഈ മൂന്നാംവരവിലുള്ള ശാന്തി കൃഷ്ണയുമായി ഉള്ള ഏറ്റവും വലിയ വ്യത്യാസം എന്താണ് ?

പണ്ടത്തെ എന്റെ സ്വഭാവം ഞാന്‍ ഒട്ടും സംസാരിക്കാത്ത കൂട്ടത്തിലായിരുന്നു. മാത്രമല്ല, മലയാളം അറിയില്ലായിരുന്നു. ഇപ്പോഴാണെങ്കില്‍ കൂടുതല്‍ സംസാരിക്കുന്ന സ്വഭാവക്കാരിയായി. ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളും ഒപ്പം പക്വത കൂടുന്നതിന് അനുസരിച്ച് ഞാന്‍ എന്റെ സ്വഭാവത്തില്‍ മാറ്റം വരുത്തി. ഇപ്പോള്‍ ഞാന്‍ ചെയ്യുന്നത് എനിക്ക് അറിയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ മറ്റുള്ളവരില്‍നിന്ന് ചോദിച്ചറിയുകയും മറ്റുമാണ്. അതുതന്നെയാണ് എനിക്ക് ഇഷ്ടം. 

സിനിമയുമായി ബന്ധമില്ലാതെയിരുന്ന സമയത്താണ് ജൂറി അംഗമായി നിയമിച്ചത്, അപ്പോള്‍ പുതിയ മലയാള സിനിമയെക്കുറിച്ച് കിട്ടിയ ധാരണ എന്തായിരുന്നു ?

ശരിക്കും അമ്പരപ്പിക്കുംവിധമാണ് മലയാള സിനിമ മാറിയത്. ഓരോ സിനിമയും ഒന്നിനൊന്നിന് വ്യത്യസ്തമായിരുന്നു. കഥ കേന്ദ്രീകൃതമായ സിനിമയൊന്നും ഉണ്ടായിരുന്നില്ല. മാത്രമല്ല പുരസ്കാരത്തിന് വിടുന്ന സിനിമകളില്‍ ചിലതിന് ഒരു വിധത്തിലുമുള്ള നിലവാരവും ഉണ്ടായിരുന്നില്ല. എന്നിരുന്നാലും ചില സിനിമകള്‍ നന്നായിരുന്നു. ദുല്‍ക്കറിന്‍റെ 'കമ്മട്ടിപ്പാട'വും നിവിന്‍റെ 'ആക്ഷന്‍ ഹീറോ ബിജു'വും ഒക്കെ നല്ല സിനിമകള്‍ ആയിരുന്നു. ഇവരുടേത്‌ അഭിനയമല്ല മറിച്ച് ശരിക്കുള്ള ജീവിതവും പെരുമാറ്റവും പോലെയാണ് തോന്നിയത്. പണ്ടത്തെ സിനിമകള്‍ കൂടുതലും നാടകങ്ങളുമായി സാമ്യമുള്ളത് ആയിരുന്നു. എന്നാല്‍ ഇന്ന് സിനിമ കാണുമ്പോള്‍ നമുക്ക് തന്നെ തോന്നും ആ കഥാപാത്രവുമായി എന്റെ ജീവിതത്തിന് വളരെയേറേ സാമ്യമുണ്ടോയെന്ന്്. ഇന്നത്തെ സിനിമകള്‍ യാഥാര്‍ഥ്യത്തോട് ചേര്‍ന്നുനില്‍ക്കുന്നവയാണ്. 

ഇന്ന് സിനിമയില്‍ അഭിനയിക്കണമെങ്കില്‍ കഴിവ് മാത്രം പോരാ ഭാഗ്യവും വേണം എന്ന് പറയാനുള്ള കാര്യം എന്താണ് ?

ഈ മേഖലയില്‍ ഭാഗ്യമില്ലാതെ പിടിച്ചുനില്‍ക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. കഴിവുണ്ടായിട്ടും മാറ്റപ്പെട്ട് നില്‍ക്കുന്ന കുറെേയറെ ആളുകളെ നമുക്ക് തന്നെ അറിയാമല്ലോ. അഭിനേതാക്കള്‍ മാത്രമല്ല, സംവിധായകരും മറ്റുമൊക്കെ വേണ്ടത്ര അവസരം ലഭിക്കാതെ പോകുന്നില്ലേ. 

ശാന്തി കൃഷ്ണയെ 'ഭാഗ്യം' ഏറ്റവും കൂടുതല്‍ തുണച്ചത് ഏത് കാര്യത്തിലാണ് ? 

ഈ മൂന്നാം വരവില്‍ എന്നെ ഭാഗ്യം കുറെയേറെ തുണച്ചിട്ടുണ്ട.് ഞാന്‍ സിനിമ മേഖലിയില്‍ ആദ്യം എത്തിപ്പെട്ടതിന് പിന്നില്‍ കാരണങ്ങള്‍ ഒന്നുമില്ല, അന്ന് എനിക്ക് ഉണ്ടായിരുന്ന തോന്നല്‍ എന്നത് എന്താണ് സിനിമ എന്നുള്ള ആകാംഷയും ഒപ്പം നല്ല ഒരു റോള്‍ ചെയ്യാന്‍ പോകുന്നു എന്ന തോന്നലുമായിരുന്നു. ഈ രണ്ട് കാരണങ്ങള്‍ കൊണ്ടാണ് ഞാന്‍ 'നിദ്ര'യില്‍ അഭിനയിച്ചത്. അത് പക്ഷേ തുടര്‍ന്നുപോയി അതിനെ ഭാഗ്യമെന്ന് വിളിക്കാനാണ് എനിക്കിഷ്ടം. ദൈവാനുഗ്രഹവും ഇതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പിന്നീട് തൊണ്ണൂറ് കാലഘട്ടങ്ങളില്‍ അവസരങ്ങള്‍ എനിക്ക് ഇങ്ങോട്ട് ലഭിക്കുകയാണ് ചെയ്തത്, ഞാനായിട്ട് തേടിപ്പിടിക്കുകയല്ല ഉണ്ടായത്. ഇനി എന്തെങ്കിലും െചയ്യണം അതുകൊണ്ട് സിനിമയില്‍ അഭിനയിക്കാം എന്ന് പറഞ്ഞ് വന്നതല്ല. മൂന്നാംതവണയും തികച്ചും അപ്രതീക്ഷിതമായിട്ടാണ് എനിക്ക് അവസരം ലഭിച്ചത്. ഞാന്‍ എവിടെയൊ ഉണ്ടായിരുന്ന സമയത്താണ് എന്നെ ഈ ഭാഗ്യം തുണച്ചത്. ഭാഗ്യമെന്നോ അദ്ഭുതമെന്നോ ദൈവാനുഗ്രഹമെന്നോ ഒക്കെ അതിനെ പറയാം. ഞാന്‍ അടിയുറച്ച ഈശ്വരവിശ്വാസിയുമാണ്. 

നല്ല കഥാപാത്രങ്ങള്‍ ആണെങ്കില്‍ അതിന്‍റെ പ്രത്യാഘാതം നോക്കാതെ അഭിനയിക്കാം എന്ന് വിശ്വസിക്കുന്ന ആളാണോ ? 

ഞാന്‍ നല്ല കഥാപാത്രങ്ങള്‍ നോക്കി സിനിമ ചെയ്യുന്ന ആളാണ്. ഇതിന് എനിക്ക് ഏറ്റവും കടപ്പാട് ഉള്ളത് ഇവിടുത്തെ പ്രേക്ഷകരോടാണ്. അവരാണ് എനിക്ക് ഇമേജ് നോക്കാതെ കഥാപാത്രത്തെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം തന്നത്. 'കിരീടം' എന്ന സിനിമയ്ക്കുശേഷം 'ചെങ്കോല്‍' വന്നു. ചെങ്കോലില്‍ സിബി മലയില്‍ ആണ് സംവിധായകന്‍ ലോഹിതദാസിന്‍റെ തിരക്കഥയും. അവര്‍ ‍ഈ സിനിമയെക്കുറിച്ച് പറഞ്ഞപ്പോള്‍ എന്റെ മനസ്സ് മുഴുവന്‍ അതായിരുന്നു. ഇവരുടെ പടം എന്തായാലും ചെയ്യണം. ആ സിനിമയില്‍ നായികയുടെ അമ്മയായിട്ടാണ് എന്റെ വേഷം. സത്യം പറഞ്ഞാല്‍ മോഹന്‍ലാലിന്‍റെ അമ്മയാണല്ലോ എന്നുപോലും ചിന്തിച്ചില്ല, ഇതിന്‍റെ പേരില്‍ ഇനി അവസരം കിട്ടാതെ വരുമോ എന്നൊന്നും ചിന്തിച്ചിട്ടില്ലേ. അന്ന് അത്തരം വേഷങ്ങള്‍ കിട്ടി അത് ചെയ്തു അത്രെയുള്ളു. 

MORE IN Nere Chovve
SHOW MORE