പ്രവാസജീവിതം മതിയാക്കി നാട്ടിൽ; ഇന്ന് കർഷകരുടെ പാഠപുസ്തകമായി അബ്ദുൽ റസാക്ക്

nattupacha-abdul-rasaq
SHARE

23 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി ഗൾഫിൽ നിന്ന് നാട്ടിലേക്ക് തിരിച്ച് പോരുമ്പോൾ അബ്ദുൾ റസാക്ക് ഒരിക്കലും കരുതിയില്ല, തന്റെ ജീവിതം ഇത്രമേൽ മാറി മറിയുമെന്ന് . ഗൾഫിലെ ജീവിതമത്രയും ഇംഗ്ലീഷ് മരുന്നുകളുടെ വിപണനത്തിൽ ആയിരുന്നെങ്കിൽ ഇന്ന് റസാക്കിന്റെ ജീവിതം നല്ലൊരു കർഷകൻ ആയിട്ടാണ്. കർഷകൻ എന്ന ഒറ്റ വാക്കിൽ വിശേഷിപ്പിക്കാവുന്ന ഒന്നല്ല കാർഷിക ലോകത്തെ അബ്ദുൾ റസാക്കിന്റെ പ്രവർത്തനങ്ങൾ . കൃഷിയെ സ്നേഹിക്കുന്നവർക്ക് അബ്ദുൽ റസാക്കിന്റെ വീട് ഇന്ന് ഒരു പാഠശാലയും അദ്ദേഹം നല്ലൊരു ഗുരുനാഥനുമാണ്. ഔഷധസസ്യങ്ങളുടെ സംസ്ഥാനത്തെ തന്നെ മികച്ച പ്രചാരകനും സംരക്ഷകനും ആണ് ഇദ്ദേഹം. സ്വയം ജൈവ കൃഷികൾ ചെയ്യുന്നതോടൊപ്പം മറ്റുള്ളവരെ കൊണ്ട് കൃഷി ചെയ്യിപ്പിക്കുന്നതിലും അവരെ പ്രോത്സാഹിപ്പിക്കുന്നതിലും സദാ കർമ്മ നിരതനാണ് അബ്ദുൽ റസാക്ക് . തന്റെ കൃഷിയിടത്തിൽ ഉൽപ്പാദിപ്പിക്കുന്ന വിളകളുടെ വിത്തുകൾ ആർക്കും സൗജന്യമായി ഇദ്ദേഹം നൽകും, കൃഷി നന്നായി ചെയ്യുമെന്ന ഒറ്റ വ്യവസ്ഥയിൽ.  

അത് ഉറപ്പു വരുത്തനായി വിത്തു കൊണ്ടുപോയവരുടെ കൃഷിയിടങ്ങളിൽ പോയി പരിശോധിക്കുകയും ചെയ്യും ഇദ്ദേഹം. നാടിനും വീടിനും നൻമയേകാൻ മരങ്ങൾ നട്ടുവളർത്തുക എന്ന ആശയം മറ്റുള്ളവരെക്കൊണ്ട് ചെയ്യിപ്പിക്കുകയും സ്വയം നടപ്പിലാക്കുകയും ചെയ്യും ഈ പ്രകൃതി സ്നേഹി. പരപ്പനങ്ങാടിയിലെ കർഷകരെ സംഘടിപ്പിച്ചുകൊണ്ട് രൂപീകരിച്ച പരപ്പനാട് ഫാർമേഴ്സ് ക്ലബ്ബ് , എക്കോ ഷോപ്പ് തുടങ്ങിയവയുടെ സ്ഥാപകൻ, കൃഷി പരിശീലകൻ തുടങ്ങി വിശേഷണങ്ങൾ ഇനിയുമേറെയുണ്ട് അബ്ദുൾ റസാഖിന് . ചെറുപ്പം മുതലേ മനസ്സിൽ കൃഷിയോട് ഇദേഹത്തിന് ഇഷ്ടമുണ്ടായിരുന്നെങ്കിലും ഔഷധസസ്യങ്ങളോ, കാർഷികമേഖലയിൽ ഇത്തരമൊരു വളർച്ചയോ ചിന്തയിൽ പോലുമുണ്ടായിരുന്നില്ല. വളരെ യാദൃശ്ചികമായിട്ടാണ് കാർഷിക മേഖലയിലേക്ക് അബ്ദുൽ റസാഖ് എത്തിപ്പെട്ടത്. 

പരപ്പനങ്ങാടി കോഴിക്കോട് റൂട്ടിലെ കൊടപ്പാളിയിലുള്ള പരപ്പനാട് ഹെർബൽ ഗാർഡൻ എന്ന അബ്ദുൽ റസാക്കിന്റെ വീട് ഔഷധസസ്യങ്ങളെ കുറിച്ച് അറിയാനും വളർത്താനും ആഗ്രഹിക്കുന്നവർക്കു ഏറെ ഉപകാരപ്രദമാണ്. ഔഷധ മൂല്യമുള്ളതും അത്യപൂർവവുമായതും ഉൾപ്പെടെ സ്വദേശിയും വിദേശിയുമായ അറുന്നൂറിൽപ്പരം വ്യത്യസ്ത ഇനം ഔഷധസസ്യങ്ങളാണ് അബ്ദുൽ റസാക്കിന്റെ വീടിനോട് ചേർന്നുള്ളത്. ഓരോ ഔഷധസസ്യങ്ങളും ചട്ടിയിൽ വളർത്തി അതിന്റെ പേരും, ഏതൊക്കെ രോഗങ്ങൾക്കുള്ള ചികിത്സയ്ക്കു ഉപയോഗിക്കുന്നുവെന്നും, ചെടിയുടെ ഏതൊക്കെ ഭാഗങ്ങളാണ് അതിനുവേണ്ടി എടുക്കുന്നതെന്നും ബോർഡ് അടക്കം സ്ഥാപിച്ചിരിക്കുന്നു. സമയമെടുത്തും, ഏറെ അന്വേഷിച്ചു നടന്നും, വലിയ വിലകൊടുത്തും ഒക്കെയാണ് ഇത്തരത്തിലുള്ള ഔഷധസസ്യങ്ങളുടെ ശേഖരം അബ്ദുൽറസാഖ് ഉണ്ടാക്കിയെടുത്തത്

വീടിരിക്കുന്ന 60 സെന്റ് സ്ഥലത്താണ് ഹെർബൽ ഗാർഡൻ ഒരുക്കിയിരിക്കുന്നത് . സ്ഥലം ലഭിക്കാനായി കൂടുതൽ ഔഷധസസ്യങ്ങളും മതിലിനോട് ചേർത്ത് സ്റ്റാൻഡ് ഒരുക്കിയാണ് ക്രമീകരണം. ഔഷധസസ്യങ്ങൾക്ക് തണലൊരുക്കാൻ ഷെയ്ഡ് നെറ്റും മഴമറയും ഒക്കെയുണ്ട്. ഹെർബൽ ഗാർഡൻ സദാസമയം സംഗീതസാന്ദ്രമാണ്. മുകളിൽനിന്ന് തൂക്കിയിട്ടിരിക്കുന്ന ചെടിച്ചട്ടികൾ ഉള്ളിലാണ് സ്പീക്കറുകൾ. ചെടികൾ സംഗീതം ആസ്വദിക്കുന്നവരാണെന്നും അതിന്റെ ഫലം ചെടികളുടെ വളർച്ചയിൽ കാണാമെന്നും അബ്ദുൽ റസാഖ് പറയുന്നു.

ഭാരതീയ സങ്കൽപമനുസരിച്ച് ആയുസ്സും ഐശ്വര്യവും സമ്പത്തും വർദ്ധിക്കുന്നതിന് ഓരോ ജന്മനക്ഷത്രങ്ങൾക്കും വൃക്ഷങ്ങൾ ഉണ്ട്. ഇത്തരം വൃക്ഷങ്ങൾ പ്രത്യേകം ബോർഡെഴുതി തരംതിരിച്ചു വച്ചിരിക്കുന്നു. ഒപ്പം നവഗ്രഹ വൃക്ഷങ്ങളും രാശി വൃക്ഷങ്ങളും. വിശ്വാസത്തെ പ്രതിയാണെങ്കിലും ഓരോ വീട്ടിലും ഒരു മരമെങ്കിലും നടണം എന്നുള്ളതാണ് അബ്ദുൽ റസാഖ് ഇങ്ങനെ പ്രത്യേകം മരങ്ങൾ തരംതിരിച്ചു വെക്കാനുള്ള കാരണം

സോമലത, അണലി വേഗം, ഏക നായകം, മരമഞ്ഞൾ, പുത്രൻ ജീവ, ആരോഗ്യ പച്ച , കൃഷ്ണനാൽ, കടമ്പ് , നീല കൊടുവേലി, ഷുഗർ വള്ളി, കമണ്ഡലു തുടങ്ങി ഔഷധ സസ്യങ്ങളുടെ നിര അങ്ങനെ നീളും. ഔഷധ സസ്യങ്ങളെക്കുറിച്ചുള്ള അറിവുകൾ സാധാരണക്കാരനിലേക്ക് എത്തിക്കാനാണ് അബ്ദുൽ റസാഖ് ഇത്തരമൊരു ഗാർഡൻ തുടങ്ങിയത്

സാധ്യമാകുന്ന ഔഷധസസ്യങ്ങളിൽ നിന്നെല്ലാം തൈകൾ ഉല്പാദിപ്പിക്കുന്നുണ്ട് അബ്ദുൽ റസാഖ്. ഔഷധസസ്യങ്ങളുടെ പ്രചാരണത്തിനുവേണ്ടി കാര്യമായ ലാഭം എടുക്കാതെ ഉല്പാദനച്ചെലവ് മാത്രം കണക്കാക്കിയാണ് ഇത്തരം തൈകൾ അബ്ദുൾറസാഖ് മറ്റുള്ളവർക്ക് നൽകുന്നത്. ഔഷധസസ്യങ്ങളോടുള്ള  ഇഷ്ടമറിഞ്ഞ് നിരവധി ആളുകൾ ഔഷധസസ്യങ്ങൾ ഇദ്ദേഹത്തിന് എത്തിച്ചും നൽകുന്നുണ്ട്. കോഴിക്കോട് എയർപോർട്ട്, സർക്കാർ ആശുപത്രികൾ, സ്കൂളുകൾ, കോളേജുകൾ തുടങ്ങി നിരവധി സ്ഥാപനങ്ങളിൽ അബ്ദുൽ റസാഖ് ഔഷധച്ചെടികൾ സൗജന്യമായി നൽകി ഔഷധത്തോട്ടങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്.  ഇതെല്ലാം നല്ലരീതിയിൽ നടക്കുന്നുണ്ടെന്ന് ഇദ്ദേഹം പോയി ഇടക്കിടെ ഉറപ്പുവരുത്തുകയും ചെയ്യും. സ്കൂൾ വിദ്യാർത്ഥികൾ, ഔഷധസസ്യ ഗവേഷകർ , വൈദ്യശാസ്ത്ര വിദ്യാർത്ഥികൾ, പരിസ്ഥിതി പ്രവർത്തകർ തുടങ്ങി സാധാരണക്കാർക്ക് വരെ ഔഷധസസ്യങ്ങളെക്കുറിച്ച് പഠിക്കാൻ നല്ല ഒരു കേന്ദ്രമാണ് പരപ്പനാട് ഹെർബൽ ഗാർഡൻ.

ഔഷധസസ്യങ്ങൾ കൂടാതെ നിരവധി ഫല വൃക്ഷതൈകളുടെ ഒരു നഴ്സറിയും ഇതോടൊപ്പം അബ്ദുൽ റസാഖ് നടത്തുന്നുണ്ട്. ജൈവ കർഷകർക്കാവശ്യമായ വിത്തുകൾ, ജൈവവളങ്ങൾ , മറ്റ് കാർഷിക സാമഗ്രികൾ എന്നിവയുടെ വിപണനത്തിനുള്ള എക്കോ ഷോപ്പിൽ പ്രദേശത്തെ കർഷകരുടെ ജൈവ കാർഷിക ഉൽപന്നങ്ങൾ ഇടനിലക്കാരുടെ ചൂഷണം ഇല്ലാതെ വിറ്റഴിക്കാം.

പരപ്പനാട് ഫാർമേഴ്സ് ക്ലബ് എന്ന പേരിൽ ഒരു കർഷക കൂട്ടായ്മയും രൂപികരിച്ചിട്ടുണ്ട് അബ്ദുൾ റസാക്ക്. സംസ്ഥാനത്തുടനീളം ഉള്ള നിരവധി കർഷകർ ഈ ക്ലബിൽ അംഗങ്ങളാണ്. നബാർഡിന്റെ അംഗീകാരമുള്ള ഈ ക്ലബിനേ തേടി കാർഷിക മേഖലയിലെ നിരവധി പുരസ്കാരങ്ങളും എത്തിയിട്ടുണ്ട്. ക്ലബിന്റെയും ഹെർബൽ ഗാർഡന്റെയും ആഭിമുഖ്യത്തിൽ കർഷകർക്കായി വിവിധ വിഷയങ്ങളിൽ അതാത് മേഖലകളിലെ വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് പരിശീലന ക്ലാസ്സുകളും ഇവിടെ ഇടക്കിടെ നടക്കും.സമൂഹ മാധ്യമങ്ങളിലടക്കം പരപ്പനാട് ഫാർമേഴ്സ് ക്ലബ് എന്ന ഈ കാർഷിക ഗ്രൂപ്പ് ഏറെ സജീവമാണ്.

മണ്ണിരകമ്പോസ്റ്റ്, പൈപ്പ് കമ്പോസ്റ്റ് , ബയോഗ്യാസ്,തുള്ളിനന തുടങ്ങി നൂതന കൃഷിയുടെ മാതൃകകൾ ഇവിടെ എത്തുന്നവർക്ക് കണ്ടു പഠിക്കാനായി അബ്ദുൾ റസാക്ക് ഹെർബൽ ഗാർഡനോട് ചേർന്ന് ക്രമീകരിച്ചിട്ടുണ്ട്. നാടൻ കോഴി, ടർക്കി, വാത്ത, താറാവ് തുടങ്ങിയവയും ഗാർഡന്റെ ഒരു ഭാഗത്ത് പ്രേത്യേകം വേലി കെട്ടി തിരിച്ച് വളർത്തുന്നു.

ഇതിനു പുറമെ നെൽകൃഷി, വാഴ, ജൈവപച്ചക്കറികൾ എന്നിവ സ്വന്തമായും പ്രദേശത്തെ കർഷകരെ സംഘടിപ്പിച്ചും കൃഷി ചെയ്യുന്നുണ്ട് ഇദ്ദേഹം. കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി 2014-15 ൽ സംസ്ഥാന സർക്കാരിന്റെ കർഷക മിത്ര അവാർഡ് അബ്ദുൾ റസാക്കിനാണ് ലഭിച്ചത്.

ഔഷധ സസ്യങ്ങളുടെ പരിപാലനത്തിലും കൃഷിയിലും എല്ലാം ഭാര്യയും മൂന്നു മക്കളും പൂർണ പിന്തുണയുമായി ഒപ്പമുണ്ട്. മൂത്ത മകൻ റഷാദ് ഗൾഫിലുണ്ടായിരുന്ന ഇലക്ട്രോണിക്സ് ബിസിനസ് പോലും ഉപേക്ഷിച്ച് ഇന്ന് പിതാവിനൊപ്പം കൃഷിയിൽ സജീവമായി കഴിഞ്ഞു.

പ്രകൃതിയോടും കൃഷിയോടുമുള്ള ആത്മാർത്ഥമായ ഇഷ്ടവും സമർപ്പണവുമാണ് അബ്ദുൾ റസാക്ക് എന്ന കർഷകന്റെ വളർച്ചക്ക് കാരണം. ഒറ്റയാൻ പോരാട്ടത്തിലൂടെ തുടങ്ങി ഇന്ന് ഒരു പ്രദേശത്തെ കാർഷിക മുന്നേറ്റത്തിന്റെ മുൻനിരക്കാരാനായി മാറി കഴിഞ്ഞിരിക്കുന്നു അബ്ദുൾ റസാക്ക്.

MORE IN NATTUPACHA
SHOW MORE