മണ്ണില്ലാതെ ഗ്രോബാഗ് കൃഷി

npc-growbag-t
SHARE

കാർഷിക കുടുംബത്തിൽ ജനിച്ചു വളർന്നയാളാണ് അനിൽ കുമാർ.കൃഷിയോട് ചെറുപ്പം തൊട്ടേ ഉണ്ടായിരുന്ന ഇഷ്ടം പിന്നീട് വിവിധ തൊഴിൽ മേഖലകളിൽ ആയിരുന്നപ്പോഴും കൈവിടാത്ത വ്യക്തി. കാർഷിക മേഖലയിൽ ഉണ്ടാകുന്ന വളർച്ചകളും മാറ്റങ്ങളും വളരെ സൂക്ഷ്മതയോടെ നിരീക്ഷിക്കുകയും നടപ്പിലാക്കുകയും ചെയ്യുമായിരുന്നു ഇദ്ധേഹം. കഴിഞ്ഞ 5 വർഷങ്ങളായി വീട്ടിലെ ആവശ്യങ്ങൾക്ക് ഗ്രോബാഗിലാണ് പച്ചക്കറികൾ അനിൽകുമാർ കൃഷി ചെയ്തിരുന്നത്. സ്ഥിരമായി ഗ്രോബാഗ് കൃഷി ചെയ്തപ്പോൾ, ഗ്രോബാഗ് കൃഷിക്കുണ്ടാകുന്ന പരിമിതികളും പ്രശ്നങ്ങളും അദ്ധേഹം തിരിച്ചറിയാൻ തുടങ്ങി. 

മണ്ണിന്റെ ദൗർലഭ്യം, മണ്ണു നിറക്കുമ്പോൾ ബാഗിന് ഭാര കൂടുതൽ, ഭാരം കൂടുതലുള്ള ബാഗ് ഒന്ന് അനക്കി മാറ്റാനുള്ള ബുദ്ധിമുട്ട്, ടെറസിൽ വരുന്ന അധിക ലോഡ്, മണ്ണിലൂടെ ചെടികൾക്ക് സംഭവിക്കാവുന്ന രോഗങ്ങൾ....ഇങ്ങനെ പരിമിതികളും പ്രശ്നങ്ങളും തിരിച്ചറിഞ്ഞപ്പോൾ പിന്നെ അതു പരിഹരിക്കാനുള്ള വഴികൾക്കു വേണ്ടിയായി ആലോചന. കയർ മേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്നപ്പോൾ ലഭിച്ച അറിവുകളും അനുഭവ സമ്പത്തും അനിൽ കുമാറിനെ കൃത്യമായ ഒരു പരിഹാരത്തിലേക്ക് എത്തിച്ചു. ചകിരി തൊണ്ടിനെ ഗ്രോബാഗിനുള്ളിലെ പ്രധാന മാധ്യമം ആക്കിയാൽ ഭാരം കുറയ്ക്കാം എന്ന് കണ്ടെത്തി. അങ്ങനെ ചകിരി തൊണ്ട് വച്ച് പരീക്ഷണ കൃഷി അനിൽകുമാർ ആരംഭിച്ചു. ഗ്രോബാഗിനുള്ളിൽ തൊണ്ടിന്റെ വലുപ്പം ഒരു പ്രശ്നമായി. കൂടാതെ ചകിരിയിലുള്ള ലിഗ്നിൻ എന്ന മൂലകത്തിന്റെ അളവ് കൂടുതലുള്ളത് ചെടിയുടെ വളർച്ചയെ ബാധിക്കുന്നതായും കണ്ടെത്തി. അന്വേഷണങ്ങളിലൂടെയും പഠനത്തിലൂടെയും ഇതിനും പരിഹാരമുണ്ടാക്കി അനിൽ കുമാർ. ചകിരി തൊണ്ട് മുറിച്ച് ചെറുകഷണങ്ങളാക്കി മാറ്റിയപ്പോൾ തൊണ്ടിനെ ബാഗിനുളളിൽ ഒതുക്കിയിരുത്താനായി. ലിഗ്നിന്റെ അളവ് കുറയ്ക്കാൻ വെള്ളം ഉപയോഗിച്ചുള്ള ട്രീറ്റ്മെന്റിലൂടെ സാധിച്ചു.. വിവിധ തരത്തിലുള്ള ജൈവ വളങ്ങൾ കൂടി ഗ്രോബാഗിന്റെ മുകൾ ഭാഗത്ത് നിറച്ചപ്പോൾ ചെടികൾ കരുത്തോടെ വളർന്നു മികച്ച ഫലവും നൽകി.

പരീക്ഷണ കൃഷി വിജയമായതോടെ, ഗ്രോബാഗ് കൃഷി ചെയ്യാനഗ്രഹിക്കുന്ന നിരവധി ആളുകൾക്ക് ഈ ആശയം ഉപകാരപ്പെടും എന്ന ചിന്ത വാണിജ്യാടിസ്ഥാനത്തിലുള്ള ഗ്രോബാഗ് നിർമാണത്തിലേക്കു പ്രവേശിക്കാൻ അനിൽ കുമാറിന് പ്രേരണയായി.. പിന്തുണയും പ്രോൽസാഹനവുമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥരും എത്തി.

Thumb Image

മൂന്ന് വർഷത്തെ ഉപയോഗം കഴിയുമ്പോൾ മണ്ണിൽ ദ്രവിച്ച് ചേരുന്ന ബയോ ഡീ ഗ്രെയ്ഡബൾ ഗ്രോ ബാഗാണ് ഈസി ഗ്രോ എന്ന പേരിൽ അനിൽ കുമാർ നിർമ്മിച്ചെടുത്തിരിക്കുന്നത്. യന്ത്രസഹായത്തോടെ ചകിരി തൊണ്ട് മുറിച്ച് ചിപ്സ് പരുവത്തിലാക്കിയെടുക്കും. ഇതിനു ശേഷം 8 മുതൽ 10 ദിവസം വരെ ചകിരിതൊണ്ട് ചിപ്സ് വലിയ ടാങ്കിലിട്ട് വാട്ടർ ട്രീറ്റ്മെന്റ് നടത്തും. ട്രീറ്റ് ചെയ്ത് ഉണക്കിയെടുത്ത ചകിരിതൊണ്ട് ചിപ്സ് ഒന്നര കിലോയോളം ഗ്രോബാഗിൽ ആദ്യം വിരിക്കും. ഇതിനു മുകളിൽ വിളകളുടെ വളർച്ചക്കാവശ്യമായ വിവിധ ജൈവവളങ്ങളും മൂലകങ്ങളും ചേർത്ത് തയ്യാറാക്കുന്ന മിശ്രിതം മൂന്ന് കിലോ കൂടി ഇട്ടാണ് ഗ്രോബാഗ് തയ്യാറാക്കുന്നത്. ചകിരിചോറ് കമ്പോസ്റ്റ്, വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി, കോഴി വളം, ചാണകം, കുമ്മായം, സ്യൂഡോമോണസ്, ട്രൈക്കോഡെർമ എന്നിവ ചേർത്ത് ഇളക്കിയാണ് മിശ്രിതം തയ്യാറാക്കുന്നത്. ആകെ നാലര കിലോഗ്രാം മാത്രമാണ് അനിൽകുമാർ തയ്യാറാക്കുന്ന ഈസിഗ്രോ ബാഗിന്റെ ഭാരം.

ചെടികൾക്ക് മികച്ച വളർച്ചയും കരുത്തും ഈ രീതിയിൽ ലഭിക്കുന്നുണ്ട്. ചകിരി തൊണ്ടിനിടയിൽ വിടവുകൾ ഉള്ളത് ബാഗിൽ ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കും. ചെടികൾക്ക് നല്ല വേരോട്ടമാണ് ബാഗിനുള്ളിൽ ലഭിക്കുന്നത്. കൂടാതെ ബാഗിന്റെ കുറഞ്ഞ ഭാരം മൂലം അനായാസം ആർക്കും കൈകാര്യം ചെയ്യാനും കഴിയും. ബാഗിന് കൂടുതൽ ആയുസ്, ഒരു തരി പോലും മണ്ണ് കൃഷിക്ക് ആവശ്യമില്ല, പരിസ്ഥിതി സൗഹ്യദ മെറ്റീരിയൽ ഉപയോഗിച്ചുള്ള ബാഗ് നിർമാണം, കുറഞ്ഞ ജലസേചനം, ജലത്തെ സംഭരിച്ചു നിർത്താനുള്ള മിശ്രിതത്തിന്റെയും ചകിരിയുടെയും, കഴിവ് തുടങ്ങി നേട്ടങ്ങളുടെ നിര പിന്നെയും നീളുന്നു .

ഒരു വിള കൃഷി കഴിഞ്ഞാൽ വീണ്ടും ഇതേ ബാഗും മിശ്രിതവും വീണ്ടും അടുത്ത കൃഷിക്ക് ഉപയോഗിക്കാം. ഇനി ബാഗ് ഉപയോഗശൂന്യമായാലും മണ്ണിൽ ലയിച്ചു ചേരുന്ന മെറ്റീരിയൽ ഉപയോഗിച്ച് നിർമിച്ചിരിക്കുന്നത് കൊണ്ട് പരിസ്ഥിതിക്ക് ദോഷവും വരുത്തുന്നില്ല. ഇത്തരത്തിലുള്ള ഗ്രോ ബാഗിനു പുറമെ ആവശ്യക്കാരുടെ ഓർഡറനുസരിച്ച് മൺചട്ടികളിലും HDP ചട്ടികളിലും പച്ചക്കറി തൈകളും ഔഷധ സസ്യങ്ങളും ഫല- പഴ വർഗങ്ങളും നട്ട് വിതരണം ചെയ്യുന്നുണ്ട് അനിൽകുമാർ. സംരഭം തുടങ്ങി 6 മാസം കൊണ്ട് തന്നെ ആയിരകണക്കിന് ഗ്രോബാഗുകൾ വിവിധ ഫ്ലാറ്റുകളിലും വീടുകളുടെ ടെറസിലും എത്തിച്ച് കൃഷി ചെയ്യിപ്പിക്കാനും ഇദ്ദേഹത്തിന് കഴിഞ്ഞു. പച്ചക്കറി തൈകളടക്കം 85 രൂപക്കാണ് ഗ്രോബാഗ് വിൽപ്പന നടത്തുന്നത്. 

മണ്ണെടുക്കാതെയും പരിസ്ഥിതിയെ തകർക്കാതെയും വിഷരഹിതമായ പച്ചക്കറി സ്വന്തം വീട്ടിൽ കൃഷി ചെയ്യണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഏറെ സഹായകരമായ ഒരു സാധ്യതയാണ് ഈസി ഗ്രോ ഗ്രോബാഗുകൾ. അനിൽ കുമാർ എന്ന കർഷകന്റെ, സംരഭകന്റെ കൃഷിയോടുള്ള സ്നേഹവും പരീക്ഷണങ്ങളിലുള്ള താൽപ്പര്യവും കാർഷിക കേരളത്തിന് സമ്മാനിക്കുന്നത് വിപ്ലവകരമായ ഒരു വലിയ മാറ്റം കൂടിയാണ്. 

MORE IN NATTUPACHA
SHOW MORE