E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday April 22 2018 11:54 PM IST

Facebook
Twitter
Google Plus
Youtube

More in Nattupacha

ബെൽമോണ്ട് വീട്ടിലെ ഓർക്കിഡു വസന്തം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അപൂർവ ഇനങ്ങളടക്കമുള്ള ഓർക്കിഡുകളുടെ വസന്തം പൂവിട്ടിരിക്കുകയാണ് എറണാകുളം ജില്ലയിലെ തൃക്കാക്കരയിലുള്ള ബെൽമോണ്ട് വീട്ടിൽ. വിശ്രമ ജീവിതകാലത്ത്  വിരസതകളെല്ലാമകറ്റുന്ന, മികച്ച വരുമാനം നൽകുന്ന ഈ ഓർക്കിഡ് കൃഷി നടത്തുന്നത് റിട്ടയർഡ് കെഎസ്ഇബി ഉദ്യോഗസ്ഥനായ ദേവസിയും ഭാര്യ മോളിയും ചേർന്നാണ്
ഉദ്യോഗസ്ഥനായിരുന്ന ഭർത്താവ് ജോലിക്കും പഠിക്കുന്ന മക്കൾ സ്കൂളിലേക്കും പോയാൽ വീട്ടമ്മയായ മോളിയുടെ പകലുകൾ വിരസമായിരുന്നു. ബോറടി മാറ്റാൻ കെഎസ്ഇബി ക്വാർട്ടേഴ്സുകളിൽ തുടങ്ങിയതാണ് പൂച്ചെടികളോടുള്ള ഇഷ്ടം. ആ ഇഷ്ടം തൃക്കാക്കരയിൽ സ്വന്തമായി ഒരു വീടു വച്ചപ്പോൾ ഒന്നു കൂടി വലുതായി. അപ്പോഴും അലങ്കാര ചെടികളാണ് കാര്യമായി വളർത്തിയിരുന്നത് എങ്കിലും ഓർക്കിഡുകളോട് പതുക്കെ പ്രണയത്തിലായി തുടങ്ങി മോളി.


90 കളിൽ ഓർക്കിഡുകൾ പ്രചാരം നേടി വരുന്ന കാലത്ത് ഒരാളുടെ ശമ്പളം മാത്രം ആശ്രയിച്ചു കഴിയുന്ന കുടുംബത്തിന് ഒരു ഓർക്കിഡ് ചെടിക്ക് 150 ഉം 200 രൂപ വില കൊടുത്തു വാങ്ങുക എന്നു പറയുന്നത്  സാഹസം തന്നെയായിരുന്നു. ഭർത്താവ് അറിയാതെ ഒന്നും രണ്ടും ചെടികൾ വീതം മേടിച്ച് മോളി ഓർക്കിഡ് ശേഖരണം  തുടങ്ങി.  ആ സമയത്താണ് കൊച്ചി കേന്ദ്രമാക്കി വനിത - എവിറ്റി ഓർക്കിഡ് ക്ലബ് തുടങ്ങുന്നത്. ക്ലബിൽ അംഗത്വം നേടിയ മോളി ഓർക്കിഡുകളെ കുറിച്ച് കൂടുതൽ അടുത്തറിഞ്ഞു. കൃഷി വിപുലമാക്കാൻ ക്ലബിന്റെ സഹായത്തോടെ ലോണെടുത്തു മോളി . അംഗങ്ങൾക്ക് വേണ്ടി ക്ലബ് തായ്‌ലൻഡിൽ നിന്ന് ഇറക്കുമതി ചെയ്ത 50 ചെടികൾ വാങ്ങിയാണ് വാണിജ്യാടിസ്ഥാനത്തിലുള്ള ഓർക്കിഡ് കൃഷിയിലേക്ക് മോളി പ്രവേശിക്കുന്നത്.


സോണിയയും എമ്മാ വൈറ്റും പോലുള്ള ഡെൻഡ്രോബിയം ഇനങ്ങളുമായിട്ടാണ് ഓർക്കിഡ് കൃഷി തുടങ്ങിയതെങ്കിലും  ഇന്ന് ഏറെ വിപുലമാണ് ബെൽമോണ്ടിലെ ഓർക്കിഡ് കൃഷി. ഓർക്കിഡിലെ താരമായ ഫെലനോപ്സിസ് അടക്കമുള്ള വിവിധ ഇനങ്ങൾ. ഇനങ്ങളിൽ തന്നെ നൂറു കണക്കിന് നിറഭേദങ്ങൾ. ഓർക്കിഡിലെ വൈവിധ്യങ്ങൾ തേടി രാവിലെ മുതൽ ആളുകൾ ബെൽമോണ്ടിൽ എത്തും. ഇതിനിടയിൽ നിത്യേന നൽകേണ്ട പരിചരണങ്ങൾ. പിന്നെ സംസ്ഥാനത്തിന് അകത്തും പുറത്തുമായി നടക്കുന്ന വിവിധ പുഷ്പമേളകളിലെ പങ്കാളിത്തം, അങ്ങനെ പൂക്കളുടെ ലോകത്ത് ഏറെ തിരക്കിലാണ് മോളിയും ദേവസ്യയും.


ഓർക്കിഡിൽ തുടക്കം ഡെൻഡ്രോബിയത്തിലായിരുന്നെങ്കിലും ഇരുവരും ഇന്ന് ഏറെ ശ്രദ്ധ പതിപ്പിക്കുന്നത് ഫെലനോപ്സിസിലാണ്. പൂക്കളുടെ രൂപഭംഗിയും വാടാതെ നാലു മാസത്തിലേറെ ചെടിയിൽ നിലനിൽക്കും എന്നതുമാണ് പ്രധാന കാരണം. പൂക്കൾ ഉൽപാദിപ്പിക്കുന്ന കാര്യത്തിൽ ഡെൻഡ്രോബിയത്തെ അപേക്ഷിച്ച് ഫെലനോപ്സിസ് പിശുക്കു കാണിക്കും. ഡെൻഡ്രോബിയം ഇനങ്ങൾ അനുകൂല കാലാവസ്ഥയിൽ വർഷം നാലോ അഞ്ചോ പൂങ്കുലകൾ ഉൽപാദിപ്പിക്കുമ്പോൾ ഫെലനോപ്സിസ് രണ്ടിലൊതുക്കും . അതു കൊണ്ട് തന്നെ ഫെലനോപ്സിസ് ഇനങ്ങൾക്ക് മറ്റു ഇനങ്ങളെ അപേക്ഷിച്ച് വില കൂടുതലുമാണ്. 

നമ്മുടെ കാലാവസ്ഥയിൽ ഡെൻഡ്രോ ബിയവും ഫെലനോപ്സിസുമെല്ലാം പൂവിടുമെങ്കിലും തണുപ്പുള്ള കാലാവസ്ഥയിലാണ് ഓർക്കിഡുകൾക്ക് ഏറ്റവും നന്നായി പൂക്കൾ ഉണ്ടാകുന്നത്. 18 മുതൽ 20 ഡിഗ്രി വരെയുള്ള താപനിലയിലാണ് ഫെലനോപ്സിസ് ഏറ്റവും നന്നായി പൂവിടുന്നത്. കേരളത്തിലെ സാഹചര്യങ്ങളിൽ നവംബർ,  ഡിസംബർ, ജനുവരി മാസങ്ങളാണ് ഏറ്റവും നല്ല പൂക്കാലം. അനുകൂലമായ കാലാവസ്ഥ ഒരുക്കാൻ ഷെയ്ഡ് നെറ്റുകൾക്ക് കീഴിലാണ് ഓർക്കിഡ് കൃഷി. ഡെൻഡ്രോബിയത്തിന് 80% വരെ വെയിൽ ആകാം. എന്നാൽ ഫെലനോപ്സിസിന് 50% മാത്രമേ വെയിൽ ആകാവൂ . ഇതിനനുസരിച്ചുള്ള ഷെയ്ഡ് നെറ്റ് ആണ് പന്തലിനു വേണ്ടി ക്രമീകരിക്കേണ്ടത്. 


ടിഷ്യു കൾച്ചർ ചെയ്തെടുത്തിട്ടുള്ള ഫെലനോപ്സിസ്  തൈകൾ വേഗത്തിൽ  പൂവിടുന്നതിനായും, പന്തലിനുള്ളിൽ തണുപ്പ് കൃത്രിമമായി സൃഷ്ടിക്കാനും വേണ്ടി  രണ്ട് രീതിയിലുള്ള സംവിധാനങ്ങളാണ് ഇവിടെ ക്രമീകരിച്ചിട്ടുള്ളത്.  ഗ്രീൻ ഹൗസിന്റെ ഒരു വശത്ത് വലിയ ഫാനും മറുവശത്ത് പേപ്പറുകൾ കൊണ്ട് നിർമ്മിച്ച പാഡുമാണുള്ളത്. പാഡിലൂടെ നിരന്തരം വെള്ളം ഒഴുകികൊണ്ടിരിക്കും.  എതിർവശത്ത് കറങ്ങി കൊണ്ടിരിക്കുന്ന ഫാൻ പാഡിലെ ഈർപ്പം വലിച്ചെടുത്ത് ഗ്രീൻ ഹൗസിനുള്ളിൽ തണുപ്പ് നിലനിർത്തും. ഇത് കൂടാതെ ചെടിച്ചട്ടികൾ വച്ചിരിക്കുന്ന തട്ടിന്റെ അടിഭാഗത്തായി പ്ലാസ്റ്റിക് ഷീറ്റിട്ട് അതിനു മുകളിൽ ചെറിയ പി.വി.സി  പൈപ്പുകൾ അൽപ്പം അകലത്തിൽ നിരത്തി വെള്ളം ഒഴിക്കും. ഇതിനു മുകളിലായി പ്ലാസ്റ്റിക് മെഷിട്ട് ആണ് ചെടിചട്ടികൾ  വക്കുന്നത്. വെള്ളത്തിൽ  ചെടിച്ചട്ടി മുട്ടാത്ത ഈ സംവിധാനം ചെടികൾക്ക് തണുത്ത അന്തരീക്ഷം സമ്മാനിക്കും.

ഓർക്കിഡ് ചെടികൾ നടാൻ വശങ്ങളിൽ ദ്വാരങ്ങളുള്ള മൺചട്ടികൾ, പ്ലാസ്റ്റിക് ചട്ടികൾ, പ്ലാസ്റ്റിക് കൊട്ടകൾ  എന്നിവ ഉപയോഗിക്കാം. നനച്ചു കൊടുക്കുമ്പോഴുള്ള  ജലാംശം പെട്ടന്നു വാർന്നു പോകാനാണ് ദ്വാരങ്ങളുള്ള ചട്ടികൾ വേണമെന്ന് പറയുന്നതിന്റെ  കാരണം. വിറകിന്റെ കരിയാണ്  ഓർക്കിഡ് വളരാനും പൂവിടാനും ഏറ്റവും നല്ല നടീൽ മാധ്യമം. കരിയും, ചകിരി ചിപ്സും  പൊട്ടിയ മൺപാത്ര കക്ഷണങ്ങളും ചേർന്ന മിശിതമാണ് ചെടിച്ചട്ടികൾ നിറക്കാൻ ഉപയോഗിക്കുന്നത്. തൈ നട്ട് നല്ല പരിചരണം നൽകിയാൽ ഒന്നു മുതൽ ഒന്നര വർഷം കൊണ്ട് പൂക്കളാകും. 5 മുതൽ 7 വർഷം വരെയാണ് ഓർക്കിഡ് ചെടികളുടെ ആയുസ്.


തായ്‌ലൻഡിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഡെൻഡ്രോബിയം   ഇനങ്ങളുടെ തൈകൾ വാങ്ങി ,  വളർത്തിയെടുത്താണ് ഡെൻഡ്രോബിയം ഇനങ്ങളിൽ പെട്ട ഓർക്കിഡിന്റെ  വിൽപ്പന നടത്തുന്നത്.എന്നാൽ കേരളത്തിൽ വളരെ അപൂർവ്വമായ ഫെലനോപ്സിസ് ഇനത്തിൽ പെട്ട ഓർക്കിഡ് ആണ് ബെൽമോണ്ട് ഓർക്കിഡ്സിന്റെ തുറുപ്പ് ചീട്ട്. യൂറോപ്പിലും ഓസ്ട്രേലിയയിലുമുള്ള ആൺമക്കളെ സന്ദർശിച്ചു മടങ്ങുമ്പോൾ അഞ്ചോ ആറോ അപൂർവ്വയിനം ഫെലനോപ്സിസ് ചെടികളും കൂടെ കൊണ്ടുവരും . നാട്ടിൽ വിശ്വാസ്യതയുള്ള ലാബിൽ നൽകി ടിഷ്യുകൾച്ചർ ചെയ്ത്, ഈ മദർ പ്ലാന്റുകളിൽ നിന്ന് നൂറു കണക്കിന് ഗുണമേൻമയുള്ള തൈകൾ ഉൽപാദിപ്പിക്കുന്നു. ഇവ  തൈകളായും വളർത്തി വലുതാക്കി പൂവിട്ടു തുടങ്ങിയ ചെടികളായും വിൽക്കുന്നു. വിൽപ്പനക്കു വേണ്ടി വീടിനോട് ചേർന്ന് ഒരു ഔട്ട് ലെറ്റും നടത്തുന്നുണ്ട് ഈ ദമ്പതികൾ. സാമ്പത്തികമായി മികച്ച ലാഭം നൽകുന്ന ഒരു ബിസിനസ് കൂടിയാണ് ഓർക്കിഡിന്റെ കൃഷി എന്ന് ഇവർ പറയുന്നു.


സാമ്പത്തികമായി മികച്ച ലാഭം നൽകുമ്പോൾ അതിനനുസരിച്ചുള്ള പരിചരണവും ഓർക്കിഡിന് ആവശ്യമാണ്. ജലസേചനം ആവശ്യമാണെങ്കിലും അതിൽ പോലും ഏറെ ശ്രദ്ധ വേണം. ദിവസവും രാവിലെയാണ് നനയ്ക്കേണ്ടത്. എന്നാൽ വേനലിൽ രണ്ടു നേരം ജലസേചനം നടത്തണം. പൊതുവേ ജലസേചനം വളരെ കുറച്ചു മാത്രം ആവശ്യമുള്ള ചെടികളാണ് ഓർക്കിഡുകൾ, പ്രത്യേകിച്ച് ഫെലനോപ്സിസ്.


ചട്ടികളിൽ വെള്ളം തങ്ങി നിൽക്കാതിരിക്കാനും പ്രേത്യേകം ശ്രദ്ധിക്കണം.ചെറിയ ചെടികൾക്ക് നൈട്രജൻ കൂടുതലുള്ള 30- 10- 10 അല്ലെങ്കിൽ  19-19-19 NPK വളങ്ങളാണ് നൽകേണ്ടത്. ഒരു ലിറ്റർ വെള്ളത്തിൽ  മൂന്നോ  നാലോ ഗ്രാം വളം ലയിപ്പിച്ച്  രണ്ട് ദിവസം ഇടവിട്ട് ഇലകളിൽ തളിച്ച്  നൽകണം .   പൂവിടാൻ പ്രായമായ ചെടികളിൽ 6-12-36 അല്ലെങ്കിൽ 13- 40-13 NPK വളം മൂന്ന് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചു ആഴ്ച്ചയിൽ രണ്ടു പ്രാവശ്യം ഇലകളിൽ തളിച്ചു നൽകണം. ഇത് കൂടാതെ കടലപ്പിണ്ണാക്ക് , വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി, ചാണകം,ഗോമൂത്രം  എന്നിവ കലക്കിയെടുത്ത് മൂന്ന്  ആഴ്ച്ചകൾക്കുശേഷം അരിച്ചെടുത്ത് 6 ഇരട്ടി വെള്ളം ചേർത്ത് ചുവട്ടിലോ ഇലയിലോ സ്പ്രേ ചെയ്തു നൽകുന്നതും വളരെ നല്ലതാണ്.  

പൂമൊട്ട് വിരിയുന്ന സമയത്ത് നീരൂറ്റി കുടിക്കുന്ന പ്രാണികൾ, ഫംഗസ് , ഒച്ച് എന്നിവയാണ് ഓർക്കിഡിന്റെ പ്രധാന ശത്രുക്കൾ. ഫംഗസ് ആക്രമണത്തിന് ആഴ്ച്ചയിലൊരിക്കൽ ഫംഗിസൈഡ് ചെടികൾക്കു നൽകണം. ഒച്ചിനെ പ്രതിരോധിക്കാൻ സ്നെയിൽ കില്ലർ എന്ന പ്രേത്യേകതരം തിരിയാണ് ഉപയോഗിക്കുന്നത്.
ഡെൻഡ്രോബിയത്തിനും ഫെലനോപ്സിസിനും പുറമേ ഓൺ സീഡിയം, ബാസ്കറ്റ് വാൻഡകൾ ,  കാറ്റ്ലിയ ,തുടങ്ങി ഒട്ടേറെ ഇനങ്ങൾ ഇവരുടെ ശേഖരത്തിലുണ്ട് . ആഫ്രിക്കൻ വയലറ്റ്സിലെ വൈവിധ്യമാണ് മറ്റൊരു കൗതുകം .  ഒരു ചട്ടിയിൽ തന്നെ ഒരു പാട് ചെടികളും പൂക്കളും വരുന്ന പോട്ട് ആന്തൂറിയം അടക്കമുള്ള  വിപുലമായ ശേഖരമാണ്  ആന്തൂറിയത്തിൽ ഇവിടെയുള്ളത്.
വിശ്രമ ജീവിതമാണെങ്കിലും  രാവിലെ മുതൽ വൈകുന്നേരം വരെയുള്ള ഓർക്കിഡ് പരിപാലനം ആരോഗ്യ കാര്യങ്ങളിലടക്കം ഗുണം ചെയ്യുന്നുണ്ട് ഈ ദമ്പതികൾക്ക് . 


നിത്യവും കൺമുന്നിൽ നിറവസന്തം . എപ്പോഴും ഓർക്കിഡ് വാങ്ങാനും വളർത്തൽ രീതികൾ കണ്ടു മനസിലാക്കാനുമെത്തുന്ന സന്ദർശകർ , മികച്ച വരുമാനം. മക്കൾ അടുത്തില്ലെങ്കിലും തെല്ലും വിരസതയില്ലാത്ത ദിവസങ്ങൾ . ഓർക്കിഡിനെ ജീവിതത്തിന്റെ ഭാഗമായി കൂടെ കൂട്ടാൻ തീരുമാനിച്ച നാളുകൾക്ക് നന്ദി പറയുകയാണ് ദേവസ്യയും മോളിയും.


ഫ്ലാറ്റുകളിലും വില്ലകളിലും ഇത്തിരി വട്ടത്ത് താമസിക്കുന്നവർക്ക് യോജിച്ച പൂച്ചെടിയാണ് ഓർക്കിഡ്. വിശ്രമ ജീവിതം ഓർക്കിഡ് കൃഷിയിലൂടെ ആനന്ദപ്രദമാക്കുന്ന ഈ ദമ്പതികളുടെ  ഓർക്കിഡ് കൃഷിയെ കുറിച്ച് കൂടുതൽ അറിയാൻ ബന്ധപ്പെടേണ്ട വിലാസം.


പി.വി. ദേവസ്യ
ബെൽമോണ്ട് (വീട് )
തൃക്കാക്കര പ്രി.ഒ)
എറണാകുളം (ജില്ല) 682021
ഫോൺ: 9846030120

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :