ബിവറേജസ് ഔട്‍ലറ്റുകളുടെ ക്യൂ സംവിധാനം അവസാനിപ്പിക്കും

ജിഷ്ണു പ്രണോയിയുടെ കുടുംബം ഡിജിപിയോട് സ്വകാര്യമായി പരാതിപ്പെടേണ്ടിയിരുന്നുവെന്ന് മന്ത്രി ജി.സുധാകരന്‍. ആ സ്വകാര്യത കളയാന്‍ ചിലര്‍ ശ്രമിച്ചതാണ് പ്രശ്നമായതെന്നും പ്രതിസന്ധി സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ വഴങ്ങില്ലെന്നും മന്ത്രി മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍ പറഞ്ഞു.സമരം സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ലെന്നും സര്‍ക്കാരിന്റെ പ്രതിച്ഛായയെ ചിലര്‍ ആക്രമിക്കാനാണ് ശ്രമിച്ചതെന്നും മന്ത്രി ആരോപിച്ചു. പൊലീസ് വീഴ്ച സംബന്ധിച്ച് എം.എ.ബേബി പറഞ്ഞത് പിബിയുടെ അഭിപ്രായമല്ലെന്നും സുധാകരന്‍ വ്യക്തമാക്കി. ബേബി എപ്പോഴും മാനവികമായ അഭിപ്രായ പ്രകടനങ്ങള്‍ പറയുന്നയാളാണെന്നും അത് പാര്‍ട്ടിയുടേതായി കാണേണ്ടതില്ലെന്നും സുധാകരൻ വിശദമാക്കി.

പാതയോരത്തെ മദ്യശാലാമാറ്റം സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ക്കെതിരെ അദ്ദേഹം രൂക്ഷമായി തുറന്നടിച്ചു. പാര്‍ട്ടിക്കും സര്‍ക്കാരിനും ഇല്ലാത്ത നയം ചില ജനപ്രതിനിധികള്‍ക്ക് വേണ്ടെന്നും. ജനങ്ങളല്ല, പാര്‍ട്ടിയാണ് സ്ഥാനാര്‍ഥിയാക്കിയതെന്ന് എല്ലാവരും ഓര്‍ക്കണമെന്നും ജനം വോട്ട് ചെയ്തത് പിന്നീട് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.  എല്ലാ തദ്ദേശ സ്ഥാപനങ്ങളും സമരരംഗത്തില്ലെന്നും സമരത്തെ അവിവേകികളായ ചിലരുടെ എടുത്തുചാട്ടമായി മാത്രമേ കാണാനാകൂവെന്നും ജനവികാരമല്ല സമരങ്ങളില്‍ പ്രതിഫലിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

ഭൂമിക്ക് ഒരു ചരമഗീതം എഴുതിയ കവി ഒ എന്‍.വിയെ അദ്ദേഹം സ്നേഹപൂര്‍വ്വം തിരുത്തി.  ഭൂമിക്ക് ചരമഗീതം എഴുതേണ്ട നേരമല്ല ഇതെന്നും മുന്നറിയിപ്പ് ഗീതമാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. അതിജീവനത്തിന് കഴിവുള്ള രണ്ട് പ്രതിഭാസങ്ങളാണ് ഭൂമിയും മനുഷ്യനുമെന്നും ഭൂമി മരിക്കാനൊന്നും പോകുന്നില്ലെന്നും. പ്രതീകാത്മകമായി പോലും ലോകത്ത് മറ്റൊരു കവിയും അങ്ങനെ പറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ജിഷണുവിന്റെ അമ്മയുടെ സമരം, സര്‍ക്കാരിന്റെ പൊലീസ് നയം, പാതയോരത്തെ മദ്യശാലാമാറ്റം, സിനിമ, സാഹിത്യം തുടങ്ങി വിവിധ വിഷയങ്ങളില്‍ മന്ത്രി ജി.സുധാകരന്‍ മനസ്സ് തുറക്കുന്നു.  

മദ്യനിരോധനം വേണ്ട എന്ന തീരുമാനത്തിലേക്ക് സര്‍ക്കാരിനെ നയിച്ച ഘടകങ്ങള്‍ എന്തൊക്കെയാണ്?

മദ്യ നിരോധനം സർക്കാരിന്റെ പരിപാടിയല്ല, മറിച്ച് ഭരണഘടനാപരമായി അംഗീകരിക്കപ്പെട്ട ഒന്നാണ്. മദ്യം ഉപയോഗിക്കുന്ന ആൾക്കാര്‍ അത്് ഒരു സുപ്രഭാതത്തിൽ ഇല്ലാതായാൽ പട്ടച്ചാരായവും വിഷമദ്യത്തെയും ഒക്കെ ആശ്രയിക്കും. അതുകൊണ്ട്  വിഷമില്ലാത്ത അപകടമില്ലാത്ത ഔദ്യോഗിക സംവിധാനത്തിൽ ഉൽപ്പാദിപ്പിക്കുന്ന മദ്യം വിലകുറച്ച് ആവശ്യക്കാർക്ക് കൊടുക്കുക എന്നത് ഗവണ്‍മെന്റിന്റെ ഉത്തരവാദിത്തമാണ്. നിരോധനം എന്നത് അപകടകരമാണ്, ജനങ്ങൾ സ്വമേധയാ മദ്യം വർജിക്കുന്ന ക്യാംപെയിൻ ശക്തിപ്പെടുത്തുക.

∙മദ്യശാലാ മാറ്റത്തില്‍ തദ്ദേശസ്ഥാപനങ്ങളുടെ എതിര്‍പ്പിനെ എങ്ങനെ മറികടക്കും ?

തദ്ദേശസ്ഥാപനങ്ങളുടെ നയം സർക്കാർ നയമാകണം. രാഷ്ട്രീയപ്പാർട്ടികളുടെ കീഴിലാണ് തദ്ദേശസ്ഥാപനങ്ങള്‍. പാർട്ടിയാണ് ഇവരെ സ്ഥാനാർഥിയാക്കിയത്.  പാർട്ടിയും സർക്കാരും എടുക്കുന്ന തീരുമാനത്തിനൊപ്പമാണ് തദ്ദേശസ്ഥാപനങ്ങളും നിൽക്കേണ്ടത്. എതിർക്കുന്നവരെ മാറ്റും. വളരെ തെറ്റായ നടപടിയാണ് ചില തദ്ദേശസ്ഥാപന അധികാരികൾക്ക്.  ഇത് ഇവിടെ വേണ്ട എന്നുപറയുന്നത് ആകട്ടെ പ‍‍ഞ്ചായത്തുപോലും വിളിച്ചുകൂട്ടാതെയാണ്. ഇത് ആളാകാൻ വേണ്ടിമാത്രം ഉള്ളതാണ്. ഇത്തരക്കാരെ തിരുത്തേണ്ടത് പാര്‍ട്ടി ആലോചിക്കേണ്ടത് തന്നെയാണ്. 

 

∙ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന്റെ സമരം നേരിട്ട രീതിയില്‍ സര്‍ക്കാരിനും പൊലീസിനും വീഴ്ച പറ്റിയില്ലേ ? 

പൊലീസ് അവിടുത്തെ സാഹചര്യം അനുസരിച്ചാണ് ഇടപെട്ടത്. എന്നാൽ കുടുംബത്തിന്റെ സമരത്തിന്റെ കാര്യത്തിൽ ഒരു അസ്വഭാവികതയുണ്ട്. ഇക്കാര്യത്തിൽ രാഷ്ട്രീയ മുതലെടുപ്പാണ് നടന്നത്. ഹൃദയവേദനയുള്ളവർ ഇത്തരം കാര്യത്തിൽ പബ്ലിക്ക് ആയിട്ടല്ല സംസാരിക്കേണ്ടത്. മറിച്ച് സ്വകാര്യമായിട്ടുവേണം. മാത്രമല്ല, കൂടെവന്ന ആൾക്കാരുമായിട്ട് ഡി.ജി.പിയുമായി കൂടിക്കാഴ്ച അനുവദിച്ചിരുന്നെങ്കിൽ ജിഷ്ണുവിന്റെ കുടുംബത്തിന്റെ ഉദ്ദേശ്യശുദ്ധി ചോദ്യംചെയ്യപ്പെടും. ഒരമ്മയ്ക്ക് ഡി.ജി.പിയോട് പറയാനുള്ളത് കേൾക്കാൻ ഒരു രാഷ്ട്രീയ പാർട്ടിയുടെ ആവശ്യമെന്താണ്. എന്നാലും ഈ സംഭവം ദൗർഭാഗ്യകരമായിപ്പോയി, പക്ഷേ ഇത് ഊതിപ്പെരുപ്പിച്ച് വലിയ പ്രശ്നമാക്കി. കുറച്ചുകൂടി ബുദ്ധിപൂർവം കൈകാര്യം ചെയ്യേണ്ടിയിരുന്നു.  

ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമായില്ലേ ? 

സർക്കാരിന്റെ പ്രതിച്ഛായയെ ഇത് ഒരു തരത്തിലും ബാധിച്ചിട്ടില്ല. മറിച്ച് സർക്കാരിന്റെ പ്രതിച്ഛായയെ കൂട്ടായി ആക്രമിക്കുകയാണ് ചെയ്തത്. ജിഷ്ണുവിന്റെ അമ്മയെ വേദനിപ്പിക്കാൻ ഞങ്ങൾ ഒരിക്കലും കൂട്ടുനിൽക്കില്ല. അമ്മയുെട വേദന ഞങ്ങൾക്കറിയാം. സർക്കാരിന് രണ്ട് ചെവിയും രണ്ട് കണ്ണും മാത്രം പോരാ എന്ന് ഈ സംഭവത്തിലൂടെ ബോധ്യമായി അതാണ് ഈ സംഭവത്തിൽനിന്നുള്ള പാഠം. കുറ്റവാളിയെ കണ്ടു പിടിച്ചിരിക്കും. 

സമീപകാലത്ത് സിനിമാനടന്‍മാരെയും എഴുത്തുകാരെയുമൊക്കെ വിമര്‍ശിച്ച് ചില നിലപാടുകള്‍ എടുത്തു, എന്തായിരുന്നു അതിന് പിന്നില്‍ ? 

ഒ.എൻ.വിയുടെ ഭൂമിക്ക് ഒരു ചരമഗീതം എന്നതിനെയാണ് എതിര്‍ക്കുന്നത്. ഭൂമിക്ക് വേണ്ടത് ചരമഗീതമല്ല, മറിച്ച് അതിജീവനമാണ് വേണ്ടത്, മുന്നറിയിപ്പ് പാട്ടാണ് പാടേണ്ടത് ചരമഗീതമല്ല, താൻ ഇക്കാര്യത്തിൽ ഒരു അഭിപ്രായം പറഞ്ഞു എന്നേയുള്ളു. മനുഷ്യൻ തന്നെ ഭൂമിക്ക് ചരമഗീതം പാടുന്നു ഇതാണ് ആ പ്രശ്നം. ഒ.എൻ.വിയെ കുറ്റപ്പെടുത്തുന്നില്ല,പക്ഷേ നമ്മൾ ഇതിനെയെല്ലാം നാം അതിജീവിക്കുകയാണെന്നാണ് ഞാൻ പറഞ്ഞത്. 

സിനിമാക്കാരോട് ദേഷ്യമില്ല, മാത്രമല്ല അവരെ അങ്ങേയറ്റം ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ കേരളത്തിൽ സിനിമ എന്ന ജനങ്ങൾക്ക് ഏറ്റവും സ്വാധീനമുള്ള മാധ്യമത്തെ പണം ഉണ്ടാക്കാനും സ്വാർഥതയ്ക്കും പൊങ്ങച്ചത്തിനും ഉപയോഗിക്കുന്ന സംസ്കാരമാണ് കേരളത്തിലുള്ളത്. മറ്റ് സംസ്ഥാനങ്ങളിൽ ഇവിടുത്തേക്കാൾ കലാപരമായി മൂല്യമുള്ള സിനിമകൾ വരുന്നുണ്ട്. ഇത് ഒരു കാലത്ത് കേരളത്തില്‍ ആയിരുന്നു. പണം ഉണ്ടാക്കാൻ വേണ്ടി മാത്രം കലയെ ഉപയോഗിക്കുന്നതിനെയാണ് എതിര്‍ക്കുന്നത്. ഇപ്പോഴത്തെ സിനിമയിൽ ഒരു പത്തോ ഇരുപതോ ശതമാനം മാത്രമെ സാമൂഹിക ബോധമുള്ള സിനിമകൾ ഇറങ്ങുന്നുള്ളു. രാഷ്ട്രീയത്തിൽ തെറ്റുണ്ടായാൽപ്പോലും അതിനെ തിരുത്തേണ്ടത് കലയാണ്.