ഒരു ഏക്കറിൽ നിന്ന് ഒരു ലക്ഷം രൂപ ലാഭം; രുചിയേറും വട്ടവട ഉരുളക്കിഴങ്ങ്

nattupacha-pottato
SHARE

കാർഷിക കേരളത്തിന്റെ ഭൂപടത്തിൽ ഏറെ പ്രത്യേകതകളുള്ള ഒരു സ്ഥലമാണ് ഇടുക്കി ജില്ലയിലെ മൂന്നാറിന് അടുത്തുള്ള വട്ടവട. ഭൂപ്രകൃതി കൊണ്ടും, കാലാവസ്ഥ കൊണ്ടും, കൃഷി രീതികൾ കൊണ്ടും, വിള വൈവിധ്യംകൊണ്ടും, ഏറെ പ്രത്യേകതകളുള്ള സ്ഥലം. കൃഷിയിലെ പഴമയുടെ നന്മകൾ ഇന്നും പിന്തുടരുന്ന കാർഷിക ഗ്രാമം. ഒരുപക്ഷേ കേരളത്തിൽ മറ്റൊരിടത്തും ഇല്ലാത്ത വിധം വിവിധയിനം പച്ചക്കറികളും പഴവർഗങ്ങളും കൃഷി ചെയ്യുന്ന ഗ്രാമം കൂടിയാണിത്. 

നമ്മുടെ ഭക്ഷണ ശീലങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒരുവിധം എല്ലാ പച്ചക്കറികളും ഈ മണ്ണിൽ പൊന്നുപോലെ വർഷം മുഴുവൻ വിളയും. അതാണ് വട്ടവട. പച്ചക്കറികൃഷിക്കും പഴവർഗ്ഗ കൃഷിക്കും ഏറെ അനുയോജ്യമാണ് ഇവിടത്തെ കാലാവസ്ഥ . കേരളത്തിൽ നമുക്ക് പരിചിതമായ ഒരു കാലാവസ്ഥാ സാഹചര്യമല്ല ഇവിടെയുള്ളത്. അതിശക്തം അല്ലാതെ ഇടവിട്ട് വർഷം മുഴുവൻ ലഭിക്കുന്ന മഴ, നല്ല തണുപ്പ് ഒപ്പം ആവശ്യത്തിന് വെയിലും. തമിഴ്നാടിനോട് ചേർന്നുകിടക്കുന്ന സ്ഥലമായതുകൊണ്ട് തന്നെ കൂടുതലും ആ ഒരു കാലാവസ്ഥയാണ് ഇവിടെ ലഭിക്കുന്നത്. 

മൂന്നാർ സ്പെഷ്യൽ അഗ്രികൾച്ചറൽ സോണിന് കീഴിലുള്ള സ്ഥലമാണ് ഈ പ്രദേശം. വട്ടവട പഞ്ചായത്തിനു കീഴിലെ വിവിധ ഗ്രാമങ്ങളിലായി 2235 കർഷക കുടുംബങ്ങളാണുള്ളത് . 3500 ഹെക്ടർ സ്ഥലത്താണ് ഇവർ പച്ചക്കറികളും പഴവർഗ്ഗങ്ങളും കൃഷി ചെയ്യുന്നത്. ക്യാരറ്റ്, കാബേജ്, ബീൻസ്, ബട്ടർ ബീൻസ് , വെളുത്തുള്ളി, ഉരുളക്കിഴങ്ങ്, ഗ്രീൻപീസ്, റാഗി തുടങ്ങി നമുക്ക് അപരിചിതമായ ഗോതമ്പ് കൃഷി വരെ ഇവർ ഇവിടെ ചെയ്യുന്നുണ്ട് . 

പാഷൻ ഫ്രൂട്ടും സ്ട്രോബറിയും ഓറഞ്ചും ഇവിടുത്തെ പഴവർഗ കൃഷികളിൽ മുന്നിട്ടുനിൽക്കുന്നു . പ്രദേശവാസികളിൽ ഭൂരിഭാഗവും തമിഴ് വംശജരാണ് . കൃഷി മാത്രമാണ് ഇവരുടെ ഉപജീവനമാർഗ്ഗം. രാവിലെ ആറ് മണിമുതൽ വൈകുന്നേരം 6 മണി വരെ അധ്വാനിക്കുന്നവരാണ് ഈ മണ്ണിനെ മക്കൾ. 

കൃഷിക്ക് മണ്ണ് ഒരുക്കാനായി ഇന്നും കാളകളെ ഉപയോഗിച്ച് നിലം ഉഴുതുമറിക്കുന്ന കാഴ്ച ഒരുപക്ഷേ കേരളത്തിൽ ഇന്ന് ഇവിടെ മാത്രമേ കാണാനാകൂ. ഗ്രാമവാസികളുടെ വീടുകൾ അടുത്തടുത്താണ്. കൃഷി സ്ഥലങ്ങൾ കുറച്ചുമാറിയും. കൃഷിസ്ഥലത്തേക്ക് സാധനസാമഗ്രികൾ എത്തിക്കാനും തിരികെ കൊണ്ടുപോകാനും ഇന്നും കോവർ കഴുതകളെ ആണ് ഇവർ ആശ്രയിക്കുന്നത്.

കാർഷിക കലണ്ടർ അനുസരിച്ച് വർഷത്തിൽ 3 കൃഷികളാണ് പൊതുവെ ഇവിടെ നടക്കുന്നത്. എന്നാൽ 4 കൃഷികൾ വരെ ചെയ്യുന്ന കർഷകർ ഇവിടെയുണ്ട്. ഏപ്രിൽ മാസത്തിൽ കൃഷിക്കുള്ള ഒരുക്കങ്ങൾ തുടങ്ങും . ഓണവിപണി ലക്ഷ്യമാക്കിയാണ് ആദ്യ സീസണിലെ കൃഷി. 

ഉരുളക്കിഴങ്ങ് , കാരറ്റ് ,കാബേജ് ,ബീൻസ് , വെളുത്തുള്ളി എന്നിവയാണ് ആദ്യ സീസണിലെ പ്രധാന കൃഷി. രണ്ടാമത്തെ സീസണിൽ ഈ വിളകളെല്ലാം കൃഷി ചെയ്യുമെങ്കിലും അതോടൊപ്പം ഗ്രീൻപീസും ബട്ടർ ബീൻസ് കൃഷിയും കൂടുതലായി ചെയ്യും. ഒരേ സ്ഥലത്ത് ഒരേ വിളകളുടെ കൃഷി ആവർത്തിക്കാതിരിക്കുന്ന രീതിയാണ് ഇവിടുത്തെ കർഷകർ പിന്തുടരുന്നത്. പൊതുവേ ഇവിടുത്തെ വിളകൾക്ക് രോഗങ്ങളുടെയും കീടങ്ങളുടെയും ആക്രമണങ്ങൾ വളരെ കുറവാണ്

30 വർഷങ്ങൾക്കു മുമ്പുവരെ വട്ടവട ക്കാർക്ക് ജൈവകൃഷി മാത്രമേ പരിചിതമായിരുന്നുള്ളു. ചാണകവും ചപ്പുചവറുകളും മാത്രമായിരുന്നു വളം. നൂറു കണക്കിന് കന്നുകാലികൾ ഇവിടുത്തെ ഗ്രാമങ്ങളിൽ വളരുന്നുണ്ടായിരുന്നു .കാലികൾക്ക് മേയാൻ ആവശ്യത്തിലേറെ പുല്ലും ചുറ്റുപാടുകളിൽ ലഭ്യമായിരുന്നു. എന്നാൽ സർക്കാർ ചുറ്റുമുള്ള പ്രദേശങ്ങളിൽ യൂക്കാലി മരം വ്യാപകമായി നട്ടുപിടിപ്പിച്ചതോടെ കന്നുകാലികൾക്ക് തീറ്റ ഇല്ലാതായി. 

യൂക്കാലി മരങ്ങൾ വളർന്നതോടെ മണ്ണിലെ ജലത്തിന്റെ ലഭ്യതയും കുറഞ്ഞു. ഇത് കൃഷിയുടെ ഉൽപാദനക്ഷമതയേയും വിളവിനെയും ബാധിച്ചു. കർഷകന് ദ്രോഹമായി മാറുന്ന യൂക്കാലി മരങ്ങൾ വെട്ടിമാറ്റി മണ്ണ് കൃഷിക്ക് യോഗ്യം ആക്കണമെന്നാണ് വട്ടവടക്കാരുടെ ആവശ്യം

കേരളത്തിലെ കർഷകർക്ക് പൊതുവേ അപരിചിതമാണ് ഉരുളകിഴങ്ങ് കൃഷി. എന്നാൽ വട്ടവടയിൽ ഉള്ള കർഷകരെല്ലാം തന്നെ വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം ചെയ്യുന്ന ഒരു പ്രധാന കൃഷിയാണ് ഉരുളക്കിഴങ്ങിന്റേത്. വട്ടവടയിൽ 1100 ഹെക്ടർ സ്ഥലത്ത് നിലവിൽ ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നുണ്ട്. മണ്ണിന്റെയും, കാലാവസ്ഥയുടെയും, അനുവർത്തിക്കുന്ന കൃഷിരീതികളുടെയും പ്രത്യേകതകൾ കൊണ്ട് തന്നെ ഏറെ രുചിയുള്ളതാണ് ഇവിടുത്തെ ഉരുളക്കിഴങ്ങ്. 

പ്രധാന സീസൺ ഓണവിപണി ലക്ഷ്യമാക്കി ആണെങ്കിലും വർഷം മുഴുവൻ ഇവിടെ ഉരുളക്കിഴങ്ങ് ലഭ്യമാവും. കുന്നിൻചെരിവുകൾ തട്ടുകളാക്കിയ ഭൂമിയിലും, പാടത്തുമെല്ലാം ഉരുളക്കിഴങ്ങിന്റെ കൃഷിയുണ്ട്. മണ്ണിനെ അണുവിമുക്തമാക്കി, മണ്ണൊരുക്കുന്നത് തൊട്ട് കർഷകർ ഏറെ ശ്രദ്ധ പുലർത്തുന്ന ഒരു കൃഷിയാണ് ഉരുളക്കിഴങ്ങിന്റേത്. 

ചാണകം തന്നെയാണ് ഉരുളക്കിഴങ്ങ് കൃഷിക്കുള്ള പ്രധാന അടവളം. കൂടാതെ ചപ്പുചവറുകളും ഒപ്പം ഇടും. മുൻകൃഷിക്ക് ലഭിച്ച വിളവിന്റെ തോതനുസരിച്ചാണ് കർഷകർ മണ്ണിലെ വളക്കൂറ് നിശ്ചയിക്കുന്നത്.

കുഫ്രി ജ്യോതി ഇനത്തിൽപ്പെട്ട വിത്താണ് കർഷകർ ഉരുളക്കിഴങ്ങ് കൃഷിക്ക് ഉപയോഗിക്കുന്നത് . 45 കിലോ വരുന്ന ഒരു ചാക്ക് വിത്തിന് 450 രൂപയോളം ശരാശരി വില വരും . ഒരേക്കറിൽ ഉരുളക്കിഴങ്ങ് കൃഷി ചെയ്യാൻ 10 ചാക്കോളം വിത്ത് ആവശ്യമാണ്. കൃഷിയിടത്തിൽ വിളവെടുക്കുന്ന ഉരുളക്കിഴങ്ങിൽ നിന്ന് വിത്ത് ശേഖരിക്കാറില്ല. അങ്ങനെ കൃഷി ചെയ്യുമ്പോൾ വിളവ് വളരെ കുറയുന്നതായാണ് കർഷകർ പറയുന്നത്. 

അതുകൊണ്ടുതന്നെ മറ്റു സ്ഥലങ്ങളിൽ നിന്നാണ് കൃഷിക്കാവശ്യമായ വിത്ത് എത്തിക്കുന്നത് . വിത്തുകൾ കൊണ്ടുവന്ന് രണ്ടു മാസത്തോളം തണലിൽ ചണച്ചാക്കിൽ കെട്ടി സൂക്ഷിക്കും. ഈ സമയംകൊണ്ട് വിത്ത് നന്നായി മുളച്ചുതുടങ്ങും. മണ്ണ് ഒരുക്കവും ഇതേ സമയം പൂർത്തിയാകും. വിത്തിന്റെ വലുപ്പമനുസരിച്ച് നാലിഞ്ചു മുതൽ ആറിഞ്ചുവരെ അകലത്തിലാണ് നടുന്നത്. 10 ദിവസം കൊണ്ട് ഇലകൾ മുളച്ചുതുടങ്ങും. 

ജൈവകൃഷി രീതി പിന്തുടരുന്ന കർഷകർ ചെടിയുടെ വളർച്ചാ ഘട്ടങ്ങളിൽ രണ്ടോ മൂന്നോ പ്രാവശ്യമായി ചാണകം ഒരാഴ്ചയോളം പുളിപ്പിച്ചെടുത്ത് ചെടികളുടെ ചുവട്ടിലും ഇലകളിലും തളിച്ചുകൊടുക്കും. ചെടികൾ കിളിർത്തു വരുന്ന സമയത്ത് കളകൾ പറിച്ചു മാറ്റേണ്ടത് ഉരുളക്കിഴങ്ങ് ചെടികളുടെ വളർച്ചയ്ക്ക് ആവശ്യമാണ്. 

40 ദിവസത്തോളം പ്രായമാകുമ്പോൾ ബെഡിന് മുകളിലേക്ക് വീണ്ടും മണ്ണ് വശങ്ങളിൽ നിന്ന് കയറ്റി കൊടുക്കും . കിഴങ്ങ് വളർന്നുവരുമ്പോൾ മണ്ണിനു പുറത്തു വരാതിരിക്കാനും കിഴങ്ങിന് കൂടുതൽ വളർച്ച ലഭിക്കാനും ആണിത്. വട്ടവടയിൽ ഇടവിട്ട് ചെറിയ മഴ ലഭിക്കുന്നതുകൊണ്ട് കാര്യമായ ജലസേചനം ഉരുളക്കിഴങ്ങ് കൃഷി ആവശ്യം വരാറില്ല. 

കൃഷിക്കിടയിൽ അടുപ്പിച്ചു മഴപെയ്താൽ ഉരുളക്കിഴങ്ങ് ചെടികൾക്ക് കരിച്ചിൽ രോഗം വരും. ഇത് വിളവിനെ കാര്യമായി ബാധിക്കും . കർഷകർ ഏറ്റവും കൂടുതൽ പേടിക്കുന്നത് ഈ അസുഖത്തെയാണ്.

90 ദിവസംകൊണ്ട് മിക്കവാറും സ്ഥലങ്ങളിൽ ഉരുളക്കിഴങ്ങ് വിളവെടുപ്പിന് പാകമാകും. ഇളക്കം കുറവുള്ള മണ്ണാണെങ്കിൽ 100 ദിവസം വരെ വളർച്ചക്ക് സമയമെടുക്കാം. 100 ദിവസത്തിന് അപ്പുറത്തേക്ക് മണ്ണിൽ ഉരുളക്കിഴങ്ങ് നിലനിർത്തിയാൽ കർഷകർക്ക് കേടു ബാധകൾ മൂലം കൃഷി നഷ്ടമായി മാറുകയേയുള്ളൂ.

ജൈവകൃഷി വ്യാപകമായിരുന്ന കാലത്ത് ഒരു ഹെക്ടറിൽനിന്ന് 20 ടൺ വരെ വിളവ് ലഭിച്ചിരുന്നു ഇവിടെ. കാലാവസ്ഥ അനുകൂലവും കാര്യമായ രോഗബാധയും ഉണ്ടായില്ലെങ്കിൽ ശരാശരി 12 ടൺ വിളവ് വരെ ഒരു ഹെക്ടറിൽനിന്ന് ഇവിടെ ഇപ്പോൾ ലഭിക്കുന്നുണ്ട്. 

45 കിലോ ചാക്കിന് ശരാശരി 700 രൂപയാണ് നിലവിൽ ഇവിടെ കർഷകർക്ക് ലഭിക്കുന്നത്. ഒരു ഏക്കർ ഉരുളക്കിഴങ്ങ് കൃഷിക്ക് എല്ലാ ചെലവുകളും ഉൾപ്പെടെ ഏകദേശം 80,000 രൂപയോളം ചെലവ് വരും.

25 മുതൽ 30 ദിവസം വരെ ഉരുളക്കിഴങ്ങ് കേടുകൂടാതെയിരിക്കും. പ്രത്യേക രുചിയാണ് വട്ടവടയിലെ ഉരുളക്കിഴങ്ങിന് . ഇവിടുത്തെ കിഴങ്ങ് മാത്രമായി പുഴുങ്ങി ഭക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരും ഏറെയുണ്ട്. സംസ്ഥാന കൃഷിവകുപ്പ് ഇവിടെ ഉൽപ്പാദിപ്പിക്കുന്ന ഉരുളക്കിഴങ്ങ് അടക്കമുള്ള പച്ചക്കറികൾ വട്ടവട പച്ചക്കറികൾ എന്ന പേരിൽ ബ്രാൻഡ് ചെയ്ത് വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ്.

MORE IN NATTUPACHA
SHOW MORE