പ്രണയം അലങ്കാര മല്‍സ്യങ്ങളോട്; ശരത്തിന്റെ സംരംഭകലോകം

sarath-npc
SHARE

കണ്ണിനും മനസ്സിനും കുളിർമ നൽകുന്ന, ശരീരമാകെ വർണ്ണനിറങ്ങൾ ചാലിച്ച അലങ്കാര മൽസ്യങ്ങളെ ഇഷ്ടപെടാത്തവരായി ആരുമുണ്ടാകില്ല. എത്ര അസ്വസ്ഥമായ മനസ്സും അൽപ്പനേരം ഈ മൽസ്യങ്ങളെ നോക്കിയിരുന്നാൽ ശാന്തമാകും. അതു കൊണ്ടുതന്നെ അകത്തള അലങ്കാരങ്ങളിൽ അക്വേറിയങ്ങൾക്കും അതിനുള്ളിൽ വളരുന്ന വർണ്ണ മൽസ്യങ്ങൾക്കും ഇന്ന് ഏറെ പ്രാധാന്യവും അതിനനുസരിച്ച് വിപണിയും ഉണ്ട്. ഈ ഒരു സാധ്യത മുന്നിൽ കണ്ടിറങ്ങിയ കാർഷിക സംരഭകനാണ് ശരത് അനിൽ. അലങ്കാര മൽസ്യങ്ങളോടുള്ള ശരതിന്റെ പ്രണയം പെട്ടന്ന് ഒരു സംരംഭം തുടങ്ങാൻ വേണ്ടി ഉണ്ടായതല്ല. കുഞ്ഞുനാളിൽ തുടങ്ങിയ ഇഷ്ടം പിന്നെ ഇതേ വിഷയത്തിന്റെ പഠനത്തിലേക്കും എത്തിച്ചു. 

സ്കൂൾ വിദ്യാഭ്യാസ കാലത്ത് തോന്നിയ കൗതുകവും ഇഷ്ടവും പിന്നീട് ജീവിത മാർഗമാക്കാൻ ശരത് തീരുമാനിക്കുകയായിരുന്നു. നിലവിൽ 5 വർഷത്തോളമായി ശരത് അലങ്കാര മൽസ്യ കൃഷി പ്രൊഫഷണൽ സമീപനത്തോടെ ചെയ്യാൻ തുടങ്ങിയിട്ട്. അലങ്കാര മൽസ്യങ്ങളിൽ തന്നെ കേരളത്തിന് പുറത്ത് ഏറെ ആവശ്യക്കാരുള്ള ഡിസ്കസ് മൽസ്യങ്ങളിലാണ് ശരത് കൂടുതലായി ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. ഡിസ്കസ് കൂടാതെ ഫൈറ്റർ ഫിഷ് എന്നറിയപ്പെടുന്ന ബീറ്റാ ഫിഷ്, ഓസ്കാർ, എയ്ഞ്ചൽ, ബാർബ്, സെവറം, ക്രേ ഫിഷ്, ഗപ്പി എന്നീ ഇനങ്ങളെയും ഇവിടെ വളർത്തുന്നു. ഓരോ ഇനങ്ങളുടെയും ബ്രീഡിങ്ങിലൂടെ കുഞ്ഞുങ്ങളെ ഉൽപാദിപ്പിച്ചു, അവയുടെ വിൽപ്പനയാണ് പ്രധാനമായും ഇവിടെ ചെയ്യുന്നത്. വീടിനോട് ചേർന്നുള്ള പരിമിത സ്ഥല സൗകര്യങ്ങളിൽ തന്നെയാണ് ശരത് അലങ്കാര മത്സ്യങ്ങളുടെ കൃഷിയും, ബ്രീഡിങ്ങും നടത്തുന്നത്. ഗ്ലാസ് ടാങ്കുകൾ പ്ലാസ്റ്റിക് ബോട്ടിലുകൾ, പ്ലാസ്റ്റിക് ബോക്സുകൾ എന്നിവയിലാണ് ശരത് മൽസ്യങ്ങളെ വളർത്തുന്നത്. 

മഴക്കാല സമയമാണ് മൽസ്യങ്ങളുടെ പ്രജനനത്തിന് ഏറ്റവും അനുയോജ്യമായ സമയം. മിക്കവാറും ഇനങ്ങൾ വർഷം മുഴുവൻ മുട്ട ഇടുകയോ പ്രസവിക്കുകയോ ചെയ്യുമെങ്കിലും ഓസ്കാർ ഇനങ്ങൾക്ക് പൊതുവേ സമയക്രമമുണ്ട്. ഏറെ ശ്രദ്ധിക്കേണ്ട ഒരു പാട് കാര്യങ്ങളുണ്ട് അലങ്കാര മത്സ്യങ്ങളുടെ ബ്രീഡിങ്ങിലും അതിനു വേണ്ട അനുകുല സാഹചര്യങ്ങൾ ഒരുക്കുന്നതിലും. 

അലങ്കാര മൽസ്യങ്ങളുടെ ബ്രീഡിങ്ങിന് അനുകൂല സാഹചര്യങ്ങൾ നൽകിയാൽ പൊതുവേ ബുദ്ധിമുട്ടില്ലെങ്കിലും വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളെ സംരക്ഷിക്കലും അവയെ വളർത്തി എടുക്കലുമാണ് ഏറ്റവും ശ്രമകരം. ഇക്കാര്യത്തിൽ അനുഭവ സമ്പത്തും അറിവുമുണ്ടെങ്കിലേ കൃഷി ലാഭകരമാകൂ. ഓരോ ഇനങ്ങളുടെയും ബ്രീഡിങ്ങ് രീതികളിലും വ്യത്യാസമുണ്ട്.

ശരാശരി രണ്ടു മാസം മുതൽ മൂന്നു മാസം വരെ വളർച്ച എത്തിയ കുഞ്ഞുങ്ങളെ ആണ് ശരത് ഇവിടെ വിൽപ്പന നടത്തുന്നത്. ഈ പ്രായമെത്തുന്നതു വരെ കുഞ്ഞുങ്ങളെ നഷ്ടപ്പെടാതെ അവയെ പരിപാലിച്ചെടുക്കലാണ് ഏറ്റവും ശ്രമകരം

പെട്ടന്നുള്ള കാലാവസ്ഥ മാറ്റവും രോഗങ്ങളും ഒക്കെയാണ് അലങ്കാര മത്സ്യ കൃഷിയിൽ നേരിടേണ്ടി വരുന്ന ഭീഷണികൾ. ദിവസവും ഓരോ ടാങ്കിലും കൃത്യമായ നിരീക്ഷണം നടത്തുകയും വേണ്ടത്ര മുൻകരുതലുകളും കൃത്യമായ പരിചരണവും നൽകിയില്ലെങ്കിൽ ഈ കൃഷി നഷ്ടമാവാൻ ഒന്നോ രണ്ടോ ദിവസങ്ങൾ മാത്രം മതി. 

പോളിത്തീൻ കവറുകളിൽ വെള്ളവും ഓക്സിജനും നിറച്ചാണ് മൽസ്യ കുഞ്ഞുങ്ങളെ വിപണിയിലേക്ക് അയക്കുന്നത്. സ്ഥിരമായി നൽകുന്ന അലങ്കാര മൽസ്യ ഷോപ്പുകൾക്ക് പുറമേ സമൂഹമാധ്യമങ്ങളിലൂടെയും ശരത് വിൽപ്പന നടത്തുന്നുണ്ട്. ഇതിനു പുറമെ പ്രദേശത്തെ അലങ്കാര മൽസ്യ കൃഷി ചെയ്യുന്നവർ ചേർന്ന് പെരുമ്പാവൂർ കേന്ദ്രമാക്കി എല്ലാ ചൊവ്വാഴ്ച്ചകളിലും അലങ്കാര മൽസ്യങ്ങൾക്കായി നടത്തുന്ന തുറന്ന വിപണി വഴിയും വിൽപ്പനയുണ്ട്. 

അലങ്കാര മത്സ്യങ്ങളോടുള്ള മകന്റെ ഇഷ്ടം കണ്ടറിഞ്ഞ് ആ വഴിയിലൂടെ സഞ്ചരിക്കാൻ പ്രോത്സാഹനം നൽകിയവരാണ് ശരത്തിന്റെ അച്ഛനും അമ്മയും. എൽ‌ഐസിയിൽ ഡെവലപ്മെന്റ് ഓഫീസറായ അച്ചൻ അനിൽ കുമാറും പ്ലസ് ടു അധ്യാപികയായ അമ്മ സുധാ റാണിയും മകന്റെ ഈ സംരംഭത്തിന് സഹായമായും പിന്തുണയായും കൂടെയുണ്ട്. പരിമിതമായ സ്ഥല സൗകര്യങ്ങളിൽ നിന്നു പോലും മികച്ച വരുമാനം നേടുന്ന ഈ യുവ സംരംഭകൻ തന്റെ കൃഷിയും ബിസിനസും കൂടുതൽ വിപുലീകരിക്കാനുള്ള ശ്രമത്തിലാണ്.

തികഞ്ഞ ആത്മവിശ്വാസത്തിലാണ് ശരത്. ചെറുപ്പം മുതൽ അലങ്കാരമത്സ്യങ്ങളോട് തോന്നിയ ഇഷ്ടവും, പിന്നെ ആ ഇഷ്ടത്തിനനുസരിച്ച് നേടിയ വിദ്യാഭ്യാസവും ഒപ്പം മകന്റെ അഭിരുചികൾ തിരിച്ചറിഞ്ഞ്, ആ വഴികളിലൂടെ സഞ്ചരിക്കാൻ സ്വാതന്ത്ര്യവും പ്രോത്സാഹനവും നൽകിയ മാതാപിതാക്കളും ആണ് ഈ ആത്മവിശ്വാസത്തിന്റെ പിൻബലം. 

അലങ്കാര മൽസ്യകൃഷിയിലൂടെ പരിചയപ്പെടുത്തിയ യുവകർഷകൻ ശരത്തിനെ ബന്ധപ്പെടാനുള്ള വിലാസം

ശരത് അനിൽ

എസ്. എ അക്വാട്ടിക്സ്

കെ.ടി ജേക്കബ് നഗർ

മൂവാറ്റുപുഴ 

എറണാകുളം (ജില്ല)

ഫോൺ: 77 36 43 18 01

കൃഷി എന്ന വാക്കിന്റെ, ഈ ഒരു മേഖലയുടെ അർത്ഥം ഇന്ന് ഏറെ വലുതാണ്. ഈ ഒരു വ്യാപ്തി തിരിച്ചറിഞ്ഞ് കർഷകൻ തന്റെ മേഖലകൾ കൂടുതൽ വിപുലമാക്കിയാലേ കാർഷികമേഖലയിൽ ഇന്ന് പിടിച്ചുനിൽക്കാനാവൂ. മണ്ണിൽ കൃഷി ചെയ്ത് വിളവ് നേടുക എന്നതിനുമപ്പുറം കാർഷിക മേഖലയുമായി ബന്ധപ്പെട്ട് നിരവധി സംരംഭസാധ്യതകളും ഇന്നുണ്ട്. 

കാർഷിക സംരഭങ്ങളെ കുറിച്ച് വിശദീകരിച്ച ഡോ. ഷിനോജ് സുബ്രഹ്മണ്യനെ ബന്ധപ്പെടേണ്ട വിലാസം:

ഡോ. ഷിനോജ് സുബ്രഹ്മണ്യൻ

ഹെഡ് & സയന്റിസ്റ്റ്

കൃഷി വിജ്ഞാൻ കേന്ദ്ര

ഞാറക്കൽ, എറണാകുളം

ഫോൺ: 82 81 75 74 50

MORE IN NATTUPACHA
SHOW MORE
Loading...
Loading...