E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 07:42 PM IST

Facebook
Twitter
Google Plus
Youtube

More in Nattupacha

ഹരിതാഭമായി ഹാർവെസ്റ്റ് ഫ്രെഷ് ഫാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇടുക്കി ജില്ലയിൽ കേരള- തമിഴ്നാട് അതിർത്തിയിലുള്ള കൊച്ചു പട്ടണമാണ് കുമളി. ടൂറിസം ഭൂപടത്തിൽ കേരളത്തിന് പ്രമുഖ സ്ഥാനം നൽകുന്ന തേക്കടിയും വാർത്തകളിൽ എന്നും നിറഞ്ഞു നിൽക്കുന്ന മുല്ലപെരിയാർ ഡാമും ഈ കുമളി പട്ടണത്തോട്ട് ചേർന്നാണ്.. ഇവിടെ നിന്നും അതിർത്തി കടന്ന് 12 കിലോമീറ്റർ മലയിറങ്ങിയാൽ കമ്പം താഴ് വരയിലെ ലോവർ ക്യാംപിൽ എത്തിച്ചേരാം . സമതലമായ ഭൂമിക്ക് അതിരിടുന്ന മലനിരകളുടെ ദൃശ്യഭംഗിയാണ് ചുറ്റും .മുന്തിരി കൃഷിക്കും പച്ചക്കറികളുടെയും പയറുവർഗങ്ങളുടെയും ക്യഷിക്ക് ഏറെ പ്രശസ്തമാണ് തേനി ജില്ലയിലെ ഈ കമ്പം താഴ് വരകൾ. നമ്മുടെ മുല്ലപെരിയാർ ഡാമിലെ ജലം കൊണ്ടാണ് ഈ വരണ്ട ഭുപ്രദേശം പച്ചപ്പണിയുന്നത്.

ചുരമിറങ്ങി വരുമ്പോൾ റോഡിന്റെ പല ഭാഗത്തും ടൂറിസ്റ്റുകളെ സ്വാഗതം ചെയ്യുന്ന ഒരു ബോർഡ് കാണാം. ഹാർവെസ്റ്റ് ഫ്രെഷ് ഫാം .. ബിസിനസിനോടൊപ്പം ജൈവ ക്യഷിയെയും സ്നേഹിക്കുന്ന എറണാകുളം സ്വദേശി കുര്യൻ ജോസഫിന്റെതാണ് ഈ ഫാം.

ലോവർ ക്യാംപിൽ നിന്ന് 3 കിലോമീറ്റർ ഉള്ളിലേക്ക് സഞ്ചരിച്ചാൽ ഫാമിൽ എത്തിചേരാം. വരുന്ന വഴിയിൽ ചില സ്ഥലങ്ങളിൽ പച്ചക്കറി കൃഷി കാണാം. കണ്ടാൽ പാടം എന്നു തോന്നുന്ന ഈ സ്ഥലങ്ങൾ കര ഭൂമി തന്നെയാണ് . ശാസ്ത്രീയമായ രീതിയിൽ പയറും, മല്ലിയും, കടലയും, തക്കാളിയും, കാബേജുമൊക്കെ കൃഷി ചെയ്യുന്നതിനു വേണ്ടി മണ്ണ് ഒരുക്കിയിട്ടിരിക്കുകയാണ്. വർഷത്തിൽ മൂന്ന് കൃഷിയാണ് ഇവിടെ പൊതുവേ ചെയ്യുന്നത്. മുന്നോട്ട് വരുമ്പോൾ ഇതുവരെ കണ്ട കാഴ്ച്ചകളിൽ നിന്നും വിത്യസ്തമായി ഗ്രീൻ നെറ്റുകൊണ്ട് വേലി തീർത്തിരിക്കുന്ന ഒരു കൃഷിയിടം കാണാം.

ഹാർവെസ്റ്റ് ഫ്രഷ് ഫാം ... ഗേറ്റിലൂടെ കാണുന്ന ആദ്യ കാഴ്ച്ച തന്നെ മനസിന് കുളിർമ നൽകും .സ്ഥലം തമിഴ്നാട് ആണെങ്കിലും പെട്ടന്ന് കേരളത്തിൽ എത്തിയ പോലൊരു തോന്നൽ... അത്രക്ക് ഹരിതാഭമാണ് ആദ്യ കാഴ്ച്ച .സ്വാഗതമോതുന്ന വഴികൾക്കു ഇരുപുറവും റോയൽ പാം മരങ്ങളാണ് തലയുയർത്തി നിൽക്കുന്നത്. കൃഷിയിടത്തിനും വഴിക്കുമിടയിൽ അതിരിടുന്ന ദുരാന്ത ചെടി ഭംഗിയായി വെട്ടി ഒരുക്കി നിർത്തിയിട്ടുണ്ട്. വഴിയുടെ ഇരുവശവും മാതളവും തെങ്ങുമാണ് കൃഷി.

ഫാം സന്ദർശിക്കാൻ എത്തുന്നവർക്ക് ഒന്നു വിശ്രമിക്കാനായി കയറി വരുന്ന വഴിയുടെ അരികിൽ തന്നെ മനോഹരമായ ഒരു ഗസീബോ ഒരുക്കിയിട്ടുണ്ട്. ചൂള മരവും ഓലയും ഉപയോഗിച്ചു നിർമിച്ച ഒരു നാടൻ ഗസീബോ.

ജൈവകൃഷി എന്ന ആശയവുമായി പശ്ചിമഘട്ടത്തിന്റെ ഈ താഴ് വരയിൽ കുര്യൻ ജോസും അദ്ധേഹത്തിന്റെ മകൻ കുര്യൻ ജോസ് ജൂനിയറും ചേർന്ന് 2007ലാണ് ഇവിടെ 35 ഏക്കർ സ്ഥലം മേടിക്കുന്നത് . ഇന്നു കാണുന്ന ഈ പച്ചപ്പിനും ,ഐശ്വര്യത്തിനും ,വിള വെവിധ്യത്തിനും പിന്നിൽ ഏറെ കഠിനാധ്വാനം നടത്തേണ്ടി വന്നു ഇവർക്ക് . ഈ ഗസീബോയ്ക്ക് സമീപം നിൽക്കുന്ന ആര്യവേപ്പിന്റെ ഈ ഒരു മരം മാത്രമാണ് ഇവിടെ സ്ഥലം മേടിക്കുമ്പോൾ ഉപയോഗ യോഗ്യമായുണ്ടായിരുന്ന ഏക മരം.

സ്ഥലം മേടിക്കുമ്പോൾ തരിശു ഭൂമിയായതുകൊണ്ട് ഗുണവുമുണ്ടായി ഇവർക്ക്. ദീർഘവീക്ഷണത്തോടെയും കൃത്യമായ ആസൂത്രണത്തോടെയും ഭൂമിയെ രൂപപ്പെടുത്താൻ കഴിഞ്ഞു എന്നതു തന്നെ ഏറ്റവും വലിയ നേട്ടം . 35 ഏക്കറും വേലികെട്ടി തിരിച്ചു കൊണ്ടാണ് ഭൂമിയുടെ ഒരുക്കം തുടങ്ങിയത്. കൃത്യമായ പ്ലാൻ തയ്യാറാക്കി ഫാമിലുടനീളം വിശാലമായ ഫാം റോഡുകൾ രൂപപ്പെടുത്തി. വഴികൾക്ക് അലങ്കാരമായി ഇരുവശത്തും റോയൽ പാമുകളും ദുരാന്ത ചെടിയും മറ്റ് അലങ്കാര ചെടികളും വച്ചുപിടിപ്പിച്ചു .കൃഷിയിടത്തിലെ കൃത്യമായ നിരീക്ഷണത്തിനും തിരിച്ചറിയലിനും വേണ്ടി ഭൂമിയെ ഓരോ പ്ലോട്ടുകളായി തിരിച്ച് വിശുദ്ധൻമാരുടെ പേരുകളാണ് നൽകിയിരിക്കുന്നത്. പ്ലോട്ട് അടിസ്ഥാനത്തിൽ അടുക്കും ചിട്ടയോടെയുമാണ് ഓരോ വിളകളുടെയും കൃഷി. 2 വർഷം സമയം എടുത്തു കൃഷിയിടത്തിൽ ചെടികൾ നട്ടുപിടിപ്പിക്കാൻ. ഒരിഞ്ചു സ്ഥലം പോലും പാഴാക്കാതെ അതിസാന്ദ്രത രീതിയിലാണ് കൃഷി ചെയ്തിട്ടുള്ളത് .

ഹാർവെസ്റ്റ് ഫ്രഷ് ഫാം ചുറ്റുപാടുമുള്ള പ്രദേശങ്ങളിൽ അറിയപ്പെടുന്നത് മാതളതോട്ടം എന്ന പേരിലാണ്. കാരണം ഇത്രയും വിപുലമായി മാതള കൃഷി ഈ പ്രദേശത്ത് ചെയ്യുന്നത് ഇവിടെ മാത്രമാണ്. 8000 ത്തോളം മാതള നാരകത്തിന്റെ ചെടികളാണ് ഇവിടെയുള്ളത് . ഇത് കൂടാതെ 1200 തെങ്ങുകൾ ,5 ഇനങ്ങളിലായി 1200 മാവുകൾ , 300 കസ്റ്റാർഡ് ആപ്പിൾ മരങ്ങൾ, ഔഷധ പഴമായ മുള്ളാത്തയുടെ 600 ചെടികൾ, വിവിധ ഇനങ്ങളിൽ പെട്ട 300 പ്ലാവുകൾ, 200 പേര മരങ്ങൾ, റെഡ് ലേഡി പപ്പായയുടെ 500 മരങ്ങൾ,

5 ഇനങ്ങളിൽ പെട്ട 200 ചാമ്പ മരങ്ങൾ, എന്നിവയും പ്രധാന ക്യഷികൾ തന്നെയാണ്. ഒരു പ്ലോട്ടിലും ,പറമ്പിന്റെ അതിരിലും, വഴികളുടെ വശങ്ങളിലും ഒക്കെയായി തേക്ക്, ഈട്ടി, മഹാഗണി, ചന്ദനം, ആഞ്ഞിലി ,തമ്പകം എന്നിങ്ങനെ 6000ൽപ്പരം വനവൃക്ഷങ്ങളും ഹാർവെസ്റ്റ് ഫ്രഷ് ഫാമിനു പച്ചപ്പൊരുക്കാൻ വേണ്ടി നട്ടുപിടിപ്പിച്ചിട്ടുണ്ട്.

ഈ വിളകൾക്ക് ഇടവിളായി സപ്പോട്ട, സീതപ്പഴം, കമ്പിളി നാരകം, മുസംബി, നെല്ലി, പാഷൻ ഫ്രൂട്ട് , ലൂവി, എന്നീ പഴവർഗങ്ങളുടെ സമ്യദ്ധിയും തോട്ടത്തിലുടനീളം കാണാം.

ഇന വൈവിധ്യവും വിള വൈവിധ്യവും മാത്രമല്ല ഹാർവെസ്റ്റ് ഫ്രഷ് ഫാമിനെ വേറിട്ടു നിർത്തുന്നത്. ക്യഷിയോടൊപ്പം ഫാം ടൂറിസവും നടപ്പിലാക്കി കൂടുതൽ വരുമാനസാധ്യതകൾ കണ്ടെത്തിയിരിക്കുകയാണ് ഇവിടെ. തേക്കടി എന്ന ടൂറിസ്റ്റ് കേന്ദ്രത്തിന്റെ സാമിപ്യവും പ്രദേശത്തിന്റെ ദൃശ്യഭംഗിയും വലിയൊരു സാധ്യതയാണ് കുര്യൻ ജോസിന് നൽകിയത്. ഒപ്പം ശുദ്ധമായ വായു ശ്വസിക്കാനും, ശാന്തമായി പ്രകൃതിയിൽ ലയിച്ചിരിക്കാനും, മനസ്സിനും ശരീരത്തിനും നവോൻമേഷം കൈവരിക്കാനും പറ്റിയ അനുകൂല സാഹചര്യങ്ങളും. ഇത് കൂടാതെ സന്ദർശകർക്ക് ആവശ്യമെങ്കിൽ ഫാം സ്റ്റേ സൗകര്യം നൽകാനാവും വിധം ആധുനിക സൗകര്യങ്ങളോട് കൂടിയ ഫാം ഹൗസുമുണ്ടായിരുന്നത് ഫാം ടൂറിസം എന്ന ആശയം ഫലപ്രദമായി നടപ്പാക്കാൻ കുര്യൻ ജോസിനെ സഹായിച്ചു.

വിദേശ സഞ്ചാരികളും സ്വദേശികളും ഒരുപോലെ എത്തി ചേരുന്നുണ്ടിവിടെ. വിവിധ പായ്ക്കേജുകളാണ് ടൂറിസ്റ്റുകൾക്ക് ഇവിടെ ഓഫർ ചെയ്യുന്നത്. പ്രധാന റോഡിൽ നിന്നു തന്നെ ആവശ്യമെങ്കിൽ ടൂറിസ്റ്റുകളെ കാളവണ്ടിയിൽ കൂട്ടി ഫാമിലേക്ക് ആനയിക്കും. ഫാമിലെത്തുമ്പോൾ ഭാരതീയ രീതികളിലുള്ള ഗ്രാമീണ സ്വീകരണങ്ങളും ഏറ്റുവാങ്ങാം. ശുദ്ധമായ തനി നാടൻ വിഭവങ്ങളുടെ രുചി ആസ്വദിക്കാനും ഇവിടെ സൗകര്യമുണ്ട്. അതിനു വേണ്ട ഓപ്പൺ റസ്റ്റോറന്റ് സൗകര്യവും ഫാം ഹൗസിനു പുറകിലായി ക്രമീകരിച്ചിരിക്കുന്നു. ഫാമിന്റെ കാഴ്ച്ചകൾ കാണാൻ,... ഓരോ വിളകളെയും അടുത്തറിയാൻ ചെടികളുടെ അടുത്തേക്ക് നടന്നു ചെല്ലാം... ബോർഡിൽ എഴുതിയിരിക്കുന്ന പേരുകൾ വായിച്ചും കൃഷിരീതികൾ മനസിലാക്കിയും, കൃഷിപണികളിൽ പങ്കാളിയായുമൊക്കെ കൃഷിയെ അടുത്തറിയാം. ഇനി ഫാം ചുറ്റി കറങ്ങി ഒരു ട്രാക്ടർ സഫാരിയോ ജീപ്പ് സഫാരിയോ ആണ് വേണ്ടതെങ്കിൽ അതിനും സൗകര്യമുണ്ട്. അതല്ല തനി നാടൻ യാത്രാരീതികൾ മതി എന്നാഗ്രഹിക്കുന്നവർക്ക് വേണ്ടി കാളവണ്ടിയും റെഡി. ഫാമിലെ മൺറോഡുകളിലൂടെ കാളവണ്ടിയിൽ കുലുങ്ങി കുലുങ്ങിയുള്ള യാത്രയും ചുറ്റുമുള്ള കാഴ്ച്ചകളും ഒക്കെ ഗതകാലത്തിന്റെ ഗൃഹാതുര സ്മരണകൾ ടൂറിസ്റ്റുകൾക്ക് സമ്മാനിക്കുമെന്നുറപ്പ്.

ഫാം റോഡിലൂടെ മുന്നോട്ട് വരുമ്പോൾ വഴികൾ ഇരുവശത്തേക്കും തിരിയുന്നു. മുന്നിൽ ഫാമിലെ കാഴ്ച്ചകളും സൗകര്യങ്ങളും സൂചിപ്പിക്കുന്ന ദിശ ബോർഡ് . ഇടത് വശത്തെ റോഡിലൂടെ മുന്നോട്ട് നീങ്ങുമ്പോൾ പഴവർഗങ്ങളുടെ കൃഷിയാണ് കൂടുതലും കാണാൻ കഴിയുന്നത്. ചെന്തെങ്ങും മാവും ഈ ഭാഗത്ത് കൂടുതലായി നട്ടുപിടിപ്പിച്ചിട്ടുണ്ട്. അൽഫോൻസ, ബംഗനപ്പള്ളി, ഇമാംപസന്ത്, സേലം നീലം തുടങ്ങിയ മാവുകളുടെ ഇനങ്ങളാണ് ഇവിടെയുള്ളത്.

മാവുകളെയെല്ലാം പ്രൂണിങ്ങ് അഥവാ കൊമ്പുകൾ കോതി ഒതുക്കിയാണ് വളർത്തുന്നത്. നിയന്ത്രിതമായി വളർത്തുന്നതിലൂടെ കൂടുതൽ ഗുണമേൻമയോടുകൂടിയ ഉൽപ്പാദനവും, കൃത്യമായ വിളവെടുപ്പും നടത്താനാവും ...

വിവിധ തരത്തിലുള്ള ഫലവർഗങ്ങളും പഴവർഗങ്ങളും ഇടകലർന്നാണ് ഇവിടെ വളരുന്നത്. സീസണനുസരിച്ച് ആണ് ഇവിടെ ഒരോന്നും വിളവെടുപ്പിന് പാകമാകുന്നത്‌. തോട്ടത്തിന്റെ ഈ ഭാഗത്തെ അതിരിലായി ഒരു വലിയ നീരീക്ഷണ ഗോപുരവും നാടൻ രീതിയിൽ തന്നെ ക്രമീകരിച്ചിട്ടുണ്ട്. ഫാം ടൂറിസ്റ്റുകൾക്ക് ഫാമിന്റെയും, ചുറ്റുമുള്ള കൃഷിയിടങ്ങളുടെയും, പ്രകൃതിയുടെയും, ഒക്കെ ഭംഗി ആസ്വദിക്കുവാനും പ്രകൃതിയോടൊത്ത് ആയിരിക്കാനുമുള്ള ഒരു ക്രമീകരണം . വഴിയുടെ മറു ഭാഗം പൂർണ്ണമായും മാതള നാരകമാണ് കൃഷി ചെയ്തിരിക്കുന്നത്..

ടൂറിസ്റ്റുകൾക്കും കൃഷി പഠനവുമായി എത്തുന്ന വിദ്യാർത്ഥികൾക്കും ഏറെ അറിവു പകരുന്ന , കൗതുകം ജനിപ്പിക്കുന്ന ഒരു പാട് കാര്യങ്ങൾ ഈ ഫാമിലുണ്ട്. ചെടികൾ, ഇന വൈവിധ്യങ്ങൾ, കൃഷി , കൃഷി രീതികൾ, ഇങ്ങനെ പലതും. അതിനുള്ള ഉത്തമ ഉദാഹരണമാണ് വഴിയുടെ ഓരങ്ങളിൽ പല ഭാഗത്തും നട്ടു വളർത്തിയിട്ടുള്ള മുളകൾ . തോട്ടിമുള, ലാത്തി മുള, കറുത്തമുള, ബുദ്ധമുള, മഞ്ഞമുള ,ചില്ലുമുള ... തുടങ്ങി 10 ഇനങ്ങളിൽ പെട്ട മുളകളാണ് ഇവിടെ ഫാമിന്റെ ഭാഗമായി വളർത്തുന്നത്.

ഇനി തിരിച്ച് ഫാമിന്റെ പ്രധാന കാഴ്ച്ചകളിലേക്ക് പോകാം. ദിശാ സൂചക ബോർഡിരിക്കുന്ന ജംക്ഷനിൽ നിന്ന് വലതോട്ട് പോകുമ്പോൾ പൗൾട്രി ഫാം കാണാം. നാടൻ കോഴികൾ , വാത്ത, താറാവ്, ഗിനി കോഴി , എന്നിവയാണ് സന്ദർശകരുടെ കണ്ണുകൾക്ക് ആനന്ദം പകരാനായി പൗൾട്രി ഫാമിലുളളത്. പ്ലാസ്റ്റിക് ഗ്രീൻ മെഷ് ഉപയോഗിച്ചാണ് പൗൾട്രി ഫാമിനുള്ളിൽ പക്ഷികളെ നിയന്ത്രിതമായി അഴിച്ചു വളർത്താനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്. ഇതിനുള്ളിലും ആത്ത, സപ്പോട്ട, തെങ്ങ്, ചാമ്പ, മാവ്, അരിനെല്ലി തുടങ്ങിയ ഫലവൃക്ഷങ്ങളും, പഴവർഗങ്ങളും, പക്ഷികൾക്ക് തണലായും ഒപ്പം കൃഷിയായും ചെയ്യുന്നുണ്ട്.

പൗൾട്രി ഫാമിന് എതിർവശത്തായി സ്റ്റാഫ് ക്വാർട്ടേഴ്സ് ,ഫാം ഓഫീസ്, സ്റ്റോർ, നഴ്സറി തുടങ്ങിയ സൗകര്യങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിനു മുൻപിലായി പല വിധത്തിലുള്ള പച്ചക്കറികൾ കൃഷി ചെയ്യുന്നുണ്ട്. ഫാമിലെ ആവശ്യങ്ങൾക്കും, വിൽപനയ്ക്കും, പിന്നെ ഫാമിൽ വരുന്ന സന്ദർശകർക്ക് നാടൻ ഭക്ഷണമൊരുക്കാനും ഒക്കെ വേണ്ടിയുള്ളതാണ് ഈ പച്ചക്കറി കൃഷി.

ഈ കെട്ടിടങ്ങളുടെ പിറകുവശത്താണ് പശുക്കളുടെ തൊഴുത്ത്. കാസർകോട് കുള്ളനും, തമിഴ്നാടിന്റെ കാങ്കയവും ഉൾപ്പെടുന്ന 15 ഓളം നാടൻ പശുക്കൾ ആണ് ഇവിടെ വളരുന്നത്. പശുക്കളുടെ തീറ്റക്കാവശ്യമായ തീറ്റപ്പുല്ലും ഇവിടെ തന്നെ കൃഷി ചെയ്യുന്നു. നാടൻ പാലിനോടൊപ്പം ഫാമിലേക്ക് ആവശ്യമായ ജൈവ വളങ്ങളുടെ ഉൽപാദനത്തിനു കൂടിയാണ് നാടൻ പശുക്കളെ വളർത്തുന്നത്. ഈ പശുക്കളുടെ ചാണകവും മൂത്രവും ഒക്കെ ഉപയോഗിച്ച് കൃഷികൾക്കാവശ്യമായ പഞ്ചഗവ്യം, ജീവാമൃതം എന്നിവ ഇവിടെ തന്നെ ഉണ്ടാക്കിയെടുത്താണ് കൃഷികൾക്ക് വളമായി ഉപയോഗിക്കുന്നത്.

കീടങ്ങളെ നിയന്ത്രിക്കുന്നതിന് വിവിധ രീതികളാണ് ഫാമിലുടനീളം അവലംബിച്ചിരിക്കുന്നത്. ഇതിൽ Solar Pest trap ആണ് പ്രധാനം. സോളാർ പാനലിലൂടെ ഊർജജം സ്വീകരിച്ചു കൊണ്ട് പാനലിനു താഴെയുള്ള ചുമപ്പ്, പച്ച നിറത്തിലുള്ള ലൈറ്റുകൾ രാത്രികളിൽ പ്രകാശിക്കും. പാനലിനു താഴെയുള്ള ട്രേയിൽ വേപ്പെണ്ണ നന്നായി പുരട്ടിയിട്ടുമുണ്ടാകും. പാനലിനു കീഴിലുള്ള പ്രകാശത്തിലേക്ക് കീടങ്ങൾ സ്വഭാവികമായി ആകർഷിക്കപ്പെടുകയും അതു വഴി എണ്ണ പുരട്ടിയ ട്രേയിൽ കീടങ്ങൾ ഒട്ടിപിടിക്കുകയും നശിക്കുകയും ചെയ്യുന്നു. ഇതു കൂടാതെ ഫിറമോൺട്രാപ്പ് , യെല്ലോ ട്രാപ്പ് ,ബ്ളൂ (ടാപ്പ് , Pot pests trap എന്നീ ഉപാധികളും കീടനിയന്ത്രണത്തിനു വേണ്ടി ഫാമിൽ ഉപയോഗിക്കുന്നുണ്ട്. ഫംഗസ് ബാധ , കായ തുരപ്പൻ , തണ്ടുതുരപ്പൻ, തുടങ്ങിയ അസുഖങ്ങളും മാതള നാരകത്തിന് കണ്ടുവരാറുണ്ട്... അംഗീകൃതമായ ജൈവ കീടനാശിനിയോ ,പുകയില കഷായമോ ചെടികളിൽ തളിച്ചു നൽകിയാണ് ഇത്തരം രോഗങ്ങളിൽ നിന്ന് മോചനം സാധ്യമാക്കുന്നത്.

സമ്പൂർണ ജൈവകൃഷിയാണ് ഹാർെസ്റ്റ് ഫ്രഷ് ഫാമിലേത്. ജൈവ കൃഷിയിലേക്ക് മാറിയപ്പോൾ ആദ്യ മൂന്ന് വർഷങ്ങളിൽ ആദായം വളരെ കുറവായിരുന്നു. മണ്ണിനോടും ജൈവവളങ്ങളോടും ചെടി പൊരുത്തപ്പെട്ടു വരാൻ സമയം എടുക്കും എന്നതു തന്നെ കാരണം. ചാണകം, പച്ചില കമ്പോസ്റ്റ്, പഞ്ചഗവ്യം , ജീവാമൃതം എന്നിവയൊക്കെയാണ് വിളകൾക്ക് പ്രധാനമായും നൽകുന്ന വളങ്ങൾ .

ജലസേചനത്തിന് പൂർണ്ണമായും കുഴൽകിണറിനെയാണ് ആശ്രയിക്കുന്നത് . 5 കുഴൽ കിണറുകൾ ആണ് കൃഷിയിടത്തിലുള്ളത് . ജലക്ഷാമം നേരിടുന്നതുകൊണ്ട് കൃഷിയിടത്തെ വിവിധ ബ്ളോക്കുകളായി തിരിച്ചാണ് ജലസേചനം. തുള്ളി നന രീതിയാണ് ജലസേചനത്തിന് കൃഷിയിടമാകെ അവലംബിച്ചിരിക്കുന്നത്. 35 ഏക്കറിലും ജലം എത്തിക്കുന്നതിന് ഒപ്പം ഓരോ തുള്ളിയിലൂടെയും പരമാവധി ഉൽപ്പാദനം എന്ന ആശയം കൂടിയാണ് തുള്ളി നനയിലൂടെ ഇവിടെ നടപ്പാക്കിയിരിക്കുന്നത്.

പ്രദേശത്തെ ഉയർന്ന ചൂടും ജലദൗർലഭ്യവും ഒക്കെ കണക്കിലെടുത്തു കൊണ്ട് വിത്യസ്തമായി എന്തു കൃഷി ചെയ്യാം എന്ന അന്വേഷണമാണ് കുര്യൻ ജോസിനെ മാതള നാരകത്തിലേക്ക് എത്തിച്ചത്. പക്ഷേ കണ്ടു പഠിക്കാൻ അന്ന് കേരളത്തിലോ അയൽ സംസ്ഥാനങ്ങളിലോ മാതളം കൃഷി ചെയ്യുന്നുണ്ടായിരുന്നില്ല. ഇന്ത്യയിൽ മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് മാതള കൃഷി ശാസത്രീയമായി ചെയ്യുന്നത്. കൃഷി പഠിക്കാൻ മഹാരാഷ്ട്രയിൽ എത്തിയ കുര്യൻ ജോസ് അവിടെ നിന്നും പോരുമ്പോൾ മാതള തൈകളും സംഘടിപ്പിച്ചാണ് മടങ്ങിയത്.

രണ്ട് ഇനങ്ങളിൽ പെട്ട മാതളങ്ങളാണ് പൊതുവേയുള്ളത്. ചുവന്ന ഇനം മാതളമായ ബക് വായാണ് ഇവിടെ കൃഷി ചെയ്തിരിക്കുന്നത്. 12 അടി നീളവും 10 അടി വീതിയും തമ്മിൽ അകലം ക്രമീകരിച്ചാണ് മാതള ചെടികൾ നടുന്നത്‌. ഒരു ഏക്കറിൽ 360 മാതള തൈകൾ നടാം. ഒരടി താഴ്ച്ചയിലുള്ള കുഴി എടുത്ത് ചാണകം അടിവളമായി നൽകിയാണ് തൈകൾ നടേണ്ടത്. ചെടിയുടെ ചുവട് മുതലേ ശിഖരങ്ങൾ വളരുന്ന മാതളം, 5 മീറ്റർ വരെ ഉയരത്തിൽ വളരും. വളർച്ചക്കനുസരിച്ച് ഇടക്കിടെ പ്രൂണിങ്ങ് അഥവാ കൊമ്പുകോതൽ നടത്തണം. എങ്കിലേ കൂടുതൽ ശിഖരങ്ങൾ ഉണ്ടാകാനും അതുവഴി കൂടുതൽ പൂ പിടിക്കാനും, നല്ല കായ ലഭിക്കാനും മാതളത്തിനു വേണ്ട പരിപാലനങ്ങൾ നൽകാനും ഒക്കെ സാധിക്കുകയുള്ളു. തിളക്കവും മിനുസമുള്ളതാണ് മാതളത്തിന്റെ ഇലകൾ .

മികച്ച വിളവ് ലഭിക്കണമെങ്കിൽ തുടർച്ചയായ മഴ മാതളത്തിന് നല്ലതല്ല. മഴക്കാലം വരുന്നതിനു മുമ്പ് പൂക്കൾ പിടിച്ച് മാതളം രൂപപ്പെടണം. പൂ പിടിക്കുന്നതിനു വേണ്ടി തുടർച്ചയായ ജലസേചനം പൊതുവേ ജനുവരി മാസത്തിൽ നിർത്തിവയ്ക്കും. ഈ സമയത്ത് ചെടികളിൽ സമ്മർദ്ധം ഏറുകയും പിന്നീട് ജലസേചനം ചെയ്യുമ്പോൾ പൂ പെട്ടന്ന് ഉണ്ടാകുകയും ചെയ്യും. മാർച്ച് - ഏപ്രിൽ മാസങ്ങളിലായി ഇത്തരം ക്രമീകരണത്തിലൂടെ പൂക്കൾ മാതള ചെടികളിൽ പിടിക്കും.

ശാഖകളുടെ അഗ്രഭാഗത്ത് 5പൂക്കൾ വരെ ഉണ്ടാകും. പൂവ് ഫലമായി മാറി വിളവെടുപ്പ് നടത്താൻ ചുരുങ്ങിയത് അഞ്ചര മാസത്തെ വളർച്ച ആവശ്യമാണ്. കൂടുതൽ കരുത്തോടെ മാതളം വളർന്നു വരാനായി ഒരു കുലയിൽ 2 കായ മൊട്ടുകൾ മാത്രമെനിർത്തുകയുള്ളു.

തൈ നട്ട് മികച്ച പരിപാലനം നൽകിയാൽ രണ്ടാം വർഷം മുതൽ വിളവെടുക്കാം. സെപ്റ്റംബർ മുതൽ ഡിസംബർ വരെയാണ് മാതളനാരങ്ങയുടെ പ്രധാന സീസൺ. വർഷത്തിൽ ഒരു വിളവ് ആണ് മാതളത്തിനുള്ളത്. ഒരു മാതളനാരക ചെടിയിൽ നിന്ന് ശരാശരി 100 മാതളം ലഭിക്കുന്നുണ്ട് ഇവിടെ. നാലോ അഞ്ചോ മാതളനാരങ്ങയുണ്ടെങ്കിൽ 1 കിലോ തൂക്കം ലഭിക്കും. ഓർഗാനിക് സർട്ടിഫിക്കേഷൻ ഉള്ളതുകൊണ്ട് തന്നെ കിലോയ്ക്ക് 125 രൂപക്ക് മുകളിൽ വിലയും മാതളത്തിന് ലഭിക്കുണ്ട്. ഹാർവെസ്റ്റ് ഫ്രഷ് ഫാം എന്ന പേരിൽ തന്നെ ബ്രാൻഡ് ചെയ്താണ് ഫാമിലെ എല്ലാ ഉൽപ്പന്നങ്ങളും വിപണിയിലെത്തിക്കുന്നത്.

ജൈവ രീതിയിലുള്ള മാതളകൃഷി ആയതു കൊണ്ടു തന്നെ പുറംതോടിന് നല്ല ചുവപ്പ് നിറമല്ല ഇവിടെ ഉൽപ്പാദിപ്പിക്കുന്ന മാതളത്തിന്റേത്. തവിട്ടു കളറോടു കൂടിയ ഇളം ചുവപ്പ് നിറമാണ്. എന്നാൽ ഫലത്തിനുള്ളിലെ മാതള അല്ലികൾക്ക് നല്ല ചുവപ്പ് നിറമാണുള്ളത്.

പോഷക സമ്പുഷ്ടമാണെന്ന് മാത്രമല്ല, ഔഷധ ഗുണങ്ങളും നിറഞ്ഞതാണ് മാതളം. ഹൃദയാരോഗ്യത്തിനും ആമാശയ വീക്കത്തിനും മൂത്രാശയ രോഗങ്ങൾക്കും ഏറെ ഫലപ്രദം . രക്തധമനികളിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നത് തടയാനും മാതളത്തിന് കഴിയും. വിശപ്പ് വർദ്ധിപ്പിക്കാനും, ദഹന കേട് മാറ്റാനും, ശരീരം തണുപ്പിക്കാനും ഒക്കെ കഴിവുണ്ട് മാതളത്തിന്.

മാതള തോട്ടത്തിലൂടെ മുന്നോട്ട് വരുമ്പോഴാണ് ഫാമിലെ നഴ്സറി. മാതളം കൂടാതെ മറ്റ് ഫലവർഗങ്ങളും അലങ്കാര ചെടികളും എല്ലാം ഈ നഴ്സറിയിൽ ഉൽപാദിപ്പിക്കുന്നുണ്ട്. ഫാമിലേ ആവശ്യത്തിനു പുറമേ പുറത്ത് വിൽപ്പനക്ക് വേണ്ടിയും ഇവിടെ തൈകൾ ഉൽപ്പാദിപ്പിക്കുന്നുണ്ട്.. തൈ നട്ടും കമ്പ് മുറിച്ച് വച്് ലെയറിങ്ങ് രീതിയിലും മാതള തൈകൾ ഉൽപാദിപ്പിക്കാം. പോളി ഹൗസിലാണ് തൈകൾ മുളപ്പിക്കുന്നത്. തൊട്ടടുത്തുള്ള ഗ്രീൻ ഹൗസ് തൈകൾ വളർത്തിയെടുക്കാനായും ഉപയോഗിക്കുന്നു.

വിശാലമായ ഫാം റോഡിലൂടെ മുന്നോട്ട് നീങ്ങുമ്പോഴാണ് പപ്പായ തോട്ടം. രണ്ടര ഏക്കറിലായി റെഡ് ലേഡി പപ്പായ ആണ് ഇവിടെ കൃഷി ചെയ്തിരിക്കുന്നത് . വളരെ സൂക്ഷ്മതയോടെ ചുവട്ടിൽ നിന്ന് പറിച്ചെടുക്കുന്ന പപ്പായ, ഗോഡൗണിൽ എത്തിച്ചു പേപ്പറിൽ പൊതിഞ്ഞ് ബോക്സുകളിൽ ആക്കിയാണ് വിപണിയിലേക്ക് അയക്കുന്നത് .

ഫാമിലെത്തുന്ന ടൂറിസ്റ്റുകൾക്ക് ഏറ്റവും ഹൃദ്യമാകുന്ന അനുഭവം നൽകുന്ന ഇടമാണ് തോട്ടത്തിന്റെ അവസാന ഭാഗം . മനോഹരമായ ഒരു ഹെർബൽ ഗാർഡനാണ് ഇവിടെ. ഔഷധ സസ്യങ്ങളുടെ സുഗന്ധ പരിമളം നിറയുന്ന സ്ഥലം . 200 ൽ പരം ഔഷധ സസ്യങ്ങളാണ് ഇവിടെയുള്ളത്. സന്ദർശകർക്ക് അപരിചിതമായ ഔഷധസസ്യങ്ങളെ തിരിച്ചറിയാം ... പ0ന വിധേയമാക്കാം... വയമ്പ്, കച്ചോലം, കറ്റാർവാഴ, നറു നീണ്ടി , നോനി, ഒലിവ്, ചന്ദനം അങ്ങനെ നീളുന്നു ഔഷധ സസ്യങ്ങളുടെ നിര. വരുന്നവർക്ക് ഇരിക്കുവാനായി പാർക്ക് ബഞ്ചുകൾ . കണ്ണിന് ഇമ്പവും കുളിർമയും നൽകാൻ ആമ്പൽ കുളവും താമര കുളവും. കൂടാതെ ഇവിടെയുമുണ്ട് വലിയ ഒരു നിരീക്ഷണ ഗോപുരം ...

പ്രകൃതിയിൽ അലിഞ്ഞ്, കിളികളുടെ കളകളാരവങ്ങൾ മാത്രം കേട്ട്, ഔഷധ പൂരിതമായ ശുദ്ധവായുവും ശ്വസിച്ചിരിക്കാൻ പറ്റിയ ഒരിടമാണ് ഈ ഗോപുരം. ഒപ്പം നീണ്ടു നിവർന്നു കിടക്കുന്ന പശ്ചിമഘട്ടത്തിന്റെയും, വിശാലമായ കൃഷിയിടങ്ങളുടെയും, ഗ്രാമീണതയുടെയും, ഒക്കെ സൗന്ദര്യവും ആസ്വദിക്കാം. ഇരുന്നിട്ടും മതി വരുന്നില്ലെങ്കിൽ സായന്തനങ്ങളിലെ അസ്തമയ സൂര്യനെയും കണ്ണിമ ചിമ്മാതെ യാത്രയാക്കാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :