തേനീച്ച കൊണ്ടുവന്ന മധുരവിജയം; പൂക്കളിൽ നിന്നും പേഴ്സിലേക്കുള്ള വരുമാനവഴി; വിഡിയോ

nattupacha-honeybee-life
SHARE

പത്തനംതിട്ട ജില്ലയിലെ മലയോര കാർഷിക മേഖലയായ ചിറ്റാറിലെ പരമ്പരാഗത കാർഷിക കുടുംബമാണ് അനൂപിന്റേത്. കുഞ്ഞുനാള്‍  തൊട്ടേ പിതാവിനൊപ്പം കൃഷികാര്യങ്ങളിൽ സജീവമായിരുന്നു ഈ ചെറുപ്പക്കാരന്‍. മറ്റു കൃഷികളോടൊപ്പം വീട്ടാവശ്യത്തിനുള്ള തേനിന് വേണ്ടി ചെറിയ രീതിയിൽ തേനീച്ച കൃഷിയും പിതാവ് ബേബിച്ചൻ ചെയ്തിരുന്നു. തേനീച്ച കൃഷിയുടെ ബാലപാഠങ്ങൾ അന്നേ അനൂപിന്റെ മനസ്സിൽ പതിഞ്ഞു. ബി.ടെക് പഠന ശേഷം തൊട്ടടുത്തുള്ള സ്വകാര്യ വൈദ്യുത ഉൽപ്പാദന കേന്ദ്രത്തിൽ എൻജീനിയറായി ജോലിയും  കിട്ടി.  ജോലിക്ക് ശേഷമുളള ഒഴിവുസമയങ്ങളുപയോഗിച്ച് സ്വന്തമായി ഒരു സംരഭം തുട‍ങ്ങുവാനുളള സാധ്യതകളെ കുറിച്ചായി  അനൂപിന്റെ ചിന്ത. അങ്ങനെയാണ് കാര്‍ഷിക സംരഭം എന്ന ആശയത്തിലൂടെ തേനീച്ച ക‍ൃഷിയിലേക്ക് അനൂപ് എത്തുന്നത്.

5 വർഷം മുമ്പാണ് തേന്‍ മധുരത്തിന്റെ സാധ്യതകള്‍ തേടി, തേനീച്ച കൃഷി അനൂപ്   ചെയ്യാൻ തുടങ്ങിയത്. പല കാർഷിക സംരംഭങ്ങൾക്കും സംഭവിക്കാറുള്ളതുപോലെ ആദ്യവർഷം തേനീച്ച കൃഷി നഷ്ടമായിരുന്നു ഇദ്ദേഹത്തിന്.  പക്ഷേ പരാജയപ്പെട്ടിട്ടും പിൻമാറാൻ അനൂപ് തയ്യാറായില്ല. ശാസ്ത്രീയമായ  പരിശീലനത്തിലൂടെ  തേനീച്ച കൃഷിയെ  ആഴത്തില്‍  പഠിച്ചു അനൂപ് . ശേഷം വളര്‍ച്ചയുടെ വര്‍ഷങ്ങള്‍ ആയിരുന്നു പിന്നീട് ഇങ്ങോട്ട് .  ഇന്ന് 150 ഓളം വൻ തേനിന്റെ പെട്ടികളിലും  85 ഓളം ചെറുതേനിന്റെ പെട്ടികളിലും  അനൂപ്  തേനീച്ച കൃഷി ചെയ്യുന്നുണ്ട്.

എപ്പിസ് സെറീന ഇൻഡിക്ക എന്നാണ് നമ്മുടെ നാട്ടിൽ കൃഷി ചെയ്യുന്ന വൻ തേനീച്ചയുടെ, അഥവാ ഞൊടിയൽ തേനീച്ചയുടെ ശാസ്ത്രീയ നാമം. ഇവയുടെ തേൻ  ഞൊടിയൽ തേൻ, പെരുന്തേൻ,വൻതേൻ എന്നീ വിവിധ പേരുകളില്‍ അറിയപ്പെടുന്നു. വാണിജ്യ  അടിസ്ഥാനത്തിൽ പെട്ടികളിൽ വളർത്തുന്ന ഇവയെ തേൻ ലഭ്യതയുള്ള പ്രദേശങ്ങളിൽ കൊണ്ടുപോയി സ്ഥാപിച്ചാണ് വൻതോതിൽ തേൻ ഉല്പാദിപ്പിക്കുന്നത്. റബർ തോട്ടങ്ങൾ കേന്ദ്രീകരിച്ചാണു ഇത്തരം തേനുല്പാദനം കൂടുതലും നടത്തുന്നത്.

ഓരോ തേനീച്ച  പെട്ടിയും ഓരോ കുടുംബമാണ്. ഇങ്ങനെയുള്ള കടുംബങ്ങളെ  വിശേഷിപ്പിക്കുന്ന  പേരാണ്  കോളനികൾ .  പ്രകൃതിയിലെ ഏറ്റവും കഴിവുള്ള നിർമ്മാണ വിദഗ്ദരാണ് തേനീച്ചകൾ.  ശരീരത്തില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന  പ്രത്യേക തരം മെഴുക്   ഉപയോഗിച്ചാണ് തേനറകള്‍ അഥവാ അട നിര്‍മിക്കുന്നത്.  ഷഡ്കോണാകൃതിയിൽ, ശിൽപചാരുതയോടെ കൃത്യമായ അളവിൽ അറകളായി നിർമ്മിക്കപ്പെടുന്ന തേനീച്ച കൂടുകൾ, ഗണിതശാസ്ത്രമാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരുന്നുവെന്ന് ശാസ്ത്രീയ ഗേവഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്.  ഓരോ കോളനിയും നിയന്ത്രിക്കുന്നത് കൂട്ടിലെ റാണിയാണ്. ഒരു കോളനിയിൽ ഒരു റാണി മാത്രമേ ഉണ്ടാവുകയുള്ളൂ. റാണിയുടെ ആയുർദൈർഘ്യം മൂന്നു വർഷമാണ്. എന്നാൽ സാധാരണ തേനീച്ചകളുടെ ആയുസ്സ് 50 മുതൽ 55 ദിവസം വരെ മാത്രമെയുള്ളു. കോളനിയിലെ മറ്റ് തേനീച്ചകളെ അപേക്ഷിച്ച് റാണിക്ക് വലുപ്പക്കൂടുതലും നിറ വിത്യാസവും ഉണ്ടാവും. കോളനിയിലെ ഓരോ തേനീച്ചകൾക്കും പ്രായവിത്യാസമനുസരിച്ച് പല വിധത്തിലുള്ള ഉത്തരവാദിത്വങ്ങളാണുള്ളത്.

1 മുതൽ 2 ദിവസം വരെ പ്രായമായ തേനീച്ചകൾക്ക്,   കൂടും റാണിക്ക് മുട്ടയിടാനുള്ള സെല്ലുകളും വൃത്തിയാക്കലാണ് പണി.  3 മുതൽ 5 ദിവസം വരെ പ്രായമായ തേനീച്ചകൾക്കാണ് ലാർവകളിലെ, മുതിർന്ന ലാർവകൾക്ക് വേണ്ട ആഹാരം നൽകുന്ന ഡ്യൂട്ടി. 6 മുതൽ 11 ദിവസം വരെ പ്രായമായവരാണ് പ്രായം കുറഞ്ഞ ലാർവകൾക്ക് വേണ്ട ആഹാരം നൽകുന്നത്. 12 മുതൽ 17 ദിവസം വരെ പ്രായമായ തേനീച്ചകളാണ് തേൻ മെഴുക് ഉത്പാദിപ്പിച്ച് തേൻ അടകൾ നിർമിക്കുന്നത്.  18 മുതൽ 21 ദിവസം പ്രായമായ തേനീച്ചകൾക്ക് കൂടിനുള്ള കാവൽ ഡ്യൂട്ടിയാണ്. 22 മുതൽ 54 ദിവസം, അഥവാ ജീവിതാവസാനം വരെയുള്ള തേനീച്ചകൾക്കാണ് കോളനിക്ക് വേണ്ട വെള്ളം, പൂക്കളിൽ നിന്ന് മധു, പൂമ്പൊടി തുടങ്ങിയവ ശേഖരിക്കേണ്ട ഉത്തരവാദിത്തം.

വംശവർദ്ധനവിന് വേണ്ടി മുട്ടയിടുന്നത് റാണി ഈച്ച  മാത്രമാണ്. മുട്ടയിട്ട് അഞ്ചാമത്തെ ദിവസം മുട്ട വിരിഞ്ഞ് ലാർവയാകും. പെൺ തേനീച്ചകളുടെ തലയിൽ നിന്ന് ഉൽപാദിപ്പിക്കുന്ന റോയൽ ജെല്ലി എന്ന സ്രവം ഈ സമയത്ത് ലാർവകൾക്ക് ഭക്ഷണമായി നൽകും. ഒരു ദിവസം മാത്രം റോയൽ ജെല്ലി ഭക്ഷിക്കുന്ന ലാർവകൾ പെൺ ഈച്ചയായി മാറും. രണ്ട് ദിവസം റോയൽ ജെല്ലി കഴിക്കുന്ന ലാർവ ആൺ ഈച്ചയാകും. മുട്ടകള്‍  22-24 ദിവസങ്ങൾക്കുള്ളിൽ വിരിഞ്ഞ് തേനീച്ചയായി മാറും.

റാണി കോളനിയില്‍ നിന്ന്  നഷ്ടപ്പെടുന്ന ഒരു സാഹചര്യത്തിലോ, പ്രകൃതിദത്തമായി അവര്‍ക്ക് പിരിഞ്ഞ് പോകണമെന്ന് തോന്നുമ്പോഴോ മാത്രമെ   കോളനിയിൽ പുതിയ റാണി പിറവി എടുക്കു. അഞ്ചു ദിവസവും റോയൽ ജെല്ലി ലഭിക്കുന്ന ലാർവയാണ് റാണി ഈച്ചയാകുന്നത്.  കൂടുതൽ റോയൽ ജെല്ലി കഴിക്കുന്ന ലാർവ, കരുത്തോടെയും ആരോഗ്യത്തോടെയും റാണിയായി 15 ദിവസം കൊണ്ട്   രൂപാന്തരം പ്രാപിക്കും.  റാണി ഈച്ച പിറവിയെടുത്ത് രണ്ടുദിവസത്തിനുള്ളിൽ റാണി ഇണചേരുവാൻ ശ്രമം നടത്തും. വംശവർദ്ധനവിനായി റാണി ഈച്ച ആയുസ്സിൽ ഒരു പ്രാവശ്യം മാത്രമെ ആൺ തേനീച്ചയുമായി ഇണ ചേരൂ. റാണി ഇണ ചേരുന്നതും വളരെ കൗതുകകരമായ രീതിയിലാണ്.

ഒരു ദിവസം റാണി 1500 മുതൽ 3000 മുട്ട വരെ ഇടും. ഇടുന്ന മുട്ടകൾ സാധാരണ ഗതിയിൽ മുഴുവൻ തന്നെ വിരിയും. പൊതുവേ ഒരു കൂട്ടിൽ കൂടുതലും പെൺ ഈച്ചകളാണ് ഉണ്ടാവുക. ആൺ ഈച്ചകളുടെ എണ്ണം ക്രമാതീതമായാൽ തേൻ ഉൽപാദാനം കുറയും. കാരണം പെൺ ഈച്ചകൾ മാത്രമാണ് തേനും പൂമ്പൊടിയും ചെടികളിൽ നിന്ന് ശേഖരിക്കുന്നത്. ആൺ ഈച്ചകൾ ഈ തേൻ ഭക്ഷണമാക്കും. റാണിയുമായി ഇണ ചേരൽ മാത്രമാണ് ആൺ ഈച്ചകളുടെ ഉത്തരവാദിത്തം. അതു കൊണ്ട് തന്നെ കോളനിയിൽ മുട്ട വിരിഞ്ഞ് എത്ര ആൺ തേനീച്ചകളുണ്ടാവണം എന്ന് തീരുമാനിക്കുന്നത് റാണി ഈച്ചയാണ്.

ജി.ഐ പൈപ്പുകളിലോ ചെറിയ കാലുകളിലോ  തേനീച്ച പെട്ടികൾ സ്ഥാപിക്കാം. തടി കൊണ്ടുളള പെട്ടികൾ ആണ് ഇതിന് ഉപയോഗിക്കുന്നത്.  കൂടുകൾക്ക് മുകളിൽ അധികം വെയിലും മഴയും കൊള്ളാതിരിക്കാനായി ഷെയ്ഡായി എന്തെങ്കിലും ആവരണം നൽകണം. ഉറുമ്പ്, പല്ലി, തുടങ്ങിയ പ്രാണികൾ കൂട്ടിൽ കയറാതിരിക്കാനായി തറക്കും കൂടിനുമിടയിൽ,പെട്ടി സ്ഥാപിച്ചിരിക്കുന്ന ജി.ഐ പൈപ്പുകള്‍ക്കു നടുവിലായി  ചിരട്ടയിലോ മറ്റോ വെള്ളം വക്കുന്നതും നല്ലതാണ്.

1991 – 92 കാലഘട്ടത്തില്‍  തായി സാക്ക് ബ്രൂഡ് എന്ന ഫംഗൽ രോഗം വന്ന് കേരളത്തിലെ മിക്കവാറും തേനീച്ചകൾ നശിച്ചു പോയിരുന്നു. എന്നാൽ ഇതൊഴികെ കാര്യമായ രോഗങ്ങൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. തേനീച്ച കൃഷി ലാഭകരമാകാന്‍ കൃത്യമായ പരിചരണം ആവശ്യമാണ്. ആഴ്ച്ചയില്‍ ഒരിക്കലെങ്കിലും ഒാരോപെട്ടിയും പരിശോധിച്ചിരിക്കണം.

തേനീച്ചകൾ ഭക്ഷണം ശേഖരിക്കുന്നത് ചുറ്റുപാടുള്ള റബർ മരത്തിന്റെ ഇലകളിൽ നിന്നും, പൂച്ചെടികള്‍,  മരുതി, കാഞ്ഞിരം, തുടങ്ങിയവയുടെ പൂക്കളിൽ നിന്നും  വാഴയുടെ കൂമ്പിനുളളിലെ പൂവിൽ നിന്നുമൊക്കെയാണ് . തേനീച്ചകൾക്ക് ഭക്ഷണത്തിന് ക്ഷാമമുള്ള സീസണിലേക്ക്, പ്രേത്യേകിച്ച് ജൂൺ മുതൽ ഡിസംബർ വരെയുള്ള സമയത്തേക്കുളള അവരുടെ കരുതല്‍ ഭക്ഷണ ശേഖരമാണ് തേന്‍. ഈ തേന്‍ നമ്മള്‍ എടുക്കുമ്പോള്‍ ഇവര്‍ക്ക് കൃത്രിമ ഭക്ഷണം പകരം നൽകേണ്ടതുണ്ട്. പഞ്ചസാര ലായനിയാണ് ഇതിനു വേണ്ടി പ്രധാനമായും ഉപയോഗിക്കുന്നത്.

പുഷ്പങ്ങളിൽ നിന്നോ പുഷ്പേതര ഗ്രന്ഥികളിൽ നിന്നോ തേനീച്ചകൾ പൂന്തേൻ ശേഖരിച്ച് ഉല്പാദിപ്പിക്കുന്ന കൊഴുത്ത ദ്രാവകമാണ്‌ തേൻ. മധുരമുള്ള, ഒരു ഔഷധവും പാനീയവുമാണിത്. പുഷ്പങ്ങളിൽ നിന്നും ശേഖരിക്കുന്ന തേൻ, ഈച്ചയുടെ ഉമിനീരുമായി യോജിപ്പിച്ച് വയറിനുള്ളിൽ ആക്കിയാണ് കൂട്ടിലേക്ക് കൊണ്ടുവരുന്നത്. വയറിൽ വച്ച് തേൻ ഗ്ളൂക്കോസ് , ഫ്രക്ടോസ് എന്നീ രണ്ട് പഞ്ചസാരകളായി രൂപാന്തരം പ്രാപിക്കുന്നു. ഉള്ളിൽ സംഭരിച്ചിട്ടുള്ള തേനും വഹിച്ചുകൊണ്ട് ദീർഘദൂരം സഞ്ചരിക്കുന്ന ഈച്ച, കൂട്ടിൽ വന്നാൽ ജോലിക്കാരായ ഈച്ചകൾക്ക് (Worker bees) ഇതു കൈമാറുന്നു. 150 മുതൽ 250 തവണ വരെ തേനിനെ വയറിലേക്ക് വലിച്ചെടുക്കുകയും തികട്ടുകയും ചെയ്യുന്ന പ്രക്രിയയിലൂടെ , നല്ലവണ്ണം ദഹിപ്പിച്ചെടുത്ത ശേഷം തേൻ,  തേനറകളിലേക്ക് ജോലിക്കാരായ ഈച്ചകൾ നിക്ഷേപിക്കുന്നു. അതിനു ശേഷം തേനിൽ കടന്നുകൂടിയിട്ടുള്ള ജലാംശം ഇവർ ചിറകുകൾ കൊണ്ട് വീശി മാറ്റും. ഇങ്ങനെ ജലാംശം മാറ്റുന്നതുകൊണ്ടാണ് തേൻ ദീർഘകാലം കേടുകൂടാതെ ഇരിക്കുന്നത്.  തേന്‍ നിറഞ്ഞു കഴിയുമ്പോള്‍ ശരീരത്തില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന മെഴുകുകൊണ്ട്  തേനറകള്‍ ഈച്ചകള്‍ സീല്‍ ചെയ്തു ക്ഷാമകാലത്തേക്കായി ഭദ്രമാക്കും.

ഫെബ്രുവരി - മാർച്ച് മാസങ്ങളിലാണ് തേൻ ശേഖരിക്കുന്നത്. തേനറകളിൽ തേൻ നിറഞ്ഞ് , തേനീച്ചകൾ തേനടകൾ സീൽ ചെയ്തു എന്നുറപ്പു വരുത്തിയ ശേഷമേ , അടകൾ തേനെടുക്കാനായി പെട്ടികളിൽ നിന്ന് എടുക്കാവൂ. തേനീച്ചകൾ അട സീൽ ചെയ്ത തേനാണ് കൂടുതൽ കാലം കേടാകാതെ ഇരിക്കുന്നത്. ഫ്രെയിമിലെ അടകളിൽ പറ്റി പിടിച്ചിരിക്കുന്ന ഈച്ചകളെ പുക കൊള്ളിച്ച് അകറ്റാം. അട ഫ്രയിമിൽ നിന്നും അടർത്തി എടുക്കരുത്. കാരണം ഈ അടകളിൽ അടുത്ത ഏഴ് ദിവസം കൊണ്ട് ഈച്ചകൾ വീണ്ടും തേൻ നിറക്കും. അടയുടെ ഇരുവശത്തുമുള്ള മെഴുക് സീൽ , മൂർച്ചയുള്ള കത്തി കൊണ്ട് ചെത്തി കളയണം. ഇതിനു ശേഷം ഹണി എക്സ്ട്രാക്ടറിൽ അടകൾ വച്ച് കറക്കി എടുക്കുമ്പോൾ ഒട്ടും കരസ്പർശമില്ലാതെ തന്നെ തേൻ ശേഖരിക്കുവാൻ കഴിയും.. 

തേനീച്ച കോളനികളിൽ നിന്ന് ശേഖരിക്കുന്ന തേനിൽ 25% ജലാംശം ഉണ്ടാകും. തേനീച്ചകൾ ചിറകുകൾ വീശി ജലാംശം വറ്റിച്ച് ഇത് 20 ശതമാനത്തോളം ആക്കും. ഈ തേൻ പരമാവധി മൂന്ന് മുതൽ ആറ് മാസം വരെയാണ് കേടാകാതെ ഇരിക്കുക. അതുകഴിഞ്ഞാൽ ഈ തേൻ പുളിച്ചു തുടങ്ങും. ഇതൊഴിവാക്കാനും കൂടുതൽ കാലം കേടാകാതിരിക്കാനുമാണ് തേൻ സംസ്കരിച്ചെടുക്കുന്നത്.

45 മുതൽ 50 ഡിഗ്രി സെൽഷ്യസിൽ 25 മിനിട്ടോളം തേൻ ചൂടാക്കുമ്പോൾ തേനിന് മുകളിൽ പത രൂപപ്പെടും. ഇത് തേനിലുള്ള മെഴുകും ജലാംശവും പൊടിപടലങ്ങളുമാണ്. ഇത് എടുത്തു മാറ്റി തേനീച്ചകൾക്ക് ഭക്ഷണമായി നൽകാൻ ഉപയോഗിക്കാം. നാലോ അഞ്ചോ പ്രാവശ്യം ഇങ്ങനെ പത വെട്ടിമാറ്റുന്നതോടെ തേനിലെ ജലാംശവും അഴുക്കുകളും മാറി കിട്ടും. തേൻ നേരിട്ട് തീയിൽ വച്ച് ചൂടാക്കത്തതുകൊണ്ട് തേനിനുള്ളിൽ ഘടനാ മാറ്റം സംഭവിക്കുകയുമില്ല. സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങളിലാണ് തേൻ പിന്നീട് സൂക്ഷിക്കേണ്ടത്. ചെറുചൂടോടെ പാത്രത്തിലേക്ക് ഒഴിക്കുന്ന തേൻ ഒരിക്കലും അടപ്പ് വച്ച് അടക്കരുത് . കോട്ടൺ തുണി കൊണ്ട് വേണം പാത്രത്തിന്റെ മുകൾഭാഗം മൂടിക്കെട്ടുവാൻ. കാരണം നീരാവി തങ്ങി നിന്നാൽ തേനിൽ വീണ്ടും ജലാംശമുണ്ടാകും.

ട്രിഗോണ ഇറിഡിപിനസ്  എന്നാണ്  ചെറുതേനീച്ചയുടെ ശാസ്ത്രീയ നാമം . ഏഷ്യൻ ഉപഭൂഖണ്ഡത്തിലാണ്  ചെറുതേനീച്ച പ്രധാനമായും കാണപ്പെടുന്നത്.  ഇവ ഉൽപാദിപ്പിക്കുന്ന തേനാണു ചെറുതേൻ. വലിപ്പത്തിൽ വളരെ ചെറുതായതിനാൽ മറ്റുതേനീച്ചകൾക്ക് കടക്കാൻ കഴിയാത്ത ചെറു പുഷ്പ്ങ്ങളിലെ തേനും ഇവക്ക് ശേഖരിക്കാൻ കഴിയും. അതിനാൽത്തന്നെ ചെറുതേനിന് ഔഷധ ഗുണവും കൂടുതലാണ്.

വൻതേൻ ശേഖരിക്കുന്നത് പോലെയല്ല ചെറുതേൻ ശേഖരിക്കുന്നത്. ചെറുതേനീച്ചകൾ കുത്തി ഉപദ്രവിക്കില്ലെങ്കിലും തേൻ എടുക്കാൻ ശ്രമിക്കുമ്പോൾ അവ നമ്മെ ശല്യപ്പെടുത്തും. ഇത് ഒഴിവാക്കിയും ഈച്ചകൾ പറന്നു പോകാതെ സുരക്ഷിതമായി അവയെ സംരക്ഷിച്ചു കൊണ്ടുമാകണം ചെറുതേൻ ശേഖരിക്കുന്നത്. ഇതിന് ഒരു എളുപ്പമാർഗമുണ്ട്. വൃത്തിയായി കഴുകി, ജലാംശം ഒട്ടുമില്ലാതെ ഉണക്കിയെടുത്ത ഒരു പ്ലാസ്റ്റിക് ബോട്ടിലിന്റെ അടിവശം മുറിച്ചുമാറ്റിയ ശേഷം ആ ഭാഗം ഒരു കോട്ടൺ തുണി കൊണ്ട് മൂടി കെട്ടുക. വായുസഞ്ചാരം കുപ്പിക്കുള്ളിലേക്ക് ലഭിക്കാനാണിത്. അതിനുശേഷം കുപ്പിയുടെ അടപ്പ് വരുന്ന തുറന്ന ഭാഗം,  പെട്ടിയിൽ ഈച്ചകൾ പുറത്തേക്കിറങ്ങി വരുന്ന ഭാഗത്ത് ചേർത്തുവച്ചശേഷം  പെട്ടിയുടെ വിവിധ വശങ്ങളിൽ ഒരു സ്പൂൺ വച്ച് തട്ടി കൊടുക്കുക. ഈച്ചകൾ പെട്ടെന്നുതന്നെ കൂട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങുകയും കുപ്പിക്കുള്ളിൽ കയറി സുരക്ഷിതരായി ഇരിക്കുകയും ചെയ്യും . ഈച്ചകൾ പൂർണ്ണമായി മാറിയ ശേഷം പെട്ടിത്തുറന്ന് തേൻ ശേഖരിക്കാം.  

വൻ തേൻ ഒരു കിലോഗ്രാമിന് 350 രൂപക്കും ചെറു തേൻ ഒരു കിലോഗ്രാമിന്  2000 രൂപക്കുമാണ് അനൂപ് വിൽക്കുന്നത്. ഇതു കൂടാതെ തേനിൽ നിന്ന് മൂല്യ വർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കിയും അധിക വരുമാനം ഇദ്ദേഹം കണ്ടെത്തുന്നുണ്ട്. നിലക്കൽ ബീ ഗാർഡൻ എന്ന പേരിൽ ബ്രാൻഡ് ചെയ്താണ് ഓരോ ഉൽപ്പന്നങ്ങളും വിപണിയിൽ എത്തിക്കുന്നത്. തുളസി കുരുമുളക് തേൻ, തേൻ നെല്ലിക്ക, ബീ വാക്സ് മോയ്സ്ച്ചറൈസിങ്ങ് ക്രീം, ഹണി ഫേസ്‌പാക്ക് , കാന്താരി തേൻ, മഞ്ഞൾ തേൻ, വെളുത്തുള്ളി തേൻ, കാഷ്യു സ്ട്രോബറി ഹണി, ഹണി സോപ്പ് തുടങ്ങിയവയാണ് അനൂപ് തേനിൽ നിന്നും ഉണ്ടാക്കുന്ന മൂല്യവർധിത ഉൽപ്പന്നങ്ങൾ. സമൂഹമാധ്യമങ്ങളിലൂടെയാണ് കൂടുതൽ വിൽപ്പനയും നടക്കുന്നത്. വിദൂര ദേശങ്ങളിലേക്ക് പോലും കൊറിയർ സംവിധാനത്തിലൂടെ ഇന്ന് അനൂപിന്റെ നിലക്കൽ ഹണി ഗാർഡൻ ഉൽപ്പന്നങ്ങൾ എത്തുന്നുണ്ട്. മികച്ച വരുമാനം തന്നെയാണ് ഈ കാർഷിക സംരഭത്തിലുടെ ഓരോ വർഷവും  അനൂപിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

സംരഭകനാവാനുള്ള ആഗ്രഹത്തിന് അനൂപിന് മാർഗമായത് തേനീച്ച കൃഷിയാണ്. സാഹചര്യങ്ങൾക്ക് അനുയോജ്യമായ, ഒരു മേഖല കണ്ടെത്താൻ കഴിഞ്ഞതും, അതിനു വേണ്ടിയുള്ള പഠനവും സമർപ്പണവുമൊക്കെ ഈ ചെറുപ്പക്കാരന് സമ്മാനിച്ചതാവട്ടെ തേൻ മധൂരമുള്ള ജീവിത വിജയവും.

MORE IN NATTUPACHA
SHOW MORE