നാടിന്റെ മുഖമായി മാറിയ കൃഷി; ഇത് കോതമംഗലം ഗ്രീൻ സിറ്റിയുടെ കഥ

nattupacha
SHARE

ഫലഭൂയിഷ്ഠമായ മണ്ണിൽ, പകലന്തിയോളം അധ്വാനിക്കുന്ന കർഷകർ, ഏറെയുള്ള സ്ഥലമാണ് എറണാകുളത്തിന്റെ കിഴക്ക് മലയോര മേഖലയായ കോതമംഗലം. പച്ചക്കറികളും പഴ ഫലവർഗങ്ങളും സുഗന്ധ വ്യഞ്ജനങ്ങളും കൊണ്ട് സമൃദ്ധമാണ് ഈ ദേശം. മറ്റ് ഏതൊരു സ്ഥലത്തെയും കർഷകരെ പോലെ തന്നെ ഉൽപാദിപ്പിക്കുന്ന വിളകൾക്ക് ഇടനിലക്കാരുടെ ചൂക്ഷണം മൂലം ന്യായവില ലഭിക്കാത്ത അവസ്ഥയായിരുന്നു ഇവിടുത്തെ കർഷകർക്കും.

കർഷകരെ സഹായിക്കാൻ കൃഷി വകുപ്പ് പല പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെങ്കിലും പൂർണ്ണ തോതിൽ അതിന്റെ ഫലം ലഭിക്കുന്നുമില്ല. ഈ ഒരു സാഹചര്യത്തെ എങ്ങനെ അതിജീവിക്കാം എന്ന് കോതമംഗലത്തെ കൃഷി വകുപ്പിലെ അസി. ഡയറക്ടർ ലിസി ആന്റണിയുടെ ചിന്തകൾ വലിയൊരു മാറ്റത്തിനാണ് തുടക്കം കുറിച്ചത്.

കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ വിവിധ ഘടക പദ്ധതികൾ ഒരു കുടക്കീഴിൽ ഒരുമിച്ച് തുടങ്ങിയാൽ അത് കർഷകർക്ക് ഏറെ ഗുണപ്രദമാകുമെന്ന് ലിസി ആന്റണിക്ക് ഉറപ്പായിരുന്നു. കൃഷി വകുപ്പിന്റെ വിവിധ പദ്ധതികൾക്കുള്ള ഫണ്ട് ഇതിനായി ശരിയാക്കിയപ്പോഴും അനുയോജ്യമായ സ്ഥലം കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടേണ്ടി വന്നു ലിസി ആന്റണിക്ക്.

ഒടുവിൽ മുൻപ് കാളച്ചന്ത നടന്നിരുന്ന, പിന്നീട് മാലിന്യങ്ങൾ നിക്ഷേപിക്കാൻ ഉപയോഗിച്ചിരുന്ന കാളവയൽ എന്നറിയപ്പെട്ടിരുന്ന മുൻസിപ്പാലിറ്റിയുടെ ഒരു സ്ഥലം കണ്ടെത്തി. പദ്ധതി കർഷകർക്ക് ഗുണപ്രദമാകുമെന്ന് ബോധ്യമായതോടെ മുൻസിപ്പാലിറ്റി സ്ഥലം വിട്ടു നൽകി.

കാട് പിടിച്ച് കുന്നായിരുന്ന സ്ഥലം വൃത്തിയാക്കിയെടുത്ത് ആണ് ഗ്രീൻ സിറ്റി പദ്ധതിക്ക് തുടക്കമിട്ടത്. കോതമംഗലം ബ്ലോക്ക്  പഞ്ചായത്തിനു കീഴിൽ കോതമംഗലം മുൻസിപാലിറ്റിയുമായി സഹകരിച്ച് ആണ് ഗ്രീൻ സിറ്റിയുടെ പ്രർത്തനം. ബ്ലോക്ക് ലെവൽ ഫെഡറേറ്റഡ് ഓർഗനൈസേഷൻ എന്നാണ് കൃഷി വകുപ്പ് ഇത്തരം പദ്ധതികൾക്ക് നൽകിയിരിക്കുന്ന പേര്. നിലവിൽ കൃഷി വകുപ്പിന്റെ 6 ഓളം പദ്ധതികളാണ് ഈ ഒരു കുടക്കീഴിൽ ഉള്ളത്.

2017ൽ പച്ചക്കറി തൈ ഉൽപ്പാദന നഴ്സറിയാണ് ആദ്യം തുടങ്ങിയത്. വെണ്ട, വറ്റൽമുളക്, തക്കാളി, രണ്ടു തരത്തിലുള്ള വയലറ്റ് വഴുതന, കത്രിക്ക, വെള്ള കാന്താരി, കാരറ്റ് , ബീറ്റ്റൂട്ട്, നാടൻ വഴുതന, കാന്താരി, പാലക്ക് ചീര, പച്ചമുളക്, കാപ്സിക്കം, വെള്ള കത്രിക്ക, ബെന്തി ചെടി, പയർ, എന്നിവയുടെ തൈകളാണ് നിലവിൽ ഉൽപാദിപ്പിച്ചു നൽകുന്നത്. 2018- 19ൽ മാത്രം 9 ലക്ഷം തൈകൾ ഇവിടെ നിന്ന് ഉൽപ്പാദിപ്പിച്ചു നൽകി. ഇത് കൂടാതെ കർഷകർക്ക് പച്ചക്കറി വിത്തുകൾ പാക്കറ്റിലാക്കിയും വിപണനം ചെയ്യുന്നുണ്ട്. സർക്കാർ നിശ്ചയിച്ച നിരക്കിലാണ് തൈകളുടെ വിൽപ്പന. എല്ലാ ഇനം തൈകൾക്കും 2 രൂപ 20 പൈസയാണ് വില.

ആവശ്യക്കാർക്ക് ഗ്രോ ബാഗുകൾ മാത്രമായും ഗ്രോ ബാഗുകളിൽ പോട്ടി മിശ്രിതം നിറച്ച് 2 തൈകൾ വീതം വച്ചും ഇവിടെ നിന്ന് ലഭിക്കും. 80 രൂപ നിരക്കിൽ ആണ് ഗ്രോബാഗുകൾ വിൽക്കുന്നത്. നഴ്സറിയുടെ പ്രവർത്തനം തുടങ്ങിയ അതേ വർഷം തന്നെ പച്ചക്കറി മാർക്കറ്റും തുടങ്ങി. കർഷകരുടെ ഉൽപന്നങ്ങൾ ന്യായമായ വിലക്കു വിറ്റഴിക്കാൻ ലേല അടിസ്ഥാനത്തിലാണ് പച്ചക്കറികളുടെ വിൽപ്പന.

നിലവിലെ മാർക്കറ്റ് വിലയാണ് അടിസ്ഥാന വില. വിപണിയുമായി അടുത്ത ബന്ധമുള്ള കർഷകരുടെ ഒരു സമിതിയാണ് മാർക്കറ്റിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ലേലക്കാരനും കർഷകൻ തന്നെ. മട്ടുപ്പാവിലും അടുക്കള തോട്ടത്തിലുമൊക്കെയായി പച്ചക്കറികൾ കൃഷി ചെയ്യുന്നവർ മുതൽ വൻകിട പച്ചക്കറി കർഷകരുടെ വരെ കാർഷിക ഉൽപ്പന്നങ്ങൾ ഇടനിലക്കാരുടെ ചൂഷണമില്ലാതെ ഇവിടെ വിൽക്കാം. പച്ചക്കറികൾ, പഴവർഗങ്ങൾ, കിഴങ്ങുവിളകൾ, മുട്ട തുടങ്ങി ഏത് കാർഷിക ഉൽപ്പന്നങ്ങളും എത്ര അളവുണ്ടെങ്കിലും കർഷകർക്ക് ഇവിടെ എത്തിക്കാം. ഓരോ കർഷകന്റെയും ഉൽപ്പന്നങ്ങൾ തൂക്കം രേഖപ്പെടുത്തി കുറിപ്പിട്ടാണ് ലേലത്തിന് വക്കുന്നത്.

ലേലം കഴിഞ്ഞ് ബില്ല് ആയാലുടൻ കർഷകന് പണവും രൊക്കം ലഭിക്കും. കർഷകന്റെ ഉൽപ്പന്നങ്ങൾക്ക് വിപണി വിലയിലും കൂടുതൽ ലഭ്യമാക്കാൻ കഴിയുന്നുണ്ട് ഈ മാർക്കറ്റിലൂടെ . എല്ലാ തിങ്കളാഴ്ച്ചകളിലും ഉച്ചകഴിഞ്ഞ് 3 മണി മുതൽ 8 മണി വരെയാണ് മാർക്കറ്റിന്റെ പ്രവർത്തനം .

ഏറ്റവും ഫ്രഷ് ആയ തനി നാടൻ ജൈവ ഉൽപ്പന്നങ്ങൾ ആണ് ഇവിടെ നിന്ന് ലഭിക്കുന്നത്. പ്രദേശത്തെ വീടുകളിലുള്ളവരും നഗരങ്ങളിലെ പച്ചക്കറി കച്ചവടക്കാരും ഒക്കെ കിഴക്കൻ മലയോര മണ്ണിന്റെ വിഭവങ്ങൾ വാങ്ങാൻ ഇവിടെ എത്തുന്നുണ്ട്. ശരാശരി 3 ലക്ഷം രൂപയുടെ പച്ചക്കറി ഉൽപ്പന്നങ്ങളാണ് ഏതാനും മണിക്കുറുകളുടെ കച്ചവടത്തിലൂടെ ഇവിടെ വിറ്റഴിയുന്നത്.

വിപണിയിൽ എത്തിക്കുന്ന പച്ചക്കറികളിൽ എന്തെങ്കിലും മിച്ചം വന്നാൽ കേടാകാതെ സൂക്ഷിക്കാനുള്ള പ്രകൃതി ദത്ത ശീതികരണ സംവിധാനവുമുണ്ട്   ഇവിടെ.  ഇഷ്ടിക, മണ്ണുപയോഗിച്ച് 2 നിരകളായി അറ പോലെ കെട്ടിയെടുത്ത്, ഇഷ്ടികകൾക്കിടയിലുള്ള പൊളളയായ ഭാഗത്ത് മണൽ നിറച്ചാണ് ഈ ശീതികരണി നിർമ്മിച്ചിരിക്കുന്നത്.

മണലിൽ ഈർപ്പം നിലനിർത്താനായി തുള്ളി നനക്കുള്ള സംവിധാനമുണ്ട്. അറയുടെ അടിഭാഗത്തും മണൽ വിരിച്ച് ഉണങ്ങിയ ഇലകൾ നിരത്തിയിരിക്കുകയാണ്. ഈർപ്പം ഇവിടെയും ഉണ്ട്. മെടഞ്ഞെടുത്ത ഓല കൊണ്ടാണ് ശീതികരണ അറ അടച്ചു വയ്ക്കുന്നത്.

4 ദിവസം വരെ പച്ചക്കറികൾ ഒട്ടും വാടാതെ ഫ്രഷ്നെസ്സോടെ ഈ അറയിൽ സൂക്ഷിക്കാം. വൈദ്യതി ആവശ്യമില്ലാത്ത സീറോ എനർജി കൂൾ ചേംബർ എന്നാണിതിന്റെ പേര്.

പച്ചക്കറി തൈ ഉൽപാദനത്തിനാവശ്യമായ വിത്തുകൾക്കായി വിവിധയിനം പച്ചക്കറി കൃഷികൾ മാറിമാറി ചെയ്യുന്നുണ്ടിവിടെ. കുറ്റിപ്പയർ ആണ് നിലവിൽ ഇവിടെ കൃഷി ചെയ്തിരിക്കുന്നത്. ഇനി പച്ചക്കറി ഏറ്റവും ഫ്രഷ് ആയി ആവശ്യമുളളവർക്ക് നേരിട്ട് ഇവിടുത്തെ കൃഷിയിടത്തിൽ നിന്ന് പറിച്ചെടുക്കാനും സൗകര്യമുണ്ട്. പച്ചമുളക്, തക്കാളി, വഴുതന, കാബേജ് , കോളി ഫ്ലവർ വെണ്ട, ചീര തുടങ്ങിയവ ഇവിടെ ഗ്രോ ബാഗുകളിലും അല്ലാതെയുമായി ഇതിനു വേണ്ടി കൃഷി ചെയ്തിരിക്കുന്നു.

നൂതന കൃഷി മാർഗങ്ങൾ അറിയാനും പഠിക്കാനുമുള്ള സൗകര്യവും ഇവിടെയുണ്ട്. തുള്ളി നന, കുറഞ്ഞ ജലത്തിന്റെ ഉപയോഗത്തിലൂടെ വെള്ളവും വളവും ഒരുമിച്ചു നൽകാവുന്ന തിരിനന എന്നീ സംവിധാനങ്ങളിലൂടെ കൃഷി ചെയ്തിരിക്കുന്നത് ഇവിടെ കാണാം. അടുക്കള തോട്ടത്തിന്റെ നൂതന പ്രദർശന മാതൃകയുമുണ്ട് ഇവിടെ. വളരെ ചുരുങ്ങിയ സ്ഥല പരിമിതിക്കുള്ളിൽ 30 ഇനം പച്ചക്കറികൾ കൃഷി ചെയ്യാവുന്ന മോഡുലാർ കിച്ചൺ ഗാർഡൻ, പ്രായമായവർക്ക് അധികം കുനിഞ്ഞു നിൽക്കാതെ കൃഷി ചെയ്യാവുന്ന മാതൃക എന്നിവയെല്ലാം ഇവിടെ പഠന സൗകര്യാർത്ഥം ഒരുക്കിയിട്ടുണ്ട്.

കർഷകർക്ക് ഏറെ ഗുണപ്രദമായ ഇത്തരമൊരു പദ്ധതി വിജയകരമായി നടപ്പാക്കിയതിന് 2017- 18 വർഷത്തെ സംസ്ഥാനത്തെ മികച്ച അസി. ഡയറക്ടർക്കുള്ള കൃഷി വകുപ്പിന്റെ പുരസ്കാരം ലഭിച്ചു ലിസി ആൻ്റണിക്ക് .

കൃഷിവകുപ്പിന് കീഴിൽ സംസ്ഥാനതലത്തിൽ ആദ്യമായാണ് ഒരുകുടക്കീഴിൽ കർഷകന് വേണ്ട എല്ലാകാര്യങ്ങളും ഒരുമിച്ചുവരുന്ന ഒരു പദ്ധതി ഇങ്ങനെ നടപ്പിലായത്. ഇന്ന് പൂർണ വിജയവും സംസ്ഥാനത്തിന് അനുകരണീയ മാതൃകയുമാണ് ഈ പദ്ധതി.

MORE IN NATTUPACHA
SHOW MORE