ചുംബനസമരം തട്ടിപ്പ്, സിനിമയില്‍ ആണ്‍-പെണ്‍ വിവേചനം

ചുംബനസമരത്തിന് ഉദ്ദേശശുദ്ധിയില്ലെന്ന് നടി പാര്‍വതി. സമൂഹത്തില്‍ ഒരു മാറ്റവും ഉണ്ടാക്കാനാകാത്ത പ്രകടനങ്ങള്‍ മാത്രമാണത്.  സത്യമുള്ളിടത്തേ എനിക്ക് നില്‍ക്കാനാകൂ. സമൂഹത്തില്‍ ഗുണകരമായ മാറ്റം ഉണ്ടാക്കാനാകുന്ന ഏത് ചുവടിലും ഞാന്‍ ഒപ്പം നില്‍ക്കും. സദാചാര പൊലീസിങ് പോലെത്തന്നെ ബുദ്ധിശൂന്യതയാണ് ചുംബനസമരമെന്നും പാര്‍വതി കുറ്റപ്പെടുത്തി. മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ലൈംഗിക വിദ്യാഭ്യാസം പോലുള്ള ചുവടുകളാണ് വേണ്ടത്. സ്ത്രീകളെയും പുരുഷന്‍മാരെയും ട്രാന്‍സ്ജെന്റേഴ്സിനെയുമൊക്കെ വിളിച്ചിരുത്തി ലൈംഗികതയെക്കുറിച്ച് സംസാരിക്കുകയും ബോധവല്‍ക്കരിക്കുകയുമാണ് വേണ്ടത്. അല്ലാതെ വെറുതെയുള്ള ബഹളം വെയ്ക്കലില്‍ കാര്യമില്ല.   

സിനിമയിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ സംബന്ധിച്ച സംവിധായകന്‍ ര​ഞ്ജിത്തിന്റെ നിലപാടിനെയും പാര്‍വതി വിമര്‍ശിക്കുന്നു.   ഇക്കാര്യത്തില്‍ രഞ്ജിത്തിന്റെ നിലപാട് അങ്ങേയറ്റം കുറ്റകരമാണ്.  സ്ത്രീവിരുദ്ധ സംഭാഷണങ്ങള്‍ പറയില്ലെന്ന പൃഥ്വിയുടെ ഇപ്പോഴത്തെ നിലപാട് നല്ലതാണ്. കരിയരിന്റെ തുടക്കം മുതല്‍ ഇക്കാര്യത്തില്‍ സൂക്ഷ്മത പുലര്‍ത്താന്‍ താന്‍ ശ്രദ്ധിച്ചിരുന്നുവെന്നും പാര്‍വതി പറഞ്ഞു. സ്ത്രീകളെ വെറും വിഭവമായി കാണുന്ന ധാരാളം സിനിമകള്‍ സൂപ്പര്‍ താരങ്ങള്‍ ചെയ്തുകഴിഞ്ഞതായും പാര്‍വതി കുറ്റപ്പെടുത്തുന്നു. സിനിമയില്‍ ഇപ്പോഴും ആണ്‍പെണ്‍ വിവേചനം നിലനില്‍ക്കുന്നുണ്ട്. ഇപ്പോഴുണ്ടായത് ചെറിയ ചെറിയ മാറ്റങ്ങളാണ്.  സിനിമയ്ക്ക് അകത്തെയും പുറത്തെയും നിരവധി വിഷയങ്ങളില്‍ പാര്‍വതി മനസ്സ് തുറക്കുന്നു.

> പാർവതി എന്തുകൊണ്ടാണ് പരസ്യചിത്രങ്ങളിൽ അഭിനയിക്കാത്തത്, ഉദ്ഘാടനങ്ങൾക്ക് പോകാത്തത് ?

കൂടുതൽ അനാവരണം ആവശ്യമില്ല എന്നതും താൽപ്പര്യക്കുറവുമാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിൽനിന്ന് പിന്തിരിപ്പിക്കുന്നത്. ഇതിൽനിന്ന് കിട്ടുന്ന തുക എനിക്ക് അർഹതപ്പെട്ടതല്ല എന്നു ചിന്തിക്കുന്ന ഒരാളാണ് ഞാൻ. സ്വന്തം മൂല്യം നിശ്ചയിക്കാൻ അണിഞ്ഞൊരുങ്ങി നിന്നു കൊടുക്കേണ്ട കാര്യമില്ലെന്നാണ് എനിക്ക് തോന്നുന്നത്. 

> ചുംബനസമരം പോലെയുള്ള പ്രതിഷേധങ്ങളോട് പാർവതി എന്തുകൊണ്ട് മുഖം തിരിക്കുന്നു ?

ചുംബനസമരത്തിൽ പങ്കെടുക്കാത്തത്, അല്ലെങ്കിൽ അതിനെ പിന്തുണയ്ക്കാത്തത് ഈ സമരത്തിന് ഉദ്ദേശശുദ്ധിയില്ലാത്തതുകൊണ്ടാണ്. ലൈംഗിക വിദ്യാഭ്യാസത്തി‌ലൂടെ മാറ്റാംവരുത്താൻ കഴിയുമെന്നാണ് എനിക്ക് തോന്നുന്നത്. സ്ത്രീകളെയും പുരുഷനെയും ഭിന്നലിംഗക്കാരെയും ഒരേ തലത്തിൽ നിർത്തി ലൈംഗികതയെപ്പറ്റി സംസാരിക്കുന്നതാണ് മാറ്റം, അല്ലാതെ ചുംബനസമരത്തിലൂടെ ഒരു മാറ്റവും ഉണ്ടാകില്ല. അതുകൊണ്ടാണ് അതിനെ എതിർക്കുന്നത്. 

> മലയാള സിനിമയിൽ സ്ത്രീകള്‍ക്ക് തുല്യപരിഗണനയും ബഹുമാനവും കിട്ടുന്നുണ്ടോ ? 

സിനിമാ രംഗത്ത് പുരുഷനും സ്ത്രീകൾക്കും തുല്യ പരിഗണന കിട്ടുന്നില്ല, തുല്യ പരിഗണന കിട്ടുന്നില്ലെന്ന് മാത്രമല്ല തരുന്ന തുകയ്ക്കുവരെ വിലപേശാൻ നോക്കും. ഇതിന് പറയുന്ന ന്യായം സ്ത്രീകൾക്ക് മാർക്കറ്റ് വാല്യു ഇല്ല എന്നതാണ്. പുരുഷനും സ്ത്രീകൾക്കും ഭിന്നലിംഗക്കാർക്കും എല്ലാവർക്കും തുല്യ ഇടമുള്ള സിനിമകൾ വന്നിരുന്നെങ്കിൽ ഇത്തരം അവസ്ഥ സംജാതമാകുമായിരുന്നില്ല. നിങ്ങളുടെ മേൽ (സ്ത്രീ) ഇത്രേയും തുക മുടക്കിയാൽ എനിക്ക് അത്രേയും തിരിച്ച് കിട്ടില്ല എന്ന തരത്തിൽ പറയാൻ നിർമാതാക്കൾ ധൈര്യം കാണിക്കുന്നുവെന്നതാണ് വാസ്തവം. അതേസമയം സെറ്റിനും മറ്റുമായി വന്‍ തുക മുടക്കുകയും െചയ്യുന്നു.

> ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിൽ സജീവമല്ലാത്തത് എന്തുകൊണ്ട് ?

സോഷ്യൽ മീഡിയ, പ്രത്യേകിച്ച് ഫേസ്ബുക്കിനോട് കടുത്ത വിരോധമാണുള്ളത്. വെറുതെ ഒരാളെ അകാരണമായി ആക്രമിക്കുക എന്നതാണ് ഇതിന്റെ മുഖ്യലക്ഷ്യം. സ്വയം പ്രഖ്യാപിക്കുന്ന അതിരുകളോ അല്ലെങ്കിൽ മറ്റുള്ളവരുടെ സ്വകാര്യതയെ അംഗീകരിക്കുകയോ സമൂഹമാധ്യമങ്ങളില്‍ ഇടപഴകുന്ന ആൾക്കാര്‍ ചെയ്യുന്നില്ല. ആര് ശരി തെറ്റ് എന്നതല്ല, ബഹുമാനം എന്ന് പറയുന്ന അടിസ്ഥാന മാനുഷിക മൂല്യം ഇത്തരം മാധ്യമങ്ങളിൽ അന്യമാണ്.  

> അമ്മയുടെ യോഗത്തിൽ ഐറ്റം ഡാൻസിന് എതിരെ നിലപാട് എടുത്തത് അധാർമികത എന്നു കണ്ടാണോ ? 

ഐറ്റം എന്ന വാക്കുതന്നെ ഉപയോഗിക്കുന്നത് ശരിയല്ല, ഐറ്റം എന്നു പറയുമ്പോൾ ഒരു വ്യക്തിയെ കച്ചവട സാധനമായി കാണുകയാണ്. സ്ത്രീകളുടെ ശരീരഭംഗി കാണിക്കുക എന്ന തരത്തിലേക്ക് അധ:പതിച്ചിരിക്കുന്നു. ഡാൻസ് എന്നത് ധ്യാനാത്മകമായി ചെയ്യേണ്ട ഒന്നായാണ് എനിക്ക് തോന്നുന്നത്. 

> ഇന്നത്തെ മാധ്യമപ്രവര്‍ത്തന രീതിയോട് പാർവതിക്കുള്ള വിയോജിപ്പുകൾ എന്തൊക്കെയാണ് ?

മാധ്യമങ്ങളുടെ അല്ലെങ്കിൽ മാധ്യമപ്രവർത്തകരുടെ ജോലി എന്നത് മിക്കപ്പോഴും മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന തരത്തിലേക്ക് മാറിയിരിക്കുന്നു. മൂല്യങ്ങള്‍ ഉള്ള വാർത്തകൾ കാണാൻ പറ്റുന്നില്ല. മാധ്യമങ്ങൾക്കുവേണ്ടത് നമ്മളില്‍ അടിച്ചേൽപ്പിക്കുന്നു. പണ്ടൊക്കെ പത്രം വായിച്ചാല്‍ നമ്മുടെ വ്യാകരണവും ഉച്ചാരണവും ശരിയാകുമായിരുന്നു ഇന്നതല്ല സ്ഥിതി. പ്രചാരണം കൂട്ടുക എന്നത് മാത്രമായി ഇന്നത്തെ മാധ്യമപ്രവർത്തനത്തിന്റെ ലക്ഷ്യം  മാറിയിരിക്കുന്നു.