എറണാകുളം നഗരത്തിലെ കൃഷി ഉദ്യാനം; അനുഭവസമ്പത്തിന്റെ വിജയപഥം

nattupacha-tvm
SHARE

ജീവിതത്തിന് ഒരു അടുക്കും ചിട്ടയും ഉണ്ടാകണം. ലക്ഷ്യങ്ങളെ കുറിച്ചുള്ള ബോധ്യം ആയിരിക്കണം ഓരോ ദിവസവും നിങ്ങളെ നയിക്കേണ്ടത്. നിങ്ങളുടെ കർമമേഖല എന്തുമാകട്ടെ, ഓരോദിവസവും എന്തെങ്കിലുമൊക്കെ നിങ്ങൾക്ക് ചെയ്യാൻ ആകണം. എങ്കിലേ  ജീവിതത്തിന് അർത്ഥമുണ്ടാകൂ. തിരുവനന്തപുരം കഴക്കൂട്ടം സൈനിക സ്കൂളിലെ അധ്യാപകരുടെ ഈ വാക്കുകൾ വിദ്യാർത്ഥിയായിരുന്ന  പോളി ജോൺ ചെവികൊണ്ട് കേൾക്കുക മാത്രമായിരുന്നില്ല അത് ഹൃദയത്തിലേക്ക് പതിപ്പിക്കുകയായിരുന്നു. 

കാർഷിക കുടുംബത്തിൽ ജനിച്ചുവളർന്നതുകൊണ്ട് കൃഷിയോടുള്ള ഇഷ്ടം ഉന്നത വിദ്യാഭ്യാസത്തിനു വേണ്ടി ആഗ്രഹിച്ചപ്പോഴും പോളി കൈവിട്ടില്ല. കാർഷിക സർവ്വകലാശാലയിൽ നിന്ന് കൃഷിതന്നെ മുഖ്യവിഷയമായി പഠിച്ചു. പഠനശേഷം തൊഴിൽ നേടിയതും കാർഷികമേഖലയിൽ തന്നെ. നാലുവർഷം മുമ്പ് കൃഷിവകുപ്പിൽ നിന്ന് അസിസ്റ്റൻറ് ഡയറക്ടറായിട്ടാണ് പോളി ജോൺ വിരമിച്ചത്. ദീർഘകാലത്തെ സർവീസിന് ഇടയ്ക്ക് 13 വർഷത്തോളം യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മക്തൂമിന്റെ കൃഷി ഉപദേഷ്ടാവായും ഇദ്ദേഹം ജോലി ചെയ്തു.

സർവീസിൽനിന്ന് വിരമിച്ച ശേഷവും കൃഷിയോടുള്ള ഇഷ്ടം പോളിയെ വിട്ടുപോകാൻ തയ്യാറായിരുന്നില്ല. എറണാകുളം വാഴക്കാല ജംഗ്ഷന് അടുത്തുള്ള 10 സെന്റിൽ വീടിരിക്കുന്ന  സ്ഥലം ഒഴികെ പുരയിടം മുഴുവൻ നട്ടുപിടിപ്പിക്കാവുന്നത്ര ചെടികൾ നട്ടുപിടിപ്പിച്ചു...ഈ ചെടികളുടെ പരിപാലനം ഒക്കെ കഴിഞ്ഞാലും പോളിക്ക് സമയം ഇഷ്ടം പോലെയുണ്ടായിരുന്നു.സൈനിക സ്കൂളിൽ നിന്ന് ലഭിച്ച ഊർജ്ജം പോളിയെ വെറുതെയിരിക്കാൻ അനുവദിച്ചില്ല...കൃഷിയിൽ ഇനി എന്തു ചെയ്യാൻ കഴിയും എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് അവിചാരിതമായി ഒരു മാർഗ്ഗം പോളിയുടെ മുമ്പിൽ തെളിഞ്ഞുവന്നത്.

ഫാമിന്റെ തുടക്കം മൂന്നു വർഷം മുമ്പായിരുന്നു.പറമ്പിലെ കാടുവെട്ടിത്തെളിച്ച് വാഴയും പച്ചക്കറിയും ആണ് ആദ്യം കൃഷി ചെയ്തത്. പിന്നീട് വിവിധയിനം പച്ചക്കറികൾ ഓരോന്നായി നട്ടു തുടങ്ങി. കൃഷി  വിപുലമായി വന്നപ്പോൾ വളത്തിന്റെ ആവശ്യത്തിനുവേണ്ടി രണ്ടാടുകളെ മേടിച്ചു. ക്രമേണ വളത്തിനും ആട്ടിൻപാലിനും ആവശ്യമേറിയതോടെ ആടുകളുടെ എണ്ണം 22 ആയി.

നിലവിൽ ആറ് ലിറ്റർ ആട്ടിൻ പാൽ ദിവസവും ലഭിക്കുന്നുണ്ട്. ഫാമിൽ വന്ന് ആളുകൾ നേരിട്ട് മേടിക്കുകയാണ്. ഇപ്പോഴുള്ള ആടുകളുടെ എണ്ണം നാലിരട്ടിയാക്കിയാൽ പോലും ആവശ്യത്തിനനുസരിച്ച് ആട്ടിൻപാൽ തികയ്യില്ലെന്നാണ് പോളി പറയുന്നത്. 

ആടുകൾക്കുവേണ്ടി ഹൈടെക് രീതിയിലുള്ള കൂടുകളാണ് ഒരുക്കിയിരിക്കുന്നത്. കാറ്റും വെളിച്ചവും കടക്കുന്ന രീതിയിലാണ് കൂടുകളുടെ ക്രമീകരണം. മുട്ടനാടുകൾക്കും പെണ്ണാടുകൾക്കും ഗർഭിണികൾക്കും  കുഞ്ഞുങ്ങൾക്കും വെവ്വേറെയായി സ്ഥലം കൂടിനുള്ളിൽ തരംതിരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പരസ്പരമുള്ള പോരു ഒഴിവാകും. കൂടിന്റെ മുൻഭാഗത്താണ് തീറ്റ കൊടുക്കാനുള്ള തൊട്ടി ഒരുക്കിയിരിക്കുന്നത്. തീറ്റപ്പുല്ലും പെല്ലറ്റുമെല്ലാം ഇവിടെ നൽകും. ആടുകൾക്ക് കുടിവെള്ളത്തിനുള്ള സൗകര്യം  കൂടിന്റെ പുറകിലായിട്ടാണ്.

 ഭൂനിരപ്പിൽ നിന്നും ഉയർന്നാണ് കൂട് നിൽക്കുന്നത്. കൂടിന്റെ തറയിൽ കനംകൂടിയ ദ്വാരങ്ങളുള്ള ഫൈബർ ഷീറ്റാണ് വിരിച്ചിരിക്കുന്നത്. ഇതുവഴി ആട്ടിൻ കാഷ്ഠവും മൂത്രവും താഴേക്ക് പോകും. കൂടിന് താഴെ ചെരിച്ചുവച്ചിരിക്കുന്ന ഷീറ്റിലൂടെ പാത്തിയിലേക്ക് എത്തുന്ന മൂത്രവും ആട്ടിൻ കാഷ്ഠവും വെവ്വേറെ ശേഖരിക്കാം. കൂട് മുഴുവൻസമയവും ഉണങ്ങിയും വൃത്തിയായും ഇരിക്കും. ഇതുകൊണ്ടുതന്നെ ആടുകൾക്ക് അസുഖങ്ങൾ തീരെ ബാധിക്കുന്നില്ല എന്ന് തന്നെ പറയാം.

ബീറ്റിൽ മലബാറി ക്രോസിനങ്ങളുടെ ആടുകളാണ് നിലവിൽ ഫാമിലുള്ളത്. ആട്ടിൻ പാലും കാഷ്ടവും മൂത്രവും മാത്രമല്ല ആടിൽ നിന്നുള്ള വരുമാനം. രണ്ടു വർഷം കൂടുമ്പോൾ മൂന്ന് പ്രാവശ്യം പ്രസവിക്കുന്ന ആടിന്റെ കുഞ്ഞുങ്ങളുടെ വിൽപനയും മികച്ച വരുമാനം നൽകും. 

ആട്ടിൻ പാലിന് വിപണിയിൽ ലിറ്ററിന് 120 രൂപ വിലയുണ്ടെങ്കിലും 100 രൂപക്കാണ് പോളി തന്റെ ഫാമിൽ വിൽക്കുന്നത്. ആട്ടിൻ കാഷ്ഠം ഉണങ്ങി പൊടിച്ചതിന് ലിറ്ററിന് 10 രൂപ നിരക്കിൽ ആണ് വിൽപ്പന. നഗരത്തിലെ മട്ടുപ്പാവ് കൃഷിക്കാരും അലങ്കാര പൂകൃഷിക്കാരുമാണ് പ്രധാന ആവശ്യക്കാർ. ആടിന്റെ മൂത്രത്തിനും ആവശ്യക്കാരേറെയുണ്ട്. ലിറ്ററിന് 30 രൂപയാണ് വില.

ബിവി 380 ഇനത്തിൽപ്പെട്ട 50 ഓളം കോഴികളെയും ഫാമിൽ വളർത്തുന്നുണ്ട്. ശരാശരി 40 മുട്ട ദിവസവും ലഭിക്കും.  ഡസന് 100 രൂപ നിരക്കിലാണ് വിൽപ്പന. 325 രൂപയോളം ദിവസവും മുട്ട വിൽപ്പനയിലൂടെ ലഭിക്കുമ്പോൾ 125 രൂപ കോഴി തീറ്റക്ക് ചെലവ് വരും. എന്നിരുന്നാലും 200 രൂപ ദിവസവും ലാഭം കിട്ടും.

കോഴികളെ അഴിച്ചുവിട്ടു വളർത്തുന്നത് കൊണ്ട് പറമ്പിൽനിന്ന് ചിക്കിച്ചികഞ്ഞ് തിന്നുന്നതിനുപുറമേ കോഴികൾക്ക് പെല്ലറ്റ് രൂപത്തിലുള്ള തീറ്റയും നൽകും. പുല്ലും ധാരാളമായി തിന്നുന്ന ഇനമായതുകൊണ്ട് കോഴികൾക്ക് തീറ്റപ്പുല്ലും അരിഞ്ഞിട്ട് നൽകാറുണ്ട്. ഇതിനുവേണ്ടി ഫാമിനുള്ളിൽ തന്നെ CO5 ഇനത്തിൽപ്പെട്ട തീറ്റപ്പുല്ല് പോളി കൃഷി ചെയ്യുന്നുണ്ട്. 

ആട്, കോഴി വളർത്തലിനു പുറമേ വിവിധയിനം പച്ചക്കറികളും പോളി തന്റെ ഫാമിൽ കൃഷിചെയ്യുന്നുണ്ട്.വെണ്ട, ചീര ,ചുരക്ക, വാഴ, പപ്പായ, മുരിങ്ങ, വഴുതന, പയർ തുടങ്ങിയ ഇനങ്ങളാണ് ഇവിടെ പ്രധാനമായും കൃഷി ചെയ്യുന്നത്. പച്ചക്കറി കൃഷിക്ക് തുള്ളിനന സൗകര്യമാണ് ജലസേചനത്തിനു വേണ്ടി ക്രമീകരിച്ചിരിക്കുന്നത്. പൂർണമായും ജൈവരീതിയിലാണ് പച്ചക്കറി കൃഷി. ആടുവളർത്തൽ വിപുലമായതോടെ തീറ്റപ്പുല്ല് വളർത്താൻ വേണ്ടി   പച്ചക്കറികൃഷി ഒരല്പം കുറയ്ക്കേണ്ടി വന്നു പോളിക്ക്. ഫാമിന്റ ഭാഗമായി വിവിധ ഇനം ചെടികളും ഔഷധസസ്യങ്ങളും ഫലവർഗങ്ങളും ഒക്കെ അടങ്ങിയ ഒരു നഴ്സറിയും ഇദ്ദേഹം നടത്തുന്നുണ്ട് . നഗരത്തിലെ പരിമിത സ്ഥല സൗകര്യങ്ങളിൽ കൃഷിചെയ്യാൻ സാധിക്കുന്ന ഇനങ്ങളാണ് അധികവും..

കൃഷി ശാസ്ത്രീയമായി പഠിച്ചതുകൊണ്ടും കൃഷിവകുപ്പിൽ ദീർഘകാലം ജോലി ചെയ്തതുകൊണ്ടും ഏറെ അനുഭവസമ്പത്തുണ്ട് കാർഷികമേഖലയിൽ പോളിക്ക്. ചെടികളിലെ ഗ്രാഫ്റ്റിങ്ങിലും ബഡ്ഡിങ്ങിലും വിദഗ്ധനാണ് ഇദ്ദേഹം. സ്വന്തം വീട്ടുമുറ്റത്ത് ഒരു മാവിൽ തന്നെ 33 ഇനം മാങ്ങകൾ കായ്ക്കുന്ന മാവ് ഗ്രാഫ്റ്റ് ചെയ്തെടുത്തിട്ടുണ്ട് ഇദ്ദേഹം. ആവശ്യക്കാർക്ക് ഇഷ്ടമുള്ള ഇനങ്ങൾ ഒരു ചെടിയിൽ തന്നെ ഗ്രാഫ്റ്റ് ചെയ്തും കൊടുക്കും.

MORE IN NATTUPACHA
SHOW MORE