താൻ ഡേറ്റ് കൊടുത്തില്ലെങ്കിൽ ഒരു സിനിമ ഇല്ലാതാകില്ലെന്നു നടൻ ഫഹദ് ഫാസിൽ. മുതിർന്ന സംവിധായർക്കു ഡേറ്റ് നൽകുന്നില്ലെന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു ഫഹദ്. പ്രത്യേകിച്ചും സിദ്ദിഖിനേയും ജോഷിയേയും പോലുള്ള സംവിധായകർക്കു ആരെ വച്ചു വേണമെങ്കിലും സിനിമയെടുക്കാം. താൻ സിനിമയ്ക്കു ഡേറ്റ് നൽകാത്തതു അവരോടു കൂടി സംസാരിച്ച് പരസ്പരധാരണയിലെത്തിയതിനു ശേഷമാണ്. ഇക്കാര്യത്തിൽ അവർക്കു വേദനതോന്നേണ്ട കാര്യമില്ല. അഥവാ ഉണ്ടെങ്കിൽ തന്നെ പറഞ്ഞുതീർക്കാവുന്നതേയുള്ളൂ.
പിതാവ് ഫാസിൽ തന്റെ കാര്യത്തിൽ എപ്പോഴും ആശങ്കാകുലനാണ്. അതു സ്കൂളിൽ പഠിക്കുന്ന കാലംമുതലേ അങ്ങനെയാണ്. ബാപ്പയ്ക്കു നൂറു ശതമാനം മനസമാധാനം നൽകാൻ തനിക്കു ഒരിക്കലും സാധിച്ചിട്ടില്ല. താൻ സന്തോഷവാനാണോ എന്നേ ബാപ്പ എപ്പോഴും ചോദിക്കൂവെന്നും ഫഹദ് പറഞ്ഞു. മനോരമ ന്യൂസ് നേരേ ചൊവ്വേയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.