കേരളത്തിലെ ഏറ്റവും വലിയ ഹൈടെക് ഫാം ഒരുക്കി ജയകൃഷ്ണൻ

jayakrishnan-nattupacha
SHARE

സാങ്കേതിക വിദ്യയുടെയും യന്ത്രവല്‍ക്കരണത്തിന്റെയും സാധ്യതകളെല്ലാം ഉപയോഗിച്ച് കേരളത്തിലെ തന്നെ ഏറ്റവുംവലിയ ഡയറിഫാം തുടങ്ങിയിരിക്കുകയാണ് ജയകൃഷ്ണന്‍ എന്ന സംരംഭകന്‍. എസ്ബിഐ ഉദ്യോഗസ്ഥനായിരുന്ന ജയകൃഷ്ണന്‍ ജോലി രാജിവച്ചാണ് മുഴുവന്‍ സമയ ഫാമിങ്ങിലേക്ക് തിരിഞ്ഞത്. 20 പശുക്കളുമായി ചെറിയ തോതില്‍ തുടങ്ങിയ ഫാമാണ് ഇന്ന് 162 പശുക്കളുള്ള ഹൈടെക് ഫാമായി വളര്‍ന്നത്. 

nattu-pacha-jayakrishnan

കൊല്ലം ചാത്തന്നൂരിനടുത്ത് ചിറക്കരത്താഴത്ത് ആറേക്കറിലാണ് ജയകൃഷ്ണന്‍റെ ജെ.കെ.ഡയറിഫാം. കൃത്യമായ ഇടവേളകളില്‍ തൊഴുത്ത് വൃത്തിയാക്കാന്‍ ഓട്ടോമാറ്റിങ് ഡങ് സ്ക്രാപ്പര്‍. ടോട്ടല്‍ മിക്സഡ് റേഷന്‍ സംവിധാനത്തിലൂടെ ടിഎംആര്‍ വാഹനത്തിലൂടെ പശുക്കള്‍ക്ക് തീറ്റ നല്‍കല്‍. 162 പശുക്കള്‍ക്ക് തീറ്റനല്‍കാന്‍ വെറും 15 മിനിറ്റ്. ഗോശാലയിലെ അന്തരീക്ഷ ഊഷ്മാവ് താനേ ക്രമീകരിക്കാന‍് ഡയറി ഫാനുകളും മിസ്റ്റ് സ്പ്രേയറുകളും. പശുക്കള്‍ക്ക് വെള്ളം നല്‍കാന്‍ ഓട്ടോമാറ്റിക് വാട്ടര്‍ ടബ്. ശരീരം വൃത്തിയാക്കാനും ബോഡി മസാജിങ്ങിനും കൗ ബ്രഷുകള്‍. ഓരോ പശുക്കള്‍ക്കുമുള്ള RFID ടാഗിലൂടെ അനുദിന ജീവിതം കംപ്യൂട്ടറില്‍ തെളിയും. പാല്‍ ഉല്‍പാദനം, രോഗലക്ഷണങ്ങള്‍, ഗര്‍ഭധാരണത്തിന് കുത്തിവയ്പ്പ് എടുക്കേണ്ട സമയം, പ്രസവസമയം, തുടങ്ങി പശുവിന്റെ ജനിതക ചരിത്രം വരെ അറിയാം. ഈ 162 പശുക്കളെയും പരിചരിക്കാനായി ഫാമിലുള്ളത് ഒരു ഡോക്ടര്‍ അടക്കം ആറുപേര്‍ മാത്രം. പശുക്കള്‍ 300 ആയാലും ഇത്രയുംപേര്‍ മാത്രം മതി

യന്ത്രസഹായത്തോടെ കറന്നെടുക്കുന്ന പാല്‍ കരസ്പര്‍ശമേല‍്ക്കാതെ പായ്ക്ക് ചെയ്യുന്നു. J'S Milk എന്നപേരില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് വിപണനം. ഫാമിലെ സ്ലറിയും ചാണകപ്പൊടിയും പ്രത്യേകം വിറ്റും വരുമാനമുണ്ട്. ഫാമിന്റെ 6 മണിക്കൂര്‍ പ്രവര്‍ത്തനത്തിനാവശ്യമായ വൈദ്യുതിയും ബയോഗ്യാസ് പ്ലാന്റില്‍ നിന്നാണ് ഉല്‍പാദിപ്പിക്കുന്നത്. സ്വീഡന്‍ ആസ്ഥാനമായ ദില്‍വാല്‍ എന്ന കമ്പനിയുടെ സാങ്കേതിക ഉപദേശത്തോടെയാണ് പ്രവര്‍ത്തനം. നിലവില്‍ എട്ടുകോടിരൂപ മുടക്കിക്കഴിഞ്ഞു ജയകൃഷ്ണന്‍. നക്ഷത്ര സൗകര്യങ്ങളോടുകൂടിയ പത്ത് മുറികള്‍ ഒരുക്കി ഫാം ടൂറിസത്തിന്റെ സാധ്യതകളും ആരായുന്നുണ്ട് ഇവിടെ. 

MORE IN NATTUPACHA
SHOW MORE