ഇതാ പനിനീർതോട്ടത്തിലെ 'ബിസ്മി'; പോരാടി നേടിയ വിജയം

bismi-nattupacha
SHARE

‘ബിസ്മി’ മനോഹരമായ ഇൗ വാക്കിന്റെ അർഥം ദൈവത്തിന്റെ നാമം, ദൈവത്തിന്റെ സമ്മാനം എന്നൊക്കെയാണ്. ഒട്ടേറെ പേരുടെ ജീവിതത്തിലേക്ക് ദൈവം പറഞ്ഞയച്ച സമ്മാനമാണ് ഇന്ന് കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്വദേശിയായ കണിച്ചുകാട്ട് ബിസ്മി ബിനു. വീട്ടമ്മ, കർഷക, സ്വയം സംരംഭക എന്നീ മേൽവിലാസങ്ങൾക്കപ്പുറം പ്രചോദനം പകരുന്ന ഒന്നാണ് ബിസ്മിയുടെ ജീവിതവും, കൃഷികളും, കാർഷിക മേഖലയിലെ മഹാ വിജയവുമെല്ലാം.

പനിനീർ തോട്ടത്തിലെ ദൈവത്തിന്റെ സമ്മാനം. ഇൗ പേരിനും പേരുകാരിക്കും ഇതിനപ്പുറം വലിയൊരു നിർവചനം ഒരു പക്ഷേ ഉണ്ടാകില്ല.  കാഞ്ഞിരപ്പള്ളിയിലുള്ള റോസ് ഗാർഡൻ എന്ന വീട്ടിലെ ബിസ്മി ബിനു ഇന്ന്  പ്രതീക്ഷയുടെയും ഉയർപ്പിന്റെയും പര്യായമാണ്. അത് കാഞ്ഞിരപ്പളിക്കാർക്കു മാത്രമല്ല കേരളത്തിന്റെ പല ദേശങ്ങളിലുമുള്ളവർക്കും ബിസ്മിയും, ബിസ്മിയുടെ ജീവിതവും ഉൗർജമാണ്. പരിമിതികളോടും പ്രതിസന്ധികളോടും, തിരിച്ചടികളോടും പോരാടി കൃഷിയിൽ ഇവർ നേടിയ വിജയമാണ് ഇൗ ചുവട് വയ്പ്പിനെ വേറിട്ട് നിർത്തുന്നത്.

വിസ്മയം എന്ന വാക്കിനോട് ചേർത്ത് കെട്ടാം വീട് അടക്കമുള്ള ഇൗ പത്ത് സെന്റ് സ്ഥലത്തെ. ഇൗ ഇട്ടാവട്ടത്ത്, പച്ചക്കറികളിലും ചെടികളിലുമായി  കൃഷിയിൽ കവിത വിരിയിക്കുന്ന  യുവകർഷക.  സ്ഥല പരിമിതിയെ അതിജീവിക്കുന്ന നൂതന ആശയങ്ങളും, മാതൃകയാക്കാവുന്ന നിരവധി ജൈവകാർഷിക രീതികളും വിജയകരമായി നടപ്പാക്കിയ പരീക്ഷണകുതുകി . വെറും 10 സെന്റ് വീട്ടുമുറ്റത്തെ കൃഷിയിൽ നിന്നും ദിവസവും പതിനായിരം രൂപയില്‍ കുറയാതെ  സ്വന്തമാക്കുന്ന കാർഷിക സംരംഭക.  ചുറ്റുമുള്ള നിസഹായരിലേക്ക് തന്നിലെ ജീവിതവെളിച്ചം കൊണ്ട്  പ്രകാശം പരത്തുന്ന ജീവിതത്തിന്റെ ഉടമ. പ്രതീക്ഷകൾ അസ്തമിച്ച് നിരാശയുടെ അഗാധ ഗർത്തങ്ങളിലേക്ക് വീണുപോയ 103 കുടുംബങ്ങളുടെ പ്രകാശവും വഴികാട്ടിയും. കുരുന്നുകൾ തൊട്ട് മുതിർന്നവർക്കു വരെ കൃഷിയുടെ നൻമകളും തന്റെ  വിജയ മന്ത്രങ്ങളും ഒരു മടിയും കൂടാതെ പകർന്നു നൽകുന്ന അധ്യാപിക. കാർഷിക മേഖലയിലെ മികവിന് നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും തേടിയെത്തിയ പ്രതിഭ. വാക്കുകളിൽ വാനോളം പറയാനുണ്ട് ജീവിച്ചു വിജയിക്കാൻ പ്രേരിപ്പിക്കുന്ന ഇൗ മഹിളാ രത്നത്തെ കുറിച്ച്.  ഇന്നത്തെ ബിസ്മിയെയും അവരുടെ കൃഷികളെയും അറിയും മുമ്പ്, കൃഷിയിലേക്ക് ബിസ്മി എത്തിയ വഴികൾ കൂടി അറിയണം.

കൃഷിയിലേക്ക് വന്നത് ആകസ്മികമെന്നു പറയുന്നതിനേക്കാൾ, ഒരു നിയോഗമായി കാണാനാണ് ഇന്ന് ബിസ്മിക്കിഷ്ടം. മികച്ച കർഷകനായ ആന്റണി ചെരിവുകാലയുടെ നാലു മക്കളും തു‌‌‌ടക്കത്തില്‍ ജീവിതം വാർത്തെടുത്തത് പിതാവിന്റെ കൃഷി വഴികളിലൂടെ ആയിരുന്നില്ല. കോട്ടയം ജില്ലയിലെ പ്രമുഖ വസ്ത്രാലയത്തിൽ സെയിൽസ് ഗേളായി ജോലി തുടങ്ങിയ ബിസ്മി കഠിനാധ്വാനത്തിലൂടെയും കാര്യപ്രാപ്തിയിലൂടെയും സെയിൽസ് ജനറൽ മാനേജർ വരെയായി. ഇൻവർട്ടർ, സോളാർ, യു പി എസ് ബിസിനസ് നടത്തിയിരുന്ന ബിനുവുമായുള്ള വിവാഹശേഷവും വസ്ത്രസ്ഥാപനത്തിലെ ജോലിയിൽ ബിസ്മി തുടർന്നു.  മൂന്നു മക്കളുടെ അമ്മയായതോടെ കുടുംബത്തിന്റെ തണലിലേക്ക് ഒതുങ്ങി, അവരെ നോക്കാനായി ഉണ്ടായിരുന്ന ജോലിയും ഉപേക്ഷിക്കേണ്ടി വന്നു ഇവർക്ക് .  

എന്നാൽ ജീവിതത്തിന് അത്രമേൽ സുഖമുളള കാര്യങ്ങളായിരുന്നില്ല കാലം കരുതിവച്ചത്. കുടുംബത്തിൽ ഉണ്ടായിരുന്ന കട ബാധ്യതകൾക്കൊപ്പം ഭർത്താവിന്റെ ബിസിനസും തകർന്നതോടെ കുടുംബം നടുക്കടലിലായി. വീടും ഉണ്ടായിരുന്ന സ്വർണവും എല്ലാം കടം തീർക്കാൻ വിറ്റു. പിന്നീടുള്ള ജീവിതം വാടകവീട്ടിലേക്ക്.  

ഒന്നിരിക്കാനൊരു കസേരയോ, വീട്ടിലേക്ക് അവശ്യം വേണ്ട സാധനങ്ങളോ ഇല്ലാതെ വെറും കൈയ്യോടെ ബിസ്മിയും ബിനുവും മക്കളും വിധി സമ്മാനിച്ച  ജീവിതച്ചൂട് നേരിട്ടറിഞ്ഞു. പരിചയക്കാരിൽ നിന്നും പലിശക്കാരിൽ നിന്നുമൊക്കെ കടം വാങ്ങിയ പണം തിരികെ നൽകാൻ കഴിയാതെ വന്നതോടെ, അസുഖം വന്നാൽ പോലും തിരിഞ്ഞുനോക്കാൻ ആരുമില്ലാതായി. പലപ്പോഴും പട്ടിണി മാത്രം പുകയുന്ന വീടായി ബിസ്മിയുെടത്.

ബിനുവിന്  ബിസിനസും ബിസ്മിക്ക് ജോലിയും ഇല്ലാതായതോടെ പട്ടിണി എന്തെന്ന് കുഞ്ഞുമക്കളും അറിഞ്ഞു തുടങ്ങി.  വാടക കൊടുക്കാൻ കഴിയാതായതോടെ വീട് ഒഴിയലും വീടുമാറ്റവും കൂടുവിട്ടു കൂടുമാറ്റം പോലെ പതിവു ചടങ്ങുകളായി. കടബാധ്യതയും, വരുമാനമില്ലായ്മയും, പട്ടിണിയും, മന:സംഘർഷവുമെല്ലാം ആത്മഹത്യയുടെ മുമ്പിലേക്കായിരുന്നു ഇൗ കുടുംബത്തെ നയിച്ചത്. പിടിച്ചു നിൽക്കണം എന്ന് വാശിപിടിക്കുമ്പോഴും പല്ലക്കിലേറിയായിരുന്നു ദുരിതങ്ങളുടെ ഘോഷയാത്ര ഇവരെ തേടിയെത്തിക്കൊണ്ടരുന്നത്. അതിലൊന്ന് അപ്രതീക്ഷിതമായി സംഭവിച്ച കൂടെപിറപ്പിന്റെ അപകടമരണമായിരുന്നു. ഇത് ബിസ്മിയെ വല്ലാതെ തളർത്തി.

ചേച്ചി ബിജിയുടെ വാൽസല്യവും കരുതലും ആവോളം ഏറ്റു വളർന്ന ബിസ്മിയെ ദുരിതത്തിന്റെ മഹാപെയ്ത്തിലും പിടിച്ചുനിർത്തിയത് ഇൗ സഹോദരിയുടെ കരുതലായിരുന്നു.വീടിനു പുറത്തിറങ്ങാതെ ചേച്ചിയുടെ ഫോട്ടോക്ക് മുന്നിലിരുന്ന് കരഞ്ഞു കരഞ്ഞ് ഇൗ അനിയത്തിക്കുട്ടി മാസങ്ങളോളം ജീവിതം തളളി നീക്കി.

ജീവിതത്തിലെ മറ്റു തകർച്ചകളാടൊപ്പം ഇൗ വേർപാടിന്റെ നൊമ്പരം കൂടി ആയതോടെ വിഷാദ രോഗത്തിലേക്ക് ഇടറിവീണു ബിസ്മി . എന്തിനും ഏതിനും പത്തുകയ്യുമായി നിറഞ്ഞച്ചിരിയോടെ ഓടിനടന്ന ബിസ്മിയെ തിരികെ കൊണ്ടുവരാൻ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ ആശ്വാസ വാക്കുകൾക്കും കഴിഞ്ഞില്ല. എന്നാൽ, നൂറായിരം വാതിലുകൾ അടയുമ്പോഴും  എതെങ്കിലും ഒന്ന് തുറന്നിടാൻ വിധി മറക്കില്ലെന്ന വാചകം ബിസ്മിയുടെ ജീവിതത്തിലും തനിയാവർത്തനമായി. ഒരു ദിവസം ബിസ്മിയുടെ 

പിതാവ് കുറച്ച് തിരുഹൃദയ ചെടികൾ ബിസ്മിക്ക് കൊണ്ടു കൊടുത്തിട്ട് ചോദിച്ചു. ‘ എന്റെ പൊന്നുമോൾ ഇൗ െെതകൾ മുറ്റത്തിറങ്ങി നടാമോ എന്ന്..’

അയൽപക്കത്തെ ചേച്ചിയുടെ വാക്കുകൾ ബിസ്മിയുടെ മനസിനെയാണ് സ്പർശിച്ചത്. വീട്ടുമുറ്റത്ത് ഭംഗിയായി ചെടികൾ വളർന്ന് നിൽക്കുന്നത് കണ്ട്  നാട്ടിലുള്ള പലരും ബിസ്മിക്ക് ചെടികൾ സമ്മാനിക്കാൻ തുടങ്ങി. ഇതോടെ മണ്ണിനിടയിലും പുറത്തും പ്രതീക്ഷയുടെ വേരോട്ടം കൂടി. പിന്നാലെ മുറ്റം മുഴുവൻ ഭംഗിയുള്ള പൂചെടികൾ നിറയാനും വിരിയാനും തുടങ്ങി.  ഇൗ കാഴ്ച തേടി നാട്ടുകാരും എത്തിയതോടെ വീട്ടിലേക്കും പൂക്കാലം വരവായി. അപ്പോഴും ബിസ്മിയുടെ മനസിന് കരുത്തേകാനായി അച്ഛൻ മകൾക്ക്  സമീപ സ്ഥലങ്ങളിലുള്ള പല നഴ്സറികളും കാണിക്കാനായി കൂട്ടിക്കൊണ്ട് പോകുമായിരുന്നു.  എന്നാൽ അതെല്ലാം കണ്ണിനും മനസിനും വിരുന്നൂട്ടുമ്പോഴും തന്റെ വീട്ടിലേക്ക് വിരുന്നുകാരായി അവരെ കൂട്ടാൻ ബിസ്മിക്ക് കഴിഞ്ഞില്ല. അതിനുള്ള സാമ്പത്തികം ഇല്ലായിരുന്നു എന്നതാണ് സത്യം. 

അപ്പോഴാണ് നിയോഗത്തിന്റെ രണ്ടാമത്തെ സ്പർശം ബിസ്മിയെ തേടിയെത്തുന്നത്. ചെടികളോടുള്ള ബിസ്മിയുടെ താൽപര്യവും ജീവിതാവസ്ഥയും തിരിച്ചറിഞ്ഞ പാലായിലുള്ള ജോഷി എന്ന നഴ്സറിയുടമ ബിസ്മിയോട് കുറേ ചെടികൾ കൊണ്ടുപോയി വീട്ടിൽ ഒരു ചെറിയ നഴ്സറി തുടങ്ങാൻ പറഞ്ഞു. പണം ഒന്നും മേടിക്കാതെ ചെടികൾ നൽകിയ അദ്ദേഹത്തിന് ഒരാഴ്ച്ച കൊണ്ട് മുഴുവൻ ചെടികളും വിറ്റ് പണം ബിസ്മി തിരികെ നൽകി. പിന്നീട് പലപ്പോഴും അദ്ദേഹം ഇതുപോലെ ബിസ്മിയെ സഹായിച്ചു. പച്ചപ്പിന്റെ ഒാരോ തൈയ്യിലൂടെ വിറ്റുകിട്ടിയത് ജീവിതം തിരിച്ചു പിടിക്കേണ്ട നിയോഗങ്ങളെ കൂടിയായിരുന്നു. പിന്നീടിങ്ങോട്ട് പോരാടി വളരാനുള്ള ഉൗർജമായിരുന്നു ബിസ്മിക്ക്.

അച്ഛൻ സമ്മാനിച്ച തിരുഹൃദയ ചെടിയിൽ നിന്ന് നൂറു കണക്കിന് അലങ്കാര ചെടികളിലേക്കും പൂച്ചെടികളിലേക്കും ഫല–ഔഷധസസ്യങ്ങളിലേക്കും 

ബിസ്മിയുടെ നഴ്സറി വളർന്നു. ‍ജംബോട്ടിക്ക, പുലാസാന്‍, ഐസ്ക്രീം ബീ, അവക്കാഡോ, പെപ്പിനോ മെലണ്‍, ബ്ളൂ ബെറി, ബ്ളാക്ക് ബെറി,  ലിച്ചി ,ഞാവൽ ,മാതളം, വിവിധയിനം മാവുകൾ, കുടംപുളി , വാളൻ പുളി , സ്വീറ്റ് അമ്പഴം, ചാമ്പകൾ, പേരകൾ, സീതപ്പഴം, പച്ച ,ചുവപ്പ് നിറങ്ങളിലുള്ള മുസമ്പി, ഓറഞ്ച്  വിവിധയിനം പ്ലാവുകൾ തുടങ്ങി ഫല വൃക്ഷങ്ങളുടെ നിര ഒരുപാടുണ്ടിവിടെ.  ആടലോടകം,ശതാവരി, വിവിധയിനം കറ്റാർവാഴ, കച്ചോലം, ബ്രഹ്മി, അയമോദകം, പുതിന, കസ്തൂരി മഞ്ഞൾ, ഒലീവ്, ആരിവേപ്പ് തുടങ്ങി ഔഷധ സസ്യങ്ങളും ഒട്ടേറെയുണ്ട് ഇന്ന് ബിസ്മിയുടെ നഴ്സറിയിൽ.

സ്ഥലപരിമിതിയിലും ചെടികൾ എങ്ങനെ പരമാവധി ക്രമീകരിക്കാമെന്നത് റോസ് ഗാർഡനിൽ എത്തുമ്പോൾ താനെ മനസിലാകും. വീട്ടിലേക്ക് കയറി വരുന്ന വഴിയുടെ ഒരു വശത്ത് അതിരു തീർത്ത് ഒരുക്കിയ വെർട്ടിക്കൽ സ്റ്റാൻഡിലും, വീടിന്റെ മുൻവശത്തെ ഭിത്തിയിൽ സ്ഥാപിച്ചിരിക്കുന്ന വെർട്ടിക്കൽ സ്റ്റാൻഡിലും, മുറ്റത്ത് ക്രമീകരിച്ചിരിക്കുന്ന, ആവശ്യാനുസരണം എടുത്തു മാറ്റാവുന്ന റൗണ്ട് വെർട്ടിക്കൽ സ്റ്റാൻഡിലും ഒക്കെ റോസും , ഓർക്കിഡുകളും, അലങ്കാര ചെടികളുമൊക്കെ നിറഞ്ഞുനിൽക്കുന്നു.

30 ൽ അധികം നിറഭേദങ്ങളിലുള്ള ബൊഗേൻ വില്ലകൾ, പിച്ചി, പിച്ചകം, സ്റ്റാർ തുടങ്ങി വിവിധ ഇനം മുല്ലകൾ, യൂഫോർബിയ, പേപ്പർ പ്ലാന്റ്, യൂക്കാ, പോളി സൈക്കസ്, ബ്രൊമിലിയാഡ്സ്, ജെറീനിയം ,കലാഞ്ചിയ ,അസ്പരാഗസ്, ആന്തൂറിയം, ഡാലിയ, ചെമ്പരത്തികൾ വിവിധ ഇനം റോസുകൾ എന്നിവ അലങ്കാര ചെടികളുടെ ഇന ഭേദങ്ങളിൽ ചിലതു മാത്രമാണ്.

ഇൻഡോർ പ്ലാന്റ്സിലുമുണ്ട് വൈവിധ്യങ്ങൾ. ബിഗോണിയ വെറൈറ്റീസ്, റേഡിയേറ്റർ പ്ലാന്റ്, ചൈനീസ് എവർഗ്രീൻ, ലക്കി ബാംബൂ ,വിവിധ ഇനം കള്ളിമുൾ.ചെടികൾ, വുഡ് സോറൽസ് ,ലില്ലികൾ, ലിപ്സ്റ്റിക് പ്ലാന്റ്, ഇംമ്പേഷ്യൻസ് ,ആഫ്രിക്കൻ വൈലറ്റ്സ്, സിംഗോണിയാ, മറാന്ത, ഡ്രസീനിയാ... ഇങ്ങനെ അകത്തള അലങ്കാര ചെടികളും ഇഷ്ടം പോലെയുണ്ടിവിടെ.  ലാൻഡ്സ്കേപ്പിന്റെ ഭാഗമായി ഉപയോഗിക്കുന്ന വിവിധ ഇനം പനകളും 15 ലധികം അലങ്കാര മുളകളും ഒക്കെ ഈ ഇത്തിരി സ്ഥലത്തെ വലിയ നഴ്സറിയിൽ ഉൾപ്പെടുന്നു.

തണൽ ആവശ്യമുള്ള ചെടികൾക്ക് ഷെയ്ഡ് നെറ്റ് കൊണ്ട് പന്തൽ ഒരുക്കിയും അല്ലാത്ത ചെടികൾ തുറന്ന സ്ഥലങ്ങളിൽ സ്ഥലം ഒട്ടും പാഴാക്കാതെയുമാണ് ക്രമീകരണം . ക്യത്യമായി വെയിൽ കിട്ടേണ്ട ചെടികൾക്ക് ചുറ്റും വലിയ മരങ്ങൾ പടർന്ന് പന്തലിച്ചു നിന്നിട്ടും ചെടികൾക്ക് വളർച്ച ഒട്ടും കുറയാത്തത് ബിസ്മിയുടെ പരിചരണ മികവു കൊണ്ടാണ്.

നഴ്സറി പതുക്കെ പച്ച പിടിച്ചു തുടങ്ങിയപ്പോൾ കൂടുതൽ ഇന വൈവിധ്യങ്ങൾക്കായി മണ്ണുത്തിയിലെ നഴ്സറികളെ ആശ്രയിച്ചു തുടങ്ങി ബിസ്മി. പിന്നീട് തൈകൾ വിലക്കുറവ് നോക്കി ഉൽപ്പാദിപ്പിക്കുന്നവരുടെയടുത്തു നിന്നും നേരിട്ടായി ശേഖരിക്കൽ. ആദ്യ കാലങ്ങളിൽ ചെടികൾക്ക് മണ്ണുത്തിയിലെ നഴ്സറികളെ ആശ്രയിച്ച ബിസ്മി ഇന്ന് അതേ നഴ്സറികൾക്ക് തൈകൾ തിരിച്ചു വിൽക്കുന്ന ആളായി മാറി കഴിഞ്ഞു.

ഓർക്കിഡിന്റെയും നല്ലൊരു ശേഖരമുണ്ട് ബിസ്മിക്ക്. ഡെൻഡ്രോബിയം, കാറ്റ്ലിയ, ഫലനോപ്സിസ്, ഡാൻസിങ്ങ് ലേഡി, മിൽറ്റോണിയ, എപ്പിഡെൻഡ്രം , സിംബീഡിയം, കാറ്റ്സിറ്റം, വൻഡാ, ഒൺ സീഡിയം, മൊക്കാറോ, ബോട്ട് ഓർക്കിഡ് തുടങ്ങി ഏറെ വിപുലമാണ് ബിസ്മിയുടെ ഓർക്കിഡ് കൃഷി.

ഇന വൈവിധ്യങ്ങൾക്കായി തമിഴ്‌നാട്ടിലെ തക്കലയിൽ നേരിട്ട് പോയാണ് ഓർക്കിഡിന്റെ മദർ പ്ലാന്റ്സ് കൊണ്ടുവരുന്നത് . 250 നും 300 നും ഒക്കെ മൊത്ത വിലക്ക് മേടിക്കുന്ന ഓർക്കിഡ് ചെടി കൾ ബിസ്മി കസ്റ്റമർക്ക് വിൽക്കുന്നത് 50 രൂപ മുതൽ 160 രൂപ വരെ വിലയിലാണ്. മദർ പ്ലാന്റിൽ നിന്ന് തൈകൾ ഉൽപ്പാദിപ്പിക്കുന്നതു കൊണ്ടാണ് ഓർക്കിഡും കുറഞ്ഞ വിലക്ക് വിൽക്കാൻ ഇവർക്ക് കഴിയുന്നത്. സാധാരണ ഓർക്കിഡ് പ്രേമികൾക്കു പുറമേ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നഴ്സറികൾക്കും ഇന്ന് ബിസ്മി ഓർക്കിഡ് വിൽപ്പന നടത്തുന്നുണ്ട്.

മാസത്തിൽ രണ്ടു തവണയെങ്കിലും മണ്ണുത്തിയിലേക്കും തക്കലയിലേക്കും ബിസ്മി പോകും. എക സഹോദരനായ ബിനോയിയുടെ ലോറിയിൽ ബിനോയി യോടൊപ്പമോ മൂത്ത മകൻ ബിബിനെ കൂട്ടിയോ ആണ് ഇന്ന് യാത്രകളധികവും. പോകുന്ന വഴിക്കുള്ള കസ്റ്റമേഴ്സിനു കൊടുക്കാൻ ഓർഡർ അനുസരിച്ച് ചെടികളുടെ ട്രേകളുമായി വണ്ടി ലോഡ് നിറച്ചാണ് യാത്ര. ലോഡിറക്കി കഴിഞ്ഞ് പകൽ മുഴുവൻ വിവിധ നഴ്സറികളിൽ ഇന വൈവിധ്യങ്ങൾക്കായി അലച്ചിൽ. സന്ധ്യയോടെ ലോറി നിറച്ചു ചെടികളുമായി തിരികെ കാഞ്ഞിരപ്പള്ളിക്ക്.

ഭർത്താവും മക്കളും ഒക്കെ സഹായത്തിനുണ്ടെങ്കിലും നഴ്സറിയുടെയും കൃഷിയുടെയും കാര്യങ്ങൾ ഒറ്റക്ക് തന്നെ ചെയ്യുന്നതാണ് ബിസ്മിക്കിഷ്ടം. ലോറിയിൽ കയറി ചെടികളുടെ അടുക്കും ക്രമവും തെറ്റാതെ ലോഡിങ്ങും അൺലോഡിങ്ങുമെല്ലാം ഇന്നും ചെയ്യാൻ ബിസ്മിക്ക് യാതൊരു മടിയുമില്ല. എത്ര ക്ഷീണിച്ചു വന്നാലും, ഈ ജോലികൾ ഒറ്റക്കു ചെയ്യേണ്ടി വരുമ്പോഴും മടുപ്പ് ഇതുവരെ തോന്നാത്തത് ജീവിതം തിരിച്ചു പിടിക്കണമെന്ന ഒറ്റ ലക്ഷ്യം കൊണ്ടാണെന്ന് ഇന്ന് കണ്ണുനീർ നിറഞ്ഞ ചിരിയോടെ ബിസ്മി പറയും.

നല്ലയിനം തൈകൾ, വിലക്കുറവുള്ള ഉൽപാദന കേന്ദ്രങ്ങളിൽ നിന്ന് കണ്ടെത്തി അവക്ക് നല്ല പരിചരണം നൽകി ഒരു തൈയ്യിൽ നിന്ന് പത്തും, പത്തിൽ നിന്ന് നൂറും തൈകൾ സൃഷ്ടിക്കുന്നതാണ് ബിസ്മിയുടെ മാജിക്. ബിസ്മിയുടെ വിജയരഹസ്യങ്ങളിൽ പ്രധാനപ്പെട്ട ഒരു ഘടകവും ഇതു തന്നെ. മിതമായ ലാഭം മാത്രമെടുത്തുകൊണ്ട് വിപണി വിലയേക്കാൾ കുറഞ്ഞ വിലക്ക് ചെടികൾ വിൽക്കുവാൻ ബിസ്മിക്ക് കഴിയുന്നതും ഇതുകൊണ്ടുതന്നെ.

പരിമിത ബജറ്റിൽ വീട്ടുമുറ്റത്ത് ഒരു പൂന്തോട്ടമൊരുക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഒരു ഉത്തരമാണ് ഇന്ന് ബിസ്മിയുടെ റോസ്ഗാർഡൻ നഴ്സറി. ചെടികളുടെ കാര്യത്തിൽ മാത്രമല്ല പച്ചക്കറി കൃഷിയിലുമുണ്ട് ബിസ്മി മാജിക്ക്. അതിലേക്ക് വരാം ചെറിയ ഒരു ഇടവേളക്കുശേഷം .

വീട്ടിലെ ആവശ്യത്തിനു വേണ്ടിയാണ് ബിസ്മി പച്ചക്കറി കൃഷി തുടങ്ങിയത്. നഴ്സറിയിൽ ചെടികൾ വാങ്ങാൻ എത്തുന്നവരും സമീപ പ്രദേശങ്ങളിലുമുള്ളവരുമെല്ലാം പച്ചക്കറികളുടെ വിളവ് കണ്ട് ആവശ്യക്കാരായതോടെ പച്ചക്കറി കൃഷിയും ബിസ്മിക്ക് ഇന്ന് ഒരു നല്ല വരുമാന മാർഗമായി മാറി... നമ്മുടെ നാട്ടിൽ ഒന്നും വളരില്ല എന്നു കരുതുന്ന ശീതകാല പച്ചക്കറികളടക്കം, വർഷം മുഴുവൻ സമൃദ്ധമായി വിളയുന്ന കാഴ്ചയാണ് ഈ 10 സെന്റ് വീട്ടുമുറ്റത്ത്.

പരിമിതികളിൽ നിന്ന് മണ്ണിൽ പൊന്ന് വിളയിക്കുന്ന കരങ്ങളാണ് ബിസ്മിയുടേത്. വീട്ടിലേക്കാവശ്യമുള്ള പച്ചക്കറികൾ കൃഷി ചെയ്യാൻ സ്ഥലമില്ല എന്ന് പറയുന്നവർക്ക് ഒരു മികച്ച ഉത്തരമാണ് ബിസ്മിയുടെ വീട്ടുമുറ്റം. വർഷം മുഴുവൻ ഇടവേളയില്ലാത്ത പച്ചക്കറി കൃഷി ഇവിടെ ഉണ്ട്.

ചുമപ്പ് , മഞ്ഞ, പച്ച, ബ്രൗൺ നിറങ്ങളിലുള്ള കാപ്സിക്കം, വിവിധയിനം മുളകുകൾ, നമ്മുടെ നാട്ടിൽ പരിചിതമല്ലാത്ത പച്ച, വൈലറ്റ് നിറങ്ങളിലുള്ള കെയിൽ, നോക്കോൾ, പച്ച, വൈലറ്റ്, ചുമപ്പ്, ചൈനീസ് കാബേജുകൾ, രണ്ടിനം ലെറ്റ്യൂസ്, സെലറി, റോസ് മേരി, പാഴ്സലി, കോളിഫ്ളവർ, ബ്രോക്കോളി 5 ഇനം വഴുതനകൾ, കത്രിയ്ക്ക, 3 നിറങ്ങളിലുള്ള സ്വിസ് ചാഡ് ചീരകൾ, പാലക്ക് ചീര, സുന്ദരി ചീര, വർഷ ചീര, ചുമന്ന ചീര, പച്ച ചീര, എന്നിങ്ങനെയുള്ള മറ്റു ചീരകൾ, കോവൽ, തക്കാളി, പാവൽ, പടവലം, പീച്ചിൽ, 9 ഇനം പയർ വിളകൾ, കുക്കുമ്പർ, മല്ലി ,പുതിന, ജീരകം ബീറ്റ്റൂട്ട് ,വെണ്ട തുടങ്ങി മഞ്ഞളും ,ഇഞ്ചിയും വരെ വളരെ മികച്ച രീതിയിൽ ബിസ്മി, ഈ ഇത്തിരി സ്ഥലത്ത് കൃഷി ചെയ്യുന്നുണ്ട്. ഗ്രോബാഗുകൾ, ഉപയോഗശൂന്യമായ ഫ്രിഡ്ജുകൾ, പഴയ ബക്കറ്റുകൾ, ചട്ടികൾ എന്നിവയിലെല്ലാമാണ് പച്ചക്കറി കൃഷി. ഗ്രോബാഗ് മിശ്രിതം കൃഷിക്കു വേണ്ടി തയ്യാറാക്കുന്നതു മുതൽ ബിസ്മി പ്രേത്യേക ശ്രദ്ധ പതിപ്പിക്കും.

ചുറ്റുമുള്ള മരങ്ങളിൽ നിന്ന് വീഴുന്ന കരിയിലകൾ മുഴുവൻ ബിസ്മി ശേഖരിക്കും. മണ്ണ് പുറമേനിന്ന് വില കൊടുത്ത് മേടിക്കുകയാണ്. ഗ്രോബാഗിൽ നിറയ്ക്കാനുള്ള മിശ്രിതം തയ്യാറാക്കാനും, ബാഗുകൾ നിറക്കാനും, തൈകൾ നടാനും, ബിസ്മിക്ക് ചുരുങ്ങിയ സമയം മതി. പച്ചക്കറിയുടെ കൃഷി കാര്യത്തിലാണെങ്കിലും സഹായത്തിന് ആരെയും വിളിക്കാതെ കായികാധ്വാനം എല്ലാം ബിസ്മി തനിച്ചാണ്. നമ്മുടെ നാട്ടിൽ ശീതകാലത്ത് മാത്രം ഉണ്ടാകുന്ന പച്ചക്കറികൾ വർഷം മുഴുവനും ഇവിടെ നല്ലതുപോലെ വിളയും. അത്തരം വിളകളുടെ കൃഷിയിലും പരിചരണത്തിലും ബിസ്മി നടത്തുന്ന പ്രത്യേക ശ്രദ്ധയാണ് ഇങ്ങനെ വിളവ് ലഭിക്കാൻ കാരണം.

പച്ചക്കറികൾക്ക് ആവശ്യക്കാർ വർദ്ധിച്ചതോടെ ചുരുങ്ങിയ സ്ഥലത്തു നിന്ന് എങ്ങനെ കൂടുതൽ പച്ചക്കറി ഉത്പാദിപ്പിക്കാം എന്ന ചിന്തയാണ് പച്ചക്കറികളുടെ വെർട്ടിക്കൽ കൃഷിരീതിയിലേക്ക് ബിസ്മിയെ എത്തിച്ചത്. ഒരു ഗ്രോബാഗിന് വേണ്ട സ്ഥലത്തുനിന്ന് നാല്പതും അൻപതും ഗ്രോബാഗുകളിൽ ലഭിക്കുന്ന വിളവ് കണ്ടെത്തുന്ന രീതിയാണ് ബിസ്മിയുടെ വെർട്ടിക്കൽ കൃഷിരീതി. ഉള്ളി, കാരറ്റ്, ബീറ്റ്റൂട്ട് , ചീരകൾ എന്നിവയെല്ലാം ബിസ്മി ഇന്ന് ഇത്തരത്തിൽ കൃഷി ചെയ്യുന്നുണ്ട്.

കോവൽ,പാവൽ,പയറിനങ്ങൾ, പീച്ചിൽ, തുടങ്ങി പന്തലൊരുക്കി കൃഷി ചെയ്യേണ്ട വിളകൾ, ഒരു ചട്ടിയിൽ ഒതുക്കി കൃഷി ചെയ്യാവുന്ന ക്രേപ്പർ കൃഷിയും ബിസ്മിയുടെ കൃഷിയിടത്തിൽ കാണാം ഒരു ചട്ടിക്കുള്ളിൽ അഞ്ചോ ആറോ അടി ഉയരത്തിലായി ഒരു ഇരുമ്പ് പൈപ്പ് സ്ഥാപിച്ച്, ആ പൈപ്പിന്റെ മുകളിലായി ഇഷ്ടമുള്ള ഷെയ്പ്പിൽ ഇരുമ്പു വല കട്ട് ചെയ്ത് വെൽഡ് ചെയ്ത് ഉറപ്പിക്കും .അതിന് ശേഷം മണ്ണും ചകിരിച്ചോറും ചാണകപ്പൊടിയും നിറച്ച് തൈകൾ നടാം. വള്ളി വീശി തുടങ്ങുമ്പോൾ സ്റ്റാൻഡിനു മുകളിലെ ഇരുമ്പു നെറ്റിലേക്ക് വള്ളികൾ പടർത്തി കയറ്റും. വെയിലിനും തണലിനും മഴക്കും ഒക്കെ അനുസരിച്ച് ആവശ്യാനുസരണം ഇത്തരം ചട്ടികൾ എങ്ങോട്ട് വേണമെങ്കിലും എടുത്തു മാറ്റി വെക്കാം എന്ന നേട്ടവും ഈ കൃഷി രീതിക്ക് ഉണ്ട്. വർഷത്തിന്റെ മിക്കവാറും സമയങ്ങളിൽ വെള്ളത്തിന് ക്ഷാമം നേരിടുന്ന സ്ഥലത്താണ് ബിസ്മിയുടെ വീട്. ടാങ്കർ ലോറിക്ക് ആഴ്ചയിൽ ഒന്നും രണ്ടും വട്ടം വെള്ളം അടിപ്പിച്ചാണ് ബിസ്മി കൃഷികൾ മുന്നോട്ടുകൊണ്ടുപോകുന്നത്. അതുകൊണ്ടുതന്നെ ജലസേചന കാര്യങ്ങളിൽ ഓരോ തുള്ളിയും ബിസ്മിക്ക് വളരെ വിലപ്പെട്ടതാണ്.

പച്ചക്കറികൾക്ക് വേണ്ട വളപ്രയോഗത്തിലും കീട രോഗനിയന്ത്രണത്തിലും എല്ലാം സമ്പൂർണ ജൈവ രീതികൾ മാത്രമാണ് ബിസ്മി ഉപയോഗിക്കുന്നത്. നൂറു ശതമാനവും വിജയകരമായ ഈ മാർഗങ്ങളിലൂടെ ഒരു കേടും കൂടാതെ മികച്ച വിളവ് ഈ കൊച്ചു കൃഷിയിടത്തിൽ നിന്ന് ബിസ്മി എടുക്കും.

തന്റെ കൊച്ചു കൃഷിയിടം സന്ദർശിക്കുന്നവർക്കും, കൂട്ടായ്മകളിലും, വിദ്യാലയങ്ങളിലുമൊക്കെ തന്റെ കൃഷി രീതികളും അറിവുകളും പങ്കു വക്കാൻ ബിസ്മിക്ക് യാതൊരു മടിയുമില്ല. തന്റെ അറിവു വർദ്ധിപ്പിക്കാനായി കാർഷിക രംഗത്തെ വിദ്ഗധരുടെ ഉപദേശങ്ങൾ തേടുന്നതിലും തുറന്ന മനസാണ് ഈ യുവ കർഷകക്ക്. കൃഷി വകുപ്പിന്റെയും ഹോർട്ടികൾച്ചർ മിഷന്റെയും പിന്തുണയും പ്രോൽസാഹനവും ബിസ്മിയുടെ വളർച്ചയിൽ ചെറുതല്ലാത്ത പങ്കാണ് വഹിച്ചിട്ടുള്ളത്.

ജീവിതത്തിന്റെ കനൽ വഴികളിലൂടെ നടന്ന് നീങ്ങിയപ്പോഴും ബിസ്മി ഒരിക്കലും കരുതിയില്ല ഈ ഇട്ടാവട്ടം സ്ഥലത്തു നിന്ന് ഇത്ര വലിയ ഒരു വളർച്ച കാലം കാത്തു വച്ചിട്ടുണ്ടെന്ന്. ഇല്ലായ്മയിൽ നിന്നും, നഷ്ടമായതിൽ നിന്നുമൊക്കെ ഭൂരിഭാഗവും ചുരുങ്ങിയ കാലംകൊണ്ട് ഇന്ന് ഈ കൃഷികളിലൂടെ ഇവർ നേടി കഴിഞ്ഞു. കൃഷിയിലേക്കിറങ്ങിയ കാലത്തെ അതേ വീര്യത്തോടെ കഠിനാധ്വാനം തുടരുന്ന ഇവർക്ക് ഇന്ന് മികച്ച വരുമാനമാണ് കൃഷി തിരികെ നൽകുന്നത്.

2018 മാർച്ച് മാസത്തെ കർഷകശ്രീയുടെ കവർ ചിത്രമായിരുന്നു ബിസ്മി. ബിസ്മിയുടെ ജീവിത കഥയും കൃഷിയിലെ വിജയങ്ങളുമെല്ലാം മാഗസിനിൽ അതോടൊപ്പം പ്രസിദ്ധീകരിച്ചിരുന്നു. കൃഷി ജീവിതത്തിലെ മൂന്നാമത്തെ നിയോഗത്തിലേക്കാണ് ബിസ്മിയെ ഇത് എത്തിച്ചത്. അശരണരായ, ജീവിതം വഴിമുട്ടിയ, തകർച്ചയുടെ വക്കിൽ നിന്ന നിരവധി കുടുംബങ്ങൾക്ക് പ്രചോദനമായി ആ മാഗസിനിലെ ബിസ്മിയുടെ ജീവിത സാക്ഷ്യം.

ചില മരങ്ങൾ ബിസ്മിയെ പോലെയാണ്. ഏത് കൊടുങ്കാറ്റിൽ ആടിയുലഞ്ഞാലും തണൽ വിരിക്കാനായി അവർ വളർന്നുവരും. തനിക്ക് നേരെ നീട്ടിയ ആ കനിവിന്റെ കരങ്ങളുടെ കരുത്ത് മറ്റുജീവിതങ്ങൾക്ക് കൂടി പകരാൻ. വെള്ളവും വളവുമിട്ട് ബിസ്മിയുടെ വീട്ടുമുറ്റത്ത് വളരുന്നത് പ്രതീക്ഷകളുടെയും കഠിനാധ്വനത്തിന്റെയും ഫലങ്ങളാണ്. ആ ഉൗർജം പകരുന്നതാവട്ടെ അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും പാതകളിലൂടെ സഞ്ചരിക്കുന്നവർക്കും . സ്വന്തം ജീവിതം കൊണ്ട് തന്നെ ബിസ്മി അക്കാര്യം വളക്കൂറുള്ള മലയാളിയുടെ മനസിൽ പാകുന്നു. മനസുണ്ടെങ്കിൽ, ഇച്ഛാ ശേഷിയുണ്ടെങ്കിൽ നൂറുമേനി നമ്മുടെ വീട്ടിലും വേണമെങ്കിൽ വിളവെടുക്കാം എന്ന സന്ദേശത്തോടെ.....

MORE IN NATTUPACHA
SHOW MORE
Loading...
Loading...