പ്രളയസഹായത്തിന് കാത്തില്ല; സ്വയം അതിജീവിച്ച് ചൂർണിക്കര; മാതൃക

choornikkara
SHARE

പെരിയാറിന്റെ കൈവഴിയായ ചൂർണി പുഴ കരകവിഞ്ഞതു മൂലം 6 മീറ്ററോളം ഉയരത്തിലാണ് പ്രദേശത്ത് വെള്ളം ദിവസങ്ങളോളം കെട്ടി നിന്നത്. പച്ചക്കറികളും വാഴയും അടക്കമുള്ള കൃഷികൾ പൂർണമായും നശിച്ചു.

2018 ഓഗസ്റ്റ് മാസത്തിൽ ഉണ്ടായ പ്രളയം കാർഷിക കേരളത്തിലുണ്ടാക്കിയ നഷ്ടങ്ങളുടെ വ്യാപ്തി വളരെ വലുതാണ്. ഇതിൽ നിന്ന് കരകയറാനും സർക്കാരിന്റെ സഹായ പദ്ധതികൾ നടപ്പിലായി വരാനും സമയം ഏറെ എടുക്കും. എന്നാൽ ഇതിനൊന്നും കാത്തുനിൽക്കാതെ തങ്ങളുടെ പ്രദേശത്തെ കർഷകരെ തിരികെ കൃഷിയിലേക്ക് എത്തിക്കാനും നിലവിലുള്ള വിളകളെ സംരക്ഷിക്കാനുമായി ഒരു കൃഷിഭവനും അവിടത്തെ പഞ്ചായത്ത് ഭരണാധികാരികളും ചേർന്ന് നടത്തിയ പ്രവർത്തനങ്ങൾ ഇന്ന് സംസ്ഥാനത്തിന് തന്നെ മാതൃകയാണ്

കേരളത്തെ ഒന്നടങ്കം വിഴുങ്ങിയ പ്രളയം, ഏറ്റവും കൂടുതൽ ബാധിച്ച സ്ഥലങ്ങളിൽ ഒന്നാണ് ആലുവക്കടുത്തുള്ള ചൂർണിക്കര പഞ്ചായത്ത്. പഞ്ചായത്തിലെ 18 വാർഡുകളിൽ 16 വാർഡുകളും പ്രളയജലത്തിൽ മുങ്ങി. പെരിയാറിന്റെ കൈവഴിയായ ചൂർണി പുഴ കരകവിഞ്ഞതു മൂലം 6 മീറ്ററോളം ഉയരത്തിലാണ് പ്രദേശത്ത് വെള്ളം ദിവസങ്ങളോളം കെട്ടി നിന്നത്. പച്ചക്കറികളും വാഴയും അടക്കമുള്ള കൃഷികൾ പൂർണമായും നശിച്ചു. തെങ്ങ്, ജാതി പോലുള്ള വിളകൾ രോഗബാധിതമായി. കയറിക്കിടക്കാൻ സ്വന്തമായി ഉണ്ടായിരുന്ന വീടുകൾ പോലും തകർന്ന കർഷകർക്ക് അവരുടെ വരുമാനമാർഗ്ഗമായ കൃഷിയുടെ കൂടി തകർച്ച താങ്ങാവുന്നതിനും അപ്പുറമായിരുന്നു. പതിറ്റാണ്ടുകൾക്കുമുമ്പ് കൃഷിയുടെ പച്ചപ്പ് കൊണ്ട് സമൃദ്ധമായിരുന്ന ചൂർണിക്കര ദേശം നഗരവത്കരണത്തിന്റെ സ്വാധീനവും കൃഷി നഷ്ടം മൂലവും പതുക്കെ കൃഷിയിൽനിന്നും മാറിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചുവർഷങ്ങളായി കൃഷിയുടെ നന്മകളിലേക്ക് ജനകീയ കൂട്ടായ്മയിലൂടെ തിരിച്ചുവരവ് നടത്തിക്കൊണ്ടിരിക്കുകയായിരുന്നു ചൂർണിക്കര പഞ്ചായത്ത്. ആ തിരിച്ചുവരവിന് കനത്ത ആഘാതമായി മാറി പ്രളയം. 

പ്രളയത്തെ അതിജീവിക്കാനുള്ള സർക്കാരിന്റെ സഹായ പദ്ധതികൾക്ക് കാത്തു നിന്നാൽ അവശേഷിക്കുന്ന വിളകൾ കൂടി നാശമാകും. മാത്രമല്ല അടിഞ്ഞുകൂടിയ എക്കൽ ഗുണത്തേക്കാളേറെ ദോഷവുമാകും. എല്ലാം നഷ്ടപ്പെട്ട കർഷകർക്ക് അധികനാൾ പിടിച്ചുനിൽക്കാനും കഴിയില്ല. ഈയൊരു തിരിച്ചറിവ് അധികാരികൾക്ക് ആദ്യമേ ഉണ്ടായിരുന്നു. നാടിനെ വിറപ്പിച്ച പ്രളയത്തിനു മുമ്പിൽ തോൽക്കാൻ ചൂർണ്ണിക്കര പഞ്ചായത്തിലെ ജനങ്ങളോ അധികാരികളോ തയ്യാറായില്ല. ഒരേ മനസ്സോടെ എല്ലാവരും ഉണർന്നു . നാശനഷ്ടങ്ങളും, വിളകളെ ബാധിച്ച രോഗങ്ങളും, മണ്ണിന് സംഭവിച്ച ഘടനാപരമായ മാറ്റവുമെല്ലാം പഠനവിധേയമാക്കി. നാശനഷ്ടങ്ങൾക്ക് അപ്പുറം പ്രളയം ബാക്കിവച്ച നല്ല കാര്യങ്ങൾ എന്തെങ്കിലും ഉണ്ടോ എന്ന് അന്വേഷണമായിരുന്നു ആദ്യം .

ശാസ്ത്രീയമായ പഠനങ്ങൾക്കും കൃത്യമായ നിരീക്ഷണങ്ങൾക്കും ശേഷം ചൂർണിക്കര പ്രദേശത്തെ കൃഷിയുടെ വീണ്ടെടുപ്പിന് വേണ്ടി ചൂർണിക്കര കൃഷി ഓഫീസർ ജോൺ ഷെറി അധികാരികൾക്കു മുമ്പിൽ ചൂർണിക്കര കാർഷിക പാക്കേജ് എന്നപേരിൽ പ്രത്യേക പദ്ധതി അവതരിപ്പിച്ചു. പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും പ്ലാൻ ഫണ്ടിൽനിന്നും ആവശ്യമായ തുക ലഭ്യമാക്കാനും ചുവപ്പുനാടകളിൽ കുരുങ്ങാതെ അനുമതികൾ പെട്ടെന്ന് ലഭ്യമാക്കാനും പഞ്ചായത്ത് അധികൃതരും കൃഷി ഓഫീസറും അഹോരാത്രം പരിശ്രമിച്ചു.

പഞ്ചായത്തിലെ പ്രധാന വിളകളിൽ ഒന്നായ തെങ്ങിന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിന് ആയിരുന്നു പ്രാഥമിക പരിഗണന. മിക്ക സ്ഥലങ്ങളിലും രണ്ടടി വരെ കനത്തിലാണ് എക്കൽ തെങ്ങിന്റെ ചുവടുകളിൽ അടിഞ്ഞുകൂടിയത്. തെങ്ങിൻ ചുവട്ടിലെ മണ്ണിൽ വായുസഞ്ചാരം ഇല്ലാതെവന്നാൽ തെങ്ങിന്റെ ആരോഗ്യം ക്ഷയിക്കുകയും കായ പൊഴിച്ചിൽ ഉണ്ടാവുകയും മഞ്ഞളിപ്പ് രോഗം ബാധിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ ചുരുങ്ങിയ സമയം കൊണ്ട് എക്കൽ തെങ്ങിൻ ചുവട്ടിൽ നിന്ന് നീക്കം ചെയ്ത് ചുറ്റും തടം തുറന്ന് വായുസഞ്ചാരം ഉറപ്പാക്കുകയായിരുന്നു ഏറ്റവും അത്യാവശ്യം. ചൂർണിക്കര കൃഷിഭവന് കീഴിലുള്ള കാർഷിക കർമ്മസേനയെ കൃഷിയിടങ്ങളിൽ ഇറക്കി ഒരുമാസം കൊണ്ട് പഞ്ചായത്തിലെ അയ്യായിരത്തോളം തെങ്ങളുടെ തടം തുറന്നു. തുടർന്ന് തെങ്ങിന്റെ പോഷണത്തിനും അതിജീവനത്തിനും ആവശ്യമായ മൂലകങ്ങളും വളങ്ങളും കൃഷിഭവൻ സൗജന്യമായി നൽകി.

ചൂർണി പുഴയുടെ കരയിലുള്ള പള്ളിക്കേരി പാടത്ത് പ്രളയസമയത്ത് കുല വെട്ടിയെടുക്കാൻ പാകമായ വാഴകളുടെ കൃഷിയായിരുന്നു ഉണ്ടായിരുന്നത്. വാഴകൾ പൂർണമായി നശിച്ചു പോവുക മാത്രമല്ല ധാരാളമായി എക്കൽ ഇവിടെ വന്ന് അടിയുകയും ചെയ്തു. അടിഞ്ഞുകൂടിയ എക്കലിനെ എങ്ങനെ ഗുണപ്രദം ആക്കാം എന്നുള്ള ആലോചനയിലാണ് ഇവിടെ വിവിധയിനം പച്ചക്കറികളുടെ കൃഷിയും വാഴകൃഷിയും പുനരാരംഭിച്ചത്.

കർഷകരുടെ സ്വന്തം ഭൂമിയിലും പാട്ടത്തിനെടുത്ത സ്ഥലത്തുമായി 15 ഏക്കറിലാണ് പച്ചക്കറികളുടെ കൃഷി. പയർ, മത്തൻ, കുമ്പളം, വെണ്ട, ചീര, വഴുതന, ചുരക്ക, പീച്ചിൽ തുടങ്ങിയ പച്ചക്കറികളും ഏത്തവാഴയും ആണ് ചൂർണിക്കര കാർഷിക പാക്കേജ് പദ്ധതിയിലുൾപ്പെടുത്തി കർഷകർ കൃഷി ചെയ്തിരിക്കുന്നത്. കൃഷിക്കാവശ്യമായ വിത്തുകൾ, വളം തുടങ്ങിയവയെല്ലാം കൃഷിഭവനിൽ നിന്ന് സൗജന്യമായി കർഷകർക്ക് നൽകി. മികച്ച വിളവാണ് ഇവിടെ പച്ചക്കറി കൃഷിക്ക് കർഷകർക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. പച്ചക്കറികൾ വിളവെടുത്ത് കർഷകർക്ക് നല്ല വരുമാനം ലഭിച്ചു തുടങ്ങി.

22 വർഷത്തോളം തരിശു കിടന്ന ചൂർണിക്കരയിലേ കട്ടേപ്പാടം പാടശേഖരം പ്രളയജലത്തിൽ മുങ്ങിപ്പോയ സ്ഥലമാണ്. ചെളിയടിഞ്ഞ ഈ പാടശേഖരത്തിന്റെ വീണ്ടെടുപ്പാണ് നെൽകൃഷിയിലുടെ ഇന്ന് ഇവിടെ നടത്തിയിരിക്കുന്നത്. വിശദമായ മണ്ണ് പരിശോധന നടത്തിയാണ് ഇവിടെ കൃഷിയറക്കിയിരിക്കുന്നത്. ഭൂവുടമകളിൽ നിന്ന് പാട്ടത്തിനെടുത്ത പാടത്ത്, പ്രദേശത്തെ 17 ചെറുപ്പക്കാർ ചേർന്ന് രൂപീകരിച്ച അടയാളം എന്ന പുരുഷ സ്വയം സഹായ സംഘമാണ് ഇവിടെ കൃഷി ചെയ്യുന്നത്.

ഉമ ഇനത്തിൽ പെട്ട നെൽ വിത്താണ് ഇവിടെ കൃഷി ചെയ്തിരിക്കുന്നത്. നല്ല കൃഷി മുറകൾ അഥവാ good Agricultural practice ആണ് ഇവിടെ നടപ്പാക്കിയിരിക്കുന്ന കൃഷിരീതി. നിലം ഒരുക്കുന്നതു മുതൽ വിളവ് എടുക്കുന്നതു വരെയുള്ള കൃഷി ചിലവിന്റെ 90%വും കൃഷിഭവൻ സബ്സിഡിയായി കർഷകർക്ക് നൽകുന്നു. കൂടാതെ കൃഷിക്കാവശ്യമായ സാങ്കേതിക ഉപദേശങ്ങളും പരിശോധനകളുമെല്ലാം കൃഷി ഭവനിൽ നിന്ന് കർഷകർക്ക് നൽകുന്നുമുണ്ട്. മികച്ച വിളവാണ് ഈ പാടശേഖരത്തിൽ നിന്ന് പ്രതീക്ഷിക്കുന്നത്.

പ്രളയം മൂലം ദിവസങ്ങളോളം വെള്ളകെട്ടിലായ തെങ്ങുകൾക്ക് കൂമ്പ് ചീയൽ രോഗത്തിനുള്ള സാധ്യത വളരെ കൂടുതൽ ആണ്. കൃഷി ശാസ്ത്രഞ്ജർ പ്രദേശത്ത് നടത്തിയ പഠനങ്ങൾക്കു ശേഷം തയ്യാറാക്കിയ റിപ്പോർട്ടിൽ ഇത് പ്രേത്യേകം ചൂണ്ടി കാണിച്ചിരുന്നു. തെങ്ങുകളുടെ ആരോഗ്യം വീണ്ടെടുക്കാനുള്ള ആദ്യഘട്ട നടപടികൾക്കു ശേഷം നടപ്പിലാക്കുന്ന രണ്ടാം ഘട്ട പരിചരണമാണ് കൂമ്പ് ചീയൽ രോഗത്തെ പ്രതിരോധിക്കാനുള്ള നടപടികൾ. ട്രൈക്കോ ഡെർമ ക്വയർ പിത്ത് കേക്കുകളെ തെങ്ങിന്റെ മുകളിൽ കവിളോലകൾക്കിടയിൽ നിക്ഷേപിക്കുകയാണ് ഇതിനു വേണ്ടി ചെയ്യുന്നത്. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ മുൻ ശാസ്ത്രഞ്ജനായ ഡോ. ചന്ദ്രമോഹൻ വികസിപ്പിച്ചെടുത്ത ട്രൈകോ ഡെർമ ക്വയർ പിത്ത് കേക്കുകൾ ചൂർണ്ണിക്കര കൃഷിഭവനു കീഴിലുള്ള കാർഷിക കർമസേനയും അഗ്രോ സർവീസ് സെൻ്ററും ചേർന്നാണ് നിർമിച്ചത്. കൂമ്പ് ചീയലിനെ പ്രതിരോധിക്കുന്ന മിത്ര കുമിളുകളാണ് ഈ കേക്കിലുള്ളത്. ഒരു വർഷത്തോളം ഇത്തരം കേക്കുകൾ കേടാകാതെയിരിക്കും. പ്രളയത്തിൽ അകപ്പെട്ട പഞ്ചായത്തിലെ 5000 ത്തോളം തെങ്ങുകൾക്ക് ആയി 15,000 ത്തോളം ട്രൈകോ ഡെർമ ക്വയർ പിത്ത് കേക്കുകളാണ് ഉണ്ടാക്കിയിരിക്കുന്നത്.

പ്രളയ ശേഷമുള്ള ചൂർണ്ണിക്കരയുടെ കാർഷിക മേഖലയുടെ അതിജീവനത്തിന് നടപ്പാക്കിയ മറ്റൊരു പ്രധാന പദ്ധതിയാണ് തൈകളുടെ വിതരണം. പ്രളയത്തിൽ പൂർണ്ണമായും വിളനാശം സംഭവിച്ച കാർഷിക വിളകൾക്കു പകരമായി ഏത് വിളയാണോ നഷ്ടപ്പെട്ടത് അതിന്റെ തന്നെ തൈകൾ സൗജന്യമായി വിതരണം ചെയ്യുന്നതായിരുന്നു ഈ പദ്ധതി. പഞ്ചായത്തിലെ ഒട്ടുമിക്ക കർഷകരും ഇതിൻ്റെ ഗുണഭോക്താക്കളായി. ഇതിനു പുറമെ വീടുകളിൽ ഗ്രോ ബാഗുകളിൽ പച്ചക്കറി കൃഷി ചെയ്തു കൊണ്ടിരുന്ന, നൂറോളം കർഷകർക്കും കിട്ടി ആനുകൂല്യങ്ങൾ. 95% സബ്സിഡിയോടെ പച്ചക്കറി തൈകളടക്കമുള്ള ഗ്രോബാഗുകളും വളങ്ങളും ഈ കർഷകരുടെ വീടുകളിലെത്തിച്ചും നൽകി ചൂർണ്ണിക്കര കൃഷിഭവൻ.

പ്രളയാനന്തരമുള്ള അതിജീവനത്തോടൊപ്പം തന്നെ കർഷകരുടെ കുടുംബങ്ങളിൽ സ്ഥിര വരുമാനത്തിനും സ്വയംപര്യാപ്തതക്കുള്ള പദ്ധതികളും ഇവിടെ വിജയകരമായി നടപ്പാക്കുന്നുണ്ട്. ഒപ്പം പ്രദേശത്തെ കാർഷിക വിളകളുടെ ആരോഗ്യം സൗജന്യമായി സംരക്ഷിക്കാനുള്ള സൗകര്യങ്ങളും . അതേക്കുറിച്ചറിയാം .

കൃഷിയിടത്തിൽ കർഷകൻ നേരിടുന്ന പ്രധാന പ്രശ്നമാണ് കീടങ്ങളുടെയും രോഗങ്ങളുടെയും ആക്രമണം. പലപ്പോഴും കർഷകർക്ക് വിളകളെ ആക്രമിക്കുന്ന കീടങ്ങൾ ഏതാണെന്നോ ബാധിച്ച രോഗങ്ങൾ എന്താണെന്നോ തിരിച്ചറിയാൻ കഴിയാറില്ല. ഇത് തെറ്റായ മരുന്ന് പ്രയോഗത്തിനും കീടനാശിനികളുടെ അമിത പ്രയോഗത്തിനും കാരണമാകും. ഇതിനൊരു പരിഹാരം മാർഗ്ഗമായിട്ടാണ് കേരളത്തിലെ ആദ്യത്തെ പ്രാഥമിക വിള ആരോഗ്യ കേന്ദ്രം ചൂർണിക്കര പഞ്ചായത്തിൽ തുടങ്ങിയത്.

എല്ലാ ബുധനാഴ്ച്ചകളിലും പകൽ പൂർണ്ണമായി ക്ലിനിക് പ്രവർത്തിക്കും. കർഷകർക്ക് തങ്ങളുടെ വിളകളെ ബാധിക്കുന്ന രോഗങ്ങളെയും കീടങ്ങളെയും കുറിച്ച് ഇവിടെ വന്നു കൃഷി ഓഫീസറെ വിവരം ധരിപ്പിക്കാം. ആവശ്യമെങ്കിൽ കൃഷിയിടത്തിൽ കൃഷി ഓഫീസർ നേരിട്ട് സന്ദർശനം നടത്തി രോഗ കീടബാധയുടെ കാരണങ്ങൾ കണ്ടെത്തും. സൂക്ഷ്മപരിശോധനയ്ക്ക് ശാസ്ത്രീയ പരിശോധന ആവശ്യമാണെങ്കിൽ അതിനുള്ള ലാബ് സൗകര്യങ്ങളും ഇവിടെ ക്രമീകരിച്ചിരിക്കുന്നു. ഓരോ കർഷകർക്കും ഇവിടെ പ്രത്യേകം ഫയലുകൾ ഉണ്ട്. കൃഷിയിടത്തിലെ വിളകളെ ഓരോ സമയങ്ങളിൽ ബാധിക്കുന്ന പ്രശ്നങ്ങൾ, അതിന് നിർദ്ദേശിച്ച പരിഹാരമാർഗങ്ങൾ, മരുന്നുകൾ എല്ലാം ഈ ഫയലിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. കർഷകർക്ക് കൂടിക്കാഴ്ചയും, പരിശോധനകളും, പ്രതിവിധികൾ ആയി നൽകുന്ന മരുന്നുകളും എല്ലാം തികച്ചും സൗജന്യമാണ്.

പ്രളയ ബാധിതരായ കർഷകർക്ക് അതിജീവനത്തിനായി പുതിയ വരുമാന സാധ്യതകൾ തുറന്നുകൊടുക്കുക എന്ന ഉദ്ദേശത്തോടെയാണ് സംസ്ഥാന ഹോർട്ടികൾച്ചർ മിഷന്റെ സഹായത്തോടെ ചൂർണിക്കര കൃഷിഭവൻ കൂൺ കൃഷിക്കു തുടക്കമിട്ടത്. എറണാകുളം നഗരാതിർത്തിയോട് ചേർന്നുകിടക്കുന്ന പഞ്ചായത്ത് ആയതുകൊണ്ടുതന്നെ വിപണന സാധ്യതകളും ഏറെയുണ്ട്. തിരഞ്ഞെടുക്കപ്പെട്ട പതിനൊന്നോളം വീട്ടമ്മമാർ ആണ് ഇന്ന് കൂൺകൃഷിയിൽ വ്യാപൃതരായിരിക്കുന്നത്.

പരിമിതമായ സ്ഥല സൗകര്യങ്ങൾ പോലും വിജയകരമായി മുന്നേറുകയാണ് ഇവരുടെ കൂൺകൃഷി. വീട്ടിലെ ജോലികൾക്ക് ശേഷം കുറഞ്ഞ സമയത്തെ പരിപാലനം കൊണ്ട് സ്ഥിരമായി ഒരു വരുമാനം നേടാനാവും ഇവർക്ക് ഈ കൂൺ കൃഷിയിലൂടെ. ഓരോ യൂണിറ്റുകളിലും കൂൺ കൃഷിക്കുള്ള 100 ബെഡ്ഡുകൾ വീതമാണുള്ളത് . കൃഷി വിജയമായതോടെ മിക്ക കർഷകരും 100 ബെഡിൽ നിന്ന് 300 ബെഡ് കൂൺ കൃഷിയിലേക്ക് എത്തി. കൂൺ കൃഷി തുടങ്ങി രണ്ടു മാസങ്ങൾ പിന്നിടുമ്പോഴേക്കും ദിവസവും 20 കിലോയോളം കൂൺ ഇവർക്ക് വിളവെടുത്ത് വിപണനം ചെയ്യാൻ കഴിയുന്നുണ്ട്. ആദ്യഘട്ടങ്ങളിൽ ചൂർണിക്കര മഷ്റൂം എന്നപേരിൽ ബ്രാൻഡ് ചെയ്തായിരുന്നു വിപണനം . ഉൽപാദനവും ഡിമാൻഡും വർദ്ധിച്ചതോടെ അടയാളം പുരുഷ സ്വയംസഹായ സംഘം വിപണനം ഏറ്റെടുത്തു.

കഴിഞ്ഞ ഏതാനും വർഷങ്ങളായി മാതൃകാപരമായ കാർഷിക പ്രവർത്തനങ്ങളിലൂടെ സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് ചൂർണിക്കര കൃഷിഭവൻ. തരിശുനിലങ്ങൾ വീണ്ടെടുത്തുള്ള നെൽകൃഷിയിലൂടെയും ചെറുപ്പക്കാരടക്കമുള്ള നിരവധി ആളുകളെ കൃഷിയുടെ നന്മകളിലേക്ക് തിരിച്ചുകൊണ്ടുവന്നും, അനുകരണീയമായ മറ്റ് കാർഷിക പ്രവർത്തനങ്ങൾ നടത്തിയും മുന്നേറിയപ്പോഴാണ് പ്രളയം ഇവരുടെ കാർഷിക സ്വപ്നങ്ങളെ തകർത്തത്. പക്ഷേ അപ്പോഴും ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേൽക്കാനുഉള്ള ദൃഢനിശ്ചയം ചൂർണ്ണിക്കരയിലെ കൃഷി ഓഫീസർക്കും പഞ്ചായത്ത് ഭരണാധികാരികൾക്കും കർഷകർക്കും ഉണ്ടായിരുന്നു. കൃഷിയുടെ അതിജീവനത്തിനുള്ള സംസ്ഥാന സർക്കാരിന്റെ സഹായ പദ്ധതികൾക്ക് കാത്തുനിൽക്കാതെ ദ്രുതഗതിയിൽ ഉണർന്നു പ്രവർത്തിക്കാൻ കഴിഞ്ഞതാണ് ഇവരുടെ വിജയം . ഇന്ന് സംസ്ഥാനതലത്തിൽ തന്നെ അനുകരണീയമായ ഒരു വലിയ മാതൃക സൃഷ്ടിച്ചു ചൂർണ്ണിക്കര കൃഷിഭവനും പഞ്ചായത്തും.

ചൂർണിക്കര കാർഷിക പാക്കേജിനെയും കൃഷികളെയും കുറിച്ചറിയാൻ കൃഷി ഓഫീസറെ ബന്ധപ്പെടേണ്ട വിലാസം

ജോൺ ഷെറി, കൃഷി ഓഫീസർ

ചൂർണ്ണിക്കര കൃഷി ഭവൻ

തായ്ക്കാട്ടുകര (പി.ഒ)

ആലുവ, എറണാകുളം (ജില്ല)

ഫോൺ: 94 47 18 59 44

MORE IN NATTUPACHA
SHOW MORE